India

യു.പിയില്‍ ബി.ജെ.പി എം.പി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എം.പി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബഹ്റായിചില്‍ നിന്നുള്ള ദലിത് എം.പി സാവിത്രി ഭായ് ഫൂലെയാണ് രാജിവെച്ചത്. ബി.ജെ.പി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് രാജി. ദലിതര്‍ക്കെതിരെയും അവരുടെ അവകാശങ്ങള്‍ക്കെതിരെയും വലിയ ഗൂഢാലോചന നടക്കുകയാണ്. താന്‍ ദലിതായതിനാല്‍ ബി.ജെ.പിയില്‍ നിന്ന് വലിയ അവഗണന നേരിടുകയാണെന്നും സാവിത്രി ഭായ് ഫൂലെ പറഞ്ഞു.

ബുലന്ദ്ശഹര്‍ കലാപത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് എം.പി തന്നെ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചത്. ബി.ജെ.പിയുടെ നയങ്ങള്‍ക്കെതിരെ സാവിത്രി ഭായ് പല തവണ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ദലിതരോട് വിവേചനം കാണിക്കുന്നു എന്നതാണ് സാവിത്രി ഭായ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദലിതരോട് സ്നേഹമോ ബഹുമാനമോ ഇല്ലെന്ന് അവര്‍ വിമര്‍ശിക്കുകയുണ്ടായി. രാമക്ഷേത്ര നിര്‍മാണം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് ബി.ജെ.പിയുടെ കപടതയാണെന്നും സാവിത്രി ഭായ് വിമര്‍ശിച്ചിരുന്നു.

ദലിതര്‍ക്കൊപ്പം ഭക്ഷണം കഴിക്കുക എന്ന പാര്‍ട്ടി പരിപാടി തട്ടിപ്പാണെന്നും സാവിത്രി തുറന്നുപറഞ്ഞു. ദലിത് വീടുകള്‍ സന്ദര്‍ശിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കുന്ന ബി.ജെ.പി നേതാക്കളുടെ നടപടി വെറും പ്രകടനം മാത്രമാണെന്നാണ് സാവിത്രി വിമര്‍ശിച്ചത്.