India

ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചാല്‍ കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവില്‍ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഇത്തരത്തില്‍ കേസ് എടുത്ത പൊലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധി.

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പൊലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പൊലീസ് കേസ് എടുക്കാറുള്ളത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്ന ഒരാളുടെ പ്രവൃത്തി പൊതു സുരക്ഷക്ക് ഭീഷണിയാണെന്ന് ആരോപിച്ചുകൊണ്ടാണ് പൊലീസ് കേസ്. വാഹനമോടിക്കുമ്പോള്‍ ഇത്തരത്തില്‍ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുമെങ്കില്‍ മാത്രമേ പൊലീസ് നടപടി സാധ്യമാകൂ. കൂടാതെ പൊലീസ് ആക്ടില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിലെ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും നിലവിലില്ല. അതുകൊണ്ട് തന്നെ ഫോണില്‍ സംസാരിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍ പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ കേരളത്തില്‍ എവിടെയെങ്കിലും പൊലീസ് കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കേസ് നിലവിലുള്ള മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.