Europe Pravasi Switzerland

ഭക്ഷണം പാഴാക്കരുത്; ‘നോഷ്’ ആപ്പുമായി പാലാ സെന്റ് ജോസഫ്‌സ് ടീമംഗമായി സ്വിസ്സിലെ നീതു ജോർജ് നടുവത്തേട്ടും

പാലാ സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജ് പെർസിസ്റ്റന്റ് ഇൻസ്പിരേഷൻ അവാർഡ് കരസ്ഥമാക്കി. പുണെ എൻജിനീയറിങ് കോളജിൽ നടത്തിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിലാണ് ആറംഗ ടീം പങ്കെടുത്ത് അവാർഡ് സ്വന്തമാക്കിയത്. രണ്ടാം വർഷ ബിടെക് വിദ്യാർഥി റിയോൺ സജി നയിച്ച ക്രിപ്റ്റോനൈറ്റ് ആറിൽ നാലാം വർഷ ബിരുദ വിദ്യാർഥിനി നീതു ജോർജ് നടുവത്തേട്ടു, രണ്ടാം വർഷ വിദ്യാർഥികളായ സന്ദീപ് സാൽമൺ, കെ.എസ്. പ്രവീൺ, ഒന്നാം വർഷ വിദ്യാർഥിനികളായ ഹന്നാ എൽസാ, സ്മിതാ ജോൺ എന്നിവരാണ് ഉണ്ടായിരുന്നത്.

ആഘോഷവേളകളിൽ പാഴാക്കപ്പെടുന്ന ഭക്ഷണം വിശക്കുന്നവർക്കു നൽകുക എന്ന ആശയത്തെ ആസ്പദമാക്കിയാണു ക്രിപ്റ്റോനൈറ്റ് ആറ് പിറവിയെടുത്തത്. ഇവർ നിർമിച്ച നോഷ് എന്ന മൊബൈൽ ആപ്ലിക്കേഷൻ ഒരേസമയം ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാകും. ദാതാവിനേയും സ്വീകർത്താവിനെയും തമ്മിൽ ബന്ധിപ്പിക്കുകയും ചെയ്യുന്ന ആപ്ലിക്കേഷനാണിത്.യൂബർ, ഓല തുടങ്ങിയ ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിനു സമാനമായ നാവിഗേഷൻ സംവിധാനമാണു നോഷിനും ഉപയോഗിച്ചിരിക്കുന്നത്

ആദ്യമായാണു മൊബൈൽ നാവിഗേഷൻ സംവിധാനത്തിലൂടെ ഭക്ഷണം പങ്കുവയ്ക്കുക എന്ന ആശയം നടപ്പാക്കുന്നത്. പാഴാക്കപ്പെടുന്ന ഭക്ഷണം പാവപ്പെട്ടവരിലേക്കു നേരിട്ട് എത്തിക്കാൻ സ്മാർട്ഫോൺ ആപ്പിനു കഴിയും. അഞ്ഞൂറോളം ടീമുകൾ മാറ്റുരച്ചതിൽ കേരളത്തിൽ നിന്നു ഫൈനലിൽ കടന്ന ഏക ടീമായിരുന്നു സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളജിന്റേത്. പ്രഫ. എസ്. സർജു, പ്രഫ. കിഷോർ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി

സ്വിറ്റസർലണ്ടിൽ താമസിക്കുന്ന ജോർജ് മോളി നടുവത്തേട്ടിന്റെ മൂത്ത പുത്രിയാണ് നാലാം വർഷ ബിരുദ വിദ്യാർഥിനി നീതു ജോർജ്