Association Europe Pravasi Switzerland

വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് കേരളപ്പിറവി ആഘോഷം നവംബർ മൂന്നിന് സൂറിച്ചിൽ

നാനാത്വത്തില്‍ ഏകത്വം സംസ്കാരത്തിന്റെ ഭാഗമായി കണ്ട് പൂര്‍‌വ്വസൂരികള്‍ നെയ്തെടുത്ത ഐക്യകേരള ഭൂമികയില്‍ 62 ആണ്ടിന്റെ മലയാള നിറവ്. തിരുവിതാംകൂറും തിരുക്കൊച്ചിയും മലബാറും ദര്‍ശിച്ച വൈവിധ്യത്തിന്റെ പൈതൃക ഭൂമിയില്‍ മലയാള നാടിന്റെ പെരുമ നിറഞ്ഞൊഴുകി. 1956 നവംബര്‍ ഒന്നിന്‌ കേരളം പിറവികൊള്ളുമ്പോള്‍ നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയില്‍ ഉരുവം കൊണ്ട നവീനാശയങ്ങള്‍ ആവേശോജ്ജ്വലമായി ഏറ്റുപാടി. ഹരിതാഭമായ കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പില്‍ മലയാള നാട് പ്രത്യാശയോടെ പ്രയാണം തുടരുന്നു …

സംസ്കാരം കൊണ്ടും ..കലകള്‍ കൊണ്ടും സമ്പന്നമായ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ..സ്നേഹിക്കാനറിയുന്ന പ്രത്യേകിച്ച്.. നാടും വീടും മണ്ണും ഉപേക്ഷിച്ച് പ്രവാസ ജീവിതത്തിലേക്ക് പറിച്ചു നടപ്പെട്ട സ്വിസ്സ് മലയാളികൾക്കായി ഈ വർഷവും വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് വർണാഭമായ കേരള പിറവി ആഘോഷമൊരുക്കിയിരിക്കുന്നു നവംബർ മൂന്നിന് സൂറിച്ചിൽ .

നവംബർ 3 നു Rafz, Zurich -ൽ ആണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് . ആസ്വാദകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഗാനങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള എത്ര കേട്ടാലും മതിവരാത്ത തരത്തിലുള്ള ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള സ്വതസിദ്ധമായ ശബ്ദവുമായി മുന്നേറുന്ന പ്രശസ്ത ഗായകൻ ഉണ്ണി മേനോന്‍.

‘ചെമ്പകമേ’ എന്ന ആല്‍ബത്തിലൂടെ മലയാളികളുടെ, പ്രത്യേകിച്ച് യുവതലമുറയുടെ മനസ്സ് കീഴടക്കിയ , ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റു തെന്നിന്ത്യന്‍ ഭാഷകളിലുമായി ആയിരത്തില്‍പരം ആല്‍ബങ്ങലിലും മറ്റുനിരവധി തെന്നിന്ത്യന്‍ സിനിമകള്‍ക്കു വേണ്ടിയും , ആലപിച്ച ഗാനങ്ങളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ , തന്റെ ആലാപന ശൈലിയിൽ ശ്രോതാക്കളെ ഹരം പിടിപ്പിക്കുന്ന മലയാളത്തിന്റെ പ്രശസ്ത പിന്നണി ഗായകന്‍ ഫ്രാങ്കോ ,

2007 ൽ ഐഡിയ സ്റ്റാർ സിങ്ങറിലൂടെ എത്തി ഇതിഹാസ, ചിറകൊടിഞ്ഞ കിനാവുകൾ, ഡാഡി കൂൾ, കസബ തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ച നിരവധി ഹിറ്റ് ആൽബങ്ങളിലൂടെയും പ്രേഷകരുടെ മനം കവർന്ന പ്രസിദ്ധയയാ പിന്നണി ഗായിക ഗായത്രി സുരേഷും അവരുടെ ലൈവ് ഓർക്കസ്ട്ര ടീമുമായി ആഘോഷരാവിനെത്തുന്നു .

സ്വിറ്റസർലണ്ടിലെ കുട്ടികളും യുവതലമുറയും ചേർന്ന് ഒരുക്കുന്ന ഓപ്പണിങ് പ്രോഗ്രാമും കേരളപിറവിയെക്കുറിച്ചുള്ള ലൈവ് സ്കീറ്റ് അവതരണവും സെലബ്രേഷൻൻറെ മറ്റു ആകർഷകമായിരിക്കും .

ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ശ്രീ സിബി ജോർജ്ഉം ,സ്വിസ്സ് നാഷണൽ റാറ്റ് നിക് ഗൂഗറും മുഖ്യാതിഥികളായിരിക്കും .വേൾഡ് മലയാളീ കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഒരുക്കുന്ന ഈ ആഘോഷരാവിലേക്കു എല്ലാ സ്വിസ്സ് മലയാളികളെയും ക്ഷണിക്കുന്നതായി ചെയർമാൻ ജോബിൻസൺ കൊറ്റത്തിൽ ,പ്രസിഡന്റ് ജോഷി പന്നാരകുന്നേൽ ,സെക്രട്ടറി ജോഷി താഴത്തുകുന്നേൽ ,ട്രഷറർ വിജയ് ഓലിക്കര എന്നിവർ അറിയിച്ചു .