Auto

സമ്ബൂര്‍ണ ചന്ദ്രഗ്രഹണത്തിന് പിന്നാലെ എത്തുന്നത് സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണമാണ് അടുത്തിടെ കടന്നുപോയത്. സൂര്യനും ഭൂമിയും ചന്ദ്രനും നേര്‍രേഖയില്‍ വരുന്ന രക്തചന്ദ്രന്‍ പ്രതിഭാസത്തിന് പിന്നാലെ ലോകം സൂര്യഗ്രഹണത്തിനും സാക്ഷിയാകാന്‍ പോവുകയാണ്. ഓഗസ്റ്റ് 11-നാണ് ഭാഗീക സൂര്യഗ്രഹണം വരിക. കിഴക്കനേഷ്യയിലും വടക്കന്‍ യൂറോപ്പിലും സൂര്യഗ്രഹണം ദൃശ്യമാകുമെന്നും പ്രതീക്ഷിക്കുന്നു. മൂന്നരമണിക്കൂറോളമായിരുക്കും ഗ്രഹണത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള ദൈര്‍ഘ്യമെന്നും ശാസ്ത്രലോകം പറയുന്നു.
സൂര്യനും ചന്ദ്രനും മധ്യേ ഭൂമി വരുന്നതോടെയാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രനിലേക്കുള്ള സൂര്യപ്രകാശത്തെ ഭൂമിയുടെ നിഴല്‍ മറയ്ക്കുകയാണ് ചെയ്യുന്നത്. സൂര്യഗ്രഹണത്തില്‍ ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരും. പൂര്‍ണ സൂര്യഗ്രഹണം നടക്കുമ്ബോള്‍ ചന്ദ്രന്‍ സൂര്യന്റെ കാഴ്ചയെ പൂര്‍ണമായി മറയ്ക്കും. ശനിയാഴ്ചത്തേതുപോലുള്ള ഭാഗീക സൂര്യഗ്രഹണത്തില്‍ സൂര്യന്റെ ഒരുഭാഗം മാത്രമാകും മറയുക.

ഓരോവര്‍ഷവും രണ്ടുതവണയെങ്കിലും ചന്ദ്രഗ്രഹണമുണ്ടാകാറുണ്ട്. അതുചിലപ്പോള്‍ അഞ്ചുതവണവരെയാകാം. 2019 ജനുവരി 21-നാണ് അടുത്ത ചന്ദ്രഗ്രഹണം. ഭാഗീകമായ ഗ്രഹണമാണ് പ്രതീക്ഷിക്കുന്നത്. 2019 ജൂലൈ 16-ന് മറ്റൊരു ഭാഗീക ചന്ദ്ര ഗ്രഹണവും ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. സമ്ബൂര്‍ണ ചന്ദ്രഗ്രഹണം 2021-നാകും ഇനിയുണ്ടാവുകയെന്നും കരുതുന്നു. ചന്ദ്‌ഗ്രഹണം പോലെ ഇടയ്ക്കിടെ സൂര്യഗ്രഹണം ആവര്‍ത്തിക്കാറില്ല.

ഗ്രഹണം സംഭവിക്കുന്നത് സംബന്ധിച്ച ശാസ്ത്രലോകത്തെന്നതുപോലെ ജ്യോതിഷരംഗത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അഞ്ച് ഡിഗ്രിയുടെ വ്യത്യാസമുള്ള രാശികളിലൂടെയാണ് സൂര്യപഥവും ചന്ദ്രപഥവുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. സൂര്യപഥവും ചന്ദ്രപഥവും കൂട്ടിമുട്ടുന്ന രണ്ട് ബിന്ദുക്കളാണ് രാഹുവും കേതുവുമെന്നും ജ്യോതിഷികള്‍ പരയുന്നു. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തി ഗ്രഹണം സംഭവിക്കുന്നത് രാഹു കേതുക്കളില്‍മാത്രമാണ്.

രാഹുവും കേതുവും ദോഷകാരന്മാരാണെന്നാണ് ജ്യോതിഷികളുടെ വിശ്വാസം. സാങ്കല്‍പികങ്ങളായ ഗ്രഹങ്ങളാണ് ഇവയെങ്കിലും സൂക്ഷിക്കണമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഗ്രഹണമുണ്ടായാല്‍ അതിനുമുമ്ബും ശേഷവുമുള്ള മൂന്ന് ദിവസങ്ങള്‍ വീതം ശുഭകര്‍മ്മങ്ങള്‍ക്കായി എടുക്കരുതെന്ന് ജ്യോതിഷവിധിയുണ്ട്. ഗ്രഹണകാലത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്. ചെറിയ കുട്ടികള്‍ പ്രത്യേകിച്ച്‌ പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരെ പുറത്തിറക്കുകയേ ചെയ്യരുത്. ഈ സമയത്ത് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച്‌ തുറസ്സായ സ്ഥലങ്ങളിലെ ഭക്ഷണം ഒഴിവാക്കുകതന്നെ ചെയ്യണം.

ഗ്രഹണത്തിനുമുമ്ബ് പൂജാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വിഷം ഏല്‍ക്കാതിരിക്കാന്‍ വിഗ്രഹത്തെ മൂടിക്കെട്ടിയശേഷം ക്ഷേത്രങ്ങള്‍ അടച്ചിടും. ഗ്രഹണം കഴിഞ്ഞാല്‍ തുണിമാറ്റി, അഭിഷേകം ചെയ്ത്, ക്ഷേത്രത്തില്‍ പുണ്യാഹം തളിക്കും. മഹാക്ഷേത്രങ്ങള്‍ ഗ്രഹണസമയം കഴിഞ്ഞ്, അഭിഷേകം ചെയ്ത് പുണ്യാഹം തളിച്ച്‌ പൂജകള്‍ ചെയ്യാറുമുണ്ട് (ക്ഷേത്രാചാരം അനുസരിച്ച്‌). ഈ ഗ്രഹണം അര്‍ദ്ധരാത്രിയില്‍ ആകയാല്‍ ക്ഷേത്രം പ്രത്യേകമായി അടച്ചിടേണ്ടതില്ല.