India

പീഡനത്തെ പ്രതിരോധിച്ച വീട്ടമ്മയെയും കുടുംബത്തെയും ഗുണ്ടകളെ വിട്ട് ആക്രമിച്ചു

തിരുവനന്തപുരം: സ്വകാര്യ കമ്ബ്യൂട്ടര്‍ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്ന യുവതിയെയും കുടുംബത്തെയും സ്ഥാപന ഉടമയും ഗുണ്ടകളും ചേര്‍ന്ന് വീട്ടിലെത്തി ആക്രമിച്ചതായി പരാതി. മണക്കാട് ശ്രീദേവി നെറ്റ് ഫോര്‍ യു സ്ഥാപനത്തിന്റെ ഉടമ ആനന്ദ് രാജും മറ്രു മൂന്നു വാടക ഗുണ്ടകളുമാണ്പരാതിക്കാരിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി അഴിഞ്ഞാടിയത്. ഇവര്‍ക്കെതിരെ ഫോര്‍ട്ട് പൊലീസ് സ്ത്രീപീഡനത്തിനും വീട് കയറി ആക്രമണത്തിനും കേസെടുത്തു. എന്നാല്‍, ജയില്‍ ജീവനക്കാരന്‍ കൂടിയായ ആനന്ദ് രാജിനെയും സംഘത്തെയും ഇതുവരെ അറസ്റ്ര് ചെയ്തിട്ടില്ല. ആനന്ദരാജിന്റെ സഹോദരന്‍ അരുണ്‍ രാജ്, ഭാര്യയുടെ സഹോദരന്‍ രാജേഷ്, സ്ഥലത്തെ പ്രധാന ഗുണ്ടയായ പൊട്ടന്‍ ഷാജി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പത്തു വര്‍ഷം മുന്‍പ് വൃക്ക രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരിച്ചതിനുശേഷമാണ് യുവതി ജോലി അന്വേഷിച്ച്‌ ആനന്ദ് രാജിന്റെ കമ്ബ്യൂട്ടര്‍ സെന്ററിലെത്തിയത്. സഹോദരങ്ങള്‍ക്കൊപ്പം താമസിച്ച്‌ വരികയായിരുന്ന ഇവര്‍ക്ക് രണ്ടു മക്കളുമുണ്ട്. ആനന്ദ് രാജിന്റെ സ്ഥാപനത്തില്‍ ‌ഇവര്‍ക്ക് ഡി.ടിപി ഓപ്പറേറ്രായി ജോലി നല്‍കിയെങ്കിലും ആദ്യ രണ്ടു വര്‍ഷത്തിനുശേഷം ഇയാള്‍ തന്നോട് അപമര്യാദയായി പെരുമാറിത്തുടങ്ങിയെന്ന് യുവതി പറയുന്നു. എന്നാല്‍ ആനന്ദിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാത്ത ഇവരെ കടയിലെത്തുന്നവരുടെ മുന്നില്‍ വച്ച്‌ അപമാനിക്കുന്നത് പതിവായി. ആനന്ദ് രാജിന്റെ പീഡനം സഹിക്കവയ്യാതെ ഒടുവില്‍ അവര്‍ക്ക് ജോലി തന്നെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ വീട്ടുകാരെ സ്വാധീനിച്ച്‌ ആനന്ദ് തന്നെ യുവതിയെ തിരികെ സ്ഥാപനത്തിലെത്തിക്കുകയായിരുന്നു.

ഇയാള്‍ പിന്നീടും കടയില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ വച്ചുതന്നെ കൈത്തണ്ട മുറിച്ച്‌ ആത്മഹത്യാശ്രമം നടത്തി. എന്നാല്‍ ഇക്കാര്യം വീട്ടിലറിയാതെ താന്‍ കൊണ്ടു നടക്കുകയായിരുന്നെന്നും യുവതി പറയുന്നു. ബുക്ക് ബയന്റിംഗിനിടെ കയ്യില്‍ മുറിവേറ്റതാണെന്നായിരുന്നു അന്ന് വീട്ടുകാരെ ധരിപ്പിച്ചത്.

ഇക്കഴിഞ്ഞ മാ‌ര്‍ച്ച്‌ 5 ന് റോഡപകടത്തില്‍ പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഓപ്പറേഷനെ തുടര്‍ന്ന് ആനന്ദ് ആശുപത്രിയിലെത്തി 10,000 രൂപ നല്‍കി. എന്നാല്‍ പണം വാങ്ങരുതെന്ന് കുടുംബാംഗങ്ങളെ വിലക്കിയെങ്കിലും അവരുടെ കൈയില്‍ നിര്‍ബന്ധിച്ച്‌ നല്‍കുകയായിരുന്നു. പിന്നീട് സ്വയരക്ഷയ്ക്കായി മകനെയും കൂട്ടിയായിരുന്നു ഇവര്‍ കടയിലെത്തിയത്. എന്നാല്‍ മകന്‍ കടയില്‍ ഒരു ഭാഗത്ത് ജോലി ചെയ്യുമ്ബോള്‍ തന്നെ ആനന്ദ് രാജിന്റെ പീഡനം തുടര്‍ന്നതായി യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഇനി ജോലിക്ക് വരില്ലെന്ന് ഉറപ്പിച്ച്‌ ഏപ്രില്‍ 8 ന് കടയില്‍ നിന്നിറങ്ങിയ യുവതിക്കെതിരെ ഇയാള്‍ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. പിന്നീടായിരുന്നു വീടുകയറി ആക്രമിച്ചത്.

നേരത്തെ നല്‍കിയ പതിനായിരം രൂപയ്ക്ക് പലിശയുള്‍പ്പെടെ 50,000 രൂപയും മകള്‍ക്ക് സമ്മാനമായി നല്‍കിയ ഒരുപവന്റെ സ്വര്‍ണ മാലയും ആനന്ദ് രാജ് തിരികെ ആവശ്യപ്പെട്ടതായും യുവതി പറയുന്നു.