Religious Switzerland World

ഇനിയും മരിക്കാത്ത സഭയേ, നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി-ഫാ. ജോഷി മയ്യാറ്റിൽ

 

 

സിറോ മലബാർ സഭക്കാവശ്യം ചരമഗീതമോ ഉണർത്തുപാട്ടൊ?

“”സഭയ്ക്കകത്തും പുറത്തും ആര്‍ക്കും എന്തും ആകാം എന്ന കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങള്‍ നീങ്ങിക്കഴിഞ്ഞു ………………. പ്രവാചകന്മാരെന്ന് സ്വയം കരുതി വെറും വിപ്ലവകാരികളായി ചുരുങ്ങിപ്പോകുന്ന അതൃപ്തരുടെ ലോകം വിസ്തൃതമാകുന്നതിന്റെ പൂര്‍ണഉത്തരവാദിത്വം മെത്രാന്മാരുടേതാണ്””.

സിറോ മലബാർ സഭയിലെ നാണം കെട്ട വിമത പ്രവർത്തനങ്ങളെയും സിനഡ് മെത്രാന്മാരുടെ കുറ്റകരമായ നിഷ്ക്രിയത്വത്തെയും രൂക്ഷമായി വിമര്ശിച്ചുകൊണ്ട് POC യിലെ ഫാ. ജോഷി മയ്യാറ്റിൽ എഴുതുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു.

#######################

* അപ്പസ്‌തോലന്മാര്‍ ഉറങ്ങുന്ന സഭ *

അപ്പസ്‌തോലന്‍ ഉറങ്ങുമ്പോള്‍ സഭയുടെ അവസ്ഥ എന്തായിരിക്കും എന്നു കാണാന്‍ ഇന്നു കേരളത്തിലേക്ക് ഒന്നു നോക്കിയാല്‍ മതി!

അപ്പസ്‌തോലനോളം തിരുസഭയുടെ ഉത്തരവാദിത്വം പേറുന്ന മറ്റൊരാള്‍ ക്രിസ്തുശിഷ്യരിലില്ല. ”നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍” എന്ന് യേശു ഔദ്യോഗികമായി കല്പിച്ചയച്ചത് അപ്പസ്‌തോലന്മാരെയാണ്. കത്തോലിക്കാസഭയില്‍ മെത്രാന്മാരുടെ സ്ഥാനം അനന്യമാണ്. സഭയെ പ്രബോധിപ്പിക്കാനും വിശുദ്ധീകരിക്കാനും നയിക്കാനും പൂര്‍ണചുമതല അവര്‍ക്കുണ്ട്.

സത്യവിശ്വാസപ്രബോധനവും സത്യവിശ്വാസസംരക്ഷണവുമാണ് അപ്പസ്‌തോലന്റെ മുഖ്യഉത്തരവാദിത്വമെന്നിരിക്കെ, നൂതനങ്ങളായ അബദ്ധപ്രബോധനങ്ങളും ആശയങ്ങളും വിശ്വാസികളെ ദിനംപ്രതി സ്വാധീനിക്കുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കാന്‍ അപ്പസ്‌തോലനു കഴിയുമോ? പുതിയ പ്രബോധനങ്ങള്‍ക്കായുള്ള ധ്യാനഗുരുക്കന്മാരുടെ പരക്കംപാച്ചിലില്‍ അവര്‍ക്കു സംഭവിക്കുന്ന വിശ്വാസപരമായ അക്ഷരപ്പിശകുകള്‍ അപ്പപ്പോള്‍ തിരുത്താന്‍ അപ്പസ്‌തോലനുമാത്രമാണ് സാധിക്കുന്നത്. ആ തിരുത്തലുകള്‍ സ്വീകരിക്കാന്‍ എളിമയും വിശ്വാസതീക്ഷ്ണതയുമുള്ളവരായ ധ്യാനഗുരുക്കന്മാര്‍ക്ക് സന്തോഷമേ ഉണ്ടാകൂ. വചനപ്രഘോഷകരില്‍നിന്നും ധ്യാനകേന്ദ്രങ്ങളില്‍നിന്നുമല്ലേ പിശാചുഭയവും സംസ്‌കാരഭയവും അന്യമതഭയവും പൂര്‍വപിതാക്കന്മാരുടെ പാപങ്ങളെക്കുറിച്ചുള്ള ഭയവും ലോകാവസാനഭയവും കത്തോലിക്കര്‍ക്കിടയില്‍ പടര്‍ന്നുകയറിക്കൊണ്ടിരിക്കുന്നത്? ദൈവശാസ്ത്രജ്ഞരില്‍നിന്നും സഭയുടെ ജാഗ്രതാസമിതിയില്‍നിന്നും ലഭിക്കുന്ന വ്യക്തവും വിശദവുമായ സൂചനകള്‍ പരിഗണിച്ച് വേണ്ടസമയത്ത് വിശ്വാസപ്രബോധനമേഖലകളില്‍ ഇടപെടേണ്ട സഭയുടെ പ്രബോധനാധികാരത്തിന് ഈ സുപ്രധാനമായ ഉത്തരവാദിത്വത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടാകുന്നതു സങ്കടകരമാണ്.

ആര്‍ക്കും ഇവിടെ വിശ്വാസസംബന്ധിയായി എന്തും പ്രസംഗിക്കാമെന്നും പ്രസിദ്ധീകരിക്കാമെന്നുമുള്ള സ്ഥിതിയാണ് ഇപ്പോഴുള്ളത്. ‘ഇംപ്രിമാത്തൂര്‍’, ‘നിഹില്‍ ഒബ്‌സ്താത്’ എന്നൊക്കെയുള്ള ഏര്‍പ്പാടുകള്‍ കേട്ടുകേള്‍വിപോലും ഇല്ലാതായിരിക്കുന്നു. ഇതിനൊക്കെ ആര്‍ക്കു നേരം എന്ന മനോഭാവം സത്യവിശ്വാസപ്രബോധനദൗത്യത്തെ നിസ്സാരവത്കരിക്കുന്നതിന്റെ ലക്ഷണമാണ്. അത്യാവശ്യമായവയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ അപ്രധാനമായ തിരക്കുകള്‍ ഒഴിവാക്കിയ ആദിമസഭയിലെ അപ്പസ്‌തോലന്മാര്‍ക്കുണ്ടായിരുന്നതുപോലെ, പിതാക്കന്മാരെ സഹായിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

സഭയുടെ കെട്ടുറപ്പും ഐക്യവും അപ്പസ്‌തോലന്മാരാകുന്ന അടിത്തറയെ കാര്യമായി ആശ്രയിച്ചിരിക്കുന്നു. അജഗണത്തിന്റെ കൂട്ടായ്മ ഉറപ്പിേക്കണ്ടവനാണ് ഇടയന്‍. അതിന് ദൈവാത്മാവിന്റെ സഹായം അപ്പസ്‌തോലനുണ്ട്; ദൈവജനത്തിന്റെ പ്രാര്‍ത്ഥനയും പിന്തുണയും സഹകരണവും കൂടെയുണ്ട്. ഒപ്പം, സഭയ്ക്കകത്ത് പര്യാപ്തമായ സംവിധാനങ്ങളുമുണ്ട്. സഭാജീവിതത്തിന്റെ ഭരണഘടനയാണ് കാനന്‍നിയമം. വിശുദ്ധഗ്രന്ഥവും പാരമ്പര്യവും സഭയുടെ അനുഭവങ്ങളും ആധാരമാക്കി കാലാനുസൃതം വിവേകപൂര്‍വം പരിഷ്‌കരിക്കപ്പെട്ട് രൂപംകൊണ്ടതും ഫലപ്രദമാംവിധം സഭയില്‍ നടപ്പിലാക്കാവുന്നതുമായ കാനന്‍നിയമം, വിവാഹം അസാധുവായി പ്രഖ്യാപിക്കുന്നതിനുവേണ്ടി മാത്രമുള്ള ഒരു പുസ്തകമായി നാം തെറ്റിദ്ധരിച്ചിരിക്കുന്നോ? അരാജകത്വം ഉണ്ടാകാതിരിക്കണമെങ്കില്‍ സഭയുടെ നിയമസംവിധാനങ്ങളും ഭരണസംവിധാനങ്ങളും ജാഗ്രത പുലര്‍ത്തിയേ തീരൂ. കൃത്യസമയത്ത് വ്യക്തവും പര്യാപ്തവുമായ നടപടികള്‍ ഉണ്ടായേ തീരൂ.

സഭയ്ക്കകത്തും പുറത്തും ആര്‍ക്കും എന്തും ആകാം എന്ന കുത്തഴിഞ്ഞ അവസ്ഥയിലേക്ക് ഇന്ന് കാര്യങ്ങള്‍ നീങ്ങിക്കഴിഞ്ഞു. പൊതുജനമധ്യേ സഭയെ അവഹേളിക്കുന്ന പ്രത്യക്ഷസമരപരിപാടികളിലേക്കും മാധ്യമചര്‍ച്ചകളിലേക്കും പ്രസ്താവനകളിലേക്കും പ്രസിദ്ധീകരണങ്ങളിലേക്കും നിര്‍ബാധം പ്രവേശിക്കുന്ന വൈദികര്‍ക്കും സന്ന്യസ്തര്‍ക്കും അല്മായര്‍ക്കും ഒരു കടിഞ്ഞാണുമില്ലെന്ന് പൊതുജനത്തിനു വ്യക്തമായിക്കഴിഞ്ഞു. ഉന്നതസ്ഥാനങ്ങളിലുള്ളവരുടെ സുതാര്യതയും സ്വീകാര്യതയും അടിസ്ഥാനപ്രശ്‌നമായി ഉന്നയിക്കപ്പെട്ടു തുടങ്ങിയ സമരങ്ങള്‍ ഇന്ന് സഭയും സത്യവും തമ്മിലോ സഭയും ധാര്‍മികതയും തമ്മിലോ സഭയും ക്രിസ്തുവും തമ്മിലോ ഒരു ബന്ധവുമില്ല എന്ന് പരസ്യമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്ന രീതികളിലേക്കു മാറിക്കഴിഞ്ഞു. ”ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങളോടുകൂടെയുണ്ട്. ആരുണ്ട് ഞങ്ങള്‍ക്കു യജമാനനായി?” എന്ന് മാധ്യമക്കരുത്തിന്റെ ഹുങ്കോടെ വിളിച്ചുപറയുന്ന സങ്കീത്തനക്കഥാപാത്രങ്ങളുടെ (സങ്കീ 12,4) എണ്ണം സഭയില്‍ പെരുകിവരുകയാണ്. പ്രവാചകന്മാരെന്ന് സ്വയം കരുതി വെറും വിപ്ലവകാരികളായി ചുരുങ്ങിപ്പോകുന്ന അതൃപ്തരുടെ ലോകം വിസ്തൃതമാകുന്നതിന്റെ പൂര്‍ണഉത്തരവാദിത്വം മെത്രാന്മാരുടേതാണ്.

ക്രിസ്തുവിനുവേണ്ടിയും സഭയ്ക്കുവേണ്ടിയും നിലകൊള്ളുക എന്നാല്‍ സത്യത്തിനുവേണ്ടി ധീരമായി നിലപാടെടുക്കുക എന്നുതന്നെയാണ് അര്‍ത്ഥം. സഭയില്‍ നടക്കുന്ന കാര്യങ്ങളില്‍ കൃത്യമായ വിവേചനാശക്തി ഉപയോഗിക്കേണ്ടത് സത്യത്തിന്റെ വരം (charism of truth) ലഭിച്ചിട്ടുള്ളവരായ മെത്രാന്മാരല്ലാതെ ആര്? അതില്‍ ഉണ്ടാകാനിടയുള്ള ക്ലേശങ്ങളും എതിര്‍പ്പുകളും ധീരതയോടെ ഏറ്റെടുക്കുന്നതല്ലേ ഇന്നിന്റെ രക്തസാക്ഷിത്വം? ദൈവത്തിന്റെ സവിശേഷമായ തിരഞ്ഞെടുപ്പിനു പാത്രീഭൂതരായ ആധുനിക അപ്പസ്‌തോലന്മാര്‍ തങ്ങള്‍ ചുറ്റിയിരിക്കുന്ന ചുവപ്പുപട്ടയുടെയും ധരിച്ചിരിക്കുന്ന മുടിയുടെയും വടിയുടെയും അര്‍ത്ഥം മറക്കരുതെന്ന് ദൈവജനം വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഏതാനുംപേരുടെ കോലാഹലങ്ങള്‍ കണ്ട് പിതാക്കന്മാര്‍ അസ്തപ്രജ്ഞരാകരുത്. പൊതുവേ നിശ്ശബ്ദരെങ്കിലും നെല്ലും പതിരും തിരിച്ചറിയാന്‍ പ്രാപ്തിയുള്ളവരായ അനേകലക്ഷം വിശ്വാസികള്‍ നിങ്ങളെ പിതൃതുല്യരായിക്കണ്ട് സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.

വാല്ക്കഷണം: കൃത്യം പത്തു വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളസഭയിലുണ്ടായ ഒരു വിശ്വാസപ്രതിസന്ധിയുടെ സമയത്ത് പുണ്യസ്മരണാര്‍ഹനായ ഒരു സഭാധ്യക്ഷന്‍, കാര്യങ്ങള്‍ നന്നായി പഠിച്ച് വ്യക്തതയോടും സമയബന്ധിതമായും എടുത്ത തീരുമാനമാണ് ഒരു വിശ്വാസീസമൂഹത്തെ ചിതറാതെ കാത്തുസൂക്ഷിച്ചത് എന്ന അനുഭവസാക്ഷ്യം ഇവിടെ ചേര്‍ക്കുന്നു.