Cultural Europe Germany India kerala Literature Pravasi Switzerland World

ജന്മനാട്ടിലൂടെയുള്ള പന്ത്രണ്ടു മണിക്കൂർ സഞ്ചാരം കൊണ്ട്‌ കിട്ടിയ അറിവുകൾ. ടോം കുളങ്ങര

സന്ധ്യമയങ്ങും നേരമുള്ള ഒത്തുകൂടലിലാണ് നെൽസൺജി തസ്രാക്ക്‌ യാത്രയെക്കുറിച്ച്‌ വിവരിച്ചത്‌. തസ്രാക്കിലെ പുതുക്കിപ്പണിഞ്ഞ ഒ. വി. വിജയന്റെ സ്മാരകമായ ഞാറ്റുപുരയിലിരുന്നു ഖസാക്കിന്റെ ഇതിഹാസത്തിലെ ഏതാനും പേജുകൾ വായിച്ച ആ യാത്രാ വിവരണം കേട്ടപ്പോൾ കൊതി തോന്നി. അടുത്ത അവധിക്ക്‌ അത്തരത്തിൽ‌ ‌ ഒരു യാത്ര നമുക്ക് പോയാലോ? കൂട്ടുകാർക്കെല്ലാം നൂറു വട്ടം സമ്മതം.

ദിവസേന കാണുന്ന സ്ഥിരം കാഴ്ചകൾക്ക്‌ അപ്പുറത്തേയ്ക്ക്കുള്ള യാത്രകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്‌. അതും അറിവ്‌ പകരാൻ കഴിവുള്ള കൂട്ടുകാർക്ക്‌ ഒപ്പമാണെങ്കിലോ? ഒരോ കാഴ്ചക്കും പിന്നിൽ ഒട്ടനവധി കഥകളും, ചരിത്രങ്ങളും, ഉറങ്ങിക്കിടക്കുന്ന മണ്ണിലൂടെ അത്തരത്തിലൊരു യാത്രയായിരുന്നു രാവിലെ എട്ടിനു ആരംഭിച്ച്‌ വൈകിട്ട്‌ എട്ടിന് അവസാനിച്ച മുസരിസ്സ്‌ – വൈപ്പിൻ യാത്ര. യാത്രകൾ പകരുന്ന പാഠം, പാഠപുസ്തകങ്ങൾ വഴി അറിയുന്നതിനേക്കാൾ സുദൃഢമാണ്. ഈ ഭൂമിയിലെ ഹ്രസ്വവാസത്തിനിടെ എത്തിച്ചേരുവാൻ സാധിക്കുന്നിടത്തെല്ലാം എത്തിച്ചേരാൻ പറ്റുന്നതൊരു സുകൃതമല്ലേ. ചരിത്ര കുതുകിയായ നെൽസൺ കൃത്യമായി തയ്യാറാക്കിയ ടൂർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളുടെ യാത്ര ആരംഭിച്ചത്‌.

ഇളന്തിക്കര :

ഇടുക്കിയുടെ തെക്കു കിഴക്കുഭാഗത്തുള്ള ശിവഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ ആലുവയിലെത്തുമ്പോൾ മംഗലപ്പുഴ, മാർത്താണ്ഡപ്പുഴ എന്നീ കൈവഴികളായി പിരിയുന്നു. മംഗലപ്പുഴ പുത്തൻവേലിക്കരയിലെ ഇളന്തിക്കര എന്ന സ്ഥലത്തുവച്ച് ചാലക്കുടിപ്പുഴയുമായി സന്ധിക്കുകയും മുനമ്പത്തിനു പിടഞ്ഞാറേക്ക് ഒരു കായൽ പോലെ പരന്നൊഴുകി കടലിൽ പതിക്കുന്നു. മാർത്താണ്ഡപ്പുഴ വരാപ്പുഴ കായലിലാണ് ചെന്നു ചേരുന്നത്. ഇളന്തിക്കരയിലെ രണ്ടു പുഴകളുടെ സംഗമസ്ഥാനത്താണ് ചൗക്കക്കടവ്. രാജഭരണകാലത്തെ ചെക്ക്പോസ്റ്റുകളാണ് ചൗക്കകൾ. ജലഗതാഗതം സജീവമായിരുന്ന കാലത്തായിരിക്കണം ഇവിടെ ചൗക്ക സ്ഥാപിച്ചത്.
രണ്ടു പുഴകൾ പുണരുന്ന സുന്ദരവും വിജനവുമായ ഈ കടവ് സഞ്ചാരികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല .

ചേന്ദമംഗലം ജൂതപ്പള്ളി:
ശംഖ്‌, ബാങ്ക്‌, കൊമ്പ്‌, മണി നാല് വ്യത്യസ്ത മതങ്ങൾ. ചേന്ദമംഗലത്തെ കോട്ടയയിൽ കോവിലകം കുന്നിനു മുകളിൽ ശ്രീകൃഷണ ക്ഷേത്രം, ക്രിസ്ത്യൻ പള്ളി, മുസ്ലിം ദേവാലയം, ജൂതസിനഗോഗ് എന്നിവ  നിൽക്കുന്നു.  അമ്പലത്തിൽ ശംഖ്‌ ഊതുമ്പോൾ, മുസ്ലിം പള്ളിയിൽ ബങ്കുവിളി, സിനഗോഗിൽ നിന്ന് മാങ്കൊമ്പിൽ നിന്നുയരുന്ന നീണ്ടരാഗം, ക്രിസ്ത്യൻ പള്ളിയിൽ നിന്നുയരുന്ന മണിനാദം, അഞ്ഞൂറു മീറ്റർ ചുറ്റളവിൽ നാല് ദേവാലയങ്ങൾ, നാല്‌ രാഗങ്ങൾ, നാല് രൂപങ്ങൾ യോജിച്ചുള്ള സഗീതം ഇവിടെ നീണ്ടകാലം മുഴങ്ങിയിരുന്നു. കേരളത്തിന്റെ സാമുദായിക ഐക്യത്തിന്റെ ഉദാഹരണമാണ് ഈ ആരാധനാലയങ്ങളുടെ കൂട്ടായ്മ.  മതസൗഹാർദ്ദം ഒരു ഹ്‌സമ്പത്തായി കണ്ട ആ നല്ല നാളുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ചേന്ദമംഗലത്തെ ഈ ജൂതപ്പള്ളിയില്‍ നിന്നും കണ്ടെടുത്ത ഒരു ശിലാലിഖിതത്തില്‍ 1269-ല്‍ ഹീബ്രു ഭാഷയില്‍ എഴുതിയ ഒരു ശിലാലിഖിതമുണ്ട്. സാറ ബത്ത് ഇസ്രായേല്‍. ഇസ്രായേലിന്റെ പുത്രിയായ സാറ ഇവിടെ കുടികൊള്ളുന്നുവെന്നാണത്രേ അതിന്റെ പരിഭാഷ. കേരളത്തിലെ ജൂതരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങളുമാണ് ഇപ്പോൾ ഈ  മ്യൂസിയത്തിലെ പ്രമേയം.

പാലിയം കൊട്ടാരം:
1947-48 കാലയളവില്‍ ചേന്ദ്രമംഗലത്തു നടന്ന ചരിത്രപ്രസിദ്ധമായ പാലിയം സത്യാഗ്രഹത്തിന്റെ വിപ്ലവ സ്മരണകള്‍ തങ്ങി നില്‍ക്കുന്ന മുക്കാല്‍ ഫര്‍ലോങ് മാത്രം നീളമുള്ള പാലിയം റോഡിലൂടെ യാത്ര ചെയ്താണ് ഞങ്ങൾ പാലിയം കൊട്ടാരത്തിലേക്ക്‌ കടന്നത്‌. കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചൻമാരുടെ ഭരണസിരാകേന്ദ്രമായിരുന്നു ചേന്ദമംഗലം. ചേന്ദമംഗലത്തെ പാലിയത്ത് എന്ന നായർ തറവാട്ടിലെ കാരണവരാണ് പാലിയത്തച്ചൻ എന്നറിയപ്പെട്ടിരുന്നത്. പാലിയത്തച്ചന്റെ ഔദ്യോഗിക താമസസ്ഥലമായിരുന്നു പാലിയം കൊട്ടാരം. പോർട്ടുഗീസുകാർക്കെതിരായി ലഭിച്ച സഹായത്തിന് ഡച്ചുകാർ ആണ് ഇത് പണിത് സമ്മാനിച്ചത്. കേരളീയ – ഡച്ച് വാസ്തുശില്പ ശൈലിയുടെ സങ്കലനം ഇതിൽ കാണാം.
കരം പിരിവു മുതൽ കരുതൽ ധനം വരെ സൂക്ഷിച്ചിരുന്ന സ്ട്രോംങ്ങ് റൂം വരെ ഇപ്പോഴും ഈ കൊട്ടാരത്തിലുണ്ട്. 65 ഔഷധഗുണമുളള തടികള്‍ കൊണ്ടു നിര്‍മ്മിച്ച സപ്രമഞ്ചക്കട്ടിലും കൂടിക്കാഴ്ചകള്‍ക്കായുള്ള വലിയ ദര്‍ബാറും താഴെ നില്‍ക്കുന്നവരോട് സംസാരിക്കുന്നതിനായി രണ്ടാം നിലയില്‍ പാലിയത്തച്ചന്മാര്‍ക്ക് ഇരിക്കുന്നതിനായി ഉണ്ടാക്കിയ ഇരിപ്പിടവുമൊക്കെ പഴമ ചോരാതെ തന്നെ പുനക്രമീകരിച്ചിരിക്കുന്നു. അതിനു തൊട്ടുചേര്‍ന്നു തന്നെയാണ് പാലിയം നാലുകെട്ട്.

കോട്ടപ്പുറം കോട്ട:
1503 ൽ പോർട്ടുഗീസുകാർ നിർമിച്ച കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട. കര-കടൽ മൂലമുള്ള ആക്രമണങ്ങളെ സമർത്ഥമായി ചെറുക്കാൻ സാധ്യമായ സ്ഥലത്താണ്‌ ഇത്‌ നിർമ്മിച്ചത്‌. നിർത്തലാക്കിയ കോട്ടപ്പുറം ജെട്ടിക്ക്‌ അൽപം കിഴക്കായി കൃഷ്ണങ്കോട്ടയുടെ പടിഞ്ഞാറായി ഒരു കോണിലാണ്‌ ഇതിന്റെ സ്ഥാനം. ഒരു ചെറിയ കുന്നിൻ പുറം ഉൾപ്പെടുന്ന തരത്തിലാണ്‌ ഇതിന്റെ നിർമ്മാണം. അകത്ത്‌ കൊത്തളങ്ങളും വെടിക്കോപ്പുശാലയും ഉണ്ട്‌. ഡച്ചുകാർ ഈ കോട്ടപിടിച്ചെടുത്തു. പിന്നീട് കൊടുങ്ങല്ലൂർ കോട്ട മാർത്താണ്ഡവർമ്മ  ഡച്ചുകാരിൽ നിന്ന്‌ വിലയ്ക്കു വാങ്ങി. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മൈസൂർ സൈന്യം ഈ കോട്ട പിടിക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. ഇപ്പോൾ കോട്ടയുടെ അവശിഷ്ടങ്ങളേയുള്ളു.

പട്ടണം മ്യൂസിയം :
മുസിരിസ് കേരളത്തിലെ പ്രമുഖ പ്രാചീന തുറമുഖനഗരമായിരുന്നല്ലോ. അത് കൊടുങ്ങല്ലൂർ ആണെന്ന് ഒരു ധാരണ ഉണ്ടായിരുന്നെങ്കിലും അതിനുള്ള തെളിവുകൾ അവിടെ നിന്ന് ലഭിച്ചിരുന്നില്ല. ഭൂമിശാസ്ത്രപരമായ ചില സവിശേഷതകൾ കണക്കിലെടുത്ത് ഒരു ഊഹമായിരുന്നു അത്. എന്നാൽ ഈ ധാരണ തിരുത്തപ്പെടുകയാണ്. മുസിരിസ് കൊടുങ്ങല്ലൂരല്ല, മറിച്ച് അത് പറവൂരിനടത്തുള്ള പട്ടണമാണ്. 2007 മുതൽ കേരള ചരിത്ര ഗവേഷണ കൗൺസിൽ നടത്തുന്ന പുരാവസ്തു ഉദ്ഘനനത്തിലൂടെ രണ്ടായിരം വർഷത്തെ പഴക്കമുള്ള വസ്തുക്കൾ ഉൾപ്പെടെ ഇവിടെ നിന്ന് ലഭിച്ചു.
എണ്ണൂറോളം പുരാവസ്തുക്കളാണ് ഇപ്പോൾ പട്ടണത്തിലെ മ്യൂസിയത്തിലുള്ളത്. മെഡിറ്ററേനിയൻ, മെസോപ്പൊട്ടോമിയൻ, അറേബ്യൻ മേഖലകളിലെ പുരാവസ്തുക്കൾ വേർതിരിച്ച് വച്ചിട്ടുണ്ട്. കളിമൺപാത്രങ്ങൾ, നാണയങ്ങൾ, വീഞ്ഞ് സൂക്ഷിക്കുന്ന ആംഫോറ എന്ന റോമൻ ജാറിന്റെ അവശിഷ്ടം തുടങ്ങിയവ ഇവിടെയുണ്ട്. ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചിരുന്ന നാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയ 618 മീറ്റർ നീളമുള്ള ട്രേഡ് റൂട്ട് ഭൂപടത്തിന്റെ മാതൃക  ശ്രദ്ധയാകർഷിക്കുന്നതാണ്.

സഹോദരൻ അയപ്പൻ സ്മാരകം:
കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ മാനവികതയുടേയും യുക്തിബോധത്തിന്റേയും നിഷേധത്തിന്റേയും സവിശേഷമായൊരു ഏട് എഴുതിച്ചേർത്ത സഹോദരൻ അയ്യപ്പൻ ജനിച്ച വീട് ഇന്ന് ഒരു ചരിത്ര സ്മാരകമാണ്. ചെറായി ടൗണിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണിത്. 1917-ൽ ചെറായിലാണ് അദ്ദേഹം വിപ്ലവകരമായ മിശ്രഭോജനം സംഘടിച്ചിച്ചത്. ജാതി വിവേചനം കൊടികുത്തി വാണിരുന്ന കേരളത്തിൽ ഉയർന്ന ജാതിക്കാർക്കും, താഴ്‌ന്ന ജാതിക്കാർക്കും വെവ്വേറെ പന്തികളിലായിരുന്നു ഭക്ഷണം വിളമ്പിയിരുന്നത്‌. സവണ്ണമേധാവിത്വം കൂട്ടുവാനും, അവർണ്ണനു താൻ അധഃകൃതനാണെന്ന ബോധം ഊട്ടിയുറപ്പിക്കുവാനും വിവിധ സമൂഹങ്ങളുടെ പന്തികൾ പണ്ട്‌ നിലവിലുണ്ടായിരുന്നു.
ഇതിനെതിരെ 1917 മെയ്‌ 29 ന്  ചെറായിൽ സഹോദരൻ അയ്യപ്പൻ വിവിധ ജാതിക്കാരെ ഒരേ പന്തിയിൽ ഒരുമിച്ചിരുത്തി ഇലകളിൽ ചോറ്, കടലയും ചക്കക്കുരുവും ചേർത്ത കറി എന്നിവ വിളമ്പി. ഭക്ഷണം അവരെക്കൊണ്ട്‌ തൊടുവിച്ചും, അവരുടെ ഇലകളിൽ നിന്ന് ചോറ്, കറി എന്നിവ അല്പമെടുത്തുമാണ് പന്തിഭോജനം നടന്നത്‌. ആലോചനയോഗത്തിൽ പങ്കെടുത്ത പലരും പന്തിഭോജനച്ചടങ്ങിൽ പങ്കെടുക്കാതെ വിട്ടു നിന്നു. അന്നും ഉണ്ടായിരുന്നു പാരപണിക്കാർ.
മിശ്രഭോജനത്തിന്റെ ശില്പമതിലും ഇവിടെയുണ്ട്. പെരിയാറിന്റെ മനോഹര തീരത്താണീ ഈ സ്മാരകം ഏറെക്കുറെ പഴയ രീതിയിൽ തന്നെ സംരക്ഷിച്ച് നിർത്തിയിരിക്കുന്നത്.


മുനമ്പം:
1341 ൽ പെരിയാറിലുണ്ടായ ഒരു പ്രളയത്തിന്റെ ഫലമായിട്ടാണ് മുനമ്പം അടങ്ങുന്ന വൈപ്പിൻ കരയുടെ ഉത്ഭവം. മൂന്നു വശവും വെള്ളത്താൽ ചുറ്റപ്പെട്ടെ വീതി കുറഞ്ഞ കരയുടെ കൂർത്ത അറ്റത്തതിനെ മുനമ്പ്‌ എന്ന് പറയുന്നത്‌. മുനമ്പിൽ നിന്നുമാണ് മുനമ്പം ഉണ്ടായത്. ആഴം കുറഞ്ഞ്‌ വിസ്താരമേറിയ ശാന്തവും, പ്രകൃതി സുന്ദരവുമായ കടലോരങ്ങളാണ് വൈപ്പിൻകരയിലെ കടലോരങ്ങൾ. വേമ്പനാട്ടുകായലുമായി കിന്നരിച്ച്‌ ഒരുമിച്ച്‌ ഒഴുകുന്ന പെരിയാറിനെ ഇവിടെ വെച്ച് കടൽ മുത്തമിടുന്നത്‌. മുനമ്പം ബീച്ച് സഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടത്തെ സൂര്യാസ്തമയം അതിമനോഹരമാണ്. മത്സ്യബന്ധനമാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം. മുനമ്പം മത്സ്യബന്ധന ഹാർബർ പ്രശസ്തമാണ്.

സില്‍ക് റൂട്ടെന്ന പോലെ സ്പൈസ് റൂട്ടും അംഗീകരിക്കപ്പെടുകയാണെങ്കില്‍ മുസിരിസ് പൈതൃക പദ്ധതിയുടെ ഖ്യാതി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടും. പദ്ധതിയുടെ ഭാഗമായി ഓരോ പ്രദേശത്തേക്കും സന്ദര്‍ശകരെ ജലമാര്‍ഗം എത്തിക്കുന്നതിനായി പദ്ധതിയിട്ട ബോട്ടുജെട്ടികളില്‍ എല്ലാറ്റിന്റേയും പണികള്‍ പൂര്‍ത്തിയായി. 14 ബോട്ട് ജെട്ടികളാണ് ആകെയുള്ളത്. ബോട്ട് സര്‍വീസ് നാലുമാസം മുമ്പ് ആരംഭിച്ചു കഴിഞ്ഞു.
ചരിത്രം മുസിരിസിന്റേയും പരിസരപ്രദേശങ്ങളിലും, അവിടുത്തെ മണ്ണിലും ഇപ്പോഴും അജ്ഞാതമായ ഒരു നിഗൂഢാനുഭൂതി പകര്‍ന്നുകൊണ്ട് പതിഞ്ഞു കിടപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിലായി പടർന്നു കിടക്കുന്ന പ്രകൃതിസുന്ദരമായ തീരദേശത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമ്മുടെ ടൂറിസം വകുപ്പിനു ഇതുവരെ സാധിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്‌.