Association Europe Pravasi Social Media Switzerland

മുരളി തുമ്മാരുകുടിക്ക് ഹാസ്യ സാഹിത്യത്തിൽ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് .

Report : News Desk.

ഹലോ ഫ്രണ്ട്‌സ് സ്വിട്സർലാൻഡിന്റെ അഭിനന്ദനങ്ങൾ .

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹാസ്യ സാഹിത്യത്തിൽ സ്വിട്സർലാന്റിലെ ജനീവയിൽ ഐക്യരാഷ്ട്രസംഘടന പരിതസ്ഥിതി പരിപാടിയുടെ ദുരന്ത ലഘൂകരണ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന   ഡോ: മുരളി തുമ്മാരുകുടിയുടെ .ചില നാട്ടുകാര്യങ്ങള്‍  എന്ന പുസ്തകം   അവാർഡിന് അര്‍ഹമായി . നോവല്‍, ചെറുകഥാ,യാത്രാവിവരണം,  എന്നീ വിഭാഗങ്ങളിലെ പുരസ്‌കാരത്തിന് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി (നോവല്‍) എസ് ഹരീഷിന്റെ ആദം (ചെറുകഥ) ഡോ. ഹരികൃഷ്ണന്റെനൈല്‍വഴികള്‍ (യാത്രാവിവരണം),   എന്നീ പുസ്തകങ്ങളാണ് അര്‍ഹമായത്. 25,000 രൂപയും സാക്ഷിപത്രവും ഫലകവുമാണ് പുരസ്‌കാരം.

സി ആര്‍ ഓമനക്കുട്ടന്‍, പി കെ പാറക്കടവ്, ഇയ്യങ്കോട് ശ്രീധരന്‍, ലളിതാ ലെനിന്‍, ജോസ് പുന്നാപറമ്പില്‍, പൂയപ്പള്ളി തങ്കപ്പന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയക്കുള്ള പുരസ്‌കാരങ്ങള്‍. 30,000 രൂപയും സാക്ഷിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 60 പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

 ഒരു  ബഹുമുഖവ്യക്തിത്വത്തിനുടമയാണ്   മുരളി  തുമ്മാരുകുടി.എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോലയിൽ ജനനം. കേരളത്തിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി കാൺപൂർ ഐഐടിയിൽ നിന്ന് പി എച്ച്‌ ഡി എടുത്തു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കലി, അമ്മാനിലെ യു എൻ ഇന്റർ നാഷണൽ ലീഡർഷിപ്പ്‌ അക്കാദമി എന്നീ പ്രശസ്തമായ സ്ഥാപനങ്ങളിൽ ഉന്നത പഠനം. ഇപ്പോൾ   ജനീവയിൽ ഐക്യ രാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത നിവാരണ വിഭാഗം തലവനാണ് മുരളി തുമ്മാരുകുടി . അഫ്ഘാനിസ്ഥാൻ മുതൽ സിറിയ വരെ ഉള്ള യുദ്ധ രംഗത്തും സുനാമി മുതൽ വെള്ളപ്പൊക്കം വരെ ഉള്ള ദുരന്ത രംഗങ്ങളിലും അന്താരാഷ്ട്ര സംഘങ്ങളെ നയിക്കുന്നത് ഈ വെങ്ങോലക്കാരൻ ആണ്. ദാവോസ് മുതൽ സെണ്ടായ് വരെ ഉള്ള അന്താരാഷ്ട്ര സമ്മേളനങ്ങളിൽ ദുരത ലഘൂകരണത്തെ പറ്റിയും പ്രകൃതി സംരക്ഷണത്തെ പറ്റിയും സംസാരിക്കാൻ മുന്നിലുള്ളതും മറ്റാരും അല്ല.  കേരളത്തിൽ മുരളി അറിയപ്പെടുന്നത് തുമ്മാരുകുടി കഥകളുടെ എഴുത്തുകാരൻ ആയിട്ടാണ്. ചിരിയും ചിന്തയും കലർത്തി വൈവിധ്യം ആർന്ന വിഷയങ്ങളെ പറ്റി മലയാളത്തിൽ സ്ഥിരമായി എഴുതുന്നു. ആറു പുസ്തകങ്ങൾ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റു അവാർഡുകൾ -എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളില്‍ ഗീതാ ഹിരണ്യന്‍ അവാര്‍ഡ് സുനില്‍ ഉപാസനയുടെകക്കാടിന്റെ പുരാവൃത്തം (ചെറുകഥ), ജി എന്‍ പിള്ള അവാര്‍ഡിന് രവിചന്ദ്രന്‍ സിയുട ബുദ്ധനെ എറിഞ്ഞകല്ല് (വൈജ്ഞാനിക സാഹിത്യം) എന്നീ പുസ്തകങ്ങളും അര്‍ഹമായി.

മറ്റ് പുരസ്‌കാരങ്ങള്‍; സാവിത്രി രാജീവന്‍ – അമ്മയെകുളിപ്പിക്കുമ്പോള്‍(കവിത), ഡോ. സാംകുട്ടി പട്ടംകരി- ലല്ല (നാടകം), എസ് സുധീഷ്- ആശാന്‍ കവിത; സ്ത്രീപുരുഷസമവാക്യങ്ങളിലെ കലാപം ( സാഹിത്യവിമര്‍ശനം), ഫാ. വി പി ജോസഫ് വലിയവീട്ടില്‍- ചവിട്ടുനാടക വിജ്ഞാനകോശം (വൈജ്ഞാനിക സാഹിത്യം), ഡോ. ചന്തവിള മുരളി- ഒരു സമഗ്രജീവചരിത്രം(ജീവചരിത്രം), സി എം രാജന്‍- പ്രണയവും മൂലധനവും(വിവര്‍ത്തനം), കെ ടി ബാബുരാജ്- സാമൂഹ്യപാഠം( ബാലസാഹിത്യം)

എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍;  ഐ സി ചാക്കോ അവാര്‍ഡ് -ഡോ പി എ അബൂബക്കര്‍, കനകശ്രീ അവാര്‍ഡ്- ആര്യാഗോപി, രശ്മി ബിനോയി, സി ബി കുമാര്‍ അവാര്‍ഡ്- രവിമേനോന്‍, കെ ആര്‍ നമ്പൂതിരി അവാര്‍ഡ്- ഡോ കെ പി ശ്രീദേവി, കുറ്റിപ്പുഴ അവാര്‍ഡ്- ഡോ പി സോമന്‍, തുഞ്ചന്‍സ്മാരക പ്രബന്ധമത്സരം- സിസ്റ്റര്‍. അമു ഡേവിഡ്.
 

കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്റെ അദ്ധ്യക്ഷതയില് ചേര്ന്ന ജനറല് കൗണ്സിലാണ് അവാര്ഡുകള് തീരുമാനിച്ചത്.മുരളി തുമ്മാരുകുടിയുടെ അവാർഡിന് സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രഡ്‌സ് സ്വിറ്റ്സർലൻഡ് അഭിനന്ദനം രേഖപ്പെടുത്തി .