India

വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി

മലപ്പുറം: ജമ്മു കശ്മീരിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി. കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള രണ്ടു വിമാനങ്ങളാണ് വൈകിയത്. ഹര്‍ത്താലില്‍ പൈലറ്റുമാര്‍ക്ക് എത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്നാണ് ഇത് സംഭവിച്ചത്. 1.15നാണ് 11.15നുള്ള ദോഹ വിമാനം പുറപ്പെട്ടത്. 11.20നുള്ള ഷാര്‍ജ വിമാനം 1.40നും പുറപ്പെട്ടു.എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് രണ്ടും.

എന്നാല്‍ വിമാനത്താവളത്തിലെ പ്രിപെയ്ഡ് ടാക്സികള്‍ ഓടാതിരുന്നതിനാല്‍ യാത്രക്കാര്‍ക്കു വേണ്ടി കെഎസ്‌ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തി.

അതിനിടെ മലപ്പുറത്തെ മൂന്നു തീരദേശ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ അക്രമസംഭവങ്ങളുണ്ടായതിനെത്തുടര്‍ന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേയ്ക്കാണ് തിരൂര്‍, താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധികളില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.