Health India

ഭക്ഷണസാക്ഷരത എന്ന് കൈവരിക്കും മലയാളി

നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യമെന്നാണ് പഠിച്ചുവെച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് മലയാളിയുടെ ഭക്ഷണശീലം കേരളത്തെ രോഗികളുടെ സ്വന്തം നാടാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ജീവിതശൈലി രോഗങ്ങളുടെ പിടിയിലകപ്പെടാനുള്ള പ്രധാനകാരണം ഭക്ഷണസാക്ഷരതയില്ലാത്തതാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ പക്ഷം.

കഴിഞ്ഞ 20 വര്‍ഷമായി മാത്രം മലയാളി കേട്ട് തുടങ്ങിയ ചില രോഗങ്ങളുണ്ട്. കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിങ്ങനെ നീണ്ടുപോകുന്ന രോഗങ്ങളാണ് മലയാളിക്ക് മാറിയ ഭക്ഷണശീലങ്ങള്‍ സമ്മാനിക്കുന്നത്. ടിന്‍ഫുഡും ഫാസ്റ്റ് ഫുഡും കുപ്പിയിലടച്ച ശീതളപാനിയങ്ങളും മലയാളിയുടെ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പാശ്ചാത്യരെ അനുകരിച്ച് കഴിച്ച് തുടങ്ങിയതും മാറിയ ജീവിത സാഹചര്യങ്ങള്‍ നിര്‍ബന്ധിതമാക്കിയതുമായ ഭക്ഷണങ്ങള്‍ ദഹനപ്രശ്നങ്ങളിലേക്കും ഉദര രോഗങ്ങളിലേക്കുമാണ് മലയാളികളെ കൂട്ടിക്കൊണ്ടുപോയത്
ആഹാരങ്ങളില്‍ കലരുന്ന മായവും മലയാളികളെ രോഗികളാക്കുന്നു. പലതും ക്യാന്‍സറിന് പോലും കാരണമാകുന്നു.

ആസ്വദിച്ച് ഭക്ഷണം കഴിച്ച് ആശുപത്രികളിലേക്ക് എത്തുന്നവരായി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു. ആഹാരനിയന്ത്രണവും വ്യായാമവും മാത്രമാണ് ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ഏകപ്രതിവിധി. ബോധവല്‍ക്കരണത്തിന്‍റെ കുറവും ഇത്തരം ഭക്ഷണശീലങ്ങളിലേക്ക് എത്താന്‍ കാരണമായിട്ടുണ്ട്. ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ അടക്കം ബോധവല്‍ക്കരണം നടത്തണമെന്നാണ് ആരോഗ്യരംഗത്തെ വിഗദ്ധരുടെ അഭിപ്രായം.