Business India

എട്ടു മാസത്തിനിടെ പിഴയിനത്തില്‍ കിട്ടിയത് 1771 കോടി രൂപ

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‍ബിഐ എട്ടു മാസത്തിനിടെ പിഴയിനത്തില്‍ ഇടപാടുകാരില്‍ നിന്ന് പിരിച്ചെടുത്തത് 1771 കോടി രൂപ. മിനിമം ബാലന്‍സില്ലാത്ത അക്കൌണ്ട് ഉടമകളില്‍ നിന്ന് ഈടാക്കിയ പിഴയാണ് ഇത്രയും വലിയ ഭീമന്‍ തുക.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലെ പിഴ തുകയാണിത്. ധനകാര്യ മന്ത്രാലയത്തിന്‍റെ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എസ്ബിഐയുടെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള കാലയളവിലെ മൊത്ത ലാഭമായ 1581 കോടി രൂപയേക്കാള്‍ അധികമാണ് പിഴയായി ഈടാക്കിയ വരുമാനം. ഏപ്രില്‍ – സെപ്തംബര്‍ കാലയളവിലെ മൊത്ത ലാഭമായ 3586 കോടി രൂപയുടെ പകുതിയോളം വരും പിഴത്തുക. 97.34 കോടി രൂപ പിഴ ഇനത്തിൽ നേടിയ പഞ്ചാബ് ബാങ്കാണ് രണ്ടാം സ്ഥാനത്ത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ മിനിമം ബാലന്‍സുമായി ബന്ധപ്പെട്ട് എസ്‍ബിഐ ലെവി പിരിച്ചിരുന്നില്ല. രാജ്യത്ത് മൊത്തം 42 കോടി സേവിങ്സ് അക്കൌണ്ടുകളാണ് എസ്‍ബിഐക്കുള്ളത്.