Association Europe Pravasi Switzerland

തൈക്കുടം മ്യൂസിക് പ്രോഗ്രാമിലൂടെ കരുണയുടെ കനിവ് പകർന്നു വേൾഡ് മലയാളീ കൗൺസിൽ സ്വിറ്റ്സർലണ്ട് .

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ പ്രവർത്തനമാണ് സ്വിറ്റ്സർലൻഡിലെ മലയാളികൾ എക്കാലവും കാഴ്ച വയ്ക്കുന്നത്. സ്വിസ്സ് മലയാളികളുടെ കലാ സാംസ്ക്കാരിക മേഖലകളിൽ   ഉന്നമനം ഉറപ്പു വരുത്തുന്നതിനൊപ്പം പിറന്ന നാട്ടിൽ വിധിയുടെ തേരോട്ടത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്ക് കൈത്താങ്ങാകുക എന്ന മഹനീയമായ ലക്ഷ്യവും മുൻ നിറുത്തിയാണ് പ്രമുഖ പ്രവാസി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ പ്രവർത്തിക്കുന്നത്. 

 വേൾഡ് മലയാളീ കൗൺസിൽ കഴിഞ്ഞ വർഷം കേരളപ്പിറവി ആഘോഷത്തോടനുബന്ധിച്ചു ബാന്റ് സംഗീതത്തിന്റെ വിസ്മയലോകത്തിൽ മലയാളക്കരയെ ലോകഭൂപടത്തിൽ രേഖപ്പെടുത്തിയ തൈക്കുടം മ്യൂസിക് ഷോ സൂറിച്ചിലും യൂറോപ്പിലെ മറ്റിതര രാജ്യങ്ങളിലും നടത്തിയത്തിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കാരുണ്യപ്രവർത്തനങ്ങളുടെ ആദ്യ ഗഡു വിതരണം നടത്തി.
.

കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തും ജനമൈത്രി പോലീസും നിർദേശിച്ച കഷ്ടത  അനുഭവിക്കുന്ന   കുടുംബങ്ങൾക്കും രോഗപീഡയാൽ വലയുന്നവർക്കും വിദ്യാർത്ഥികൾക്കുമാണ് സഹായമെത്തിച്ചത്.   കുറവിലങ്ങാട് പഞ്ചായത്തു കമ്മ്യൂണിറ്റിഹാളിൽ ഒരുക്കിയ ലളിതമായ ചടങ്ങിൽ വെച്ച് ജൂൺ എട്ടാം തിയതി വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രോവിന്സിന്റെ മുൻ പ്രസിഡണ്ട് ശ്രീ ജോയി പറമ്പേട്ടിന്റെയും, തൈക്കുടം പ്രോഗ്രാം കൊർഡിനേറ്ററായിരുന്ന  ടോമി തൊണ്ടാംകുഴിയുടെയും ,  പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് ചെന്നേലിയുടെയും സാന്നിധ്യത്തിൽ കുറവിലങ്ങാട് പഞ്ചായത്തു പ്രസിഡന്റ്  പി സി കുര്യൻ സാമ്പത്തിക സഹായം  വിതരണം ചെയ്‌തു . 

ധന സഹായം വിതരണം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും ജനിച്ചു വളർന്ന നാടിനെ മറക്കാതെ അശരണർക്കും ആലംബഹീനർക്കും ഒരു കൈതാങ്ങ് ആകുവാൻ കർമ്മ നിരതരായി പ്രവര്ത്തിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ അംഗങ്ങൾക്കും  അവരോടു സഹകരിക്കുന്ന സ്വിസ്സിലെ നല്ലവരായ മലയാളി സമൂഹത്തിനും പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ നന്ദി  അർപ്പിച്ചു .  വേൾഡ് മലയാളീ കൗൺസിൽ മുൻ പ്രസിഡന്റ്  ജോയി പറമ്പേട്ട് കൗൺസിൽ  ചെയ്തുവരുന്ന മറ്റിതര ജീവകാരുണ്യപ്രവർത്തങ്ങളെപ്പറ്റി വിശദീകരിച്ചു .  വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ്  പ്രസിഡന്റ്  ജോഷി പന്നാരകുന്നേൽ ടെലിഫോൺ കോളിലൂടെ തന്റെ അഭാവത്തിനു ഖേദം പ്രകടിപ്പിക്കുകയും ധനസഹായം ലഭിച്ചവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.യൂറോപ്പിലെ മറ്റിതര രാജ്യങ്ങളിൽ ഈ പ്രോഗ്രാം നടത്തുവാൻ തയ്യാറായി മുൻപോട്ടുവന്ന സംഘടനകളെയും മറ്റു സംഘാടകരെയും നന്ദിയോടെ സ്‌മരിക്കുന്നതായി പ്രോഗ്രാം കോഓർഡിനേറ്റർ ആയിരുന്ന ശ്രീ ടോമി തൊണ്ടാംകുഴി അഭിപ്രായപ്പെട്ടു.

ആലംബഹീനരായ പെൺകുട്ടികൾക്ക് വേണ്ടി മേലുകാവിൽ നടത്തുന്ന സ്‌നേഹി ഭവൻ എന്ന സ്ഥാപനത്തിനാണ് അടുത്തപടിയായി സഹായം നൽകുന്നത്.

സ്വിട്സർലാണ്ടിലും  ഇതര യൂറോപ്യൻ രാജ്യങ്ങളിലും  ആദ്യമായി ഒരു ബിഗ് ബഡ്‌ജറ്റ്‌ പ്രോഗ്രാമായ തൈക്കുടം മ്യൂസിക്  ഷോ നടത്തുവാനും   അതുവഴി നാട്ടിൽ കഷ്ടത അനുഭവിക്കുന്ന കുറച്ചു പേർക്കെങ്കിലും സഹായമെത്തിക്കുവാനും  സാധിച്ചതിൽ  ചാരിതാർഥ്യമുണ്ടെന്നു സംഘടനയുടെ കഴിഞ്ഞ രണ്ടുവർഷം പ്രസിഡന്റ് പദവി അലങ്കരിച്ച ജോസ് വള്ളാടി യിൽ , ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിൽ, സെക്രട്ടറി ബാബു വേതാനി , ട്രെഷറർ ബോസ്സ് മണിയമ്പാറയിൽ, എന്നിവർ അറിയിച്ചു. 
ഈ പ്രോഗ്രാം സൂറിച്ചിലും മറ്റു സ്ഥലങ്ങളിലും ഒരു വിജയമാക്കിത്തീർക്കുവാൻ സഹകരിച്ച എല്ലാ നല്ലവരായ മലയാളികളോടും ഒരിക്കൽ കൂടി വേൾഡ് മലയാളി കൗൺസിൽ നന്ദി അറിയിച്ചു.
.
സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിലും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾക്കു കൂടുതൽ ഊന്നൽ നൽകുമെന്നും ,ഈ വര്ഷം കേരളപ്പിറവി ആഘോഷം നവംബർ മൂന്നിന് സൂറിച്ചിൽ വെച്ച് പൂർവാധികം ഭംഗിയോടെ നടത്തുന്നതാണന്നും  വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ചെയർമാൻ ജോബിൻസൺ കൊറ്റത്തിൽ  ,പ്രൊവിൻസ്  പ്രസിഡന്റ്  ജോഷി പന്നാരകുന്നേൽ ,സെക്രട്ടറി ജോഷി താഴത്തുകുന്നേൽ ,ട്രഷറർ വിജയ് ഓലിക്കര എന്നിവർ അറിയിച്ചു .