Entertainment

ഫാന്‍സുകളെ ട്രോളിക്കൊന്നുകൊണ്ട് ‘മോഹന്‍ലാല്‍’ (അപ്പാവികളേ നിങ്ങള്‍ ഇത് അര്‍ഹിക്കുന്നു..)

നടനവിസ്മയം മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ കഥയുമായെത്തിയ സിനിമയാണ് ‘മോഹന്‍ലാല്‍’. മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇടി എന്ന സിനിമയ്ക്ക് ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം..

മോഹൻലാൽ

‘ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തേയ്ക്ക് മന്ദം മന്ദം കടന്നു വന്ന ആളാണ് സാജിദ് യാഹിയ. ആ സിനിമ കണ്ടവരാരും തന്നെ സംവിധായകനെ ജീവിത കാലത്തേയ്ക്ക് മറക്കാൻ സാധ്യതയില്ല. അജ്ജാതി ദുരന്തമായിരുന്നു അത്. ആദ്യ സിനിമയിൽ ദാവൂദ് ഇബ്രാഹിം ആയിരുന്നു സാജിദിന്റെ (ടൈറ്റിലിന്റെയെങ്കിലും) വേട്ടമൃഗം എങ്കിൽ, രണ്ടാം വരവിൽ ‘മോഹൻലാൽ’ എന്ന മലയാളികളുടെ ബിഗ്ബ്രാൻഡിനെ തന്നെയാണ് അദ്ദേഹം തുറുപ്പു ചീട്ടായി ഇറക്കിയിരിക്കുന്നത്.. നിലവാരത്തിന്റെ കാര്യത്തിൽ ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിമിനെക്കാളും ഒരിച്ചിരി മെച്ചമാണെങ്കിലും ആദ്യപടത്തിനെ ഓർമ്മിപ്പിക്കും വിധം തന്നെയാണ് മോഹൻലാലിന്റെയും കഥാഗതിയിലുള്ള പുരോഗതിയും പോക്കും..

ചങ്കല്ല ചങ്കിടിപ്പാണ്

‘ചങ്കല്ല.. ചങ്കിടിപ്പാണ് ലാലേട്ടൻ’ എന്ന ടാഗ്-ലൈനോടുകൂടി ‘മോഹൻലാൽ’ അനൗൺസ് ചെയ്യുമ്പോൾ സംവിധായകൻ കണക്കു കൂട്ടിയത് ലാലേട്ടന്റെ ആരാധകരെ കടയോടെ പുഴക്കിയെടുക്കാമെന്നു തന്നെ ആവും.. (സാക്ഷാൽ ദാവൂദ് ഇബ്രാഹിം അബദ്ധത്തിലെങ്ങാനും തന്റെ പേരിലുള്ള സാജിദിന്റെ ആദ്യത്തെ പടം കണ്ടാലുള്ള അവസ്ഥയെ കുറിച്ചോർത്ത് ഞാൻ പലപ്പോഴും ചിരിച്ച് മണ്ണുകപ്പി അത് തുപ്പിക്കളഞ്ഞിട്ടുണ്ട്) ‘മോഹൻലാലി’ന്റെ ആദ്യ ടീസറും ലാലേട്ടാാ.. ഗാനവുമൊക്കെ വന്നപ്പോൾ ഫാൻസ് ശരിക്കും അത് ഏറ്റെടുക്കുക തന്നെ ചെയ്തപ്പോൾ സാജിത് യാഹ്യയുടെ കണക്കു കൂട്ടലുകൾ ഫലിക്കും എന്നു തന്നെ തോന്നിപ്പിച്ചു. ഫാൻസിനല്ല സാധാരണ പ്രേക്ഷകർക്ക് വരെ ആത്മാർത്ഥത ഫീൽ ചെയ്യിപ്പിക്കുന്നതായിരുന്നു അവയൊക്കെ എന്നത് ഒരു യാഥാർത്ഥ്യവുമായിരുന്നു.. എന്നാൽ മോഹൻലാൽ എന്ന പേരിൽ പുറത്തു വന്നിരിക്കുന്ന സിനിമ ഫാൻസിനെ, പ്രത്യേകിച്ചും മോഹൻലൽ ഫാൻസിനെ ട്രോളിക്കൊല്ലാനാണ് കൂടുതൽ സമയവും ചെലവഴിച്ചിരിക്കുന്നത് എന്നതാണ് കൗതുകം..

റെയിൽവേ സ്റ്റേഷനും കഥപറച്ചിലും

ട്രെയിന് തലവെക്കാനായി രാമപുരം എന്നെഴുതി വെച്ചിരിക്കുന്ന ഒരു വിജനമായ റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു വരുന്ന സേതുമാധവനോട് (ഇന്ദ്രജിത്ത്) അവിടെയുള്ള വിചിത്ര വേഷധാരിയും തെണ്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആളുമായ സൗബിന്റെ ക്യാരക്റ്റർ അദ്ദേഹത്തിന്റെതായ മാനറിസങ്ങളോടെയും സംഭാഷണ രീതികളോടെയും കൂടി ഫ്ലാഷ്ബാക്ക് പറയിപ്പിക്കുന്നതും കേട്ടിരിക്കുന്നതുമായ രീതിയിൽ ആണ് ‘മോഹൻലാലി’ന്റെ കഥ പുരോഗമിക്കുന്നത്..

ഫ്ലാഷ്ബാക്ക്

പറയുന്നത് സേതുമാധവൻ ആണെങ്കിലും കഥ അദ്ദേഹത്തിന്റെ ഭാര്യയുടേതാണ്.. അത് എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ മീനാക്ഷി എന്ന മീനുക്കുട്ടിയുടെ മോഹൻലാലിനോടുള്ള പ്രാന്തുപിടിച്ച ആരാധനയുടേതും സ്നേഹത്തിന്റെതും ആണ്.. ആ പ്രാന്ത് മൂത്തുമൂത്ത് സൈക്കോസിസിന്റെ ഇതുവരെയാരും കാണാത്തത്ര ഭീകരമായ അവാന്തരഭേദത്തിലേക്ക് എത്തിച്ചേരുന്നതാണ് അയാളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്നത്..

മീനുക്കുട്ടി എന്ന കൊടൂര ഫാൻ

മോഹൻലാലിന്റെ ആദ്യ സിനിമയായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസ് ചെയ്ത അതേ ദിവസമാണ് മീനാക്ഷി ജനിക്കുന്നത്.. മോഹൻലാലും കൂട്ടുകാരും ചേർന്ന് ഫാസിലിനും നവോദയയ്ക്കും ഓഡിഷനായി ഫോട്ടോയും അപേക്ഷയുമയച്ച ദിവസമാണ് മീനാക്ഷിയുടെ അമ്മ (അഞ്ജലി) കൺസീവ് ചെയ്യപ്പെട്ടത് എന്ന സൂചനയുമുണ്ട്.. ഏതായാലും ഒരു കേവല മനുഷ്യന്/സ്ത്രീയ്ക്ക് ചിന്തിക്കാൻ കഴിയാത്ത മാനസിക നിലയുമായിട്ടാണ് അവളുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും മോഹൻലാൽ പ്രാന്തുമായി മുന്നോട്ട് പോവുന്നത്.. താരാരാധന എന്നാൽ അക്ഷരാർത്ഥത്തിൽ പ്രാന്തുതന്നെ എന്നു സ്ഥാപിച്ചെടുക്കുകയാണ് മീനുക്കുട്ടിയിലൂടെ സംവിധായകൻ.. ചില ഘട്ടങ്ങളിലാവട്ടെ നായികാ കഥാപാത്രത്തെക്കാളും ആ മാനസിക രോഗത്തിനടിമയായിട്ടുള്ളത് താൻ തന്നെ എന്ന് സംവിധായകൻ ഉച്ചത്തിൽ വിളിച്ചു പറയാൻ ശ്രമിക്കുന്നുമുണ്ട്..

ഭേദപ്പെട്ട തുടക്കം..

പടത്തിന്റെ ആദ്യത്തെ മുക്കാൽ മണിക്കൂറോളം നേരം ഇൻസ്പെക്ടർ ദാവൂദ് ഇബ്രാഹിം ഒരുക്കിയ ആളു തന്നെയാണോ ഇതിന്റെ ഡയറക്ടർ എന്ന് തോന്നിപ്പിക്കും വിധം സ്റ്റാൻഡേർഡിലാണ് പടത്തിന്റെ പോക്ക്.. എന്നാൽ സേതുമാധവന്റെയും മീനാക്ഷിയുടെയും ദാമ്പത്യ ജീവിതവുമായി ബന്ധപ്പെട്ട പിന്നീടുള്ള മുക്കാൽ മണിക്കൂർ അസഹനീയമാം വിധം വലിച്ചിഴപ്പിച്ച് ബോറടിപ്പിച്ച് കൊന്നു സംവിധായകൻ ആദ്യ പടത്തിന്റെ നിലവാരത്തിലേക്കെത്തി. ഉറങ്ങി വീഴുമെന്ന ഘട്ടമാവുമ്പോഴാണ് ഇന്റർവെൽ വന്ന് രക്ഷിക്കുന്നത്.. തുടർന്ന് രണ്ടാം പകുതിയിലാകട്ടെ കഥയുമായി പ്രത്യേകിച്ച് ബന്ധമുള്ള സലിം കുമാറിനെയും ഹരീഷ് കണാരനെയും അങ്ങനെ പലരെയും വലിച്ചിഴച്ചു കൊണ്ടു വന്നാണ് സമയം തള്ളിനീക്കുന്നത്.. സാത്താൻ ജോസ് എന്ന സലിം കുമാർ ക്യാരക്റ്റർ ഫുൾ വോൾട്ടേജിലുള്ളതായതു കൊണ്ട് തിയേറ്റർ ഉണർന്നെന്നതും ഉറക്കച്ചടവ് മാറിയെന്നതും വേറെ കാര്യം.. ദുർബലവും പ്രവചനീയവുമായ ഒരു തിരക്കഥ തല്ലിക്കൂട്ടി എടുത്ത് അതിനെ ആശ്രയിക്കുന്നു എന്നതു തന്നെയാണ് ‘മോഹൻലാലിന്റെ’ ഏറ്റവും വലിയ നെഗറ്റീവ്..

മഞ്ജു വാര്യർ..

ഒരു സൂപ്പർസ്റ്റാറിന് തക്ക മാസ് ഇൻട്രോ കൊടുത്താണ് പടം തുടങ്ങി മുക്കാൽ മണിക്കൂർ ആവുമ്പോൾ മഞ്ജുവാര്യരെ മീനാക്ഷിയായി സാജിദ് അവതരിപ്പിച്ചിരിക്കുന്നത്.. (ആമിയെപ്പോലെ ബാല്യ-കൗമാര കാലഘട്ടങ്ങളിൽ വേറെ മീനാക്ഷിമാർ ഉണ്ടെന്ന് സാരം.. ) മഞ്ജുവിന് പൂണ്ടു വിളയാടാനുള്ള നിറഞ്ഞു നീണ്ട അവസരങ്ങളാണ് തുടർന്നങ്ങോട്ട്.. മഞ്ജു ഓവറാക്കി വെറുപ്പിച്ചു എന്നൊക്കെ ഇറങ്ങിപ്പോരുമ്പോൾ പലർ പറയുന്നത് കേട്ടു. സത്യം പറഞ്ഞാൽ ഈ ക്യാരക്റ്റർ ആയിരുന്നു ഓവർ.. അതിനെ അവർ നൂറല്ല ഇരുന്നൂറു ശതമാനം ഉൾക്കൊണ്ടു കൊണ്ട് ജീവിക്കുകയായിരുന്നു.. തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിലെ റിമി ടോമിയുടെ ക്യാരക്റ്ററിനെ ആണ് മീനാക്ഷി പലപ്പോഴും ഓർമിപ്പിക്കുന്നത്.. കണ്ടിരിക്കാൻ നല്ല ക്ഷമ വേണം. അത് മഞ്ജുവിന്റെ കുറ്റമാണെന്ന അഭിപ്രായമെനിക്കില്ല താനും..