Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

ആകാശം വിലക്കപ്പെട്ട പക്ഷി


മണിപ്പൂരിലെ ആസ്പത്രിക്കിടക്കയില്‍ കിടക്കുന്ന ഈ യുവതി സ്വന്തം അമ്മയെ കണ്ടിട്ട് 10 വര്‍ഷം കഴിഞ്ഞു. ഒരു വിളിപ്പാടകലെ ആ അമ്മയുണ്ട്. പക്ഷേ, തന്റെ ലക്ഷ്യം നേടിയ ശേഷമല്ലാതെ അമ്മയെ കാണില്ലെന്ന പ്രതിജ്ഞയില്‍ അവര്‍ ഉറച്ചു നില്‍ക്കുന്നു. കവിതയെഴുതിയും പുസ്തകം വായിച്ചും അവര്‍ ദിവസങ്ങള്‍ നീക്കുന്നു. അവരുടെ ചര്‍മ്മം മൃതദേഹത്തിന്റേതു പോലെ വിളറി വെളുത്തിരിക്കുന്നു. അവരുടെ ദേഹം ശുഷ്‌കിച്ചു പോയിരിക്കുന്നു. പക്ഷേ, ആ കണ്ണുകളില്‍ അസാധാരണമായ തിളക്കമുണ്ട്. മൂക്കില്‍ കടത്തിവച്ച ട്യൂബുകാരണം സംസാരിക്കുക എന്നത് അവര്‍ക്കൊരു ആയാസം പിടിച്ച പണിയാണ്. പക്ഷേ, ആ ശബ്ദത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ആത്മവിശ്വാസം ആരെയും പിടിച്ചിരുത്തും. ഒരു തുള്ളി വെള്ളം അവര്‍ വായിലൂടെ ഇറക്കിയിട്ട് 10 വര്‍ഷം കഴിഞ്ഞു. അബദ്ധത്തില്‍ പോലും വെള്ളം ഇറക്കരുതെന്ന നിര്‍ബന്ധം കൊണ്ട് അവര്‍ പല്ലു തേയ്്ക്കുന്നതു പോലും ഉണങ്ങിയ പഞ്ഞി കൊണ്ടാണ്. ഈ നിശ്ചയദാര്‍ഢ്യം അവരുടെ തീരുമാനങ്ങളില്‍ എല്ലാം നിഴലിക്കുന്നു. അല്ലെങ്കില്‍ ലോകചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ പട്ടിണി സമരം നടത്താന്‍ ഈ 38-കാരിക്ക് എങ്ങനെ ധൈര്യം വന്നു. ഒരു ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും മുഷ്‌കിനെ നിഷ്‌കളങ്കമായ പുഞ്ചിരിയോടെ നേരിടാന്‍ അവര്‍ക്കെങ്ങിനെ കഴിയുന്നു.

ഇത് ഇറോം ശര്‍മ്മിള ചാനു. മണിപ്പൂരിന്റെ ഉരുക്കു വനിത. പത്തു വര്‍ഷമായി പോലീസ് കസ്റ്റഡിയില്‍ ആണ് ശര്‍മ്മിള. മൂക്കിലിട്ട ട്യൂബിലൂടെ ബലമായി കഴിപ്പിക്കുന്ന പോഷകങ്ങള്‍ മാത്രമാണ് അവരുടെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് അനുസരിച്ച് ആത്മഹത്യാ ശ്രമത്തിന് പരമാവധി ശിക്ഷ ഒരു വര്‍ഷത്തെ വെറും തടവായതു കൊണ്ട് ശര്‍മ്മിള ഓരോ വര്‍ഷവും വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നു. ഒരിക്കല്‍ പോലും വിചാരണയ്ക്ക് വിധേയയാക്കപ്പെടാതെ 10 വര്‍ഷമായി പോലീസിന്റെ കസ്റ്റഡിയില്‍.

********************

'എനിക്കു നിങ്ങളുടെ അഴിമതി വിരുദ്ധ സമരത്തില്‍ അണിചേരാന്‍ സന്തോഷമേയുള്ളൂ. എന്നാല്‍ എന്റെ അവസ്ഥ നിങ്ങളുടേതു പോലെയല്ല. നീതിയ്ക്കു വേണ്ടി അക്രമ രഹിതമായി പ്രതിഷേധിക്കാനുള്ള അവകാശം ഒരു ജനാധിപത്യ രാജ്യത്തിലെ ജനാധിപത്യപൗരനായ എനിക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.... ഞാന്‍ സമരത്തില്‍ പങ്കാളിയാകണമെന്ന താങ്കളുടെ താത്പര്യം ഗൗരവപൂര്‍വ്വമാണെങ്കില്‍ ബന്ധപ്പെട്ട സാമാജികരോടും അധികൃതരോടും എന്നെ സ്വതന്ത്രയാക്കാന്‍ ആവശ്യപ്പെടുക. അല്ലെങ്കില്‍ താങ്കള്‍ക്ക മണിപ്പൂരിലേക്ക് വരാം - ലോകത്തിലെ ഏറ്റവും കൂടുതല്‍ അഴിമതിബാധിതമായ പ്രദേശത്തേക്ക്. '
അണ്ണ ഹസാരെയുടെ അഴിമതി വിരുദ്ധ സമരം കൊണ്ടാടിയ മാധ്യമങ്ങള്‍, ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മണിപ്പൂരിലെ ജനങ്ങള്‍ നടത്തുന്ന സമരവും അതിനു നേതൃത്വം കൊടുക്കുന്ന ശര്‍മ്മിളയേയും കണ്ടു എന്നു പോലും നടിക്കാറില്ല. തന്റെ സമരത്തില്‍ പങ്കെടുക്കാന്‍ ശര്‍മ്മിളയെ ക്ഷണിച്ച അണ്ണാ ഹസാരെയ്ക്ക് അവര്‍ നല്‍കിയ മറുപടിയാണ് മുകളില്‍ ചേര്‍ത്തത്. ഒരു ജനതയുടെ ധാര്‍മ്മിക രോഷം മുഴുവന്‍ ആ വാക്കുകളില്‍ നിറഞ്ഞു തുളുമ്പുന്നു.

മണിപ്പൂരിലെ ജനങ്ങളെ മുഴുവന്‍ പട്ടാളത്തിനു മുന്നിലേക്ക് നിര്‍ദാക്ഷിണ്യം വലിച്ചെറിഞ്ഞു കൊടുക്കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഎടജഅ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിളയുടെ സമരം. സംശയം തോന്നുന്നവരെയെല്ലാം വെടിവച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന ഈ നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട വിഘടന വാദ പ്രക്ഷോഭങ്ങള്‍ തകര്‍ത്തെറിഞ്ഞൊരു നാടാണ് മണിപ്പൂര്‍. 40-ല്‍ അധികം വിഘടന വാദ സംഘടനകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പലതും കേവലം ക്രിമിനല്‍ സംഘങ്ങള്‍ മാത്രമാണ് താനും. എന്നാല്‍, ഇവരെ നേരിടാനെന്ന പേരില്‍ സൈന്യം സാധാരണ ജനങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളും മണിപ്പൂരിനെ പ്രശ്‌നഭരിതമാക്കുന്നു. പട്ടാപ്പകല്‍ തിരക്കേറിയ ഒരു ചന്തയില്‍ നിന്ന് ഒരാളെ അര്‍ധസൈനികര്‍ പിടിച്ചുകൊണ്ടു പോകുന്നതും വെടിവച്ചു കൊല്ലുന്നതും ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത് അടുത്തയിടെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. നേരമിരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ധൈര്യമില്ലാതെ കഴിയുന്ന ജനങ്ങള്‍. തൊഴിലില്ലായ്മയും മാനസിക രോഗങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നു. ഇതിനിടെയാണ് നിരപരാധികളെ വെടിവച്ചു കൊല്ലുന്ന സൈനിക ക്രൂരത.

************************************************

ശര്‍മ്മിളയുടെ നിരാഹാര സമരത്തിന് തുടക്കമിട്ടതും ഇത്തരമൊരു സംഭവമാണ്. മാലോം എന്ന ഗ്രാമത്തില്‍ ബസ് കാത്തു നിന്നിരുന്ന 10 മനുഷ്യരെ അര്‍ധസൈനിക വിഭാഗക്കാര്‍ വെടിവച്ചു കൊന്നതോടെയാണ് ശര്‍മ്മിള തന്റെ സമരം തുടങ്ങിയത്. 2000 നവംബര്‍ 2-ന് ആയിരുന്നു സംഭവം. തലേദിവസം ഒരു അര്‍ധസൈനിക സംഘത്തിനു നേരെ തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയതിന്റെ പേരിലായിരുന്നു ഈ ആക്രമണം. മരിച്ചവരില്‍ ധീരതയ്്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 18 വയസ്സുകാരന്‍ സിനം ചന്ദ്രമണിയുമുണ്ടായിരുന്നു. പിറ്റേന്ന് ചിതറി കിടക്കുന്ന ശവശരീരങ്ങളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ട് ശര്‍മ്മിള അസ്വസ്ഥയായി. 'സമാധാനത്തിന്റെ ഉറവിടം എവിടെയാണ്, എന്തായിരിക്കും അവസാനം', അന്നു രാത്രി ശര്‍മ്മിള തന്റെ എഴുത്തുപുസ്തകത്തില്‍ കുറിച്ചിട്ടു. മാലോം കൂട്ടക്കൊല എന്നറിയപ്പെട്ട സംഭവത്തിന്റെ രണ്ടാം ദിവസം ശര്‍മ്മിള തന്റെ സമരം ആരംഭിച്ചു. അന്നു കേവലം 28 വയസ്സു മാത്രം. മൂന്നാം ദിവസം പോലീസ് ശര്‍മ്മിളയെ അറസ്റ്റു ചെയ്തു. പിന്നീടിന്നു വരെ അറസ്റ്റുകളുടെ തുടര്‍ക്കഥ.

അറസ്റ്റുകള്‍ക്കിടയിലുള്ള ഇടവേളയില്‍ 2006 ഒക്ടോബര്‍ 2-ന ശര്‍മ്മിള ഡല്‍ഹിയിലെത്തി. രാജ്ഘട്ടിലെത്തി ഗാന്ധിജിയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അവര്‍ ജന്തര്‍മന്ദറില്‍ പ്രതിഷേധ റാലിയ്ക്ക് നേതൃത്വം നല്‍കി. ആറാം തീയതി വീണ്ടും അറസ്റ്റ്.

***************************

ഏറ്റവും കടുത്ത മാനസിക പീഡനത്തിനു പോലും തകര്‍ക്കാന്‍ പറ്റാത്ത ആത്മവിശ്വാസമാണ് ശര്‍മ്മിളയുടെ കരുത്ത്. ആസ്പത്രിക്കിടക്കയിലെ ഏകാന്ത വാസത്തില്‍ കവിതകള്‍ അവര്‍ക്ക് കൂട്ടാകുന്നു. ഇതില്‍ 12 കവിതകള്‍ അടങ്ങിയ ഒരു സമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സമാധാനത്തിന്റെ സുഗന്ധം എന്നു പേരുള്ള ഈ സമാഹാരം പ്രസിദ്ധീകരിച്ചത് 2010-ല്‍ ശര്‍മ്മിളയുടെ സമരത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ്.


മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കാനായി 2004-ല്‍ ആദ്യ യു.പി.എ സര്‍ക്കാര്‍ ഒരു അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. സുപ്രീം കോടതി റിട്ടയേഡ് ജഡ്ജി ബി.പി. ജീവന്‍ റെഡ്ഡിയായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്‍. എ.എഫ്.പി.എസ്.എ പിന്‍വലിക്കണമെന്നാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തത്. പക്ഷേ, ആറു വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നു മാത്രം.

****************

മണിപ്പൂരിലെ ജനജീവിതം എങ്ങനെയെന്ന് അറിയണ്ടേ? ആഗസ്ത് 15-ന് ഇംഫാല്‍ ഫ്രീ പ്രസ്സ് എന്ന പത്രത്തില്‍ പത്രാധിപരായ പ്രദീപ് ഫഞ്ചൗബാം എഴുതിയ സ്റ്റേറ്റ് ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന ലേഖനത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇതാ - ' സ്വാതന്ത്ര്യ ദിനത്തലേന്ന് ഇംഫാലിന് ഒരു യുദ്ധമുഖത്തിന്റെ ഛായ കൈവന്നിരിക്കുന്നു. എല്ലാ വര്‍ഷവും ഇത് ഒരു ചടങ്ങു പോലെ ആയിട്ടുണ്ട്. തീവ്രവാദ സംഘടനകള്‍ സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യും. മറുപടിയായി ഭരണസംവിധാനത്തിന്റെ ഊക്ക് കാണിക്കാന്‍ പ്രാദേശിക ഭരണകൂടം ഫ്ലാഗ് മാര്‍ച്ചുകള്‍ നടത്തും. നിരത്തുകളില്‍ ഓരോ തിരിവിലും യൂണിഫോം ധാരികളായ സെക്യൂരിറ്റി ഭടന്മാര്‍ അണി നിരന്നിരിക്കുന്നു. അവര്‍ ആളുകളുടെ ദേഹപരിശോധന നടത്തുന്നു. വാഹനയാത്രക്കാരെ തടഞ്ഞു നിര്‍ത്തുന്നു, ചോദ്യം ചെയ്യുന്നു, വാഹനങ്ങള്‍ പരിശോധിക്കുന്നു. ആ വലിയ ദിവസത്തിന് ഒരാഴച മുമ്പു മുതല്‍ക്കേ ഇംഫാലില്‍ ആള്‍ത്തിരക്കൊഴിഞ്ഞ നിലയാണ്, വിശേഷിച്ചും സൂര്യാസ്തമനത്തിന് ശേഷം. വഴിയോരത്ത് ചോദ്യം ചെയ്യപ്പെടുകയും പ്രശ്‌നക്കാരെപ്പോലെ പരിശോധിക്കപ്പെടുകയും ചെയ്യുന്ന നാണക്കേട് ഒഴിവാക്കാന്‍ ആളുകള്‍ നേരത്തെ തന്നെ വീടുകളിലേക്ക് മടങ്ങുന്നു. ഈ യുദ്ധക്കളിയില്‍ സാധാരണക്കാര്‍ മാറിനില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവരാണ്. പക്ഷേ, ഓരോ തവണയും ഇത്തരത്തില്‍ സംഘര്‍ഷം മുറുകുമ്പോള്‍ അപ്രതീക്ഷിതമായ അപകടങ്ങള്‍ക്കായി അവര്‍ തയ്യാറായി ഇരുന്നേ പറ്റൂ. '

പ്രശസ്ത പത്രപ്രവര്‍ത്തക കല്പന ശര്‍മ്മ എഴുതുന്നു, ' ഇവിടെ തലസ്ഥാന നഗരത്തില്‍ പോലും വൈദ്യുതി കിട്ടുന്നത് അപൂര്‍വ്വം ദിവസങ്ങളില്‍ മാത്രം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും സൈനികരും താമസിക്കുന്ന സ്ഥലങ്ങളില്‍ ഒഴികെ ശുദ്ധജലവിതരണം ഇല്ലെന്നു തന്നെ പറയാം. കമ്പോളങ്ങള്‍ സന്ധ്യയ്ക്കു മുന്നേ അടച്ചു പൂട്ടുന്നു. നേരമിരുട്ടിയാല്‍ പുറത്തിറങ്ങാന്‍ ആളുകള്‍ ഭയക്കുന്നു. ആയുധമേന്തിയവര്‍, അത് പട്ടാളക്കാരോ തീവ്രവാദികളോ ആകാം, ആണിവിടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ജനാധിപത്യം ഇവിടെ ഒരു സങ്കല്പം മാത്രമാണ്, ജീവിതത്തിലെ യാഥാര്‍ഥ്യമേയല്ല.'

*************************************

ഇന്ത്യയുടെ കിഴക്കേ അറ്റത്ത് ഭയാനകമായ ജീവിത സാഹചര്യങ്ങളുള്ള ഒരു കൊച്ചു സംസ്ഥാനത്തു നിന്ന് ഇത്രയും വര്‍ഷം ചെറുത്തു നില്പിന്റെ തളരാത്ത ജ്വാലയായ ഇറോം ശര്‍മ്മിള ചാനു എന്ന 38-കാരിയെ ഇനിയെങ്കിലും ഇന്ത്യ കാണുമോ? അനുദിനം ശോഷിച്ചു വരുന്ന ശരീരവും പ്രവര്‍ത്തനം നിലച്ചു വരുന്ന ആന്തരാവയവങ്ങളുമായി എത്ര കാലം കൂടി ശര്‍മ്മിള പിടിച്ചു നില്‍ക്കും? പത്തു വര്‍ഷമായി കണ്ടിട്ടില്ലാത്ത മകളെ ഒരു നോക്കു കാണാന്‍ ഇറോം ഓങ്ബി സഖി എന്ന ആ അമ്മയ്ക്ക് എന്നാണ് ഒരു അവസരം കിട്ടുക? ചാനലുകളുടെ തത്സമയ സംപ്രേഷണവും കോര്‍പ്പറേറ്റ് ബുദ്ധിജീവികളുടെ സാങ്കേതിക സഹായവും ഇല്ലെങ്കിലും അവരുടെ സമരം വിജയിച്ചേ മതിയാകൂ. കാരണം, അതൊരു ജനതയുടെ നിലനില്പിനു വേണ്ടിയുള്ള പോരാട്ടമാണ്.

ശര്‍മ്മിളയുടെ സമരത്തിന് പിന്തുണ നല്‍കുന്ന സേവ് ശര്‍മ്മിള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 16-ന് ശ്രീനഗറില്‍ നിന്ന് ഒരു യാത്ര തുടങ്ങുകയാണ്. ഇംഫാലില്‍ സമാപിക്കുന്ന യാത്ര 10 സംസ്ഥാനങ്ങളിലൂടെ കടന്നു പോവും. 4500 കിലോമീറ്റര്‍ സഞ്ചരിച്ച് ശര്‍മ്മിളയുടെ സമരസന്ദേശം ജനങ്ങളില്‍ എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

*****************

ശര്‍മ്മിളയുടെ കവിതകളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇതാ. സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

എന്റെ പാദങ്ങളെ ചങ്ങലയില്‍ നിന്നു സ്വതന്ത്രമാക്കുക
മുള്ളുകൊണ്ടുള്ള വളകള്‍ പോലെ
കുടുസ്സു മുറിയ്ക്കുള്ളില്‍ ഞാന്‍ തളച്ചിടപ്പെട്ടിരിക്കുന്നു
ഞാന്‍ ചെയ്ത കുറ്റം
ഒരു പക്ഷിയായി അവതരിച്ചു എന്നതു മാത്രം

തടവറയുടെ ഇരുളടഞ്ഞ മുറിക്കുള്ളില്‍
പലവിധ ശബ്ദങ്ങള്‍ മുഴങ്ങുന്നു
പക്ഷികളുടെ നാദം പോലെയല്ല
ആഹ്ലാദം നിറഞ്ഞ ഒരു പൊട്ടിച്ചിരിയല്ല
ഒരു താരാട്ടുപാട്ടല്ല

്അമ്മയുടെ മാറില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ഒരു കുഞ്ഞ്
ഒരു അമ്മയുടെ വിലാപം
പ്രിയനെ പിരിയേണ്ടി വന്ന പെണ്ണ്
വിധവയുടെ വേദന നിറഞ്ഞ കരച്ചില്‍
പട്ടാളക്കാരന്റെ കയ്യില്‍ നിന്നു മുളപൊട്ടുന്ന ഒരു വിലാപം
--------------
മനുഷ്യ ജീവന്‍ വിലമതിക്കാനാവാത്തതാണ്
അത് അന്ത്യത്തിലേക്കെത്തും മുമ്പെ
ഞാന്‍ ഇരുളിലെ വെളിച്ചമാകട്ടെ
അമൃത് വിതയ്ക്കപ്പെടും
അമരത്വത്തിന്റെ വൃക്ഷം നടും
------------------------
തടവറയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കട്ടെ
ഞാന്‍ മറ്റൊരു പാതയിലൂടെ ചരിക്കില്ല
മുള്ളുകൊണ്ടുള്ള വിലങ്ങുകള്‍ നീക്കുക
എന്റെ പേരില്‍ കുറ്റം ചുമത്തപ്പെടാതിരിക്കട്ടെ
ഒരു പക്ഷിയുടെ ജന്മം സ്വീകരിച്ചതിന്.

 

തൊപ്പിക്കാരി അമ്മൂമ്മയും സ്‌നേഹത്തിന്റെ വണ്‍വേ ട്രാഫിക്കും


ഒരു തൊപ്പിക്കാരി അമ്മൂമ്മയുടെ കഥ പറയാം. സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ കൗതുകങ്ങളില്‍ ഒന്നായിരുന്നു അടുത്ത വീട്ടിലെ തൊപ്പിക്കാരി അമ്മൂമ്മ. വീട്ടുമുറ്റത്തെ പ്ലാവിനു ചുവട്ടിലിട്ട കയറു വരിഞ്ഞ കട്ടിലിലാണ് പകലൊക്കെ തൊപ്പിക്കാരി അമ്മൂമ്മ ഉണ്ടാവുക. എപ്പോഴും തലയിലൊരു മങ്കിക്യാപ് കാണും. അങ്ങനെയാണ് ഞങ്ങള്‍ കുട്ടികള്‍ തൊപ്പിക്കാരി അമ്മൂമ്മ എന്നു പേരിട്ടത്. സാമാന്യം ഭേദപ്പെട്ട ടെറസ് വീടാണ് അമ്മൂമ്മയുടേത്. പക്ഷേ, അവര്‍ക്ക് അകത്തേക്ക് പ്രവേശനം രാത്രിയില്‍ മാത്രം. പുതുതായി പണിത വീടിന്റെ തറ നല്ല മിനുസമാണെന്നും അവിടെ നടന്നാല്‍ അമ്മൂമ്മ വീഴുമെന്നുമാണ് മകളുടെ ന്യായം. കട്ടിലിനു ചുവട്ടില്‍ കെട്ടിയിട്ട നായയ്ക്കും കട്ടിലിനു മുകളില്‍ കിടക്കുന്ന അമ്മൂമ്മയ്ക്കും സമയാസമയങ്ങളില്‍ ഭക്ഷണം അവിടെയെത്തും. രാത്രി അമ്മൂമ്മയുടെ കിടപ്പ് അര വരെ കിടപ്പുമുറിയിലും അരയ്ക്കു താഴോട്ട് കുളിമുറിയിലും ആയിട്ടാണെന്ന് അവരുടെ മകള്‍ പറഞ്ഞു തന്നെയാണ് ഞങ്ങളൊക്ക അറിഞ്ഞത്. രാത്രി അമ്മ കിടന്നു മൂത്രമൊഴിക്കും. വൃത്തിയാക്കാന്‍ കണ്ടുപിടിച്ച എളുപ്പ വഴിയാണ് ഈ കിടപ്പ്. (സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ളവരുമാണ് ഈ വീട്ടുകാര്‍).

അമ്മയെ ഇങ്ങനെ മുറ്റത്ത് കിടത്തുന്നതിനെ അയല്‍വാസികള്‍ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍ വീടിന്റെ പിന്നിലായി ഒരു ചായ്പു കെട്ടിയുണ്ടാക്കി കിടപ്പ് അങ്ങോട്ടു മാറ്റി. ഓല കൊണ്ടു മറച്ച ആ പുരയില്‍ കിടപ്പു തുടങ്ങിയതോടെ ഞങ്ങള്‍ കുട്ടികള്‍ക്ക് തൊപ്പിക്കാരി അമ്മൂമ്മയെ കാണാന്‍ പറ്റാതായി. അതോടെ രാത്രിയിലും വീട്ടിനുള്ളിലേക്ക് അമ്മൂമ്മയ്ക്ക് പ്രവേശനം ഇല്ലാതായി. അങ്ങനെയൊരു ദിവസം രാവിലെ 11 മണിയോടെ മകള്‍ രാവിലത്തെ ചായയുമായി ചെന്നു വിളിച്ചപ്പോള്‍ അമ്മൂമ്മയ്ക്ക് അനക്കമില്ല. എല്ലാ ദുരിതങ്ങള്‍ക്കും സലാം പറഞ്ഞ് അമ്മൂമ്മ അങ്ങു പോയി. അമ്മൂമ്മയ്ക്ക് കൂട്ടു കിടന്നിരുന്ന നായ മാത്രം കുറച്ചു ദിവസം ഭക്ഷണം കഴിക്കാതെയും രാത്രി മുഴുവന്‍ ഓരിയിട്ടും സങ്കടം അറിയിച്ചു. പിന്നെ ഒരു ദിവസം അതിനെയും കാണാതെയായി.

സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യില്‍ ഒരു വാചകമുണ്ട്, നമ്മുടെ അപ്പനമ്മമാര്‍ക്ക് നമ്മള്‍ എന്താണോ കൊടുക്കുന്നത്, അതാണ് നമ്മുടെ മക്കള്‍ നമുക്ക് തിരികെ തരിക എന്ന്. കേള്‍ക്കുമ്പോള്‍ ആരും ഒന്നു ഞെട്ടിപ്പോകുന്ന വാചകം. അച്ഛനമ്മമാര്‍ക്ക് നമ്മള്‍ എന്തു കൊടുക്കുന്നു? എന്തു കൊടുത്താലും എത്ര കൊടുത്താലും അധികമാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പണവും സ്വര്‍ണ്ണവും വസ്ത്രവും ഒന്നും കൊടുക്കുന്ന കാര്യമല്ല പറയുന്നത്. സ്‌നേഹം, കരുതല്‍, പരിഗണന, അഭയം അങ്ങനെയുമുണ്ടല്ലോ ചിലതൊക്കെ.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തു പറഞ്ഞു, ഈ സ്‌നേഹം എന്നു പറയുന്നത് ഒരു വണ്‍വേ ട്രാഫിക്കാണ്. നമ്മള്‍ മക്കളെ സ്‌നേഹിക്കും. അവര്‍ അവരുടെ മക്കളെ സ്‌നേഹിക്കും. ഒന്നും തിരികെ പ്രതീക്ഷിക്കരുത്. പക്ഷേ, അങ്ങനെയങ്ങ് എഴുതിത്തള്ളാന്‍ പറ്റുമോ അവരെ. എത്ര വര്‍ഷം നമുക്ക് വേണ്ടി അവര്‍ എന്തൊക്ക സഹിച്ചു? ഉറക്കമളച്ച രാത്രികള്‍, വേണ്ടെന്ന് വച്ച സുഖസൗകര്യങ്ങള്‍, ഉള്ളിലേറ്റിയ ആധികള്‍, ത്യജിച്ച സൗഭാഗ്യങ്ങള്‍ - കണക്ക് ചോദിക്കുന്നതു തന്നെ നെറികേട്. ശങ്കരാചാര്യര്‍ പറഞ്ഞു,

'ആസ്താം താവദീയം പ്രസൂതിസമയേ
ദുര്‍വാരശൂലവ്യഥാ
നൈരുച്യം തനുശോഷണം മലമയി
ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗര്‍ഭഭാരഭരണ
ക്ലേശസ്യ യസ്യാഃ ക്ഷമോ
ദാതും നിഷ്‌കൃതിമുന്നതോപി തനയ-
സ്തസൈ്യ ജനനൈ്യ നമഃ '

അതിന് കുഞ്ഞുകുട്ടന്‍ തമ്പുരാന്റെ പരിഭാഷ ഇങ്ങനെയാണ്

നില്ക്കട്ടേ പേറ്റുനോവിന്‍ കഥ, രുചികുറയും
കാലമേറും ചടപ്പും
പൊയ്‌ക്കോട്ടേ കൂട്ടിടേണ്ടാ, മലമതിലൊരു
കൊല്ലം കിടക്കും കിടപ്പും
നോക്കുമ്പോള്‍ ഗര്‍ഭമാകും വലിയ ചുമടെടു
ക്കുന്നതിന് കൂലി പോലും
തീര്‍ക്കാവതല്ലെത്ര യോഗ്യന്‍ മകനു,മതുനില
യ്ക്കുള്ളൊരമ്മേ തൊഴുന്നേന്‍


ഗര്‍ഭവും പ്രസവവും അടക്കം മക്കള്‍ക്കു വേണ്ടി അമ്മ സഹിക്കുന്ന ക്ലേശങ്ങളില്‍ ഒന്നിന്റെ പോലും കടം വീട്ടാന്‍ എത്ര ഉന്നതനായ മകനും കഴിയില്ലെന്ന് ഒറ്റ വാചകത്തില്‍ വ്യാഖ്യാനിക്കാം. എന്നിട്ടും ഇപ്പോള്‍ കേള്‍ക്കുന്നതെന്തൊക്കയാണ്? അച്ഛനെയും അമ്മയെയും പറഞ്ഞു പറ്റിച്ച് സ്വത്തു മുഴുവന്‍ തട്ടിയെടുത്തിട്ട് അവരെ പെരുവഴിയില്‍ ഉപേക്ഷിക്കുന്ന മക്കള്‍, അടിച്ചും ഇടിച്ചും വാര്‍ധക്യത്തെ കൈകാര്യം ചെയ്യുന്നവര്‍, ഭക്ഷണവും മരുന്നും കൊടുക്കാതെ പീഡിപ്പിക്കുന്നവര്‍ -അവിശ്വസനീയമെന്നു തോന്നിക്കുന്ന പലതും നമുക്കു ചുറ്റും നടക്കുന്നു.

കേരളത്തില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരും. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്. 2001-ലെ സെന്‍സസ് പ്രകാരം 33.36 ലക്ഷമായിരുന്നു കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം. അതേ സമയം കുട്ടികളുടെ എണ്ണം ആകെ ജനസംഖ്യയുടെ 26 ശതമാനം മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളില്‍ പെട്ടതാണിത്. സംസ്ഥാനത്തിന് തന്നെ വയസ്സായി വരികയാണെന്ന് ചുരുക്കം. കണക്കില്‍ ഉള്ള ചെറുപ്പക്കാരില്‍ തന്നെ നല്ലൊരു പങ്ക് തൊഴിലന്വേഷിച്ച് അന്യ ദിക്കുകളിലേക്ക് ചേക്കേറുക കൂടി ചെയ്യുന്നതു കൊണ്ട് ഈ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകാനേ വഴിയുള്ളൂ.

ഈ പ്രായമായവര്‍ക്ക് നമ്മളെന്ത് കൊടുക്കാനാ എന്നായിരിക്കും ചോദ്യം. ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നുണ്ട്, ഡോക്ടറെ കാണിക്കുന്നുണ്ട്, മരുന്ന് വാങ്ങിക്കൊടുക്കുന്നുണ്ട്, ഇതിനപ്പുറം എന്തു വേണം? വയസ്സായാല്‍ വല്ല ദിക്കിലും അടങ്ങിയിരുന്നാല്‍ പോരേ?

എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ മരിച്ചിട്ട് ആറു മാസം ആകുന്നു. അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ പതിവായി വാങ്ങിക്കൊണ്ടു പോകേണ്ട ത് രണ്ടു കാര്യങ്ങളേയുള്ളൂ. കുറച്ച് നേന്ത്രപ്പഴം, കുറച്ച് നെല്ലിക്ക. നെല്ലിക്കച്ചമ്മന്തിയായിരുന്നു അവസാന കാലത്ത് അദ്ദേഹത്തിന് പ്രിയപ്പെട്ട ഏക വിഭവം. അച്ഛന്റെ മരണം കഴിഞ്ഞ അടുത്ത തവണ വീട്ടിലേക്ക് പോകുമ്പോള്‍ ആലോചിച്ചു, എന്ത് വാങ്ങും? അമ്മയ്ക്ക എന്താണ് വാങ്ങിക്കൊടുക്കേണ്ടത്? അമ്മയ്ക്ക ഇഷ്ടപ്പെട്ടത് എന്താണ്? അമ്മയ്ക്ക് അങ്ങനെ എന്തെങ്കിലും പ്രത്യേകിച്ച ഇഷ്ടമുള്ളതായി അതുവരെ പറഞ്ഞുകേട്ടിട്ടില്ല. അഥവാ അങ്ങനെയെന്തെങ്കിലും ഉണ്ടോ എന്ന അതുവരെ അന്വേഷിച്ചിട്ടില്ല. സങ്കടം തോന്നി. അവരുടെ ഇഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, ആശങ്കകള്‍ ഒക്കെ പങ്കുവയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ അമ്മേ എന്നു വിളിക്കാന്‍ നമുക്ക് എന്തവകാശം?

വാര്‍ധക്യം പൊടുന്നനെ പൊട്ടിവീഴുന്ന ഒരു പ്രതിഭാസമല്ല. ഓരോ പ്രഭാതത്തിലും നാമെല്ലാം അതിലേക്ക് ഓരോ ചുവട് അടുത്തുകൊണ്ടിരിക്കുന്നു. എങ്കിലും അതിനെ നേരിടാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ എല്ലാവര്‍ക്കും മടിയാണ്. വയസ്സായെന്ന് സമ്മതിക്കാന്‍ മനസ്സ് അനുവദിക്കാത്തതു പോലെ. വൃദ്ധസദനങ്ങളെ എല്ലാവരും തള്ളിപ്പറയുമെങ്കിലും ആത്മാഭിമാനത്തോടെ സുരക്ഷിതരായി കഴിയാന്‍ പറ്റുന്ന വൃദ്ധസദനങ്ങളല്ലേ പ്ലാവിന്‍ചുവട്ടിലെ കയറു കട്ടിലിനേക്കാള്‍ നല്ലത്. പക്ഷേ, ഇന്നു നമ്മുടെ നാട്ടിലുള്ള മിക്കവാറും വൃദ്ധസദനങ്ങളും ഒരുതരം ജയിലുകളാണ്. അവരുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച ജീവിക്കുന്ന അനുസരണയുള്ള ' കുട്ടികളെ'യാണ് അവര്‍ക്ക് ആവശ്യം. പ്രായം ചെന്നവര്‍ക്ക് അവരുടെ സ്വകാര്യതയും ഇഷ്ടാനിഷ്ടങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ കഴിയാന്‍ പറ്റുന്ന വൃദ്ധസദനങ്ങള്‍ ഉണ്ടാവട്ടെ. സ്വന്തം വീട്ടില്‍ കഴിയുന്നതിന്റെ എല്ലാ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടുതന്നെ സുരക്ഷിതമായും ക്ലേശങ്ങളില്‍ ഇല്ലാതെയും കഴിയാന്‍ എല്ലാ മുതിര്‍ന്നവര്‍ക്കും അവസരം ഉണ്ടാകട്ടെ. അതിനുമപ്പുറം സ്‌നേഹവും പരിഗണനയും അംഗീകാരവും ആസ്വദിച്ചുകൊണ്ട് ജീവിതസായാഹ്നം ചെലവിടാന്‍ ഭാഗ്യമുണ്ടാകട്ടെ. ഒരു തൊപ്പിക്കാരി അമ്മൂമ്മയും അവഗണനയുടെ കയ്പുനീര്‍ കുടിച്ച് ജീവതം അവസാനിപ്പിക്കാതിരിക്കട്ടെ.

ആണ്‍മക്കളെപ്പറ്റി ഒരു ഓര്‍മ്മപ്പെടുത്തല്‍


ചുരുണ്ട മുടിയും നക്ഷത്രം പോലെ തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു പെണ്‍കുഞ്ഞിന്റെ ചിത്രം കുറെ ദിവസങ്ങളായി വേട്ടയാടുന്നു. അവള്‍ നാലര വയസ്സുകാരി ശ്രീജ. പൂമ്പാറ്റയെപ്പോലെ പാറിനടന്നവള്‍. ജീവിതദുരിതങ്ങളും ദാരിദ്ര്യവുമൊന്നും അറിയാതെ കളിച്ചു നടന്നവള്‍. പിന്നെ ഒരു നാളില്‍ മരപ്പൊത്തില്‍ ഒളിപ്പിച്ചു വച്ച നിര്‍ജ്ജീവ ശരീരമായി നാട്ടുകാരെ മുഴുവന്‍ കരയിച്ചവള്‍. അതുകൊണ്ട് അരിശം തീരാഞ്ഞ് എന്ന മട്ടില്‍ ആ കുരുന്നു ശരീരത്തില്‍ അക്രമി ചെയ്തു വച്ച ക്രൂരതകള്‍ കണ്ട ഒരാള്‍ക്കും അന്നുറങ്ങാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ, അതിലും വലിയ ഞെട്ടലാണ് പിന്നാലെ വന്നത്. ഈ ക്രൂരതയ്ക്ക് പിടിയിലായത് വെറും പതിമൂന്നു വയസ്സുള്ള ഒരു കുട്ടി. അവന്‍ മാത്രമാണോ അതു ചെയ്തത്? അതോ മുതിര്‍ന്ന ആരുടെയെങ്കിലും കയ്യിലെ കരുവായിപ്പോയതാണോ അവന്‍? ചോദ്യങ്ങള്‍ അനവധി അവശേഷിക്കുന്നുണ്ട്. പക്ഷേ, അതൊന്നുമല്ല ഇപ്പോള്‍ പറയാനുള്ളത്. അത് നമ്മുടെ ആണ്‍മക്കളെ കുറിച്ചാണ്.

മുമ്പ് തൃശ്ശൂരില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നതിന് ശിക്ഷിക്കപ്പെട്ട 13-കാരനെ ഓര്‍മ്മയില്ലേ? തെളിവെടുപ്പിന് അവനെ കൊണ്ടുവന്നപ്പോള്‍ ജനക്കൂട്ടം അവന്റെ ചോരയ്ക്കായി ആര്‍ത്തിരമ്പി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ജനത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചതിന് പോലീസ് കുറെ പഴിയും കേട്ടു. പക്ഷേ, കുട്ടിക്കുറ്റവാളികള്‍ക്കായുള്ള ജുവനൈല്‍ ഹോമില്‍ എത്തിയ അവന്‍ ആളാകെ മാറി. അവിടുത്തെ വിശാലമായ ലൈബ്രറിയായിരുന്നു അവന് അഭയം. ഹോമിലെ വായനാ മത്സരത്തില്‍ ഒന്നാമനായും കയ്യെഴുത്തു മാസികയില്‍ ഒന്നാന്തരം കവിതകളെഴുതിയും അവന്‍ ശ്രദ്ധ പിടിച്ചുപറ്റി. തൊഴില്‍ പരിശീലനത്തിനായി പോയ അവന്‍ അവിടെയും എല്ലാവരുടെയും പ്രിയപ്പെട്ടവനായി. എന്നിട്ടും വിധി അവനെ വേട്ടയാടുക തന്നെയായിരുന്നു. ആരോടും പങ്കുവയ്ക്കാനാവാത്ത വേദനകളോ കുറ്റബോധമോ എന്തൊക്കയോ ആ കുഞ്ഞുമനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നിരിക്കണം. അല്ലെങ്കില്‍ പിന്നെ അവന്‍ പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വച്ചു എന്ന് ആശ്വസിച്ചിരുന്ന എല്ലാവരേയും വേദനിപ്പിച്ചുകൊണ്ട് എന്തിനാണ് അവന്‍ സ്വയം ജീവന്‍ ഒടുക്കിയത്?

മാതാപിതാക്കള്‍ ഉപേക്ഷിച്ചു പോയ അവന്‍ ചില ബന്ധുക്കളുടെ വീട്ടിലായിരുന്നു വളര്‍ന്നത്. അറസ്റ്റിനു ശേഷം അവനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പോലീസിലെ ചില സുഹൃത്തുക്കള്‍ പറഞ്ഞതിങ്ങനെ : അവന്‍ ഇതൊക്കെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഈ ചെറിയ പ്രായത്തില്‍ അവന്‍ അനുഭവിക്കാത്ത പീഡനങ്ങളില്ല. മുതിര്‍ന്ന പല ചേട്ടന്മാരുടെയും കാമസംതൃപ്തിക്ക് ഏറ്റവും എളുപ്പത്തില്‍ വീണുകിട്ടുന്ന ഇരയായിരുന്ന അവന്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തവന്‍. ഒരു ബിരിയാണിക്കു വേണ്ടി, ഒരു ഷര്‍ട്ടിനു വേണ്ടി, പലപ്പോഴും ഭീഷണിയും ദേഹോപദ്രവും ഭയന്ന് ഒന്നിനും വേണ്ടിയല്ലാതെ അവന്‍ അവര്‍ക്ക് വഴങ്ങി. ആര്‍ക്കും വേണ്ടാത്ത, ആരോരുമില്ലാത്ത ഒരു കുട്ടിക്ക് നമ്മുടെ സമൂഹം കാത്തുവച്ചിരിക്കുന്നതെന്തെന്ന് അറിയാന്‍ അവന്റെ അനുഭവം മാത്രം മതിയായിരുന്നു. പീഡനങ്ങളുടെ ബാല്യത്തില്‍ നിന്ന് കുറ്റവാളിയെന്നു മുദ്ര ചാര്‍ത്തപ്പെട്ട കൗമാരത്തിലൂടെ അവന്‍ മരണത്തിലേക്ക് നടന്നു നീങ്ങിയെങ്കില്‍ ആരാണ് ഉത്തരവാദി? തീര്‍ച്ചയായും ആ കുട്ടിയല്ല. അവനെ അങ്ങനെയാക്കിയവരൊക്കെ ഇന്നും നമുക്കിടയില്‍ സര്‍വ്വസ്വതന്ത്രരായി വിലസുന്നുണ്ടാവാം. അവര്‍ക്ക് പുതിയ ഇരകളെയും കിട്ടിയിട്ടുണ്ടാവാം.

പെണ്‍കുട്ടികളെക്കുറിച്ച് ആവശ്യത്തിനും അനാവശ്യത്തിനും ആശങ്കകളാണ് നമുക്ക്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്താന്‍ അഞ്ചു മിനിട്ട് വൈകിയാല്‍, ഒന്നുറക്കെ ചിരിച്ചാല്‍, അടുത്ത വീട്ടില്‍ ടി.വി കാണാന്‍ പോയാല്‍, ഇത്തിരി ഇറുകിയ വസ്ത്രം ധരിച്ചാല്‍ ഒക്കെ നമ്മള്‍ ഇടപെടുകയായി. സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പോലും നമ്മള്‍ അവരെ അനുവദിക്കാറില്ല. സ്‌കൂളില്‍ ഏതെങ്കിലും കായിക വിനോദത്തില്‍ ഏര്‍പ്പെടാനോ, ഒരു നാടകത്തില്‍ അഭിനയിക്കാനോ ശാസ്ത്ര മേളയ്്ക്ക് ഒരു പ്രോജക്ട് അവതരിപ്പിക്കാനോ പോലും കഴിയുന്നതും നമ്മള്‍ അവരെ അനുവദിക്കില്ല. പൊന്‍തത്തയെ കൂട്ടിലിട്ട് സ്വര്‍ണ്ണത്താഴിട്ടു പൂട്ടി കണ്ണിമവെട്ടാതെ കാവലിരിക്കുകയാണ് നമ്മള്‍. അതിന്റെ പകുതി പരിഗണനയെങ്കിലും ആണ്‍കുട്ടികള്‍ക്കും കൊടുക്കണ്ടേ?

കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് രാജ്യത്ത് ആദ്യമായി പഠനം നടന്നത് 2007-ല്‍ ആണ്. കേന്ദ്ര വനിതാ, ശിശു ക്ഷേമ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 53% കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗികപീഡനം അനുഭവിക്കുന്നു. ഇതില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും നിരക്ക് തുല്യം ആയിരുന്നു. 2006-ല്‍ ചെന്നെയിലെ 2211 സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനം അനുസരിച്ച് 48% ആണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ 39% പെണ്‍കുട്ടികളാണ് അതിനിരയായത്. അഞ്ചു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്നതെന്നും ഇതില്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ലൈംഗികപീഡനങ്ങള്‍ ഉള്‍പ്പടെ എല്ലാത്തരം അതിക്രമങ്ങള്‍ക്കും ഇരയാകുന്നത് പെണ്‍കുട്ടികള്‍ മാത്രമാണെന്നും അതിനാല്‍ സ്വയം സംരക്ഷിക്കാന്‍ അവരെയാണ് പ്രാപ്തരാക്കേണ്ടതെന്നും നാം വിശ്വസിക്കുന്നു. അതിനായി ജീവിതനൈപുണി പഠനം എന്ന ഓമനപ്പേരില്‍ അവര്‍ക്ക് പലതരം ക്ലാസ്സുകള്‍ നല്‍കുന്നു. സ്‌കൂളുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വനിതാ സംഘടനകള്‍ അങ്ങനെ പലരും പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നു.

ഈ നൈപുണി ആണ്‍കുട്ടികള്‍ക്കും വേണ്ടതല്ലേ? സ്വന്തം ശരീരത്തെക്കുറിച്ചും കൗമാരത്തില്‍ അതിനു സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചും പെണ്‍കുട്ടികള്‍ അറിയുന്നത്ര പോലും ആണ്‍കുട്ടികള്‍ അറിയുന്നില്ല. അഥവാ അവര്‍ക്ക് എന്തെങ്കിലും വിവരം കിട്ടുന്നുണ്ടെങ്കില്‍ അത് ശാസ്ത്രീയവും ആയിരിക്കില്ല. സഹപാഠികളോ, ചേട്ടന്മാരോ, മഞ്ഞപ്പുസ്തകങ്ങളോ ഇപ്പോഴത്തെ കാലത്ത് ഇന്റര്‍നെറ്റോ ഒക്കെ നല്‍കുന്ന അബദ്ധധാരണകളോടെയാണ് അവര്‍ കൗമാരത്തെ നേരിടുന്നത്. ഈ പ്രായത്തില്‍ എതിര്‍ലിംഗത്തില്‍ പെട്ടവരോട് ആകര്‍ഷണം തോന്നുക സ്വാഭാവികമാണെന്നും അതിനെ നിയന്ത്രിച്ച് സംസ്‌കാരത്തോടെ പെരുമാറുമ്പോഴാണ് മനുഷ്യന്‍ ഒരു സാമൂഹ്യജീവിയായി മാറുന്നതെന്നും അവന് ആരാണ് പറഞ്ഞു കൊടുക്കുന്നത്? അവന്‍ വായിക്കുന്നതും സിനിമകളില്‍ കാണുന്നതും കുടുംബത്തിനുള്ളില്‍ അനുഭവിച്ചറിയുന്നതുമെല്ലാം സ്ത്രീശരീരം പുരുഷന് ഇഷ്ടം പോലെ ഉപയോഗിക്കാനുള്ള ഒരു ചരക്ക് മാത്രമാണെന്ന പാഠമാണ്. അതങ്ങനെയല്ലെന്നും സ്ത്രീയെ ഒരു വ്യക്തി എന്ന നിലയില്‍ ബഹുമാനിക്കണമെന്നും ആരാണ് അവന് പറഞ്ഞു കൊടുക്കുക? നമ്മുടെ പാഠപുസ്തകങ്ങളോ സിലബസ്സോ ഒന്നും ഇത്തരമൊരു സന്ദേശം നല്‍കുന്നതില്‍ വിജയിക്കുന്നില്ലെന്ന് വ്യക്തം. മതങ്ങളോ സമുദായങ്ങളോ പോലും അതു പ്രദാനം ചെയ്യുന്നില്ല.

വീടുകളില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പാഠങ്ങളോ? കഴിഞ്ഞ ദിവസം തീവണ്ടി യാത്രയ്ക്കിടയില്‍ കണ്ട ഒരു ദൃശ്യം ഓര്‍മ്മ വരുന്നു. ഒരു അ മ്മയും രണ്ട് മക്കളുമായിരുന്നു സഹയാത്രികര്‍. കോളേജില്‍ പഠിക്കുന്ന മകളെ പരീക്ഷ കഴിഞ്ഞ്് കൂട്ടിക്കൊണ്ടു പോവുകയാണ് അമ്മ. 12 വയസ്സ് തോന്നിക്കും മകന്. കൂട്ടത്തില്‍ മകളുടെ ചില കൂട്ടുകാരികളുമുണ്ട്. അവര്‍ ചിരിയ്ക്കുകയും പാട്ടുപാടുകയും ക്രിക്കറ്റിനെക്കുറിച്ച് ആവേശപൂര്‍വ്വം സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആ പ്രായത്തിലുള്ള ഏതു കുട്ടികളെയും പോലെ സ്മാര്‍ട്ടായ ഒരു സംഘം. അതിരു കവിഞ്ഞ ബഹളമോ മോശമായ പെരുമാറ്റമോ ഒന്നുമില്ല. പക്ഷേ, ഇതൊന്നും ആദ്യം മുതലേ അനിയന്് രസിക്കുന്നുണ്ടായിരുന്നില്ല. യാത്ര തുടങ്ങി ഒരു മണിക്കൂറോളം കഴിഞ്ഞിട്ടുണ്ടാവും. ഈ കുഞ്ഞു ചെക്കന്‍ എഴുനേറ്റു നിന്ന് ചേച്ചിയുടെ നേരെ ഒരു അലര്‍ച്ച, 'നിന്നോടല്ലേ പറഞ്ഞിട്ടുള്ളത് ഉറക്കെ ചിരിക്കരുതെന്ന്.' ആ പെണ്‍കുട്ടിയേക്കാള്‍ 6-7 വയസ്സിനെങ്കിലും ഇളയാതായിരിക്കും അവന്‍. പെണ്‍കുട്ടിയുടെ മുഖത്തു തെളിഞ്ഞ ഭയം കണ്ടപ്പോള്‍ അമ്പരന്ന് പോയി. കേട്ടിരിക്കുന്ന അമ്മയാവട്ടെ ഒരക്ഷരം മിണ്ടുന്നില്ല. ആ കുടുംബത്തില്‍ സ്്്ത്രീയ്ക്കുള്ള സ്ഥാനമെന്തെന്ന് വ്യ്ക്തമാകാന്‍ കൂടുതല്‍ ഒന്നും വേണ്ടല്ലോ. തരം കിട്ടിയാല്‍ അവന്‍ അമ്മയോടും ഇങ്ങനെ തന്നെ പെരുമാറുമായിരിക്കും. സ്വന്തം അമ്മയേയും മുതിര്‍ന്ന സഹോദരിയേയും ബഹുമാനിക്കാന്‍ പഠിക്കാത്തവന്‍ എങ്ങനെ സമൂഹത്തിലെ മറ്റുള്ളവരെ ബഹുമാനിക്കും?

തീവണ്ടി മുറിയില്‍ സൗമ്യയെ ആക്രമിച്ച ഗോവിന്ദച്ചാമിയെക്കുറിച്ച് ഒരു ലേഖനത്തില്‍ വായിച്ചത് ഓര്‍ക്കുന്നു: 'അമ്മയുടെ മുഖത്ത് നോക്കി നിഷ്‌കളങ്കമായി ചിരിച്ചു കളിച്ചു കിടന്ന ഒരു ഗോവിന്ദന്‍ ഉണ്ടാവുമല്ലോ. അവന്‍ എങ്ങനെ ഇങ്ങനെ ആയി എന്ന് ആരും തിരക്കാത്തതെന്താണ്.' ആ ചോദ്യം ഹൃദയത്തില്‍ തറച്ചതു പോലെ തോന്നി. ഇന്ന് നമ്മുടെ നെഞ്ചോട് ചേര്‍ന്നുറങ്ങുന്ന ഏതൊരു ആണ്‍കുട്ടിയും നാളെ ഒരു ക്രിമിനല്‍ ആയി മാറാം. സ്വര്‍ണ്ണവും ബൈക്കും മൊബൈലും ഒക്കെ മോഷ്ടിക്കുന്ന കുട്ടിക്കുറ്റവാളികളെക്കുറിച്ച് പതിവായി വാര്‍ത്തകള്‍ വരുന്നുണ്ട്. അവരും ഏതെങ്കിലും അമ്മയുടെയും അച്ഛന്റേയും ഓമനമക്കള്‍ ആയി വളരുന്നവരാകില്ലേ? രാവിലെ അമ്മ ഉരുട്ടിക്കൊടുത്ത ചോറുണ്ട്, അച്ഛന്‍ ഇസ്തിരിയിട്ടു കൊടുത്ത യൂണിഫോമുമിട്ട് സ്‌കൂളിലേക്ക് പോകുന്നവന്‍ വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ കുറ്റവാളികളുടെ കൂട്ടത്തില്‍. കുറ്റകൃത്യങ്ങളിലേക്ക് കുട്ടികളെ നയിക്കാവുന്ന സാഹചര്യങ്ങള്‍ ധാരാളമുണ്ടിപ്പോള്‍. ഈസി മണി എന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പ്രത്യയ ശാസ്ത്രമാകുമ്പോള്‍ ഏറ്റവും വേഗത്തില്‍ വീഴുന്ന ഇരകളും കുട്ടികളായിരിക്കും. നിയമങ്ങളെയും വരുംവരായ്കകളേയും കുറിച്ചുള്ള അജ്ഞതയും എന്തും പരീക്ഷിച്ചു നോക്കാനുള്ള സഹജമായ ജിജ്ഞാസയും സാഹസികതയും ചേരുമ്പോള്‍ അവര്‍ വളരെ വേഗം കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്നു. പൊതു സമൂഹത്തില്‍ അവര്‍ക്ക് മാതൃകയാക്കാവുന്ന ആദര്‍ശവാന്മാരുടെ എണ്ണം കുറഞ്ഞു വരിക കൂടി ചെയ്യുമ്പോള്‍ ചിത്രം പൂര്‍ണ്ണം.

പക്ഷേ, നമുക്ക് നമ്മുടെ ആണ്‍മക്കളെ ഇങ്ങനെ വിട്ടാല്‍ മതിയോ? ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാനേജ്‌മെന്റ് വിദഗ്ധരും ഒക്കെ ആക്കുന്നതിനൊപ്പം അവരെ നല്ല മനുഷ്യര്‍ കൂടി ആക്കാനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കില്ലേ? അതോ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെയും ക്ലാസ്സില്‍ പഠിപ്പിക്കുന്നതിനിടെ സാരി അല്പം നീങ്ങിപ്പോയ അധ്യാപികയുടെയും നഗ്നത മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്ന ഞരമ്പു രോഗികളായി അവര്‍ വളര്‍ന്നോട്ടെ എന്നു വയ്്ക്കണോ? മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി സ്വന്തം അച്ഛനമ്മമാരെപ്പോലും ഉപദ്രവിക്കാന്‍ മടിയില്ലാത്തവരായി അവര്‍ വളരണോ? അയല്‍വക്കത്തെ പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തുന്ന നരാധമന്മാരായി അവര്‍ മാറണോ? ശ്രീജയുടെ മരണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെണ്‍കുഞ്ഞുങ്ങളുടെ എന്ന പോലെ ആണ്‍കുഞ്ഞുങ്ങളുടെയും സുരക്ഷയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍. സുഗതകുമാരി ടീച്ചര്‍ പറഞ്ഞതു പോലെ നല്ല ആങ്ങളമാരുടെ വംശം കുറ്റിയറ്റു പോകാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍.

അമ്മ: സ്‌നേഹത്തിന്റെ ഒരു ഉരുള


അമ്മ ഒരു മണമാണ്. മോരു കൂട്ടി കുഴച്ച ചോറുരളയുടെ. കഞ്ഞിമുക്കി ഉണക്കിയ സെറ്റുമുണ്ടിന്റെ. ക്യൂട്ടിക്കൂറ പൗഡറിന്റെ. കാച്ചിയ എണ്ണയുടെ. ഓഫീസ് ജോലി കഴിഞ്ഞ് അമ്മ എത്താന്‍ കാത്തു കിടന്ന എത്രയോ പകലുകളില്‍ ആ മുണ്ടിന്റെ മണം മാത്രമായിരുന്നു ആശ്വാസം. വൈകിട്ട് ഗേറ്റ് തുറക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അറിയാം അമ്മ എത്തിയെന്ന്. അപ്പോള്‍ തുടങ്ങും സഹിക്കാനാവാത്ത വിശപ്പ്. അമ്മയുടെ ബാഗില്‍ ഒന്നു മുങ്ങിത്തപ്പിയാല്‍ എന്തെങ്കിലും തടയുമെന്ന് ഉറപ്പ്. ചിലപ്പോള്‍ ഓഫീസ് കാന്റീനില്‍ നിന്ന് പഴം പൊരി. അല്ലെങ്കില്‍ വറുത്ത കടലയുടെ ഒരു പൊതി. പനിച്ചു പൊള്ളിക്കിടന്ന രാത്രികളില്‍ ഒരു നനഞ്ഞ തുണിക്കഷ്ണമായി, വാശി പിടിച്ചു കരഞ്ഞ വേളകളില്‍ മാറോടടക്കിപ്പിടിച്ച സാന്ത്വനമായി, വഴി അറിയാതെ കുഴങ്ങിയപ്പോഴൊക്കെ നേര്‍വഴിയുടെ വെളിച്ചമായി അമ്മ.

ഇടയ്‌ക്കൊക്കെ തല്ലിയും നുള്ളിയും വഴക്കുപറഞ്ഞുമൊക്കെ ഇത്തിരി വേദനിപ്പിക്കാതിരുന്നിട്ടില്ല. എന്നെക്കാളിഷ്ടം അമ്മയ്ക്ക് ചേച്ചിയെ ആണല്ലേ എന്നു പറഞ്ഞു ചിണുങ്ങുമ്പോള്‍ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നു ചോദിച്ച് തലതിരിച്ചു നടക്കാതെ ഇരുന്നിട്ടുമില്ല. വലുതാവുമ്പോള്‍ അമ്മയെപ്പോലെ കാര്യപ്രാപ്തിയും തന്റേടവും സ്‌നേഹവും വാത്സല്യവും ഒക്കെയുള്ള ഒരാള്‍ ആവണമെന്നായിരുന്നു സ്വപ്നം. അങ്ങനെയൊന്നും ആയില്ലെന്ന് ഇപ്പോഴും കുറ്റബോധവും.

വലുതാകുമ്പോള്‍ നമുക്ക് ആ അമ്മയെ കളഞ്ഞു പോവുന്നുണ്ടോ? അമ്മയോട് കുഴച്ചുരുട്ടിയ ഒരുരുള ചോറു ചോദിക്കാന്‍ ഇപ്പോള്‍ നാണമാണ്. അമ്മയുടെ പഞ്ഞി പോലുള്ള വയറില്‍ തല വച്ചു കിടക്കാന്‍, കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുക്കാന്‍, കഴുത്തില്‍ തൂങ്ങി ഉപ്പിന്‍ചാക്ക് കളിക്കാന്‍ ഒക്കെ ഇപ്പോഴും കൊതിയുണ്ട്. പക്ഷേ, നടക്കാറില്ലെന്നു മാത്രം. ഇനി അഥവാ ഇത്തിരി നേരം അമ്മയോട് കൊഞ്ചാമെന്ന് വച്ചാലോ അപ്പോഴെത്തും കുട്ടിപ്പട്ടാളം. അവരുടെ മുത്തശ്ശിയുടെ മേല്‍ അധികാരം സ്ഥാപിക്കാന്‍ മറ്റാര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് അവരെങ്ങനെ സമ്മതിച്ചു തരും. അന്നൊന്നും അമ്മമാര്‍ക്കായി നീക്കിവച്ച പ്രത്യേക ദിവസമൊന്നും ഇല്ലായിരുന്നു. അമ്മയെ ഓര്‍ക്കാന്‍ ഇങ്ങനെ വര്‍ഷത്തില്‍ ഒരു ദിവസം വേണമെന്നു തന്നെ അന്നാര്‍ക്കും തോന്നിയിട്ടില്ലായിരിക്കും. കാലം മാറിയില്ലേ. ഇന്ന് വൃദ്ധസദനങ്ങളില്‍ എത്തപ്പെടുന്നവരില്‍ ഭൂരിപക്ഷവും അമ്മമാരാണ്. ചിലരൊക്കെ സ്വന്തം ഇഷ്ടപ്രകാരം വന്നുചേരുന്നവര്‍. ജീവിതത്തിന്റെ അവസാന കാലത്തെങ്കിലും സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന് കൊതിച്ചു വന്നുചേരുന്നവര്‍. ബഹുഭൂരിപക്ഷവും മക്കള്‍ക്ക് നോക്കാന്‍ സൗകര്യമില്ലാത്തതു കൊണ്ട് ഇവിടെ നടതള്ളപ്പെടുന്നവര്‍.

പത്രപ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യത്തെ രണ്ടുകൊല്ലം ഞാന്‍ കഴിഞ്ഞത് ഒരു വൃദ്ധ സദനത്തിലായിരുന്നു. രാത്രിഷിഫ്റ്റുകളെ ഭയപ്പെട്ടിരുന്ന ലേഡീസ് ഹോസ്റ്റലുകളൊന്നും താമസസൗകര്യം തരാത്തതു കൊണ്ടായിരുന്നു ആ സാഹസം. അവിടെ ഒരു അമ്മയുണ്ടായിരുന്നു. അവരുടെ മകന്‍ ആ നഗരത്തില്‍ തന്നെ നല്ല നിലയില്‍ കുടുംബ സമേതം കഴിയുന്നു. എന്നിട്ടും ഓണത്തിനോ വിഷുവിനോ പോലും അമ്മയെ ഒന്നു കാണാന്‍, വിളിച്ചു കൊണ്ടുപോയി ഒരില ചോറു കൊടുക്കാന്‍ ആ മകന്‍ വരാറില്ലായിരുന്നു. പക്ഷേ, അതേക്കുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ അമ്മ മകന്റെ പക്ഷം പിടിക്കും. എത്ര നിസ്വാര്‍ഥവും നിരുപാധികവുമാണ് അമ്മയ്ക്ക് മകനോടുള്ള സ്‌നേഹമെന്ന് തിരിച്ചറിഞ്ഞത് അന്നാണ്.

ഒരു മാതൃദിനം കൂടി കടന്നുപോയി. സെമിനാറുകളും ഇ-മെയിലുകളും എസ്.എം.എസുകളും പൊടിപൊടിച്ചു. സ്വര്‍ണ്ണക്കടകള്‍ മുതല്‍ ബേബിഫുഡ് നിര്‍മ്മാതാക്കള്‍ വരെ മാതൃത്വത്തിന്റെ മഹത്വത്തെപ്പറ്റി വര്‍ണ്ണാഭമായ പരസ്യങ്ങള്‍ പുറത്തിറക്കി. പക്ഷേ, വാസ്തവം ഇതിനൊക്കെ അപ്പുറത്താണ്. സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തില്‍ ലോകത്തെ 79 അവികസിത രാജ്യങ്ങളില്‍ 75-ാം സ്ഥാനത്താണത്രേ ഇന്ത്യ. പല ദരിദ്ര ആഫ്രിക്കന്‍ രാജ്യങ്ങളേക്കാളും പിന്നില്‍. സേവ് ദ ചില്‍ഡ്രന്‍ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യൂബയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയുടെ സ്ഥാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു പടി താഴുകയാണുണ്ടായത്. ബോട്‌സ്വാനയും കാമറൂണും കോംഗോയും പോലുള്ള രാജ്യങ്ങള്‍ പോലും നമ്മളെക്കാള്‍ മുന്നില്‍. പാകിസ്ഥാന്‍ ഇന്ത്യയെക്കാളും താഴെയാണെന്ന് വേണമെങ്കില്‍ ആശ്വസിക്കാം.

റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയില്‍ 53 ശതമാനം പ്രസവങ്ങള്‍ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടക്കുന്നത്. സ്ത്രീകളുടെ പ്രതീക്ഷിത ആയുസ്സ് 66 വയസ്സ് മാത്രം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 48 ശതമാനം കടുത്ത തൂക്കക്കുറവുള്ളവരാണ്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് 68,000 സ്ത്രീകളാണ് ഒരു വര്‍ഷം നമ്മുടെ നാട്ടില്‍ മരിക്കുന്നത്. സമൂഹം സ്ത്രീക്കു നല്‍കുന്ന സ്ഥാനത്തിന്റെ ഏറ്റവും നല്ല തെളിവ് ഗര്‍ഭിണികളുടെ ആരോഗ്യമാണ്. കാരണം ജീവിതത്തില്‍ മറ്റൊരിക്കലും അത്രയും പരിഗണന സ്ത്രീയ്ക്ക് കിട്ടുന്നതേയില്ല. അക്കാലത്ത് തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ ഇന്ത്യയിലെ അമ്മമാരുടെ പൊതുവിലുള്ള സ്ഥിതി എന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതില്‍ പ്രധാനം. ഓരോ ഗര്‍ഭകാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവസമയത്ത് ഡോക്ടര്‍, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീര്‍ണ്ണതകള്‍ ഉണ്ടെങ്കില്‍ പ്രത്യേക ചികിത്സ ലഭിക്കാന്‍ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂര്‍, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളില്‍ അമ്മയ്്ക്കും കുഞ്ഞിനും വൈദ്യപരിശോധന ലഭ്യമാകുക എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതൊന്നുമില്ലാതെ വഴിയരികില്‍ പ്രസവിച്ച് പൊക്കിള്‍ക്കൊടി കടിച്ചുമുറിച്ച് വരണ്ടുതൂങ്ങിയ മുലയില്‍ നിന്ന് ഒരു തുള്ളി പാലെങ്കിലും കുഞ്ഞിന് കിട്ടുമെന്ന പ്രതീക്ഷയില്‍ ഒരു ജീവനെ വരവേല്‍ക്കേണ്ടി വരുന്ന അമ്മമാരെ ആരെങ്കിലും ഈ അമ്മദിനത്തില്‍ ഓര്‍ത്തോ ആവോ. കൗമാരം വിടും മുമ്പേ അമ്മയാകാന്‍ വിധിക്കപ്പെട്ട് അകാലത്തില്‍ വാര്‍ധക്യത്തിന് കീഴ്‌പെടുന്ന കുഞ്ഞുങ്ങളെ ആരെങ്കിലും ഓര്‍ത്തോ ആവോ. മൃതശരീരം പോലും ഏറ്റെടുക്കാന്‍ ആളില്ലാതെ പാതയോരത്തും വൃദ്ധസദനങ്ങളിലും എരിഞ്ഞുതീരുന്ന അമ്മമാരെ ആരെങ്കിലും ഓര്‍ത്തോ ആവോ. അവര്‍ക്കായി സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ, കാരുണ്യത്തിന്റെ, നന്ദിയുടെ ഒരു തിരി നീട്ടാന്‍ കഴിയുന്നില്ലെങ്കില്‍ ഈ അമ്മദിനത്തിന് എന്തു പ്രസക്തി?
കാറ്റു കൊണ്ടുപോയ ഒരു നിലവിളി


കാറ്റില്‍ ചിതറിപ്പോയ ഒരു നിലവിളിയുടെ ഓര്‍മ്മ ഇപ്പോഴും നടുക്കുന്നു. തൊട്ടുമുമ്പ് അതു വഴി കടന്നു പോയ ഒരു തീവണ്ടിയില്‍ ഞാനും തനിയെ യാത്ര ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ആന്തല്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്​പത്രിയുടെ വരാന്തയില്‍ ഇനിയും ഉണരാത്ത മകളെയും കാത്തിരിക്കുന്ന ആ അമ്മയുടെ സ്ഥാനത്ത് നമ്മളില്‍ ആരുടെ അമ്മയും ആകാം. പെങ്ങളെ കൂട്ടാനായി ബൈക്കുമായി റെയില്‍വേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കവേ ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യവാനായ ആ സഹോദരന്‍ നിങ്ങളില്‍ ആരുമാകാം. കാരണം നമ്മുടെ തീവണ്ടികള്‍ അത്രമേല്‍ അരക്ഷിതമാണ്. ഓരോ യാത്രയും അപകടം കൂടാതെ അവസാനിക്കുന്നത് ഭാഗ്യം മാത്രം.

ഫെബ്രുവരി 1-ന് രാത്രി ഒമ്പതു മണിയോടെയാണ് എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ നാടിനെ നടുക്കുന്ന ആ സംഭവമുണ്ടായത്. എറണാകുളത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് വള്ളത്തോള്‍ നഗര്‍ (ചെറുതുരുത്തി) റെയില്‍വേസ്‌റ്റേഷനു സമീപത്തു വച്ച് അക്രമത്തിനിരയായത്. പിടിവലിയ്ക്കിടെ പാളത്തിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അക്രമി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇപ്പോഴും ആസ്​പത്രിയില്‍ മരണത്തോട് മല്ലടിക്കുന്നു ആ യുവതി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ആ 22-കാരിയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്ത ദുരന്തയാത്രയുടെ നേര്‍പ്പകര്‍പ്പുകള്‍ തീവണ്ടിയില്‍ യാത്ര ചെയ്തിട്ടുള്ള ഓരോ സ്്ത്രീയ്ക്കും പറയാനുണ്ടാവും. ഭാഗ്യം കൊണ്ടു മാത്രം രക്ഷപ്പെട്ടിട്ടുള്ള അവസരങ്ങള്‍.

തൃശ്ശൂര്‍ വിമലാ കോളേജിലെ അധ്യാപിക സിസ്റ്റര്‍ സെറിനെ ഓര്‍മ്മയില്ലേ. ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍ എക്‌സ്​പ്രസ്സിലെ ലേഡീസ് കംപാര്‍ട്ടുമെന്റില്‍ അക്രമികളുടെ ഇരയായ സിസ്റ്റര്‍ക്ക് നഷ്ടപ്പെട്ടത് ഒരു കയ്യും കാലും. രാത്രി 10 മണിയോടെ ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍ കയറിക്കൂടിയ അക്രമികള്‍ സ്ത്രീകളെ ഉപദ്രവിക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കവരാന്‍ ശ്രമിക്കുകയുമായിരുന്നു. എതിര്‍ത്ത സിസ്റ്റര്‍ സെറിനെ അവര്‍ വണ്ടിയില്‍ നിന്ന് വലിച്ച് താഴെയിട്ടു. ബഹളം കേട്ട ഗാര്‍ഡ് വണ്ടി നിര്‍ത്തിക്കുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടിരുന്നു.

ഇനി സംരക്ഷണത്തിനായി റെയില്‍വേ പോലീസിനെ സമീപിച്ചാലോ? അനുഭവം അതിഗംഭീരം. ഉച്ചനേരത്ത് കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്ത ചില സ്ത്രീകളുടെ കഥ കേട്ടോളൂ. ലേഡീസ് കംപാര്‍ട്ടുമെന്റില്‍ കയറിക്കൂടിയ ഒരു പുരുഷനോട് ഇറങ്ങിപ്പോകാന്‍ സ്ത്രീകള്‍ പറഞ്ഞെങ്കിലും അയാള്‍ കൂട്ടാക്കിയില്ല. കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അയാള്‍ ബഹളം വയ്ക്കാനും തുടങ്ങി. ഗാര്‍ഡിനോട് പരാതിപ്പെട്ടപ്പോള്‍ റെയില്‍ അലര്‍ട്ട് നമ്പറില്‍ വിളിക്കണമെന്ന് മറുപടി. ആ നമ്പറില്‍ വിളിച്ചപ്പോഴാണ് യഥാര്‍ഥ തമാശ. വണ്ടി കോഴിക്കോട് എത്താതെ അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലത്രെ. രണ്ടര മണിക്കൂറോളം നീണ്ട യാത്രയെത്തുടര്‍ന്ന് കോഴിക്കോടിന് തൊട്ടുമുമ്പുള്ള സ്റ്റേഷനില്‍ അയാള്‍ കൂളായി ഇറങ്ങിപ്പോയി. പരാതിപ്പെടാന്‍ പോയ സ്ത്രീകള്‍ ഇളിഭ്യരുമായി.

മിക്കവാറും എല്ലാ തീവണ്ടിയിലും ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ ഏറ്റവും പിന്നിലായിരിക്കും. സ്റ്റേഷനില്‍ ഒരു ട്യൂബ് ലൈറ്റിന്റെ വെട്ടം പോലുമില്ലാത്ത വാലറ്റത്തായിരിക്കും ഈ കംപാര്‍ട്ടുമെന്റ് വന്നു നില്‍ക്കുക. അവിടെ ചുറ്റിപ്പറ്റി നില്‍ക്കുന്ന സാമൂഹിക വിരുദ്ധര്‍ക്ക് സൗകര്യം. ഈ കംപാര്‍ട്ട്‌മെന്റ് ഒന്നു നടുവിലേക്ക് ആക്കിയിരുന്നെങ്കില്‍ സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയുടെ മുന്നില്‍ അതു വന്നു നിന്നേനെ. രാത്രിയും പകലും ഒരു റെയില്‍വേസ്‌റ്റേഷനില്‍ അല്പമെങ്കിലും സുരക്ഷ ഉറപ്പു വരുത്താവുന്ന സ്ഥലം അതാണല്ലോ. വണ്ടി കാത്തു നില്‍ക്കുന്ന സ്്ത്രീകള്‍ക്കും യാത്ര ചെയ്യുന്നവര്‍ക്കും ആശ്വാസം. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന പിടിവാശി എന്തിനാണ് റെയില്‍വേ പുലര്‍ത്തുന്നത്? എന്തെങ്കിലും പ്രശ്്‌നം ഉ്ണ്ടായാല്‍ ഗാര്‍ഡിന്റെ സഹായം കിട്ടാനാണ് ലേഡീസ് പുറകിലെ അറ്റത്താക്കുന്നതെന്നാണ് റെയില്‍വേയുടെ ഭാഷ്യം. പക്ഷേ, കംപാര്‍ട്ടുമെന്റില്‍ എന്തു നടന്നാലും മിക്കവാറും ഗാര്‍ഡുമാര്‍ അറിയാറില്ലെന്ന് സ്ഥിരം യാത്രക്കാരികളുടെ അനുഭവം.

അപകടമുണ്ടായാല്‍ വലിക്കാന്‍ ചങ്ങലയുണ്ടല്ലോ എന്നാണ് റെയില്‍വേ പറയുക. ന്യായമായ കാരണമില്ലാതെ ചങ്ങല വലിച്ചാല്‍ 1000 രൂപ പിഴയും മാസങ്ങളോളം കഠിനതടവും ശിക്ഷ ലഭിക്കുമെന്ന് ഓരോ ചങ്ങലയ്ക്കു മുന്നിലും എഴുതിവച്ച് യാത്രക്കാരെ പേടിപ്പിക്കുന്ന റെയില്‍വേ, ഇതുപയോഗിക്കാവുന്ന സന്ദര്‍ഭങ്ങള്‍ എന്തൊക്കെയാണെന്നു കൂടി യാത്രക്കാര്‍ക്ക് പറഞ്ഞു കൊടുക്കേണ്ടെ. മിക്കവര്‍ക്കും ചങ്ങല തൊടാന്‍ പേടിയാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ മിക്കവാറും സീറ്റിന്റെ മുകളില്‍ കയറി നിന്നാലേ അതിലൊന്ന് എത്തുകയുമുള്ളു. ലേഡീസ് കംപാര്‍ട്ടുമെന്റുകളില്‍ എങ്കിലും ഒരു അപകട അലാറം ഏര്‍പ്പെടുത്താന്‍ കഴിയില്ലേ? ഗാര്‍ഡിനും എഞ്ചിന്‍ ഡ്രൈവര്‍ക്കും മാത്രമല്ല, മറ്റു കംപാര്‍ട്ടുമെന്റുകളിലെ യാത്രക്കാര്‍ക്കു കൂടി കേള്‍ക്കാവുന്ന ഒരു അലാറം.

ചെറുതുരുത്തി ദുരന്തം ഉണ്ടായതിന്റെ പിറ്റേന്ന് റെയില്‍വേ പോലീസ് ഭയങ്കര ഉഷാറിലായിരുന്നു. പട്ടാപ്പകല്‍ ലേഡീസ് കംപാര്‍ട്ടുമെന്റിന്റെ വാതിലുകള്‍ അടച്ചും മറ്റു കംപാര്‍ട്ട്‌മെന്റുകളിലേക്ക് കടക്കാനുള്ള വെസ്റ്റിബ്യൂള്‍ അടപ്പിച്ചും അവര്‍ സുരക്ഷ ആഘോഷിച്ചു. വാസ്തവത്തില്‍ പാസഞ്ചര്‍ തീവണ്ടികള്‍ക്കു കൂടി കംപാര്‍ട്ടുമെന്റുകളെ തമ്മില്‍ ബന്ധിപ്പിച്ച വെസ്റ്റിബ്യൂള്‍ ഏര്‍പ്പെടുത്തുകയല്ലേ വേണ്ടത്? ആ പാവം പെണ്‍കുട്ടിയ്ക്ക് തീവണ്ടിയില്‍ നിന്ന എടുത്തു ചാടുന്നതിനു പകരം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കാനെങ്കിലും ഒരവസരം കിട്ടിയേനെ.

അപകടമുണ്ടായിക്കഴിയുമ്പോള്‍ നാലു ദിവസത്തേക്ക് സുരക്ഷ ശക്തമാക്കുകയെന്ന പതിവ് നമ്മള്‍ ഇപ്പോഴും തെറ്റിച്ചില്ല. എറണാകുളം - ഷൊറണൂര്‍ പാസഞ്ചര്‍ വണ്ടിയക്ക് ഇപ്പോള്‍ കനത്ത സുരക്ഷയാണത്രേ. ഇതെന്താ ആ വണ്ടി റാഞ്ചിക്കൊണ്ടു പോകാന്‍ ആരെങ്കിലും വരുന്നുണ്ടോ? മറ്റു വണ്ടികളില്‍ ഉള്ളവര്‍ക്കൊന്നും സംരക്ഷണം വേണ്ടേ? പുലര്‍ച്ചെ യാത്ര പുറപ്പെടുകയും രാത്രി വൈകി യാത്ര അവസാനിപ്പിക്കുകയും ചെയ്യുന്ന വണ്ടികളില്‍ എന്തെങ്കിലും ഒരു പരിശോധന, എവിടെ? അതിന് പാസഞ്ചര്‍ തീവണ്ടികള്‍ റെയില്‍വേ സംരക്ഷണ സേനയുടെ പട്ടികയില്‍ പോലുമില്ല. കുറഞ്ഞ കാശിന് യാത്ര ചെയ്യുന്നവര്‍ക്ക് സുരക്ഷയും അത്ര മതിയെന്നായിരിക്കും.

ലേഡീസ് കംപാര്‍ട്ടുമെന്റില്‍ ആളില്ലെങ്കില്‍ ജനറലിലേക്ക് ഓടി രക്ഷപ്പെട്ടുകൊള്ളാനാണ് റെയില്‍വേയുടെ പുതിയ ഉപദേശം. അവിടെയും ആളില്ലെങ്കിലോ? ഷൊര്‍ണ്ണൂര്‍ വണ്ടിയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി അങ്ങനെ കോച്ച് മാറിക്കയറി ഭാഗ്യം പരീക്ഷിച്ചതായിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. രാത്രി പലപ്പോഴും ജനറല്‍ കംപാര്‍ട്ടുമെന്റുകളും യാചകരുടെയും സാമൂഹ്യ വിരുദ്ധരുടെയും മദ്യപരുടെയും താവളമായിരിക്കും. ഇത്തരക്കാരെ നിയന്ത്രിക്കേണ്ട റെയില്‍വേ അധികൃതരും പോലീസും അതു ചെയ്യാതെ യാത്രക്കാരികളോട് ആളുള്ള കോച്ചു നോക്കി ഓടിക്കോളാന്‍ പറയുന്നതിനെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്?

തീവണ്ടിയില്‍ സ്ത്രീകള്‍ക്കു മാത്രമാണ് അരക്ഷിതത്വമെന്ന് വിചാരിക്കേണ്ട. എ.സി മുതല്‍ ജനറല്‍ വരെ ഏതു കംപാര്‍ട്ടുമെന്റിലും സുരക്ഷിതത്വം ഒരു മായ ആണ്. മോഷ്ടാക്കള്‍, പിടിച്ചുപറിക്കാര്‍, മയക്കുമരുന്നു നല്‍കി കവര്‍ച്ച നടത്തുന്നവര്‍, അനധികൃത കച്ചവടക്കാര്‍, മദ്യപിച്ച ബഹളം വയ്ക്കുന്നവര്‍ തുടങ്ങി നിരവധി ശല്യങ്ങള്‍ യാത്രക്കാരെ കാത്തിരിക്കുന്നു. പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും എണ്ണമാകട്ടെ അനുദിനം കുറഞ്ഞു വരുന്നു. ടിക്കറ്റെടുക്കാത്തവരെ പിടികൂടുന്നതില്‍ കാട്ടുന്ന ശൗര്യമൊന്നും ഇത്തരക്കാരോട് അധികൃതര്‍ കാണിക്കുന്നുമില്ല. സുരക്ഷ യാത്രക്കാരുടെ ഉത്തരവാദിത്വമാണെന്ന മട്ടിലാണ് പലപ്പോഴും പെരുമാറ്റം. ഓരോ യാത്രാ ടിക്കറ്റിനും ഒരു രൂപ വച്ച് സുരക്ഷാ ചെലവിലേക്കായി റെയില്‍വേ ഈടാക്കുന്നുണ്ടെന്ന് ഓര്‍ക്കുക. രണ്ട് കോടി യാത്രക്കാരാണ് പ്രതിദിനം റെയില്‍വേ ഉപയോഗിക്കുന്നതെന്നാണ് കണക്ക്. അപ്പോള്‍ അത്രയും പണം ഓരോ ദിവസവും സുരക്ഷാ ചെലവിലേക്കായി റെയില്‍വേയ്ക്ക ലഭിക്കുന്നു. അതിനനുസരിച്ച് എന്തു സുരക്ഷയാണ് യാത്രക്കാര്‍ക്ക്് റെയില്‍വേ നല്‍കുന്നത്?

ഇനി അപകടമുണ്ടായാല്‍ നഷ്ടപരിഹാരമോ? അതിനും കടക്കണം കടമ്പകളേറെ. നാട്ടില്‍ വ്യാജമദ്യം കുടിച്ചു കണ്ണുപോയവര്‍ക്കു വരെ ചികിത്സാ സഹായവും നഷ്ടപരിഹാരവും നല്‍കുന്ന സര്‍ക്കാരിന് നിസ്സഹായയായ ഈ പെണ്‍കുട്ടിയേയും കുടുംബത്തേയും സഹായിക്കാന്‍ ബാധ്യതയില്ലേ? ഒരു സ്ത്രീ മന്ത്രിയായുള്ള റെയില്‍വേ വകുപ്പ് ഇങ്ങനെയൊരു ദുരന്തം നടന്ന വിവരം തന്നെ അറിഞ്ഞിട്ടില്ലേ? മമതാ ബാനര്‍ജിയെപ്പോലൊരു മന്ത്രിയില്‍ നിന്ന് ഇത്രയും നീതി മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണോ?

ദുരന്തങ്ങള്‍ എപ്പോഴും നിരാശ മാത്രമല്ല സൃഷ്ടിക്കേണ്ടത്. അവ ആവര്‍ത്തിക്കാതെ ഇരിക്കാനുള്ള വഴി തെളിയിക്കാനും ദുരന്തങ്ങള്‍ക്ക് കഴിയണം. ലേഡീസ് കംപാര്‍ട്ടുമെന്റിലെ ഒരു പതിവു യാത്രക്കാരിയെന്ന നിലയ്്ക്ക ചില നിര്‍ദ്ദേശങ്ങള്‍ ഇതാ.

* അപകട സന്ദര്‍ഭങ്ങളില്‍ കൈക്കൊള്ളേണ്ട നടപടികള്‍, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ മുതലായവ എല്ലാ കംപാര്‍ട്ടുമെന്റുകളിലും പ്രദര്‍ശിപ്പിക്കുക.

* വണ്ടി പുറപ്പെട്ടാല്‍ ഉടന്‍ സ്വയം അടയുന്ന വാതിലുകള്‍ സ്ഥാപിക്കുക

* സ്റ്റേഷനുകളില്‍ ലേഡീസ് കംപാര്‍ട്ടുമെന്റ് വന്നു നില്‍ക്കുന്ന ഭാഗത്ത് റെയില്‍വേ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കുക. അവിടെ വെളിച്ചമുണ്ടെന്ന് ഉറപ്പാക്കുക.

* ലേഡീസ് കംപാര്‍ട്ടുമെന്റുകള്‍ തീവണ്ടിയുടെ നടുവിലേക്ക മാറ്റുക.

* ലേഡീസ് കംപാര്‍ട്ടുമെന്റുകളില്‍ അപകട അലാറം സംവിധാനം ഏര്‍പ്പെടുത്തുക.

* രാവിലെ എട്ടു മണിക്കു മുമ്പും രാത്രി എട്ടു മണിക്കും ശേഷവും എങ്കിലും ലേഡീസ് കംപാര്‍ട്ടുമെന്റില്‍ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കുക

* യാചകര്‍, അലഞ്ഞു തിരിയുന്നവര്‍, അനധികൃത കച്ചവടക്കാര്‍ തുടങ്ങിയവരെ കര്‍ശനമായി നിയന്ത്രിക്കുക.

* പരാതി ഉണ്ടായാല്‍ ഉടന്‍ പ്രതികരിക്കാനും കര്‍ശന നടപടി എടുക്കാനും അധികൃതര്‍ തയ്യാറാവുക.

ഇനിയൊരിക്കലും നിലവിളികള്‍ കാറ്റില്‍ അലിഞ്ഞു പോവാതിരിക്കട്ടെ.
മാറേണ്ട കാലത്ത് മാറാതിരിക്കുന്നവര്‍...

ഇനി എങ്ങനെ ഞാന്‍ ആ ഓഫീസില്‍ പോകും? ആരെ വിശ്വസിക്കും? എങ്ങനെ പണിയെടുക്കും? ക്ഷോഭവും സങ്കടവും അടക്കാനാവാതെ ആ കൂട്ടുകാരി ചോദിച്ചപ്പോള്‍ മറുപടിയൊന്നും ഉണ്ടായിരുന്നില്ല. അവള്‍ സുന്ദരി, ജോലി ചെയ്യാന്‍ മിടുക്കി. ഭര്‍ത്താവ് കുറച്ചുകാലം മുമ്പുണ്ടായ ഒരു അപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന്് കിടപ്പിലാണ്. അവളുടെ വരുമാനം കൊണ്ടുവേണം കുടുംബം പുലരാന്‍. സഹപ്രവര്‍ത്തകരൊക്കെ നല്ലവരും തന്നെ സഹായിക്കണമെന്ന് ആഗ്രഹമുള്ളവരുമാണെന്നാണ് അവള്‍ ധരിച്ചിരുന്നത്. ഒരു ദിവസം രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ മേശപ്പുറത്ത് ഒരു കവര്‍. തുറന്നു നോക്കിയപ്പോള്‍ അവള്‍ ഞെട്ടിപ്പോയി. ഗര്‍ഭനിരോധന ഉറയുടെ ഒരു ഒഴിഞ്ഞ പാക്കറ്റായിരുന്നു കവറിനുള്ളില്‍. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവുള്ള ഒരുവള്‍ക്ക് കൊടുക്കാവുന്ന 'ഒന്നാന്തരം' സമ്മാനം! ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതായിരിക്കുമെന്നു വച്ച് അവള്‍ ഒന്നും മിണ്ടിയില്ല. പക്ഷേ, സമ്മാനം ആവര്‍ത്തിച്ചപ്പോള്‍ അവള്‍ തകര്‍ന്നു പോയി. മേലധികാരികളോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. ആരാണ് ഇത് ചെയ്യുന്നതെന്ന് കണ്ടുപിടിക്കാനാവില്ലെന്നായിരുന്നു മറുപടി. പലരും പല പേരുകളും പറഞ്ഞു. തെളിയിക്കാന്‍ അവളുടെ കയ്യില്‍ ആയുധങ്ങളൊന്നും ഇല്ലായിരുന്നു. ഏതോ ഞരമ്പുരോഗിയുടെ വിക്രിയയെന്ന് കണക്കാക്കി അവഗണിക്കാനായിരുന്നു സഹപ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥരുടെയും ഉപദേശം. പക്ഷേ, അവള്‍ക്ക് ഇത് സഹിക്കാവുന്നതിനും അപ്പുറമുള്ള അനുഭവമായിരുന്നു. കൂടെയിരുന്ന് പണിയെടുക്കുന്ന എല്ലാവരേയും അവിശ്വസിക്കേണ്ട അവസ്ഥ. തന്റെ ജീവിതത്തിലെ ദുരന്തത്തെ ഇങ്ങനെ ആഘോഷിക്കുന്നവരും ഉണ്ടാകുമെന്ന് അവള്‍ അതുവരെ ചിന്തിച്ചിട്ടുണ്ടായിരുന്നില്ല.

തൊഴിലിടങ്ങളില്‍ സ്തീകള്‍ നേരിടുന്ന ദുരനുഭവങ്ങളുടെ ഒരു സാമ്പിള്‍ മാത്രമായി ഇതിനെ കണ്ടാല്‍ മതി. മറ്റൊരു അനുഭവം ഇതാ - ഒരു ജീവനക്കാരിയുടെ ജോലിയെപ്പറ്റി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി ഒരു എസ്.എം.എസ് പ്രചരിക്കുന്നു. പ്രത്യക്ഷത്തില്‍ നിരുപദ്രവമായ ഒരു കമന്റ്. പക്ഷേ, ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ദ്വയാര്‍ഥ പ്രയോഗം അതിഭീകരം. പരാതിപ്പെട്ടാല്‍ തന്റെ സുഹൃത്തുക്കളായ സഹപ്രവര്‍ത്തകരൊക്കെ തനിക്കെതിരാവുമല്ലോ എന്നു ഭയന്ന് ജീവനക്കാരി നിശ്ശബ്ദത പാലിക്കുന്നു.

ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നുള്ള ഒരു അനുഭവം. പെണ്‍കുട്ടികളെല്ലാം ആരെയോ പ്രേമിക്കാന്‍ തക്കം പാര്‍ത്തു നടക്കുകയാണെന്നാണ് പ്രധാന അധ്യാപികയുടെ വിചാരം. പരീക്ഷയ്ക്ക അല്പം മാര്‍ക്ക് കുറഞ്ഞാല്‍, ക്ലാസ്സില്‍ ക്ഷീണിച്ചിരുന്നാല്‍, ബസ്സ് വൈകിയതു കാരണം ഇത്തിരി ലേറ്റായി ക്ലാസ്സിലെത്തിയാല്‍ തുടങ്ങുകയായി പരസ്യമായ അവഹേളനം. നീയൊക്കെ ഏതവന്റെ കൂടെയായിരുന്നു എന്നെനിക്കറിയാം എന്നു തുടങ്ങി കടുത്ത പ്രയോഗങ്ങള്‍. വീട്ടില്‍ നിന്ന് വരുന്ന രക്ഷകര്‍ത്താക്കളോടും പറയും ഈ മാതിരി കമന്റുകള്‍. അതോടെ രക്ഷകര്‍ത്താക്കള്‍ക്കും കുട്ടികളെ സംശയമായി.

തൊഴിലെടുക്കുന്നവരും വിദ്യാര്‍ത്ഥികളുമൊക്കെ ഒരു പക്ഷേ, വീട്ടില്‍ ചെലവഴിക്കുന്നതിലും അധികം സമയം ചെലവിടുന്നത് ഓഫീസിലോ സ്‌കൂളിലോ ഒക്കെ ആയിരിക്കും. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികചൂഷണം തടയാന്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വന്നിട്ട് കാലം കുറെയായി. ലൈംഗികപീഡനം എന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ലൈംഗിക ആനുകൂല്യങ്ങള്‍ക്കായുള്ള അഭ്യര്‍ത്ഥനയോ ആജ്ഞയോ, അശ്ലീല കമന്റുകള്‍, അശ്ലീല ചിത്രങ്ങള്‍ കാണിക്കുക എന്നു തുടങ്ങി വാചികമോ ആംഗികമോ ആയ ഏതുതരം ലൈംഗിക പ്രവൃത്തിയും സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് തൊഴിലിടങ്ങളിലെ പീഡനത്തിന്റെ പരിധിയില്‍ വരും. ലൈംഗികചുവയുള്ള തമാശകള്‍ ഓഫീസില്‍ വച്ച് ഉറക്കെ പറയുന്നതു പോലും കുറ്റകരമാണെന്ന് കോടതി പറയുന്നു.

ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കും ഒരു മതത്തിലും വിശ്വസിക്കാത്തവര്‍ക്കും ഒക്കെ ഒരു തടസ്സവും കൂടാതെ പണിയെടുക്കാനുള്ള അന്തരീക്ഷം ഒരു ഓഫീസില്‍ ഉണ്ടാകണമെന്ന് പറയുന്നതു പോലെ തന്നെയാണ് സ്ത്രീസൗഹൃദ അന്തരീക്ഷം വേണമെന്ന് പറയുന്നതും. നിയമം കൊണ്ടുമാത്രം നേടാവുന്ന ഒന്നല്ല ഇത്. എപ്പോഴും താഴെതട്ടിലുള്ള തസ്തികകളില്‍ പണിയെടുക്കുന്ന സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടേണ്ടിവരിക. ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ നിശ്ശബ്ദം സഹിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നതും അവര്‍ തന്നെ. അസംഘടിത മേഖലയിലും ഗാര്‍ഹിക മേഖലയിലുമൊക്കെ പണിയെടുക്കുന്ന സ്ത്രീകളുടെ കാര്യം കൂടുതല്‍ കഷ്ടം. നിയമമോ നീതിന്യായ വ്യവസ്ഥയോ സന്നദ്ധ സംഘടനകള്‍ പോലുമോ അവരുടെ രക്ഷയ്ക്ക് എത്തുന്നില്ല.

നിയമപുസ്തകങ്ങളില്‍ സ്ത്രീകള്‍ക്കായി നീക്കിവയ്ക്കപ്പെട്ട താളുകളുടെ എണ്ണം കൂടി വരുന്നതുകൊണ്ടു മാത്രം പ്രയോജനമില്ലെന്നു ചുരുക്കം. കൂടെ ജോലിചെയ്യുന്ന സ്ത്രീയെ ഒരു വ്യക്തിയായി കണക്കാക്കാനും അംഗീകരിക്കാനുമുള്ള മനോഭാവമാണ് ആവശ്യം. സാധാരണ പെരുമാറ്റവും സ്ത്രീകള്‍ക്ക് അംഗീകരിക്കാനാവാത്ത പെരുമാറ്റവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്? കൊച്ചി സര്‍വ്വകലാശാലയില്‍ അടുത്തയിടെ ഉണ്ടായ വിവാദം തന്നെ നോക്കാം. അവിടത്തെ പൂന്തോട്ടത്തില്‍ ചെടികള്‍ വെട്ടിയുണ്ടാക്കിയ ചില ശില്പങ്ങള്‍ സ്ത്രീകളുടെ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് ആരോപണമുയര്‍ന്നു. ശില്പങ്ങളുടെ മാറിടം വെട്ടിമാറ്റുകയെന്ന പരിഹാരമാണ് അധികൃതര്‍ കണ്ടെത്തിയത്. എന്നാല്‍, ശില്പങ്ങളില്‍ അശ്ലീലം കണ്ടെത്തുന്നത് നോക്കുന്നവരുടെ വൈകല്യമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. അല്ലെങ്കില്‍ മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തെ മത്സ്യകന്യകയുമൊക്കെ എന്നേ ഇതു പോലെ ഇടിച്ചു നിരത്തപ്പെടേണ്ടതായിരുന്നു, അവര്‍ പറഞ്ഞു. ഈ സസ്യശില്പത്തിന്റെ പേരില്‍ കാമ്പസില്‍ ഒരു സ്ത്രീക്കും അപമാനം സഹിക്കേണ്ടി വന്നിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

തൊഴിലിടങ്ങളിലെ പീഡനത്തിന്റെ പ്രശ്‌നത്തിലും ചിലപ്പോഴെങ്കിലും ഈ അവ്യക്തത തലപൊക്കാം. ഒരു സമൂഹത്തിന് അശ്ലീലമായത് മറ്റൊരു സമൂഹത്തിന് അങ്ങനെ ആയിക്കൊള്ളണമെന്നില്ല. വ്യക്തികളുടെ കാര്യത്തിലും അങ്ങനെ തന്നെ. പക്ഷേ, സ്ത്രീയായതുകൊണ്ടുമാത്രം താന്‍ അധിക്ഷേപിക്കപ്പെടുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നതായി ഒരാള്‍ക്കും തോന്നാതിരിക്കുന്ന അന്തരീക്ഷം തൊഴിലിടങ്ങളില്‍ ഉണ്ടാവുക എന്ന പൊതുതത്വം ഇക്കാര്യത്തില്‍ സ്വീകരിക്കാം. വ്യക്തി എന്ന നിലയില്‍ സുരക്ഷിതത്വവും ബഹുമാനവും ലഭിക്കാനുള്ള മനുഷ്യാവകാശത്തിന്റെ ഭാഗം തന്നെ ഇതും.

കൂടുതല്‍ കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവരികയും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കയ്യെത്തിപ്പിടിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈ മാറ്റവും അനിവാര്യമാണ്. പോലീസ് സ്‌റ്റേഷനുകളില്‍ വനിതാ കോണ്‍സ്റ്റബിള്‍മാര്‍ വന്നതോടെ അവിടുത്തെ അന്തരീക്ഷത്തിനു തന്നെ ഗുണപരമായ മാറ്റമുണ്ടായെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതുപോലെ, മാറ്റത്തിന്റെ കാറ്റ് എവിടെയും വീശിയേ തീരൂ. മാറേണ്ട കാലത്ത് മാറാതിരിക്കുന്നവര്‍ ഒറ്റപ്പെട്ടു പോവുക എന്നല്ലാതെ എന്തുവരാന്‍.
അമ്മത്തൊട്ടില്‍

വര്‍ഷം മൂന്നോ നാലോ കഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആസ്​പത്രിയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്താണ് വിളിച്ചത്. അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞിനെ ഉപേക്ഷിക്കാന്‍ എന്തു ചെയ്യണമെന്നായിരുന്നു ചോദ്യം. രണ്ടു മക്കളുടെ അമ്മയായ അവള്‍ എന്തിനിങ്ങനെയൊരു കടുംകൈ ചെയ്യണം എന്നായിരുന്നു ആദ്യം ഉദിച്ച സംശയം. കഥ കേട്ടപ്പോള്‍ ഞെട്ടിപ്പോയി. ആസ്​പത്രിയില്‍ അടുത്ത ദിവസം പിറന്നു വീണ ഒരു കുഞ്ഞിനെയാണ് ഉപേക്ഷിക്കേണ്ടത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഒരു നിര്‍ഭാഗ്യവതിയാണ് അമ്മ. അവിടെ വച്ച് പരിചയപ്പെട്ട ഒരാളെ സനേഹിച്ച് വിവാഹം കഴിച്ചു എന്നൊരു തെറ്റ് മാത്രമെ ആ പെണ്‍കുട്ടി ചെയ്തിരുന്നുള്ളൂ. രണ്ടുപേരും വ്യത്യസ്ത മതക്കാരായതു കൊണ്ട് വീട്ടുകാര്‍ അറിയാതെ ആയിരുന്നു കല്യാണം. പെണ്‍കുട്ടി ഗര്‍ഭിണി ആയപ്പോള്‍ പ്രസവത്തിന് നാട്ടിലേക്ക് പൊയ്‌ക്കോളാന്‍ നിര്‍ദ്ദേശിച്ചത് ഭര്‍ത്താവ് തന്നെയാണ്. തത്കാലം ഏതെങ്കിലും ലേഡീസ് ഹോസ്റ്റലില്‍ താമസിക്കാമെന്നും പ്രസവം അടുക്കുമ്പോഴേക്കും താന്‍ എത്തിക്കോളാമെന്നും അയാള്‍ പറഞ്ഞു.

പെണ്‍കുട്ടി നാട്ടിലെത്തി ആദ്യത്തെ ഒരു മാസം പ്രശ്‌നമൊന്നുമുണ്ടായില്ല. പിന്നെ അയാളുടെ ഒരു വിവരവുമില്ല. വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല. ജോലി സ്ഥലത്തും താമസസ്ഥലത്തും കാണാനില്ലെന്ന് കൂട്ടുകാര്‍ പറയുന്നു. ഒടുവില്‍ ഏറെ അന്വേഷണങ്ങള്‍ക്കു ശേഷം പുതിയൊരു താവളത്തില്‍ കൂട്ടൂകാര്‍ അയാളെ കണ്ടെത്തി. അവളുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും എടുക്കാന്‍ തയ്യാറല്ലെന്നായിരുന്നു അപ്പോഴേക്കും അയാളുടെ നിലപാട്. ആവശ്യമായ യാത്രാ രേഖകളൊന്നുമില്ലാതെ വിദേശത്ത് കഴിഞ്ഞു കൂടിയിരുന്ന അയാള്‍ക്ക് അവള്‍ സുരക്ഷിതമായ ഒരു താവളം മാത്രമായിരുന്നുവെന്ന് അപ്പോഴാണ് കൂട്ടുകാര്‍ പോലും മനസ്സിലാക്കുന്നത്. വിദേശത്തു വച്ച് കൂട്ടുകാര്‍ ചേര്‍ന്ന് നടത്തിയ കല്യാണത്തിന് നിയമപരമായി ഒരു സാധുതയും ഇല്ലായിരുന്നതു കൊണ്ടു തന്നെ പെണ്‍കുട്ടി നിസ്സഹായയിരുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരെ ബന്ധപ്പെട്ടെങ്കിലും അവരും കൈമലര്‍ത്തി. പൂര്‍ണ്ണഗര്‍ഭിണിയായ പെണ്‍കുട്ടി ഒറ്റക്ക്. കയ്യില്‍ നയാപൈസയില്ല. (ഉണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പോലും വിദേശത്തു വച്ചു തന്നെ ഭര്‍ത്താവ് ഊരി വാങ്ങിയിരുന്നു.) ഒടുവില്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ നടത്തിപ്പുകാരുടെ സഹായത്തോടെ ആസ്​പത്രയില്‍ എത്തിയതാണ്. പെണ്‍കുട്ടിയുടെ ചേട്ടനെയും അവര്‍ വിവരം അറിയിച്ചു.

ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ കൃഷിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന ഒരു പാവം മനുഷ്യന്‍. മൂന്ന് അനിയത്തിമാരെയും അമ്മയെയും സംരക്ഷിക്കാന്‍ വേണ്ടി ജീവിതം മാറ്റിവച്ച ഒരാള്‍. അനിയത്തി വിദേശത്ത് ജോലികിട്ടി പോയപ്പോള്‍ കുടുംബം രക്ഷപ്പെട്ടു എന്നു കരുതി ആശ്വസിച്ചയാള്‍. തന്റെ കുഞ്ഞനിയത്തി എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥ അറിഞ്ഞപ്പോള്‍ കരയാന്‍ മാത്രമെ ആ മനുഷ്യന് കഴിയുന്നുള്ളൂ. അനിയത്തിയെ കൂട്ടിക്കൊണ്ടുപോകാന്‍ അയാള്‍ തയ്യാറാണ്. പക്ഷേ കുഞ്ഞിനെ എന്തു ചെയ്യും? വീട്ടിലേക്ക് കൊണ്ടുപോയാല്‍ വിവാഹപ്രായം എത്തി നില്‍ക്കുന്ന രണ്ടനിയത്തിമാരുടെ ജീവിതം പ്രതിസന്ധിയിലാവും. അങ്ങനെയാണ് കുഞ്ഞിനെ എവിടെയെങ്കിലും സുരക്ഷിതമായി ഉപേക്ഷിച്ച് അനിയത്തിയെ കൊണ്ടു പോകാന്‍ ആ മനുഷ്യന്‍ തീരുമാനിക്കുന്നത്.

ഇക്കഥയൊക്കെ കേട്ടപ്പോള്‍ ഇവരെയൊന്ന് പോയി കാണണമെന്ന് തോന്നി. ആസ്​പത്രിയില്‍ ചെല്ലുമ്പോള്‍ തോരാത്ത കണ്ണുനീരുമായി കുഞ്ഞിനെ മാറോട് ചേര്‍ത്തിരിക്കുകയാണ് ആ പെണ്‍കുട്ടി. അന്നു രാത്രി ചേട്ടന്‍ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കുമെന്നാണ് ധാരണ. പലതും ചോദിച്ചിട്ടും അവള്‍ ഒരു മറുപടിയും പറഞ്ഞില്ല. കണ്ണുനീരു മാത്രമായിരുന്നു ഉത്തരം. ഒന്നുമറിയാതെ ശാന്തമായുറങ്ങുന്ന പെണ്‍കുഞ്ഞ്. ഇവളെ നിങ്ങളെങ്ങനെ ഉപേക്ഷിക്കുമെന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അല്ലാതെ ഞാന്‍ എന്തു ചെയ്യുമെന്ന് ചോദിക്കുമ്പോള്‍ ആ സഹോദരനും പൊട്ടിക്കരയുകയായിരുന്നു. തിരികെ വീട്ടില്‍ എത്തിയിട്ടും ആകെയൊരു ശ്വാസം മുട്ടല്‍. ഈ രാത്രി കഴിഞ്ഞാല്‍ ഒരിക്കലും ആ ഓമനക്കുഞ്ഞ് അമ്മിഞ്ഞപ്പാല്‍ കുടിക്കില്ല. അമ്മയുടെ നെഞ്ചിന്റെ ചൂടറിയില്ല. ആ ചുണ്ടുകളില്‍ വിരിയുന്ന ആദ്യത്തെ പുഞ്ചിരി ആ അമ്മ ഒരിക്കലും കാണില്ല. രാത്രി മുഴുവന്‍ എന്റെ മകനെ ചേര്‍ത്തു പിടിച്ച് ഉറങ്ങാതെ കിടന്നു. നിസ്സഹായരായ ആയിരക്കണക്കിന് അമ്മമാരുടെ കരച്ചില്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നതു പോലെ. ഈ രാത്രിയെ അതിജീവിക്കാന്‍ ആ അമ്മക്ക് കഴിയണേ എന്ന പ്രാര്‍ഥന മാത്രമായിരുന്നു മനസ്സില്‍.

പുലര്‍ച്ചേ ഫോണ്‍ മുഴങ്ങിയപ്പോള്‍ മനസ്സില്‍ നിറഞ്ഞത് അശുഭ വിചാരങ്ങളായിരുന്നു. ഫോണില്‍ ആ പെണ്‍കുട്ടിയുടെ സഹോദരനാണ്. 'എന്തായി', ചോദിക്കുമ്പോള്‍ എന്റെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു. 'ഞാന്‍ കുഞ്ഞിനെ കളഞ്ഞില്ല മാഡം. കളഞ്ഞാല്‍ പിന്നെ അവള്‍ ജീവിച്ചിരിക്കില്ല. എനിക്കെന്റെ അനിയത്തിയെ കൊല്ലാന്‍ വയ്യ. എങ്ങനെയെങ്കിലും കുറച്ചു കാലം ഞാനവളെ നോക്കിക്കോളാം. പിന്നെ അവള്‍ പണിയെടുത്ത് കുട്ടിയെ വളര്‍ത്തട്ടെ. അവള്‍ക്ക് താമസിക്കാന്‍ ഒരു വീട് കണ്ടുപിടിക്കണം. അമ്മയെ ഇവിടെ കൊണ്ടുവന്നു നിര്‍ത്താം. നാട്ടിലാരും അറിയാതിരുന്നാല്‍ മതിയല്ലോ,' ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ എനിക്കു കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യമുണ്ട്. അയ്യായിരം രൂപയ്ക്ക് സ്വന്തം കുഞ്ഞിനെ വിറ്റ അമ്മയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ മലയാളിയുടെ സ്വകാര്യ വര്‍ത്തമാനങ്ങളിലെ വില്ലത്തി. തിരുവനന്തപുരത്തെ എസ്.എ ടി. ആസ്​പത്രിയില്‍ ജനിച്ച കുഞ്ഞ്. അവിവാഹിതയായ, 40 വയസ്സ് കഴിഞ്ഞ അമ്മ. ആസ്​പത്രിയിലെ ഒരു ജീവനക്കാരിയുടെ നിര്‍ദ്ദേശപ്രകാരമാണത്രേ അവര്‍ ആ കച്ചവടം നടത്തിയത്. ഏതാനം ദിവസം കഴിഞ്ഞപ്പോള്‍ അമ്മക്ക് കുഞ്ഞിനെ തിരികെ വേണമെന്ന് തോന്നല്‍. ഇടനിലക്കാരോട് കുഞ്ഞിനെ തിരികെ ചോദിക്കാന്‍ ചെന്നപ്പോള്‍ തര്‍ക്കമായി, ബഹളമായി. അങ്ങിനെയാണ് സംഭവം പുറംലോകമറിഞ്ഞത്്. പോറ്റാന്‍ നിവൃത്തിയില്ലാത്തതു കൊണ്ടാണ് കുഞ്ഞിനെ വിറ്റതെന്ന് കരഞ്ഞു പറഞ്ഞ അമ്മയെ ചാനലുകള്‍ ആഘോഷിച്ചു. അമ്മയുടെ പേരില്‍ കേസ്സെടുത്ത് പോലീസ് കര്‍മ്മവീര്യം തെളിയിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കുട്ടിയെ വാങ്ങിയവര്‍ക്കെതിരെയോ ഇടനിലക്കാര്‍ക്കെതിരെയോ കേസ്സെടുക്കാന്‍ നിവൃത്തിയില്ലെന്നും പോലീസ് പറഞ്ഞു. ചുരുക്കത്തില്‍ ദാരിദ്ര്യം കൊണ്ടോ സമൂഹത്തെ ഭയന്നോ സ്വന്തം കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വന്ന ആ അമ്മ മാത്രം കുറ്റക്കാരിയായി. ആ കുഞ്ഞിനെ സൃഷ്ടിച്ച പുരുഷനും വില്‍ക്കാന്‍ ഇടനില നിന്നവരും വാങ്ങിയവരും (അവരും നിസ്സഹായരായ ഏതെങ്കിലും ദമ്പതിമാരായിരുന്നിരിക്കണം) എല്ലാം സമൂഹത്തിനു മുന്നില്‍ മാന്യരായി തുടരുന്നു.

ഉപേക്ഷിക്കപ്പെട്ട കുട്ടികള്‍ക്കായി സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇതുവരെ കിട്ടിയത് നൂറിെേല കുട്ടികളെയാണ്. ജന്മം നല്‍കിയവര്‍ക്ക് വേണ്ടാതായ ജീവനുകള്‍. പക്ഷേ, ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഓരോ കുഞ്ഞിനെയും ഓര്‍ത്ത് കരയാതെ കരയുന്ന അമ്മമാര്‍ ഇവിടെ എവിടെയോ തന്നെ ഉണ്ടാവില്ലേ? വളര്‍ത്താന്‍ പണമില്ലാത്തതുകൊണ്ട് ഉപേക്ഷിച്ചവരുണ്ടാകും. സമൂഹത്തിന്റെ മുന്നില്‍ കാണിക്കാന്‍ നിവൃത്തിയില്ലാത്തതുകൊണ്ട് ഉപേക്ഷിച്ചവരുണ്ടാകും. രോഗിയായ കുഞ്ഞിനെ ചികിത്സിക്കാന്‍ നിവൃത്തിയില്ലാത്തതു കൊണ്ട് ഉപേക്ഷിച്ചവരും ഉണ്ടാകും. (അമ്മത്തൊട്ടിലില്‍ കിട്ടിയ ഹൃദ്രോഗിയായ ഒരു കുഞ്ഞിനൊപ്പം അതുവരെയുള്ള ചികിത്സാ രേഖകളും ഉണ്ടായിരുന്നു.) കാരണം എന്തായാലും ഓരോ അമ്മയും ആ കുഞ്ഞിനെയോര്‍ത്ത് എത്ര കണ്ണീരൊഴുക്കിക്കാണും. സൂതപുത്രനെന്ന് വിളിക്കപ്പെട്ട കര്‍ണ്ണനെയോര്‍ത്ത് കണ്ണീരുകുടിച്ച കുന്തീദേവിയെപ്പോലെ.

കല്ലെടുക്കുന്ന തുമ്പികള്‍

ആനപ്പാന്തത്തെ കാടര്‍ ഊരില്‍ നാലറ്റവും കമ്പുകുത്തി മറച്ച കൂരയ്ക്കുള്ളില്‍ മുഖം കുനിച്ച് ഇരിക്കുകയാണാ 15-കാരി. ഒമ്പതാം ക്ലാസ്സ് പരീക്ഷ ജയിച്ചു. ഇനി പഠിക്കണ്ടേ? പത്തില്‍ ചേരണ്ടേ? മറുപടി നാണത്തില്‍ കുതിര്‍ന്ന പുഞ്ചിരി മാത്രം. എന്തേ, പഠിക്കാന്‍ ഇഷ്ടമല്ലേ? ഇഷ്ടമാണ്. പിന്നെന്താ, അമ്മ വിടില്ലേ? വിടും. പിന്നെന്താ പ്രശ്‌നം? നാണം കാരണം അവള്‍ക്കൊന്നും മിണ്ടാന്‍ പറ്റുന്നില്ല. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ് ഉത്തരം തന്നത്, അവളുടെ കല്യാണമാണ്. നിറം മങ്ങിയ പാവാടയും ബ്ലൗസും ധരിച്ച്, എണ്ണമയമില്ലാത്ത മുടി പിന്നിയിട്ട് മണ്ണില്‍ പടിഞ്ഞിട്ടിരിക്കുന്ന ആ കാട്ടുപെണ്ണിന് ഇത്ര നാണം വരാന്‍ കാരണമതാണ്. ഉത്തരം പറഞ്ഞ കൂട്ടുകാരിക്ക് ഒരു 18 വയസ്സു കാണും. കുട്ടികള്‍ രണ്ടുണ്ട് കൂടെ. രണ്ടുവയസ്സുവരുന്ന ഒരു പെണ്‍കുട്ടിയും രണ്ട്-മൂന്ന് മാസം പ്രായം വരുന്ന ഒരാണ്‍കുട്ടിയും. അപ്പോള്‍ എത്ര വയസ്സില്‍ അവളുടെ കല്യാണം കഴിഞ്ഞുകാണും എന്ന് പെട്ടന്ന് ഓര്‍ത്തു പോയി.

രാജസ്ഥാനും ബീഹാറും ഒന്നുമല്ല. നമ്മുടെ സ്വന്തം കേരളം. ലിംഗപദവി സൂചകകങ്ങളില്‍ എല്ലാം വികസിത രാജ്യങ്ങള്‍ക്ക് ഒപ്പമെന്ന് മേനിനടിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്. 15-ാം വയസ്സില്‍ കല്യാണം കഴിക്കുന്നതും അമ്മയാകുന്നതുമൊന്നും ഇവിടെയും വാര്‍ത്തയല്ലാതായോ? മാതൃഭൂമി വാരാന്തപ്പതിപ്പിനു വേണ്ടി ആനപ്പാന്തത്തെ ആദിവാസികളെക്കുറിച്ച് എഴുതാനായിരുന്നു ആ യാത്ര. തൃശ്ശൂര്‍ ജില്ലയില്‍ കൊടകരയ്ക്കടുത്ത് കാട്ടിനുള്ളില്‍ ജീവിതം തള്ളിനീക്കുന്ന ഒരു ജനസമൂഹം. ഒരു ഉരുള്‍പൊട്ടലില്‍ വീടു നഷ്ടപ്പെട്ട് സ്വന്തം കാട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ഒരു ജനത. വഴികാട്ടിയായി വന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജോയിച്ചേട്ടനോട് ചോദിച്ചു, ഇത്ര ചെറിയ പ്രായത്തില്‍ ഇവര്‍ കല്യാണമൊക്കെ നടത്തിയാല്‍ തടയാന്‍ എന്തെങ്കിലും ചെയ്തു കൂടെ? ആദിവാസികളുടെ ഇടയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണെന്ന് പറഞ്ഞു ജോയിച്ചേട്ടന്‍.

ഇത് ആദിവാസികളുടെ മാത്രം പ്രശ്‌നമാണെന്ന്് കരുതേണ്ട. മാതൃഭൂമി ഗൃഹലക്ഷ്മി വേദിയുടെ ആഭിമുഖ്യത്തില്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ക്കായി ഒരു സെമിനാര്‍ നടത്താന്‍ തൃശ്ശൂരിലെ ഒരു പ്രമുഖ വനിതാ കോളേജിനെ സമീപിച്ചപ്പോഴുള്ള അനുഭവം കേട്ടോളൂ. മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി സെമിനാര്‍ നടത്താമെന്ന് പറഞ്ഞപ്പോള്‍ പ്രിന്‍സിപ്പാള്‍ ചിരിച്ചു. നടത്തുന്നെങ്കില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്കാര്‍ക്കായി നടത്തണം. സെക്കന്റ് ഇയര്‍ ക്ലാസ്സില്‍ മിക്കവാറും പേരും കല്യാണം കഴിഞ്ഞവരായിരിക്കും, പ്രിന്‍സിപ്പാള്‍ വിശദീകരിച്ചു. കാമ്പസിലൂടെ അല്പനേരം നടന്നപ്പോള്‍ സംഗതി ശരിയാണെന്ന് ബോധ്യമായി. നെറ്റിയില്‍ 'രജിസ്‌ട്രേഷന്‍ മാര്‍ക്ക്' ഇല്ലാത്ത കുട്ടികളുടെ എണ്ണം വളരെ കുറവ്.

ബന്ധുവായ ഒരു പ്ലസ് വണ്‍ വിദ്യാര്‍ഥിനി കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തപ്പോള്‍ പറയുന്നു അവളുടെ ക്ലാസ്സിലെ ഒരു കൂട്ടുകാരിയുടെ കല്യാണമാണെന്ന്. ടീച്ചര്‍മാരും കുട്ടികളുമൊക്കെ സമ്മാനപ്പൊതിയുമായി കല്യാണ വീട്ടിലേക്ക് പോവുകയാണത്രേ. 18 വയസ്സ് തികയാത്ത കുട്ടിയുടെ കല്യാണത്തിന് സമ്മാനവുമായി പോകാന്‍ അധ്യാപകര്‍! വാസ്തവത്തില്‍ ആ കല്യാണത്തിനെതിരെ പോലീസില്‍ പരാതിപ്പെടുകയല്ലേ അവര്‍ ചെയ്യേണ്ടത്? ചോദിച്ചപ്പോള്‍ അവള്‍ ചിരിച്ചു. 'ഞങ്ങളുടെ സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ വരെ കല്യാണം കഴിഞ്ഞിട്ടുണ്ട്.'

ഇതാണ് പുതിയ കാലത്തിന്റെ വിശേഷം. പെണ്‍കുട്ടികളെ എത്രയും വേഗം കെട്ടിച്ചയയ്ക്കണം. ജാതി, മത, സാമ്പത്തിക ഭേദമൊന്നുമില്ല ഈ വിചാരത്തിന്. ചില സമുദായങ്ങള്‍ക്കിടയില്‍ പ്രവണത ഇത്തിരി കൂടും. പ്രായം ഇത്തിരി കുറയും. അത്രയൊക്കെയേയുള്ളൂ വ്യത്യാസം. 'സ്വര്‍ണ്ണ വില ഇങ്ങനെ കൂടി വരികയല്ലേ. ഒരു ദിവസമെങ്കില്‍ ഒരു ദിവസം മുമ്പ് കല്യാണം നടത്തണം', ഓഫീസിലെ ഒരു സഹപ്രവര്‍ത്തകന്റെ വേവലാതി. 'കാലം നന്നല്ല. പെണ്‍കുട്ടികളെ നിര്‍ത്തിക്കൊണ്ടിരുന്നാല്‍ അപകടമാണ്' മറ്റൊരാള്‍ പറഞ്ഞപ്പോള്‍ അമ്പതു വര്‍ഷം മുമ്പുള്ള ഏതോ നാടകത്തിലെ ഡയലോഗ് പോലെ.

കഴിഞ്ഞ ദിവസം പുറത്തുവന്ന യുണിസെഫിന്റെ 2009-ലെ ലോകത്തെ കുട്ടികളുടെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് (The State of the World's Children 2009) അനുസരിച്ച് ഇന്ത്യയില്‍ 20നും 24നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളില്‍ 47 ശതമാനം 18 വയസ്സിനു മുമ്പെ വിവാഹം കഴിഞ്ഞവരാണ്. ഗ്രാമപ്രദേശങ്ങളില്‍ ഇത് 56 ശതമാനമാണ്. ലോകത്തിലെ ശൈശവവിവാഹങ്ങളില്‍ 40 ശതമാനവും നടക്കുന്നത് ഇന്ത്യയിലാണെന്ന വിവരവും യുണിസെഫ് പുറത്തുവിടുന്നു. കോഴക്കഥകളുടെയും ലോകകപ്പ് ക്രിക്കറ്റിന്റെയും മലവെള്ളപ്പാച്ചിലിനിടയില്‍ മാധ്യമങ്ങള്‍ പോലും ആ റിപ്പോര്‍ട്ട് കണ്ടില്ലെന്നതു വേറെ കാര്യം. ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, കേരളം, ഗോവ, ജമ്മു-കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 18 വയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ വിവാഹിതരുടെ എണ്ണം 20 ശതമാനത്തില്‍ താഴെയുള്ളതെന്ന് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേ വ്യക്തമാക്കുന്നു. 2001-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 15 വയസ്സില്‍ താഴെയുള്ള മൂന്നു ലക്ഷം കുട്ടികള്‍ കുറഞ്ഞത് ഒരു കുട്ടിക്കെങ്കിലും ജന്മം നല്‍കിക്കഴിഞ്ഞു.

ഇന്ത്യയില്‍ ശൈശവവിവാഹം ഒരു പുതിയ കാര്യമല്ല. പാവക്കുട്ടികളുടെ കല്യാണം നടത്തിക്കളിക്കേണ്ട പ്രായത്തില്‍ സ്വയം വധുവാകാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമ്മുടെ മുതുമുത്തശ്ശിമാര്‍. ജീവിതം എന്താണെന്ന് അറിയുന്ന പ്രായം ആകുമ്പോഴേക്കും പലരും വിധവകളുമായി. പിന്നെ, ഒന്നുകില്‍ ഭര്‍ത്താവിന്റെ പട്ടടയില്‍ ജീവനോടെ എരിഞ്ഞടങ്ങല്‍. അല്ലെങ്കില്‍ സൂര്യവെളിച്ചം പോലും കാണാതെ അകത്തളങ്ങളില്‍ എരിഞ്ഞു തീരല്‍. 1890-ല്‍ ബ്രിട്ടീഷുകാരാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 10-ല്‍ നിന്ന 12 ആക്കി ഉയര്‍ത്തിക്കൊണ്ട് ആദ്യ നിയമനിര്‍മ്മാണം നടത്തിയത്. 1929-ല്‍ ശൈശവ വിവാഹ നിയന്ത്രണ നിയമം നിലവില്‍ വന്നതോടെ കുറഞ്ഞ പ്രായം 14 വയസ്സായി. 1940ലും 1978-ലും രണ്ട് ഭേദഗതികളോടെ പ്രായപരിധി യഥാക്രമം 15 വയസ്സും 18 വയസ്സുമായി. 2006-ല്‍ കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളുമായി ശൈശവവിവാഹ നിരോധന നിയമവും നിലവില്‍ വന്നു.

ആദ്യ നിയമനിര്‍മ്മാണം കഴിഞ്ഞിട്ട് 120 വര്‍ഷം പിന്നിട്ടിരിക്കുന്നു. സ്വാതന്ത്ര്യം കിട്ടിയിട്ട് 64 വര്‍ഷവും. തിളങ്ങുന്ന ഇന്ത്യയുടെ വിജയഗാഥ കള്‍ നാം നിരന്തരം കേള്‍ക്കുന്നു. അംബരചുംബികളായ കെട്ടിടങ്ങളും കണ്ണാടി പോലെ തിളങ്ങുന്ന അതിവേഗ പാതകളും ശീതീകരണികളുടെ കുളിരില്‍ മയങ്ങുന്ന ഷോപ്പിങ് മാളുകളും കണ്ട് നാം ആശ്ചര്യം കൂറുന്നു. അപ്പോഴും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും നൂറു കണക്കിന് പെണ്‍കുട്ടികള്‍ താങ്ങാനാവാത്ത ജീവിതഭാരം പേറി തളരുന്നെങ്കില്‍ ആരാണ് ഉത്തരവാദികള്‍? പഠിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജീവിതോപാധി നേടാനുമുള്ള അവരുടെ അവസരം നിഷേധിക്കുന്നതിന് നാം ആരെ പഴിക്കണം? പല്ലും നഖവും ഇല്ലാത്ത നിയമത്തെയും അതു നടപ്പിലാക്കാന്‍ സഹായിക്കാത്ത സമൂഹത്തെയുമൊക്കെ കുറ്റം പറയാമെങ്കിലും ഇക്കാര്യത്തില്‍ ഒന്നാം പ്രതി രക്ഷിതാക്കള്‍ തന്നെയല്ലേ? പെണ്ണിന് കല്ല്യാണവും കുട്ടികളും കുടുംബവും മാത്രമല്ല ജീവിതമെന്നും അതിനപ്പുറമുള്ള വിശാലമായ ലോകത്ത് അവര്‍ക്ക് അവരുടേതായ ഇടമുണ്ടെന്നും തിരിച്ചറിയാത്ത രക്ഷിതാക്കള്‍. ഏതെങ്കിലും ഒരുത്തന്റെ കയ്യില്‍ അവളെ പിടിച്ചേല്‍പ്പിച്ചാല്‍ എല്ലാമായി എന്നു വിശ്വസിക്കുന്നവര്‍.

പക്ഷേ, അവര്‍ അറിയുന്നില്ല പഠിക്കാനും വളരാനുമുള്ള അവസരം തങ്ങളുടെ പെണ്‍മക്കള്‍ക്ക് നിഷേധിക്കുക വഴി എത്ര വലിയ പാതകമാണ് ചെയ്യുന്നതെന്ന്. കഴിഞ്ഞ ദിവസം ഒരു വീട്ടമ്മ പറഞ്ഞു, '17 വയസ്സിലായിരുന്നു എന്റെ വിവാഹം. കുടുംബം എന്നാല്‍ എന്താണെന്നു പോലും അറിഞ്ഞുകൂടായിരുന്നു അന്ന്. അതുകൊണ്ടുതന്നെ ഒരുപാടു തെറ്റുകള്‍ പറ്റിപ്പോയി. എന്റെ മക്കളെ നന്നായി വളര്‍ത്താന്‍ പോലും കഴിഞ്ഞില്ല. ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നുണ്ട് അന്ന് ചെയ്തതൊക്കെ അബദ്ധമായിരുന്നെന്ന്. പക്ഷേ, ഇനിയതുകൊണ്ട് എന്തു കാര്യം?'

ചെറുപ്രായത്തിലേ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ വിടരും മുമ്പേ തല്ലിക്കൊഴിക്കപ്പെട്ട പൂമൊട്ടുകളാണ്. ശരീരവും മനസ്സും സജ്ജമാകും മുമ്പേ അടിച്ചേല്‍പ്പിക്കപ്പെടുന്ന ദാമ്പത്യവും മാതൃത്വവും അവരെ തളര്‍ത്തുന്നു. വേണ്ടത്ര പക്വതയെത്താത്ത പ്രായത്തില്‍ അവര്‍ക്ക് നല്ല ഭാര്യയോ അമ്മയോ മരുമകളോ ആകാന്‍ കഴിയാതെ പോകുന്നു. ശാരീരിക വളര്‍ച്ച പൂര്‍ത്തിയാവുന്നതിനു മുമ്പുള്ള ഗര്‍ഭധാരണവും പ്രസവവും അവരുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തെയും അത് ബാധിക്കുന്നു. വീടിന്റെ ഉത്തരവാദിത്വം തലയില്‍ വീഴുന്നതോടെ പെണ്‍കുട്ടികളുടെ പഠനവും തൊഴിലുമൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്നു. പഠിക്കാന്‍ മിടുക്കരായ എത്ര പെണ്‍കുട്ടികളാണ് ഇങ്ങനെ അസംതൃപ്തമായ മനസ്സുമായി കുടുംബത്തില്‍ ഒതുങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. രാജ്യത്തിന് ഇതു വഴി നഷ്ടമാകുന്നതോ, ഏറ്റവും അത്യാവശ്യമായ മാനവവിഭവ ശേഷിയും.

ഒരു മാര്‍ച്ച് എട്ടു കൂടി വരികയായി. 'വിദ്യാഭ്യാസം, പരിശീലനം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയില്‍ സ്ത്രീകള്‍ക്കും തുല്യ അവസരം: മാന്യമായ ജോലിക്കുള്ള വഴി' എന്നതാണ് ഇത്തവണ അന്താരാഷ്ട്ര വനിതാദിനത്തില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വയ്ക്കുന്ന പ്രമേയം. തുല്യ അവസരവും സാധ്യതയും ലഭിക്കണമെങ്കില്‍ തുല്യ പരിഗണനയും കൂടി വേണം. അന്യന്റെ വീട്ടിലേക്ക് പറഞ്ഞയയ്ക്കാനുള്ള ഒരു സാധനം മാത്രമായി പെണ്‍കുട്ടിയെ കാണുന്ന ഒരു സമൂഹത്തില്‍ അതു ലഭിക്കില്ലെന്ന് ഉറപ്പ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കുട്ടികള്‍ക്കും സ്വന്തം കഴിവിന് അനുസരിച്ച പഠിക്കാനും വളരാനും തൊഴില്‍ നേടാനും കഴിയുന്ന ഒരു ലോകം - അതാവട്ടെ ഈ വനിതാ ദിനത്തില്‍ ലോകത്തിന്റെ സ്വപ്നം.