India

പ്രതിപക്ഷവുമായി ധാരണയായില്ല: മുത്തലാഖ് ബില്‍ അടുത്ത സമ്മേളനത്തില്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുമായി ധാരണയില്‍ എത്താന്‍ സാധിക്കാത്തതിനെ തുട‌ര്‍ന്ന് മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റി വച്ചു. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് റാഫേല്‍ യുദ്ധവിമാനകരാറില്‍ അഴിമതി ആരോപിച്ച്‌ പ്രതിപക്ഷ കക്ഷികള്‍ സഭയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ബില്‍ പരിഗണിക്കുന്നത് മാറ്റി വച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിച്ചത്.

ലോകസഭയില്‍ 2017ല്‍ പാസായ ബില്ലില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ഭേദഗതി ചെയ്തിരുന്നു. ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാനുളള സാധ്യതയുണ്ട്. അതേസമയം, മുത്തലാഖ് ബില്‍ പാസാക്കുന്നതിന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഒരു ദിവസം കൂടി നീട്ടാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു.