Europe Pravasi Switzerland World

നോ ബിലാഗ് :സ്വിസ് ജനതയുടെ ഹിതപരിശോധന മാർച്ച് 4 ന്-Report by Jose Valladiyil

 

സ്വിറ്റ്സർലന്റിലെ ജനാധിപത്യ സംവിധാനം പ്രവർത്തിക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലൂടെയാണ്. എന്നാൽ ഇതര ജനാധിപത്യ രാജ്യങ്ങളിൽ നിന്നും ഈ രാജ്യത്തെ ഭരണ സംവിധാനം വ്യത്യസ്തമാകുന്നത് രണ്ടു സുപ്രധാന ജനാധിപത്യ ഉപകരണങ്ങളിലൂടെയാണ്. ജനങ്ങളുടെ പരമാധികാരം ഉറപ്പാക്കുന്ന ഈ രണ്ടു മാർഗ്ഗങ്ങളാണ് പോപ്പുലർ ഇനിഷ്യേറ്റിവും (ജാനകിയ സംരംഭം) റഫറണ്ടവും (ഹിതപരിശോധന ).

പോപ്പുലർ ഇനിഷ്യേറ്റിവ്

ഭരണഘടനാപരമായ നിയമങ്ങളിൽ മാറ്റം ആവശ്യമെന്ന് ഒരു വിഭാഗം ജനത്തിന് തോന്നിയാൽ ഉപയോഗിക്കാനുള്ള ഉപകരണമാണ് (DemocraticTool) ഇനിഷ്യേറ്റിവ്. ആഗ്രഹിക്കുന്ന ഭേദഗതി അറിയിച്ച് സർക്കാർ സംവിധാനങ്ങളിൽ നിന്നും അനുവാദം ലഭിച്ചശേഷം പതിനെട്ട് മാസങ്ങൾക്കുള്ളിൽ ഒരു ലക്ഷംപൗരന്മാരുടെ ഒപ്പുകൾ സമാഹരിച്ച് ഗവൺമെന്റിന് സമർപ്പിക്കണം. തുടർനടപടി പൂർത്തിയാക്കി രണ്ടോ മൂന്നോ വർഷങ്ങൾക്കുള്ളിൽ ഈ ആവശ്യം ജനങ്ങൾക്ക് മുൻപാകെ ബാലറ്റ് വഴി വോട്ടിന് വരുന്നതാണ്.

റഫറണ്ടം

പ്രധാന വിഷയങ്ങളിൽ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ അസ്വികാര്യമായി ഒരു വിഭാഗത്തിന് തോന്നിയാൽ റഫറണ്ടത്തിനായി അപേക്ഷ നൽകാവുന്നതാണ്. അതിനായി 100 ദിവസത്തിനുള്ളിൽ അൻപതിനായിരം പൗരന്മാരുടെ ഒപ്പുകൾ ശേഖരിച്ച് മെമ്മോറാണ്ടം സമർപ്പിക്കണം. തുടർന്ന് ജനത്തിനു മുൻപാകെ വോട്ടിനായി ഈ വിഷയം വരുകയും ഭൂരിപക്ഷ തീരുമാനം നടപ്പിലാവുകയും ചെയ്യുന്നതാണ്.

ഓരോ സർക്കാരിന്റെയും ഭരണകാലത്ത് പത്തിലധികം റഫറണ്ടങ്ങൾ നടക്കാറുണ്ട് എന്നത് സ്വിസ് ജനാധിപത്യത്തിൽ പൗരന്മാർ തങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും കൃത്യമായി ഉപയോഗിക്കുന്നു എന്നതിന് തെളിവാണ്.

നോ ബിലാഗ് ഇനിഷ്യേറ്റിവ്

അടുത്ത പ്രധാനപ്പെട്ട ഇനിഷ്യേറ്റിവിൽ വോട്ടെടുപ്പ് നടക്കുന്നത് മാർച്ച് നാലിനാണ്. അതിനുള്ള ബാലറ്റ് എല്ലാവരുടെയും വീടുകളിൽ എത്തിക്കഴിഞ്ഞു. ഇനി പൂരിപ്പിച്ച ശേഷം പോസ്റ്റ് ബോക്സിൽ നിക്ഷേപിച്ചാൽ മാത്രം മതി. ടെലിവിഷൻ, റേഡിയോ തുടങ്ങിയവ ഉപയോഗിക്കുന്നതിനു ഓരോ കുടുംബവും വര്ഷം തോറും നിശ്ചിത ഫീസ് നൽകണമെന്നാണ് നിലവിലെ നിയമം. 451 ഫ്രാങ്ക് ആണ് ഇതിനായി ഓരോ കുടുംബവും അടച്ചുകൊണ്ടിരിക്കുന്നത്.

നിർബന്ധപൂർവ്വമായ ഈ പിരിവിനെതിരെ നടത്തിയ ഒപ്പുശേഖരണത്തിന്റെയും നിവേദനത്തിന്റെയും ഫലമായി ഈ വിഷയം ഇപ്പോൾ വോട്ടിനായി വന്നിരിക്കുകയാണ്.നിയമപരമായ ഈ പണപ്പിരിവ് പറ്റില്ലാ എന്നതാണ് ഹിതപരിശോധനാവിഷയം .

നിലവിലുള്ള തീരുമാനമനുസരിച്ച് 2019 മുതൽ എല്ലാ കുടുംബങ്ങളും ഈ ഫീസ് അടക്കേണ്ടിവരും. ഇതുവരെ വീടുകളിൽ റേഡിയോ, ടിവി ഉപയോഗിക്കുന്നവർ മാത്രമായിരുന്നു ഫീസ് അടക്കേണ്ടിയിരുന്നത്. സ്മാർട്ട് ഫോൺ വന്നതോടെ വീടുകളിൽ മാത്രമല്ല ആർക്കും എവിടെയും ടിവി കാണുവാനും റേഡിയോ കേൾക്കുവാനും കഴിയുമെന്നതുകൊണ്ടാണ് പുതിയ തീരുമാനം. അതിൻപ്രകാരം ഈ ഫീസ് 365 ആയി കുറയുന്നതാണ്.

2016 ൽ 1 .37 ബില്യൺ ഫ്രാങ്ക് ഈ ഫിസിനത്തിൽ ബിലാഗിന് കിട്ടിയിരുന്നു. ഇതിൽ 1 .24 ബില്യൺ സ്വിസ് റേഡിയോ ടെലിവിഷൻ ഗ്രുപ്പിനും (SRG ) 61 മില്യൺ പ്രാദേശിക ടെലിവിഷൻ റേഡിയോ ഗ്രുപ്പുകൾക്കും ലഭിക്കുകയുണ്ടായി.

1990 ൽ 279 .60 ഫ്രാങ്ക് ആയിരുന്നു ഓരോ കുടുംബവും അടച്ചിരുന്നത് . ഇപ്പോൾ 61 .3 ശതമാനം വർദ്ധിച്ച് 451 ഫ്രാങ്കിൽ എത്തിയിരിക്കുന്നു. SRG ജനറൽ ഡയറക്‌ടറുടെ വാർഷിക ശമ്പളം അര മില്യൺ ഫ്രാങ്കിന് മുകളിലാണ്. ഏറ്റവും ചെലവ് കൂടിയ സീരിയൽ ആയ “റ്റാറ്റോർട് ” ഒരു ദിവസം സംപ്രേഷണം ചെയ്യുന്നതിന് 2 .1 മില്യൺ ഫ്രാങ്ക് ചെലവ് വരുന്നു എന്നാണു കണക്ക്.

ഈ ഹിതപരിശോധന പാസാക്കരുതെന്നാണ് പാർലമെന്റ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഇതിനായി ഗവൺമെൻറ് ഉന്നയിക്കുന്ന പ്രധാന വാദഗതികൾ ഇവയാണ്:

1 . സാമ്പത്തിക ഞെരുക്കം ഉണ്ടായാൽ മീഡിയ പൂർണ്ണ വാണിജ്യ സ്ഥാപനമായി മാറും.

2 . നാല് ദേശീയ ഭാഷകളിൽ സംപ്രേഷണം നടത്തുവാൻ സാധിക്കാതെ വരും. ഇത് ദേശീയ ഐക്യത്തിന് ദോഷകരമായിത്തിരും.

  1. പല പ്രാദേശിക ചാനലുകളും പൂട്ടാൻ നിർബന്ധിതരാകും.

4 . SRG (Der Schweizerischen Radio und Fernsehgesellschaft) ഒരു പക്ഷെ ഇല്ലാതായേക്കും.

എന്നാൽ ഇനിഷ്യേറ്റിവ് കമ്മറ്റി ഉന്നയിക്കുന്ന പ്രധാന വാദഗതികൾ ഇവയാണ്: :

1 . സർക്കാർ നൽകുന്ന പണം ഇല്ലാതാകുമ്പോൾ മറ്റു മാർഗ്ഗങ്ങൾ കണ്ടെത്താനാകും. മാത്രവുമല്ല ജനാധിപത്യത്തിലെ നാലാം തൂണായിട്ടുള്ള മീഡിയ സ്വതന്ത്രമായി പ്രവർത്തിക്കുവാൻ ഇടവരും.

2 . ഒരു കേന്ദ്ര മന്തിയുടെ ശമ്പളത്തേക്കാൾ കുടുതലാണ് SRG ഡയറക്‌ടറുടെ ശമ്പളം. 2016 ൽ 5,36,314 ഫ്രാങ്ക് അദ്ദേഹം കൈപ്പറ്റി. സാധാരണക്കാരെ ഞെക്കിപ്പിഴിയുന്ന പണമാണിത്.

3 .   ജനത്തിന് സ്വന്ത ഇഷ്ടപ്രകാരം 1 .37 ബില്യൺ ഫ്രാങ്ക് വിനിയോഗത്തിനായി ലഭിക്കും. ഇത് വിപണിക്ക് ഉണർവ് നൽകും.

4 . ഏത് ടെലിവിഷൻ കാണണമെന്ന് തീരുമാനിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ കഴിയും.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും അഭിപ്രായപ്പെടുന്നത് ഇപ്പോൾ വാങ്ങുന്ന ഫീസ് കുടുതലാണെന്നാണ്. വലിയ ധുർത്ത് ഈ മേഖലയിൽ ഉണ്ടെന്ന് ജനം ചിന്തിക്കുന്നു. ഈ ഹിതപരിശോധന പാസായാൽ ഒരു പക്ഷെ ജനത്തിനു അനുകൂലമായ പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകാം.

സാധാരണ ഹിതപരിശോധനകളുടെ വോട്ട് നിരക്ക് 40 – 50 ശതമാനമാണ്. പ്രായമായവരാണ് ഇക്കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്നത്. ചെറുപ്പക്കാർ ഇതൊന്നും ശ്രദ്ധിക്കാറില്ല. സ്ഥിരമായി ടെലിവിഷൻ കാണുന്ന പെൻഷൻകാർ തങ്ങളുടെ ഇഷ്ടചാനൽ നിന്ന് പോകുമോ എന്ന ഭയം മൂലം ഈ ഹിതപരിശോധനയെ പരാജയപ്പെടുത്താൻ ശ്രമിക്കാനുള്ള സാധ്യത കൂടുതലാണ്. പൗരത്വം എടുത്തിട്ടുള്ള മലയാളികൾ മറക്കാതെ വോട്ട് രേഖപ്പെടുത്തുമല്ലോ