World

പാകിസ്ഥാന്റെ ആക്രമണത്തില്‍ നാല് ബിഎസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ നാല് ബിഎസ് എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സാമ്പയിലെ ചാംമ്പിലിയാല്‍ സെക്ടറില്‍ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്.

നിലവിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്നതാണ് പാകിസ്ഥാന്‍റെ ആക്രമണം. പുലര്‍ച്ചെ ചാമ്പിലിയാലില്‍ ഉണ്ടായ ആക്രമണത്തില്‍ ഒരു അസിസ്റ്റന്‍റ് കമാന്റന്‍റും, സബ് ഇന്‍സ്പെക്ടറും രണ്ട് ജവാന്‍മാരുമാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തിനെതിരെ തിരിച്ചടിക്കുമ്പോഴായിരുന്നു നാല് പേരും കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

ദിവസങ്ങള്‍ക്ക് മുന്‍പ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ജമ്മുകാശ്മീരിലെ പ്രശ്നബാധിതമേഖലകള്‍ സന്ദര്‍ശിക്കുകയും അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. രണ്ട് ബറ്റാലിയന്‍ സൈന്യത്തെ അതിര്‍ത്തിയിലെ സുരക്ഷക്ക് മാത്രമായി നിയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സൈനികര്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ആദ്യം പാകിസ്ഥാനിലെയും ഇന്ത്യയിലേയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിറ്ററി ഓപ്പറേഷന്‍ തമ്മില്‍ സംസാരിക്കുകയും വെടിനിര്‍ത്തല്‍ കരാറിന് സംയുക്തമായി തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ കരാര്‍ നിലനില്‍ക്കുമ്പോള്‍ തന്നെ നിരവധി തവണയാണ് പാകിസ്ഥാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയത്.