Cultural Pravasi Switzerland

കൈയ്യക്ഷരം…. ടോം കുളങ്ങരയുടെ പുതിയ കവിത .

ഡിജിറ്റൽ ആവിര്ഭാവത്തോടുകൂടി നമ്മൾ ശീലിച്ചതും പഠിച്ചതുമെല്ലാം കുറെയധികം  കൈമോശം വന്നുകൊണ്ടിരിക്കുന്നു .കൈയക്ഷരം നന്നാക്കുവാൻ പണ്ട് നമ്മൾ ശീലിച്ചതെല്ലാം ഇന്ന് വെറും ഓർമ്മകൾ ..ആ  പഴയകാല ഓർമകളിലേക്ക് കവിയുടെ തിരിഞ്ഞുനോട്ടം ....താഴെക്കൊടുത്തിരിക്കുന്ന വീഡിയോ പ്ലയെരിലെ പ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്തും കവിത ശ്രവിക്കാവുന്നതാണ് ...

കൈയ്യക്ഷരം

കുഞ്ഞിളം ചൂണ്ടുവിരൽ പൊഴിച്ചു രുധിരം

മണലിൽ ആദ്യാക്ഷരം കോറിയപ്പോൾ

അന്നു ഞാനറിഞ്ഞു കത്തിപോൽ

മൂർച്ചയുള്ളോരായുധമാമീയക്ഷരത്തെ

പൊട്ടസ്ലേറ്റിൽ കല്ലുകോലിനാൽ

കുത്തി വരച്ചു മെരുങ്ങാത്തോരക്ഷരങ്ങളെ

തുപ്പി മായ്‌ച്ചു മെരുക്കി ഞാൻ

പുതു കൈയക്ഷരങ്ങൾ നെയ്തു.

മൂന്നുവിരൽ ഒരുമയോടെ മരവണ്ണികയിൽ ചേർത്ത്‌

പുസ്തത്താളിൽ വർണ്ണം രചിച്ച്‌

റബ്ബറിനാൽ പാടുകൾ തുടച്ചു വരച്ചു

കൈയ്യക്ഷരമേ നിന്നെ നന്നാക്കീടുവാൻ

മഷി നിറച്ച ലേഖിനിയാൽ

പകർത്തുകൾ പകർത്തിപ്പകർത്തി

അംഗുലികൾ മഷിക്കറയാൽ കറുത്തു

കൈപ്പടേ പെൺ അരയന്നമേ നിന്നെ വശത്താക്കീടുവാൻ

നീയൊന്നു മെരുങ്ങിയെന്നായപ്പോൾ

വിദ്യമാറി ടൈപ്പ്‌റൈറ്ററിൽ വേഗത്തിലടി തുടങ്ങി

പിന്നെ അക്ഷരത്തെറ്റു തിരുത്തും

കമ്പ്യൂട്ടറിൻ കീബോഡിലിട്ട്‌ കുത്തു തുടങ്ങി

വരയിലുമടിയിലും കുത്തിലും

മെരുങ്ങി മെരുങ്ങാത്ത കൈയ്യക്ഷരമേ

നിന്നെ കുഞ്ഞൻഫോൺ ഉല-

യിലൂതും ഊത്താക്കി വിദ്യമാറ്റി

ഊതിയാൽ ചാരത്തണയുന്ന നീയിന്നു

വാസവദത്തയെപ്പോൽ വ്യഭിചരിക്കുന്നു

ഉപാസകരാം ഞങ്ങൾ ഉപഗുപ്തർ

തൂലിക മടക്കുന്നു മരിക്കുന്നു.