Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

Page-1 Page-2 Page 3 -Page 4 -Page-5- Page-6 -Page-7 -Page-8 -Page -9 -Page-10  Page-11 -Page-12 -Page-13 page-14

Page-15 Page-16

About Muralee Thummarukudy -The writer

Muralee Thummarukudy, originally from, Kerala, is currenlty working in Geneva, Switzerland. His background and blogs can be read @  http://www.muraleethummarukudy.com

മുന്നേ ചാടിയ കപ്പിത്താന്‍

മുരളി തുമ്മാരുകുടി


ചില ജോലികളെ മറ്റു ചില ജോലികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത് അതിന്റെ സുദീര്‍ഘമായ പാരമ്പര്യവും അതിനോടനുബന്ധിച്ചുള്ള അനുഷ്ഠാനങ്ങളും ആണ്. സ്വന്തം ശത്രുവിനെപ്പോലും ചികിത്സിക്കണം എന്ന വൈദ്യന്‍മാരുടെ ഉത്തരവാദിത്വവും കുമ്പസാര രഹസ്യങ്ങള്‍ അധികാരികള്‍ക്ക് പറഞ്ഞുകൊടുക്കാത്ത പുരോഹിതന്മാരുടെ പതിവും എല്ലാം ഈ കൂട്ടത്തില്‍പ്പെടുന്നു. ഈ പാരമ്പര്യങ്ങൡ ചിലതെല്ലാം സ്വയം ജീവന്‍ പണയം വെക്കേണ്ടതും ആയിരുന്നു. അങ്ങനെയുള്ള പാരമ്പര്യമാണ് ആ തൊഴിലുകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് മാന്യത നല്‍കിയത്.

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം ഉദ്ഘാടനം ചെയ്തത് കൊല്ലവര്‍ഷം 1115-ല്‍ ആണ്. അന്ന് തിരുവിതാംകൂറിലെ ഏറ്റവും വലിയ പാലം ആയിരുന്നതിനാലും പുതിയ നിര്‍മ്മാണസാമഗ്രികളും ഡിസൈനും എല്ലാം ആയിരുന്നതിനാലും പാലം ശക്തിമത്തല്ല എന്ന് നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നുവത്രെ. അതിനാല്‍ ഉദ്ഘാടനദിവസം പാലത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ച എഞ്ചിനീയര്‍ സ്വന്തം ഭാര്യയേയും കൊച്ചുകുട്ടിയേയും കൂട്ടി ഒരു ചെറിയ വള്ളത്തില്‍ പാലത്തിന് അടിയില്‍ ഇരുന്നുവെന്നും പാലത്തിനുമുകളിലൂടെ പതിനഞ്ച് ആനകളെ നടത്തിയെന്നും പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇക്കാലത്ത് കോണ്‍ക്രീറ്റ് പാലങ്ങള്‍ സര്‍വ്വസാധാരണം ആയതിനാല്‍ ആളുകള്‍ ഈ ലോഡ് ടെസ്റ്റിംഗ് ആവശ്യപ്പെടാറില്ല. അഥവാ ആവശ്യപ്പെട്ടാല്‍ താഴെയിരിക്കാന്‍ എഞ്ചിനീയര്‍മാരെ കിട്ടാനും സാധ്യതയില്ല. കാരണം കോണ്‍ട്രാക്ടര്‍മാര്‍ സിമന്റ് എത്ര മുക്കിയെന്ന് പാവം ഡിസൈന്‍ എഞ്ചിനീയര്‍ക്ക് അറിയില്ലല്ലോ?

ഏതാണെങ്കിലും പാലം ഇടിഞ്ഞുവീണ് സിവില്‍ എഞ്ചിനീയര്‍മാര്‍ മരിച്ച പാരമ്പര്യം ഇന്ത്യയില്‍ ഇല്ല. പക്ഷെ മറ്റൊരു പാരമ്പര്യത്തിന് മാതൃക ഇന്ത്യയില്‍ ഉണ്ട്. മല തുരന്ന് തുരങ്കം ഉണ്ടാക്കുന്നത് എല്ലാക്കാലത്തേയും സിവില്‍ എഞ്ചിനീയറിങ് ചലഞ്ച് ആണ്. പ്രോജക്ട് വേഗം തീര്‍ക്കാന്‍ വേണ്ടി മലയുടെ രണ്ട് അറ്റങ്ങളില്‍ നിന്നും ഒരേ സമയത്താണ് ടണലിംഗ് ആരംഭിക്കുന്നത്. അവസാനം അവ ഒരുമിച്ച് കൂട്ടിമുട്ടണമല്ലോ. പക്ഷേ ഇതൊരു എളുപ്പപ്പണിയല്ല. പണ്ടുകാലത്ത് ഒരു കോംപസ് മാത്രം വെച്ചാണ് അലൈന്‍മെന്റ് ചെയ്തിരുന്നത്. മലയുടെ ഉള്ളിലുള്ള പാറകളിലെ ലോഹങ്ങളുടെയും മറ്റും സാന്നിധ്യം കാരണം ഇതില്‍ ചെറിയ വ്യതിയാനം ഉണ്ടാകും. ഇതുമൂലം പണിതു വരുമ്പോള്‍ രണ്ടറ്റത്തു നിന്നും എത്തുന്ന തുരങ്കങ്ങള്‍ വിചാരിച്ച പോലെ കൂട്ടിമുട്ടില്ല. ഇങ്ങനെ സംഭവിക്കുന്നത് വലിയ പ്രൊഫഷണല്‍ അപമാനം ആയിട്ടാണ് സിവില്‍ എഞ്ചിനീയര്‍മാര്‍ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ അങ്ങനെ സംഭവിച്ചാല്‍ ചീഫ് എഞ്ചിനീയര്‍ സ്വയം വെടിവെച്ചുമരിക്കുന്ന ഒരു പാരമ്പര്യം സിവില്‍ എഞ്ചിനീയറിംഗില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ സിംലയില്‍ നിന്നും കാല്കയിലേക്കുള്ള റെയില്‍വേ നിര്‍മ്മാണത്തിനു നേതൃത്വം വഹിച്ച ബ്രിട്ടീഷ് എഞ്ചിനീയര്‍ ബാരോഗ് ഇത്തരം ഒരു സ്വയം തെറ്റിന്റെ പേരില്‍ വെടിവെച്ചു മരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി സിംല-കാല്‍ക്ക റൂട്ടിലെ 102 ടണലുകളില്‍ ഏറ്റവും നീളമുള്ളതിനെ ബാരോഗ് തുരങ്കം എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

1981-ല്‍ സിവില്‍ എഞ്ചിനീയറിങ് പഠിക്കാന്‍ പോയ എന്നെ ആരും ആ ചരിത്രം ഒന്നും പഠിപ്പിച്ചില്ല. അത് കഷ്ടമായിപ്പോയി. സ്വന്തം പ്രൊഫഷന്റെ മഹനീയ ചരിത്രവും പാരമ്പര്യവും ഒക്കെ അറിയുമ്പോഴാണ് ആളുകള്‍ അതിനൊത്ത് ജീവിക്കാന്‍ ശ്രമിക്കുന്നത്. നമ്മുടെ പൂര്‍വ്വികര്‍ക്കോ കുടുംബത്തിനോ അപമാനം ഉണ്ടാക്കാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കണമെങ്കില്‍ മഹനീയമായ പാരമ്പര്യം ഉണ്ടാവുകയും അതു പുതിയ തലമുറ അറിയുകയും വേണമല്ലോ.

ഒരു കണക്കിനതു നന്നായി എന്നും തോന്നാറുണ്ട്. ഇപ്പോള്‍ സിവില്‍ എഞ്ചിനീയറിംഗ് (എല്ലാ എഞ്ചിനീയറിങും) പഠിക്കുന്ന കൂടുതല്‍ ആളുകളും ഐ.ടി.വ്യവസായത്തിലാണല്ലോ. പാലം പൊളിയുമ്പോഴും ടണല്‍ അലൈന്‍മെന്റ് തെറ്റുമ്പോഴും സ്വന്തം ജീവന്‍ കൊണ്ട് അതിനു പ്രായശ്ചിത്തം ചെയ്യുന്ന ഈ മനോഭാവം ഐ.ടി. ലോകത്ത് എത്തിയാല്‍ കുഴപ്പമാകും. പുതിയ പ്രോഗ്രാം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ അതില്‍ വല്ല ബഗ്ഗും ഉണ്ടായാല്‍ കോഡ് എഴുതിയ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്യും എന്നു തീരുമാനിച്ചാല്‍ ബാംഗ്ലൂര്‍ ഇന്ത്യയുടെ ആത്മഹത്യാ തലസ്ഥാനം ആയേനേ!

എഞ്ചിനീയറിംഗില്‍ മാത്രമല്ല ഇങ്ങനെ ജീവന്‍ എടുക്കുന്ന പാരമ്പര്യം ഉണ്ടായിരുന്നത്. ജപ്പാനിലെ പ്രശസ്തമായ ഒരു പാരമ്പര്യം ആണ് ഫുഗു മത്സ്യത്തിന്റെ പാചകം. ഇവിടെ കുഴപ്പം എന്തെന്നുവെച്ചാല്‍ ഈ മത്സ്യത്തിന്റെ ചില അവയവങ്ങളില്‍ (പ്രത്യേകിച്ചും ലിവറില്‍) മാരകമായ ഒരു വിഷം ഉണ്ട്. അത് പ്രത്യേക തരം കത്തികൊണ്ട് മുറിച്ചു മാറ്റിയിട്ടുവേണം പാചകം ചെയ്യാന്‍ ഈ വിഭവത്തിന് അതിന്റെ ടേസ്റ്റ് കിട്ടുന്നതാകട്ടെ ഈ വിഷത്തിന്റെ ഒരു ചെറിയ അംശം മാംസത്തില്‍ ബാക്കി ഇരിക്കുമ്പോള്‍ ആണ്. അപ്പോള്‍ വിഷം കൂടുതലായി ഭക്ഷണം കഴിക്കുന്ന ആള്‍ മരിക്കാതെയും വിഷം ആകെ എടുത്തുകളഞ്ഞ് മീന്‍ ബോറാക്കാതെയും പാചകം ചെയ്യണമെങ്കില്‍ അസാധാരണ കഴിവു വേണം. മൂന്നു വര്‍ഷത്തെ ട്രെയിനിംഗും കഴിഞ്ഞ് പരീക്ഷ പാസ്സാവുന്നവര്‍ക്കേ ഫുഗുവിനെ പാചകം ചെയ്യാനുള്ള ലൈസന്‍സ് കൊടുക്കുകയുള്ളൂ. പാരമ്പര്യമനുസരിച്ച് ഈ മത്സ്യം കഴിച്ചതിനുശേഷം ആരെങ്കിലും മരിച്ചാല്‍ അത് പാചകം ചെയ്ത ഷെഫ് മീന്‍ മുറിക്കുന്ന കത്തി ഉപയോഗിച്ച് ആത്മഹത്യ ചെയ്യണമായിരുന്നുവത്രെ. ഫുഗു മത്സ്യത്തിന്റെ ഉപയോഗം ഇപ്പോഴും ജപ്പാനില്‍ വ്യാപകം ആണ്. ഫുഗു മത്സ്യം കഴിച്ചുള്ള മരണങ്ങള്‍ ഇപ്പോഴും സംഭവിക്കുന്നുണ്ടെങ്കിലും അത് വീടുകളില്‍ ആളുകള്‍ സ്വയം പാചകം ചെയ്യുമ്പോഴാണ്. (കൂട്ടത്തില്‍ പറയട്ടെ വിഷം ഇല്ലാത്ത ഫുഗു മത്സ്യത്തെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച് എടുത്തിട്ടുണ്ട്. പക്ഷെ ഈ വിഷവും പാരമ്പര്യവും ഇല്ലെങ്കില്‍ എന്തു ഫുഗു എന്നതാണ് ജപ്പാനിലെ ഷെഫുകാരുടെ ചോദ്യം. അതിനാല്‍ പുതിയ മത്സ്യത്തിന് ഡിമാന്റ് ഇല്ല.)

ജീവന്‍ കളയുന്ന പാരമ്പര്യത്തിലെ ഏറ്റവും പഴയതും ഇപ്പോഴും ആളുകള്‍ വിശ്വസിക്കുന്നതുമായ ഒന്ന് കപ്പിത്താനും കപ്പലും തമ്മിലുള്ള ബന്ധം ആണ്. മുങ്ങുന്ന കപ്പലിനോടൊപ്പം പോകണമെന്നോ ചുരുങ്ങിയത് മുങ്ങുന്ന കപ്പലിലെ അവസാനത്തെ ആളെയും രക്ഷിച്ചിട്ടുവേണം കപ്പിത്താന്‍ സ്വജീവന്‍ രക്ഷപ്പെടുത്താന്‍ നോക്കേണ്ടത് എന്നുമാണ് പൊതുവെയുള്ള പാരമ്പര്യം. ടൈറ്റാനിക് വെള്ളത്തില്‍ മുങ്ങുമ്പോള്‍ അക്ഷോഭ്യനായി അതിനോടൊപ്പം മറഞ്ഞ ക്യാപ്റ്റന്‍ എഡ്വേര്‍ഡ് സ്മിത്ത് ഇതിലെ ഒരു കണ്ണി ആണ്. 1971-ലെ ഇന്തോ-പാക് യുദ്ധകാലത്ത് പാക് സൈന്യത്തിന്റെ ടോര്‍പിടോ ഏറ്റ് മുങ്ങിയ ഐ.എന്‍.എസ്. കുക്രിയുടെ ക്യാപ്റ്റനായിരുന്ന മഹേന്ദ്രനാഥ് മുള്ളയും രക്ഷപ്പെടാന്‍ സാധ്യത ഉണ്ടായിരുന്നിട്ടും സ്വന്തം കപ്പലിനോടും അതില്‍ കുടുങ്ങിയ സഹപ്രവര്‍ത്തകരോടും ഒപ്പം മുങ്ങിത്താഴാനാണ് തീരുമാനിച്ചത്. ചെരിഞ്ഞ് വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിന്റെ അമരത്ത് ഒരു മഹത്തായ നാവിക പാരമ്പര്യത്തെ മുറുകെപ്പിടിച്ച് വെള്ളത്തില്‍ മറഞ്ഞ ക്യാപ്റ്റന്‍ മുള്ള ഇന്ത്യന്‍ നേവിയുടെ ഇതിഹാസത്തിന്റെ ഭാഗമാണ്. അന്നും പില്‍ക്കാലത്തും ഉള്ള നാവികന്‍മാരുടെ ആരാധനാപാത്രവും.

കാര്യങ്ങള്‍ പക്ഷെ മാറുകയാണ്. കഴിഞ്ഞ ജനവരിയില്‍ ഇറ്റലിയുടെ തീരത്ത് കടലിനടിയിലെ പാറയില്‍ ഇടിച്ചുമറിഞ്ഞ കോസ്റ്റ് കോണ്‍ കോര്‍ഡിയ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ഫ്രാഞ്ചെസ്‌കോ ചെട്ടിനോ കപ്പലിലുള്ള നാലായിരത്തിലധികം പേരും രക്ഷപ്പെടുന്നതിനുമുമ്പേ രക്ഷപ്പെടാന്‍ ആരെങ്കിലും പ്രത്യേകിച്ച് സ്ത്രീകളോ കുട്ടികളോ ബാക്കിയുണ്ടോ എന്ന് തിരക്കാതെ ലൈഫ് ബോട്ടില്‍ എത്തി. കപ്പലിനോടൊപ്പം അവസാനം വരെ താന്‍ ഉണ്ടാകുമെന്ന് അദ്ദേഹം ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിനോട് വിളിച്ചു പറഞ്ഞിരുന്നു. പക്ഷെ കുറച്ചു സമയത്തിനുശേഷം അദ്ദേഹത്തെ ലൈഫ് ബോട്ടില്‍ കണ്ട കോസ്റ്റ് ഗാര്‍ഡിനോട് താന്‍ കപ്പലിനോടൊപ്പം നില്ക്കാന്‍ ഉദ്ദേശിച്ചിരുന്നു എന്നും പക്ഷെ ആളുകളെ രക്ഷപ്പെടുത്തുന്നതിനിടക്ക് എങ്ങനെയോ ലൈഫ് ബോട്ടില്‍ പോയി വീണതാണന്നുമാണ് അദ്ദേഹം പറഞ്ഞത്. വീണ സ്ഥിതിക്ക് ഇനി ലൈഫ് ബോട്ടില്‍ നിന്നാകാം മേല്‍നോട്ടം എന്ന് അദ്ദേഹം തീരുമാനിച്ചുവത്രെ. വീണതു വിദ്യയാക്കാം എന്ന പഴഞ്ചൊല്ല് ഇറ്റലിയില്‍ ഉണ്ടോ എന്തോ ആവോ?

ഒരു സുരക്ഷാവിദഗ്ധന്‍ എന്ന നിലക്ക് കപ്പലിനോടൊപ്പം ക്യാപ്റ്റന്‍ മുങ്ങിത്താഴണമെന്നോ കമ്പ്യൂട്ടര്‍ ഹാംഗ് ആയാല്‍ ഹാര്‍ഡ്‌വെയര്‍ എഞ്ചിനീയര്‍ ഹാംഗ് ചെയ്യണമെന്നോ എനിക്ക് അഭിപ്രായം ഇല്ല. അതൊരു വ്യക്തപരമായ തീരുമാനമാണ് പ്രൊഫഷണല്‍ നിര്‍ദ്ദേശമല്ല. പക്ഷെ സ്വന്തം മേല്‍നോട്ടത്തിലുള്ള ആളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. അത് ചെയ്യാത്തത് വ്യക്തിപരവും ധാര്‍മികമായ കുറ്റവും ആണ്. അങ്ങനെ ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തില്‍ മേല്‍നോട്ടം വേറെ ആരെയെങ്കിലും ഔദ്യോഗികമായി ഏല്പിക്കുക എന്നതാണ് ഒരു പ്രൊഫഷണലിനു മിനിമം ചെയ്യാവുന്ന കാര്യം എന്നാണ് ഞങ്ങള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും...

സാന്താക്ലോസിന്റെ രാജ്യം

മുരളി തുമ്മാരുകുടി


യൂറോപ്പിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യമാണ് ഫിന്റലാന്റ്. ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിന്‍ലാന്റില്‍ അറിയുന്നത് ഒരു കമ്പനിയുടെ പേരിലാണ്. 'നോക്കിയ'. അതീവ ശൈത്യമുള്ള വടക്കന്‍ യൂറോപ്യന്‍ രാജ്യം ആയതിനാലും അതികഠിനമായ ഫിന്നിഷ് ഭാഷ ഉള്ളതിനാലും മലയാളികള്‍ ഇവിടെ അധികം പോകാറുമില്ല, അവരെപ്പറ്റി അറിയാറും ഇല്ല.

പക്ഷെ അറിഞ്ഞിരിക്കേണ്ട ഒരു രാജ്യം ആണ് ഫിന്‍ലാന്റ്. ലോകത്തിലെ പുരോഗമനപരമായ അനവധി ആശയങ്ങളുടെ ഉറവിടവും പ്രയോഗസ്ഥലവും ആണീ രാജ്യം. 1906-ല്‍ ലോകത്തില്‍ ആദ്യമായി പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശം നല്‍കിയത് ഈ രാജ്യം ആണ്. ശിശുമരണനിരക്ക് പൊതുജീവിതത്തില്‍ (രാഷ്ട്രീയത്തില്‍ ഉള്‍പ്പെടെ) സ്ത്രീകളുടെ സാന്നിധ്യം, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ലോകത്തിലെ ഏറെ അനുകരണീയമായ ഒരു മാതൃകയാണ് ഈ രാജ്യം. ചുമ്മാതല്ല ക്രിസ്മസ് അപ്പൂപ്പന്‍ ആയ സാന്താക്ലോസ് ഇവിടെ ജീവിക്കാം എന്നു വെച്ചത്. ഫിന്‍ലാന്റിലെ വടക്കന്‍ പ്രദേശമായ ലാപ്ലാന്റില്‍ ആണ് സാന്താക്ലോസ് ജീവിക്കുന്നത് എന്നാണ് വിശ്വാസം. സാന്താക്ലോസിന്റെ രാജ്യം കാണാനുള്ള ടൂറിസം ഫിന്‍ലാന്റിലെ ഒരു പ്രധാന വരുമാനമാര്‍ഗം ആണ്.

2003-ല്‍ ജനീവയില്‍ ജോലിക്ക് എത്തിയതിനുശേഷമാണ് ഞാന്‍ ഫിന്‍ലാന്റിനെപ്പറ്റി അടുത്തറിയുന്നത്. എന്റെ ഓഫീസിലെ ഏറ്റവും ഉന്നതനായ ഒരുദ്യോഗസ്ഥന്‍ ഫിന്‍ലാന്റിലെ ഒരു മുന്‍മന്ത്രി ആയിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത മുറിയാണ് എനിക്ക് ലഭിച്ചത്. പക്ഷെ ഞാന്‍ അവിടെ ജോലി ചെയ്യാന്‍ തുടങ്ങി ഒരുമാസം കഴിഞ്ഞിട്ടും അദ്ദേഹത്തെ കണ്ടില്ല. പക്ഷെ ഒരു ദിവസം ഒരു നിക്കറും ടീഷര്‍ട്ടും ഇട്ട് ഒരു സൈക്കിളും പൊക്കിപ്പിടിച്ച് ഒരാള്‍ ആ മുറിയിലേക്ക് കയറിപ്പോകുന്നത് ഞാന്‍ കണ്ടു. നാട്ടിലെ മന്ത്രിമാരെയും മുന്‍മന്ത്രിമാരെയും ഒക്കെക്കണ്ടു പരിചയിച്ച എനിക്ക് അത് ഫിന്‍ലാന്റിലെ മുന്‍മന്ത്രി ആയിരിക്കും എന്നു വിശ്വസിക്കാനേ പറ്റിയില്ല. ഏഴാം നിലയിലേക്ക് സൈക്കിളും ആയി വന്ന ഏതോ 'ക്രാക്ക്' ക്യാരക്ടറാണെന്ന് ഞാന്‍ കരുതി.
'ആരാണ് ആ മുറിയിലേക്ക് പോയത് ' ഞാന്‍ എന്റെ സഹപ്രവര്‍ത്തകനോടു ചോദിച്ചു.
'അതാണ് പെക്ക ഹാവിസ്റ്റേ' ഐക്യരാഷ്ട്രസഭയുടെ യുദ്ധാനന്തരപര്യാവരണപഠനകേന്ദ്രത്തിന്റെ സ്ഥാപക ചെയര്‍മാന്‍ ..'
ഞാന്‍ അന്തംവിട്ടു.

പില്‍ക്കാലത്ത് അദ്ദേഹത്തോടൊപ്പം ലോകത്തെ പല യുദ്ധഭൂമികളിലും യാത്രചെയ്യാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. യുദ്ധത്തിന്റെ തന്ത്രം, നയതന്ത്രം എന്നിവയിലുള്ള അഗാധമായ അറിവ്, രാഷ്ട്രത്തലവന്‍മാരുമായുള്ള അദ്ദേഹത്തിന്റെ പരിചയം, എഴുത്തിലും പ്രസംഗത്തിലും ഉള്ള പാടവം ഇതെല്ലാമുണ്ടായിട്ടും കാത്തുസൂക്ഷിക്കുന്ന എളിമ എന്നിവ എന്നെ അതിശയപ്പെടുത്തി.

ഇതെല്ലാം ഞാന്‍ ഇപ്പോള്‍ പറയാന്‍ കാരണം അടുത്ത ആഴ്ച ഫിന്‍ലാന്റിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. മത്സരിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ പെക്കാ ഹാവിന്റോ ആണ്. ഫിന്‍ലാന്റിലോ ഫിന്നിഷ് രാഷ്ടീയത്തിലോ ഒരു ശരാശരി മലയാളിക്ക് ഒരു താല്പര്യവും ഉണ്ടാകേണ്ടതില്ല. പക്ഷെ ഫിന്‍ലാന്‍ഡിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള പല വിഷയങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്.

ഒന്നാമത്തെകാര്യം ഫിന്‍ലാന്റിലെ ഭരണരീതിയാണ്. യൂറോപ്പിലെ പല രാജ്യങ്ങളും പേരിന് ഒരു രാജാവിനെ വച്ച് ഭരണം നടത്തുമ്പോള്‍ ഏറെ പാരമ്പര്യം ഉണ്ടായിട്ടും ഫിന്‍ലാന്റ് രാജാവിനെ വാഴിക്കാന്‍ പോയില്ല. പ്രസിഡന്റ് ആണ് രാഷ്ട്രത്തലപ്പത്ത് (ഇപ്പോള്‍ അത് ഒരു സ്ത്രീ ആണ്) . പക്ഷെ ഫിന്‍ലാന്റിലെ ഭരണരീതി ഒരു പ്രസിഡന്‍ഷ്യല്‍ ഭരണമല്ല. പാര്‍ലിമെന്റും പ്രധാനമന്ത്രിയും ആണ് കൂടുതല്‍ അധികാരം കയ്യാളുന്നത്. പക്ഷെ നമ്മുടെ പാര്‍ലമെന്ററി രീതിപോലെ അല്ല പ്രസിഡന്റിനെ നേരിട്ട് ജനങ്ങള്‍ ആണ് തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ധാര്‍മികവും പ്രായോഗികവുമായ പല അധികാരങ്ങളും അദ്ദേഹത്തിനുണ്ട്. വിദേശകാര്യത്തിലും പ്രതിരോധത്തിലും മുന്‍കൈപ്രസിഡന്റിനാണ്. എല്ലാ ഫിന്‍ലാന്റുകാരും വോട്ടുചെയ്യുന്ന ഒരേ സ്ഥാനം ഇതായതിനാല്‍ രാജ്യത്ത് പൊതുവെ സമ്മതനായ ഒരാള്‍ക്കേ ഈ സ്ഥാനത്ത് എത്താന്‍ പറ്റുകയുള്ളൂ. തിരഞ്ഞെടുപ്പിന്റെ രീതി കാരണം 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടു കിട്ടുന്ന ആളേ വിജയിക്കുകയുള്ളൂ. അപ്പോള്‍ രണ്ടില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവുകയും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകിട്ടാതിരിക്കുകയും ചെയ്താല്‍ ഒരു രണ്ടാം ഘട്ടതിരഞ്ഞെടുപ്പ് വേണ്ടി വരും. ഈ മാതൃകയെപ്പറ്റി ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. നമ്മള്‍ അനുകരിക്കേണ്ട ഒന്നാണെന്നാണ് എന്റെ അഭിപ്രായം.

പെക്ക ഹാവിസ്റ്റോ ഫിന്‍ലാന്റിലെ ഗ്രീന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിച്ചത്. ഇപ്പോള്‍ ലോകത്ത് പലയിടത്തും പര്യാവരണവിഷയങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഗ്രീന്‍പാര്‍ട്ടികള്‍ക്ക് പാര്‍ലിമെന്ററി പ്രാതിനിധ്യവും മന്ത്രിസ്ഥാനവും ഒക്കെ ഉണ്ടെങ്കിലും 1995-ല്‍ പെക്ക മന്ത്രിയാകുന്ന സമയത്ത് (അന്ന് അദ്ദേഹത്തിന് 37 വയസാണ്) ലോകത്തിലെ ആദ്യത്തെ ഗ്രീന്‍പാര്‍ട്ടി മന്ത്രിയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്രരംഗത്തെ ഏറെ നാളത്തെപരിചയവും ഫിന്‍ലാന്റിലെ രാഷ്ട്രീയത്തിലെ പാരമ്പര്യവും കൂടാതെ പെക്കയെ വേറിട്ടുനിര്‍ത്തുന്ന ഒരു കാര്യം ഉണ്ട്. അദ്ദേഹം ഒരു സ്വവര്‍ഗ അനുരാഗിയാണ്. പക്ഷെ ഇതൊരു രഹസ്യം അല്ല. ഗവണ്‍മെന്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും അറിയുന്ന ഒരു പാര്‍ട്ണര്‍ഷിപ്പില്‍ ആണ് ഇദ്ദേഹം ജീവിക്കുന്നത്. ലോകത്തിലെ പകുതി രാജ്യങ്ങളില്‍ വധശിക്ഷ മുതല്‍ ചാട്ടയടി വരെ കിട്ടാവുന്ന കുറ്റം ആണല്ലോ സ്വവര്‍ഗ അനുരാഗം.പല മതങ്ങളിലും ഇതു പാപവും ആണ്. സ്വവര്‍ഗാനുരാഗം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളില്‍പോലും പൊതുജീവിതത്തില്‍ ഉള്ളവര്‍ ഇതു മറച്ചുവക്കാറാണ് പതിവ്. പക്ഷെ ഫിന്‍ലാന്റില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയിക്കുന്ന പെക്കക്ക് ഇത് ഒരിക്കലും ഒരു വിഷയമോ തടസ്സമോ ആയിട്ടില്ല.

എന്നാണ് ലോകം എല്ലാത്തരം ആളുകളേയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഫിന്‍ മാതൃകയില്‍ എത്തിച്ചേരുന്നത് ?

പെക്ക പ്രസിഡന്റ് ആയിട്ടുവേണം സാന്താക്ലോസുമായി ഒരു ഇന്റര്‍വ്യൂ സംഘടിപ്പിച്ച് എടുക്കാന്‍. പ്രസിഡന്റ് വിചാരിച്ചാല്‍ പറ്റാത്ത കാര്യം ഉണ്ടോ?

കാര്യം പെക്ക ജയിക്കുന്നത് എനിക്ക് ഇഷ്ടമാണെങ്കിലും തുറന്നജനാധിപത്യത്തിന്റെ വിജയം ആണ് എന്നെ കൂടുതല്‍ സന്തോഷവാന്‍ ആക്കുന്നത്. ജയിക്കുന്നത് ആരായാലും.

ഫിന്‍ലാന്റിനെപ്പറ്റിപ്പറയുമ്പോള്‍ ഒരു വിചിത്രമായ കാര്യം കൂടി പറയാതെ വയ്യ. നോക്കിയയുടെ രാജ്യം ആണ് ഫിന്‍ലാന്റ് എന്ന് നേരത്തേ പറഞ്ഞല്ലോ. ഫിന്‍ലാന്റിലെ ഒരു പോപ്പുലര്‍ സ്‌പോര്‍ട്ട് ഐറ്റം സെല്‍ഫോണും ആയി ബന്ധപ്പെട്ടതാണ്. ഒരു സെല്‍ഫോണ്‍ എത്രദൂരത്തില്‍ എറിയാന്‍ പറ്റും എന്നതാണ് മത്സരം. ഇതിന് പല വേദികളും പല രൂപങ്ങളും ഉണ്ട്. ചില സ്ഥലങ്ങളില്‍ എല്ലാവരേയും എറിയാന്‍ ഒരേ ബ്രാന്‍ഡ് ടെലഫോണ്‍ കൊടുക്കുന്നു. പക്ഷെ ഏറ്റവും പ്രസിദ്ധമായ 'സെല്‍ഫോണ്‍ എറിയലിന്റെ ലോക ചാമ്പ്യന്‍ഷിപ്പില്‍' നിങ്ങള്‍ക്ക് ഏതു ഫോണും എറിയാം. മുന്നോട്ട് എറിയുന്നതിനും പിന്നോട്ട് എറിയുന്നതിനും ആകര്‍ഷകമായി എറിയുന്നതിനും പ്രത്യേകം മത്സരങ്ങള്‍ ഉണ്ട്.
വിജയികള്‍ക്ക് കിട്ടുന്നത് മെഡലല്ല.
ഒരു ബ്രാന്റ് ന്യൂനോക്കിയ ഫോണ്‍ ..

എന്റെ സഹപ്രവര്‍ത്തകനായ ജൂസി ഒജാല എല്ലാവര്‍ഷവും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഫിന്‍ലാന്റില്‍ പോകാറുണ്ട്. ഒരിക്കല്‍ അദ്ദേഹത്തിന് മൂന്നാം സ്ഥാനം കിട്ടുകയും ചെയ്തു.

ഫിന്‍ലാന്‍ഡിലെ പല കാര്യങ്ങളും അനുകരിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടെങ്കിലും നടക്കുമെന്ന് തോന്നുന്നില്ല. പക്ഷെ ഒരു സെല്‍ഫോണ്‍ എറിയല്‍ മത്സരം വെങ്ങോലയിലെ പടിഞ്ഞാറേ പാടത്ത് നടത്താന്‍ എനിക്ക് പരിപാടിയുണ്ട്.

 

ഒരു ചായ കുടിക്കുമ്പോള്‍ ഓര്‍ക്കേണ്ടത്

മുരളി തുമ്മാരുകുടി


ചൈനയിലേക്ക് യാത്ര ചെയ്യുന്ന ആരും ചെയ്യേണ്ട നാലുകാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി വന്‍മതില്‍ പോയി കാണുക. രണ്ടാമത് പഴയ രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന :ഫോര്‍ബിഡന്‍ സിറ്റി' സന്ദര്‍ശിക്കുക. മൂന്ന് ചൈനയിലെ പാരമ്പര്യ ചികിത്സാകേന്ദ്രം പോയി കാണുക. നാലാമത് അവിടുത്തെ 'ടീ സെറിമണിയില്‍ പങ്കെടുക്കുക'.

എന്താണീ 'ടീ സെറിമണി'?

ചൈനക്കാര്‍ പരമ്പരാഗതമായി ചായ ഉണ്ടാക്കുന്ന രീതിയും അത് അതിഥികള്‍ക്ക് കൊടുക്കുന്ന രീതിയും കാണിക്കുന്നതാണ് 'ടൂ സെറിമണി'. ബീജിംഗിലും മറ്റനവധി ചൈനീസ് നഗരങ്ങളിലും ഇതുണ്ട്. ഈ പരിപാടി ടൂറിസ്റ്റുകള്‍ക്ക് വേണ്ടി ഫ്രീയായി നടത്തുന്നതാണ്. ടീ സെറിമണിക്കുശേഷം വിവിധയിനം ചായപ്പൊടികളുടെയും ചായക്കോപ്പകളുടെയും ചായയുണ്ടാക്കാനുള്ള പാത്രങ്ങളുടെയും പ്രദര്‍ശനവും വില്‍പനയും അവര്‍ നടത്തുന്നു.

ചൈനയില്‍ അനവധി തരം ചായ ഉണ്ട്. ഗ്രീന്‍ ടീ, ജിന്‍സെംഗ് ടീ, ഒലോംഗ് ടീ, ജാസ്മിന്‍ ടീ എന്നിങ്ങനെ. ഇവ ഓരോന്നും ഉണ്ടാക്കുന്ന രീതി വേറെയാണ്. പലതിനും പല ചൂടിലാണ് വെള്ളം തിളപ്പിക്കേണ്ടത്. വ്യത്യസ്ത സമയം ചായപ്പൊടി വെള്ളത്തില്‍ ഇടുകയും വേണം. ഇതെല്ലാം പാരമ്പര്യവും കൃത്യവും ആണ്.

ഒരു ശരാശരി മലയാളി ലോകത്ത് എവിടെയാണെങ്കിലും ദിവസം ആരംഭിക്കുന്നത് ഒരു ചായയില്‍ നിന്നാണ്. കുറേ മലയാളികള്‍ക്ക് എങ്കിലും രാവിലെ ഒരു ചായ കിട്ടിയില്ലെങ്കില്‍ പ്രഭാത കൃത്യങ്ങള്‍ മുമ്പോട്ടുപോവുകയും ഇല്ല. ഇതുകഴിഞ്ഞാല്‍പിന്നെ ഇടക്ക് ഓഫീസിലോ പുറത്തോ ഉള്ള ചായ എന്നിങ്ങനെ ദിവസം പലവട്ടം മലയാളികള്‍ ചായ കുടിക്കുന്നു.

മലയാളിയുടെ ദിനചര്യയില്‍ ഇത്രമാത്രം ഇഴുകിചേര്‍ന്ന ഈ ചായ പക്ഷെ ഒരു നീണ്ട പാരമ്പര്യം അല്ല. എന്റെ അമ്മയുടെ ചെറുപ്പകാലത്ത്, അതായത് 60-70 വര്‍ഷം മുന്‍പുവരെ മിഡില്‍ ക്ലാസ് മലയാളി കുടുംബംഗങ്ങളില്‍ ചായ ഇല്ല. നൂറുവര്‍ഷം മുമ്പത്തെ കാര്യം എടുത്താല്‍ കേരളത്തില്‍ അന്നുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അല്ലാതെ അധികമാരും ചായ കണ്ടിട്ടുകൂടി ഇല്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ രണ്ടു നൂറ്റാണ്ടില്‍ കൂടുതല്‍ താമസിച്ചിരുന്നു. ചിക്കന്‍ ടിക്കയും മുളകുതണ്ണിയും ഉള്‍പ്പെടെ പല ഇന്ത്യന്‍ വിഭവങ്ങളും ബ്രിട്ടീഷ് ഭവനങ്ങളില്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ അവരുടെ അടുക്കളയില്‍ നിന്നും ചായയല്ലാതെ ഒന്നും തന്നെ നമ്മുടെ അടുക്കളയിലേക്ക് വന്നില്ല. അതിന്റെ ഒരു കാരണം ബ്രിട്ടീഷ് അടുക്കളയില്‍ വലിയ വൈവിധ്യം ഒന്നും ഇല്ലാതിരുന്നതാണ്. ഒരു ഫിഷ് ആന്റ് ചിപ്‌സ് അല്ലാതെ മറ്റൊരു വിഭവവും ഒറിജിനല്‍ ബ്രിട്ടീഷ് ആയി ആരും അംഗീകരിച്ചിട്ടില്ല. അതില്‍ തന്നെ ചിപ്‌സിന്റെ ക്രെഡിറ്റ് ഫ്രഞ്ചുകാര്‍ അടിച്ചുമാറ്റി :'ഫ്രഞ്ച് ഫ്രൈ' ആയിട്ട്. ഇതുകൊണ്ട് ഒക്കെയാണ് യൂറോപ്പിലെ ഏറ്റവും ഹോപ്പ്‌ലെസ്‌കുമ്പിന്‍ ആണ് ബ്രിട്ടനിലേത് എന്ന് ഫ്രഞ്ചുകാരും ഇറ്റാലിയന്‍സും ഒക്കെ കളിയാക്കുന്നത്.

കാര്യം എന്താണെങ്കിലും ചായയെ കേരളത്തില്‍ എത്തിച്ചതിന് നമുക്ക് ബ്രിട്ടീഷുകാരോടു നന്ദിപറയണം. ചായപ്പൊടിമാത്രം അല്ല തേയില ചെടിയും ചായയുണ്ടാക്കുന്ന ടെക്‌നോളജിയും എല്ലാം കേരളത്തില്‍ എത്തിച്ചത് ബ്രിട്ടീഷുകാര്‍ ആണ്.

എന്നാല്‍ തേയില ഒരു ബ്രിട്ടീഷ് ചെടിയോ കണ്ടുപിടുത്തമോ അല്ല എന്ന് മിക്കവര്‍ക്കും അറിയാം. ബ്രിട്ടനിലെ ചില ചായ തീവ്രവാദികള്‍ പക്ഷെ ഇതുവകവെക്കാതെ അവരുടെ സ്വന്തം പേരില്‍ ചായപ്പൊടി മാര്‍ക്കറ്റില്‍ ഇറക്കുന്നുണ്ട്. ചൈനീസ് ടീ, ശ്രീലങ്കന്‍ ടീ, ഡാര്‍ജിലിംഗ് ടീ, കെനിയന്‍ ടീ എന്നിവയ്‌ക്കൊപ്പം. അങ്ങനെ ഒരു ചായ തീവ്രവാദിയായ എന്റെ സുഹൃത്ത് ഡേവിഡ് സ്മിത്ത് ഇടക്കിടക്ക് 'യോര്‍ക്ക് ഷെയര്‍' ചായപ്പൊടി എനിക്ക് അയച്ചുതരാറുണ്ട്.

ലോകത്ത് പലഭാഗത്തും ഇപ്പോള്‍ ചായ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും ചായയുടെ ഉല്‍പാദനവും ഉപഭോഗവും ആദ്യം നടന്നത് ചൈനയില്‍ ആണെന്നാണ് ചരിത്രം പറയുന്നത്. ക്രിസ്തുവിന് ആയിരം വര്‍ഷം മുന്‍പുതന്നെ ചൈനയില്‍ ചായ ഉപയോഗിച്ചിരുന്നതായി ചരിത്രം ഉണ്ട്. ക്രിസ്തുവിന് മുന്‍പ് രണ്ടാം നൂറ്റാണ്ടിലെ ചിന്‍ഡൈനാസ്റ്ററിയുടെ കാലത്തേക്കു രാജാക്കന്മാരും പ്രഭുക്കന്‍മാരും മാത്രമല്ല സാധാരണക്കാരും ഉപയോഗിക്കുന്ന ഒരു പാനീയം ആയി ചായ.

ചൈനയുടെ ലോകവ്യാപാരത്തിന് ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കം ഉണ്ടെങ്കിലും എന്തുകൊണ്ടോ ചായ പണ്ടുകാലത്ത് ഒരു വലിയ കയറ്റുമതി ഐറ്റം ആയിരുന്നില്ല കേരളവും ചൈനയും തമ്മിലുള്ള വ്യാപാരത്തിലും ചായ ഉണ്ടായിരുന്നില്ലല്ലോ.

കച്ചവടത്തിനായി എത്തിയ പോര്‍ച്ചുഗീസുകാര്‍ ആണ് ചൈനയില്‍ നിന്നും യൂറോപ്പിലേക്ക് ചായ എത്തിച്ചത്. 16-ാം നൂറ്റാണ്ടില്‍. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലിലെ രാജകുമാരിയായിരുന്ന കാതറിനെ ഇംഗ്ലണ്ടിലെ രാജാവ് വിവാഹം ചെയ്തപ്പോള്‍ ചായ കുടിയും കപ്പല്‍ കയറി ഇംഗ്ലണ്ടിലേക്ക് എത്തി എന്നാണ് ചരിത്രം (ഈ രാജകുമാരിയുടെ സ്ത്രീധനമായിട്ടാണ് പോര്‍ച്ചുഗീസുകാര്‍ ബോംബെ ബ്രിട്ടീഷുകാര്‍ക്ക് നല്‍കിയത്). ആദ്യകാലത്ത് രാജകുടുംബങ്ങളിലും പ്രഭുകുടുംബങ്ങളിലും പിന്നെ സാധാരണക്കാരുടെ പ്രധാന വിരുന്നുകളിലും (ഉദാ : കല്യാണം) മാത്രമായിരുന്നു ആഡംബരവസ്തുവായ ചായയുടെ ഉപഭോഗം. എന്നാല്‍ 18-ാം നൂറ്റാണ്ടോടെ ചായയുടെ ഉപയോഗം ഏറെ വര്‍ദ്ധിച്ചു. 1800-ല്‍ ബ്രിട്ടീഷ് ഇറക്കുമതിയുടെ പത്തുശതമാനം ചായയായിരുന്നു അത്രെ. ഇതിന്റെ കുത്തക ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കും ആയിരുന്നു.

ഇവിടെയാണ് ചായയുടെ ചരിത്രം മാറുന്നത്. അല്ലെങ്കില്‍ ചായ ചരിത്രം മാറ്റുന്നത്. ഉയര്‍ന്നു വരുന്ന ചൈനീസ് ചായയുടെ ഇറക്കുമതിക്ക് പകരം ചൈനക്ക് ബ്രിട്ടീഷുകാര്‍ പ്രധാനമായി വിറ്റിരുന്നത് ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന കറുപ്പാണ്. മയക്കുമരുന്നായ കറുപ്പിന്റെ ഉപഭോഗം ചൈനീസ് ജനതയെ ബാധിക്കുന്നതിനാല്‍ അവിടുത്തെ ഗവണ്‍മെന്റ് അത് നിരോധിച്ചു. എന്നാല്‍ കള്ളക്കടത്തുകാരുടെ സഹായത്തോടെ കറുപ്പിന്റെ വില്‍പ്പന ബ്രിട്ടീഷുകാരും അമേരിക്കക്കാരും (അമേരിക്കയില്‍ കുടിയേറിയ ബ്രിട്ടീഷുകാര്‍ ചായകുടിയും അങ്ങോട്ടു കൊണ്ടുപോയി) തുടര്‍ന്നു. 1838-ല്‍ ചക്രവര്‍ത്തി കള്ളക്കടത്തുകാരെ അറസ്റ്റുചെയ്യുകയും ബ്രിട്ടീഷ് അമേരിക്കന്‍ കമ്പനികളില്‍ നിന്നും കറുപ്പു പിടിച്ചെടുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഒന്നാമത്തെ ഒപിയം വാര്‍(കറുപ്പുയുദ്ധം) നടക്കുന്നത്. യുദ്ധത്തില്‍ തോറ്റ ചൈനയ്ക്ക് കറുപ്പിന്റെ വില്‍പന അംഗീകരിക്കുകയും ഹോംങ്കോംഗ് ബ്രിട്ടന് വിട്ടുകൊടുക്കുകയും ചെയ്യേണ്ടിവന്നു.

ഇങ്ങനെ തല്കാലം ബാലന്‍സ് ഓഫ് പെയ്‌മെന്റ് പ്രശ്‌നം മാറിയെങ്കിലും ചായയുടെ ഇറക്കുമതിയുടെ പ്രശ്‌നം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയെ ഏറെ ചിന്തിപ്പിച്ചു. ഇതിനുരണ്ടുകാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്നാമത് ചായ ഇറക്കുമതിയില്‍ ഈസ്റ്റ് ഇന്ത്യകമ്പനി വന്‍ലാഭമുണ്ടാക്കുന്നതിനാല്‍ അതിനുള്ള കുത്തക എടുത്തുകളയണമെന്ന് ബ്രിട്ടീഷ് പാര്‍ലിമെന്റില്‍ ബില്‍ പാസാക്കി. രണ്ടാമത് യുദ്ധത്തില്‍ തോറ്റ ചൈന ആഭ്യന്തര ഉപഭോഗത്തിനുള്ള കറുപ്പ് ചൈനയില്‍ തന്നെ ഉല്‍പാദിപ്പിക്കാന്‍ പദ്ധതിയിടുന്നു എന്ന വിവരം (സത്യമായാലും അല്ലെങ്കിലും) കമ്പനിക്ക് ലഭിച്ചു. എന്തുകൊണ്ടും ചായപ്പൊടി കിട്ടാന്‍ ചൈനയെ എക്കാലവും വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഈസ്റ്റ് ഇന്ത്യകമ്പനിക്ക് വ്യക്തമായി.

നൂറ്റാണ്ടുകളായി ചൈനയിലെ ചായ യൂറോപ്പില്‍ വിറ്റിരുന്നു. എങ്കിലും ചായയെപ്പറ്റിയുള്ള മറ്റൊരു വിവരവും ചൈനക്കാര്‍ പുറത്തുവിട്ടിരുന്നില്ല. ചൈനയിലെ നിയമങ്ങള്‍ കാരണം തുറമുഖനഗരങ്ങള്‍ അല്ലാത്തിടത്ത് വിദേശികള്‍ക്ക് പ്രവേശനവും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചായയുടെ ചെടി എന്തെന്നോ അതെങ്ങനെ ചായപ്പൊടിയായിമാറുന്നുവെന്നോ ബ്രിട്ടീഷുകാര്‍ക്ക് അറിയില്ലായിരുന്നു. സാധാരണ ഉപയോഗിക്കുന്ന ഗ്രീന്‍ ടീ യും ബ്ലാക്കും രണ്ടുതരം ചെടികളില്‍ നിന്നാണെന്നാണ് ബ്രിട്ടീഷുകാര്‍ വിശ്വസിച്ചിരുന്നത്.

ചായപ്പൊടിയില്‍ ചൈനയ്ക്കുള്ള കുത്തക തകര്‍ക്കാനും ചായ വ്യാപാരത്തിലെ ലാഭം നിലനിര്‍ത്താനും വേണ്ടി ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപകമായ ഒരു പദ്ധതി തയ്യാറാക്കി. ഇതിലെ പ്രധാന പദ്ധതി ഒരു സസ്യശാസ്ത്രജ്ഞനെ ചൈനയില്‍ അയച്ച് തേയിലയുടെ വിത്തു മോഷ്ടിച്ചു കൊണ്ടുവരിക എന്നതായിരുന്നു. പിന്നെ ചായ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന കുറേ ചൈനക്കാരെ നല്ല ശമ്പളം കൊടുത്ത് നാടുകടത്തുക. അവസാനമായി തേയിലയുടെ ചെടിവളര്‍ത്താനും പറ്റിയ സ്ഥലം കണ്ടുപിടിക്കുക, ഇവയായിരുന്നു.

എഡിന്‍ബറോയിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞന്‍ ആയിരുന്ന റോബര്‍ട്ട് ഫോര്‍ച്ചൂണിനെയാണ് കമ്പനി ഈ ചാരദൗത്യത്തിനായി കണ്ടുപിടിച്ചത്. അദ്ദേഹത്തിന്റെ അപ്പോഴത്തെ ശമ്പളത്തിന്റെ പത്തിരട്ടിയാണ് കമ്പനി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തത്. ചാരപ്പണിക്ക് റിസ്‌ക് കൂടുന്നതിനാല്‍ പ്രതിഫലം അന്നും ഇന്നും കൂടുതല്‍ ആണല്ലോ.

ഏതാണെങ്കിലും കമ്പനിക്ക് മുടക്കിയ കാശു വെറുതെയായില്ല. ശാസ്ത്രത്തിലും വ്യവസായത്തിലും ചാരപ്പണിയിലും ഒരുപോലെ വിദഗ്ദന്‍ ആയിരുന്നു ഫോര്‍ച്ച്യൂണ്‍. ഷാംഗ്ഹായില്‍ എത്തിയ അദ്ദേഹം കുറേ ചൈനീസ് കൂലിക്കാരെ കൈയിലെടുത്ത് ഒരു ചൈനീസ് ഉദ്യോഗസ്ഥന്റെ വേഷം കെട്ടി തേയിലത്തോട്ടങ്ങളും ചായ ഫാക്ടറികളും കറങ്ങി ചായ ഉണ്ടാക്കുന്ന രീതിയും തേയിലയുടെ വിത്തുകളും തൈകളും എല്ലാം സംഭരിച്ച ഇന്ത്യയിലേക്ക് അയച്ചു. കൂടാതെ ഒരു ഡസന്‍ ചൈനീസ് തൊഴിലാളികളേയും. ഇവരുടെ എല്ലാം ശ്രമഫലമായി ഏതാനും വര്‍ഷങ്ങള്‍ക്കകം ഇന്ത്യ തേയില ഉല്‍പാദനത്തിന്റെ ശാസ്ത്രവും വ്യവസായവും നന്നായി മനസ്സിലാക്കി. ഈ കള്ളക്കളികള്‍ എല്ലാം ചൈനക്കാര്‍ മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ഫോര്‍ച്ച്യൂണിന്റെ ജീവിതകാലത്തുതന്നെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള തേയില വ്യാപാരം അതിഗംഭീരമായി കഴിഞ്ഞിരുന്നു. ഇതുപിന്നെ ശ്രീലങ്കയിലേക്കും കെനിയയിലേക്കും എല്ലാം ബ്രിട്ടീഷുകാര്‍ കൊണ്ടുപോയി. ഇപ്പോഴാകട്ടെ ചൈനയില്‍ ഉല്‍പാദിപ്പിക്കുന്നതില്‍ കൂടുതല്‍ തേയില മുന്‍ ബ്രിട്ടീഷ് കോളനികളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തിരുവാഴിത്താനെപ്പോലെ സായിപ്പ് നമുക്ക് 999 വര്‍ഷത്തേക്ക് ഒരു പാരവച്ചിട്ട് പോയി എന്നതാണല്ലോ നമ്മുടെ വിശ്വാസം. എന്നാല്‍ ഇതേ സായിപ്പന്മാര്‍ ചൈനയോടുകാണിച്ച ഒരു വഞ്ചനമൂലം ആയിരക്കണക്കിന് കോടി രൂപയുടെ ഒരു വ്യവസായം ഇന്ത്യയില്‍ വളര്‍ന്നിരിക്കുന്നു. അപ്പോള്‍ മനസ്സിലാക്കേണ്ട കാര്യം സാമ്രാജ്യത്വ ശക്തികള്‍ തീരുമാനങ്ങള്‍ എടുക്കുന്നത് അവരുടെ ഹ്രസ്വകാല സ്വാര്‍ത്ഥലാഭങ്ങള്‍ നോക്കിയാണ്. പില്‍ക്കാലത്ത് അത് ആര്‍ക്ക് ഗുണമോ ദോഷമോ ചെയ്യുമെന്ന് അവര്‍ ശ്രദ്ധിക്കാറില്ല. ഇന്ത്യയില്‍ മാത്രമല്ല കുവൈത്ത് മുതല്‍ കോംഗോ വരെയുള്ള പല യുദ്ധങ്ങളും പ്രശ്‌നങ്ങളും ഒരു കാലത്ത് സാമ്രാജ്യത്വ ശക്തികള്‍ എടുത്ത തീരുമാനങ്ങളുടെ പരിണിതഫലമാണ്.

 

അസാധ്യമായി ഒന്നുമില്ല

മുരളി തുമ്മാരുകുടി


'അസാധ്യമായി ഒന്നുമില്ല' എന്നു ഞാന്‍ പഠിച്ചത് രണ്ടിലോ മൂന്നിലോ ഒരു മലയാളം പാഠത്തില്‍ ആണ്. നെപ്പോളിയന്‍ ചക്രവര്‍ത്തിയെപ്പറ്റിയായിരുന്നു കഥ. ഒരു ചെറിയ ദ്വീപില്‍ സാധാരണക്കാരനായി ജനിച്ച കുറുകിയ ഒരു മനുഷ്യന്‍ കഴിവും കഠിനാധ്വാനവുംകൊണ്ട് ഒരു കാലത്ത് യൂറോപ്പിനെയാകെ അടക്കി ഭരിച്ച ചക്രവര്‍ത്തി ആയതായിരുന്നു കഥ.

എനിക്ക് ഈ രാജാക്കന്‍മാരെ തീരെ ഇഷ്ടമല്ല. ചക്രവര്‍ത്തിമാരുടെ കാര്യം ആണെങ്കില്‍ പറയാനും ഇല്ല. ചുമ്മാ നാട്ടുകാരുടെ ചിലവില്‍ പുട്ടടിച്ച് സ്തുതി പാഠകര്‍ ഉണ്ടാക്കിയ അത്ഭുതകഥകളിലൂടെ സ്റ്റാര്‍ ആകുന്നവരാണ് ഇവര്‍ എന്നാണ് എന്റെ അഭിപ്രായം. നെപ്പോളിയന്‍ പക്ഷെ അങ്ങനെ അല്ലായിരുന്നു. ജന്മം കൊണ്ട് ചക്രവര്‍ത്തി ആയ ആളല്ല. ഒരു സാധാരണ പട്ടാളഓഫീസര്‍ ആയിട്ടാണ് അദ്ദേഹം രാജ്യസേവനം ആരംഭിച്ചത്. നെപ്പോളിയന്‍ പഠിച്ച ആര്‍മി സ്‌കൂള്‍ ഇപ്പോള്‍ പാരീസില്‍ ഒരു മ്യൂസിയം ആണ് (ഈ പാരീസുനിറയെ മ്യൂസിയം ആണ്, മുന്നൂറില്‍ കൂടുതല്‍ വരും).

എന്നിട്ടും എനിക്ക് അസാധ്യമായി ഒന്നും ഇല്ല എന്ന് നെപ്പോളിയന്റെ കഥ വായിച്ചപ്പോള്‍ തോന്നിയില്ല. നമ്മെക്കാള്‍ വളരെ ദൂരെ നില്ക്കുന്നവരെ റോള്‍ മോഡല്‍ ആക്കിയാല്‍ അവരെ ആരാധിക്കാനല്ലാതെ അനുകരിക്കാന്‍ നമുക്ക് ധൈര്യം വരില്ല. റോള്‍ മോഡല്‍ ആക്കുന്നത് നമുക്ക് എത്തിയാല്‍ പിടിക്കാന്‍ പറ്റും എന്നു തോന്നുന്നവരെ ആക്കണം. എത്തിപ്പിടിച്ചുകഴിഞ്ഞാല്‍ കുറച്ചുകൂടെ ഉയരത്തില്‍ നോക്കുക.

അസാധ്യമായി ഒന്നുമില്ല എന്ന് എന്നെ പ്രായോഗികമായി പഠിപ്പിച്ചത് നാഗ്പൂരിലെ ശേഖരന്‍ നായര്‍ ആണ്. നാഗ്പൂരിലെ അറിയപ്പെട്ട പാചകക്കാരന്‍ ആയിരുന്നു അദ്ദേഹം. കൂടാതെ ഞങ്ങള്‍ ബാച്ചിലര്‍ ആയിട്ടുള്ള മലയാളികള്‍ക്ക് വേണ്ടി ഒരു മെസ്സും നടത്തുന്നുണ്ടായിരുന്നു. എന്നും വൈകീട്ട് ഞങ്ങള്‍ കൂട്ടുകാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോകും. അദ്ദേഹം ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചി അപാരം ആയിരുന്നു. 64 കിലോയും ആയി നാഗ്പൂരില്‍ എത്തിയ ഞാന്‍ ഒരു വര്‍ഷം കഴിഞ്ഞ് സ്ഥലം വിടുമ്പോള്‍ എഴുപത്താറുകിലോ ആയിരുന്നു. അതിന്റെ ഒരേ ഒരു കാരണം ശേഖര്‍മാമയുടെ മെസ് ആയിരുന്നു.

ഞങ്ങള്‍ കുറച്ചുപേര്‍ക്ക് ഭക്ഷണം വെച്ചു തരുന്നത് അദ്ദേഹത്തിന് ഒരു ബിസിനസ് ഒന്നും അല്ലായിരുന്നു. ഞങ്ങളുടെ ബുദ്ധിമുട്ടോര്‍ത്ത് ഒരു നല്ല കാര്യം 'ഞങ്ങള്‍ ഇവിടെ ഏതായാലും ആറേഴുപേര്‍ക്ക് (സ്വന്തം കുടുംബത്തിന്) ഭക്ഷണം ഉണ്ടാക്കുന്നുണ്ടല്ലോ നിങ്ങള്‍ വന്നാല്‍ ഒരു അസൗകര്യവും ഇല്ല എന്നാണ് അദ്ദേഹം പറയാറ്.

നാഗ്പൂരിലെ ആ കാലത്തെ എന്തുമലയാളി പരിപാടിക്കും പ്രധാന പാചകക്കാരന്‍ ശേഖരന്‍ നായര്‍ ആയിരുന്നു. അത് 50 പേരുള്ള ഒരു പിറന്നാള്‍ സദ്യ ആയാലും 5000 പേര്‍ വരുന്ന അവിടുത്തെ 'ശബരിമല' ക്ഷേത്രത്തിലെ അയ്യപ്പന്‍ വിളക്കായാലും. ശേഖരന്‍ നായരെ എല്ലാവരും അറിയും, അദ്ദേഹത്തിന്റെ ഭക്ഷണത്തേയും.

നല്ല ഭക്ഷണവും നല്ല ഭക്ഷണം വെയ്ക്കുന്നവരേയും എനിക്ക് എന്നും ഇഷ്ടമാണ്. എന്റെ അച്ഛന്‍ ഫാക്ട് കാന്റീനിലെ ഒരു ജീവനക്കാരന്‍ ആയിരുന്നു. അച്ഛന്റെ പാചകം അതീവരുചികരവും ആയിരുന്നു. എല്ലാ വിശേഷദിവസവും അച്ഛനാണ് പാചകത്തിന് മുന്‍കൈയെടുക്കാറ്. അച്ഛനോട് മത്സരിക്കാനില്ലെങ്കിലും അത്യാവശ്യം പാചകമൊക്കെ ഇപ്പോള്‍ എനിക്കും വശമാണ്.

പക്ഷെ ശേഖരന്‍നായരെകാണുന്ന സമയത്ത് എനിക്ക് പാചകത്തെപ്പറ്റി ഒന്നും അറിയില്ല. അത് എന്നെക്കൊണ്ട് നടക്കുന്ന കാര്യം ആണെന്നും തോന്നലില്ല.
ഒരു ദിവസം ഞാന്‍ ശേഖരന്‍ നായരോടുചോദിച്ചു.
'മാമന്‍ എവിടെന്നാണ് പാചകം പഠിച്ചത്'
എന്റെ മോനെ, ഞാന്‍ ഇത് പഠിച്ചതൊന്നും അല്ല. വീട്ടിലെ ദാരിദ്ര്യം മൂലം നാടുവിട്ട് നാഗ്പൂരില്‍ എത്തി. എനിക്കന്ന് ഒരു ചെരുപ്പോ എന്തിന് ഒരു ഷര്‍ട്ട് പോലുമോ ഇല്ല. എന്റെ നാട്ടുകാരില്‍ ഒരാള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നെ കാണുമ്പോള്‍ ഒക്കെ നാഗ്പൂരില്‍ എത്തിയാല്‍ എന്തെങ്കിലും ശരിയാക്കാം എന്ന് പറയാറും ഉണ്ട്. അങ്ങനെ ഒരു നാള്‍ വീട്ടിലെ പട്ടിണികണ്ട് മടുത്ത് ഞാന്‍ വണ്ടി കയറി.
'എന്റെ സുഹൃത്തിനു ഇവിടെ വലിയ പിടിപാടൊന്നും ഇല്ലായിരുന്നു. എങ്കിലും എന്നെ അയാള്‍ വെറുതെ വിട്ടില്ല. ഇവിടെ അന്നൊരു ഇന്ത്യന്‍ കോഫി ഹൗസ് ഉണ്ട്. അവിടെ എത്തിച്ചു എന്തെങ്കിലും ജോലി കൊടുക്കണമെന്ന് മാനേജരോടു പറഞ്ഞു.
' ഇവിടെ ഇപ്പോള്‍ ജോലിയൊന്നും ഇല്ല. പക്ഷെ അരിയും ഉഴുന്നും ആട്ടുന്ന പ്രഭാകരന്‍ അടുത്ത ദിവസം ലീവിനു വീട്ടില്‍ പോവുകയാണ്. അപ്പോള്‍ വന്നാല്‍ രണ്ടുമാസത്തേക്ക് ഒരു പണി തരാം. രാത്രി ഇവിടെ കിടക്കുകയും ചെയ്യാം '.
'എനിക്കതൊരു സ്വര്‍ഗ്ഗം കിട്ടിയപോലെയായിരുന്നു. മൂന്നു നേരം ഭക്ഷണം ഞാന്‍ ആദ്യമായാണ് കഴിക്കുന്നത്. കൂടെയുള്ള ജോലിക്കാര്‍ ഭൂരിഭാഗവും മലയാളികള്‍. പണിയെടുക്കുന്നത് അന്നും ഇന്നും എനിക്കൊരു ബുദ്ധിമുട്ടല്ല.'
'അങ്ങനെ ഒന്നു രണ്ടുമാസംകൊണ്ട് ഞാന്‍ അല്ലറ ചെറിയ ഹിന്ദിയും മറാഠിവാക്കും ഒക്കെപഠിച്ചു. ഒന്നു രണ്ടു ഷര്‍ട്ടും ചെരുപ്പും ഒരു ട്രങ്ക് പെട്ടിയും ഒക്കെയായി. പക്ഷെ പ്രഭാകരന്‍ നാട്ടില്‍ നിന്നും വരുന്നതോര്‍ത്ത് എല്ലാവര്‍ക്കും വിഷമമായി എന്നെ എന്തുചെയ്യും. ഏതാണെങ്കിലും നാട്ടിലേക്കില്ല.'

എന്റെ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ അതിനിടക്ക് നാഗ്പൂരിലെ കളക്ടറേറ്റില്‍ നിന്നും ഒരാള്‍ അവിടെ വന്നു. മാനേജരോട് സംസാരിച്ച കൂട്ടത്തില്‍ പുതിയതായി വന്ന സബ്കളക്ടര്‍ക്ക് ഒരു പാചകക്കാരനെ വേണമെന്ന് പറഞ്ഞു.
ഇന്ത്യന്‍ കോഫി ഹൗസിന്റെ മാനേജര്‍ക്ക് (മലയാളിയാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. സഖാവ് എ.കെ.ഗോപാലന്‍ രൂപം നല്‍കിയതിനാലാകണം ഇന്ത്യയില്‍ മുഴുവനുള്ള ഇന്ത്യന്‍ കോഫി ഹൗസുകളിലെ സ്റ്റാഫ് ഭൂരിഭാഗവും പണ്ട് മലയാളികള്‍ ആയിരുന്നു) ഒരു ഐഡിയ തോന്നി. 'ശേഖരന്‍ അവിടെ പോയി നില്കട്ടെ'
'അതിന് എനിക്ക് പാചകം ഒന്നും അറിയില്ലല്ലോ' ഞാന്‍ പറഞ്ഞു.
അതിനീ സര്‍ദാര്‍ജിക്ക് (സബ് കളക്ടര്‍ ഒരു സര്‍ദാര്‍ജിയാണെന്നും പുതിയതായി കല്യാണം കഴിച്ചതാണെന്നും ഒക്കെ മാനേജര്‍ അന്വേഷിച്ച് അറിഞ്ഞിരുന്നു.) നമ്മുടെ ദോശയും ഇഡ്ഢലിയും ഒക്കെ ആണത്രെ ഇഷ്ടം. അതു നല്ലതോ ചീത്തയോ എന്നെല്ലാം അയാള്‍ക്ക് വല്ലതും അറിയുമോ.
' എനിക്ക് വാസ്തവത്തില്‍ വിശ്വാസമോ ധൈര്യമോ ഉണ്ടായില്ല. എന്നാലും വീട്ടിലെ പട്ടിണി ഓര്‍ത്തപ്പോള്‍ രണ്ടും കല്പിച്ച് ഞാന്‍ അങ്ങ് സമ്മതിച്ചു. ഒരാഴ്ച കഴിഞ്ഞ് എന്റെ ട്രങ്ക് പെട്ടിയും ഒരു റിക്ഷയിലാക്കി ഞാന്‍ സബ്കളക്ടറുടെ ബംഗ്ലാവില്‍ എത്തി.

സര്‍ദാര്‍ജിയുടെ ഭാര്യ ഒരു തനി പഞ്ചാബി ആയിരുന്നു. എന്റെ ഹിന്ദിക്കമ്മി. അവരുടെ കാര്യവും അതുപോലെതന്നെ. ഏതാണെങ്കിലും അന്ന് രാത്രി അവള്‍ എന്തോ പരിപാടിക്ക് പോവുകയാണെന്നും വരുമ്പോഴേക്കും പുലാവ് ഉണ്ടാക്കിവക്കണമെന്നും അവര്‍ എന്നെ മുറിഭാഷയും ആംഗ്യവും കൊണ്ടു മനസ്സിലാക്കി. അരിയും ഏലക്കായും ഗ്രാമ്പൂവും കറുവപ്പട്ടയും ഒക്കെ എനിക്കുകാണിച്ചു തന്നിട്ട് അവര്‍ പോയി.

'എന്റെ മോനേ ഞാന്‍ പുലാവു പോയിട്ട് ചോറു പോലും വച്ചിട്ടില്ല. വീട്ടില്‍ അമ്മ ചോറ് തിളപ്പിച്ച് അടപലകവച്ചു വാര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ സര്‍ദാര്‍ജിമാരുടെ പുലാവെന്നാല്‍ ചോറില്‍ ഏലക്കായും കറുവപ്പട്ടയും ഒക്കെ ഇടുമായിരിക്കും എന്നെനിക്ക് തോന്നി.'

'ഞാന്‍ ഏതായാലും വെള്ളം വച്ചു തിളപ്പിച്ച് അരിയിട്ടു. പിന്നെ അതില്‍ അവര്‍ കാണിച്ചുതന്ന ഏലക്കായും കറുവപ്പട്ടയും ഗ്രാമ്പൂവും എല്ലാം കുറച്ചിട്ടു. കുറേക്കഴിഞ്ഞ് അരിവെന്തു എന്നു തോന്നിയപ്പോള്‍ ഞാന്‍ അതുവാങ്ങി ഒരു അടപ്പുകൊണ്ടു വാര്‍ത്തുവെച്ചു.'

രാത്രി പതിനൊന്നുമണിയോടെയാണ് സര്‍ദാര്‍ജിയും ഭാര്യയും തിരിച്ചെത്തിയത്. സര്‍ദാര്‍ജി നേരെ ഭക്ഷണം കഴിക്കാന്‍ വന്നിരുന്നു. സര്‍ദാരിണി അടുക്കളയിലേക്കും.

അടച്ചു വാര്‍ത്തുവെച്ച പുലാവ് തുറന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. മുകളില്‍ തന്നെ ഏലക്കാവീര്‍ത്ത് മത്തക്കണ്ണുപോലെ എന്നെ തുറിച്ചു നോക്കി. പിന്നില്‍ സര്‍ദാറിണിയുടെ കണ്ണ് അതിനേക്കാള്‍ വലുതായി എനിക്ക് തോന്നി.

അവരെന്തോ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് സര്‍ദാര്‍ദജിയുടെ അടുത്തേക്ക് പോയി. അന്നെനിക്ക് ഹിന്ദി അറിയാത്തതിനാല്‍ ചീത്തവാക്കാണെന്നേ മനസ്സിലായുള്ളൂ. ഉല്ലൂ എന്നോ ബുദ്ദ എന്നോ ഒക്കെ ആയിരുന്നിരിക്കണം (മല്ലു എന്ന വാക്ക് അന്നില്ല).

എനിക്ക് പ്രശ്‌നം എന്താണെന്ന് ശരിക്കും മനസ്സിലായില്ല. ഞാന്‍ ഉണ്ടാക്കിവച്ചിരുന്നത് പുലാവല്ല എന്ന് തോന്നി. ഏതാണെങ്കിലും സര്‍ദാര്‍ നല്ലയാളായിരുന്നു. എന്നെ തല്ലിയില്ല. സര്‍ദാരിണിയുടെ ദേഷ്യം കണ്ടപ്പോള്‍ തല്ലുകിട്ടുമെന്ന് പേടിച്ചെങ്കിലും.

അന്നു രാത്രി ഞങ്ങള്‍ മൂന്നുപേരും പട്ടിണിയായികിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ സര്‍ദാര്‍ജി ഒരു റിക്ഷ വിളിച്ച് എന്നെ തിരിച്ചു പറഞ്ഞുവിട്ടു.
അന്നാണ് മോനേ ഒരു നല്ല പാചകക്കാരന്‍ ആകണം എന്നു ഞാന്‍ തീരുമാനിച്ചത്. ഭാഗ്യത്തിന് എനിക്ക് ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാസ്‌ഫോര്‍ ജോലി കിട്ടി. എന്നിട്ടും ഞാന്‍ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലും ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി പാചകം പഠിച്ചു. ഭക്ഷണം തരമാവുമെന്നതും കൂടുതല്‍ പണം നാട്ടില്‍ അയക്കാം എന്നതും മാത്രമല്ല അതിനു കാരണം, വാശികൂടെയാണ്.
'നല്ല ഭക്ഷണം ഉണ്ടാക്കാന്‍ വാസ്തവത്തില്‍ വിഷമം ഇല്ലമോനേ, ചീത്തയാക്കാനാണ് വിഷമം. നമ്മള്‍ എന്തുണ്ടാക്കുന്നോ അതിനെപ്പറ്റി ഏകദേശരൂപം വേണം, ആവശ്യത്തിന് മനോധര്‍മ്മം ഉപയോഗിക്കണം, കഴിക്കാന്‍ പോകുന്നവരോട് സ്‌നേഹം വേണം. ഇത്രയും ഉണ്ടെങ്കില്‍ ആര്‍ക്കും നല്ല പാചകക്കാരന്‍ ആകാം.

ശേഖരന്‍ നായരില്‍ നിന്നും ഞാന്‍ പാചകം ഒന്നും പഠിച്ചില്ല. പക്ഷെ പാചകം ഉള്‍പ്പെടെയുള്ള ഏതു ജോലിക്കും ശ്രദ്ധയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ നന്നായി ചെയ്യാന്‍ പറ്റുമെന്ന പാഠം ഞാന്‍ അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്.

ശേഖരന്‍നായരും കുടുംബവും ഇപ്പോള്‍ എവിടെയാണെന്ന് എനിക്ക് അറിയില്ല. 1989 നു ശേഷം ഞാന്‍ നാഗ്പൂരില്‍ പോയിട്ടില്ല. അദ്ദേഹത്തിന്റെ വീട് പാലക്കാട് എവിടെയോ ആയിരുന്നു.


മുഖ്യമന്ത്രിയുടെ ക്യാമറ

മുരളി തുമ്മാരുകുടി വര:മദനന്‍

കേരളത്തില്‍ സാധാരണ വാര്‍ത്ത ഉണ്ടാക്കുന്നത് ഒളിക്യാമറകള്‍ ആണല്ലോ. പാര്‍ട്ടി ഓഫീസ് തൊട്ട് ഹോട്ടലിലെ ടോയ്‌ലറ്റില്‍ വരെ ഇപ്പോള്‍ ക്യാമറ പ്രളയം ആണ്. അതിനിടക്കാണ് തീരെ ഒളിവില്ലാതെ അധികാരത്തിന്റെ തലപ്പത്തു നടക്കുന്നതെന്തും നമ്മെ തത്സമയം കാണിച്ചുതരുന്ന കേരള മുഖ്യമന്ത്രിയുടെ ക്യാമറ.



മുഖ്യമന്ത്രിയുടെ ക്യാമറ വരുന്നതിനു മുമ്പേ തന്നെ ക്യാമറയുടെ വാര്‍ത്ത വന്നപ്പോള്‍ ഞാന്‍ ലോകത്തില്‍ വേറെ എവിടെ എങ്കിലും ഏതെങ്കിലും ഭരണാധികാരി ഇതുചെയ്യുന്നുണ്ടോ എന്നന്വേഷിച്ചു. തത്സമയ സംപ്രേഷണം ചെയ്യുന്ന വെബ്കാമുകള്‍ ലോകത്ത് അനവധി ആണ്. ന്യൂയോര്‍ക്ക് നഗരത്തിന്റെ നടുക്ക്, ഗോള്‍ഡന്‍ഗേറ്റ് പാലത്തിന്റെ മുകളില്‍, മോന്‍ഡ് ബ്ലാന്‍ക് പര്‍വതത്തിന്റെ ഉയരത്തില്‍ നിന്നെല്ലാം സംപ്രേഷണം ചെയ്യുന്ന ക്യാമറകള്‍ ഉണ്ട്. സ്വകാര്യ ജീവിതം വെറുതെയും ജീവിതമാര്‍ഗമായും നാട്ടുകാരെ കാണിക്കുന്ന ആയിരക്കണക്കിന് വെബ് കാമുകള്‍ വേറെയും. എന്നാല്‍ ഒരു ഭരണാധികാരിയുടെ മുറിയിലേക്ക് വെബ്കാം വെക്കുന്നത് ഞാന്‍ എവിടെയും കണ്ടില്ല, കേട്ടിട്ടും ഇല്ല.

സമയം കിട്ടുമ്പോഴൊക്കെ ഞാന്‍ കേരള മുഖ്യമന്ത്രിയുടെ മുറിയിലെ ക്യാമറദൃശ്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ആ ക്യാമറയില്‍ കാണുന്ന പല ദൃശ്യങ്ങളും എന്നെ ചിന്തിപ്പിക്കാറും ഉണ്ട്. ഉമ്മന്‍ചാണ്ടി ജനമധ്യത്തില്‍ നില്‍ക്കുന്ന നേതാവാണെന്നും കഠിനാധ്വാനി ആണെന്നും ഞാന്‍ വായിച്ചിട്ടുണ്ട്. എങ്കിലും അതു നേരില്‍ കാണുന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു.

ചില സമയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ക്യാമറ കാണുന്നിടത്ത് ഒരു 50-60 ആളുകള്‍ എങ്കിലും കാണും. മുഖ്യമന്ത്രിയുടെ സന്ദര്‍ശകരുടെ സെറ്റിയില്‍ കുറച്ചുപേര്‍, കോണ്‍ഫറന്‍സ് ടേബിളിനു ചുറ്റും 8- 10 പേര്‍ , മുമ്പില്‍ സന്ദര്‍ശകര്‍ക്കായി ഇട്ടിരിക്കുന്ന കസേരകളില്‍ 10-15 പേര്‍ , മുഖ്യമന്ത്രിയെ കാണാന്‍ ഒരു ക്യൂ ആയി ആളുകള്‍ വെറെ നില്‍ക്കുന്നു. അവരുടെ ക്യൂവിന്റെ മറ്റേ അറ്റം ക്യാമറയില്‍ കാണുന്നില്ല. ഈ പല സംഘങ്ങളുടെയും ഇടയില്‍ എവിടെയോ നമുക്ക് മുഖ്യമന്ത്രിയെ കാണാം. അദ്ദേഹത്തിന്റെ ചുറ്റിലും ആളുകള്‍ ആണ്. അദ്ദേഹത്തിന്റെ കയ്യില്‍ ആരെങ്കിലും കൊടുത്ത നിവേദനം എപ്പോഴും ഉണ്ടായിരിക്കും. അദ്ദേഹമത് വായിക്കുന്നു. ചിലപ്പോള്‍ എന്തെങ്കിലും എഴുതുന്നു. വന്ന ആളെ ഓഫീസില്‍ നിന്നും ഒരാളുടെ കൂടെ പറഞ്ഞയക്കുന്നു. പിന്നെ അടുത്ത സംഘത്തിലേക്ക്. ഈ കാഴ്ച എല്ലായ്‌പ്പോഴും തുടരുന്നു. അപൂര്‍വം ആയിട്ടേ അദ്ദേഹം സ്വന്തം കസേരയില്‍ ഇരുന്നു കാണുന്നുള്ളൂ. തന്റെ ഓഫീസില്‍ വരുന്ന ബഹുഭൂരിപക്ഷം സാധാരണക്കാരോട് അതീവ വിനയത്തോടും അതിലേറെ ക്ഷമയോടും അദ്ദേഹം ഇടപെടുന്നത് ഞാന്‍ എന്നും കാണുന്നു.

എന്നെ അതിശയിപ്പിക്കുന്ന രണ്ടാമത്തെ കാര്യം അദ്ദേഹം എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിനാണ്. ജനീവയില്‍ എന്റെ ജോലി സമയം 9 മുതല്‍ ആറുവരെ ആണ്. അമ്പിളി സ്ഥലത്തില്ലെങ്കില്‍ ഞാന്‍ രാവിലെ എട്ടുതൊട്ട് വൈകീട്ട് 8-9.30 വരെ ഓഫീസില്‍ കാണുകയും ചെയ്യും. അതുകൊണ്ട് പൊതുവേ കഠിനാധ്വാനി ആണ് എന്ന് ഒരു പേര് എനിക്ക് ഇവിടെ ഉണ്ട്. പക്ഷേ രാവിലെ 8 മണിക്ക് ഞാന്‍ ഓഫീസില്‍ വരുമ്പോള്‍ ഉമ്മന്‍ചാണ്ടി ഈ ജനങ്ങളുടെ ഇടയില്‍ ഉണ്ട്. രാത്രി 9 മണിക്ക് ഞാന്‍ പോകാന്‍ തുടങ്ങുമ്പോള്‍ അദ്ദേഹം ഒരു അഞ്ചോ ആറോ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ഒപ്പം ഫയലുകള്‍ നോക്കുന്നതാണ് ഞാന്‍ കാണുന്നത്. ജനീവയിലെ 9 മണി തിരുവനന്തപുരത്ത് രാത്രി 12.30 ആണെന്ന് ഓര്‍ക്കണം. സത്യം പറയട്ടെ അദ്ദേഹം പോയിട്ട് പോകാം എന്നു കരുതി ഞാന്‍ ചിലപ്പോള്‍ കുറച്ചുനേരം കൂടി ഇരുന്നു നോക്കിയിട്ടുണ്ട്. നോ രക്ഷ!
കേരള മുഖ്യമന്ത്രിയുടെ കാമറ വരുന്നതിനു മുമ്പ് എന്റെ ഫേവറിറ്റ് വെബ്കാം മളൃശരമാ.രീാ ആയിരുന്നു. ആഫ്രിക്കന്‍ വനാന്തരത്തിലെ ഒരു സഫാരി പാര്‍ക്കില്‍ നിന്നാണ് ഈ മൂന്നു ക്യാമറകള്‍. സിംഹവും പുലിയും ആനയും മാനും ഉള്‍പ്പെടെ എല്ലാ മൃഗങ്ങളും ഉള്ള ഒരു സഫാരി ആണിത്. കാമറ തുറന്നാല്‍ ഉടന്‍ ചീവിടുകളുടെ ശബ്ദം, കാറ്റിന്റെയും മഴയുടെയും ഒക്കെ കാലാവസ്ഥ അനുസരിച്ച്. പിന്നെ ഏതു മൃഗവും ഏതു സമയത്തും വന്നു ക്യാമറയ്ക്കു മുമ്പില്‍ പെടാം. ആനയും സിംഹവും ഹിപ്പപ്പൊട്ടാമസും ഉള്‍പ്പെടെ അനവധി മൃഗങ്ങളെ ഞാന്‍ അവിടെ കണ്ടിട്ടുണ്ട്. താല്പര്യവും ഹൈസ്്പീഡ് ഇന്റര്‍നെറ്റും ഉള്ളവര്‍ക്ക് ശ്രമിച്ചുനോക്കാം. (വേേു:നനംംം.മളൃശരമാ.രീാ)

കേരള മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറയും ആഫ്രിക്കാമും തമ്മില്‍ പല സാദൃശ്യങ്ങളും ഉണ്ട്. ഉദാഹരണത്തിന് കേരളത്തിലെ ഭരണരംഗത്തെ ഉന്നതരില്‍ ആരു വേണമെങ്കിലും ഏതു സമയത്തും ക്യാമറയ്ക്കു മുന്നില്‍ എത്താം. ഡി.ജി.പി. ജേക്കബ് പുന്നൂസുള്‍പ്പെടെ എനിക്കു കണ്ടാലറിയാവുന്ന പലരും വന്നുപോകുന്നത് കാണാം. ചിലപ്പോള്‍ മന്ത്രിമാരുടെ ഒരു സംഘം, ചിലപ്പോള്‍ അച്ചന്‍മാരുടെ സംഘം, ചിലപ്പോള്‍ ക്യാമറക്കാര്‍ അങ്ങനെ ആര് എപ്പോള്‍ പ്രത്യക്ഷപ്പെടുമെന്ന് പറയാന്‍ പറ്റാത്തതാണ് ഇതിന്റെ ഏറ്റവും വലിയ എകൈ്‌സറ്റ്‌മെന്റ്.

ആഫ്രിക്കാമും ആയിട്ടുള്ള പ്രധാന വ്യത്യാസം മുഖ്യമന്ത്രിയുടെ ക്യാമറയില്‍ ഒച്ച ഇല്ല എന്നതാണ്. വനത്തിലെ ഓരോ ശബ്ദവും ഒപ്പി എടുക്കുന്നതു കൊണ്ടാണ് ആഫിക്കാം ഇത്ര രസകരം ആവുന്നത്. മുഖ്യമന്ത്രിയുടെ മുറിയിലെ ആള്‍ക്കൂട്ടത്തിന്റെ ഒച്ചയും കൂടി ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വെറുതെ മോഹിക്കാറുണ്ടല്ലോ.

സുതാര്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗം ആയിട്ടാണല്ലോ ഈ തത്സമയ സംപ്രേഷണം. കാര്യം ഈ ക്യാമറ കാണലെല്ലാം എനിക്കിഷ്ടമാണെങ്കിലും ഇതുകൊണ്ട് സുതാര്യത വര്‍ധിക്കുമെന്ന് എനിക്ക് അഭിപ്രായം ഇല്ല. ആലുവയ്ക്കും എറണാകുളത്തിനും ഇടയ്ക്ക് പത്തടിപാലത്തില്‍ ഒരു സ്പീഡ് ക്യാമറ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെങ്കില്‍ അവിടെ ആരും സ്്പീഡില്‍ ഓടിക്കില്ലല്ലോ. ആ ക്യാമറ മാത്രം നോക്കി ആലുവക്കും എറണാകുളത്തിനും ഇടയില്‍ ഇപ്പോള്‍ സ്പീഡിംഗ് ഇല്ല എന്ന് പറയാന്‍ പറ്റുമോ?

സുതാര്യത വര്‍ധിപ്പിക്കുന്നതിനെപ്പറ്റി പറയാന്‍ കഴിവുള്ള അനവധി ആളുകള്‍ ഉണ്ടല്ലോ. അവര്‍ അഭിപ്രായം പറയട്ടെ. ഒരു സുരക്ഷാ വിദഗ്ദ്ധന്‍ എന്ന നിലയില്‍ എന്റെ ഒരു അഭിപ്രായം സുതാര്യമായി പറയാം.

കഴിഞ്ഞ മാസം 24-ാം തീയതി തേക്കടി ദുരന്തത്തെപ്പറ്റി അന്വേഷിച്ച റിട്ട. ജഡ്ജ് കുഞ്ഞുമൈതീന്‍ അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതു വെബ്്കാമിനു മുമ്പില്‍ ആയിരുന്നോ എന്നു ഞാന്‍ കണ്ടില്ല. ഫോട്ടോ മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് പത്രത്തിലും.

പത്ര റിപ്പോര്‍ട്ടില്‍ അധിക വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഭൂരിഭാഗം വിവരവും ഉപയോഗശൂന്യവും (ഉദാ: റിപ്പോര്‍ട്ടിന് 232 പേജ്, 23 നിര്‍ദേശങ്ങള്‍ ഉണ്ട്, കമ്മിറ്റി മുപ്പത്തഞ്ച് സിറ്റിംഗ് നടത്തി എന്നിങ്ങനെ).

ഈ വാര്‍ത്ത വായിച്ച ഞാന്‍ ആദ്യം ചെയ്തത് മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ് പരിശോധിക്കുക ആണ്. അവിടെ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപമോ, ചുരുങ്ങിയത് 23 നിര്‍ദേശങ്ങളോ ഉണ്ടോ? ഇല്ല.

പിന്നീട് ഞാന്‍ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വെബ്‌സൈറ്റില്‍ പോയി. അവരെ കമ്മിറ്റി പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചു എന്നു റിപ്പോര്‍ട്ട് ഉണ്ട്. അവിടെ റിപ്പോര്‍ട്ടോ അതിന്റെ പ്രതികരണമോ ഉണ്ടോ? ഇല്ല.

കേരള ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റില്‍ ഉണ്ടോ? ഇല്ല.

ഒരു പത്രവാര്‍ത്തയില്‍ നിന്നും ആര്‍ക്കും ഒന്നും മനസ്സിലാക്കാന്‍ പറ്റില്ല. ഈ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സുരക്ഷാ വിദഗ്ദ്ധര്‍ക്കും മറ്റുള്ളവര്‍ക്കും എന്തെങ്കിലും ഗുണം കിട്ടണമെങ്കില്‍ അതൊന്നു ചുരുങ്ങിയത് വായിക്കാനുള്ള അവസരം എങ്കിലും വേണം. ഗവണ്‍മെന്റ് അതില്‍ എന്തു നടപടിയും സ്വീകരിച്ചോട്ടെ, പക്ഷേ 45 ആളുകള്‍ മരിച്ച ഒരു സംഭവത്തെപ്പറ്റി രണ്ടുകൊല്ലം കൊണ്ട് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കുമ്പോള്‍ അതൊന്നു വായിക്കാനുള്ള അര്‍ഹത പോലും നാട്ടുകാര്‍ക്കില്ലേ. അങ്ങനെ ചെയ്യുമ്പോഴല്ലേ ഭരണം സുതാര്യമാകുന്നത്.

റിപ്പോര്‍ട്ട് കൈമാറുന്ന റിട്ട. ജഡ്ജിയുടെയും വാങ്ങുന്ന മുഖ്യമന്ത്രിയുടെയും വീഡിയോ തത്സമയം കണ്ടിട്ട് നമുക്ക് എന്തുകിട്ടാനാണ്?

മുമ്പ് പറഞ്ഞപോലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ തത്മയ കാമറ ഇല്ല. എന്നാല്‍ ടോണി ബ്ലെയറിന്റെ കാലത്ത് അദ്ദേഹംകൂടി ഉള്‍പ്പെട്ട ഒരു പ്രശ്‌നത്തെപ്പറ്റി ഒരു ജുഡീഷ്യല്‍ കമ്മീഷന്‍ (ഹട്ടണ്‍ കമ്മീഷന്‍) അന്വേഷണം നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കമ്മിറ്റിക്കു മുമ്പില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ റിപ്പോര്‍ട്ട് ഗവണ്‍മെന്റിനു സമര്‍പ്പിച്ച് നിമിഷങ്ങള്‍ക്കകം ജനങ്ങള്‍ക്കുമ ലോകത്തിന് ആകെയും കാണാന്‍ പാകത്തിന് ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്നു. റിപ്പോര്‍ട്ട് വന്ന് മണിക്കൂറുകള്‍ക്കകം ബിബിസിയുടെ തലപ്പത്തുള്ള ആളുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുകയും ചെയ്തു.

ബ്രിട്ടനില്‍ ഇപ്പോള്‍ നടക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ കാമറ വേണമോ എന്ന ചര്‍ച്ച അല്ല. മറിച്ച് കോടതികളില്‍ കാമറ വേണോ എന്നതാണ്. അമേരിക്കയില്‍ പലയിടത്തും ഇപ്പോഴേ ഇത് സാധ്യം ആണ്. ഇന്ത്യയിലും കൂടുതല്‍ കോടതി നടപടികള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്നതുംആണ്. അപ്പോള്‍ അത് സംപ്രേഷണം ചെയ്യുന്നതില്‍ സാങ്കേതികത അല്ലാതെ മറ്റൊന്നും ഇല്ല. അതിനെപ്പറ്റി നമുക്ക് ചിന്തിച്ചുകൂടെ?

കമ്മിറ്റി റിപ്പോര്‍ട്ടിനെപ്പറ്റിയുള്ള പത്രറിപ്പോര്‍ട്ട് (പേജ് നമ്പര്‍ , സിറ്റിംഗിന്റെ എണ്ണം) ഇവ വായിച്ചപ്പോള്‍ 'രണ്ടാമത്തെ കറ' എന്ന ഷെര്‍ലോക്ക് ഹോംസ് കഥയാണ് എനിക്ക് ഓര്‍മ്മ വന്നത്. രാജ്യത്തെ സുപ്രധാനമായ ഒരു രേഖ കളവുപോയിരിക്കുന്നു. അത് തിരിച്ചുകിട്ടാന്‍ ഹോംസിന്റെ സഹായം തേടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ഹോംസിന്റെ വീട്ടില്‍ എത്തിയിരിക്കയാണ്. വിവരങ്ങള്‍ അന്വേഷിക്കുന്ന കൂട്ടത്തില്‍ ഹോംസ് ചോദിക്കുന്നു.

''ഇത്ര പ്രധാനമായ ഈ രേഖ എന്താണ്?''
''നീണ്ട് കനംകുറഞ്ഞ ഇളംനീല നിറത്തിലുള്ള ഒരു കവറില്‍ ആയിരുന്നു അത്. രാജ്യത്തിന്റെ മുദ്ര മെഴുകില്‍ പതിപ്പിച്ചിട്ടുണ്ട്. മേല്‍വിലാസം വലിയ അക്ഷരത്തില്‍ ആണ് എഴുതിയിട്ടുള്ളത്''

ഇതായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.
ഇതിനോടുള്ള ഹോംസിന്റെ പ്രതികരണവും ഇവിടെ ഓര്‍ക്കേണ്ടതാണ്.
''ഈ രാജ്യത്തെ ഏറ്റവും തിരക്കുള്ള രണ്ടുപേരാണ് നിങ്ങള്‍. അത്രയില്ലെങ്കിലും എനിക്കും എന്റേതായ ജോലിയുണ്ട്. ഇനി ഇതും പറഞ്ഞ് ഇവിടെ നിന്ന് സമയം കളയേണ്ട!''

കേരള മുഖ്യമന്ത്രിയോ അദ്ദേഹത്തിനോട് അടുത്ത ആരെങ്കിലുമോ ഞാന്‍ എഴുതുന്നത് വായിക്കുന്നുണ്ട് എന്ന് എനിക്ക് അറിവില്ല. എന്നാലും ആരെങ്കിലും പറഞ്ഞ് അറിയും എന്ന വിശ്വാസത്തില്‍ ഞാന്‍ ഒരു കാര്യം കൂടി എഴുതാം.

ഞാന്‍ പറഞ്ഞല്ലോ ലോകത്തില്‍ വേറൊരിടത്തും ഇങ്ങനെ ഒരു മുഖ്യമന്ത്രി ഉള്ളതായി അറിവില്ല. അതിനാലാണ് ഇത് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്ത ആയത്. അതുകൊണ്ടുതന്നെ ഈ കാഴ്ച പലരേയും കാണിക്കണമെന്ന് എനിക്ക് അഭിപ്രായം ഉണ്ട്. പക്ഷേ ഞാന്‍ ചെയ്യാറില്ല. കാരണം മുഖ്യമന്ത്രിയുടെ മേശ മുഴുവന്‍ ചുവപ്പുനാട കെട്ടിയ സര്‍ക്കാര്‍ ഫയല്‍ ആണ്. ചുവപ്പുനാട എന്നത് ബ്യൂറോക്രസിയെ വര്‍ണ്ണിക്കാന്‍ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്ന പദം ആണ്. ആ ചുവപ്പുനാടകളുടെ നടുവിലാണ് മുഖ്യമന്ത്രി.

ഈ ചുവപ്പുനാട മാറാന്‍ എല്ലാം ധാരാളം സമയം എടുക്കും. എന്നാല്‍ ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. ചുവപ്പു നാടകളുള്ള ഈ മേശ കാമറ കാണാത്ത ഏതെങ്കിലും കോണിലേക്ക് മാറ്റുക എന്നിട്ട് ഒരു ഐപാഡിലോ ലാപ്‌ടോപ്പോ ഫിറ്റ് ചെയ്ത് പൂര്‍ണ്ണമായും മോഡേണ്‍ ആയ ഒരു ഇരിപ്പിടം കാമറയ്ക്കു മുന്നില്‍ വരട്ടെ. കമ്മ്യൂണിക്കേഷന്‍ പ്രധാനമായ ലോകത്ത് ഇമേജിനു വേണ്ടി ഒരു പൊടിക്കൈ ഒരു തെറ്റൊന്നും അല്ല.

കക്കാന്‍ പഠിച്ചാല്‍ പോരേ..?

മുരളി തുമ്മാരുകുടി വര:മദനന്‍

 


''ചേട്ടന്റെ പുളു കുറേ കൂടുന്നുണ്ട്. വായിക്കുന്നവരും ലോകം കണ്ടവരും സാമാന്യബുദ്ധി ഉള്ളവരും ആണെന്ന് ഓര്‍മ്മിക്കുന്നത് നന്ന്..''
വേലക്കാരന്റെ കഥ എന്ന എന്റെ ലേഖനം വായിച്ചിട്ട് ഒരു സുഹൃത്ത് സ്വകാര്യമായി എഴുതിയതാണ്.

എനിക്ക് സന്തോഷവും വിഷമവും ഒരുമിച്ച് വന്നു. കാരണം വേലക്കാരന്റെ കഥ പോലെ ഒന്നു ഭാവനയില്‍ ചമക്കാനുള്ള കഴിവ് എനിക്കുണ്ടെന്ന് ഒരാള്‍ക്കെങ്കിലും തോന്നിയല്ലോ ആ കഴിവ് ഇല്ല എന്ന് അറിയാവുന്നതിനാലാണ് വിഷമം വന്നത്.

ഏതാണെങ്കിലും ഒന്നു ഞാന്‍ തീരുമാനിച്ചു ഇനി കഥ പറയുമ്പോള്‍ സത്യമോ ഭാവനയോ എന്ന് മുന്‍ കൂട്ടി പറയില്ല. ആളുകള്‍ ഇഷ്ടം പോലെ എടുക്കട്ടെ. അതിന് ഒരു ഗുണം ഉണ്ട്. പില്‍ക്കാലത്ത് ഇതിലെ നല്ല കൂറേ കഥകള്‍ എടുത്ത് ഒരു ചെറുകഥാ സമാഹാരം ഇറക്കാം. എന്നിട്ടത് അവാര്‍ഡിന് അയച്ചുകൊടുക്കാം. വല്ലതും തടഞ്ഞാലോ?. എന്റെ ഇപ്പോഴത്തെ ഫ്രീസ്‌റ്റൈല്‍ പുളുവിന് കേരളത്തിലോ, കേന്ദ്രത്തിലോ അവാര്‍ഡ് ഇല്ല. അടുത്തൊന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.

വാസ്തവം പറഞ്ഞാല്‍ ഒരു അവാര്‍ഡ് കിട്ടണം എന്ന ആഗ്രഹം എനിക്കുണ്ട്. അതിന്റെ കാരണം കേരളത്തില്‍ എഴുത്തുകാരന്‍മാര്‍ക്ക് സാമ്പത്തിക ലാഭം കുറവാണ്. 200 പേജിന്റെ പുസ്തകം എഴുതിയാലേ നൂറുരൂപയ്ക്ക് വില്‍ക്കാന്‍ പറ്റു. നൂറുരൂപയ്ക്ക് പുസ്തകം വിറ്റാല്‍ നൂറുരൂപയ്ക്ക് 12 രൂപയാണ് എഴുത്തുകാരന് കിട്ടുന്നത്. അതും ഒരു വര്‍ഷം കഴിഞ്ഞ്. മലയാളത്തിലെ ഏറ്റവും പ്രമുഖരായ എഴുത്തുകാരുടെ പുസ്തകം പോലും ഒരു ലക്ഷത്തില്‍ താഴെയാണ് വിറ്റിട്ടുള്ളത്. ശരാശരി ആയിരങ്ങളില്‍ ഒതുങ്ങും. പബ്ലിക്കേഷന് മുന്‍പ് അഡ്വാന്‍സും ''മില്യന്‍ കോപ്പീസ് സോള്‍ഡ്''ഒന്നും നമുക്ക് ഉള്ളതല്ല. തൊഴിലുറപ്പ് പദ്ധതിപ്രകാരം കുളം കുഴിക്കാന്‍ പോകുന്ന അത്രപോലും വരുമാനമോ ഗാരന്റിയോ ഇല്ല എഴുത്തുപണിക്ക്.

പിന്നെ ഏക ആശ്വാസം ഒരു അവാര്‍ഡ് ആണ് റൊക്കമായി കുറച്ചു പൈസ കിട്ടും. ഒരു യാത്ര. യാത്രപ്പടി. കുറച്ചുപബ്ലിസിറ്റി. ഭാഗ്യം ഉണ്ടെങ്കില്‍ വല്ല സിനിമാക്കാരും കഥ കാണും. വായിക്കും. എന്നാല്‍ അതും ആയി.

പക്ഷെ ഒരു അവാര്‍ഡ് സംഘടിപ്പിച്ചെടുക്കുക അത്ര എളുപ്പം അല്ല. നമ്മള്‍ മലയാളികള്‍ ഒരുകണക്കിന് അവാര്‍ഡിന്റെ കാര്യത്തില്‍ ധാരാളികളും മറുവശത്ത് പിശുക്കരും ആണ്. പൊതുവെ നോക്കിയാല്‍ നമ്മള്‍ രണ്ടുതരം ആളുകള്‍ക്ക് ആണ് അവാര്‍ഡ് കൊടുക്കുന്നത്.

1. അവാര്‍ഡിന്റെ ആവശ്യം തീരെ ഇല്ലാത്തവര്‍. ഉദാഹരണം മമ്മൂട്ടി, മോഹന്‍ലാല്‍, എം.ടി, ഒ.എന്‍.വി, യേശുദാസ് എന്നിവര്‍ . ഇവര്‍ക്ക് വര്‍ഷാവര്‍ഷം എന്തിന്റെയെങ്കിലും ഒക്കെ പേരില്‍ എവിടെയെങ്കിലും വച്ച് അവാര്‍ഡ് കൊടുക്കാന്‍ ലോകം എമ്പാടും ഉള്ള മലയാളികള്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി മത്സരിക്കുകയാണ്. ഇവരെ മറുനാട്ടില്‍ എത്തിക്കാന്‍ മാത്രം അവാര്‍ഡ് ഉണ്ടാക്കുന്ന വരെ എനിക്കറിയാം.

ഇവര്‍ എല്ലാം അനുമോദനാര്‍ഹര്‍ എങ്കിലും മുപ്പതുവര്‍ഷം (അതിലും കൂടുതലും) കൊടുത്തതു പോരെ. അടുത്ത തലമുറക്കല്ലേ അവാര്‍ഡിന്റെ ആവശ്യം കൂടുതല്‍ . 2040 - ല്‍ നമ്മുടെ സംസ്‌കാരികരംഗത്തെ നയിക്കുന്നവരെ നമ്മള്‍ ഇപ്പോഴും കണ്ടെത്താത്തത് എന്താണ്?

2. അവാര്‍ഡ് മാത്രം കിട്ടുന്നവര്‍ . പേര് പറയുന്നില്ല. എങ്കിലും ജനപ്രിയം അല്ലാത്ത കലാരൂപത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ ആയിരിക്കും ഇവര്‍. ഇവരുടെ കലയില്‍ നമ്മള്‍ താല്പര്യം എടുക്കില്ല. പക്ഷെ മനസ്സാക്ഷിക്കുത്ത് മാറ്റാന്‍ ആശാന് ഒരു അവാര്‍ഡും പുടവയും കൊടുക്കും.

രാഷ്ട്രീയക്കാര്‍ക്കും പത്രക്കാര്‍ക്കും ഇടക്കെങ്കിലും നമ്മള്‍ ഒരു അവാര്‍ഡ് കൊടുക്കാറുണ്ട്. എന്നാല്‍ നമ്മുടെ സമൂഹം തീരെ അവാര്‍ഡ് കൊടുക്കാത്ത വര്‍ഗം ആണ് എഞ്ചിനീയര്‍മാര്‍ . പൊതുജനങ്ങള്‍ക്ക് വേണ്ടി ഏറ്റവും ഗുണകരം ആയ കാര്യങ്ങള്‍ ചെയ്യുന്നവരായിട്ടും കേരളത്തില്‍ ഇന്നുവരെ കാണാത്ത അത്ര നന്നായി എം.സി. റോഡ് പുതുക്കി പണിത എഞ്ചിനീയര്‍ക്കോ, കോഴിക്കോട് വിമാനതാവളം സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയ എഞ്ചിനിയര്‍ക്കോ വേണ്ടി നമുക്ക് ഒരു അവാര്‍ഡുമില്ല മണ്ണാങ്കട്ടയും ഇല്ല.

''അവര്‍ പണിതിട്ടുണ്ടെങ്കില്‍ ശമ്പളവും മേടിച്ചിട്ടുണ്ട്''
സിനിമാതാരങ്ങള്‍ക്കും മറ്റും എന്താകൂലി കുറവാണോ?. ഏതാണെങ്കിലും ഒരു അവാര്‍ഡിനുള്ള പണി ഞാന്‍ തുടങ്ങിവച്ചിട്ടുണ്ട്. ഗള്‍ഫിലുള്ള സുഹൃത്തുക്കളോട് പറഞ്ഞ് ഏല്പിച്ചു. ഇനി എല്ലാം സമയം പോലെ നടക്കട്ടെ കിട്ടിയാല്‍ പറയാം.

അതവിടെ നില്കട്ടെ. ഇന്നത്തെ കഥ പറയാം ഇതു സത്യമോ ഭാവനയോ ആകാം.

കഥ നടക്കുന്നത് ഒരു സ്‌ക്കൂളില്‍ ആണ് പ്രായം പതിനാല്, ക്ലാസ് ഒമ്പത്.
ഒമ്പതാം ക്ലാസില്‍ വച്ചാണ് കെമിസട്രിലാബ് ആദ്യമായി കാണുന്നത്. അമ്ലങ്ങള്‍, ക്ഷരങ്ങള്‍, ടെസ്റ്റ് ട്യൂബ്, പിപ്പറ്റ് എല്ലാം പുതുമതന്നെ.
ഹൈഡ്രജന്‍ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് പഠിപ്പിച്ചത് മത്തായി സാറാണ്.
''സള്‍ഫ്യൂരിക്ക് ആസിഡും നാകവും തമ്മില്‍ സംയോജിപ്പിച്ചാല്‍ ഹൈഡ്രജന്‍ ഉണ്ടാകും'' സാര്‍ അത് ക്ലാസില്‍ കാണിച്ചുതരികയും ചെയ്തു. ഹൈഡ്രജന്‍ ഉണ്ടാക്കിയിട്ട് എന്തുകാര്യം എന്നു സാര്‍ പറഞ്ഞു തന്നില്ല. പാറ്റ ശ്വസിക്കുന്നത് പാര്‍ശ്വഭാഗത്തു കൂടെ ആണെന്നോ മറ്റോ ബയോളജി സാറും പറഞ്ഞു. ഇതൊക്കെ പഠിച്ചിട്ട് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോ?

ഹൈഡ്രജന്റെ അറിവ് പക്ഷെ യൂസ്‌ലെസ്സ് അല്ല. പള്ളി പെരുന്നാളിന് വരുന്ന ബലൂണ്‍ കച്ചവടക്കാരന്റെ ബലൂണ്‍ മുകളിലേക്ക് പോകുന്നത് ഹൈഡ്രജനാണെന്ന് ആരോ പറഞ്ഞ അറിവ് ഞങ്ങള്‍ക്ക് ഉണ്ട്.
കുറച്ച് ആസിഡു കിട്ടിയിരുന്നെങ്കില്‍..... ഒരു ബലൂണ്‍ വിടാമായിരുന്നു എന്ന് ജയനേപ്പോലെ ഞങ്ങളും ഓര്‍ത്തു. (അത്ര നീട്ടി ഓര്‍ത്തില്ല, കാരണം അന്ന് ജയന്‍ രംഗത്തില്ല) നാകം ഉണ്ടാക്കുന്നത് ബുദ്ധിമുട്ടല്ല. പഴയ എവറെഡി ബാറ്ററി തുറന്നാല്‍ മതി. അപ്പോള്‍ ടെക്‌നോളജി റെഡി. നാകം ശരിയാക്കാം, വേണ്ടത് ആസിഡ് ആണ്. അത് കെമിസ്ട്രിലിബിലും എങ്ങനെ സാറിന്റെ കണ്ണുവെട്ടിച്ച് ആസിഡ് കടത്തു?

കമ്മിറ്റി കൂടി. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തീരുമാനം ആയി.
ലാബില്‍ നിന്നും ഒരു ടെസ്റ്റ് ട്യൂബില്‍ ആസിഡ് എടുക്കുക. അത് അരയില്‍ വച്ച് മുണ്ട് മുറുക്കി ഉടുക്കുക (അന്ന് യൂണിഫോം ഇല്ല) പിന്നെ ക്ലാസിലേക്ക് നടക്കുക.

ആരു ചെയ്യും ഈ വീരകൃത്യം?
നറുക്കു വീണത് അന്ത്രുവിനാണ്. കാളവണ്ടിക്കാരന്‍ ഹംസയുടെ മകന്‍ പല ക്ലാസില്‍ തോറ്റാണ് ഞങ്ങളോട് ഒപ്പം എത്തിയത്. കൂട്ടത്തില്‍ വലുതാണ്. ഞങ്ങളുടെ ഹീറോ ആണ്.

അടുത്തയാഴ്ച ലാബ് കഴിഞ്ഞ് ക്ലാസിലേക്കു നടക്കവേ അന്ത്രു കണ്ണിറുക്കി.
''മിഷന്‍ അക്കംപ്ലീഷ്ഡ്''
ലാബ് കഴിഞ്ഞ് അവസാന പിരീഡ് മേരി സാറിന്റെ മലയാളം ആണ്. കഷ്ടകാലത്തിന് സാറു വന്നിട്ടില്ല. ഒരുമണിക്കൂര്‍ ചുമ്മാതിരുന്നേ പറ്റു. ഞങ്ങള്‍ക്ക് ആണെങ്കില്‍ ആവേശം അടക്കാന്‍ വയ്യ.

സാറമ്മാര്‍ ഇല്ലാത്ത ക്ലാസില്‍ കൂട്ടികളെ ചുമ്മാ ഇരുത്തി അവര്‍ കുസൃതികാണിച്ചാല്‍ അവരെ പിടിച്ച് അടിക്കുന്നത് അക്കാലത്തെ അദ്ധ്യാപകരുടെ ഒരു വിനോദം ആയിരുന്നു.

ക്ലാസ് വിട്ടാന്‍ പത്ത് മിനുട്ട് ഉള്ളപ്പോള്‍ താടിവേഷം ക്ലാസില്‍ എത്തി. ഞങ്ങള്‍ കുറച്ചുപേര്‍ കൂടിയിരുന്നു സംസാരിക്കുന്നത് താടി കണ്ടു. അടി ഉറപ്പ്.

മറ്റുള്ളവര്‍ കൈ വെള്ളയില്‍ ചൂരല്‍ വച്ച് അടിക്കുമ്പോള്‍ താടി ചന്തിക്കിട്ടാണ് അടിക്കുന്നത്. കാര്യങ്ങള്‍ കൈവിടുന്നതായി ഞങ്ങള്‍ക്ക് ബോധ്യമായി. കക്കാന്‍ പഠിച്ചാല്‍ പോരാ നില്ക്കാനും പഠിക്കണം എന്ന പഴഞ്ചൊല്ല് ഈ സീറ്റുവേഷന്‍ മുന്നില്‍കണ്ട് ഉണ്ടാക്കിയത് ആകണം.

ഓരോരുത്തരെയായി വിളിച്ചുനിര്‍ത്തിയിട്ടാണ് അടി. അന്ത്രുവിന്റെ ചന്തിയില്‍ അടിച്ചതും അവന്‍ ''ഉമ്മോ'' എന്നു പറഞ്ഞ് പുറത്തേക്ക് ഓടിയതും ഒരുമിച്ചുകഴീഞ്ഞു.
'അന്ത്രു അവന്റെ ബാപ്പയെ വിളിക്കാന്‍ പോയതാണ്' ആരോ പറഞ്ഞു.
അന്ത്രുവിന്റെ ബാപ്പ അല്പം പിശകാണ്. ഇത് നാട്ടില്‍ എല്ലാവര്‍ക്കും അറിയാം പേടിച്ചു പോയ താടി പുറത്തേക്ക് ഓടി.

കാര്യം അറിയാവുന്ന ഞങ്ങള്‍ പുറകേയും.

അന്ത്രുവിന്റെ ഓട്ടം അവസാനിച്ചത് സ്‌ക്കൂളിന്റെ പുറകിലുള്ള തോട്ടില്‍ ആണ്. ഉടുമുണ്ടൂരി തോട്ടില്‍ ഇരിക്കുന്ന അന്ത്രുവിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു.

അന്ത്രു പിന്നെ സ്്ക്കൂളില്‍ വന്നില്ല. ഈ സംഭവത്തിലെ നാണക്കേടാവാം, അല്ലെങ്കില്‍ തന്നെ ആ കാലത്ത് ഒമ്പതാം ക്ലാസില്‍ പഠിത്തം നിര്‍ത്തുക എന്നത് പുതുമയോ അപൂര്‍വതയോ അല്ല.

ഈ കഥ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ടെങ്കിലും അന്ത്രുവിനെ പിന്നെ കണ്ടില്ല. ഓര്‍ക്കൂട്ടും, ഫേസ്ബുക്കും ഒന്നും വെങ്ങോലയില്‍ ഇനിയും സാര്‍വത്രികം ആകാത്തതിനാല്‍ എന്റെ കൂടെ ഹൈസ്‌ക്കൂളില്‍ പഠിച്ച ജോളിയെ മാത്രമാണ് ഞാന്‍ ഫേസ് ബാക്കില്‍ കണ്ടിട്ടുള്ളത്.

ഈ കഴിഞ്ഞ ഇലക്ഷന്‍ കാലത്ത് ഞാന്‍ ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കില്‍ നില്ക്കുകയാണ് തൃക്കാക്കര മണ്ഡലത്തിലാണ് ഇടപ്പള്ളി. തൃക്കാക്കരയിലെ രണ്ടു സ്ഥാനാര്‍ത്ഥികളും വെങ്ങോലക്കാരും എന്റെ സ്‌ക്കൂളില്‍ പഠിച്ചവരും ആണ് അവരുടെ പ്രചാരണാര്‍ത്ഥം ധാരാളം വെങ്ങോളക്കാര്‍ സ്ഥലത്തുണ്ട്.

''ഇതു മുരളി അല്ലേ'' ഒരാള്‍ എന്റെ അടുത്തു വന്നു.
''അതെ, എനിക്ക് മനസ്സിലായില്ലല്ലോ''
''എടാ, ഞാന്‍ അന്ത്രു, അന്ന് ആസിഡും കൊണ്ട് ഓടിയില്ലേ?.''
നിനക്ക് എന്താടാ പണി?'' അന്ത്രുവിന്റെ ചോദ്യം, ഞാന്‍ ഉത്തരം പറഞ്ഞു.
''എനിക്ക് മണ്ണിന്റെ ബിസിനസ്സാ''
''നിന്റെ പിള്ളേരെല്ലാം എന്തോരം ആയി'' അന്ത്രുചോദിച്ചു
''അവര്‍ സ്‌ക്കൂളിലാണ്.''
''സ്‌ക്കൂളിലോ, എന്റെ ആണ്‍ പിള്ളേരെല്ലാം ഗള്‍ഫില്‍ ആണ്. പെണ്ണുങ്ങളുടെ കല്ല്യാണം കഴിഞ്ഞ് പിള്ളേരായി.''
തിലകന്‍ കിലുക്കത്തില്‍ പറഞ്ഞപോലെ ''മുപ്പത്തിമൂന്നുവര്‍ഷമായി ഞാന്‍ മനസ്സില്‍ കൊണ്ടു നടന്ന ഒരു ചോദ്യത്തിന് ഉത്തരം കിട്ടി''

മടിക്കുത്തിലെ ആസിഡിനും ചന്തിയിലെ താടിയുടെ അക്രമത്തിനും ഇടയില്‍പെട്ട് മര്‍മ്മത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്ന് ഞങ്ങള്‍ കൂട്ടുകാര്‍ അന്ന് പേടിച്ചിരുന്നു. ഈശ്വരന്‍ തുണച്ചു.

ഒരു വേലക്കാരന്റെ കഥ

മുരളി തുമ്മാരുകുടി വര:മദനന്‍


ജോജിയെ ഞാന്‍ പരിചയപ്പെടുന്നത് പാരീസിലെ ചാര്‍ള്‍സ് - ഡി - ഗോള്‍ എയര്‍പോര്‍ട്ടില്‍ വെച്ചാണ്. വളരെ വലുതും ആര്‍ക്കും എളുപ്പം വഴിതെറ്റാവുന്നതും ആയ സ്ഥലം അവിടെ വച്ചാണ് ജോജി എന്നോട് ചോദിക്കുന്നത്
''ചേട്ടന്‍ മലയാളി ആണോ''

നാല്പതു കഴിയുകയും മുടികൊഴിയുകയും ചെയ്തതിനു ശേഷം എന്നെ ചേട്ടാ എന്നു വിളിക്കുന്ന ആരും എന്റെ സുഹൃത്താണ്
'' അതെ''
''ചേട്ടന്‍ എങ്ങോട്ടാ?''
''ഇപ്പോള്‍ നാട്ടിലേക്ക്''
''ആ, നന്നായി ഞാനും നാട്ടിലേക്കാണ്''

വളരെ നാളുകൂടി നാട്ടിലേക്കു വരുന്നതിന്റെ സന്തോഷം ജോജിയില്‍ പ്രകടമായിരുന്നു

''ചേട്ടനെന്താ പണി''
ഞാന്‍ എന്റെ കാര്യം പറഞ്ഞു. പിന്നെ ചോദിച്ചു.
''ആട്ടെ ജോജി എന്തുചെയ്യുന്നു?.
''ഞാന്‍ ഒരു വേലക്കാരനാ ചേട്ടാ''

ഈ വേലക്കാരന്‍ പ്രയോഗം എന്നെ അതിശയിപ്പിച്ചു. ഞങ്ങള്‍ പ്രവാസികള്‍ എല്ലാം തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വേലക്കാര്‍ ആണെങ്കിലും മറ്റുള്ളവരുടെ വീട്ടില്‍ പണിയെടുക്കുന്നവരാണല്ലൊ പൊതുവെ വേലക്കാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. യൂറോപ്പില്‍ പൊതുവെ വീട്ടുവേലക്ക് ആളെ നിര്‍ത്തുന്നത് കുറവാണ് (നിയമാനുസൃതമായി അവര്‍ക്ക് കൊടുക്കേണ്ട ശമ്പളം കൂടുതല്‍ യൂറോപ്യന്‍മാര്‍ക്കും താങ്ങാന്‍ പറ്റില്ല). സ്വിറ്റ്‌സര്‍ലാന്റില്‍ ഞാന്‍ കാണുന്ന കൂടുതലും വീട്ടുജോലിക്കാര്‍ എംബസി ഉദ്യോഗസ്ഥന്‍മാരുടെയോ പണക്കാരായ ഷേയ്ക്ക്മാരുടെയോ കൂടെ ജോലി ചെയ്യുന്നവര്‍ ആണ്. പക്ഷെ സാധാരണഗതിയില്‍ അവരും ഹൗസ് കീപ്പര്‍ എന്നല്ലാതെ വേലക്കാരന്‍ എന്ന് പരിചയപ്പെടുത്താറില്ല.
ജോജിയെ എനിക്കു വീണ്ടും ഇഷ്ടപ്പെട്ടു.
''ചേട്ടന്‍ എന്തു പഠിച്ചു'' , സംസാരിക്കാനുള്ള മൂഡിലാണ് ജോജി.
''ഞാന്‍ എഞ്ചിനിയറിംഗ് കഴിഞ്ഞതാണ്.''
''ഞാനും എഞ്ചിനീയറാ ചേട്ടാ''

ഇതെന്നെ കണ്‍ഫ്യൂഷനില്‍ ആക്കി;അപ്പോള്‍ വേലക്കാരനാണ് എന്ന് പറഞ്ഞത് ?
'' അതൊരു കഥയാ ചേട്ടാ..''

വിമാനത്തില്‍ കയറാനുള്ള അനൗണ്‍സ്‌മെന്റ് വന്നതുകൊണ്ട് എനിക്ക് ആ കഥ ഉടന്‍ കേള്‍ക്കാന്‍ പറ്റിയില്ല. പക്ഷെ ഭാഗ്യത്തിന് വിമാനത്തില്‍ വലിയ തിരക്കുണ്ടായില്ല.

വിമാനം പൊങ്ങി ഭക്ഷണം എല്ലാം കഴിഞ്ഞപ്പോള്‍ ജോജി ഒരു ആല്‍ബവുമായി എന്റെയടുത്തുവന്നു.

''ചേട്ടാ ഞാന്‍ കോതമംഗലത്താണ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും ഫസ്റ്റ് ക്ലാസില്‍ പാസായതാ എന്റെ അച്ഛനും അമ്മയും സ്‌ക്കൂളില്‍ അദ്ധ്യാപകരായിരുന്നു എനിക്ക് ഒരു ജോലിക്കു പോകാനായിരുന്നു ഇഷ്ടം അവര്‍ക്കാകട്ടെ ഞാന്‍ കൂടുതല്‍ പഠിക്കണമെന്നും.... ''

അങ്ങനെ ഞങ്ങള്‍ എറണാകുളത്തുള്ള ഒരു എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടിനെ കാണാന്‍ പോയി എന്റെ മാര്‍ക്കെല്ലാം കണ്ടപ്പോള്‍ അയാള്‍ പറഞ്ഞു: ''ഈ വര്‍ഷത്തെ യു.കെ. ഓസ്‌ട്രേലിയ അഡ്മിഷന്‍ ഒക്കെ തീര്‍ന്നു. അല്ലെങ്കിലും അവിടെ ചേരാന്‍ ഇംഗ്ലീഷ് പരീക്ഷ വേറെ എഴുതണം. പക്ഷെ നോര്‍വേയില്‍ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെയാകുമ്പോള്‍ ഇംഗ്ലീഷ് പരീക്ഷയും ഇല്ല, ഫീസും കൊടുക്കേണ്ട. രണ്ടുവര്‍ഷം താമസിക്കാനുള്ള ഫീസ് മാത്രം നോക്കിയാല്‍ മതി''.

'ഇതിന് എന്തു ചിലവുവരും'' അപ്പച്ചന്‍ ചോദിച്ചു.

''ഓ, അതുവല്ല്യകാര്യമായിട്ടൊന്നും ഇല്ല. താമസിക്കുന്ന ഹോസ്റ്റലിന്റെ ചിലവ് ഭക്ഷണം തന്നെ ഉണ്ടാക്കമല്ലോ, പിന്നെ വിമാനത്തിന്റെ കൂലി, എല്ലാം കൂടി ഒരു എട്ടു ലക്ഷം രൂപ ഉണ്ടെങ്കില്‍ കാര്യം കഴിയും''

(നാടോടിക്കാറ്റീലെ ശങ്കാരാടിയുടെ '' ഇത്തിരി പരുത്തിക്കുരു, ഇത്തിരു തേങ്ങാ പിണ്ണാക്കും എന്ന പ്രസിദ്ധമായ പ്രയോഗം ഓര്‍ക്കുക.)

''കാര്യം എട്ടു ലക്ഷം രൂപയാണെങ്കിലും അപ്പച്ചന് അതിനും ലോണെടുക്കേണ്ടി വന്നു. പത്തുലക്ഷം രൂപ എഡ്യുക്കേഷന്‍ ലോണ്‍ എടുത്ത് ഒരു ജനുവരിയില്‍ ഞാന്‍ ബോംബേയില്‍ നിന്ന് നോര്‍വേയിലേക്ക് വിമാനം കയറി.''

''എന്റെ ചേട്ടാ' നോര്‍വേയില്‍ തണുപ്പാണെന്നല്ലാതെ എത്ര തണുപ്പാണെന്ന് എനിക്കറിയാനും വയ്യായിരുന്നു. ആരും പറഞ്ഞും തന്നില്ല. എന്റെയടുത്ത് ആണെങ്കില്‍ ഒരു സ്വറ്റര്‍ മാത്രം. രാത്രി 8മണിക്ക് ഓസ്ലോയില്‍ വിമാനം ഇറങ്ങിയ എനിക്ക് പുറത്ത് മഞ്ഞും കൊടുംതണുപ്പും കണ്ട് പേടി ആയി. ഭാഷ ആണെങ്കിലോ ആര്‍ക്കും ഒന്നും അറിയില്ല. എയര്‍ പോര്‍ട്ടില്‍ ഇരുന്നു കരഞ്ഞു വിറച്ച എന്നെ ഒരു വല്ല്യമ്മ സ്വന്തം കൊട്ടെടുത്തുതന്ന് സമാധാനിപ്പിച്ചു. പിന്നെ എന്റെ കയ്യില്‍ നിന്നും അഡ്രസ്സ് വാങ്ങി നോക്കി അവരുടെ കാറില്‍ അവിടെ എത്തിച്ചു.

''അല്ലായിരുന്നെങ്കില്‍ ഞാന്‍ അന്നേ ചത്തുപോയേനേ ചേട്ടാ '' ജോജിയുടെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല.
''യൂണിവാഴ്‌സ്റ്റി എല്ലാം നല്ല സുഖം ആയിരുന്നു. നിറയെ കൂട്ടുകാര്‍, പഠിക്കാന്‍ അത്ര അധികം ഒന്നും ഇല്ല. ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാം ഒരുമിച്ച് ഒറ്റ ഹോസ്റ്റലില്‍ .എനിക്ക് ചെറുപ്പം അല്ലായിരുന്നോ ചേട്ടാ, ഞാന്‍ അടിച്ചു പൊളിച്ചു.''
ജോജി ആല്‍ബം തുറന്നു. പഠിച്ച യൂണിവേഴ്‌സിറ്റിയുടെയും താമസിച്ചിരുന്ന ഹോസ്റ്റലിന്റെയും ചിത്രങ്ങള്‍ കൂട്ടുകാരുടെയും കൂട്ടുകാരികളുടേയും.

''പക്ഷേ നോര്‍വേയിലെ ഒരു കുഴപ്പം അവിടെ പാവപ്പെട്ടവര്‍ക്ക് ജീവിക്കാന്‍ പറ്റില്ല എന്നതാണ്. ഹോസ്റ്റല്‍ മുറിയല്ല ചെറിയ അപ്പാര്‍ട്ട്‌മെന്റുകള്‍ ആണ്. രണ്ടുപേര്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍, സ്വന്തം ബെഡ്‌റൂം, ഒരു സിറ്റിംഗ് റൂം, ഒരു അടുക്കള എന്നിങ്ങനെ. യാത്ര ചെയ്യാനും സ്വന്തം കാറില്ലെങ്കില്‍ നടക്കാത്ത സ്ഥലത്തായിരുന്നു യൂണിവേഴ്‌സ്റ്റി, അങ്ങനെ ഞങ്ങള്‍ക്ക് ഒരു കാറും മേടിക്കേണ്ടി വന്നു. എന്തു പറയാന്‍ എട്ടു ലക്ഷത്തിനു രണ്ടു വര്‍ഷം കഴിയുമെന്നു വിചാരിച്ചിട്ട് ഒന്നാം വര്‍ഷം കഴിഞ്ഞപ്പോഴേക്കും എന്റെ പൈസ മുഴുവന്‍ തീര്‍ന്നു.''

''സത്യം പറയണമല്ലോ ചേട്ടാ, ഞാനും അല്പം ധാരാളിത്തം കാണിച്ചു. ആദ്യമായിട്ടാണ് ഇന്ത്യക്ക് പുറത്ത്. ഇവിടുത്തെ സമ്മര്‍ അവധിക്കാലത്ത് ഞങ്ങള്‍ രാജ്യത്തിനക്കത്തും പുറത്തും യാത്ര ചെയ്തു.''

ജോജി വീണ്ടും ആല്‍ബം മറിച്ചു. യൂറോപ്പിലെ സമ്മറിന്റെ മനോഹര ചിത്രങ്ങള്‍ . ട്രെയിനുകള്‍, പള്ളികള്‍ മല, തടാകം എവിടെയും ജോജിയും കൂട്ടുകാരും.

''എനിക്കു കുറച്ചുകാശുകൂടി വേണം' ഞാന്‍ അപ്പച്ചന് എഴുതി, പുള്ളിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. എന്നാലും അമ്മുടെ നിര്‍ബന്ധം കൊണ്ടാകണം പ്രൊവിഡന്റ് ഫണ്ടില്‍ നിന്നോ ലോണെടുത്ത് എനിക്ക് 5 ലക്ഷം രൂപ അയച്ചു.

ഇത്തവണ ഞാന്‍ കുറച്ചുകൂടി ശ്രദ്ധിച്ച് ചിലവാക്കിയതാണെങ്കിലും അടുത്ത രണ്ടു സെമസ്റ്റര്‍ കഴിഞ്ഞപ്പോള്‍ ആ കാശും തീന്നു. ക്ലാസ് ഇനി ഒരു സെമസ്റ്റര്‍ കൂടി ഉണ്ട്.

''നീ ഇനി ഇങ്ങോട്ടു പോര്. ഇവിടെ പൈസ ഒന്നും ഇല്ല, അപ്പച്ചന്‍ പറഞ്ഞു. അമ്മച്ചിയുടെ ശിപാര്‍ശയോ എന്റെ കരച്ചിലോ, ഭീഷണിയോ ഒന്നും അപ്പച്ചന്റെയടുത്ത് ചിലവായില്ല.

ചെറുപ്പം അല്ലായിരുന്നോ ചേട്ടാ. എനിക്കും വാശിയായി. പ്രത്യേകിച്ചും കൂട്ടുകാരുടെ മുന്‍പില്‍ ഒക്കെ ഞാന്‍ എന്തു പറയും....!!!

''ചേട്ടന് അറിയാമോ യൂറോപ്പില്‍ പൈസ ഇല്ലെങ്കില്‍ പിന്നെ ഒന്നും ചെയ്യാന്‍ പറ്റില്ല. പഠിത്തം ഏതാണെങ്കിലും നിര്‍ത്തേണ്ടി വരും.നോര്‍വേയില്‍ സ്റ്റുഡന്റ് വിസയില്‍ വരുന്നവര്‍ക്ക് ജോലി എടുക്കാനും കഴിയില്ല. നാടുവിട്ടേ പറ്റൂ.........

എന്റെ ഒരു കസിന്‍ ഓസ്ട്രിയയില്‍ നേഴ്‌സ് ആയിരുന്നു. ഞാന്‍ ആ ചേച്ചിയുടെ അടുത്തു പോയി.

ജോജി ആല്‍ബത്തിലെ പുതിയ പേജ് തുറന്നു. യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരങ്ങളില്‍ ഒന്നായ ഓസ്ട്രിയ, മ്യൂസിയങ്ങള്‍, കൊട്ടാരങ്ങള്‍, ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ ആസ്ഥാനം എല്ലാം...ജോജിയുടെ ആല്‍ബത്തില്‍ ...

''എടാ, ഇവിടെയും രക്ഷയൊന്നും ഇല്ല. നീ പാരീസില്‍ പോയി നോക്ക് അവിടെ പെര്‍മിറ്റില്ലാത്ത ഇമിഗ്രന്റസിന് എന്തെങ്കിലും ഒക്കെ ചെയ്ത് ജീവിക്കാന്‍ പറ്റും...''

അങ്ങനെ ഞാന്‍ പാരീസില്‍ എത്തി '' ഒരു വല്ല്യ സിറ്റിതന്നെ ചേട്ടാ..'' എല്ലാകാലത്തും ടൂറിസ്റ്റുകളുടെ തിരക്ക്, അതിന്റെ ഇടയില്‍ പെര്‍മിറ്റില്ലാത്ത അനവധി ആഫ്രിക്കക്കാരും കിഴക്കന്‍ യൂറോപ്പ്യന്മാരും, ഭാഷയാണ് ബുദ്ധിമുട്ട്.

ഭാഗ്യത്തിന് ഇങ്ങനെ വിസയും ഒന്നും ഇല്ലാതെ വരുന്ന മലയാളികളെ സഹായിക്കുന്ന ഒരു ചേട്ടന്‍ അവിടെ ഉണ്ടായിരുന്നു. ചേട്ടന്റെ സഹായത്തോടെ ഞാന്‍ അവിടെ ടൂറിസ്റ്റുകള്‍ക്ക് ചെറിയ മെമന്റോ വില്ക്കുന്ന ഒരാളായി.

എന്തായാലും എത്ര കഷ്ടപ്പെട്ടാലും വീട്ടില്‍ തിരിച്ചുപോകില്ല എന്നു ഞാന്‍ തീരുമാനിച്ചു. (വീണ്ടും ചില വീട്ടുകാര്യങ്ങളിലെ റോയിയുടെ ഡയലോഗിനോടു സാമ്യം)

കുറച്ചു നാള്‍ കൊണ്ട് ഞാന്‍ ഭാഷ ഒക്കെ പഠിച്ചു. ഒരു ദിവസം ആ ചേട്ടന്‍ എന്നോടു ചോദിച്ചു.

'' എടാ നിനക്ക് ഒരപ്പൂപ്പനേയും അമ്മൂമ്മയേയും നോക്കാന്‍ പറ്റുമോ?.
''അതെന്താ ചേട്ടാ''
''എടാ ഇവിടെ ഒരു മദാമ്മക്ക് അവരുടെ വയസ്സായ അപ്പനേയും അമ്മയേയും നോക്കാന്‍ ഒരാളെ വേണം. മാസം ആയിരം യൂറോ കിട്ടും. താമസം ഫ്രീ''
ഞാന്‍ നോക്കീപ്പോ ഈ ആയിരം യൂറോ എന്നാല്‍ എഴുപതിനായിരം രൂപ, താമസച്ചിലവ് ഇല്ല. വീട്ടില്‍ ആയതുകൊണ്ട് പോലീസ് പെര്‍മിറ്റു ചെക്ക് ചെയ്യുമോ എന്ന പേടിയും വേണ്ട.
''ഞാന്‍ റെഡി.''
''അങ്ങനെയാണ് മുരളിച്ചേട്ടാ ഞാന്‍ വേലക്കാരന്‍ ആയത്. സത്യം പറയണമല്ലോ, ആ മദാമ്മ കുടുംബത്തില്‍ പിറന്നതായിരുന്നു. അതുകൊണ്ടാണല്ലോ അപ്പനേം, അമ്മയേയും വൃദ്ധസദനത്തില്‍ ആക്കാതെ വീട്ടില്‍ നിര്‍ത്തി നോക്കാന്‍ അവര്‍ക്ക് തോന്നിയത്...

വീട്ടില്‍ എനിക്ക് പ്രത്യേകിച്ച് പണി ഒന്നും ഇല്ലായിരുന്നു. അവര്‍ക്ക് വേണ്ടതെല്ലാം അവര്‍ കുക്ക് ചെയ്യും. ആവശ്യത്തിനുള്ളത് കടയില്‍ നിന്നും വാങ്ങികൊടുത്താല്‍ മതി. എനിക്ക് ഞാന്‍ വേറെ ഉണ്ടാക്കും. കൂടാത്തതിന് എനിക്ക് സ്വന്തം മുറി, എന്തിനു ചേട്ടാ ഇന്റര്‍നെറ്റുപോലും അവര്‍ എടുത്തു തന്നു. അമ്മച്ചിയെ ഫ്രീആയി വിളിക്കാനും പറ്റി.''



''ഞാന്‍ അവരെ നന്നായിനോക്കിയതുകൊണ്ടാകണം മദാമ്മക്ക് എന്നെ ഇഷ്ടപ്പെട്ടു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ എനിക്ക് പെര്‍മിറ്റ് എടുത്തുതന്നു.

'ഈ ഫാമിലിയുടെ ഫോട്ടോ ജോജിയുടെ അടുത്തുണ്ടോ?.

''സത്യം പറയണേല്ലോ ചേട്ടാ. ഈ വേലക്കാരാനായിട്ടുള്ള ജീവിതം എനിക്ക് പിന്നെ ഓര്‍ക്കാന്‍ ഇഷ്ടമല്ല. അതുകൊണ്ടാണ് പാരീസില്‍ വന്നതില്‍ പിന്നെ ഒരു പടവും ഞാന്‍ എടുത്തിട്ടില്ല.

'' ഞാന്‍ ആഴ്ചയില്‍ ഒരു ദിവസം ഇറച്ചിവാങ്ങാന്‍ പോകുന്ന ഒരു അറവുകാരന്റെ കടയുണ്ട് ഒരു ദിവസം അയാള്‍ എന്നോടു ചോദിച്ചു
'' എന്റെ അസിസ്റ്റന്റായി കൂടുന്നോ... മാസം രണ്ടായിരം യൂറോ തരാം''

''എന്റെ ചേട്ടാ, രണ്ടായിരം യൂറോ എന്നാല്‍ അന്ന് ഒരു ലക്ഷത്തിനാല്പതിനായിരത്തിനു മുകളില്‍ വരും എന്റെ കൂടെ പഠിച്ച് ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഇത്ര കാശില്ല. ഞാന്‍ പക്ഷേ ഉടന്‍ മറുപടി പറഞ്ഞില്ല. ഈ മദാമ്മ എനിക്ക് ജോലിയും പിന്നെ പെര്‍മിറ്റും വാങ്ങി തന്നതല്ലേ. ചുമ്മാ അവരെ വിട്ട് ഓടിപ്പോകുന്നത് മര്യാദ അല്ലല്ലോ. അടുത്ത ആഴ്ച മദാമ്മ അപ്പനേയും അമ്മേം കാണാന്‍ വന്നപ്പോ ഞാന്‍ ഈ കാര്യം പറഞ്ഞു. പക്ഷെ ഞാന്‍ ഒരുകാര്യം കൂടെ പറഞ്ഞു.
''മാഡം സമ്മതിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ അമ്മയെ ഇങ്ങോട്ടു കൊണ്ടു വരാം അമ്മയാണെങ്കില്‍ എന്നേക്കാളും നന്നായി വീടു നോക്കും. ഞാനും ഇവിടെ താമസിക്കാം.''

എന്റെ ഭാഗ്യത്തിന് മദാമ്മ അതങ്ങു സമ്മതിച്ചു. ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു. എന്നെ കണ്ടിട്ട് അപ്പോള്‍ കൊല്ലം നാലായതുകൊണ്ടാകാം അമ്മയും ഒറ്റയടിക്ക് അത് സമ്മതിച്ചു. അപ്പച്ചന് അതത്ര ഇഷ്ടമായില്ല കേട്ടോ. അത് പിന്നെ ഞാന്‍ അത്ര കാര്യമായി എടുക്കാനും പോയില്ല. പതുക്കെപ്പതുക്കെ ഞാന്‍ കടമൊക്കെ വീട്ടിതുടങ്ങിയിരുന്നു അതുകൊണ്ട് അപ്പനും കൂടുതല്‍ എതിര്‍പ്പിനു വന്നില്ല.

''എന്റെ ചേട്ടാ കഴിഞ്ഞ ആഴ്ച അമ്മച്ചിയുടെ വിസക്കുള്ള പേപ്പര്‍ ഒക്കെ ശരിയായി, ഞാന്‍ അതുമായി അമ്മച്ചിയെ കൊണ്ടുവരാന്‍ നാട്ടില്‍ പോവുകയാണ്...'

മറ്റുള്ള നാട്ടുകളില്‍ ഭാഷയും പെര്‍മിറ്റും ഇല്ലാതെ എത്തിപ്പെടുക എന്നത് പ്രവാസത്തിന്റെ ഏറ്റവും വലിയ ദുരിതം ആണ്.
പക്ഷെ മനുഷ്യന്റെ ഇച്ഛാശക്തി എന്തിനേയും വെല്ലുന്നതാണ്. ജോജിയെപ്പോലെ അനവധി ആളുകളെ എനിക്കറിയാം. ബ്രൂണൈയില്‍ എന്റെ വീട്ടില്‍ പൂല്ലുവെട്ടിക്കൊണ്ടിരുന്നത് ബംഗ്ലാദേശില്‍ അഗ്രികള്‍ച്ചര്‍ ബിരുദധാരി ആയ ഒരാളാണ്. ദമാനില്‍ എന്നെ അറബി പഠിപ്പിച്ചാന്‍ ശ്രമിച്ച അദ്ധ്യാപകര്‍ സുഡാനിലെ ഡോക്ടര്‍ ആയിരുന്നു, എന്തിന് കേരളത്തില്‍ നിന്നുള്ള കോളേജ് അധ്യാപകര്‍ ആസ്‌ട്രേലിയയില്‍ ഐസ്‌ക്രീം വില്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

വിമാനം ദോഹയില്‍ ഇറങ്ങി. '' ചേട്ടാ എനിക്ക് പെട്ടെന്നായതുകൊണ്ട് പാരിസില്‍ ഷോപ്പിംഗ് ഒന്നും പറ്റിയില്ല. ഇവിടെ നിന്നും എന്തെങ്കിലും വാങ്ങണം...''
ജോജി തിരക്കില്‍ മറഞ്ഞു.

ദോഹയില്‍ നിന്നും നാട്ടിലേക്കുള്ള വിമാനം രാത്രി മൂന്നു മണിക്കാണ്. ഒന്നു കണ്ണടക്കുമ്പോഴേക്കും കൊച്ചിയാകും. നേരം വെളുക്കുകയും ചെയ്യും. അതുകൊണ്ട് ഞാന്‍ ഒന്നു മയങ്ങിയതേ ഉള്ളു. പക്ഷെ അതിനിടെ ഞാന്‍ ഒരു സ്വപ്‌നം കണ്ടു.

രണ്ടുവര്‍ഷത്തിനുശേഷം ഞാന്‍ വീണ്ടും പാരീസ് എയര്‍പോര്‍ട്ടില്‍ . ജോജിയും അമ്മയും അവിടെ നിലക്കുന്നു.

''ചേട്ടാ എന്റെ കല്ല്യാണം ആണു കെട്ടോ.. ഞാന്‍ നിന്ന ഇറച്ചി കട ഇല്ലേ, അവിടെ സ്ഥിരം ആയി വന്ന ഒരു സാര്‍ എന്റെ സര്‍ട്ടിഫിക്കറ്റ് ഒക്കെ നോക്കി എനിക്ക് ശരിക്കു ഒരു എഞ്ചിനിയറുടെ ജോലി ശരിയാക്കിതന്നു. അയ്യായിരം യൂറോ കിട്ടും. ഇനി ഒരു ഫാമിലി ഒക്കെയാകാം. പ്രായവും ആയല്ലോ....''

'' പക്ഷെ ഈ ഇറച്ചിക്കടക്കാരന്‍ എന്നെ ബുദ്ധിമുട്ടുള്ള കാലത്ത് സഹായിച്ചതല്ലേ അതുകൊണ്ട് ഞാന്‍ പറഞ്ഞു '' ചേട്ടാ, ഞാന്‍ എന്റെ അച്ഛനെ ഇങ്ങോട്ടുകൊണ്ടു വരാം. ഈ പണി ഈസി ആയി ചെയ്‌തോളും, കാശു കുറച്ചുകൊടുത്താലും മതി. ഞങ്ങള്‍ക്കൊക്കെ ഇപ്പോള്‍ ജോലി ഉണ്ടല്ലോ.'' അയാളങ്ങു സമ്മതിച്ചു. ദേ,ഇതില്‍ അപ്പന്റെ പേപ്പര്‍ ഒക്കെ ഉണ്ട്, ജോജി ബാഗിലേക്ക് ചൂണ്ടി.

ഞാന്‍ ഒരു അന്ധവിശ്വാസി പോയിട്ട് വിശ്വാസി പോലും അല്ല.
പക്ഷെ അതിരാവിലെ മയക്കത്തില്‍ കാണുന്ന സ്വപ്നം ഫലിക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ സ്‌നേഹമുള്ള അനിയനു വേണ്ടി ഈ അന്ധവിശ്വാസം സത്യമാകണേ എന്നു പ്രാര്‍ത്ഥിക്കാന്‍ എനിക്ക് ഒരു മടിയും ഇല്ല.

ഒരു വേലക്കാരന്റെ ജന്മം കഴിഞ്ഞ് പുതിയ ഒരു ആല്‍ബം തുറന്ന് പുതിയ ജീവിതത്തിന്റെ ചിത്രങ്ങള്‍ ജോജി എന്നെ കാണിക്കുന്ന ദിവസം ഞാന്‍ ഇപ്പോഴും സ്വപ്‌നം കാണാറുണ്ട്.

(ഈ കഥ പൂര്‍ണമായും സത്യമാണ്. അതുകൊണ്ട് തന്നെ പേര്, സ്ഥലം എന്നിവയില്‍ ചില മാറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. മനസ്സിലാകുമല്ലോ.)

 

യാമസുക്രോയിലെ ബസ്ലിക്ക

മുരളി തുമ്മാരുകുടി

 


''അപ്പോ ചേട്ടന്‍ ആഫ്രിക്കയില്‍ ഒന്നും പോകാറില്ലേ?, അല്ല ഈ കഥകള്‍ മുഴുവന്‍ യൂറോപ്പിലും ഒബാമയിലും കിടന്നു കറങ്ങുന്നത് കണ്ടിട്ടു ചോദിച്ചെന്നേ ഉള്ളൂ''

ഫേസ്ബുക്കില്‍ എന്നോടൊരാള്‍ ചോദിച്ച ചോദ്യം ആണ്.

സത്യത്തില്‍ മറ്റുള്ള നാടുകളേക്കാള്‍ ഞാന്‍ സഞ്ചരിക്കുന്നത് ആഫ്രിക്കയില്‍ ആണ്. സമയവും സന്ദര്‍ഭവും വരാത്തതുകൊണ്ട് പറഞ്ഞില്ല എന്നേ ഉള്ളു. ഇപ്പോള്‍ ചോദിച്ചതുകൊണ്ടു പറയാം.

ഐവറി കോസ്റ്റ് എന്ന രാജ്യത്തെപ്പറ്റി മലയാളികള്‍ അധികം കേട്ടിട്ടുണ്ടാവില്ല. ഇതൊരു ഫ്രഞ്ച് കോളനി ആയിരുന്നതിനാല്‍ പണ്ടു മലയാളികള്‍ അങ്ങോട്ടു കുടിയേറി പാര്‍ത്തിട്ടില്ല. കാലാകാലമായി ആഭ്യന്തര യുദ്ധം നടക്കുന്നതിനാല്‍ മറ്റു തൊഴില്‍ അവസരങ്ങളും ഇല്ല. മലയാളികള്‍ക്ക് ഈ സ്ഥലത്തെപ്പറ്റി അറിയാത്തതിന് അവരെ കുറ്റപ്പെടുത്തേണ്ട.

പക്ഷെ മലയാളികള്‍ ഒരു കാര്യം കൊണ്ട് ഐവറി കോസ്റ്റിനെ ഓര്‍ക്കേണ്ടതും ശ്രദ്ധിക്കേണ്ടതും ആണ്. 1970-കളുടെ അവസാനത്തില്‍ മലയാളി കര്‍ഷകരെ മോഹിപ്പിച്ച കോക്കോയുടെ ഏറ്റവും പ്രധാന കൃഷിസ്ഥലവും വിപണനകേന്ദ്രവും ആണ് ഐവറി കോസ്റ്റ്. ലോക വിപണിയില്‍ കൊക്കോയുടെ വില നിശ്ചയിക്കുന്നത് അവിടുത്തെ വിളവും രാഷ്ട്രീയ സാഹചര്യവും ആണ്. വെങ്ങോലയിലെ കൊക്കൊകായ കൊച്ചുകുഞ്ഞിന്റെ കടയില്‍ കൊടുക്കണോ അണ്ണാന് തിന്നാല്‍ വിടണമോ (തീരെ വിലയില്ലാത്തതിനാല്‍) എന്ന് അമ്മാവന് തീരുമാനിക്കേണ്ടി വന്നത് ഐവറികോസ്റ്റിലെ ആഭ്യന്തരയുദ്ധം മൂലമാണെന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത.്

സൃഹൃത്തുക്കളെ, എന്റെ ഈ ആഴ്ചത്തെ കഥ നടക്കുന്നത് ഐവറികോസ്റ്റില്‍ ആണ്. എന്റെ കഥയുടെ പേരാണ്
''യാമസുക്രോയിലെ ബസ്ലിക്ക''

എന്റമ്മോ, അതെന്തു കുന്ത്രാണ്ടം?.

ഏതാണു മനസ്സിലാവാത്തത്. യാമസുക്രോയോ ബസ്ലിക്കയോ?.

ആദ്യം ഞാന്‍ ബസ്ലിക്കയെപ്പറ്റി പറായാം.

ഞാന്‍ പഠിച്ചത് ഒരു പള്ളിവക പള്ളികൂടത്തിലാണെങ്കിലും കൃസ്ത്യന്‍ പള്ളികള്‍ക്ക് ചാപ്പല്‍ , പള്ളി, കത്തിഡ്രല്‍ , ബസ്ലിക്ക എന്നിങ്ങനെ പേരുകള്‍ ഉണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. അതു സണ്‍ഡേ സ്‌ക്കുളില്‍ ആയിരിക്കണം പഠിപ്പിച്ചിരുന്നത്.

നാട്ടില്‍ പക്ഷേ ചെറിയ പള്ളി, പള്ളി, വലിയ പള്ളി എന്നിങ്ങനെ മൂന്നുതരം പള്ളികള്‍ ഉള്ളതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അതു തമ്മിലുള്ള വ്യത്യാസവും എനിക്കു മനസ്സിലായിട്ടില്ല. കോതമംഗലത്തെ ചെറിയ പള്ളി ഞാന്‍ കണ്ടിട്ടുള്ള പല പള്ളികളേക്കാള്‍ വലുതാണ്. വെങ്ങോലയിലെ ഞങ്ങളുടെ ഇടവക ആയ പള്ളി ആകട്ടെ ഇപ്പോള്‍ വല്യപള്ളി എന്നാണ് അറിയപ്പെടുന്നത്. പള്ളിയുടെ വലിപ്പം കൂട്ടിയിട്ടും ഇല്ല, അടുത്ത ഭാഗം അതിലും ചെറിയ പള്ളി ഉണ്ടായിട്ടും. നല്ല കര്‍ത്താവേ, കണ്‍ഫ്യൂഷന്‍ ആയല്ലോ. ചേട്ടന്‍ പുളു അടിക്കാതെ കഥപറ. ഛഗ, ഛഗ പറയാം.

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റ്റിന്റെ തലസ്ഥാനമാണ് യാമസുക്രോ. പണ്ടും ഇപ്പോഴും ഇത് ഐവറികോസ്റ്റിലെ പ്രധാന നഗരം അല്ല. അത് അബിജാന്‍ ആണ്. എന്നാല്‍ , ഫ്രഞ്ചുകാരില്‍ നിന്നും സ്വതന്ത്ര്യം കിട്ടിയതിനു ശേഷം മരണം വരെ ഐവറികോസ്റ്റ് ഭരിച്ച പ്രസിഡന്റ് ഫെലിക്‌സ് ജനിച്ചത് ഈ നഗരത്തില്‍ ആണ്. അതുകൊണ്ടുതന്നെ അവിടം തലസ്ഥാനം ആക്കുന്നത് ഒരു നല്ല ഐഡിയ ആയി അദ്ദേഹത്തിനു തോന്നി. അദ്ദേഹത്തിന് അതുമാത്രം അല്ല തോന്നിയത് കോണ്‍കോര്‍ഡ് എന്ന പണ്ടത്തെ പ്രശസ്തമായ വിമാനത്തിനു വരെ ഇറങ്ങാന്‍ പറ്റുന്ന ഒരുവിമാനത്താവളം പിന്നെ ലോകത്തില്‍ ഏറ്റവും വലിയ കൃസ്ത്യന്‍ പള്ളി.

എന്നിട്ടോ?.
കല്പന കല്ലേ പിളര്‍ക്കും എന്നല്ലേ.
യാമസുക്രോ തലസ്ഥാനം ആയി, വലിയ വിമാനത്താവളം വന്നു. അതിവിശാലവും അതിമനോഹരവും ആയ ഒരു പള്ളിയും അവിടെ ഉണ്ടായി.

18000 പേര്‍ക്ക് ഒരേ സമയം പ്രാര്‍ത്ഥിക്കാന്‍ പറ്റുന്ന 322917 ചതുരശ്ര അടിയില്‍ പരന്നു കിടക്കുന്ന റോമിലെ സെക്കന്റ് പീറ്റേര്‍സ് ബസ്ലിക്കയോട് അതിശയകരം ആയ രൂപസാദൃശ്യം ഉള്ള ഒരു പള്ളി. ആയിരം കോടിയിലും അധികം രൂപ ചിലവായി. അന്നത്തെമാര്‍പാപ്പ ആയിരുന്ന ജോണ്‍പോള്‍ രണ്ടാമന്‍ ആണ് പള്ളി വിശ്വാസികള്‍ക്കായി പ്രാര്‍ത്ഥിച്ച് തുറന്നു കൊടുത്തത്.

അതീവ സുന്ദരമായ രൂപവും നിര്‍മ്മാണവും, ഇറ്റാലിയില്‍ നിന്നുള്ള മാര്‍ബിള്‍ ഫ്രാന്‍സില്‍ നിന്നും വന്ന പെയിന്റു ചെയ്ത ചില്ലു ജാലകങ്ങള്‍ എന്നിങ്ങനെയായി ഈ ബസ്ലിക്ക യാമസുക്രോയിന്‍ ഇപ്പോഴും നിലനില്‍ക്കുന്നു.

പക്ഷെ പ്രസിഡന്റ് ഫെലിക്‌സിന്റെ മരണശേഷം കാര്യങ്ങള്‍ പലതും മാറി. രണ്ടു പതിറ്റാണ്ടോളം ആഭ്യന്തരയുദ്ധം കഴിഞ്ഞ് കഴിഞ്ഞമാസം ആണ് പുതിയ ഗവണ്‍മെന്റ് അംഗീകാരത്തില്‍ എത്തുന്നത്. പ്രസിഡന്റും പാര്‍ലമെന്റും എല്ലാം അബിജാനിലേക്കു തിരിച്ചുപോയി. യുദ്ധഭൂമി ആയതിനാല്‍ സന്ദര്‍ശകര്‍ വരാന്‍ മടികാണിച്ചു. അങ്ങനെ വലിപ്പം ഏറെ ഉണ്ടെങ്കിലും സന്ദര്‍ശകര്‍ ഇല്ലാതെ കിടക്കുകയാണ് യാമസുക്രോയിലെ ബ്ലസിക്ക.

പുതിയ ഗവണ്‍മെന്റ് വരികയും സമാധാനം പുന:സ്ഥാപിക്കുകയും ചെയ്യുന്നതോടെ ലോകം എമ്പാടുമുള്ള വിശ്വാസികളും സന്ദര്‍ശകരും യാമസുക്രോയിലേക്ക് എത്തുമെന്നാണ് അവിടുത്തുകാരോടൊപ്പം ഞാനും പ്രതീക്ഷിക്കുന്നത്.

പണമിരട്ടിക്കുന്നതെങ്ങനെ?

മുരളി തുമ്മാരുകുടി

പണമിരട്ടിപ്പുകാരുടെയും തട്ടിപ്പുകാരുടെയും വാര്‍ത്തകളാണ് പത്രങ്ങള്‍ നിറയെ. കൂടുതലും തട്ടിപ്പുകാരെ പറ്റിയാണെങ്കിലും നഷ്ടപ്പെട്ടവരെ പറ്റിയും വാര്‍ത്തകളുണ്ട്. കിട്ടിയ പെന്‍ഷന്‍ തുക നിക്ഷേപിച്ചവര്‍, മകളുടെ കല്യാണത്തിന് വെച്ച പണം നിക്ഷേപിച്ചവര്‍ എന്നിങ്ങനെ 'അയ്യോ പാവങ്ങളും' ബാങ്ക് വായ്പ എടുത്ത് പണം ഇരട്ടിക്കാന്‍ നോക്കിയ അത്യാഗ്രഹികളും ഉള്‍പ്പെട്ട വലിയ സംഘം തട്ടിപ്പിനിരയായിട്ടുണ്ട്.

കേരളത്തില്‍ ഇതാദ്യമല്ല നിക്ഷേപത്തട്ടിപ്പ്. കാലാകാലങ്ങളായി മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ ഇതാവര്‍ത്തിക്കുന്നു എന്നാണെനിക്ക് തോന്നുന്നത്. എന്താണ് ആളുകള്‍ വീണ്ടും വീണ്ടും ഈ കുഴിയില്‍ പോയി ചാടുന്നത്? എങ്ങനെ തട്ടിപ്പു നിക്ഷേപ പദ്ധതികളെ തിരിച്ചറിയാം?

പൊതുവേ എല്ലാവരുടെയും ആഗ്രഹം കൂടുതല്‍ പണമുണ്ടാക്കണമെന്നാണ്. ഇല്ലാത്തവര്‍ക്ക് അതുണ്ടാക്കാനും ഉള്ളവര്‍ക്ക് അത് വര്‍ദ്ധിപ്പിക്കാനും. പണം സുരക്ഷിതമായി വര്‍ദ്ധിപ്പിക്കാനോ എളുപ്പം ഇരട്ടിപ്പിക്കാനോ ഒരു വഴിയുമില്ല എന്നതാണ് സാര്‍വലൗകികമായ സത്യം. ഇതംഗീകരിച്ചാല്‍ തന്നെ പകുതി പ്രശ്‌നം തീരും.

കുറേ പണം കിട്ടിയെന്നോ ഉണ്ടെന്നോ കരുതുക. ആദ്യ താല്‍പര്യം അതാരും കട്ടുകൊണ്ട് പോകരുത് എന്നാവും. അത് പെട്ടിയിലോ പത്താഴത്തിലോ വെച്ച് കാവലിരിക്കാം. പക്ഷേ അത് വര്‍ദ്ധിക്കില്ല. അപ്പോള്‍ അതെവിടെയെങ്കിലും അല്ലെങ്കില്‍ എന്തിലെങ്കിലും ന്‌ക്ഷേപിക്കാം. അത് ഭൂമിയിലാകാം സ്വര്‍ണത്തിലാകാം ബാങ്കിലാകാം അല്ലെങ്കില്‍ ഓഹരിയിലാകാം. കൂടുതല്‍ അറിവുള്ളവര്‍ക്ക് കറന്‍സിയിലോ കമ്മോഡിറ്റിയിലോ (ക്രൂഡോയില്‍ തൊട്ട് സോയാബീന്‍ വരെ) നിക്ഷേപിക്കാം. അതിലുമറിവുള്ളവര്‍ സങ്കീര്‍ണമായ ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കും.

ഈ നിക്ഷേപങ്ങളിലൊന്നും തെറ്റും ശരിയുമില്ല. ഓരോ കാലത്ത് ഓരോ നിക്ഷേപമാണ് ആദായകരമെന്ന് തോന്നും. ഉദാഹരണത്തിന് 2001-05 വരെ ഭൂമിയില്‍ നിക്ഷേപിച്ചവര്‍ക്ക് വന്‍ ആദായം ഉണ്ടായി. പക്ഷേ പിന്നീട് ലാഭം സ്വര്‍ണത്തില്‍ നിക്ഷേപിച്ചവര്‍ക്കായിരുന്നു. ഓഹരിയില്‍ നിക്ഷേപിച്ചവര്‍ക്ക് ലാഭം വന്നും പോയുമിരുന്നു.

നിക്ഷേപങ്ങളുടെ കാര്യത്തില്‍ സത്യം രണ്ടേയുള്ളു. ഒന്ന്: ലാഭസാദ്ധ്യത കൂടുംതോറും നഷ്ടസാദ്ധ്യതയും കൂടും. രണ്ട്: എവിടെയാണ്, എപ്പോളാണ് ലാഭമുണ്ടാകുക എന്ന് പ്രവചിക്കാന്‍ ജോത്സ്യമാര്‍ക്കും സാമ്പത്തിക വിദ്ഗ്ധന്‍ മാര്‍ക്കും കഴിയില്ല. ഉണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിന് സാമ്പത്തിക വിദഗ്ധരെ ജോലിക്ക് വെച്ചിരുന്ന അമേരിക്കയിലെ വമ്പന്‍ ബാങ്കുകള്‍ കട്ടയും പടവും മടക്കി സ്ഥലം വിടേണ്ടിവരുമായിരുന്നോ?

നിക്ഷേപങ്ങള്‍ നിങ്ങള്‍ സ്വയം തീരുമാനിക്കണം. നിങ്ങള്‍ക്കെന്ത് ആവശ്യമുണ്ടെന്നതിന്റെയോ എത്ര പണമുണ്ടെന്നതിന്റെയോ അടിസ്ഥാനത്തില്‍ ആകരുത് അത്. എത്ര മാത്രം നഷ്ടം സഹിക്കാന്‍ തയ്യാറാണ് നിങ്ങള്‍ എന്ന അടിസ്ഥാനത്തിലായിരിക്കണം.

ഏറ്റവും സുരക്ഷിതമായ നിക്ഷേപം ഗവണ്മന്റ് ഇറക്കുന്ന ബോണ്ടുകളാണ്. ഗവണ്മന്റ് എത്ര ശക്തമാണോ അത്രയും ശക്തമായിരിക്കും ബോണ്ടിന്റെ സുരക്ഷിതത്വവും. പക്ഷേ ബോണ്ടുകള്‍ക്ക് പലിശയും ഏറ്റവും കുറവായിരിക്കും. സ്വിസ്സര്‍ലാന്റ് പോലെയുള്ള രാജ്യങ്ങളില്‍ പലപ്പോഴും ഒരു ശതമാനമേ പലിശയുണ്ടാകു. പക്ഷേ ഇട്ടാല്‍ കിട്ടുമെന്ന് ഉറപ്പുണ്ടാകും. സാമ്പത്തികനില പരുങ്ങലിലായ രാജ്യങ്ങളില്‍ (ഉദാ. ഗ്രീസ്, പോര്‍ച്ചുഗല്‍) ഗവണ്മന്റ് ബോണ്ടുകള്‍ക്ക് കൂടുതല്‍ പലിശ കിട്ടും പക്ഷേ തിരിച്ചുകിട്ടാന്‍ കാലതാമസമുണ്ടാകും.

ഗവ. ബോണ്ടുകളുടെ തൊട്ടുതാഴെയാണ് വന്‍കിട ബാങ്കുകളിലെ സുരക്ഷ. ഇതിന്റെ ഒരു കാരണം ബാങ്കുകള്‍ക്ക് ലഭിക്കുന്ന നിക്ഷേപങ്ങളില്‍ നല്ലൊരു പങ്ക് (ഉദാ. 30%) ഗവണ്മന്റ് ബോണ്ടുകളില്‍ നിക്ഷേപിക്കണം എന്ന നിയമങ്ങളാണ്. ബാങ്ക് പൊളിഞ്ഞാലും നിക്ഷേപത്തില്‍ ഒരു പങ്ക് സുരക്ഷിതമായിരിക്കും. പോരെങ്കില്‍, ബാങ്കുകള്‍ നഷ്ടസാധ്യത കൂടിയ പ്രസ്ഥാനങ്ങളില്‍ ചെന്ന് ചാടാതിരിക്കാന്‍ നിക്ഷേപങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുകയും വേണം.

ബാങ്ക് പലിശയില്‍ നിന്നും വളരെയേറെ (ഉദാ. ഇരട്ടി) ആരെങ്കിലും വാഗ്ദാനം ചെയ്താല്‍, അതെന്ത് ബിസിനസ്സായാലും (ആട്, തേക്ക്, സ്വര്‍ണം, കറന്‍സി) അത് നിരസിക്കാനുള്ള കരുത്ത് കാട്ടുകയെന്നതാണ് ഏറ്റവും നല്ല നിക്ഷേപതന്ത്രം. കാരണമായി ഒറ്റക്കാര്യം ഓര്‍ത്താല്‍ മതി. ഡസന്‍ കണക്കിന് വമ്പന്‍ ബാങ്കുകളും പണച്ചാക്കുകളും നാട്ടിലുണ്ട്. നിക്ഷേപ പലിശയില്‍ നിന്നും നാലോ അഞ്ചോ ശതമാനം കൂട്ടി വായ്പ നല്‍കാന്‍ ബാങ്കുകള്‍ മത്സരിക്കുകയാണ്. അപ്പോള്‍, നല്ല ബിസിനസ്സ് ഐഡിയ ഉള്ള ഒരാള്‍ക്ക് പത്തോ നൂറോ കോടി രൂപ സംഘടിപ്പിക്കാന്‍ നിങ്ങളെ പോലെ ആയിരക്കണക്കിന് ആളുകളുടെ കൈയില്‍ നിന്ന് പതിനായിരമോ ലക്ഷമോ വാങ്ങി കണക്ക് സൂക്ഷിക്കേണ്ട കഷ്ടപ്പാട് വല്ലതുമുണ്ടോ? പണമിരട്ടിപ്പിക്കാന്‍ ശേഷിയുള്ളവര്‍ വല്ല ബാങ്കില്‍ നിന്നും 15 ശതമാനം പലിശയ്ക്ക് കാശെടുത്ത് ഇരട്ടിപ്പിക്കട്ടെ..

അമിത പലിശ വാഗ്ദാനം ചെയ്യുന്നവര്‍ അത് പലവിധത്തിലാണ് ചെയ്യുന്നത്. ഒരു കൂട്ടര്‍ പുതിയതായി വരുന്ന നിക്ഷേപകരുടെ പണമെടുത്ത് ആദ്യമെത്തിയവര്‍ക്ക് പലിശ നല്‍കുന്നു. ഇങ്ങനെയാണ് ആദ്യം കുറേ പേര്‍ക്ക് ലാഭമുണ്ടാകുന്നതും വിശ്വാസ്യത വരുന്നതും. എന്നാല്‍ പുതിയ നിക്ഷേപകരുടെ പ്രവാഹം കുറയുമ്പോള്‍ ഇത് നടക്കാതെയാവും, ബാങ്ക് പൊളിയും.

വേറൊരു കൂട്ടര്‍ പണമെടുത്ത് ഊഹക്കച്ചവടത്തില്‍ നിക്ഷേപിക്കുന്നു (ഭൂമി, ഓഹരി, സ്വര്‍ണം) ഇവയുടെ വില ഉയര്‍ന്നുകൊണ്ടിരിക്കുന്നിടത്തോളം കാലം അവര്‍ക്ക് അമിത പലിശ നല്‍കാനാവും. പക്ഷേ ലോകത്തില്‍ ഒന്നിന്റെയും വില എന്നും ഉയര്‍ന്നുകൊണ്ടേ ഇരിക്കില്ല. എന്നെങ്കിലും ഇതും പൊളിഞ്ഞേ തീരൂ.

'ഇതൊന്നും വേണ്ട, പണം വല്ല സ്വിസ്സ് ബാങ്കിലും ഇട്ടുകളയാം' എന്ന് വിചാരിക്കുന്നെങ്കില്‍ ഒരു കാര്യം പറയാം. സ്വിസ്സ് ബാങ്ക് അക്കൗണ്ട ഉണ്ടെന്ന് പരസ്യമായി സമ്മതിക്കുന്ന ആദ്യമലയാളിയാണ് ഞാന്‍ (ഇവിടുത്തെ പോസ്‌റ്റോഫീസ് സേവിങ്‌സ് അക്കൗണ്ട് ആണെന്നു മാത്രം) -എനിക്ക് കിട്ടുന്നത് വെറും ഒരു ശതമാനത്തിലും കുറഞ്ഞ പലിശയാണ്. നാട്ടില്‍ പോയി വല്ല എന്‍.ആര്‍.ഐ. അക്കൗണ്ടിലും ഇട്ടാല്‍ 6-8 ശതമാനം പലിശ കിട്ടുമല്ലോ എന്ന് കരുതുന്നവരാണ് സ്വിസ്സ് മലയാളികള്‍ മിക്കവരും. ഇവരിപ്പോള്‍ സങ്കടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് സ്വിസ്സ് ഫ്രാങ്കിന്റെ വില 20 ശതമാനം കൂടി, ഇവിടുത്തെ ഒരു ശതമാനം പോലും വന്‍ ലാഭമായേനെ.

ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. ഈ പൈസ ഉള്ളവരുടെ ഒരു ബുദ്ധിമുട്ടേ! ഇതായിരിക്കും വേദനിക്കുന്ന കോടീശ്വരന്മാരെ പറ്റി മോഹന്‍ലാല്‍ പറഞ്ഞത്. എന്നാലിനി വല്ല അച്ചാര്‍, പൊറോട്ട കമ്പനികളായാലോ?

 

അസമത്വത്തിന്റെ സ്മാരകങ്ങള്‍

മുരളി തുമ്മാരുകുടി 

പലരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ അവസരമുള്ള ജോലിയിലാണെങ്കിലും ജോലിയുടെ സ്വഭാവം കാരണം ഒരു സന്ദര്‍ശകനെപ്പോലെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനോ മറ്റു കാഴ്ചകള്‍ കാണാനോ സമയമോ സാഹചര്യമോ പലപ്പോഴും ഉണ്ടാകാറില്ല. അതുകൊണ്ട് ഉള്ള സമയത്ത് ആ നഗരത്തില്‍ ഏങ്ങാനും ഒരു മ്യൂസിയം ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു കാണലാണ് എന്റെ മിനിമം പരിപാടി.



മിക്കവാറും മ്യൂസിയങ്ങള്‍ മനുഷ്യ സംസ്‌കാരത്തിന്റെ വളര്‍ച്ചയുടെ സ്മാരകങ്ങള്‍ ആണല്ലോ. പാരീസിലെ ഓര്‍സി മ്യൂസിയമോ, കെയ്‌റോയിലെ പുരാവസ്തു മ്യൂസിയമോ, അമേരിക്കയിലെ ഏയ്‌റോസ്‌പേസ് മ്യൂസിയമോ ആയിക്കൊള്ളട്ടെ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യപുരോഗതിയുടെ കഥയാണ് പറയുന്നത്.

മനുഷ്യന്റെ ചരിത്രം എന്നാല്‍ ഉത്തമവികാരങ്ങളുടെ മാത്രം ചരിത്രം അല്ലല്ലോ. നന്മയും തിന്മയും ഒരുപോലെ അല്ലെങ്കിലും ഇടകലര്‍ന്നതാണല്ലോ മനുഷ്യചരിത്രം. എന്നാല്‍ സ്വാഭാവികമായും സ്വന്തം ചരിത്രത്തിലെ തിന്മകളെ പ്രദര്‍ശിപ്പിക്കാന്‍ രാജ്യങ്ങള്‍ താല്പര്യം കാട്ടാറില്ല. അതുകൊണ്ട് ചരിത്രത്തില്‍ നിന്നും പഠിക്കാന്‍ നമുക്ക് കഴിയാറുമില്ല. ചരിത്രത്തില്‍ നിന്നും പഠിക്കാത്തവര്‍ ചരിത്രം ആവര്‍ത്തിക്കും എന്നൊരു ചൊല്ലുണ്ടല്ലോ.

എന്നാല്‍ മനുഷ്യ ചരിത്രത്തിലെ കറുത്ത അധ്യായം എന്ന് പറയാവുന്ന മൂന്ന് സ്്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. കിഗാലിയിലെ 'ജനോസൈഡ് മെമ്മോറിയല്‍', ജറുസലേമിലെ 'ഹോളോകോസ്റ്റ് മ്യൂസിയം', ലിവര്‍പൂളിലെ 'അടിമ മ്യൂസിയം' എന്നിവയാണത്. സാധാരണ ആരും പോകാത്തതും പോയാല്‍ തന്നെ വിവരിക്കാന്‍ ഇഷ്ടപ്പെടാത്തതും ആയ മനുഷ്യ അധമത്വത്തിന്റെ ഓര്‍മ്മക്കുറിപ്പുകളെപ്പറ്റിയാവട്ടെ ഈ തവണത്തെ കഥ.

1994 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് മനുഷ്യമനഃസാക്ഷിയെ ഇന്നും നടുക്കുന്ന നരഹത്യ മധ്യആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ നടക്കുന്നത്. ബെല്‍ജിയത്തിന്റെ കോളനി ആയിരുന്നു റുവാണ്ട. അവിടെ ഹുട്ടു എന്നും ടുട്ട്‌സി എന്നും രണ്ടു വംശക്കാര്‍ . ചരിത്രത്തിന്റെയും കൊളോണിയലിസത്തിന്റെയും ഭാഗമായി ഇവര്‍ തമ്മില്‍ ശത്രുത വളര്‍ന്നു, പലപ്പോഴും ഇത് ആളിക്കത്തി ആയിരക്കണക്കിന് ആളുകളുടെ മരണത്തില്‍ കലാശിച്ചു.

1994 ല്‍ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സന്ധി സംഭാഷണത്തിനു പോയ റുവാണ്ടന്‍ പ്രസിഡന്റിന്റെ വിമാനം ആരോ വെടിവെച്ചിട്ടു. ഇതുചെയ്തത് ഹുട്ടു തീവ്രവാദികള്‍ ആണെന്നും ടുട്ട്‌സി തീവ്രവാദികള്‍ ആണെന്നും സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ഇതിനെ തുടര്‍ന്ന് രാജ്യമെമ്പാടും ഉള്ള ടുട്ട്‌സികളെ ഹുട്ടു വംശക്കാര്‍ കൂട്ടമായി കൊന്നൊടുക്കാന്‍ തുടങ്ങി. ചരിത്രപരവും സമകാലീനവുമായ പല കാരണങ്ങളാല്‍ അന്താരാഷ്ട്ര സമൂഹം ഈ പ്രശ്‌നത്തില്‍ സമയോചിതമായി ഇടപെട്ടില്ല. നൂറു ദിവസത്തിനുശേഷം ഉഗാണ്ടന്‍ വനാന്തരങ്ങളില്‍ നിന്നും പോള്‍ കഗാമേയുടെ നേതൃത്വത്തില്‍ സംഘടിക്കപ്പെട്ട ടുട്ട്‌സികളുടെ ഒരു സേന കിഗാലി പിടിച്ചടക്കുമ്പോഴേക്ക് 8 ലക്ഷത്തിലധികം ആളുകള്‍, ഭൂരിഭാഗവും ടുട്ട്‌സികള്‍, കൊല്ലപ്പെട്ടിരുന്നു. കേരളത്തിന്റെ മൂന്നിലൊന്ന് മാത്രം ജനസംഖ്യയുള്ള ഒരു സ്ഥലത്താണ് ദിവസേന 8000 ഓളം ആളുകളെ വെട്ടിനുറുക്കിയതെന്ന് ആലോചിക്കുമ്പോഴാണ് മനുഷ്യാധമത്തിന് അന്തമില്ല എന്നു നാം അറിയുന്നത്.

റുവാണ്ടയിലെ കൂട്ടക്കൊലയുടെ ഒരു പ്രധാന വ്യത്യാസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും ഉള്ളവര്‍ ഈ കൂട്ടക്കൊലയില്‍ പങ്കെടുത്തു എന്നതാണ്. അധ്യാപകരും ആരോഗ്യപ്രവര്‍ത്തകരും തുടങ്ങി പള്ളിയിലെ വികാരികള്‍ വരെ ടുട്‌സികളെ കൊല്ലുന്നതിന്റെ ആസൂത്രണത്തിലും പ്രാവര്‍ത്തികമാക്കലിലും സജീവമായി പങ്കെടുത്തു.

ഈ കൂട്ടക്കൊലയുടെ ചരിത്രമാണ് ജിനോഡിയോ മ്യൂസിയം പറയുന്നത്. കിഗാലിയില്‍ നൂറുകണക്കിനാളുകളെ കൊന്നുകുഴിച്ചിട്ട സ്ഥലത്താണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. കണ്ടാല്‍ നടുങ്ങുന്നതും കരളലയിപ്പിക്കുന്നതുമായ കാഴ്ചകളാണ് ഇവിടെ പ്രദര്‍ശനവസ്തുക്കള്‍. ഇവിടുത്തെ ഒരു ഭാഗം കൊല്ലപ്പെട്ട കുട്ടികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നു. മച്ചില്‍ നിന്നും നൂറുകണക്കിന് കുട്ടികളുടെ ചിത്രം തൂക്കിയിട്ടിരിക്കുന്നു. ഓരോന്നിന്റെയും അടിയില്‍ കുട്ടിയുടെ പേര്, വിളിപ്പേര്, ഇഷ്ടപ്പെട്ട ഭക്ഷണം, പ്രിയപ്പെട്ട കളിപ്പാവ എന്നിവ. ഏറ്റവും അവസാനം കുട്ടിയെ എവിടെ വെച്ച് എങ്ങനെ കൊന്നു എന്നു വായിക്കുമ്പോഴാണ് നാം കരഞ്ഞുപോകുന്നത്. കഴുത്തറുത്ത്, വെള്ളത്തില്‍ മുക്കി, തല ഭിത്തിയില്‍ ഇടിച്ച്... കേവലം പതിനഞ്ചു വര്‍ഷം മുമ്പ് 20-ാം നൂറ്റാണ്ടിന്റെ അവസാന പതിറ്റാണ്ടില്‍ ഇങ്ങനെയൊക്കെ നടന്നുവെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നവര്‍ക്ക് വേണ്ടിയാണ് ഈ മ്യൂസിയം.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത് യൂറോപ്പിലെങ്ങും ജൂതന്‍മാരെ പീഡിപ്പിച്ചതിന്റെയും കൊന്നൊടുക്കിയതിന്റെയും ചരിത്ര സ്മാരകമാണ് ജറുസലേമിലെ ഹോളോകാസ്റ്റ് മ്യൂസിയം.

ഇടുങ്ങിയ തൃകോണാകൃതിയിലുള്ള രണ്ടു നീണ്ട ഇടനാഴികള്‍ ആയിട്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത്. ജൂതര്‍ അനുഭവിച്ച 'തീണ്ടലു'കളുടെ ഭാവനാത്മകമായ ആവിഷ്‌കാരം ആണിത്. 1940 കളില്‍ ജൂതജനതയെ അവരുടെ സമ്പത്തുകളില്‍ നിന്നും വാസസ്ഥലങ്ങളില്‍ നിന്നും അകറ്റി ക്യാമ്പുകളില്‍ താമസിപ്പിച്ച് കഠിനാധ്വാനം ചെയ്യിച്ചും അല്ലാതെയും കൊന്നൊടുക്കിയതിന്റെ കാഴച്കള്‍ .അതിന്റെ ഇടയില്‍ ജീവനും സംസ്‌കാരവും നിലനിര്‍ത്താന്‍ നടത്തിയ സാഹസിക പരിശ്രമങ്ങളുടെ ചരിത്രങ്ങള്‍ ഇവയെല്ലാം ആണ് ഇവിടെയുള്ളത്.

മുകളില്‍ പറഞ്ഞ രണ്ട് മ്യൂസിയവും ഒരുക്കിയിരിക്കുന്നത് പീഡനം അനുഭവിച്ചവര്‍ ആണെങ്കില്‍ ലിവര്‍പൂളിലെ 'അടിമ' മ്യൂസിയം ഉണ്ടാക്കിയിരിക്കുന്നത് ആ ക്രൂരകൃത്യം നടത്തിയവരുടെ പിന്‍തലമുറക്കാര്‍ ആണെന്നതാണ് ഈ മ്യൂസിയത്തെ വ്യത്യസ്തമാക്കുന്നത്. 18-ാം നൂറ്റാണ്ടില്‍ യൂറോപ്യന്‍മാര്‍ അമേരിക്കയില്‍ കുടിയേറ്റം നടത്തുന്നു. അവിടുത്തെ താമസക്കാരെ കൂട്ടമായി കൊന്നൊടുക്കുന്നു. പിന്നെ അവിടുത്തെ കൃഷിയിടങ്ങളില്‍ കരിമ്പും പരുത്തിയും കൃഷിചെയ്യാന്‍ ആഫ്രിക്കയില്‍ നിന്ന് വന്‍തോതില്‍ അടിമകളെ പിടിച്ചുകൊണ്ടുപോകുന്നു. ഈ പ്രസ്ഥാനങ്ങളുടെ എല്ലാം കേന്ദ്രസ്ഥാനം ആയിരുന്നു ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ .ലിവര്‍പൂളില്‍ നിന്ന് തുണിയും മറ്റു കച്ചവടച്ചരക്കുകളുമായി കപ്പല്‍ ആഫ്രിക്കന്‍ തീരത്തേക്ക്. അവിടുത്തെ യൂറോപ്യന്‍മാരും നാട്ടുരാജാക്കന്‍മാരും ആ നാട്ടുകാരെ ബലമായി പിടിച്ചുകെട്ടി (കൂട്ടമായും കുടുംബമായും) അവിടെ റെഡിയായിട്ടുണ്ടാവും. കച്ചവടച്ചരക്കുകള്‍ വച്ചുമാറി അടിമകളെ കയറ്റി കപ്പല്‍ അമേരിക്കയിലേക്കും ബ്രസീലിലേക്കും. അവിടെയുള്ള അടിമച്ചന്തകളില്‍ അടിമകളെ വിറ്റ് പകരം പരുത്തിയും പുകയിലയും മറ്റു കാര്‍ഷിക വിളകളും കയറ്റി വീണ്ടും ലിവര്‍പൂളിലേക്ക്. 1750 മുതല്‍ 1800 വരെ ആഴ്ചയില്‍ ഒരു കപ്പല്‍ വീതം ഇങ്ങനെ തൃകോണ സഞ്ചാരം നടത്തിയിരുന്നുവെന്നും ഇന്നു കാണുന്ന ലിവര്‍പൂളിന്റെ സമ്പത്തിന്റെയും പ്രൗഡിയുടെയും അടിത്തറ ഈ അടിമക്കച്ചവടത്തിലെ ലാഭമാണെന്നതും ചരിത്രമാണ്. ഈ ചരിത്രമാണ് ലിവര്‍പൂള്‍ മ്യൂസിയം പറയുന്നത്.

സ്വന്തം വീട്ടിലും നാട്ടിലും നടന്നവരെ എങ്ങനെ പിടിച്ചുകെട്ടി മെരുക്കി അടിമകളാക്കിയെന്ന് നമുക്കിവിടെ കാണാം. അവരെ കൊണ്ടുപോയിരുന്ന കപ്പലുകളുടെ മാതൃക, അവരെ ബന്ധിച്ചിരുന്ന ചങ്ങലകള്‍, അവരെ അടിക്കാന്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങള്‍ എല്ലാം. മനുഷ്യന്‍ മനുഷ്യനോടു കാണിച്ച ക്രൂരതയുടെ മറ്റൊരു മുഖം.

ലിവര്‍പൂളിലെ അടിമ മ്യൂസിയം കണ്ടിറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ ഒരു ചിന്തയുണ്ടായി. ഇന്ത്യന്‍ സമൂഹത്തില്‍ കാലാകാലമായുണ്ടായിരുന്ന ജാതിവ്യവസ്ഥയെപ്പറ്റി, അതില്‍ കീഴാളര്‍ അനുഭവിച്ച പീഡനങ്ങളെപ്പറ്റി ഒരു മ്യൂസിയം ഉണ്ടാക്കാനുള്ള മെച്യൂരിറ്റി ഭാരതീയ സമൂഹത്തിന് ഉണ്ടാകുമോ?

യേശുദാസ് വയോവൃദ്ധനാണോ..?

മുരളി തുമ്മാരുകുടി 

ഏപ്രില്‍ രണ്ടാം തിയ്യതി സൂറിച്ചില്‍ യേശുദാസിന്റെ സംഗീത പരിപാടി ഉണ്ടെന്ന് ഞാന്‍ ഒരാഴ്ച മുമ്പാണ് അറിഞ്ഞത്. മറ്റുള്ള എല്ലാ പരിപാടികളും യാത്രകളും മാറ്റിവെച്ച് ഇന്ത്യ അന്ന് ലോകകപ്പ് ഫൈനല്‍ കളിക്കുകയാണെന്നത് ശ്രദ്ധിക്കാതെ ഞാന്‍ അങ്ങോട്ടു പോയി.



ലോകത്തിലുള്ള ഇന്ത്യന്‍ വംശജര്‍ മുഴുവന്‍ (പണ്ട് ഇന്ത്യക്കാരായിരുന്നവര്‍ ഇപ്പോള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലും സ്വിറ്റ്‌സര്‍ലാന്റിലും മറ്റു രാജ്യങ്ങളിലും പൗരത്വം എടുത്തു. ജീവിക്കുന്നവര്‍ എല്ലാം ഇപ്പോഴും ഇന്ത്യന്‍ ടീമിനെയാണ് പിന്തുണയ്ക്കുന്നത് എന്നത് അതിശയമാണ്.) ക്രിക്കറ്റില്‍ മുഴകിയിരിക്കുന്ന സമയം ആയിട്ടും യേശുദാസിന്റെ പരിപാടി ആയതിനാല്‍ ഹൗസ് ഫുള്‍ ആണ്. പറഞ്ഞത് പോലെ കൃത്യം നാലുമണിക്ക് തൂവെള്ള ഷൂവും, ഷര്‍ട്ടും, പാന്റും കോട്ടും അണിഞ്ഞ് മലയാളികളുടെ ദാസേട്ടന്‍. പിന്നെ സ്വീകരണം സമ്മാനദാനം, പ്രസംഗങ്ങള്‍, ഒടുവില്‍ എവിടുത്തേയും പോലെ, എന്നത്തേയും പോലെ, എപ്പോഴത്തേയും പോലെ ദാസേട്ടന്റെ ഒന്നാമത്തെ പാട്ട്: ഇടയകന്യകേ പോവുക നീ......

എനിക്കിരിക്കാന്‍ സ്ഥലം കിട്ടിയിടത്തു നിന്ന് എനിക്ക് ദാസേട്ടനെ കാണാന്‍ പറ്റില്ല. പക്ഷെ നല്ല ഹാള്‍ ആയതിനാല്‍ ഗാനം നന്നായി കേള്‍ക്കാം. അതുമതി, അതാണ് സുഖവും. ഇതു റിയാലിറ്റി ഷോയും ഉഷാ ഉതുപ്പും ഒന്നും അല്ലല്ലോ. കൂത്ത് ഇല്ല, പാട്ട് മാത്രം. ചെവികൂര്‍പ്പിക്കുക, കണ്ണടക്കുക.


ഇടയകന്യകയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങള്‍ ഓരോന്നും, പഴയതും പുതിയതും വന്നു, ''ഹരി മുരളീരവം, അമ്മ മഴക്കാറിന്, അല്ലിയാമ്പല്‍, സന്യാസിനീ.........'

യേശുദാസിന്റെ ലൈവ് പ്രോഗ്രാം ഞാന്‍ ഇതിനു മുമ്പ് കാണുന്നത് 1976-ലാണ്. ഏലൂര്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഞാന്‍ ഇരിക്കുന്ന (നില്‍ക്കുന്ന ) തറ ടിക്കറ്റിനും ഒരു കിലോ മീറ്റര്‍ ദൂരെ തൂവെള്ള വസ്ത്രമണിഞ്ഞ യേശുദാസ്, കൂടെ ബേബി സുജാതയും, ബേബിയായിരുന്ന സുജാത പിന്നെ അമ്മയായി, അമ്മൂമ്മ ആവാറായി. ദാസേട്ടന്‍ അന്നും ഇന്നും ഒരു പോലെ. രൂപത്തില്‍ മാത്രമല്ല ഗാനത്തിലും കണ്ണടച്ചിരിക്കുന്ന എനിക്ക് അദ്ദേഹത്തിന്റെ മുപ്പതോ നാല്പതോ വര്‍ഷം മുന്‍പുള്ള പാട്ടുകള്‍ എല്ലാം അതുപോലെ തന്നെ തോന്നി.

''അപ്പോള്‍ ചേട്ടാ, പിന്നെ ഈ തലേക്കെട്ടിന്റെ അര്‍ത്ഥം?''

അതു പിന്നെ ഞാന്‍ ''വിനീത് കുമാര്‍ വയോ വൃദ്ധനോ'' എന്നു തലക്കെട്ടിട്ടാല്‍ ഇതാരെങ്കിലും വായിക്കുമോ. ദാസേട്ടനാവുമ്പോള്‍ ഒരു കൗതുകം കൊണ്ട് നിങ്ങള്‍ വായിച്ചു തുടങ്ങും. ഭാഗ്യമുണ്ടെങ്കില്‍ ദാസേട്ടനോ മിനിമം വിജയ് യേശുദാസോ ഇതു വായിക്കാനും മതി.

''ദേ ഒരു മാതിരി ആളെ വടിയാക്കരുത്, അതുപോട്ടെ ആരാ ഈ വിനീത് കുമാര്‍? വീനീത് കുമാര്‍ ദാസേട്ടനെപ്പോലെ പ്രശസ്തന്‍ അല്ല. ഒരു സാധാരണ മലയാളി. അച്ഛന്‍, ഇപ്പോള്‍ അപ്പൂപ്പന്‍ .അതെ,ദാസേട്ടനെ പ്പോലെ.

കഴിഞ്ഞ മാസം വരെ ഞാന്‍ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടേയില്ല. പക്ഷേ കഴിഞ്ഞ മാസം ആശുപത്രിയില്‍ കിടന്ന മകള്‍ക്ക് ഭക്ഷണം കൊടുത്ത് തിരിച്ചുപോയ അദ്ദേഹം തൃശ്ശൂര്‍ മാലിന്യം നിക്ഷേപിക്കുന്ന ഒരു കുഴിയില്‍ വീണു. വീണ പോക്കില്‍ അദ്ദേഹത്തിന്റെ ബാഗും മൊബൈലും തെറിച്ചെവിടെയോ പോയി. ആരും അറിയാതെ രക്ഷിക്കാനില്ലാതെ അദ്ദേഹം ഒരു ദിവസത്തോളം ആ കുഴിയില്‍ കിടന്നു. പിറ്റേന്ന് അദ്ദേഹത്തെ ആരോ രക്ഷിച്ചു. അതു വാര്‍ത്തയും ആയി.

'' വയോ വൃദ്ധന്‍ കുഴിയില്‍ വീണു''
വയോ വൃദ്ധനായി പത്രക്കാര്‍ വര്‍ണിച്ച വിനീത് കുമാറിന് പ്രായം 68.

തൂവെള്ള വസ്ത്രവും അണിഞ്ഞ് ഞങ്ങളുടെ മുന്‍പില്‍ പാടുന്ന ഗാനഗന്ധര്‍വന് വയസ്സ് 70.

കേരളത്തില്‍ ആരെങ്കിലും അദ്ദേഹത്തെ വയോ വൃദ്ധന്‍ പോയിട്ട് വൃദ്ധന്‍ എന്നുവിളിക്കാന്‍ ധൈര്യപ്പെടുമോ?. അതു ശരിയാണോ, അതിന്റെ ആവശ്യം ഉണ്ടോ?.

ഇല്ലെങ്കില്‍ പിന്നെ എന്തിന് പാവം വിനീത് കുമാറിനെ നിങ്ങള്‍ വയോവൃദ്ധനാക്കി..? അദ്ദേഹം ഒരു കുഴിയില്‍ വീണതുകൊണ്ടോ.? കുഴിയില്‍ നിന്നും അദ്ദേഹത്തിന് താനേ കേറാന്‍ പറ്റാത്തതുകൊണ്ടോ.?

ചരിത്രം കൊണ്ടോ പാരമ്പര്യം കൊണ്ടോ ഒരാളെ വൃദ്ധന്‍ എന്ന് ഏതു പ്രായത്തതില്‍ വിളിക്കണമെന്ന് ഒരു മാനദണ്ഡം ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ മുഖ്യമന്ത്രിയുടെ പ്രായത്തിനെക്കുറിച്ച് കമന്റടിച്ച ആള്‍ക്ക് ഉരുളക്കുപ്പേരിപോലെ അദ്ദേഹം മറുപടി കൊടുത്തല്ലോ? തിരഞ്ഞെടുപ്പു സമയത്ത് കേരളം അങ്ങോളമിങ്ങോളം ഓടിയോടി, ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു.

ഭാരതത്തില്‍ അതൊരു സംഭവം ഒന്നും അല്ല. വില്ലാളി വീരനായ അര്‍ജുനന്‍ ഭാരത യുദ്ധത്തിന് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 88 വയസ്സിനു മുകളിലായിരുന്നു. കേരളത്തിലെ കലണ്ടര്‍ ചിത്രകാരന്‍മാര്‍ വരച്ച ചിത്രങ്ങളിലും രാമനന്ദ് സാഗറിന്റെ ടി.വി ഭാരതത്തിലും അദ്ദേഹത്തെ കാണാന്‍ മുപ്പതേ തോന്നു. അങ്ങനെ സത്യത്തെ വളച്ചൊടിച്ചതുകൊണ്ടാണ് നമുക്ക് 68 വയസ്സുകാരെ വൃദ്ധരെന്നു വിളിക്കാന്‍ തോന്നുന്നത്. മുതുമുതുക്കന്‍ ആയ യുധിഷ്ഠിരനും സഹോദരന്‍മാരും വയസ്സുകാലത്ത് യുദ്ധത്തിനിറങ്ങി എന്നു വ്യാസന്‍ പറഞ്ഞില്ലല്ലോ.

എന്തുകൊണ്ടോ ആളുകളെ അവരുടെ പ്രായത്തെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നതില്‍ ചിലര്‍ക്ക് ആനന്ദം ഉണ്ടെന്നു തോന്നുന്നു. 47 വയസ്സുള്ള അങ്കിള്‍ എന്നു വിളിക്കുന്ന എറണാകുളത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന 35 വയസ്സ് ഉള്ള സ്ത്രീകള്‍, കൂടെയുള്ളത് എന്റെ മകളാണോ എന്ന് ഭാര്യയുടെ കൂടെ പോകുന്ന എന്നോട് തിരക്കുന്ന ഓട്ടോഡ്രൈവര്‍ ഇവര്‍ക്കൊല്ലാം എന്തിന്റെ കേടാണ്?.

ദയവു ചെയ്ത് ഒരു കാര്യം ചെയ്യണം. തൃശ്ശൂരിലെപ്പോലെ എറണാകുളത്തും മാലിന്യക്കുഴികള്‍ കുറവല്ല (കുളം ആണല്ലോ സ്വലം) ഞാന്‍ അതിലെങ്ങാന്‍ ചാടിപ്പോയാല്‍ എന്നെ രക്ഷിച്ചില്ലെങ്കിലും വേണ്ടില്ല. പത്രത്തില്‍ ''മധ്യവയസ്‌കനെ കുഴിയില്‍ നിന്നും കരകയറ്റി'' എന്നു വാര്‍ത്ത കൊടുക്കരുത് പ്ലീസ്.

പിടിയില്ലാത്ത ഉറുമി

മുരളി തുമ്മാരുകുടി


നാലഞ്ചുകൊല്ലം മുമ്പ് ടൊറിനോ (ഇറ്റലി) യിലെ യു.എന്‍. സ്റ്റാഫ് കോളേജില്‍ ഒരു ട്രെയിനിംഗിന് പങ്കെടുക്കുകയായിരുന്നു ഞാന്‍. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള യു.എന്‍. പ്രവര്‍ത്തകര്‍ അവിടെ ഉണ്ടായിരുന്നു.



സ്വയം പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി 'നിങ്ങളുടെ രാജ്യത്തെ ഒരു പ്രസിദ്ധനായ ആളുടെ പേര്' പറയാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ചുമ്മാ ഒരു മത്സരബുദ്ധി ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഒരു രാജ്യക്കാരന്‍ ഒരാളുടെ പേര് പറയുമ്പോള്‍ മറ്റ് എത്രപേര്‍ ആ വ്യക്തിയെ (ഒരു രാജ്യത്തെ പ്രശസ്തനായ വ്യക്തിയെ) അറിയുമെന്ന് കൈ പൊക്കണം. ചിന്തിക്കാന്‍ ഒരു മിനിട്ട് സമയം തരും.

ഞാന്‍ ആകെ ചിന്താക്കുഴപ്പത്തില്‍ ആയി. കാര്യം നിസാരം എന്നു തോന്നിയേക്കാം എങ്കിലും സത്യം പറഞ്ഞാല്‍ നമ്മുടെ രാജ്യത്തെ പ്രശസ്തര്‍ മിക്കവാറും നമ്മുടെ രാജ്യത്തു മാത്രം അറിയപ്പെടുന്നവര്‍ ആണ്.

ഉദാഹരണത്തിന് നമ്മുടെ മെഗാസ്റ്റാറുകളെ എടുക്കാം. നമ്മള്‍ നെഞ്ചേറ്റി ലാളിക്കുകയും സ്വകാര്യ അഹങ്കാരം ആക്കുകയും ചെയ്യുന്നെങ്കിലും ഇന്ത്യയില്‍ തന്നെ (ഉദാഹരണം ഒറീസ്സ, മണിപ്പൂര്‍, പഞ്ചാബ്, ജമ്മു) ഇവരുടെ പടം കണ്ടാല്‍ ആര്‍ക്കെങ്കിലും മനസ്സിലാകുമോ. നമ്മുടെ സ്വകാര്യ അഹങ്കാരത്തിന് കോട്ടം തട്ടരുതല്ലോ എന്നു കരുതി ഞാന്‍ അവരുടെ പേര് പറഞ്ഞില്ല.

എന്നാല്‍ പിന്നെ സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ആയല്ലോ, ഞാന്‍ ചിന്തിച്ചു. കെയ്‌റോയിലെ ടാക്‌സി ഡ്രൈവര്‍തൊട്ട് മോസേ്കാ ഹോട്ടലിലൈ റിസ്പഷ്‌നിസ്റ്റുകള്‍ വരെയുള്ളവര്‍ ഇന്ത്യക്കാരനാണെന്നു പറയുമ്പോള്‍ ആദ്യം പറയുന്നത് 'നമസ്‌തേ', പിന്നെ ഒരു അമിതാഭ് ഡയലോഗ് ആണ്. എന്നാലും യൂറോപ്പിലോ ദക്ഷിണ അമേരിക്കയിലോ അദ്ദേഹത്തെ കേട്ടുകേള്‍വിപോലും ഇല്ല.

നമ്മുടെ കാണപ്പെട്ട ദൈവം സച്ചിന്‍ ആയാലോ എന്നു ചിന്തിച്ചു. ആസ്‌ത്രേലിയ മുതല്‍ വെസ്റ്റ് ഇന്‍ഡീസ് വരെ പരന്നുകിടക്കുന്ന ക്രിക്കറ്റ് ലോകത്ത് ഇതുപോലെ വേറൊരു താരം ഇല്ല. പക്ഷേ ക്രിക്കറ്റില്ലാത്ത രാജ്യങ്ങളില്‍ (അതു ലോകത്തിലെ ഭൂരിഭാഗം വരും) സച്ചിനെ ആരും അറിയില്ല.

'ബില്‍ ക്ലിന്റണ്‍'
'ഉസാമ ബിന്‍ലാദന്‍'
'മാര്‍ഗരറ്റ് താച്ചര്‍'

എന്റെ സഹപാഠികള്‍ ഓരോരുത്തരായി ഉത്തരം പറഞ്ഞുതുടങ്ങി.
ഒടുവില്‍ ഗതികെട്ട് രാജ്യത്തിന്റെ മാനം രക്ഷിക്കാന്‍ ഞാന്‍ ഒരു സൂത്രപ്പണി എടുത്തു.'ശശി തരൂര്‍' ഞാന്‍ പറഞ്ഞു.

കാര്യം ശശി തരൂര്‍ ലോകപ്രശസ്തന്‍ ഒന്നും അല്ലെങ്കിലും ഒരു യു.എന്‍. സമൂഹത്തില്‍ കൂടുതല്‍ പേരും അദ്ദേഹത്തെ അറിയുമല്ലോ. (അന്ന് അദ്ദേഹം യു.എന്നില്‍ പ്രവര്‍ത്തിക്കുകയാണ്).
മിക്കവാറും പേര്‍ ചിരിച്ചുകൊണ്ട് കൈപൊക്കി.
എന്റെ അടുത്ത് ഇരിക്കുന്നത് ഒരു പോര്‍ച്ചുഗീസില്‍ നിന്നും ഉള്ള ഒരു പെണ്‍കുട്ടിയാണ്.
'പ്രശസ്തരായ എല്ലാ പോര്‍ച്ചുഗീസുകാരും മരിച്ചുപോയി' അവള്‍ പറഞ്ഞു.
അതുകൊണ്ട് നിങ്ങളെ പരിചയപ്പെടുത്താന്‍ ഒരു പഴയപേര് പറയാം.

'വാസ്‌കോ ഡ ഗാമ'

സത്യമായ ഒരു കാര്യം ആണ് ആ പെണ്‍കുട്ടി പറഞ്ഞത്. ഒരു കാലത്ത് പ്രശസ്തവും സമ്പന്നവും ആയിരുന്ന പോര്‍ച്ചുഗല്‍ ഇപ്പോള്‍ പ്രശസ്തവും അല്ല സമ്പന്നവും അല്ല. അവിടുത്തെ സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ ആഴ്ച അവര്‍ ഐ.എം.എഫില്‍ നിന്നും 4 ലക്ഷം കോടി (78 ബില്ല്യണ്‍ ഡോളര്‍) യുടെ രക്ഷാപദ്ധതിയില്‍ ഒപ്പുവെച്ചു.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ ഉറുമി എന്ന സിനിമ കണ്ടു. കാര്യം സിനിമ കണ്ടത് ഇടപ്പള്ളിയിലെ ഒബറോള്‍ മാളില്‍ ആണെങ്കിലും അവിടുത്തെ തീയേറ്ററിലെ തണുപ്പു കണ്ടപ്പോള്‍ അന്റാര്‍ട്ടിക്കയിലായോ എന്നു സംശയിച്ചുപോയി. റിലയന്‍സിലെ ആരെങ്കിലും ഇതു വായിക്കുന്നെങ്കില്‍ ആ ടെമ്പറേച്ചര്‍ ഒന്നു അഡ്ജസ്റ്റ് ചെയ്‌തേക്കണേ. അല്ലെങ്കില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ കൊടുക്കുന്ന പോലെ ഒരു കമ്പിളി അറേഞ്ച് ചെയ്യണം.

തീയേറ്റര്‍ എങ്ങനെ ആയിരുന്നാലും സിനിമ നന്നായിരുന്നു. മനോഹരമായ ഫോട്ടോഗ്രാഫി. തരക്കേടില്ലാത്ത അഭിനയം. കൊടുത്ത കാശ് വസൂല്‍. ചരിത്രവും ആയുള്ള ചേര്‍ച്ചയില്ലായ്മ മാത്രമാണ് കുഴപ്പം.

ഉറുമിയില്‍ നമ്മുടെ നായകന്‍ ചിറക്കല്‍ കേളു നായനാര്‍ കേരളത്തില്‍ മൂന്നാമതും എത്തുന്ന ഗാമയെ അദ്ദേഹത്തിന്റെ കൊട്ടാരത്തില്‍ കയറി ഇടിച്ചു പഞ്ചറാക്കുന്ന രാജ്യ സ്‌നേഹം ഉണര്‍ത്തുന്ന രംഗം ഉണ്ട്. തീയേറ്ററില്‍ പൃഥ്വിരാജ് ഫാന്‍സിന്റെ കൈയടി.

ഗാമ കേരളത്തില്‍ മൂന്നാമതും വന്നതും ഇതിനിടക്ക് ഗാമയും മറ്റു പോര്‍ച്ചുഗീസുകാരും നാട്ടുകാര്‍ക്കെതിരെ പല അക്രമങ്ങളും നടത്തിയതും ചരിത്രം ആണ്. എന്നാല്‍ ഗാമക്കെതിരെ ഏതെങ്കിലും നായരോ നായനാരോ ഉറുമിയും കാച്ചി ഇരുന്നതായി ഒരു ചരിത്രവും ഇല്ല. പോര്‍ച്ചുഗീസുകാരുടെ കയ്യില്‍ തോക്കുണ്ടായിരുന്നതും നാട്ടുകാരോട് അക്രമം കാണിക്കുന്നതില്‍ നമ്മുടെ രാജാക്കന്‍മാര്‍ ഒട്ടും മോശമല്ലാതിരുന്നതും സ്വകാര്യ ലാഭത്തിനുവേണ്ടി മറ്റു നാട്ടുരാജാക്കന്‍മാര്‍ പോര്‍ച്ചുഗീസുകാരുടെ ശിങ്കിടികള്‍ ആയതും എല്ലാം ആണ് അങ്ങനെ ഒരു വിപ്ലവ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കാരണം.

ചരിത്രം പഠിപ്പിക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും അക്രമങ്ങളെപ്പറ്റി പഠിപ്പിക്കാന്‍ വിമുഖരാണ്. അഥവാ അക്രമങ്ങളെപ്പറ്റി പറഞ്ഞാല്‍ തന്നെ മറ്റുള്ളവര്‍ നമ്മളോടു കാട്ടിയ കാര്യങ്ങളല്ലാതെ നമ്മള്‍ മറ്റുള്ളവരോടു കാണിച്ച അക്രമങ്ങളെപ്പറ്റി പറയാറും ഇല്ല. പഠിപ്പിക്കാറും ഇല്ല. അതുകൊണ്ടാണ് ഗാമ കോഴിക്കോട്ടെത്തിയ ലോകപ്രശസ്തമായ സംഭവം ഞാന്‍ പഠിച്ചതും എന്നാല്‍ മെക്കയിലേക്കു പോകുന്ന സ്ത്രീകളും കുട്ടികളും ഉള്ള കപ്പല്‍ ഗാമ തീവെച്ച് മുക്കിയത് ഞാന്‍ പഠിക്കാതിരുന്നതും. അതുകൊണ്ടാണ് വാഗണ്‍ ട്രാജഡിയെപ്പറ്റി പഠിച്ച ഞാന്‍ 'ബ്ലാക്ക് ഹോള്‍ ഓഫ് കല്‍ക്കട്ട'യെപ്പറ്റി കേട്ടപ്പോള്‍ കണ്ണ് മിഴിച്ചത്.

അതെന്തായാലും എന്റെ അഭിപ്രായത്തില്‍ ചരിത്ര പുരുഷന്‍മാരെപ്പറ്റി സിനിമ എടുക്കുമ്പോള്‍ ഒരു പരിധിയില്‍ കവിഞ്ഞ് സ്വാതന്ത്യം എടുക്കരുത്. ശക്തന്‍ തമ്പുരാനെപ്പറ്റി ഒരു പടമെടുക്കുന്നു എന്നു വിചാരിക്കും. അപ്പോള്‍ തമ്പുരാന്റെ ആജ്ഞ പ്രകാരം കൊല്ലപ്പെട്ട മട്ടാഞ്ചേരിയിലെ ഒരു വ്യാപാരിയുടെ മകന്‍ അദ്ദേഹത്തെ എറണാകുളം മാര്‍ക്കറ്റിലിട്ട് പൂശുന്ന ഒരു രംഗം ഉണ്ടാക്കിയാല്‍ ഞങ്ങള്‍ സമ്മതിക്കുമോ?
ഇന്ത്യയില്‍ അക്രമം കാണിച്ചും അല്ലാതേയും രാജ്യത്തിനുണ്ടാക്കിയ നേട്ടത്തിന്റെ പേരില്‍ ഒരു പ്രഭുസ്ഥാനം വരെ മേടിച്ച് സുഖിച്ചിരിക്കുകയായിരുന്നു ഗാമ. എന്നാല്‍ ഗാമ പോയതിനുശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ തിരിച്ചയക്കപ്പെട്ട ഗാമ പേരോ നാളോ അറിയാത്ത ഒരു ഗോവന്‍ കൊതുകിന്റെ കുത്തുകൊണ്ട് മലേറിയ പിടിച്ചു മരിച്ചു എന്നതാണ് ചരിത്രം. അതിനിടെ ഒരു നായനാരും ആയിഷയും എല്ലാം എവിടെ നിന്നു വന്നു എന്റെ ശിവനേ?, ചീപ്പ് ആയിപ്പോയി. പ്രത്യേകിച്ചും ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് ഉള്ള ഈ സിനിമയില്‍ വിദ്യാബാലന്റെ ഒരു ഡാന്‍സ്.

ഐ.എം.എഫിന്റെ കടം എങ്ങനെ വീട്ടും എന്നു വിചാരിച്ചിരിക്കുന്ന പോര്‍ച്ചുഗീസുകാര്‍ ഈ സിനിമാ കാണാനോ ഗാമയെ നമ്മുടെ ഇടിക്കുന്നത് അറിയാനോ പോകുന്നില്ല. ഇനി അഥവാ കണ്ടാലും ഒരു കപ്പലോ കേസോ എടുത്ത് നമുക്കുനേരേ വരാനും പോകുന്നില്ല.

എന്നാലും നമുക്ക് ഒരു മര്യാദ വേണമല്ലോ. നാളുകൂടി ഒരു ഉറുമി ഉണ്ടാക്കുമ്പോള്‍ ചരിത്രത്തെപ്പറ്റി ഒരു പിടി ഒക്കെ വേണ്ടേ?

About Muralee Thummarukudy -The writer

Muralee Thummarukudy IDRC 2010 Red Chair Statement