Entertainment

മാണിക്യ മലരായ പൂവി… ആ പാട്ടെഴുത്തുകാരന്‍ ഇവിടെയുണ്ട്

മാണിക്യ മലരായ പൂവി എന്ന ഗാനം മൂന്ന് ദിവസം കൊണ്ട് കണ്ടത് മുപ്പത് ലക്ഷം പേരാണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനം ഹിറ്റാകുമ്പോള്‍ പാട്ടെഴുത്തുകാരന്‍ അറുപത് വയസ്സ് പിന്നിട്ട് സൗദിയിലെ റിയാദിലുണ്ട്. 15 വര്‍ഷമായി ചെറിയൊരു ബഖാലയില്‍ ജീവിതം പച്ചപിടിപ്പിക്കാനുള്ള തിരക്കിലാണദ്ദേഹം. ഇരുപതാമത്തെ വയസ്സിലെഴുതിയ പാട്ട് നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റാകുമ്പോള്‍ തൃപ്തനാണ് പി.എം.എ ജബ്ബാര്‍ എന്ന ഉസ്താദ്.

സത്താർ മാവൂർ എന്ന മാപ്പിളപ്പാട്ട്​ ഗായകന്റെ സഹായത്തോടെയാണ്​ റിയാദിലെ മലസിലുള്ള ഹിറ്റ് പാട്ടിന്റെ എഴുത്തുകാരനെ കണ്ടെത്തിയത്. ഞങ്ങളെത്തുന്പോഴും അദ്ദേഹം എഴുത്തിന്റെ തിരക്കിലാണ്. പാട്ടല്ല, കടയിലേക്ക് നാളത്തേക്ക് വേണ്ട സാധനങ്ങളുടെ പട്ടിക. ഇരുപതാമത്തെ വയസ്സില്‍ എഴുതിയ വരികള്‍ ഒരു പുസ്കത്തില്‍ അദ്ദേഹം വീണ്ടും ഞങ്ങള്‍ക്കായി പകര്‍ത്തി. പിന്നെ പാടി

പതിനാറാം വയസ്സുമുതല്‍ പാട്ടെഴുത്ത് തുടങ്ങിയ ജബ്ബാര്‍ ഇതിനകമെഴുതിയത് നിരവധി പാട്ടുകള്‍. മദ്രസയില്‍ പഠിപ്പിച്ചിരുന്നതിനാല്‍ തൃശൂർ ജില്ലയിലെ കരുപ്പടന്നക്കാരനായ ജബ്ബാര്‍ ബഖാലയിലെത്തുന്നവര്‍ക്ക് ഉസ്താദാണ്. മൂന്നുമാസം മുമ്പാണ്, സിനിമക്ക്​വേണ്ടി ഈ പാട്ടിനുള്ള അന്വേഷണമെത്തിയത് മാപ്പിളപ്പാട്ടുകാരന്‍‌ റഫീഖ് വഴി. പാട്ടിനെക്കുറിച്ച ചര്‍ച്ചകളും വിശേഷങ്ങളും കത്തിക്കയറുന്പോഴും ജബ്ബാര്‍ ഉസ്താദ് അതിലേക്കൊന്നുമില്ല. കുടുംബത്തിനന്നം നല്‍കാന്‍ തിരക്കിട്ട ജോലിയിലായതിനാല്‍ സോഷ്യല്‍ മീഡിയയിലുമില്ല. പാട്ട് വീണ്ടും ഹിറ്റായതിന്റെ തൃപ്തിയുണ്ട്. മനസ്സ് നിറയെ.