Auto India kerala Pravasi Switzerland World

റോഡപകടങ്ങളും പരിഹാരമാർഗ്ഗങ്ങളും. ഹലോ ഫ്രണ്ട്‌സ്‌ ഗ്രൂപ് ചർച്ച – ജെയിംസ് തെക്കേമുറി

സംസ്ഥാനത്ത് റോഡപകടങ്ങളിൽ അനുദിനം പൊലിയുന്നത് നിരവധി ജീവനുകളാണ്. കലാ ലോകത്തിനും അപകടങ്ങളിൽ പ്രതിഭകളെ നഷ്‌ടമായി. മോനിഷയും കലാമണ്ഡലം ഹൈദരാലിയും ഇപ്പോൾ ബാലഭാസ്‌കറും ഈ ലോകത്തോട് യാത്ര പറഞ്ഞത് നിനച്ചിരിക്കാത്ത നേരത്ത് വന്ന അപകടങ്ങളിലൂടെയാണ്. ജീവിക്കുന്ന രക്‌തസാക്ഷിയായി ഇപ്പോഴും പോരാട്ടം തുടരുന്ന ജഗതി ശ്രീകുമാറും കലാപ്രേമികൾക്ക് വേദനയാണ്. റോഡ് അപകടങ്ങളെക്കുറിച്ചും രാത്രി ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും  സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ കൂട്ടായ്‌മയായ ഹലോ ഫ്രണ്ട്‌ സ്‌ അംഗങ്ങൾ റോഡ്‌ അപകടങ്ങളെ കുറിച്ചും അതിന്റെ പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും.  ഒരു തുറന്ന ചർച്ച ഗ്രൂപ്പിലൂടെ സംഘടിപ്പിക്കുകയുണ്ടായി.
 
റോഡിൽ ജീവൻ പൊലിഞ്ഞ ബാലഭാസ്കറും. അദേഹത്തിന്റെ മോളും. ഒക്കെ ഞങ്ങളുടെ ചിന്തകൾക്ക്‌ വിഷയമായി മാറിയപ്പോൾ കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ കാരണങ്ങളെ കുറിച്ചും അതിനുള്ള പരിഹാര മാർഗ്ഗങ്ങളെ കുറിച്ചും ചർച്ച ചെയ്യാതിരിക്കുവാൻ ഹലോ ഫ്രണ്ട്‌ സ്‌ സോഷ്യൽ മീഡിയാ ഗ്രൂപ്പിനു കഴിഞ്ഞില്ല. കാല വേഗത്തെ പോലും പിന്നിലാക്കി ആധുനിക മനുഷ്യൻ അതി വേഗം കുതിച്ചു കൊണ്ടിരിക്കുകയാണ്. കാളവണ്ടി യുഗത്തിൽ നിന്നും കുതിച്ചുയർന്ന് ശബ്ദത്തെക്കാൾ വേഗതയുള്ള ജെറ്റ്‌ വിമാനത്തിൽ ജൈത്ര യാത്ര നടത്തുന്ന മനുഷ്യന്റെ ഈ പരക്കം പാച്ചിലിൽ തിരക്കുപിടിച്ച വഴിയോരങ്ങളിൽ തകർന്ന് തരിപ്പണമാകുന്ന വാഹനങ്ങളിൽ നിന്നും ചിതറി തെറിക്കുന്ന ശരീര ഭാഗങ്ങളുടെയും കട്ട പിടിച്ച ചുടു ചോരയുടെയും  കരളലിയിപ്പിക്കുന്ന കഥകൾ കേട്ടാണ് മലയാളിയുടെ ഒരോ സുപ്രഭാതങ്ങളും പൊട്ടി വിടരുന്നത്‌.     അപകടങ്ങളിൽ അച്‌ ഛനെ നഷ്ടപ്പെട്ട മക്കളുടെ , ഭർത്താക്കന്മാരെ നഷ്ടപ്പെട്ട ഭാര്യമാരുടെ അടക്കിപ്പിടിച്ച തേങ്ങലുകളും , നൊമ്പരങ്ങളും അപശ്രുതി കലർത്തുന്ന ഈ ആധുനിക കാലഘട്ടത്തിൽ അപകടങ്ങളുടെ അടി വേരുകൾ തേടിയുള്ള യാത്ര അവസരോചിതമാണ് എന്നതിൽ രണ്ട്‌ പക്ഷ മില്ല.                                     
 
കേരളത്തിൽ നടക്കുന്ന റോഡപകടങ്ങളിൽ അൻപതു ശതമാനത്തിലും വില്ലന്റെ വേഷത്തിലെത്തുന്നത്‌. മധു ചഷുകങ്ങളിൽ നുരഞ്ഞു പൊന്തുന്ന മദ്യമാണ്. മദ്യത്തിന്റെ ലഹരിയിൽ സുബോധം നഷ്ടപ്പെട്ട്‌ വാഹനങ്ങളുമായി തിരക്കു പിടിച്ച റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അനേകം ആളുകളുടെ വാഹനങ്ങൾക്കും , ജീവനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന നരാധമൻ മാർ പലപ്പോഴും അധികാരത്തിന്റെ പിൻ വാതിലിലൂടെ നിയമത്തിന്റെ പഴുതുകൾ മുതലാക്കി രക്ഷപെടുന്ന ചരിത്രമാണ് ഉള്ളത്‌. മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവരെ കണ്ട്‌ പിടിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥരെ അംഗീകരിക്കാനും , പ്രോൽസാഹിപ്പിക്കാനും തയ്യാറാവണം.  മദ്യ പരിശോധനയ്ക്ക്‌ അത്യാധുനിക സംവിധാനങ്ങൾ എർപ്പെടുത്തുകയും , വനിതാ സ്ക്വാഡിനെ നിയോഗിക്കുകയും ചെയ്യുന്നത്‌ പരിശോധന ഫലപ്രദമാക്കാൻ ഉപകരിക്കും. ഇതിലെല്ലാം ഉപരി നിയമ നിർമ്മാണത്തിലൂടെ ശിക്ഷ പരമാവധി ഉയർത്തുവാനും കഴിയണം.                                               
 
കുഴികളും , വളവുകളും നിറഞ്ഞ അശാസ്ത്രീയമായി നിർമ്മിക്കപ്പെട്ടിരിക്കുന്ന റോഡുകളാണ് അപകടങ്ങളുടെ മറ്റൊരു കാരണം.  വാഹന ഉടമകളിൽ നിന്ന് കൃത്യമായി നികുതി വാങ്ങുകയും ആ പണം ഉപയോഗിച്ച്‌ റോഡുകൾ നന്നാക്കാതിരിക്കുകയും ചെയ്യുന്ന സർക്കാരിന്റെ കെടു കാര്യസ്ഥതയാണ് ഇതിന്റെ എറ്റവും വലിയ ശാപം.  പലപ്പോഴും കോടതികളുടെ രുക്ഷമായ വിമർശനങ്ങൾ ഇക്കാര്യത്തിൽ എറ്റു വാങ്ങേണ്ടി വരുമ്പോഴും.  ഉദ്യോഗസ്ഥരും , കരാറുകാരും, അധികാര വർഗ്ഗവും ചേർന്നൊരുക്കുന്ന അവിശുദ്ധ കൂട്ടുകെട്ടും അതിന്റെ സന്തതികളായി ജനിക്കുന്ന റോഡപകടങ്ങളും നിർബാധം തുടരുന്നു.  പൊട്ടി പൊളിഞ്ഞ റോഡുകളിലേക്ക്‌ കോടതിയുടെ ശ്രദ്ധ ക്ഷണിക്കുവാനും , ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുവാനും , വോട്ടവകാശം എന്ന വജ്രായുധം വിവേചനാധികാരത്തോടെ വിനിയോഗിക്കുവാനും ജനങ്ങൾ തയ്യാറായാൽ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകും എന്ന കാര്യത്തിൽ സംശയമില്ല.                   
 
ദിനം തോറും ആയിരക്കണക്കിന് വാഹനങ്ങൾ പുതുതായി നിരത്തിലിറങ്ങുന്ന നമ്മുടെ നാട്ടിൽ അതിനാനുപാതികമായി റോഡുകൾ വികസിക്കാതിരിക്കുകയും അതിന്റെ ഫലമായി മണിക്കൂറുകൾ നീളുന്ന ട്രാഫിക്‌ ജാമുകളിൽ പെട്ട്‌ യാത്ര യാതന നിറഞ്ഞതും അപകട പൂർണ്ണവുമാകുന്ന ദുരവസ്ഥയാകുന്നതാണ് ഇതിന്റെ പ്രശ്നം. ആവുന്നത്ര ബൈപാസുകൾ നിർമ്മിച്ച്‌ വാഹനങ്ങൾ തരം തിരിച്ച്‌ വിടുകയ്യും , വൺ വേ സംവിധാനം എർപ്പെടുത്തുകയും വേണം.  ടിപ്പറുകളുടെ മരണപ്പാച്ചിൽ ക്രിയാത്മകമായി നിയന്ത്രിക്കുവാനും ,ചരക്കു ലോറികൾ തിരക്ക്‌ കുറഞ്ഞ റോഡിലൂടെ തിരക്ക്‌ കുറഞ്ഞ സമയത്ത്‌ തിരിച്ച്‌ വിടാനും കഴിയണം.  ഇതിനു വേണ്ടത്‌ കോടതി വിധികൾ മുഖം നോക്കാതെ നടപ്പിലാക്കാനുള്ള ആർജ്ജവത്വമാണ്.                              
 
റോഡിലിറങ്ങി വാഹനം ഓടിക്കുന്നതിന് പ്രായ പരിധി നിശ്ചയിക്കാനും , ലൈസൻസ്‌ കൊടുക്കുന്നതിന് മുമ്പ്‌ വൈദ്യ പരിശോധന നടത്താനും തയ്യാറാവണം.  ഹെവി ലൈസൻസ്‌ കൊടുക്കുന്നതിന് ചുരുങ്ങിയത്‌ പതിനഞ്ച് വർഷത്തെ ഡ്രൈവിംഗ്‌ പരിശീലനമെങ്കിലും വേണമെന്ന വാദം നിർബന്ധമാക്കുകയും ബസ്സുകളുടെ സമയം പുന ക്രമീകരിക്കുകയും ചെയ്താൽ സൂപ്പർ ഫാസ്റ്റുകളും , ലിമിറ്റഡ്‌ സ്റ്റോപ്പ്‌ ബസുകളും സൃഷ്ടിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ കഴിയും.       സമീപകാലത്ത്‌ ഉണ്ടായിട്ടുള്ള റോഡപകടങ്ങളുടെ പ്രധാന കാരണമായ മൊബൈൽ ഫോണിന്റെ ദുരുപയോഗം നിയന്ത്രണ വിധേയമാക്കണം. ചെവിയിൽ ഹെഡ്‌ ഫോൺ തിരുകി തിരക്കു പിടിച്ച റോഡിലൂടെ വാഹനം ഓടിക്കുന്നവരെ നിയമം മൂലം നിയന്ത്രിക്കാൻ കഴിയണം.     നിയമങ്ങൾ ഇല്ലാത്തതല്ല. അത്‌ നടപ്പിലാക്കാത്തതാണ് ഇന്നിന്റെ പ്രശ്നം.  ബസ്‌ കൊക്കയിലേക്ക്‌ മറിയുമ്പോൾ ഓടി വന്ന് വേലി കെട്ടുകയും , വാഹന ദുരന്തം ഉണ്ടാകുമ്പോൾ നാലു ദിവസത്തേക്ക്‌ വാഹന പരിശോധന കർശനമാക്കിയിട്ട്‌ കാര്യമില്ല. നിയമം കർശനമായി നടപ്പിലാക്കണം എന്നും എപ്പോഴും.   ഇക്കാര്യത്തിൽ അമ്മേരിക്കയും ,യൂറോപ്പും , ഗൾഫ്‌ നാടുകളും നമ്മുക്ക്‌ മാതൃകയാക്കണം.                               
 
നിയമങ്ങൾ കർശനമാക്കി കൊണ്ടും , റോഡുകൾ സംരക്ഷിക്കുന്നത്‌ ഉത്തരവാദിത്വമായി എറ്റെടുക്കുവാനും ഗവൺ മെന്റും തയ്യാറാവണം.  ഒപ്പം തന്റെ സഹ ജീവികളുടെ സ്വത്തും , ജീവനും സംരക്ഷിക്കേണ്ടത്‌ തന്റെ കടമയാണെന്നും ഒരോ വ്യക്തിയും തിരിച്ചറിയുകയും അങ്ങനെ റോഡപകടങ്ങളുടെ ദുരന്ത മില്ലാത്ത. , എല്ലാവരും സ്വതന്ത്രമായി സഞ്ചരിക്കുന്ന നന്മ നിറഞ്ഞ നാടിനായി നമ്മുക്ക്‌ കൈ കോർക്കാം.