Pravasi

ശിലാഫലകങ്ങളില്ലാതെ ചീരൻ പത്രോസിന്റ വിശ്രമം..

എഴുത്തുകാരന്റെ പേര്‌ Jaimy Pattimakkeel

കുന്നിൻമുകളിലെ ഇംഗ്ലീഷ് പള്ളിയിലെ തെമ്മാടിക്കുഴിയിൽ ഇഞ്ചമുള്ളിൻപടർപ്പിനടിയിൽ ശിലാഫലകങ്ങളില്ലാതെ ചീരൻ പത്രോസ് വിശ്രമിക്കുന്നു

ചെറുകഥ

മൂന്നോ നാലോ പതിറ്റാണ്ടുകൾക്കു മുൻപു നടന്ന സംഭവമാണ്. എന്നാലിന്നും അത് എന്റെ മനസ്സിൽ പച്ചയായി നിലനിൽക്കുന്നു. മറക്കുവാനാവുന്നില്ല.

നേരം പുലർന്നുവരുന്നതേയുള്ളു. എല്ലാ ബുധനാഴ്ചകളെയും പോലെ അന്നും ചന്തയിലേക്ക് അടുത്തും അകലെയും നിന്ന് തങ്ങൾക്ക് വിൽക്കാനുള്ള കാളകളെയും പശുക്കളെയും കിടാരികളെയുമായി കർഷകർ എത്തിത്തുടങ്ങിയിരുന്നു. കമുകിന്റെ പാള കൊണ്ടുണ്ടാക്കിയ കൂമ്പൻതൊപ്പി തലയിൽ വെച്ച, തോർത്തുമുണ്ടുകൊണ്ട് തലക്കെട്ടുകെട്ടിയ ആണുങ്ങൾ മൂക്കുകയറിൽ പിടിച്ച് മുൻപേ നടന്നു. പശുവിനെയും കിടാരിയെയുമായെത്തിയ ഭർതത്താവും ഭാര്യയും. മുന്നോട്ടു നടക്കാൻ മടിക്കുന്ന കിടാവിന്റെ ചന്തിക്ക് ഇലകളോടുകൂടിയ ഒരു വടികൊണ്ട് തല്ലി മുന്നോട്ടു നടക്കാൻ ചെറുതായി പ്രോത്സാഹിപ്പിക്കുന്ന സ്ത്രീ.

സമയം അഞ്ചു കഴിഞ്ഞതേയുള്ളുവെങ്കിലും മദ്ധ്യകേരളത്തിലെ ആ ഗ്രാമച്ചന്ത ശബ്ദവും ബഹളവും കൊണ്ട് നിറഞ്ഞു കഴിഞ്ഞു. ഇഞ്ചിയും, മഞ്ഞളും കച്ചോലവും, വിത്തുകളും തൈകളും വിൽക്കുവാനും വാങ്ങുവാനുമെത്തിയവർ. കാലുകൾ കൂട്ടിക്കെട്ടിയ ഒന്നോ രണ്ടോ കോഴികളുമായി സ്ത്രീകൾ. ദുരെ കുനിഞ്ഞിമലയുടെ ഓരങ്ങളിൽനിന്നും പന്നിക്കുഞ്ഞുങ്ങളെയുമായെത്തിയവർ.

ചന്തക്കു പൊതുവെ ഒരു തൊഴുത്തിൻറെ മണവും രുചിയുമായിരുന്നു.

കലപില ആരവങ്ങൾക്കിടയിൽ ആജാനുബാഹുക്കളായ ആളുകളുടെയും അമറുന്ന കാളകളുടെയും ശബ്ദം ഉയർന്നുകേൾക്കാമായിരുന്നു.

ചീരൻ പത്രോസ് ചന്തയിൽ എല്ലാവര്ക്കും പരിചിതനാണ്. സ്വന്തമായി വീടോ കുടുംബമോ, ഭാര്യയോ മക്കളോ അയാൾക്കുണ്ടായിരുന്നോ? ആർക്കുമറിയില്ല. ചെറുപ്പത്തിലയാൾ ചിരുതയുടെ മകൻ ചീരനായിരുന്നുവെന്നും, പണ്ടെന്നോ ഗ്രാമത്തിലെത്തിയ ഇംഗ്ലീഷ് പാതിരി അയാളെ പത്രോസും, ചിരുതയെ ചിന്നമ്മയുമാക്കിയെന്നുമൊക്കെ ഐതിഹ്യങ്ങൾ. എന്നാലും നീണ്ട അറുപതു വർഷങ്ങൾക്കുശേഷവും പത്രോസ് ചീരനായിത്തന്നെ തുടരുന്നു.

വാതത്തിന്റെ ചെറുകൂനുമായി നടക്കുന്ന ചീരൻ പത്രോസ് കന്നുകാലിച്ചന്തയിലെ നിതാന്ത സാന്നിദ്ധ്യമായിരുന്നു. വിലപറഞ്ഞുറപ്പിച്ച ഉരുക്കളെ കൈമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന കയറ്റുകാണമായിരുന്നു അയാളുടെ ജീവിതമാർഗ്ഗം. ഓരോ ഉരുവിനെയും കൈമാറുമ്പോൾ അയാൾക്ക് നാലണ എന്നുപറയുന്ന ഇരുപത്തഞ്ചു പൈസയോ, എട്ടണ എന്നു വിവക്ഷിച്ചിരുന്ന അമ്പതു പൈസയോ ഒക്കെ ലഭിച്ചിരുന്നു.

അന്നും രാവിലെ കൂനിക്കൂനി അയാൾ ചന്തയിലെത്തി. അപ്പോഴാണ് ചെളിയിൽ പുതഞ്ഞ് തിളങ്ങുന്ന എന്തോ ഒന്ന് അയാളുടെ കണ്ണിൽ പതിഞ്ഞത്. വളരെ ബുദ്ധിമുട്ടി കുനിഞ്ഞ് അയാളതെടുത്തുനോക്കി. ഏതോ കാളയുടെ കൊമ്പുകൾക്കിടയിൽ അലങ്കാരത്തിനായി കെട്ടിയിരുന്ന ഒരു ശംഖായിരുന്നു അത്. ചെളി തുടച്ചുകളഞ്ഞ് അയാളത് അരയിൽ തിരുകി.
ചന്തയിലെ തിരക്കും ബഹളവുമെല്ലാം ഉച്ചയായപ്പോഴേക്കുംഒതുങ്ങി. വില്കാനാകാത്ത സാധനങ്ങളും വസ്തുക്കളുമായി കച്ചവടക്കാരും കൃഷിക്കാരും മടങ്ങിത്തുടങ്ങി. ചീരൻ പത്രോസിന് ഉച്ചഭക്ഷണം പതിവില്ല. കള്ളുഷാപ്പിൽനിന്നും ഒരു കോപ്പ കള്ളും തൊട്ടുകൂട്ടാൻ അല്പം കപ്പയുമുണ്ടെങ്കിൽ പത്രോസിനു കുശാൽ. പത്രോസിനറിയാം ചന്തക്കടുത്തുളള ഷാപ്പിലെ കള്ളിനു രുചി കുറവാണെന്ന്. അതുകൊണ്ടായാൾ കൂനിക്കൂനി ഏതാണ്ടൊരു മൂന്ന് ഫർലോങ് അകലെയുള്ള വെള്ളിമല ഷാപ്പിലേക്കു നടന്നു. ഷാപ്പിൽ നിറയെ ചന്ത കഴിഞ്ഞു മടങ്ങുന്നവരും നാട്ടുകാരുമായി കർഷകരായിരുന്നു. സ്ത്രീകളായ കർഷകത്തൊഴിലാളികൾ ഷാപ്പിന്റെ പിന്നിലെ മുറിയിലൊത്തുകൂടി സൊറ പറഞ്ഞിരുന്നു.

ചീരൻ പത്രോസ് തോളിൽ കിടന്ന തോർത്തെടുത്തുവീശി വിയർപ്പാറ്റി. ഷാപ്പിലെ വിൽപ്പനക്കാരൻ തങ്കപ്പൻ ഒരു കോപ്പ കള്ള് ചീരന്റെ മുന്നിലെ മേശമേൽ വച്ചു. ഷാപ്പിലേക്കു കയറിവന്ന കൊറ്റംകുന്നേലെ സൈമൺ ചോദിച്ചു എന്താ ചീരാ സുഖമാണോ.

അങ്ങനെയൊക്കെ കഴിഞ്ഞു പോണു മൂത്താനാരേ. അതിവിനയത്തോടെ പത്രോസ് തന്റെ കോപ്പയിലേക്കു തിരിഞ്ഞു.

പെട്ടെന്നാണ് കൂത്താപുരം പോലീസ് സ്റ്റേഷനിലെ വില്ലിസ് ജീപ്പ് ഷാപ്പിനു മുൻപിൽ നിര്ത്തുന്നതും ഏഡ് ഗോവിന്ദപ്പിള്ള ഷാപ്പിലേക്കു കയറിവന്നതും. ആർക്കും പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം ഇടയ്ക്കിടെ പോലീസുകാർ ഷാപ്പിൽ വരികയും രണ്ടുകുപ്പി മോന്തുകയും ചെയ്യുന്നത് സാധാരണമാണ്.

പക്ഷെ ഇന്ന് ഏഡങ്ങത്തെ അന്വേഷിച്ചത് ചീരൻ പത്രോസിനെയാണ്. ചീരനെക്കണ്ടതും ഗോവിന്ദപ്പിള്ള പോലീസ് പറഞ്ഞു, എഴുന്നേക്കടാ, എന്റെ കൂടെ വാ. എസ് ഐ ഏമാൻ നിന്നെയൊന്ന് കാണണമെന്നു പറഞ്ഞു. ഏഡു മുത്ത് എസ് ഐ ആയ തിരോന്തരംകാരൻ ഡേവിഡ് ലോപ്പസാണ് കൂത്താപുരത്തെ ക്രമാസമാധാനപാലകൻ.

കൂത്താപുരത്തെ സാധാരണക്കാരൊക്കെ പോലീസിനോടൊരല്പം ഭയം മൂലം അവരോടുള്ള ആദരവെന്ന വ്യാജേന അവരോടപ്പം അകലം പാലിച്ചിരുന്നു. കൊറ്റംകുന്നേലെ സൈമൺ ചേട്ടന് ആ വക പേടിയൊന്നുമില്ല. എന്താ ഗോവിന്ദപ്പിള്ള പ്രശനം?.

ഇതിനിടെ ചീരൻ പത്രോസ് ബെഞ്ചിൽനിന്നും എഴുനേറ്റുകഴിഞ്ഞിരുന്നു. കുറേനേരം ഇരുന്നുകഴിഞ്ഞാൽ മുട്ടുകളും ഇടുപ്പുമൊക്കെ നിവരാനല്പം ബുദ്ധിമുട്ടുണ്ട്. നാട്ടുഭാഷയിൽ വെട്ടുവാതംഎന്നുവിളിച്ചിരുന്ന ഈ വേദന ഞൊണ്ടി ഞൊണ്ടി ഏതാനും ചുവടുകൾ വച്ചുകഴിയുമ്പോഴേക്കും കുറയും. ചീരൻ പത്രോസ് ഞൊണ്ടി ഞൊണ്ടി നടന്നു തുടങ്ങി.

എന്ത് പറയാനാ മൂത്താനാരേ, ഇന്ന് രാവിലെ ചന്തേ വച്ച് നമ്മുടെ പഞ്ചായത്ത് ആഫീസറുടെ വാച്ച് കാണാതെ പോയി. ഈ പത്രോസ് അതെടുക്കുന്നത് കണ്ടെന്ന് മീൻകാരി കൗസല്യയാണ് പറഞ്ഞത്.
ചീരൻ പത്രോസിനെയുമായി ജീപ്പ് കൂത്താപുരം പോലീസ് സ്റ്റേഷനിലേക്ക് നീങ്ങി.

നീയെടുത്ത വാച്ചു തിരിച്ചു തന്നേക്കൂ, എസ് ഐ ഡേവിഡ് ലോപ്പസ് പറഞ്ഞു.

ചീരൻ പത്രോസിനെ ആവുന്ന വിധത്തിലെല്ലാം ചോദ്യം ചെയ്തു. നഷ്‌ടപ്പെട്ട വാച്ചിനെപ്പറ്റി അയാൾക്കൊന്നും തന്നെ അറിയില്ലായിരുന്നു. അയാളൊന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ കണ്ടില്ലാ. ഞാനെടുത്തിട്ടില്ല. എനിക്കറിയില്ലാ. ചീരൻ പത്രോസിനെ കുനിച്ചുനിറുത്തി രണ്ടിടി കൊടുക്കാനുള്ള അരിശം വന്നെങ്കിലും ഇപ്പോൾ തന്നെ കൂനിക്കൂടി നിൽക്കുന്ന ഈവയസ്സനെ താൻ കൈ വച്ചാൽ പലതിനും താൻ ഉത്തരം പറയേണ്ടി വരുമെന്ന ഭീതി കാരണം എസ ഐ ചീരനെ ശാരീരികപീഠനത്തിനൊന്നും വിധേയനാക്കിയില്ല.

ചീരൻ പത്രോസിനെ ദേഹപരിശോധന നടത്തിയിട്ടും പോലീസുകാർക്ക് കണ്ടെത്താനായത് നിറമുള്ള പ്ലാസ്റ്റിക് നൂലിൽ കൊരുത്ത ശംഖു മാത്രം.

അവസാനം എസ് ഐ പറഞ്ഞു. പത്രോസിപ്പോ പൊയ്ക്കോ. പക്ഷെ എപ്പോ ഞങ്ങള് വിളിച്ചാലും സ്റ്റേഷനിൽ ഹാജരായിക്കൊള്ളണം.

ക്ഷീണിതനായ ചീരൻ പത്രോസ് വെള്ളിമല ഷാപ്പ് ലക്ഷ്യമാക്കി കൂനിക്കൂനി ചട്ടി ചട്ടി നടന്നു. അന്തിക്കള്ളു മോന്തനായി ഗ്രാമത്തിലെ മാന്യന്മാരെല്ലാം അവിടെയുണ്ടായിരുന്നു. കള്ളുകുടിക്കില്ലാത്തവർ പിള്ളേച്ചന്റെ ചായക്കടയിലും നാണുവാശാന്റെ മുറുക്കാൻകടയിലുമായിക്കൂടി. എല്ലാവര്ക്കും ചർച്ച ചെയ്യുവാനൊന്നേയുള്ളൂ. ചീരന്റെ വാച്ചുമോഷണം.
കവലയിലേക്കു വന്ന ചീരനെകണ്ട് പലരും സംശയത്തോടെ അടക്കം പറഞ്ഞു.ചീരൻ സാവകാശം ഷാപ്പിലേക്കു കയറി. തോണിക്കരയിലെ ദേവസ്യാച്ചനും, വട്ടംകുളത്തിലെ നാരായണനുമൊക്കെ തന്നോടകലം പാലിക്കുകയാണോ?

ചീരൻ പത്രോസിന് എല്ലാം വിശദീകരിച്ചേ മതിയാവൂ. തൻറെ നിരപരാധിത്വം ചിരപരിചിതരായ നാട്ടുകാരെ അറിയിച്ചേ മതിയാവൂ. അയാൾ അന്ന് രാവിലെ മുതലുള്ള സംഭവങ്ങൾ വള്ളിപുള്ളി വിടാതെ ഷാപ്പിലുള്ള എല്ലാവരോടുമായി പറഞ്ഞു. ആർക്കുമത് വിശ്വസമായില്ലെന്ന് അവരുടെ മൗനം വ്യക്തമാക്കി.
ഷാപ്പിൽനിന്ന് പുറത്തേക്കിറങ്ങിയ കുട്ടപ്പൻ മുറുക്കാൻകടയ്ക്കരികിൽ വട്ടമിട്ടു നിന്നവരോടായിപ്പറഞ്ഞു. ചീരൻ തന്നെ കള്ളൻ. അയാൾ വാച്ചെവിടെയെങ്കിലും ഒളിപ്പിച്ചുവച്ചിട്ടുണ്ടാവും.
തന്നെയാരും വിശ്വസിക്കുന്നില്ലായെന്നു തോന്നിയ ചീരൻ പത്രോസിന് അന്നുരാത്രി ഉറങ്ങാനേ പറ്റിയില്ല.

പിറ്റേന്ന് ഒരു സംഭവമുണ്ടായി. ചന്തയും പരിസരവും അടിച്ചു വാരി വൃത്തിയാക്കുന്ന പഞ്ചായത്ത് സ്വീപ്പർ ചെല്ലമ്മ തുത്തുവാരുമ്പോൾ കരിയിലകൾക്കിടയിൽ എന്തോ തിളങ്ങുന്നു.പഞ്ചായത്തഫീസറുടെ തിളങ്ങുന്ന വാച്ചു കണ്ടെടുത്ത ആ തൂപ്പുകാരി, അല്ലല്ല സ്വീപ്പർ, (തൂപ്പുകാരിയെന്നു വിളിച്ചാൽ ചെല്ലമ്മ ചിലപ്പോൾ എന്നെയും നിങ്ങളെയും സ്വീപ്പിങ് ചൂലുകൊണ്ട് സ്വീപ്പിയെന്നിരിക്കും. കാരണം അന്ന് ആം ആദ്മിയും അതുവഴി ചൂലിനു ഇന്നുള്ള സ്വീകാര്യതയുമൊന്നുമില്ലായിരുന്നല്ലോ.) ചെല്ലമ്മ അതുടനെ തന്നെ പഞ്ചായത്ത് ആഫീസറുടെ കൈയിലേൽപിച്ചു . ആഫീസർ പ്രസിഡന്റിന്റെ വീട്ടിലേക്കും പ്രസിഡന്റ് പോലീസ് സ്റേഷനിലേക്കുമെത്തി പരാതി പിൻവലിച്ചു.

ആഫീസറുടെ വാച്ച്‌ തിരിച്ചുകിട്ടിയ വാർത്തയും നാടെങ്ങും പരന്നു.
വിവരമറിഞ്ഞപ്പോൾ തളർന്നു മൂകനായിരുന്ന ചീരൻ പത്രോസിനുഷാറായി. അയാൾ പതിയെ വെള്ളിമല കവലയിലേക്കു നടന്നു. ഇപ്പോൾ അയാളുടെ കൂനിനും മുടന്തിനും കുറവ് വന്നതുപോലെ. അയാൾക്ക് താൻ കള്ളനല്ലായെന്നു തെളിവ് സഹിതം എല്ലാവരോടും പറയണം.
വെള്ളിമല ഷാപ്പിലെത്തിയ ചീരൻ പത്രോസ് പരിചയക്കാരായ സഹകുടിയന്മാരോട് തലേന്നത്തെ കഥ ഒന്നുകൂടി വിശദമായി, സ്വീപ്പർ ചെല്ലമ്മക്ക് വാച്ചു കിട്ടിയത് സഹിതം,പറഞ്ഞു. പക്ഷെ അവരാരും അതു വിശ്വസിച്ചതായി തോന്നിയില്ല.

കഥ കേട്ടു പുറത്തിറങ്ങിയ കുട്ടപ്പൻ മുറുക്കാൻകടയിൽ കൂടിനിന്നവരോടായി പറഞ്ഞു. വാച്ചു കിട്ടിയതൊക്കെ ശരി. അതയാളെടുത്തതു തന്നെയാണ്. പിടിക്കുമെന്നുറപ്പായപ്പോൾ ചന്തയിൽ കൊണ്ടുപോയി ഇട്ടതാവും.

ചീരൻ പത്രോസിന് ഈ ആരോപണം അംഗീകരിക്കാനാവില്ലായിരുന്നു. ആ ശുദ്ധമനസ്സ് കാണുന്നവരോടെല്ലാം സംഭവം വിവരിച്ചു. ഓരോ തവണ പറയുമ്പോഴും കൂടുതൽ വിശ്വസ്യത വരുത്തനായി അയാളറിയാതെതന്നെ പുതിയ പുതിയ വിശദാംശങ്ങൾ അയാളുടെ കഥയിലേക്കു കടന്നുവന്നുകൊണ്ടിരുന്നു.

ഞായറാഴ്ച്ച കുന്നിൻമുകളിൽ ഇംഗ്ലീഷ് പള്ളിയിൽ ആരാധന കഴിഞ്ഞിറങ്ങിയ വിശ്വസികളോടും അയാളീ കഥ ആവർത്തിച്ചു.
പക്ഷെ ആരും തന്നെ വിശ്വസിക്കുന്നില്ല എന്ന് ആ പാവത്തിനു മനസ്സിലാവുന്നുണ്ടായിരുന്നു.

പതിയെപ്പതിയെ നാളുകൾ കടന്നുപോകുംതോറും അയാൾ മൗനിയായി മാറിക്കൊണ്ടിരുന്നു. ബുധനാഴ്ചകളിൽ ചന്തയിലേക്കോ, വൈകുന്നേരങ്ങളിൽ വെള്ളിമലയിലെ ഷാപ്പിലേക്കോ അയാൾ പോകാതെയായി.

ഒരു ശനിയാഴ്ച വലിയതോട്ടിൽ ചൂണ്ടയിടാൻ പോയ കുട്ടികളാണ് കണ്ടത്. പൊട്ടൻചിറക്കടുത്തുള്ള കയത്തിൽ ചീരൻ പത്രോസ് പൊന്തിക്കിടക്കുന്നു.

കുന്നിൻമുകളിലെ ഇംഗ്ലീഷ് പള്ളിയിലെ തെമ്മാടിക്കുഴിയിൽ ഇഞ്ചമുള്ളിൻപടർപ്പിനടിയിൽ ശിലാഫലകങ്ങളില്ലാതെ ചീരൻ പത്രോസ് വിശ്രമിക്കുന്നു.

അയാൾക്കായി ആരും സ്മരണികകളിറക്കിയില്ല. ഇത് ചീരൻ പത്രോസിന്റെ നിഷ്കളങ്കതയുടെ ഓർമ്മയ്ക്കായി.