Europe Germany Pravasi Religious Technology Women

യുക്തിവാദിയുടെ ഭാര്യ …. സാത്താനേ എന്റെ കെട്ടിയോനെ വിട്ടു പോ….സ്പെഷ്യൽ ഫീച്ചർ

Source-News desk

സൂറിച് : വിശുദ്ധവാര ഭക്തിവ്യവസായം മുൻ വർഷത്തേക്കാൾ നന്നായി പലയിടങ്ങളിലായി ഈ വർഷം ഇവിടെ ആളിക്കത്തി. പതിവുപോലെ കഴിഞ്ഞ വർഷം മാറിയ ചിലരുടെ മാറാവ്യാധി ഈ വർഷവും വീണ്ടും മാറി. കഴിഞ്ഞ കൊല്ലത്തെ ധ്യാനത്തിനു ശേഷം കൈയ് പൊക്കാൻ കെൽപില്ലാതെ പോയ ചിലരുടെ കൈകൾ കുളായി പൊങ്ങി. അവർ കൈകൊട്ടി സാക്ഷ്യവും, സോസ്ത്രവും പാടി. ഇതൊക്കെ കണ്ട് വിശ്വാസത്തിന് വണ്ണവും നീളവും വച്ച്‌, കിട്ടിയ ആനമുട്ടയുമായി ഓടി വന്ന പാതി, പതിയെ കാക്രിപൂക്രി ചൊല്ലി, പിന്നെ തലയിൽ കൈയ് വച്ച് അലറി സാത്താനേ എന്റെ കെട്ടിയോനെ വിട്ടു പോ….. പോ… പോ….പോ. എന്നിട്ട് ശാന്തയല്ലാത്ത അവൾ ശാന്തയായി ചോദിച്ചു ഇപ്പോൾ എങ്ങനെയുണ്ട്?

ഇന്നത്തെ ധ്യാനത്തിൽ അച്ചൻ നിങ്ങളുടെ പേര് വിളിച്ച് പറഞ്ഞു. ദൈവം നിങ്ങളെ തൊട്ടെന്നും, അഭിഷേകാഗ്നി വാരി വർഷിച്ചെന്നും.  ഇനി ഇവിടെ നടക്കുന്ന ശുശ്രൂഷയുടെ മുൻനിരയിൽ നിങ്ങളും ഉണ്ടാകുമെന്ന് ഉറപ്പും പറഞ്ഞു.  അപേക്ഷിക്കുന്നവരെ ഒരിക്കലും ഉപേക്ഷിക്കുന്നവനല്ല എന്റെ ദൈവം പാതി പതുക്കെ പറഞ്ഞു. കോമഡി ഉത്സവം കാണുന്നതിലും ഉത്സാഹത്തിൽ, ബാധയൊഴിപ്പിക്കലും, കൈകൊട്ടി കളികളും, മറ്റു സോസ്ത്ര കലാപരിപാടികളും കണ്ട് ഉള്ളു തുറന്ന് പൊട്ടിച്ചിരിക്കുന്ന ഈ പൊട്ടനെ കർത്താവ് തൊട്ടെന്നോ? നരകമില്ലെന്നു പറഞ്ഞ് പ്രാഞ്ചിയേട്ടൻ നാക്കെടുത്ത് വായിലേക്ക് ഇട്ടതേയുള്ളൂ. അതു കേട്ടപാടെ കർത്താവ് ചെകുത്താൻമാരെയെല്ലാം മലാഖമാർ ആക്കുകയാണോ? ആ വൻ ചതിയോർത്ത്‌ ഒന്ന് ഞെട്ടി പിന്നെ ചിരി പൊട്ടി.  സാത്താനേ വിട്ടു പോ….. പോ… പോ….പോ. തലയിൽ കൈ വയ്ക്കുന്നതിനു മുൻപ്‌ സ്ഥലം വിട്ടു.

കേരളത്തിൽ തെക്കുള്ളവർ വടക്കോട്ടും, വടക്കുള്ളവർ തെക്കോട്ടും ഓടിയാണ് സാധാരണ ധ്യാനം കൂടുന്നത്. ചിലപ്പോൾ ദൂരം കുടുന്തോറും വീര്യം കൂടുമായിരിക്കും ഒരുപക്ഷേ അതായിരിക്കും അതിന്റെ പിന്നിലെ രഹസ്യം. എൺപത്തി അഞ്ചുകളിലാണെന്നു തോന്നുന്നു കരിസ്മാറ്റിക്ക് പൂക്കാലം കേരളത്തിൽ വ്യാപകമായി വിരിഞ്ഞു തുടങ്ങുന്നത്. അതിൻ മുൻപ് പെന്തകുസ്തക്കാരുടെ കുത്തക കലാപരിപാടി മാത്രമായിരുന്നു. കിത്താബ് ഒന്ന്, കിത്താബിലെ ദൈവവും ഒന്ന് പിന്നെ എന്തിനാണാവോ ഈ റീത്തുകളായി തിരിയുന്നതും, കടി പിടികൂടുന്നതും, മനസ്സിലാകുന്നില്ല.

ജനക്കൂട്ടത്തെ ഉന്മാദരാക്കി ഒരു തരം അടിമകളാക്കി കാശുവാരാൻ എന്ത്‌ തന്ത്രം പയറ്റാനും മടിയില്ലാത്തവർ യോഗയും, ഭരതനാട്യവും ചെകുത്താന്റെ കളിയാണെന്ന് പറഞ്ഞു പറ്റിച്ചില്ലെങ്കിലേ അത്ഭുതപെടാനുള്ളൂ.  രാഷ്ട്രീയ അധികാരത്തലപ്പത്തിരിക്കുന്ന ഉന്നതരുടെ ഒത്താശയും, സംരക്ഷണവും ലഭിക്കുന്നത് കൊണ്ടാണ് പല ധ്യാന കേന്ദ്രങ്ങൾക്കും പൂട്ടുകൾ വീഴാത്തത്. അനുസരണവും, എളിമയും, ലളിത ജീവിതവുമാണ് ക്രിസ്തീയ ജീവിതമെന്ന് ഘോരഘോരം പ്രഘോഷിക്കുന്നവർ തന്നെ ആഢംബര വീടും, മുന്തിയ കാറും വാങ്ങുന്നതിൽ മുന്നിൽ. വിശ്വാസി നീ ഇതൊന്നും കാണുന്നില്ലേ?

വിശ്വാസികളുടെ മാറാരോഗങ്ങൾ പുഷ്പം പോലെ പറിച്ചെറിയുന്നവർ സ്വന്തം രോഗശാന്തിക്കായി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ അഭയം പ്രാപിക്കുന്ന പൊള്ളുന്ന തമാശയിലെ പൊരുൾ എന്താണ്? വിശ്വാസമില്ലായ്മ മാത്രമല്ലേ? മനുഷ്യരുടെ മാറാരോഗങ്ങൾ മാറ്റി വിശുദ്ധ പദവി നേടിയ നിരവധി വിശുദ്ധരും, രോഗശാന്തി യഥേഷ്ടം വാരിക്കോരി വിളമ്പുന്ന ധ്യാന ഗുരുക്കൻമാരും, ധാരാളം ഉള്ള സഭയുടെ തലവനായിരുന്ന ബനഡിക്റ്റ് മാർപ്പാപ്പ ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ആ സ്ഥാനം ഒഴിഞ്ഞത് എന്ന് ഓർക്കുമ്പോഴാണ് തമാശ പൂർണ്ണമാകുന്നത്. ദയവായി ആരും ചിരിക്കരുത്! പ്ലീസ്‌!

ധ്യാനയിടങ്ങളിൽ ധ്യാനഗുരുക്കന്മാരും, അവരുടെ പ്രധാന സിൽബന്തികളും ഉച്ചഭാഷിണിയിലൂടെ ഉച്ചത്തിൽ കാക്രിപൂക്രി  ആകാശ ഭാഷ ചൊല്ലി അരൂപിയെ ഭക്തരുടെ ഇടയിൽ വരുത്തി പിന്നെ അത്ഭുതങ്ങളുടെ അത്ഭുത പ്രവാഹം ആരംഭിക്കും. ഇതിനെല്ലാം പുറമെ ഭക്തർ മുക്തി തേടി മാദ്ധ്യസ്ഥ ഏജന്റുമായ വിശുദ്ധരുടെ മുന്നിൽ മുട്ടുകുത്തും, ഭണ്ഡാരത്തിൽ ഒരു തുട്ടിട്ട്,  തിരികത്തിച്ച് നിവേദനം എഴുതി സമർപ്പിച്ച് സായൂജ്യമണയും. ടെൻഷൻ എല്ലാം ഏജന്റുമാർക്ക് നൽകി എല്ലാം ശരിയാക്കി തന്നാൽ ബാക്കി തുകയെന്ന് നൈസായി ഭീഷണിപ്പെടുത്തി തടിതപ്പും. ഭക്തരുടെ അന്ധവിശ്വാസങ്ങളൾക്കും, അത്യാഗ്രഹങ്ങൾക്കും അറുതിയില്ലാത്തിടത്തോളം കാലം ധ്യാന മരവും, മാദ്ധ്യസ്ഥ വിശുദ്ധ മരവും നിത്യപുഷ്പിണിയായി പൂത്തുലയും.

സമ്പത്ത് കുമിഞ്ഞു കൂടിയതിന്റെ പേരിൽ സംഘർഷം പുകയുന്ന സഭയിലും, പല ധ്യാന കേന്ദ്രങ്ങളിലും സിവിൽ ക്രിമിനൽ കേസുകളിൽപ്പെട്ട ബ്രദർ തങ്കുമാർ സ്വരക്ഷക്കായി ചേക്കേറി.  കൊടിയ ഭക്തരായി കൗൺസിലറായി ചമഞ്ഞ് പിന്നെ വിലസലായി. അവർ ഒഴിപ്പിക്കുന്ന ബാധക്കും രോഗശാന്തിക്കും, ജല്പനങ്ങൾക്കും പുറകെ ഫ്രാങ്കും, സമയവും കളഞ്ഞ് നടക്കുന്നവർ അറിയുക. തങ്കുമാരുടെ പരസ്പര സഹായ സഹകരണ പദ്ധതിക്ക് പരിശീലനം കിട്ടിയ ചില കപട ഭക്തരുടെ കുട്ടായ്മ നിങ്ങളുടെ സകല വിവരങ്ങളും ആധാർ കാഡിലേതുപോലെ ചോർത്തി നൽകുന്നുണ്ടെന്ന്. ജനിച്ച നാൾ മുതൽ മതം അണച്ച വിളിക്കിന്റെ അരികിൽ ഇരുട്ടത്ത് മാറ്റമില്ലാതെ ഇരിക്കാൻ വെമ്പുന്ന മണ്ടൻ വിശ്വാസി പോത്തുകളുടെ ചെവിയിൽ വേദമോതിയിട്ട് എന്താ കാര്യം അല്ലേ?