Austria Europe Germany Italy Pravasi Social Media Switzerland

രോഗശാന്തിയും മതങ്ങളും മനഃശാസ്ത്രവും -ജോസ് വള്ളാടിയിൽ

സ്വിറ്റസർലണ്ടിലെ റൈറ് തിങ്കേഴ്‌സിന്റെ  അഭ്യർത്ഥന മാനിച്ചുകൊണ്ടുള്ള പുനഃ പ്രസിദ്ധികരണം 
ഓരോ മതവിശ്വാസിയും തന്റെ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും തനിക്ക് ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങൾ പരസ്യമായി പറയുന്നത് മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന കെ. കരുണാകരൻ തന്റെ ഉയർച്ചക്ക് പിന്നിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം കണ്ടിരുന്നു. തന്റെ 60 -)൦ പിറന്നാൾ മുതൽ യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത് കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിലെ ചടങ്ങുകളിലൂടെയാണ്. ഗുരുവായൂരപ്പനെ തൊഴുകയെന്നത് ഇന്നും അദ്ദേഹത്തിന് ഒരു സ്വപ്നമായി തുടരുന്നു. ദിലീപ്കുമാർ എന്ന ചെറുപ്പക്കാരൻ പ്രതിസന്ധികളെ അതിജീവിച്ചത് കരിമുള്ള ഖ്വാദ്രി സാഹിബ് എന്ന സൂഫി പുരോഹിതന്റെ സാമിപ്യത്തിലൂടെയും പ്രബോധനങ്ങളിലൂടെയുമാണ്. തകർച്ചയുടെ പടുകുഴിയിൽ നിന്നും അത്ഭുതകരമായി ദിലീപ്കുമാർ രക്ഷപെട്ടപ്പോൾ A R റഹ്‌മാനെന്ന സംഗീത മാന്ത്രികനെ ഭാരതത്തിന് ലഭിച്ചു. സത്യസായിബാബയുടെ പ്രത്യേക അനുഗ്രഹം മൂലം ജനിച്ച കുട്ടിയാണ് മലയാളത്തിന്റെ മലർ എന്ന സായ് പല്ലവി. ശബരിമല ശാസ്താവിന്റെ അനുഗ്രഹം തേടി ഓരോ വർഷവും എത്തുന്നത് ലക്ഷക്കണക്കിന് ഭക്തരാണ്. ഇതിൽ വ്യവസായ കലാ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുണ്ട്. മലയാറ്റൂർ മല കയറുന്നവരും ഇതര പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നവരുമായ ക്രൈസ്തവരുടെ എണ്ണവും നാൾക്കുനാൾ വർദ്ധിക്കുന്നു. ഓരോ മതവിശ്വാസിയും തങ്ങളുടെ ഇഷ്ട ദൈവത്തിന്റെ കൃപാകടാക്ഷത്തിൽ ആശ്രയിക്കുകയും വിശ്വസിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നു.

വ്യത്യസ്ത മതങ്ങളുടെ ആരാധനാലയങ്ങളിൽ പോകുന്ന ഈ വിശ്വാസികൾക്ക് സമാധാനവും സൗഖ്യവും സന്തോഷവും ലഭിക്കുന്നതായി കാണുന്നു. അപ്പോൾ അവിടെയെല്ലാം ദൈവസാന്നിധ്യം ഉണ്ടായിരിക്കണമല്ലോ. എങ്കിൽ ദൈവങ്ങൾ എത്ര പേരുണ്ടാകും? അതോ ഒരു ദൈവമാണോ പല പേരിൽ ഈ ആരാധനാലയങ്ങളിൽ കുടികൊള്ളുന്നത്? ഈ സന്തോഷത്തിനും സമാധാനത്തിനും മറ്റെന്തെങ്കിലും

കാരണങ്ങളുണ്ടോ? ഒരു ദൈവമാണ് എല്ലാ ആരാധനാലയങ്ങളിലും ഉള്ളതെന്ന് പറഞ്ഞാൽ സാമാന്യ ജനങ്ങൾ സമ്മതിക്കുമെങ്കിലും തീവ്ര വിശ്വാസികളും മതനേതാക്കളും സമ്മതിച്ച് തരില്ല. എന്നാൽ എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ സൗഖ്യദായകമാണ് എന്ന സത്യം നിലനിൽക്കുകയും ചെയ്യുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് കാപ്പിപ്പൊടി അച്ചൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഫാദർ ജോസഫ് പുത്തൻപുരയുടെ ഒരു ധ്യാന പ്രസംഗം നേരിട്ട് കേൾക്കുവാനിടയായി. ധ്യാന ദിവസങ്ങളിൽ രോഗശാന്തി ഉണ്ടാകുന്നതിൻറെ പിന്നിലെ കാരണം ബീറ്റാ, ആൽഫാ, തീറ്റ, ഡെൽറ്റ (Beta, Alpha, Theta, Delta) എന്നീ തരംഗങ്ങൾ മനുഷ്യ ശരിരത്തിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ മൂലമാണെന്ന് അച്ചൻ പറയുകയുണ്ടായി. സമയക്കുറവ് ഉണ്ടായിരുന്നതുകൊണ്ട് ലളിതമായൊരു വിശദികരണം മാത്രമാണ് അച്ചൻ ഇത് സംബന്ധമായി നടത്തിയത്. ധാരാളം പഠനങ്ങളും അറിവുകളും സ്വന്തമാക്കിയിട്ടുള്ള പുത്തൻപുര അച്ചന്റെ വാചകങ്ങളാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചതും കാരണമായതും.

എന്താണ് ഈ നാല് തരംഗങ്ങൾ? ഇവ എപ്രകാരം മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നു ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയാൽ അച്ചൻ പറഞ്ഞ രോഗശാന്തിയുടെ കാരണം കൂടുതൽ വ്യക്തമാകും.

മനുഷ്യ ശരീരവും മനുഷ്യ മനസ്സും അസുഖങ്ങളെ സ്വയം സൗഖ്യപ്പെടും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് മനസ്സിനേൽക്കുന്ന മുറിവുകളും മിക്ക ശാരീരികാസുഖങ്ങളും മരുന്നുകൾ കൂടാതെ ദിവസങ്ങൾ കൊണ്ട് ഭേദമാകുന്നത്. 50 ശതമാനം ശാരീരിക രോഗങ്ങളും മനസ്സിൽ നിന്നുമാണ് ഉണ്ടാകുന്നതെന്ന് 1950 കളിൽ ഡോക്ടർമാർ പറഞ്ഞിരുന്നു. എന്നാൽ ഇന്ന് അവർ പറയുന്നത് 90 ശതമാനം രോഗങ്ങളുടെയും ഉറവിടം മനസ്സാണെന്നാണ്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ ബലഹീന ശരീരമുള്ളവരും സന്തോഷമായി ജീവിക്കും. ആരോഗ്യമുള്ള ശരീരവും രോഗാതുരതമായ മനസ്സുമാണെങ്കിൽ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയായിരിക്കും ഫലം.

മനുഷ്യന്റെ സ്വയം നിയന്ത്രണത്തിലല്ലാതെ പ്രവർത്തിക്കുന്ന രണ്ടു പ്രധാനപ്പെട്ട നാഡീവ്യവസ്ഥകൾ (Nervous system) എല്ലാവരിലുമുണ്ട്.

  1. Sympathetic nervous system: മനുഷ്യന് അപകടകരമായ അവസ്ഥ ഉണ്ടാകുമ്പോൾ ഈ നാഡി വ്യവസ്‌ഥ പ്രവർത്തന ക്ഷമമാകുന്നു. ആക്രമിക്കുക അല്ലെങ്കിൽ രക്ഷപ്പെടുക എന്ന് മനുഷ്യനെ പ്രചോദിപ്പിക്കുകയാണിവിടെ.ഈ സമയം ഹൃദയമിടിപ്പും പൾസും വളരെ കൂടുതലായിരിക്കും.
  2. Parasympathetic nervous system: ശാന്തമായ അവസ്ഥയിൽ ശരീരം പരിപൂർണ്ണ വിശ്രമത്തിലേക്ക് നീങ്ങുന്നതിന് ഈ നാഡീവ്യവസ്ഥ മനുഷ്യനിൽ പ്രവർത്തിക്കുന്നു.

അസ്വസ്ഥതയും പ്രതിസന്ധിയും നിറഞ്ഞ മനസ്സുമായി ജീവിക്കുന്നവരിൽ ആദ്യം പ്രതിപാദിച്ച നാഡീവ്യവസ്ഥയാണ് എപ്പോഴും പ്രവർത്തനക്ഷമമാകുന്നത്. ജീവൻ നഷ്ടമാകുന്ന അവസ്ഥയിൽ കാര്യക്ഷമമാകേണ്ട ഈ നാഡീവ്യവസ്ഥയുടെ പ്രവർത്തനം ആധുനിക മനുഷ്യന്റെ അനുദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. വീട്, ബന്ധങ്ങൾ, ജോലി, സമ്പത്ത്, വ്യാപാരം, യാത്ര തുടങ്ങി എല്ലാ മേഖലകളിലും ഇന്ന് ബഹുഭൂരിപക്ഷവും സമ്മർദ്ദങ്ങൾ (stress) അനുഭവിക്കുന്നു. അതുവഴി രക്തസമ്മർദ്ദം മനുഷ്യരിൽ കൂടിക്കൊണ്ടിരിക്കും. കൂടുതൽ സ്റ്റിറോയ്ഡ് ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത് വഴി ശരീരത്തിന്റെ സ്വയം സൗഖ്യ പ്രക്രിയ ഇല്ലാതാവുകയോ തടസ്സപ്പെടുകയോ ചെയ്യും. ശാന്തമായ അവസ്ഥയിൽ കഴിയുന്ന വ്യക്തി പോലും ഒരു ദിവസം 50 തവണയെങ്കിലും സമ്മർദ്ദാവസ്ഥയെ (Stress Situation) അഭിമുഖീകരിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മനുഷ്യന്റെ തലച്ചോറിൽ (Brain) ലക്ഷക്കണക്കിന് ന്യുറോൺ സെല്ലുകൾ ഉണ്ട്. വൈദ്യുതി തരംഗങ്ങളിലൂടെയാണ് ഇവ പരസ്പരം ആശയവിനിമയം നടത്തുന്നത്. EEG (Electro encephelogram) ഉപയോഗിച്ച് ഈ തരംഗങ്ങളെ (Hertz, Hz-one complete cycle per second ) അളക്കാം. മനുഷ്യമനസ്സ് പ്രവർത്തിക്കുന്നത് ഈ തരംഗങ്ങൾ നൽകുന്ന സൂചനകൾക്കനുസരിച്ചാണ്.

Beta, Alpha, Theta, Delta and Gamma Waves

 മനുഷ്യന്റെ തലച്ചോറിൽ (Brain) നിന്നും പുറപ്പെടുന്ന ഈ തരംഗങ്ങൾ EEG ഉപയോഗിച്ച് രേഖപ്പെടുത്തതാവുന്നവയാണ്.ഒരു മനുഷ്യന്റെ മാനസിക നിലയെ സ്വാധിനിക്കുന്നത് ഈ തരംഗങ്ങളാണ്. നമ്മുടെ ചിന്തകളും വിശ്വാസങ്ങളും മാനസിക നിലയുമാണ് നാമെന്ന യാഥാർഥ്യം. ഓരോ വ്യക്തിയിലും ഈ അഞ്ച് തരംഗങ്ങളും പ്രവർത്തിക്കാറുണ്ട്. ഓരോ തരംഗത്തിനുമുള്ള പ്രത്യേക സവിശേഷതകൾ മനുഷ്യന്റെ ബോധമനസ്സിനെ പ്രത്യേക രീതിയിൽ സ്വാധിനിക്കുന്നു.

Beta Waves (14 – 39 Hz)

ഒരു മനുഷ്യന്റെ പൂർണ്ണ ജാഗ്രതാവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ യുക്തി, ശ്രദ്ധ, കാര്യകാരണങ്ങൾ, എന്നിവയെ സ്വാധിനിക്കുന്നത് Beta തരംഗങ്ങളാണ്. ഒരു സാധാരണ ദിവസത്തെ എല്ലാ സാധാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുകൊണ്ട് ഈ തരംഗങ്ങൾ സാഹചര്യങ്ങൾക്കനുസരിച്ച് (stress, Anxiety, Restlessness) കൂടുതൽ പ്രവർത്തനക്ഷമമാകും. ആധുനിക വ്യഗ്രതകളിൽ മുഴുകിയിരിക്കുന്ന വ്യക്തികളിൽ ഈ തരംഗങ്ങളുടെ ഉൽപ്പാദനം കൂടുതലാണ്. സ്ഥിരമായ ഈ അവസ്ഥ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും മനുഷ്യന് സമ്മാനിക്കുന്നു.

Alpha Waves ( 8 – 13 Hz)

 ശരീരവും മനസ്സും ശാന്തമാകുന്ന സമയത്ത് (deep Relaxation) ഈ തരംഗങ്ങൾ തലച്ചോറിൽ നിന്നും പുറപ്പെടാൻ തുടങ്ങും. ധ്യാനനിമിഷങ്ങൾ, പ്രാർത്ഥന എന്നീ തലങ്ങളിലൂടെ മനസ്സ് ശാന്തമായി സൂക്ഷ്മ തലങ്ങളിലേക്ക് വരുമ്പോൾ ആൽഫാ തരംഗങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടും. അതുപോലെ രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ നല്ല ഉറക്കത്തിലേക്ക് (deep sleep) വഴുതുന്ന സമയത്തും രാവിലെ നിദ്രയുടെ കാഠിന്യം കുറഞ്ഞ് ജാഗ്രതാവസ്ഥയിൽ ആകാതിരിക്കുന്ന സമയത്തും ആൽഫ തരംഗങ്ങൾ തലച്ചോറിലുണ്ടാകും. ഈ തരംഗങ്ങളാണ് മനുഷ്യന് ശാരീരികവും മാനസികവുമായ സൗഖ്യം നൽകുന്നത്. മനസിന് ശക്തി, ഏകാഗ്രത, ഓർമ്മ, പഠിക്കാനുള്ള കഴിവ്, ശാന്തത എന്നിവയെല്ലാം ഈ തരംഗങ്ങൾ സമ്മാനിക്കുന്നു. ഡിപ്രഷൻ ഇല്ലാതാക്കാൻ ഈ തരംഗങ്ങൾക്ക് കഴിയുമെന്ന് ന്യുറോളജിസ്റ്റുകൾ തെളിയിച്ചിട്ടുണ്ട്. ആൽഫാ തരംഗങ്ങൾ ഒരു വ്യക്തിയിൽ ധാരാളമായി ഉൽപ്പാദിപ്പിക്കപ്പെടുമ്പോൾ ദർശനങ്ങളും അത്ഭുതങ്ങളും സംഭവിക്കാം. ഈ സമയം ഉൾക്കണ്ണുകൊണ്ട് കാണുന്ന പലതും പ്രവർത്തികമാകുമെന്നും വിദഗ്ധർ പറയുന്നു. അപ്പോൾ എടുക്കുന്ന തീരുമാനങ്ങളും പ്രതിജ്ഞകളും പ്രാവർത്തികമാക്കാൻ കഴിയും.

Theta Waves (4 – 8 Hz)

 ആഴത്തിലുള്ള ധ്യാനനിമിഷങ്ങളിലും (deep meditation) ഉറക്കത്തിന്റെ ആദ്യ ഘട്ടത്തിലും (light sleep) ഈ തരംഗങ്ങൾ തലച്ചോറിൽ ഉൽപ്പാദിപ്പിക്കപ്പെടും. ഈ ഉറക്കത്തിൽ അടഞ്ഞ കണ്ണുകളിൽ കൃഷ്ണമണി ചലിക്കുന്നത് കാണാം. (REM: Rapid Eye Movement). അതുപോലെ തന്നെ നല്ല ആന്മിയ നിമിഷങ്ങളിലും പ്രകൃതിയുമായി നാം അനുരണനപ്പെടുമ്പോഴും ഈ തരംഗങ്ങൾ അനുഭവപ്പെടും.

Delta Waves (0.5 – 4 Hz)

 ആഴത്തിലുള്ള ഉറക്കത്തിൽ (deep sleep) ഉൽപ്പാദിപ്പിക്കപ്പെടുന്ന തരംഗങ്ങളാണിവ. എടുത്തുകൊണ്ടു പോയാൽപോലും അറിയാത്തവണ്ണം തീവ്രമായ ഉറക്കമായിരിക്കും. ഈ ഉറക്കത്തിൽ നിന്നും ഉണരുന്ന മനുഷ്യൻ ഊർജ്ജസ്വലനായിരിക്കും. നല്ല ഓജസ്സും ഉന്മേഷവും നിറഞ്ഞ ശരീരവും മനസ്സും ആ വ്യക്തിക്ക് അനുഭവപ്പെടും. എന്നാൽ ആധുനിക കാലത്തെ പ്രശ്നങ്ങളിലും തിരക്കുകളിലും സമ്മർദ്ദങ്ങളിലും നട്ടം തിരിയുന്ന മനുഷ്യന് ഈ ഉറക്കം പലപ്പോഴും അപ്രാപ്യമാണ്.

Gamma Waves (above 40 Hz)

 ഡിജിറ്റൽ EEG അവസാനം കണ്ടുപിടിച്ച തരംഗങ്ങളാണിത്. തലാമസിൽ ഉൽപ്പാദിപ്പിക്കപ്പെട്ട് തലച്ചോറിന്റെ മുൻവശത്ത് വന്ന് വീണ്ടും പിന്നിലേക്ക് ഇവ വേഗത്തിൽ സഞ്ചരിക്കുന്നു. ഇത് വ്യക്തികളിൽ വ്യത്യസ്ത അളവുകളിലാണുള്ളത്.കൂടുതൽ ഗാമ തരംഗങ്ങൾ ഉള്ളവർ അതി ബുദ്ധിമാന്മാരും നല്ല ഓർമ്മശക്തി ഉള്ളവരും സന്തോഷം അനുഭവിക്കുന്നവരുമാണ്. സ്വന്തം മനസ്സിന്റെ നിയന്ത്രണം അവരിൽ പൂർണ്ണമായിരിക്കും. ഈ തരംഗങ്ങൾ ഉണ്ടാകുവാൻ ഏകാന്തധ്യാനം, യോഗ എന്നിവ സഹായിക്കും. ഋഷികൾ, സന്യാസികൾ എന്നിവരിൽ ഈ തരംഗങ്ങളുടെ ശക്തി വളരെ കൂടുതലാണ്. ബുദ്ധമത സന്യാസിമാരിൽ ഗാമതരംഗങ്ങൾ വളരെ കുടുതലാണെന്ന് പഠനങ്ങൾ പറയുന്നു. അതിന് കാരണമായി കണ്ടത് അവർ ശീലിക്കുന്ന ഭാവാതീത ധ്യാനം (Transcendental Meditation)   ആയിരുന്നു.

ജോസഫ് പുത്തൻപുര അച്ചന്റെ ഒരു പ്രസംഗമാണ് ഇത്രയും കാര്യങ്ങൾ എഴുതുവാൻ എനിക്ക് പ്രേരണയായത്. കലുഷിതമായ സാഹചര്യങ്ങളിൽ നട്ടം തിരിയുന്ന ഒരു വ്യക്തിക്ക് അതെല്ലാം മറന്ന് ഏതാനും നിമിഷം പ്രാർത്ഥനാനിരതനാകാൻ അവസരം ലഭിച്ചാൽ ബീറ്റാ തരംഗങ്ങളുടെ ഉൽപ്പാദനം നിലയ്ക്കും. ബ്രെയിൻ ആൽഫാ തരംഗങ്ങൾ പുറപ്പെടുവിക്കാൻ തുടങ്ങുകയും അതുവഴി മനസ്സിന് വലിയൊരു ശാന്തത അനുഭവപ്പെടുകയും ചെയ്യും. ശരീരം പല രോഗങ്ങളിൽ നിന്നും മുക്തി നേടാൻ ആരംഭിക്കും. വിവിധ മത വിശ്വാസങ്ങളിൽ കഴിയുന്നവർക്ക് തങ്ങളുടെ ആരാധനാലയങ്ങളിൽ ചെന്ന് ധ്യാനത്തിലും പ്രാർത്ഥനയിലും ചെലവഴിക്കുമ്പോൾ ഈ ശാന്തതയും സൗഖ്യവും ലഭിക്കുന്നതായി നാം കാണുന്നു. അതുകൊണ്ട് തന്നെയാണ് തന്റെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് ഓരോ മത വിശ്വാസിയും ചിന്തിക്കുന്നതും വിശ്വസിക്കുന്നതും. ധ്യാനനിരതമായ അവസ്ഥയിൽ സൗഖ്യമുണ്ടാകുമെന്ന് ശ്രീ ശ്രീ രവിശങ്കർ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരാഴ്ചത്തെ ധ്യാനം കഴിഞ്ഞ് സൗഖ്യം പ്രാപിക്കുന്ന മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മാറുന്നില്ല. പഴയ പ്രശ്നങ്ങൾ വീണ്ടും അവനെ തേടി വരുന്നു. സമ്മർദ്ദങ്ങളും പ്രതിസന്ധികളും മുന്നിലേക്കെത്തുമ്പോൾ വീണ്ടും ബീറ്റാ തരംഗങ്ങൾ ശക്തി പ്രാപിക്കുന്നതായും മനശാന്തിയും ശാരീരിക സൗഖ്യവും കുറയാൻ തുടങ്ങുന്നതായും കാണാം.

ക്യാൻസർ രോഗികളെ ചികിൽസിക്കുന്ന ഡോക്ടർമാർ രോഗികളിൽ ഈശ്വരവിശ്വാസം വളർത്തുവാൻ പരമാവധി ശ്രമിക്കും. മരുന്നിനേക്കാൾ മനസ്സാണ് പ്രധാനമെന്ന് ഇവർ നന്നായി അറിഞ്ഞിട്ടുണ്ട്. സൗഖ്യപ്പെട്ട നൂറ് ക്യാൻസർ രോഗികളുമായി അഭിമുഖം നടത്തിയ ഒരു ഗവേഷക ഒരു തന്റെ പഠന റിപ്പോർട്ടിൽ പറഞ്ഞതിപ്രകാരമാണ്. ഓപ്പറേഷൻ, കിമോതെറാപ്പി, റേഡിയേഷൻ എന്നിങ്ങനെ വ്യത്യസ്ത ചികിത്സകളാണ് ആ രോഗികൾക്ക് ലഭിച്ചത്. താൻ സൗഖ്യപ്പെടും എന്ന ഉറച്ച വിശ്വാസമാണ് പൊതുവായി ആ നൂറുപേരിലും കാണാൻ കഴിഞ്ഞത്. ഈശ്വരവിശ്വാസം മൂലം രോഗികൾ ശാന്തരും പോസിറ്റീവ് ചിന്താഗതി ഉള്ളവരുമായിരുന്നു.   ആ മനസ്സ് മരുന്നുമായി ചേർന്ന് പ്രവർത്തിച്ചപ്പോൾ അവരെല്ലാം സൗഖ്യപ്പെട്ടു.

വിവിധങ്ങളായ പ്രശ്നങ്ങളിലും സമ്മർദ്ദങ്ങളിലും അനുദിന ജീവിതം നയിക്കുന്നവർ രോഗം വളരെ അടുത്തുണ്ടെന്ന് മനസ്സിലാക്കണം. ബീറ്റാ തരംഗങ്ങൾ കുറയുവാനും ആൽഫാ തരംഗങ്ങൾ കൂടുവാനുമായി മനസ്സിന് ശാന്തത കിട്ടുന്ന മാർഗ്ഗങ്ങൾ കണ്ടുപിടിക്കുവാൻ ശ്രമിക്കുക. പ്രാർത്ഥന, ഏകാന്തധ്യാനം, യോഗ, പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഒരു യാത്ര, സംഗിതം, വിനോദം തുടങ്ങി വിവിധങ്ങളായ വഴികൾ നമുക്ക് മുൻപിലുണ്ട്. ചിരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒരിക്കലും പാഴാക്കരുത്. ദിവസവും കുറെ സമയം ഏകാന്തതയിൽ കണ്ണുകളടച്ച് ചിന്തകൾ അലട്ടാതെ ശ്വാസോച്‌ഛ്വാസം നടത്തുന്നത് വളരെ സൗഖ്യദായകമാണ്. കണ്ണുകളടക്കുമ്പോൾ പുറത്തേക്കുള്ള വാതിലുകൾ അടയുകയും ഉള്ളിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്യും.

ആറാം ഇന്ദ്രിയം, (sixth sense), പാരാസൈക്കോളജി, Universal Consciousness എന്നീ ചില വാക്കുകളുടെ അർത്ഥം പെട്ടെന്ന് നിർവചിക്കാൻ ബുദ്ധിമുട്ടുള്ള വിധം വ്യാപകമാണ്. ഒരു റെയ്‌ക്കി മാസ്റ്റർ (Reiki Master) വിദൂരത്തുള്ള ആൾക്ക് പോലും രോഗശാന്തി കൊടുക്കുവാൻ കഴിവ് നേടുന്ന വ്യക്തിയാണ്. നമ്മുടെ സമൂഹത്തിൽ ഇങ്ങനെ പല സിദ്ധികളും ലഭിച്ചിട്ടുള്ള ആളുകളുണ്ട്, ചിലർ നേടിയിട്ടുണ്ട്. അതുവഴി പല നിമിത്തങ്ങൾക്കും അർത്ഥവും വ്യാഖ്യാനവും നൽകുവാൻ അവർക്ക് കഴിയും. ചിലർക്ക് അത്ഭുതങ്ങളും രോഗസൗഖ്യവും നൽകുവാൻ സാധിക്കും. Mentalist കൾ മറ്റുള്ളവരുടെ മനസ്സിലെ ചിന്തകൾ മനസ്സിലാക്കുകയും വെളിപ്പെടുത്തുകയും ചെയ്യാറുണ്ടല്ലോ. ഇപ്രകാരമുള്ള പല മനഃശാസ്ത്ര കഴിവുകളെയും അറിവുകളെയും മതത്തിന്റെയും ദൈവത്തിന്റെയും പേരിലുള്ള മേലങ്കി കൊണ്ട് പുതപ്പിച്ച് സമൂഹത്തിലേക്ക് വരുന്ന വ്യക്തി ദൈവശക്തി നിറഞ്ഞ അമാനുഷികനായി അറിയപ്പെടുക സ്വാഭാവികം മാത്രം.

മനുഷ്യ മനസ്സിനെ കൂടുതൽ പഠിക്കുവാനും ഉപബോധമനസ്സിന്റെ കഴിവുകളെ മനസ്സിലാക്കി കൂടുതൽ ശക്തിപ്പെടുത്തുവാനും കഴിയുന്ന, പ്രതിസന്ധികളെ തരണം ചെയ്യാൻ പറ്റുന്ന തരത്തിൽ വിജയകരമായി   ക്ലാസ്സുകൾ കൊടുക്കുന്ന വിദഗ്ധർ നമ്മുടെ നാട്ടിലുണ്ട്. അപ്രകാരമുള്ള പ്രതിഭകളെ വിദേശ രാജ്യങ്ങളിൽ ക്ലസ്സെടുക്കാൻ കൊണ്ടുവരുന്ന തലത്തിലേക്ക് സംഘടനകളും, അറിവ് ആവശ്യമാണെന്ന് സാമാന്യ ജനവും ചിന്തിക്കേണ്ട സമയം അതിക്രമിച്ചു. മതപരമായ ധ്യാനങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുക, അതിലൂടെ മാത്രം പ്രശ്‍നം പരിഹരിക്കാൻ ശ്രമിക്കുക, അവിടെ മാത്രമേ രക്ഷയുള്ളൂ എന്ന് വിശ്വസിക്കുക, ഇതൊക്കെയാണ് സാമാന്യ ജനത്തിന്റെ ഇന്നത്തെ ചിന്തകളും വിശ്വാസപ്രമാണങ്ങളും. ലോകം അറിവുകളുടെ അക്ഷയഖനിയാണ്. ഏതെല്ലാം മേഖലകളിൽ ഞാൻ അറിവ് നേടിയിട്ടുണ്ട്, നേടിയ അറിവുകൾ എന്നെ സഹായിക്കാൻ പര്യാപ്തമാണോ,

സ്വയം ചിന്തിക്കുക.

————————————————————————————————————————————–