Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

Read other Malayalam Articles - Page-1 Page-2 Page 3

പത്മരാജന്‍ എന്ന കുസൃതിക്കാരന്‍

പത്മരാജന്റെ വേര്‍പാടിന്റെ പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ ഓര്‍മ്മകളുടെ ഒരു സുഖസ്പര്‍ശം രാധാലക്ഷ്മി ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. പത്മരാജനോടൊന്നിച്ച് ജീവിച്ച് മതിവരാതെ അവസാനിച്ച് പോയ ആ നല്ല നാളുകളെ ഓര്‍ത്തെടുക്കുകയാണ് പത്മരാജന്റെ ഭാര്യയും എഴുത്തുകാരിയുമായ രാധാലക്ഷ്മി
ഗൗരവക്കാരനും മിതഭാഷിയുമായ പത്മരാജനെ മാത്രമെ നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടുള്ളു. അതുപോലെതന്നെ അദ്ദേഹത്തിന്റെ ആദ്യകാലതിരക്കഥകള്‍ വായിച്ചിട്ടാവാം സെക്‌സിന്റെയും വയലന്‍സിന്റെയും ഒക്കെ ഒരു വക്താവായിട്ട് പത്രക്കാരും അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. പക്ഷേ, ഇതിനൊക്കെ അപ്പുറത്ത്, അധികം പുറത്തറിയപ്പെടാത്ത മറ്റൊരു മുഖം കൂടി പത്മരാജനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളുടെ മുന്‍പില്‍ മാത്രം പുറത്തെടുക്കുന്ന ഒരു കുസൃതിക്കാരന്റെ മുഖം.

ട്യൂഷന്‍ പഠിപ്പിക്കാന്‍ വരുന്ന ഒരു അദ്ധ്യാപകന് ജീരകവെള്ളം എന്നവ്യാജേന മൂത്രം കുടുപ്പിക്കാനൊരുങ്ങിയതും അനിയത്തി പത്മാവതിയുടെ പുത്തന്‍ പാവാട "ഒരു സൂത്രം കാണിക്കാന്‍' എന്ന മട്ടില്‍ ബ്ലെയിഡുകൊണ്ട് പല കഷ്ണങ്ങളായി മുറിച്ചതും ഇതറിഞ്ഞ് അമ്മ അദ്ദേഹത്തെ മുറിക്കകത്തിട്ട് അടച്ചപ്പോള്‍ മുറിക്കകം മുഴുവന്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്തു വച്ചതും ഒക്കെ അദ്ദേഹത്തിന്റെ ബാല്യകാല വികൃതികള്‍ ആയിരുന്നെങ്കില്‍ ആ കുസൃതിയുടെ നാമ്പുകള്‍ മരിക്കുന്നതുവരെയും രൂഢമൂലമായിത്തന്നെ അദ്ദേഹത്തില്‍ അവശേഷിച്ചിരുന്നു എന്ന സത്യം അധികമാരും അറിഞ്ഞിരിക്കാന്‍ ഇടയില്ല. ഈയവസരത്തില്‍ പഴയ കാര്യങ്ങള്‍ പലതും എന്റെ മനസ്സിലോട്ട് ഓടിവരുന്നു.
അറുപത്തിയാറ്-അറുപത്തിയേഴ് കാലമാണ്. ഞങ്ങള്‍ കത്തുകളിലൂടെ പരസ്പരം അറിഞ്ഞിരുന്ന സമയം. ആകാശവാണിയിലെ അദ്ദേഹത്തിന്റെ ഒരു പ്രഭാതം. അക്കാലത്തെ മതപ്രചരണത്തിനായി ചില കൃസ്തീയ പാതിരിമാര്‍ ആകാശവാണിയില്‍ വരിക ഒരു പതിവായിരുന്നു. ഒരിക്കല്‍ ഈ ആവശ്യവുമായി ഒരു പാതിരി അവിടെ വന്നപ്പോള്‍ കൊണ്ടുവന്ന ഒരു നോട്ടീസ് ഡ്യൂട്ടിറൂമിലെ മേശപ്പുറത്ത് വച്ചിട്ടുപോയി. നോട്ടീസ് വായിച്ച പത്മരാജന് ഒരു
കുസൃതി തോന്നി. ഉടനെ തന്നെ ഉച്ചയ്ക്കും വൈകിട്ടും ഡ്യൂട്ടിക്ക് വരുന്ന അനൗണ്‍സര്‍മാര്‍ക്ക് കാണാനായി അദ്ദേഹം ഒരു നോട്ടു കുറിച്ചു വച്ചു.-"ഈ നോട്ടീസില്‍ക്കാണുന്ന വിവരങ്ങള്‍ പരിപാടികള്‍ക്കിടയ്ക്കുള്ള സമയങ്ങളില്‍ ഫില്ലറുകള്‍ ആയി കൊടുക്കണം' എന്ന്. അതോടൊപ്പം ആ നോട്ടീസും പിന്‍ ചെയ്തു വച്ചു.

ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് വന്ന അനൗണ്‍സര്‍ക്ക് സൂത്രം പിടികിട്ടിയെങ്കിലും, രാത്രി വന്നയാള്‍ ഇതു സത്യമെന്ന് ധരിച്ചു. അന്നാണെങ്കില്‍ ന്യൂസ് തുടങ്ങുന്നതിന് രണ്ടു മിനുട്ട് മുന്‍പ് പരിപാടി തീരുകയും ചെയ്തു. നോട്ടീസിലുള്ള കാര്യങ്ങള്‍ വളരെ ഭംഗിയായി വായിച്ചവതരിപ്പിക്കാന്‍, നിനച്ചിരിക്കാതെ പൊടുന്നനവേ വീണുകിട്ടിയ ഈ അവസരം അനൗണ്‍സര്‍ ഉപയോഗപ്പെടുത്തി. അദ്ദേഹം നല്ല ശ്ബദമോഡുലേഷനോടെ നോട്ടീസ് വായിച്ചു തുടങ്ങി-"നിങ്ങള്‍ അവനെ കാല്‍വരി മലയുടെ മുകളിലേക്ക് അടിച്ചു കയറ്റിയില്ലേ?...' തെറ്റുകൂടാതെ
ഒറ്റയടിക്ക് ആ നോട്ടീസ് മുഴുവന്‍ അനൗണ്‍സര്‍ വായിച്ചു-"അവനാരാണ്? അവനല്ലോ യേശു'...എന്ന് വികാരാവേശത്തോടെ പ്രേക്ഷകരോട് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം നിറുത്തി. അതു മുഴുവന്‍ ആകാശവാണി തൃശൂര്‍നിലയം അന്ന് പ്രക്ഷേപണം ചെയ്തു.
പരിഭ്രമിച്ച മുഖവുമായി സ്റ്റുഡിയോ വാതില്‍ തള്ളിത്തുറന്ന് ഡ്യൂട്ടി ഓഫീസര്‍ എത്തിയപ്പോഴാണ്, താന്‍ നല്ലതു പോലെ ആ നോട്ടീസുമുഴുവന്‍ വായി
ച്ചല്ലോ എന്ന ആത്മസംതൃപ്തിയുമായി പേപ്പറില്‍ നിന്നും അനൗണ്‍സര്‍ കണ്ണെടുക്കുന്നത്.
വിവരം അറിഞ്ഞപ്പോള്‍ അനൗണ്‍സര്‍ ആകെ പരിഭ്രമിച്ചു. സംഭവം വളരെ സീരിയസ്സ് ആണെന്ന് ഡ്യൂട്ടി ഓഫീസര്‍ അദ്ദേഹത്തോട് പറഞ്ഞു. ഭാഗ്യത്തിന് നാല് അനൗണ്‍സര്‍മാരും ഡ്യൂട്ടി ഓഫീസറും അല്ലാതെ മറ്റാരുംതന്നെ ഈ സംഭവം മനസ്സിലാക്കിയില്ല. ഏതായാലും ആ അനൗണ്‍സറുടെയും ഡ്യൂട്ടി ഓഫീസറുടെയും ജോലി പോകാതെ ഇക്കാര്യം എങ്ങനെയാണ് ഒതുക്കിയതെന്ന് എനിക്കിന്നും അറിഞ്ഞുകൂടാ.
പില്‍ക്കാലത്തും അദ്ദേഹം ഒരുപാട് കുസൃതികള്‍ ഇതു പോലെ ഒപ്പിച്ചിട്ടുണ്ട്.

പത്മരാജന് തിരുവനന്തപുരത്തോട്ട് മാറ്റമായ കാലം. തൃശ്ശൂര് അദ്ദേഹത്തിന് ഉണ്ണിമേനോനും വര്‍ക്കിയും വിജയന്‍ കരോട്ടും തുളസിയും ഒക്കെ അടങ്ങുന്ന വലിയ ഒരു സുഹൃദ്‌വലയം തന്നെ ഉണ്ടായിരുന്നു. ആരോടെങ്കിലും ഒക്കെ ദേഷ്യം തോന്നുമ്പോള്‍ അവരെക്കുറിച്ച് കവിതകള്‍ എഴുതിയുണ്ടാക്കി നോട്ടീസ് അച്ചടിപ്പിക്കലും മറ്റും ഈ സുഹൃദ് സംഘത്തിന്റെ സ്ഥിരം പരിപാടികളായിരുന്നു. കളിയായിട്ട്, പരസ്പരം പാരവയ്ക്കലും ഒരു പതിവു വിനോദമായിരുന്നു ഇവര്‍ക്ക്.

പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ വളരെ അടുത്ത ഒരു സുഹൃത്തായിരുന്നു അന്തരിച്ച, സാഹിത്യകാരനായ വിജയന്‍ കരോട്ട് എന്ന് ഞാന്‍ നേരത്തേ പറഞ്ഞല്ലോ. പത്മരാജന്‍ തിരുവനന്തപുരത്തെത്തിയപ്പോള്‍ തൃശ്ശൂരിലെ സുഹൃത്തുക്കളുമായി അടുത്തിടപഴകാനുള്ള അവസരവും നഷ്ടപ്പെട്ടു.

അക്കാലത്ത് പത്മരാജനും വിജയന്‍ കരോട്ടും വിനോദമായി വച്ചു നടത്തിക്കൊണ്ടിരുന്ന ഒരു പരിപാടിയാണ് മാധ്യമങ്ങളിലൂടെയുള്ള വേലവയ്പ്.

നിങ്ങള്‍ ആവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങള്‍ എന്ന പരിപാടി ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യുമ്പോള്‍ വിജയന്‍ കരോട്ട് എന്ന ശ്രോതാവിന്റെ പേര് റേഡിയോവിലൂടെ ഇടയ്ക്കിടക്ക് വിളിച്ചുപറയുക പത്മരാജന്‍ ഒരു പതിവാക്കി. മിക്കവാറും കേള്‍ക്കാന്‍ ഏറ്റവും ഇമ്പം കുറഞ്ഞ പാട്ടുകളോടൊപ്പമാവും ഈ പേരു വിളിച്ചു പറയുന്നത്. ആദ്യമൊന്നും വിവരം കരോട്ട് അറിഞ്ഞിരുന്നില്ല. ക്രമേണ, മറ്റു സുഹൃത്തുക്കള്‍ കളിയാക്കാന്‍ തുടങ്ങിയപ്പോഴാണ്, ഇതിന്റെ പുറകില്‍ ആരുടെ കൈകളാണ് എന്ന സത്യം കരോട്ട് മനസ്സിലാക്കുന്നത്.
അതോടെ തിരിച്ചുവേലവയ്ക്കാനുള്ള പദ്ധതികള്‍ കരോട്ട് ആസൂത്രണം ചെയ്തു. പിന്നെ, എറണാകുളത്തുനിന്നും ഇറങ്ങുന്ന ചില കൊച്ചു വാരികകളിലൊക്കെ പത്മരാജന്റെ പേരില്‍ ഓരോ ചോദ്യങ്ങള്‍ പ്രത്യക്ഷപ്പെടാനും തുടങ്ങി. കെ.ആര്‍. വിജയയ്ക്ക് ഗര്‍ഭമാണോ? ജയലളിതയുടെ വിലാസമെന്താണ്? എന്നീ ടൈപ്പിലുള്ള കുറെ ചോദ്യങ്ങള്‍. പിന്നെ വേലവയ്പ്പിന്റെ ശക്തി ഒന്നുകൂടെ വര്‍ദ്ധിച്ചു. ആകാശവാണിയിലെ എഴുത്തുപെട്ടിയിലും കരോട്ടിന്റെ കത്തുകളും (പേരും) കടന്നുവന്നു. ഭാര്‍ഗ്ഗവന്‍പിള്ളയുടെ നാടകം കേട്ട് കരഞ്ഞു
പോയി. സേതുനാഥന്റെ ചിത്രീകരണം കരളില്‍ ആഞ്ഞുതറച്ചു.ഗംഗാധരന്‍ നായരുടെ ഗാനം കേട്ട് ഉറങ്ങിപ്പോയി-എല്ലാം ആസ്വാദനങ്ങള്‍.

ഇത് കരോട്ടിന് വലിയൊരു തോല്‍വിയായിരുന്നു. ഇതിനു ബദലായി കരോട്ട് ഒരു കഥ എഴുതി. സിനിലാന്റ് എന്നോ മറ്റോ പേരുള്ള ഒരു പത്രമാസികയില്‍ പ്രസിദ്ധീകരിച്ചു. കഥയുടെ പേര് അമ്മുക്കാശ്!
അമ്മുക്കാശ് എന്നൊരു പേര് എന്റെ കൂട്ടുകാരിക്കല്ലാതെ വേറെ ഒരാള്‍ക്കും ഞാന്‍ കേട്ടിട്ടില്ല. സിനിലാന്റ് ചിറ്റൂരെങ്ങും കേട്ടറിവുപോലുമില്ലാത്ത ഒരു മാസികയായത് എന്റെ ഭാഗ്യമായി. അല്ലെങ്കില്‍ ആ കഥയുടെ പേരിലും ഞാന്‍ ക്രൂശിക്കപ്പെട്ടേനേ. നേരത്തേതന്നെ പത്മരാജന്‍ പാര്‍വ്വതിക്കുട്ടി എന്ന കഥ എഴുതിയ
തിന്റെ പേരില്‍ ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ അത്രയ്ക്കായിരുന്നല്ലോ.

പാര്‍വ്വതിക്കുട്ടിയില്‍ അമ്മുക്കാശും ഒരു കഥാപാത്രമാണ്. ആ പേരില്‍ കൗതുകം തോന്നിയതുകൊണ്ട്, അതാരാണെന്ന് കരോട്ട് പത്മരാജനോട് അന്വേഷിച്ചു. അത് ആ കഥയില്‍ത്തന്നെ ഉണ്ടല്ലൊ, എന്ന് അദ്ദേഹം മറുപടിയും പറഞ്ഞു.

ഏതായാലും പ്രേമപ്പൂഞ്ചോലയില്‍ നഞ്ചുകലക്കിക്കളയാം എന്ന് വിജയനും തീരുമാനിച്ചു. അതോടെ വിജയന്‍ എഴുതുന്ന എല്ലാകഥകളിലും കാമുകന്റെ പേര് പപ്പു എന്നും കാമുകിയുടെ പേര് അമ്മുക്കാശ് എന്നും ആയി. ആയിടയ്ക്ക് കേരള ശബ്ദത്തില്‍ വിജയനെഴുതി ഋഷി എന്നൊരു കഥ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിലും പപ്പു കാമുകനായും അമ്മുക്കാശ് പരാമര്‍ശിക്കപ്പെടുന്ന വേറൊരു കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

പിന്നീടെപ്പോഴാണ് ഈ മാധ്യമ യുദ്ധം അവസാനിച്ചതെന്ന് എനിക്കോര്‍മയില്ല.
ഇത്തരത്തില്‍ യൗവ്വനത്തിളപ്പില്‍ പത്മരാജനും കൂട്ടരും കാണിച്ചിട്ടുള്ള
കുസൃതികള്‍ക്ക് കൈയും കണക്കുമില്ല. പില്‍ക്കാലത്തും അദ്ദേഹം ഒട്ടനവധി കുസൃതികള്‍ ഇതുപോലെ ഒപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധസാഹിത്യകാരനായ ജയനാരായണനും തൃശ്ശൂരിലെ പത്മരാജന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. പെട്ടെന്നു തോന്നിയ ദേഷ്യത്തിന് ജോലിയെടുക്കുന്ന ഓഫീസില്‍ രാജിക്കത്തും എഴുതിക്കൊടുത്ത് ജയനാരാണയന്‍ നേരെ വന്നത് തിരുവനന്തപുരത്ത് പത്മരാജന്‍ വാടകയ്‌ക്കെടുത്തു താമസിക്കുന്ന വീട്ടിലോട്ടാണ്. ഇടയ്ക്കിടക്ക് വന്ന് കൂടെ താമസിച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചുപോകുന്ന ഒരുപാട് സൃഹൃത്തുക്കള്‍ അക്കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ജയനാരായണനാകട്ടെ പെട്ടെന്ന് പോകാന്‍ വന്ന ആളല്ലായിരുന്നു.

സ്‌നേഹത്തിന്റെ മുമ്പില്‍, എന്നും തരളിതമാകുന്ന ഒരു പ്രത്യേകതരം
വ്യക്തിത്വമായിരുന്നു പത്മരാജന്റേത്. അവിടെ കണക്കുപറച്ചിലുകള്‍ക്കോ പരിഭവങ്ങള്‍ക്കോ ഒന്നും യാതൊരു സ്ഥാനവും അദ്ദേഹം കൊടുത്തിരുന്നില്ല.
ജോലിയില്ലാതായതോടെ, ക്രമേണ, ജയനാരാണന്റെ കൈയിലെ പൈസയും തീര്‍ന്നു. പത്മരാജന്റെ പോക്കറ്റും കാലിയായിരുന്നു. ഒരു ദിവസം ജയനാരായണന്‍ പത്മരാജനോട് ചോദിച്ചു. നിന്റെ കഴുത്തില്‍ കിടക്കുന്ന ആ മാലയൊന്നു തരാമോ പണയം വയ്ക്കാന്‍ എന്ന്. അക്കാലത്ത് പത്മരാജന്‍ കഴുത്തിലിട്ടുകൊണ്ടിരുന്ന ഒരു മാലയുണ്ട്. ഇരുവശത്തും സ്വര്‍ണ്ണം പൊതിഞ്ഞ, കൊച്ച് രുദ്രാക്ഷം പോലത്തെ മുത്തുകള്‍ കൊരുത്ത ഒരു മാല. ജയനാരായണന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ അദ്ദേഹം ആ മാല പണയം വയ്ക്കാനായി കൊടുത്തു. സന്തുഷ്ടനായ ജയനാരായണന്‍ താമസിയാതെ മാല പണയം വച്ച് ഹുണ്ടികക്കാരന്റെ പക്കല്‍നിന്നും പണവും വാങ്ങി ധനവാനായി വീട്ടില്‍ തിരിച്ചെത്തി. കുറച്ചുനേരം കഴിയുമ്പോഴേക്കും പണയമെടുത്ത ഹുണ്ടികക്കാരന്‍ ഓടിപ്പിടിച്ചു വരുന്നത് ഒരു കുസൃതിച്ചിരിയോടെ പത്മരാജന്‍ നോക്കിയിരുന്നു. എന്തെന്നാല്‍ രുദ്രാക്ഷത്തിനു ചുറ്റും പൊതിഞ്ഞു കെട്ടിയിരുന്നത് സ്വര്‍ണ്ണം പൂശിയ മുക്കായിരുന്നു എന്ന സത്യം പത്മരാജനുമാത്രം അറിയാമായിരുന്ന ഒരു സത്യമാണല്ലോ!

അന്ന് ജയനാരായണന്‍ തല്ലുകൊള്ളാതെയും പോലീസ് കേസില്‍ പെടാതെയും രക്ഷപ്പെട്ടത് ഒരു പക്ഷേ, പത്മരാജന്റെതന്നെ, സമയത്തുള്ള ഇടപെടല്‍ കൊണ്ടാവാം.
വര്‍ഷങ്ങള്‍ക്കുശേഷം ഇന്നലെ എന്ന പടത്തിന്റെ ഷൂട്ടിങ് നടക്കുന്ന വേളയില്‍ മെര്‍ക്കാറയില്‍ വച്ചും പത്മരാജന്‍ ഈ പഴയ കുസൃതി പുറത്തെടുത്തു. അന്ന് അദ്ദേഹത്തിന് കൂട്ടായി ക്യാമറാമാന്‍ വേണുവും സഹസംവിധായകന്‍ ജോഷിമാത്യുവും ഉണ്ടായിരുന്നു.
മെര്‍ക്കാറയില്‍ അവര്‍ താമസിക്കുന്ന ഹോട്ടല്‍ പ്രേതവാസമുള്ള ഒരു കെട്ടിടമാണെന്നു പറഞ്ഞ് നടികളായ ശ്രീവിദ്യയേയും ശോഭനയേയും ഭയപ്പെടുത്തിയതും അര്‍ദ്ധരാത്രിയില്‍ പ്രേതവേഷം കെട്ടിയ വേണുവിനെ അവര്‍ താമസിക്കുന്ന മുറിയുടെ മുമ്പിലോട്ടയച്ച് അടുത്തുള്ള തൂണിന്റെ പുറകിലോ മറ്റോ ഒളിച്ചുനിന്ന് അമര്‍ത്തിച്ചിരിപ്പിച്ചതും പ്രേതത്തെ കണ്ടു ഭയന്ന് ശോഭന ബോധംകെട്ട് വീണപ്പോള്‍ ആകെ അബദ്ധരായി മുറിയിലോട്ട് ഓടിവന്ന് വാതിലടച്ചിരുന്നതും പിറ്റേന്നുകാലത്ത് ശോഭനയെ സത്യം മനസ്സിലാക്കിക്കാന്‍ പാടുപെട്ടതും എല്ലാമെല്ലാം അദ്ദേഹം തന്നെയാണല്ലോ എന്നോടും മക്കളോടും പറഞ്ഞത്.
അവസാനമായി ജനവരിമാസത്തിലും അദ്ദേഹം എന്നോടൊരു കുസൃതി കാണിച്ചു.

ഗന്ധര്‍വ്വന്റെ ഷൂട്ടിങ് കഴിഞ്ഞുവരുമ്പോള്‍ അദ്ദേഹം പതിവിന് വിപരീതമായി ഒരുപാട് സെറ്റ് ഡ്രസ്സുകള്‍ കൊണ്ടുവന്നിരുന്നു. ഇവിടെവന്നപ്പോള്‍ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഇവിടുള്ള അലമാരകളൊന്നും പോര. ഉടനെ ഗോദ്‌റേജിന്റെ പുതിയ ഒരലമാര വാങ്ങിച്ചുകളയാം എന്നദ്ദേഹം എന്നോടു പറഞ്ഞു. അല്ലെങ്കില്‍തന്നെ ഇവിടുള്ള ചുമരലമാരകള്‍ക്കൊന്നും ഒരടച്ചുറപ്പുപോരാ എന്നൊരഭിപ്രായം ഞാന്‍ നേരത്തേ അദ്ദേഹത്തോടു പറഞ്ഞിരുന്നതാണ്. ജനവരി ഏഴാം തീയതിയാണെന്നാണ് എന്റെ ഓര്‍മ്മ. പുതിയൊരലമാര ഞങ്ങള്‍ ഗോദ്‌റേജിന്റെ ഷോറൂമില്‍ നിന്നും തിരഞ്ഞെടുത്ത് പൈസയും കൊടുത്തു. അലമാര വീട്ടിലെത്തിക്കാനുള്ള ചുമതല അവരെത്തന്നെ ഏല്പിക്കുകയായിരുന്നു.
ദിവസങ്ങള്‍ കടന്നുപോയി. അലമാര വന്നില്ല. ദിവസവും ഫോണില്‍
അദ്ദേഹം വിളിച്ചുചോദിക്കും. അവരെന്തെങ്കിലും ഒഴികഴിവു പറയും. നാലഞ്ചുദിവസം കഴിഞ്ഞൊരു വൈകുന്നരം ഞാന്‍ വനിതാ സമിതിയിലെ മീറ്റിങ്ങിനു പോയി തിരിച്ചുവന്നസമയം. ഇന്നും അലമാര വന്നില്ലല്ലോ എന്നു ഞാന്‍ സങ്കടപ്പെട്ടപ്പോള്‍, അതെ, ഇന്നും വന്നില്ല. പൈസ വാങ്ങിച്ചുവച്ചിട്ട് ഇവന്മാര്‍ എന്താണവിടെ ചെയ്യുന്നതാവോ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തുനിന്നിരുന്ന മകള്‍ മാധവിക്കുട്ടി ഇതുകേട്ട് ചിരിക്കാന്‍ തുടങ്ങി. കാര്യമെന്തെന്ന് എനിക്ക് പിടികിട്ടിയില്ല. എന്റെ മുഖം കണ്ടിട്ട് അദ്ദേഹവും മാതുവിനോട് എന്തഡാ മാഡാ ചിരിക്കുന്നത്? എന്നായി. അവള്‍ ഉറക്കെപ്പൊട്ടിപ്പൊട്ടിച്ചിരിച്ചു. അവളുടെ കണ്ണുകള്‍ ഞങ്ങളുടെ മുറിയുടെ പടിഞ്ഞാറുവശത്തെ ചുമരിലായിരുന്നു. പെട്ടെന്ന് ഞാനങ്ങോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ അലമാരി സുരക്ഷിതമായി അവിടെ ഇരിക്കുന്നു. അച്ഛനും മോളും കൂടെ ഉറക്കെയുറക്കെചിരിച്ചു. അമ്മ പറ്റിപ്പോയ് എന്ന് മാതു പറയുന്നുണ്ടായിരുന്നു.

പിറ്റേന്ന് ഞങ്ങള്‍ രണ്ടുപേരുമായി പുതിയ എല്ലാ ഉടുപ്പുകളും അലമാരയിലോട്ട് മാറ്റി. പിന്നീട് നാലഞ്ചുദിവസങ്ങളിലായി, അബുദാബിയില്‍ നിന്നും കൊണ്ടുവന്ന ഒരുതരം ട്രാന്‍സ്‌പേരന്റ് ആയ പ്ലാസ്റ്റിക് കവറുകളടങ്ങിയ രണ്ടു മൂന്നു ഫയലുകളിലായി വീട്ടിന്റെയും തിരുവനന്തപുരത്തും മുതുകുളത്തും മറ്റും ഉള്ള എല്ലാ വസ്തുക്കളുടെയും ആധാരങ്ങളും ടാക്‌സ് അടച്ച പേപ്പറുകളടക്കം വീട്ടിലുള്ള എല്ലാ വിലപ്പെട്ട കടലാസ്സുകളും ഞങ്ങളാ ഫയലുകളിലാക്കി. ഇരുപത്തി രണ്ടാം തീയതി അദ്ദേഹം കോഴിക്കോട്ടേക്ക് പുറപ്പെടുന്നതിനുമുമ്പായിത്തന്നെ, ഏതു പേപ്പര്‍ ആവശ്യപ്പെട്ടാലും തിരയാതെ പെട്ടെന്നുതന്നെ എടുക്കാവുന്നതരത്തില്‍ അടുക്കിലും ചിട്ടയിലും ആക്കിവച്ചിട്ടാണ് ആ കുസൃതിക്കാരന്‍ തിരുവനന്തപുരം വിട്ടത്.

ഒരു പക്ഷേ, അദ്ദേഹത്തെ കാണാനൊക്കാതെ, ഇനിയും എങ്ങനെ മുന്നോട്ടുപോകും എന്നു ഭയപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ ഈ ഇരുട്ടില്‍ തപ്പിത്തടയുന്ന എന്നെയും മക്കളെയും നോക്കി, ഒരു കുസൃതിച്ചിരിയുമായി അദ്ദേഹം കയ്യെത്താവുന്ന ദൂരത്തെങ്ങാനും നില്‍പ്പുണ്ടാവുമോ?

 

'ാവിയെക്കുറിച്ച് ഓര്‍ക്കാന്‍ പേടി തോന്നുന്നു'

മധു.കെ.മേനോന്‍

പ്രശ്‌നങ്ങളേയും സംഘര്‍ഷങ്ങളേയും ദൂരെനിര്‍ത്തി തന്റെ മനസ് നിങ്ങള്‍ക്ക് കാണാവുന്നതുപോലെ സംസാരിക്കുകയാണ് കാവ്യാ മാധവന്‍. ഒരു കലാകാരിയുടെ ഹൃദയസൗന്ദര്യം അപൂര്‍വമായി വെളിപ്പെടുന്നു ഈ ഇന്റര്‍വ്യൂവില്‍...

കൊച്ചിയിലെ ഹോട്ടല്‍ സരോവരം. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയുടെ പൂജയ്ക്ക് എത്തിയവരുടെ ശ്രദ്ധ മുഴുവന്‍ കവര്‍ന്ന് കാവ്യ. ''ഏയ് കാവ്യാ എന്തൊക്കെ വിശേഷം? പുതിയ സിനിമകള്‍ ഏതൊക്കെയാണ്?''

''വീണ്ടും സിനിമയില്‍ അഭിനയിക്കുന്നു. എനിക്കിത്രയേ പറയാനുള്ളൂ''- കാവ്യ വഴുതിമാറി. പരിപാടിക്കെത്തിയവര്‍ കാവ്യയുടെ ഫോട്ടോയെടുക്കാന്‍ തിരക്കു കൂട്ടുന്നു. സ്ത്രീകള്‍ കാവ്യക്കരികിലെത്തി കുശലാന്വേഷണം. മോഹന്‍ലാലും കുഞ്ചാക്കോ ബോബനുമൊക്കെ ചടങ്ങിനെത്തിയിരുന്നെങ്കിലും കാവ്യതന്നെയായിരുന്നു പ്രധാന ആകര്‍ഷണം. മധുരം നല്‍കിയും ആശംസകള്‍ നേര്‍ന്നും കാവ്യക്ക് സഹപ്രവര്‍ത്തകരുടെ വക സ്വീകരണം. ''കല്യാണത്തിന് കണ്ട കാവ്യയേയല്ല''- ചിലര്‍ അടക്കം പറഞ്ഞു. ''കാവ്യ ഇത്തിരി മെലിഞ്ഞല്ലോ'', ''അല്‍പം ഗൗരവത്തിലാണല്ലോ''- ഓരോരോ അഭിപ്രായങ്ങള്‍. ഇതൊക്കെ കണ്ടും കേട്ടും കാവ്യ.

അര മണിക്കൂറിനു ശേഷം വെണ്ണലയിലെ 'മാധവ'ത്തില്‍ തിരിച്ചെത്തിയ കാവ്യ ആകെ മാറിയിരുന്നു. ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി നേരിട്ടതിന്റെ യാതൊരു ലക്ഷണവും അവരുടെ മുഖത്ത് ഇല്ല. ധൈര്യം പ്രസരിപ്പിക്കുന്നു അവര്‍. ഇതൊരു പുതിയ തുടക്കമാണ് എന്ന് വിളിച്ചുപറയുംപോലെ. സംസാരിച്ചു തുടങ്ങിയപ്പോള്‍ കാന്തിയുള്ള വാക്കുകളില്‍ കാവ്യയുടെ മനസ്സു തെളിഞ്ഞു.

കാവ്യ സന്തോഷവതിയാണല്ലോ?

എന്നെ സ്‌നേഹിക്കുന്നവരുടെ അടുത്തേക്ക് മടങ്ങിവന്നതിന്റെ സന്തോഷമാണ്. കുറെ നാളുകള്‍ക്കു ശേഷം ഞാനെന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഒരുമിച്ചുകൂടി. അവരുടെയെല്ലാം സ്‌നേഹം ഞാന്‍ ഒരിക്കല്‍ക്കൂടിയറിഞ്ഞു. ഭൂമിയില്‍ത്തന്നെയാണ് സ്വര്‍ഗമെന്ന് കേട്ടിട്ടില്ലേ. എന്റെ സ്വര്‍ഗം ഇവിടെയാണ്.

കാഴ്ചയിലുമുണ്ട് കാവ്യക്ക് ഒരുപാട് മാറ്റം?

അല്‍പം മെലിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തോന്നുന്നതാവാം. കുവൈത്തില്‍ നിന്ന് വരുമ്പോള്‍ നല്ല തടിയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി, ഞാന്‍ ഇങ്ങനെയാകരുത്. പഴയ രൂപത്തിലേക്ക് മാറണം. അങ്ങനെ കൃത്യമായ ഡയറ്റിങ്ങും തുടങ്ങി. ദിവസവും ഒരു മണിക്കൂര്‍ ജിമ്മിലും പോകുന്നു. ഇപ്പോള്‍ ഒമ്പത് കിലോ കുറഞ്ഞു.

കുവൈത്തില്‍ നിന്ന് തിരിച്ചുവന്നിട്ട് മൂന്നു മാസമായെങ്കിലും കാവ്യയെ പുറത്തേക്കൊന്നും കണ്ടില്ല...?

ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ മുറിയില്‍ അടച്ചിരിക്കാനായിരുന്നു എനിക്കിഷ്ടം. അച്ഛനോടും അമ്മയോടും എന്റെ പാവക്കുട്ടികളോടും മാത്രമാണ് ഞാന്‍ സംസാരിച്ചത്. ആരാധകര്‍ക്ക് എന്നോടുള്ള സമീപനം എന്താകുമെന്ന പേടിയായിരുന്നു. ഒക്‌ടോബര്‍ ആദ്യം കണ്ണൂരില്‍ അച്ഛന്റെ ഒരു കൂട്ടുകാരന്റെ ടെക്‌സ്റ്റൈല്‍ ഉല്‍ഘാടനച്ചടങ്ങിലാണ് ആദ്യമായി പങ്കെടുക്കുന്നത്. ഞങ്ങള്‍ എറണാകുളത്തുനിന്ന് ട്രെയിനിലാണ് കണ്ണൂര്‍ക്ക് പോയത്. ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള എന്റെ ട്രെയിന്‍ യാത്രയായിരുന്നു അത്. ട്രെയിനില്‍ വെച്ച് ഞാന്‍ പലരേയും കണ്ടു, പലരോടും സംസാരിച്ചു. ജനങ്ങള്‍ക്ക് എന്നോടുള്ള സ്‌നേഹം കുറഞ്ഞിട്ടില്ലെന്നും എന്റെ തിരിച്ചുവരവ് അവര്‍ ആഗ്രഹിക്കുന്നുണ്ട് എന്നും മനസ്സിലായി. ആ യാത്ര എന്റെ മനസ്സിനെ വല്ലാതെ മാറ്റി.

കാവ്യയുടെ അമ്മ ശ്യാമള ചായയുമായി വരുന്നു. ഒരു മഴ പെയ്ത് തോര്‍ന്ന വാനംപോലെ അവരുടെ മുഖം. ചിരി വന്ന് എത്തി നോക്കി പോകുന്നു. ''കുറെ നാളുകള്‍ക്ക് ശേഷമാണ് ഇവളെ ഇത്ര സന്തോഷിച്ച് കാണുന്നത്'', ശ്യാമള പറഞ്ഞു. ഈ വിവരം മിഥുനെ (കാവ്യയുടെ സഹോദരന്‍) വിളിച്ചറിയിക്ക്. അവന് വളരെ സന്തോഷമാകും'' കാവ്യയുടെ അച്ഛന്‍ മാധവന്‍ അകത്തുനിന്ന് വിളിച്ചുപറയുന്നു.
സത്യത്തില്‍ എന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്ന സര്‍പ്രൈസാണ്. സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കുടുംബം. ശരിക്കു പറഞ്ഞാല്‍ ഞങ്ങളുടെ മനസ്സില്‍പോലും സിനിമ ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് ബാലതാരത്തെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടിട്ട് അച്ഛനാണ് എന്റെ ബയോഡാറ്റയും ഫോട്ടോയും അയച്ചുകൊടുത്തത്. അങ്ങനെയാണ് 'പൂക്കാലം വരവായി'യില്‍ അഭിനയിക്കുന്നത്. അവിടെവെച്ച് ലാല്‍ജോസിനെ പരിചയപ്പെടുന്നു, ചന്ദ്രനുദിക്കുന്ന ദിക്കില്‍ നായികയാവുന്നു. പിന്നെ കൈനിറയെ സിനിമകള്‍, പൈസ, പ്രശസ്തി... ഒടുവില്‍ വിവാഹശേഷം സിനിമ വിടുന്നു. ഇപ്പോഴിതാ തിരിച്ചുവരവും.''- കാവ്യ ഓര്‍മകളില്‍ നിറഞ്ഞു.

ഇനി സിനിമയില്‍ സജീവമാവുകയാണോ?

ഇപ്പോള്‍ ഞാന്‍ സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. എങ്കിലും സിനിമയില്‍ എത്രകാലം എന്നൊന്നും നിശ്ചയമില്ല. സത്യത്തില്‍ സിനിമയെക്കുറിച്ചായാലും ജീവിതത്തെക്കുറിച്ചായാലും ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ എനിക്കിപ്പോള്‍ പേടിയാണ്.

തിരക്കേറിയ ജീവിതം ഇനി ഉണ്ടാവില്ല എന്നാണോ?

തിരക്കു വേണം. പക്ഷേ, അത് അഭിനയത്തിനു വേണ്ടി മാത്രമാകണമെന്നില്ലല്ലോ. മറ്റെന്തെല്ലാം കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ പറ്റും. പുലര്‍ച്ചെ ജിമ്മില്‍ പോകുന്നതു മുതല്‍ രാത്രി ഉറങ്ങുന്നതുവരെ. ടൈംടേബിള്‍ വെച്ചാണ് ഞാനിപ്പോള്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ഇപ്പോള്‍ പാട്ട്ക്ലാസിന് പോകുന്നുണ്ട്. ഡാന്‍സ് പഠിത്തം വീണ്ടും തുടങ്ങുകയാണ്. ഡ്രൈവിങ്ങും പഠിക്കുന്നു.

കാവ്യക്കൊപ്പമുള്ള നടിമാരെല്ലാം അന്യഭാഷാ സിനിമകളില്‍ വിജയിക്കുന്നു. കാവ്യക്കും ആ വഴിക്ക് ശ്രമിച്ചൂടെ?

പൈസ, പേര്, പ്രശസ്തി ഇതിലൊക്കെ മലയാളത്തേക്കാള്‍ മുന്നിലാണ് മറ്റു ഭാഷാസിനിമകള്‍. 'സാധുമിരണ്ടാല്‍' എന്നൊരു സിനിമ തമിഴില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷേ, മലയാള സിനിമയില്‍ ഒന്നും ചെയ്യാനില്ലാതെ ഇരിക്കേണ്ടി വന്നാലല്ലേ മലയാളം വിട്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടൂ എന്നായിരുന്നു എന്റെ വിശ്വാസം. പക്ഷേ, എന്റെ മനോഭാവം മാറി. കഴിയുന്നത്ര ഭാഷകളിലെല്ലാം സിനിമ ചെയ്യണമെന്നാണ് എന്റെ ചിന്ത ഇപ്പോള്‍.

മലയാള സിനിമയില്‍ നായികമാര്‍ക്ക് ഒരു പ്രാധാന്യവുമില്ല എന്ന് ഒരിക്കല്‍ കാവ്യ പറഞ്ഞു. ഇപ്പോഴും ആ നിലപാടാണോ?

നിലപാട് മാറ്റാന്‍ അതിനു ശേഷവും മലയാള സിനിമ മാറിയിട്ടൊന്നുമില്ലല്ലോ. പുരുഷനാണ് കുടുംബത്തിലെ നായകന്‍. അതങ്ങനെത്തന്നെ ആയിക്കോട്ടെ. പക്ഷേ, ജോലിക്കാര്യത്തില്‍ അങ്ങനെയൊരു വിവേചനത്തിന്റെ കാര്യമെന്ത്? ഞാനീപ്പറയുന്നത് സൂപ്പര്‍സ്റ്റാറുകളേക്കാള്‍ പ്രാധാന്യം നടിമാര്‍ക്ക് കിട്ടണം എന്നല്ല. പക്ഷേ, സിനിമയില്‍ ഒന്നും ചെയ്യാനില്ലാത്തവരായി നടിമാരെ മാറ്റുന്നതില്‍ വിഷമമുണ്ട്.
ഏറെക്കാലം കാത്തിരുന്നിട്ട് ലാലേട്ടനൊപ്പം നായികയാകാന്‍ അവസരം കിട്ടിയ സിനിമയാണ് 'മാടമ്പി'. അതിലെന്താ എനിക്ക് ചെയ്യാനുള്ളത്? കാര്യമായിട്ട് ഒന്നുമില്ല. മാടമ്പി കണ്ടിട്ട് എന്റെ ഫ്രന്റ്‌സൊക്കെ വിളിച്ചുപറഞ്ഞു, 'നല്ലൊരു സദ്യയുണ്ടിട്ട് പായസം കിട്ടാത്ത' ഫീലിങ്ങാണ് തോന്നിയത് എന്ന്. ഞാനും ലാലേട്ടനും ചേര്‍ന്നൊരു പാട്ടുസീനെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പറഞ്ഞു നില്‍ക്കാമായിരുന്നു. സത്യത്തില്‍ ലാലേട്ടന്റെയും മമ്മൂക്കയുടെയും നായികയായി അഭിനയിക്കാനുള്ള ലാസ്റ്റ് ചാന്‍സ് എന്നു കരുതിയാണ് മാടമ്പിയും ഭൂതവും ചെയ്തത്. രണ്ടു സിനിമയും വിജയിച്ചു എന്നൊരു ആശ്വാസം മാത്രമുണ്ട്.

സംസാരത്തിനിടെ ടിവിയില്‍ ഏതോ സിനിമാ പരിപാടിക്കിടെ ലോഹിതദാസ് മിന്നിമറയുന്നു. കാവ്യ ഒരു നിമിഷം ഓര്‍മകളിലേക്കു വീണു, ''വ്യക്തിപരമായി 2008-ലെ എന്റെ ഏറ്റവും വലിയ നഷ്ടമാണ് ലോഹിയങ്കിള്‍. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അങ്കിളിന്റെ ഭൂതക്കണ്ണാടിയില്‍ ഞാനഭിനയിക്കുന്നത്. ''പത്താം ക്ലാസ് കഴിയട്ടെ. ഞാന്‍ നിന്നെ എന്റെ സിനിമയില്‍ നായികയാക്കും'', അദ്ദേഹം അന്നു പറഞ്ഞു.

ഞാന്‍ സിനിമയില്‍ നായികയാവുന്നതിനോട് അമ്മ അനുകൂലമല്ലായിരുന്നു. സിനിമാനടിമാര്‍ക്ക് നല്ല ചെക്കനെ കിട്ടില്ല എന്നായിരുന്നു അമ്മയ്ക്കു പേടി. ''അമ്മ എന്നെ സിനിമയിലേക്ക് വിടില്ല അങ്കിളേ'', ഞാന്‍ പറഞ്ഞു.

അപ്പോള്‍ ലോഹിയങ്കിള്‍ പറഞ്ഞു, ''ആരെതിര്‍ത്താലും നടിയാകാന്‍ യോഗമുള്ളവര്‍ നടിയായല്ലേ ഒക്കൂ.'' അന്നദ്ദേഹത്തിന്റെ കാല്‍ തൊട്ടു വണങ്ങിയാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്.

അദ്ദേഹം വിളിക്കും മുമ്പേ 1999-ല്‍ ലാല്‍ജോസ് എന്നെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' നായികയാക്കി. പിന്നീടൊരിക്കല്‍ കണ്ടപ്പോള്‍ ലോഹിയങ്കിള്‍ പരിഭവം പറഞ്ഞു, 'ഞാന്‍ നിന്നെ നായികയാക്കാമെന്നു പറഞ്ഞിട്ട് നീ അതിനു മുമ്പേ നായികയായി'. ഇതു കഴിഞ്ഞ് അരയന്നങ്ങളുടെ വീടിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ, പത്താം ക്ലാസിലെ പരീക്ഷ കാരണം പോകാനായില്ല. പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞ് 'ചക്കരമുത്തി'ലാണ് ഞാനഭിനയിക്കുന്നത്.

കല്യാണം ക്ഷണിക്കാനായി പോയപ്പോഴാണ് അവസാനമായി കാണുന്നത്. തല്‍ക്കാലത്തേക്ക് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വിഷമമായി. ''നിനക്കുവേണ്ടി ശക്തമായൊരു കഥാപാത്രത്തെ ഞാന്‍ മനസ്സില്‍ കണ്ടുവെച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി പോരാടുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ വേഷം. ഞാന്‍ നിര്‍ബന്ധിക്കില്ല. പക്ഷേ, സാധിക്കുമെങ്കില്‍ നീതന്നെ ആ വേഷം ചെയ്യണം.''

''എനിക്കു കൊതിതോന്നി ആ വേഷം ചെയ്യാന്‍. കല്യാണംപോലും അതു കഴിഞ്ഞു മതി എന്നുണ്ടായിരുന്നു. ഇപ്പോള്‍ ഞാന്‍ തിരിച്ചുവന്നു. പക്ഷേ അങ്കിളില്ല.'' കാവ്യയുടെ കണ്ണുകള്‍ നിറഞ്ഞു.

കാവ്യക്ക് സിനിമ എല്ലാം തന്നു. ചിലത് നഷ്ടപ്പെടുത്തിട്ടുമുണ്ടാകില്ലേ?

ചെണ്ടമേളവും ആനയും പൂരവുമൊക്കെ കണ്‍നിറയെ കണ്ട ചെറുപ്പമാണ് എന്റെ നീലേശ്വരം കാലം. സ്‌കൂളില്‍ നിന്ന് എന്റെ വീട്ടിലേക്ക് അഞ്ചു മിനുട്ടേ നടക്കാനുണ്ടായിരുന്നുള്ളൂ. വഴിയിലെങ്ങാനും ആനയെ കണ്ടാല്‍ ഞാനതിന്റെ പിറകെകൂടും. വഴിയില്‍ കാണുന്നവരോടൊക്കെ സംസാരിച്ച് കറങ്ങിത്തിരിഞ്ഞ് വീട്ടിലെത്തുമ്പോള്‍ കുറേ നേരമാകും. പക്ഷേ, സിനിമയില്‍ തിരക്കായപ്പോള്‍ നാട്ടിന്‍പുറത്തെ സന്തോഷങ്ങള്‍ എനിക്ക് നഷ്ടമായി. തളി ക്ഷേത്രത്തിലെ ഉത്സവങ്ങള്‍, വിഷൂന്റേം ഓണത്തിന്റേം രസങ്ങള്‍ എല്ലാം പോയി. പിന്നെ നീലേശ്വരം മാതിരിയുള്ള ബന്ധങ്ങള്‍ സിനിമയില്‍ കിട്ടിയില്ല. ഒരു സിനിമ ചെയ്യുമ്പോള്‍ നമുക്കു തോന്നും സെറ്റിലുള്ളവരോടൊക്കെ എന്തടുപ്പാ, അവര്‍ക്ക് തിരിച്ചും എന്തടുപ്പാ എന്നൊക്കെ. പക്ഷേ, സിനിമ കഴിയുന്നതോടെ ബന്ധം തീരും. ആദ്യമൊന്നും എനിക്കത് ഉള്‍ക്കൊള്ളാന്‍ പറ്റിയിരുന്നില്ല. പിന്നെ പിന്നെ ഞാനും അങ്ങനെയൊക്കെ ആയി.

ഇപ്പോള്‍ നീലേശ്വരത്തെ ഉപേക്ഷിച്ചോ?

ഏയ് അങ്ങനെയൊന്നുമില്ല. നീലേശ്വരത്ത്തന്നെ വീട് വെക്കണമെന്നായിരുന്നു എന്റെ മോഹം. പക്ഷേ, ഒരു സിനിമാനടിയാകുമ്പോള്‍ ഷൂട്ടിങ്ങിന്റെ സൗകര്യംകൂടി നോക്കണം. അതിനു പറ്റിയത് ഇവിടെ ആയതുകൊണ്ടാണ് എറണാകുളത്ത് വീട് വെച്ചത്. ജനവരിയില്‍ എന്റെയൊരു ബന്ധുവിന്റെ കല്യാണമുണ്ട്. അതിന് നീലേശ്വരത്ത് പോകണം. അച്ഛന്‍ ഇപ്പോഴും ഇടയ്‌ക്കൊക്കെ പോകാറുണ്ടവിടെ. അച്ഛന്‍ വന്ന് നീലേശ്വരം വിശേഷങ്ങള്‍ പറയുമ്പോള്‍ ഒരു കഥ കേള്‍ക്കണ സുഖത്തോടെ ഞാനും അമ്മയും കേട്ടിരിക്കും.

വിവാഹത്തിന് മുമ്പ് 49 സിനിമകളില്‍ കാവ്യ നായികയായി. ഇതില്‍ കാവ്യയുടേതെന്ന് അഭിമാനത്തോടെ പറയാവുന്ന സിനിമകള്‍ ഉണ്ടായിട്ടില്ലേ.

ഒരുപക്ഷേ, പെരുമഴക്കാലവും മിഴിരണ്ടിലും അങ്ങനെ വന്നേക്കാം. സദാനന്ദന്റെ സമയം, മീശമാധവന്‍ എന്നിവ ഒരു പരിധിവരെ തൃപ്തി തന്നിട്ടുണ്ട്. പെരുമഴക്കാലത്തിലെ ഗംഗ എനിക്ക് ഏറെ ഇഷ്ടപ്പെട്ട വേഷമാണ്. ഗംഗ എന്റെ മനസ്സില്‍ നിന്നു വിട്ടുപോകാന്‍ ഏറെ കാലമെടുത്തു. മിഴിരണ്ടിലും സിനിമയിലെ ഭദ്രയും എനിക്കിഷ്ടമാണ്. നീലേശ്വരത്ത് തന്നെയുള്ള എനിക്കറിയാവുന്ന ഒരു സ്ത്രീയുടെ ജീവിതത്തോട് സാമ്യമുണ്ട് ഭദ്രക്ക്.

49 സിനിമകള്‍ ചെയ്തു എന്നല്ലാതെ എല്ലാം ഞാന്‍ ഇഷ്ടമായിട്ട് അഭിനയിച്ച സിനിമകളൊന്നുമല്ല. സത്യത്തില്‍ എനിക്ക് അര്‍ഹിച്ചതുപോലും കിട്ടിയിട്ടില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കിന്നേവരെ മനസ്സിലായിട്ടില്ല.

സിനിമയെക്കുറിച്ച് പുതിയ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിയോ?

മണിരത്‌നത്തിന്റെ സിനിമയില്‍ കമലഹാസന്‍, രജനീകാന്ത്, ഷാരൂഖ്ഖാന്‍ എന്നിവരുടെ നായികയായി ഒരു വേഷം. അതെന്റെ വലിയ സ്വപ്‌നമാണ്. പുലര്‍ച്ചെക്ക് കാണുന്ന സ്വപ്‌നം നടക്കുമെന്നാണല്ലോ പറയാറ്. ഈ സ്വപ്‌നം ഞാന്‍ പുലര്‍ച്ചെക്ക് കണ്ടതാണ്.

മലയാളത്തില്‍ കാവ്യയെ സ്വാധീനിച്ച നടിമാരുണ്ടോ?

ഉര്‍വശി, ശോഭന, മഞ്ജുവാരിയര്‍. അഭിനയത്തിലെ വൈവിധ്യമാണ് ഉര്‍വശിയുടെ പ്ലസ്. സ്ത്രീധനം, കാക്കത്തൊള്ളായിരം, തലയണമന്ത്രം. ഈ മൂന്നു സിനിമകളും അവര്‍ ഒരേ കാലയളവില്‍ ചെയ്ത സിനിമകളാണ്. സ്ത്രീധനത്തില്‍ ദുഃഖപുത്രി, കാക്കത്തൊള്ളായിരത്തില്‍ ബുദ്ധിസ്ഥിരതയില്ലാത്ത പെണ്ണ്, തലയണമന്ത്രത്തില്‍ കുശുമ്പുകാരി. എല്ലാം എത്ര ഭംഗിയായാണ് അവര്‍ അഭിനയിച്ചത്. അഭിനയത്തിലെ സ്ഥിരതയാണ് മഞ്ജുചേച്ചിയുടെ പ്രത്യേകത. ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. പെര്‍ഫെക്ഷനുവേണ്ടി ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരു നടി മലയാളത്തില്‍ ഇപ്പോഴില്ല. ശോഭനച്ചേച്ചിയുടെ ഒരു നോട്ടം മതി കൂടെ അഭിനയിക്കുന്നവര്‍ക്കുപോലും ഒരു പ്രത്യേക എനര്‍ജി കിട്ടും. കണ്ണുകൊണ്ടുള്ള അഭിനയത്തില്‍ ശോഭനച്ചേച്ചിയെ കവച്ചുവെക്കാന്‍ ഇന്ത്യയില്‍തന്നെ ആരുമുണ്ടാവില്ല എന്നു തോന്നുന്നു.

ദിലീപിന്റെ നായികയായാണ് കാവ്യ കൂടുതലും അഭിനയിച്ചത്. നിങ്ങള്‍ തമ്മില്‍ നല്ല കോമ്പിനേഷന്‍ ആണല്ലോ?

ദിലീപേട്ടന്‍ അവതരിപ്പിച്ചിരുന്ന 'കോമിക്കോള' എന്ന ടിവി പരിപാടി എനിക്കും മിഥുനേട്ടനും വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ വിട്ട് വന്നാല്‍ 'കോമിക്കോള' കണ്ടശേഷമേ ഞങ്ങള്‍ ഭക്ഷണംപോലും കഴിക്കൂ. എനിക്ക് 10 വയസ്സുള്ളപ്പോള്‍ ബോബനും മോളിയും എന്നൊരു സിനിമ ചെയ്തു. ദിലീപേട്ടന്‍ ആദ്യമായി നായകനായ 'മാനത്തെ കൊട്ടാരത്തിന്റെ' ഷൂട്ടിങും അതേ ലൊക്കേഷനിലായിരുന്നു. അന്ന് അവിടെവെച്ച് ഞാന്‍ ദിലീപേട്ടനെ പരിചയപ്പെട്ടു. അന്നൊന്നും ഞാന്‍ ചിന്തിച്ചില്ല ഇദ്ദേഹത്തിന്റെ നായികയായി ഞാന്‍ സിനിമയില്‍ വരുമെന്ന്. ഇതുവരെ 15 സിനിമകളില്‍ ഞങ്ങള്‍ നായികാനായകന്മാരായി അഭിനയിച്ചു. വ്യക്തിപരമായി ഒരുപാട് നന്മകളുള്ള ഒരാളായാണ് ദിലീപേട്ടനെ ഞാന്‍ കാണുന്നത്.

വിവാഹശേഷം തിരിച്ചുവരുന്ന നടിമാര്‍ക്ക് ഫീല്‍ഡില്‍ പഴയ സ്‌നേഹം കിട്ടാറില്ല എന്നു കേട്ടിട്ടുണ്ട്?

എന്നെ സംബന്ധിച്ച് എല്ലാവരും സ്‌നേഹത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. വേദനിക്കുന്ന ഒരനുഭവംപോലും എനിക്കുണ്ടായിട്ടില്ല. കല്യാണം കഴിഞ്ഞതുകൊണ്ട് എന്റെ താരമൂല്യം കുറഞ്ഞു എന്നും തോന്നിയിട്ടില്ല. ഞാന്‍ തിരിച്ചെത്തിയ അന്നുമുതല്‍ക്ക് എത്രയോ പേര്‍ ഡേറ്റ് ചോദിച്ചു വിളിച്ചു. വിവാഹത്തിന് മുമ്പുപോലും ഇത്രയധികം ഓഫറുകള്‍ എനിക്ക് വന്നിട്ടില്ല. കല്യാണം കഴിഞ്ഞ് കുവൈത്തിലേക്ക് പോയ സമയത്തും പലരും അച്ഛനെ വിളിച്ച് ചോദിച്ചിരുന്നു, 'നല്ല വേഷമാണ് മോളോട് ചെയ്യാന്‍ പറയൂ' എന്നൊക്കെ. എനിക്ക് താത്പര്യമില്ലാത്തതുകൊണ്ട് അച്ഛന്‍ 'നോ' പറയുകയായിരുന്നു.

ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാലിന്റെ നായികയാണോ?

എന്നോട് ആരും ഒന്നും പറഞ്ഞിട്ടില്ല. ആ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നു എന്നുമാത്രമേ അറിയൂ. എല്ലാം ആയി വരുന്നേയുള്ളൂ. തിരക്കഥാകൃത്ത് ഉദയകൃഷ്ണ നേരിട്ട് വന്ന് എല്ലാം പറഞ്ഞുതരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, ഒരു വണ്‍ലൈന്‍പോലെ കഥ കേട്ടപ്പോള്‍ നല്ല വേഷമാണെന്നു തോന്നി. തിരിച്ചുവരവ് ജോഷിസാറിന്റെ സിനിമയിലായത് എന്തായാലും നല്ല ലക്ഷണമാണ്.

ജീവിതത്തില്‍ എന്ത് നേട്ടമുണ്ടാകുമ്പോഴും പ്രശ്‌നങ്ങള്‍ വരുമ്പോഴും കാവ്യ ജ്യോതിഷത്തെ കൂട്ടുപിടിക്കുന്നു?

ദൈവത്തെ ഭയക്കുന്ന ഒരാളാണ് ഞാന്‍. ദൈവത്തെ നിന്ദിച്ച് ജീവിക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല. സത്യത്തില്‍ എന്റെ ജീവിതത്തില്‍ ജ്യോതിഷം പറഞ്ഞതൊന്നും ഇന്നുവരെ തെറ്റിയിട്ടില്ല. അനുഭവങ്ങളാണ് ഒരാളെ വിശ്വാസിയും അവിശ്വാസിയുമാക്കുന്നത്.
(കാവ്യയുടെ വലതുകൈയില്‍ പലതരം ചരടുകള്‍) ഈയടുത്ത കാലത്ത് കെട്ടിയതാണ്. ഞാനൊരു സിനിമാനടിയാണ്. ഒരുപാട് ആളുകളെ കാണേണ്ടിവരും. പലരും എന്നെ ശ്രദ്ധിക്കും. അപ്പോള്‍ ദൃഷ്ടിദോഷമെന്നൊക്കെ പറയില്ലേ. അതൊഴിവാക്കാന്‍ ഒരു കരുതല്‍ വേണമല്ലോ.

നല്ല ജാതകപ്പൊരുത്തം നോക്കിയായിരുന്നു കാവ്യയുടെ കല്യാണം. എന്നിട്ടും ഇങ്ങനെയൊക്കെ സംഭവിച്ചില്ലേ?

അതെന്റെ വിധി. അല്ലാതെ ജ്യോത്സ്യത്തിന്റെ കുഴപ്പമല്ല. ഞാനിങ്ങനെയൊക്കെ അനുഭവിക്കണം എന്ന് തലയില്‍ വരച്ചിട്ടുണ്ട്. അത് അനുഭവിച്ചല്ലേ ഒക്കൂ. ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള്‍ ജീവിതത്തില്‍ നിര്‍ബന്ധമായി അനുഭവിക്കണമെന്ന് ദൈവം നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഒരു ജ്യോത്സ്യനും കണ്ടെത്താന്‍ കഴിയില്ലെന്ന്. ജാതകം നോക്കുന്ന സമയത്ത് ദൈവം ജ്യോത്സ്യന്റെ കണ്ണ് കെട്ടുമത്രെ.

സിനിമ വിട്ട കാവ്യ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ബിസിനസ് തുടങ്ങിയെന്ന് കേട്ടിരുന്നു?

കൊടുങ്ങല്ലൂരില്‍ 'മാശ്മിക' എന്നൊരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്.
(മാധവന്‍, ശ്യാമള, മിഥുന്‍, കാവ്യ എന്നീ പേരുകളിലെ ആദ്യത്തെ അക്ഷരം ചേര്‍ത്തുണ്ടാക്കിയ പേര്) പക്ഷേ, ഞാനിക്കാര്യങ്ങളിലൊന്നും പൂര്‍ണമായി മുഴുകാറില്ല. അതൊക്കെ വലിയ ടെന്‍ഷനാണ്. അല്ലാതെതന്നെ ഒരുപാട് ടെന്‍ഷന്‍ അനുഭവിച്ചു. ഇനി കുറച്ച് മനസ്സമാധാനമാണ് ഞാനാഗ്രഹിക്കുന്നത്. 'മാശ്മിക'യുടെ കാര്യങ്ങള്‍ എന്റെയൊരു ബന്ധു ഷാനിച്ചേട്ടനാണ് നോക്കുന്നത്.

കുവൈത്തില്‍ കാവ്യ ജോലിക്കൊന്നും ശ്രമിച്ചില്ലേ?

ജോലിക്ക് പോവുകയാണെങ്കില്‍ അത് സിനിമയില്‍ത്തന്നെ ആകാമായിരുന്നല്ലോ. അഞ്ചു വയസ്സു മുതല്‍ ഞാന്‍ ജോലി ചെയ്യുകയായിരുന്നു. അതെല്ലാം മതിയാക്കി നല്ലൊരു കുടുംബജീവിതം മോഹിച്ചാണ് ഞാന്‍ കുവൈത്തിലേക്ക് പോയത്.

അപ്പോള്‍ സിനിമ ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു കാവ്യ തീരുമാനിച്ചിരുന്നത് അല്ലേ?

ഞാന്‍ ലോകത്ത് ഏറ്റവും ബഹുമാനിക്കുന്ന സ്ത്രീ അമ്മയാണ്. അമ്മയെപ്പോലെ നല്ലൊരു വീട്ടമ്മയാകുക എന്നത് ചെറുപ്പംതൊട്ടേ എന്റെ ലക്ഷ്യമായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ സ്‌കൂളില്‍ ടീച്ചര്‍ ചോദിക്കും കാവ്യക്ക് ആരാകാനാണ് ഇഷ്ടമെന്ന്. ഞാന്‍ പറയും അമ്മയെപോലെ ആയാല്‍ മതിയെന്ന്. അമ്മ കുടുംബം നോക്കി നടത്തുന്നത് കാണുമ്പോള്‍ ബഹുമാനം തോന്നും. അമ്മ ജോലിക്ക് പോകാതിരുന്നതുകൊണ്ടല്ലേ എന്നെയും ചേട്ടനെയും നല്ലപോലെ നോക്കാനായത്. ഞങ്ങളുടെ ഏതു കാര്യത്തിലും അമ്മയായിരുന്നു കൂട്ട്.

ചെലര് വല്യ കാര്യത്തില്‍ പറയണത് കേട്ടിട്ടുണ്ട് എന്റെ കുഞ്ഞിനെ വേലക്കാരിയാണ് നോക്കുന്നത്, അവരാണ് കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നത് എന്നൊക്കെ. അങ്ങനെ ജീവിക്കുന്നതിന് എന്താ ഒരു രസമുള്ളത്. ഇന്നത്തെ കാലത്ത് ഭാര്യക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ നല്ലതൊക്കെ തന്നെ. പക്ഷേ കുറെ പൈസ ഉണ്ടാക്കീട്ട് എന്താ കാര്യം. എന്നെ അറിയുന്നവര്‍ക്കൊക്കെ അറിയാം എനിക്ക് വീട്, വീട്ടുകാര്‍ ഇതൊക്കെതന്നെയാണ് വലുത്.

എങ്കിലും ഒരുപാടു കാലം സിനിമയില്‍ തിളങ്ങിനിന്നിട്ട് പെട്ടെന്നൊരു നാള്‍ ഇട്ടെറിഞ്ഞ് പോയപ്പോള്‍ വിഷമം തോന്നിയില്ലേ?

അത് വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. മനസില്‍ പലപ്പോഴും സിനിമ കടന്നുവന്നു. പക്ഷേ ജീവിതമല്ലേ നമ്മള്‍ പ്രാക്ടിക്കലായി ചിന്തിക്കുമ്പോള്‍ അതുമായിട്ട് പൊരുത്തപ്പെട്ടല്ലേ പറ്റൂ. എന്നെ ഒരുപാട് മാറ്റാന്‍ ശ്രമിച്ചു. മാറീന്നുതന്നെ പറയാം.

പക്ഷേ അഭിനയം നിര്‍ത്തുകയാണെന്ന് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. അത് ചിലപ്പോള്‍ ദൈവമായിട്ട് എന്നെകൊണ്ട് തോന്നിപ്പിച്ചതാകാം. ഇപ്പോള്‍ ഈയൊരു അവസ്ഥയില്‍ എനിക്ക് തിരിച്ചുവരേണ്ടി വന്നു. എനിക്ക് സിനിമ വിടാനുള്ള സമയമായിട്ടില്ലെന്ന് ദൈവം കരുതിക്കാണും.

തിരിച്ചുവരവില്‍ പഴയ കാവ്യക്ക് മാറ്റം വന്നോ?

എന്റെ താത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരാളായിരുന്നില്ല മുമ്പ് ഞാന്‍. പല സിനിമകളും എന്റെ താത്പര്യം നോക്കാതെ ബന്ധങ്ങളുടെ പുറത്ത് ചെയ്യേണ്ടിവന്നിട്ടുണ്ട്. ആരെങ്കിലും സിനിമയ്ക്ക് ഡേറ്റ് ചോദിച്ച് വന്നാല്‍ പൊട്ട കഥയാണെങ്കില്‍പോലും പറ്റില്ല എന്നു പറയാന്‍ മടിയായിരുന്നു. അവരെ എങ്ങനെ വിഷമിപ്പിക്കും എന്നായിരുന്നു ചിന്ത. പക്ഷേ, ഇപ്പോള്‍ എനിക്കു തോന്നുന്നു ഞാന്‍ എന്റെ ഇഷ്ടത്തിന് പ്രാധാന്യം കൊടുക്കണം. അങ്ങനെ കൊടുക്കാതിരുന്നതുകൊണ്ടാണ് ജീവിതത്തില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായത്. നമ്മുടെ മനസ്സിന് ശരിയെന്നു തോന്നുന്നത് മാത്രമേ ചെയ്യാവൂ. ഇനി കൂടുതല്‍ ശ്രദ്ധിക്കും ജീവിതത്തിലായാലും സിനിമയിലായാലും.

ഇങ്ങനെയൊരു പ്രശ്‌നം വന്നാല്‍ ആരായാലും തകര്‍ന്നുപോകും. കാവ്യ എങ്ങനെ പിടിച്ചുനിന്നു?

എനിക്ക് അത്ഭുതം ആണ്. മുമ്പൊക്കെ ഒരു പ്രശ്‌നം ജീവിതത്തിലുണ്ടായാല്‍ അച്ചന്റേയും അമ്മയുടേയും പിറകില്‍ നില്‍ക്കാനേ എനിക്ക് കഴിയുമായിരുന്നുള്ളൂ. അതുകൊണ്ട് ഒരു കാര്യത്തിലും എന്റേതായ തീരുമാനങ്ങള്‍ എടുക്കാന്‍ ഞാന്‍ പഠിച്ചില്ല. ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ആരോടും ചോദിച്ചില്ല. സ്വയം തീരുമാനമെടുത്തു. എനിക്ക് മനസ്സിലായി ഞാന്‍ ഉള്ളുകൊണ്ട് സ്‌ട്രോങ്ങ്തന്നെയാണ്. ഒരുപക്ഷേ, ഈ നിര്‍ണായകസമയത്ത് ഞാന്‍ തളര്‍ന്നുപോയിരുന്നുവെങ്കില്‍ എന്തൊക്കെയായിരിക്കും എന്റെ ജീവിതത്തില്‍ സംഭവിച്ചിരിക്കുക എന്ന് എനിക്ക് പറയാന്‍ പോലുമാവില്ല.

ഇപ്പോള്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കാനുള്ള തീരുമാനവും കാവ്യയുടേതാണോ. അതോ അച്ഛനും അമ്മയും?

ഒരുമിച്ച് താമസിക്കുന്നതിന് ചില പ്രയാസങ്ങളുണ്ട്. എന്നാല്‍ പിന്നെ പരസ്​പരധാരണ പ്രകാരം വേര്‍പിരിഞ്ഞ് താമസിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ അച്ഛന്റെയും അമ്മയുടെയും അഭിപ്രായം ഞാന്‍ തിരക്കിയിട്ടില്ല. ഞാന്‍ തീരുമാനമെടുത്തിട്ട് വന്നതാണ്. തിരിച്ച് നാട്ടിലെത്തിയശേഷമാണ് ഇവരിക്കാര്യം അറിയുന്നതുതന്നെ. ഇത് എന്റെ ജീവിതമാണ്. അപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനവും എന്റേതാകട്ടെ എന്നു കരുതി.

സിനിമയിലെ സുഹൃത്തുക്കളെ ആരെയെങ്കിലും കല്യാണം കഴിച്ചാല്‍ മതിയായിരുന്നു എന്നു തോന്നുന്നുണ്ടോ?

അങ്ങനെയൊന്നുമില്ല. സിനിമയിലെ ആളുകള്‍ പരസ്​പരം ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലേ. സിനിമയില്‍ നിന്ന് അല്ലാതെ കല്യാണം കഴിച്ചിട്ട് സന്തോഷമായി ജീവിക്കുന്നവരുമുണ്ട്. അതൊക്കെ ഭാഗ്യമാണ്.

കാവ്യയുടെ സങ്കല്‍പത്തിലെപോലെ ആയില്ല കിട്ടിയ ആള്‍ എന്നാണോ?

എനിക്കങ്ങനെ സങ്കല്‍പങ്ങളൊന്നും ഇല്ലായിരുന്നു. എന്നെ നന്നായി മനസ്സിലാക്കാന്‍ പറ്റുന്ന ആളാവണം, നന്നായി സ്‌നേഹിക്കാന്‍ കഴിയണം എന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഇതൊക്കെ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന കാര്യങ്ങളല്ലേ?

കാവ്യ അഭിനയിച്ച ഏതെങ്കിലും സിനിമയിലേതുപോലെ തോന്നിയോ കാവ്യയുടെ കുടുംബജീവിതം?

ഞാനഭിനയിച്ച സിനിമയിലെ കഥാപാത്രങ്ങളൊന്നും എന്റെ ജീവിതവുമായി ബന്ധപ്പെട്ടവ ആയിരുന്നില്ല. പക്ഷേ, ചില സീരിയലുകളിലൊക്കെ കാണുന്ന പോലെയായിരുന്നു എന്റെ കുടുംബജീവിതം.

വിവാഹകാര്യത്തില്‍ കാവ്യക്ക് എവിടെയാണ് പിഴച്ചത്?

എനിക്കൊരു തെറ്റു പറ്റാന്‍ ഇത് ഞാന്‍മാത്രം തീരുമാനിച്ച കല്യാണമല്ലല്ലോ. വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണ്. അത് പക്ഷേ, തെറ്റായ തീരുമാനമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല. ഏതൊരു അച്ഛനേയും അമ്മയേയുംപോലെ വളരെ കരുതലോടെയാണ് എന്റെ മാതാപിതാക്കള്‍ എനിക്ക് കല്യാണമാലോചിച്ചത്. സംഭവിച്ചതെല്ലാം എന്റെ വിധി.

വിവാഹം സിനിമയിലെ കൂട്ടുകാരെയൊക്കെ നഷ്ടമാക്കിയോ?

എന്നെ സംബന്ധിച്ച് അതിനേക്കാളും ഭയങ്കര പ്രശ്‌നങ്ങളൊക്കെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഇതിനിടയ്ക്ക് ആര് വിളിക്കുന്നു, വിളിക്കുന്നില്ല എന്നൊന്നും ഞാന്‍ ഓര്‍ത്തിട്ടേയില്ല. നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഞാന്‍ അച്ഛനോട് ചോദിച്ചു, ആരൊക്കെ വിളിച്ചിരുന്നുവെന്ന്. സിനിമയില്‍ 18 വര്‍ഷത്തെ ബന്ധങ്ങളാണ് എനിക്ക്. എന്നിട്ടും വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രമാണ് വിളിച്ചതെന്നറിഞ്ഞപ്പോള്‍ സങ്കടം തോന്നി.

ഇതൊക്കെയാണെങ്കിലും സ്‌നേഹമുള്ളവരും സിനിമയിലുണ്ട്. പ്രത്യേകിച്ചും മഞ്ജുച്ചേച്ചിയൊക്കെ (മഞ്ജുവാരിയര്‍) ഫുള്‍ സപ്പോര്‍ട്ട് തന്നിട്ടുണ്ട് എനിക്ക്. മഞ്ജുച്ചേച്ചി എന്നെ ഇടക്കിടയ്ക്ക് വിളിക്കും. ധൈര്യമായിട്ട് പ്രശ്‌നങ്ങളെ നേരിടണമെന്ന് പറയും. ഞാന്‍ കല്യാണശേഷം കുവൈത്തിലേക്ക് പോയപ്പോഴും മഞ്ജുചേച്ചി വീട്ടില്‍ അമ്മയെ വിളിച്ച് കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ടായിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്ന് ആളുകളൊക്കെ അറിയുന്നതിനു മുമ്പേ മഞ്ജുച്ചേച്ചി എന്റെ കാര്യങ്ങളൊക്കെ അറിഞ്ഞിരുന്നു. സംയുക്തവര്‍മ, ഭാവന, ഗോപിക, ഗീതുമോഹന്‍ദാസ് എന്നിവരൊക്കെ ഇതുപോലെ ധൈര്യം തന്നിട്ടുണ്ട്.

ഞാന്‍ തിരിച്ച് നാട്ടിലെത്തിയശേഷവും ഭാവന എറണാകുളത്ത് വരുമ്പോഴൊക്കെ എന്റെ വീട്ടില്‍ വരും. കൊറേ നേരം സംസാരിച്ചിരിക്കും. എന്നിട്ടും ഒരു തവണപോലും എന്റെ കുടുംബജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് അവള്‍ ചോദിച്ചിട്ടില്ല. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല എന്ന മട്ടാണ് അവള്‍ക്ക്. അവള് പോയി കഴിയുമ്പോള്‍ തോന്നും ഒരുപാട് നാളുകള്‍ക്ക് ശേഷം കുറച്ച് ചിരിച്ചല്ലോ എന്ന്.

എന്നോട് സ്‌നേഹംകാണിച്ച ഒരാളുകൂടിയുണ്ട് സിനിമയില്‍. സുജാ കാര്‍ത്തിക. അവളുടെ വീട് ഇവിടെ അടുത്താണ്. ഞാന്‍ കല്യാണം കഴിഞ്ഞ് പോകുമ്പോള്‍ എന്റെ എല്ലാ ടെന്‍ഷനും അമ്മയെയും അച്ഛനെയും കുറിച്ചായിരുന്നു. ചേട്ടന്‍ ഓസ്‌ട്രേലിയയില്‍, ഞാന്‍ കുവൈത്തില്‍. പിന്നെ അവര്‍ക്ക് ആരാണ് കൂട്ട്? പേടിയായിരുന്നു എനിക്ക്. ഞാന്‍ പോവുമ്പോള്‍ സുജയോട് പറഞ്ഞു, ''ഞാന്‍ പോയാല്‍ നീയെന്റെ അച്ഛനേയും അമ്മയേയും നോക്കണം. ഞാനില്ലാത്തതിന്റെ കുറവ് അവര്‍ക്ക് തോന്നരുത്''. ആ ഒരു വാക്കിന്റെ പുറത്ത് സുജ അച്ഛനും അമ്മയ്ക്കും സഹായമായി എപ്പോഴും കൂടെയുണ്ടായിരുന്നു.

സത്യത്തില്‍ സാധാരണക്കാരായ ആരാധകരാണ് കാവ്യക്ക് ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ കൂടുതല്‍ വേദനിച്ചത്.

എന്റെ അച്ഛനും അമ്മയേക്കാളും സങ്കടപ്പെട്ടിട്ടുള്ളവരുണ്ട്. കരഞ്ഞുകൊണ്ടാണ് പലരുമെനിക്ക് ഫോണ്‍ ചെയ്തത്. കാണുമ്പോള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച അമ്മമാരുണ്ട്. ഇവരൊന്നും ഞാനറിയുന്നവരല്ല. എന്നിട്ടും ഇവരൊക്കെ എന്നെ എന്തിനാ ഇത്ര സ്‌നേഹിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ വന്നതില്‍ ദൈവത്തോട് പരിഭവം തോന്നുന്നുണ്ടോ?

എന്തിന് പരിഭവിക്കണം. ഇതുവരെ കാണാത്ത ഒരു ലോകം ഞാന്‍ കണ്ടു. ഇതുവരെ അനുഭവിക്കാത്ത പലതും അനുഭവിച്ചു. ജീവിതമെന്ന് പറയുന്നത് സന്തോഷവും സങ്കടവും കണ്ണീരുമൊക്കെയുള്ളതാണ്. എനിക്കൊരു കാര്യം തീര്‍ച്ചയായി. എന്ത് പ്രശ്‌നമുണ്ടായാലും നമ്മളൊറ്റയ്ക്ക് അനുഭവിക്കേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകും. ഇതില്‍ അച്ഛനും അമ്മയ്ക്കുപോലും നമ്മളെ സഹായിക്കാന്‍ കഴിയില്ല. ഇനിയൊരു വീഴ്ച എന്റെ ഭാഗത്ത് വരാതിരിക്കാന്‍ ഇതൊക്കെ ഒരു പാഠമാണ്.

അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്. ഞാന്‍ ആളെ മനസ്സിലാക്കാതെ സ്‌നേഹിക്കുന്ന ടൈപ്പാണെന്ന്. അത് എന്റെ മാത്രം സ്വഭാവമല്ല. ഞങ്ങള്‍ വടക്കുള്ളവരുടെ പൊതുസ്വഭാവമാണ്. ആര് ചിരിച്ചുകൊണ്ട് എന്തു പറഞ്ഞാലും അത് നമ്മുടെ ആള് എന്ന് വിശ്വസിക്കും. അത് കാരണം ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലേറെ ദോഷവും. എല്ലാവരേയും നല്ല കണ്ണിലൂടെ കാണണമെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. പക്ഷേ, ഇപ്പോള്‍ ഇതുപോലെ ജീവിത്തില്‍ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എല്ലാവരേയും സംശയമാണെനിക്ക്. എല്ലാവരും കാണിക്കുന്ന സ്‌നേഹം സത്യമാവുമോ എന്നുപോലും സംശയം തോന്നിപ്പോകുന്നു.

കാവ്യയുടെ സംസാരമൊക്കെ മാറി. വലിയ അനുഭവങ്ങളൊക്കെയുള്ള ഒരു സ്ത്രീ സംസാരിക്കുന്നതുപോലെ.

അങ്ങനെ തോന്നുന്നുവെങ്കില്‍ നല്ലത്. കാരണം ജീവിതം വെറും കുട്ടിക്കളിയല്ല എന്നെനിക്ക് മനസ്സിലായി. ഗൗരവമായ കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ സംഭവിക്കുമ്പോഴാണ് നമ്മളൊക്കെ ഗൗരവക്കാരായി മാറുന്നത്. ഞാനിപ്പോള്‍ കാര്യങ്ങളെ ഗൗരവത്തോടെ കാണാനാഗ്രഹിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഞാന്‍പോലും അറിയാതെ എന്തെങ്കിലും വായില്‍ നിന്ന് വീണാല്‍ അത് പ്രശ്‌നമാണ്. അതു പാടില്ല.

ഏതു വിഷമത്തിലും ആര്‍ക്കും താങ്ങായി ഒരാള്‍ ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. കാവ്യയുടെ കാര്യത്തില്‍ ആരുമുണ്ടായില്ലേ?

എന്റെ ജീവിതത്തില്‍ എല്ലാ നല്ല കാര്യങ്ങള്‍ക്കും എല്ലാ മോശം കാര്യങ്ങള്‍ക്കും ദൈവം തന്നെയാണ് കൂട്ടായി വന്നിട്ടുള്ളത്. ഞാനിപ്പോഴും ധൈര്യത്തോടെ ജീവിക്കുന്നു എന്നതുതന്നെ ദൈവമുള്ളതുകൊണ്ടാണ്. ദൈവം തന്നെയാണ് എന്നെ കല്യാണം കഴിപ്പിച്ചതും ഇപ്പോള്‍ അതില്‍ നിന്ന് മാറി ഇവിടെ ഇരിക്കാന്‍ കാരണമായതും. ഞാന്‍ ജീവിതത്തില്‍ ഇന്നേവരെ ആര്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. ഒരു അമ്പലത്തില്‍ പോയാല്‍പോലും ഞാനെന്റെ കാര്യത്തിനു മാത്രമായി പ്രാര്‍ഥിക്കാറില്ല. എല്ലാവര്‍ക്കും നല്ലതു വരുത്തണേ, ഞാന്‍ കാരണം മറ്റാര്‍ക്കും വിഷമങ്ങള്‍ ഉണ്ടാകരുതേ എന്നേ പ്രാര്‍ഥിക്കാറുള്ളൂ. എന്നിട്ടും എന്റെ അവസ്ഥ ഇങ്ങനെയായില്ലേ. പക്ഷേ, ദൈവം എന്തെങ്കിലുമൊക്കെ മുന്നില്‍ കാണാതെ നമുക്കൊരു ദുഃഖം വരുത്താറില്ലെന്ന് കേട്ടിട്ടുണ്ട്. എല്ലാം നല്ലതിനായിരിക്കാം. നാളെ ചിലപ്പോള്‍ സന്തോഷിക്കാനുള്ള ഒരു ചാന്‍സ് ദൈവം എനിക്കും തരുമായിരിക്കും.

അടുത്ത കാലത്ത് കാവ്യക്ക് സന്തോഷിക്കാനുള്ള ഒരു ചാന്‍സും ദൈവം തന്നിട്ടില്ലേ?

എന്റെ അവസ്ഥയില്‍ ഏറ്റവും കൂടുതല്‍ വേദനിച്ചത് എന്റെ ചേട്ടനാണ്. ഓരോ ദിവസവും ചേട്ടന്‍ വിളിച്ച് അമ്മയോട് പറയും, ''കുഞ്ഞീടെ മനസ്സ് വിഷമിപ്പിക്കാതെ നോക്കണം'' എന്ന്. ചേട്ടനായിരുന്നു എന്റെ കല്യാണത്തിന്റെ മൊത്തം കാര്യങ്ങളും നോക്കിനടത്തിയത്. വളരെക്കുറച്ച് ദിവസത്തെ ലീവിന് നാട്ടില്‍ വന്നിട്ടാണ് കല്യാണം ഗംഭീരമായി നടത്തിയത്. എന്നിട്ട് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതില്‍ ചേട്ടന് ഭയങ്കര വിഷമമായിരുന്നു. ഓസ്‌ട്രേലിയയില്‍ ജോലിക്കാര്യത്തിലും ചില ടെന്‍ഷനൊക്കെ ചേട്ടനുണ്ടായി. അതുകൂടിയായപ്പോള്‍ ഞങ്ങളാകെ തകര്‍ന്നുപോയി. ഇപ്പോള്‍ ചേട്ടന് ഫാഷന്‍ ഡിസൈനിങ്ങില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡഡ് ആയിട്ടുള്ള ഒരു കമ്പനിയില്‍ മാനേജരായിട്ട് ജോലി കിട്ടി. അതൊരു വലിയ ആശ്വാസമായി. ഞാനും അമ്മയും അച്ഛനും കുറച്ചു ദിവസം ഓസ്‌ട്രേലിയയില്‍ വന്നു നില്‍ക്കാനാണ് ചേട്ടന്‍ പറയുന്നത്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സിന്റെ' വര്‍ക്ക് നീളുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങോട്ട് പോകും.

ഇനി ചേട്ടന് കല്യാണം നോക്കാമല്ലോ?

ചേട്ടന് ഈ ജനവരിയില്‍ 28 വയസ്സാകും. കല്യാണം നോക്കിത്തുടങ്ങണം. ചേട്ടന്‍ പറയണത് ജോലിയൊക്കെ കിട്ടിയതല്ലേയുള്ളൂ, ഒന്ന് സെറ്റിലായിക്കോട്ടെ എന്നൊക്കെയാണ്. പക്ഷേ, ഞാന്‍ അമ്മയോടു പറഞ്ഞു, ''അതുപോര. ഇപ്പോഴേ ആലോചിച്ചു തുടങ്ങണം. എന്നിട്ട് അവര് തമ്മില്‍ സംസാരിക്കട്ടെ. അവര് പരിചയപ്പെടട്ടെ. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കുമോ എന്ന് അവര് തീരുമാനിക്കട്ടെ. നിങ്ങള്‍ ഇതില്‍ ഇടപെടരുത്.'' അങ്ങനെയൊക്കെ വേണം ഇക്കാലത്ത്. അല്ലാതെ പണ്ടത്തപ്പോലെ കല്യാണം കഴിഞ്ഞാല്‍ പിന്നെ എന്തും സഹിച്ചിട്ട്, അടി കിട്ടിയാല്‍ അതും സഹിച്ചിട്ട് ജീവിക്കുന്നോരല്ല ആരും. വീട്ടില് ഒന്നോ രണ്ടോ കുട്ടികളേ ഉണ്ടാവൂ. എല്ലാവരെയും അച്ഛനും അമ്മയും കൊഞ്ചിച്ച് വളര്‍ത്തുന്നതാണ്. അങ്ങനെ സ്‌നേഹം കിട്ടീട്ട് വളരുന്ന കുട്ട്യോള് അങ്ങനെയൊന്നുമല്ലാത്ത ഒരു സാഹചര്യത്തിലേക്ക് ചെന്ന് ചാടുമ്പോള്‍ വിഷമിച്ചുപോവും. ആത്മീയമായ ഏതെങ്കിലും മാര്‍ഗത്തിലൂടെ പോയാല്‍ മാത്രമേ മനസ്സിന് സമാധാനം കിട്ടൂ എന്നൊക്കെ എനിക്കും തോന്നിയിരുന്നു. പക്ഷേ, ദൈവം സഹായിച്ച് മനസ്സിന് നല്ല ശക്തി കിട്ടി.

കാവ്യ കോളേജില്‍ പഠിച്ചിട്ടില്ല എന്നത് കുടുംബജീവിതത്തില്‍ പോരായ്മയായി തോന്നിയോ?

ഒരിക്കലുമില്ല. ഒരുപക്ഷേ, വലിയ പഠിപ്പൊക്കെയുള്ള ഒരാളേക്കാള്‍ കാര്യവിവരത്തോടെ സംസാരിക്കാന്‍ എനിക്കു പറ്റുന്നുണ്ട്. അത് ചിലപ്പോള്‍ ഒരുപാട് ആളുകളുമായി സംസാരിച്ച് കിട്ടുന്ന അറിവുകൊണ്ടായിരിക്കാം. ഞാന്‍ ഒരു കലാകാരിയാണ്. അനുഭവങ്ങളില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. ഇനി സിനിമയിലാണെങ്കില്‍ എന്നേക്കാള്‍ പ്രായമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചതിലധികവും. സദാനന്ദന്റെ സമയത്തില്‍ അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയായി അഭിനയിച്ചു. ശരിക്കും ഒരു അമ്മയുടെ ഫീല്‍ എനിക്കുണ്ടായിരുന്നു ലൊക്കേഷനിലൊക്കെ. ആ കുട്ടിയെന്നെ 'അമ്മേ' എന്നാണ് വിളിച്ചിരുന്നത്. അതൊന്നും കോളേജില്‍ പഠിച്ചാല്‍ കിട്ടുന്ന അനുഭവങ്ങളല്ലല്ലോ.

കാവ്യയുടെ കല്യാണം മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയായിരുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകളും വാര്‍ത്തയായി. ഇപ്പോള്‍ സിനിമയിലേക്കുള്ള തിരിച്ചുവരവും വാര്‍ത്തയാകുന്നു. മാധ്യമങ്ങളുടെ ഈ രീതി ഒരുതരത്തില്‍ വേദനയുണ്ടാക്കിയിട്ടില്ലേ?

ആരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരുപാട് ചാനലുകളുണ്ട്, പത്രമാസികകളുണ്ട്. ഓരോരുത്തര്‍ക്കും വാര്‍ത്ത ആദ്യം കൊടുക്കണമെന്ന വാശിയാണ്. ഇതിനിടയ്ക്ക് വ്യക്തിപരമായ ബന്ധങ്ങള്‍ക്കൊന്നും വിലയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ ജീവിതമാണ് അശ്രദ്ധമായി എഴുതി മോശമാക്കുന്നതെന്ന് ചില മാധ്യമങ്ങളെങ്കിലും ഓര്‍ത്തില്ല എന്ന സങ്കടം തോന്നിയിട്ടുണ്ട്. ഒരു പത്രമെഴുതി: കാവ്യ ആത്മഹത്യക്കൊരുങ്ങി, എറണാകുളത്ത് സ്വകാര്യ ആസ്​പത്രിയില്‍ ചികിത്സയിലാണ് എന്നൊക്കെ. ആസപ്ത്രിയിലെ വ്യാജ റൂം നമ്പര്‍ വരെ കൊടുത്തിരുന്നു. ഇങ്ങനെയൊക്കെ എഴുതിയാല്‍ ചിലരെങ്കിലും വിശ്വസിക്കില്ലേ? എന്റെ ജീവിതത്തില്‍ ഇങ്ങനെയുള്ള അനുഭവങ്ങളൊക്കെ ആദ്യമായിട്ടായിരുന്നു.

ജീവിതാനുഭവങ്ങള്‍ മാറ്റിയതാകാം, ഒരു പുതിയ കാവ്യയെയാണ് സംസാരത്തിലുടനീളം കണ്ടത്. പലപ്പോഴും അവരുടെ വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞു. എന്നിട്ടും ഒരിക്കല്‍പോലും ആരേയും കുറ്റപ്പെടുത്തിയില്ല അവര്‍. എല്ലാം തന്റെ വിധിയെന്ന് ആശ്വസിക്കുമ്പോഴും നാളെ ദൈവം തനിക്കും സന്തോഷിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷ കൈവിടാതെ അവര്‍ പറയുന്നു.
ഓര്‍ക്കുക ഹാര്‍ട്ട് അറ്റാക്ക് ഒഴിവാക്കാം

 

ഹൃദയാഘാതം വരാതിരിക്കാന്‍ എന്തൊക്കെ മുന്‍കരുതല്‍? വന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജി. വിജയരാഘവന്‍ (കിംസ്, തിരുവനന്തപുരം) വിശദീകരിക്കുന്നു...

ഒരു തവണ ഹൃദയാഘാതം വന്നാല്‍ ജീവിതം തീര്‍ന്നു എന്നു കരുതുന്നവരാണ് പലരും. 'ഇനി എത്ര കാലം ഞാന്‍ ജീവിച്ചിരിക്കും ഡോക്ടര്‍?' എന്നാണ് രോഗികള്‍ ആദ്യം ചോദിക്കുക. രോഗം ഭേദമായി സാധാരണ ജീവിതം നയിക്കുന്നവരേയും ആരും വെറുതെ വിടില്ല, 'എത്രാമത്തെ അറ്റാക്കായിരുന്നു?'. ഒന്നാമത്തെ എന്നു പറഞ്ഞാല്‍ ഉടന്‍ പറയും 'അപ്പോള്‍ ഇനി രണ്ടു ചാന്‍സുകൂടിയുണ്ട്.' എന്നാല്‍ ഇതൊന്നുമല്ല കാര്യം. ഹൃദയത്തിന് ഏതുതരത്തിലുള്ള ആഘാതം വന്നാലും ജീവിതചിട്ടയും കൃത്യമായി മരുന്നു കഴിക്കാനുമുള്ള സന്മനസുമുണ്ടെങ്കില്‍ ആര്‍ക്കും ഈ രോഗാവസ്ഥയെ മറികടക്കാന്‍ കഴിയും.

എന്റെ ചികിത്സാനുഭവങ്ങളില്‍ നിന്ന് ഒരു കഥ പറയാം. 1976ലാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ പ്രവേശിച്ച കാലം. അതുവരെ ഞാന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജിലായിരുന്നു. ഒരു ദിവസം തിരുവനന്തപുരത്തുകാരനായ ഒരു ഡോക്ടര്‍ എന്നെ കാണാന്‍ വന്നു. 38 വയസ്സേയുള്ളൂ പുള്ളിക്ക്. കാഴ്ചയില്‍ നല്ല ആരോഗ്യവാന്‍. രണ്ട് നാള്‍ മുമ്പ് വളരെ ഗുരുതരമായ ഒരു ഹാര്‍ട്ട് അറ്റാക്ക് വന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാനദ്ദേഹത്തെ വിശദമായി പരിശോധിച്ചു. ഹൃദയത്തിന്റെ ഒരു ഭാഗം മുഴുവനായി തകര്‍ന്നുപോയിരിക്കുന്നു. രക്തസമ്മര്‍ദ്ദവും ഭീകരമാംവിധം കുറവ്. ശ്വാസംമുട്ടലും ഉണ്ട്. പത്ത് ദിവസം ഐ.സി.യു.വില്‍ കിടത്തി ചികിത്സിച്ചു. കാര്യമായ പുരോഗതി ഉണ്ടായി. എങ്കിലും എനിക്ക് വിശ്വാസക്കുറവ് തോന്നി, 'ഇത്രയും സാരമായ അറ്റാക്ക് വന്ന ഒരാളെ എത്രനാള്‍ നമുക്ക് കൊണ്ടുപോകാന്‍ പറ്റും?' അന്ന് ആഞ്ചിയോഗ്രാമോ, ബൈപാസ് സര്‍ജറിയോ ആഞ്ചിയോപ്ലാസ്റ്റിയോ ഇല്ലാത്ത കാലമാണ്.

എന്നാല്‍ ആഹാരത്തിലും വ്യായാമത്തിലും മരുന്നു കഴിക്കുന്ന കാര്യത്തിലും ചിട്ടകളൊക്കെ കൃത്യമായി പാലിച്ചപ്പോള്‍ അദ്ദേഹം അപകടസ്ഥിതിയില്‍ നിന്ന് മെല്ലെമെല്ലെ പുറത്തുവന്നു. 1980ലാണ് എക്കോമെഷീന്‍ ആദ്യമായി കേരളത്തില്‍ വരുന്നത്, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍. ഞാന്‍ ഡോക്ടറെ വരുത്തി എക്കോ പരിശോധിച്ചു. ഹാര്‍ട്ട് മസിലൊക്കെ നശിച്ച് പോയിരുന്നു. 30 ശതമാനത്തില്‍ താഴെ മാത്രമാണ് പമ്പിങ്. മാനസികമായി ഒരാള്‍ വേദനിക്കുന്നത് ചികിത്സയെ ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ഞാനദ്ദേഹത്തോട് ഇക്കാര്യമൊന്നും പറഞ്ഞില്ല.

1984വരെ മരുന്നിന്റേയും ജീവിതചിട്ടയുടേയും കരുത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയി. 84-ല്‍ ഹൃദയമിടിപ്പ് 160 വരെ ഉയര്‍ന്ന അവസ്ഥയില്‍ അദ്ദേഹം എന്റെയടുത്ത് വന്നു. ഇത്തവണ എനിക്കൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഇന്ത്യയില്‍ ഇറങ്ങിയ ഒരു മരുന്ന് - അമിയോഡെറോണ്‍ - കൊടുത്തപ്പോള്‍ ഹൃദയമിടിപ്പ് സാധാരണ അവസ്ഥയിലെത്തി. അപകടസ്ഥിതിയാണെന്ന് നമ്മള്‍ കരുതുന്ന പല സാഹചര്യവും അങ്ങനെയല്ലെന്ന് എനിക്ക് ബോധ്യമായി.

1993-ല്‍ ഞാന്‍ വിദേശയാത്രയിലായിരുന്ന വേളയില്‍ പുലര്‍ച്ചെ നാട്ടില്‍ നിന്നൊരു ഫോണ്‍കോള്‍. ഡോക്ടറുടെ മകനാണ്, 'അച്ഛന്‍ വളരെ ഗുരുതരാവസ്ഥയിലാണ്. ഓപ്പറേഷന്‍ ഉടനെ വേണമെന്ന് പരിശോധിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു.' ഞാനുടന്‍ നാട്ടിലേക്ക് തിരിച്ചു. ആഞ്ചിയോഗ്രാം വന്ന കാലമാണ്. ആഞ്ചിയോഗ്രാം ചെയ്തു. ഒരു കാര്യം വ്യക്തമായി. ഓപ്പറേഷന്‍ ചെയ്യുകയാണെങ്കില്‍ രോഗി ടേബിളില്‍ വെച്ചേ മരിക്കും. കാരണം ആവശ്യത്തിന് ഹൃദയപേശികള്‍ ഇല്ല. അത് ശരിയാക്കി എടുക്കാമെന്നുവെച്ചാല്‍ ഹൃദയത്തിലേക്കുള്ള മൂന്ന് രക്തക്കുഴലുകളില്‍ ഒന്ന് അടഞ്ഞിരിക്കുന്നു. അടവുള്ള കുഴലിന് പേശികളൊന്നും ബാക്കിയില്ല. അതിന്റെ ബ്ലോക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടമാണ്. ഹൃദയപേശികള്‍ക്ക് ഉത്തേജനം കൊടുക്കുന്നതരം മരുന്ന് നല്‍കി. അത് വിജയമായിരുന്നു. പുള്ളിക്കാരന്‍ വീണ്ടും ഉഷാറായി. അതിനുശേഷവും പലതവണ ഓരോരോ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് വന്നു. വിളര്‍ച്ച ബാധിച്ചു, രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു, ഒരിക്കല്‍ കടുത്ത മലേറിയ വന്നു. എല്ലാം അദ്ദേഹം തരണം ചെയ്തു.

ഇപ്പോള്‍ അദ്ദേഹത്തിന് 71 വയസ്സായി. പ്രാക്ടീസ് മുടക്കിയിട്ടില്ല. രണ്ടു തവണ വിദേശയാത്ര നടത്തി. ദൈനംദിന ജീവിതത്തിലെ ഒരാവശ്യവും രോഗകാരണം പറഞ്ഞ് അദ്ദേഹം മുടക്കാറില്ല. മാനസികമായ ധൈര്യവും ചിട്ടയായ ജീവിതശൈലിയും വ്യായാമത്തിലും മരുന്നു കഴിക്കുന്നതിലും കാണിച്ച കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തിന് ആയുസ്സ് നീട്ടിക്കൊടുത്തത്. ബൈപാസ് സര്‍ജറിയോ ആഞ്ചിയോപ്ലാസ്റ്റിയോ ഇതുവരെ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹം ജീവിക്കുന്നു. ഹാര്‍ട്ട് അറ്റാക്ക് ജീവിതാവസാനമല്ല എന്നതിന് ഉദാഹരണമായി ഞാനീകഥ എന്റെ രോഗികളോടെല്ലാം പറയാറുണ്ട്.

ഹാര്‍ട്ട് അറ്റാക്ക് എങ്ങനെ

ഹാര്‍ട്ട് അറ്റാക്കിന്റെ വേദന പലരിലും പലതരത്തിലാണ് ഉണ്ടാവുക. 15 മിനുട്ടില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നെഞ്ചുവേദനയെ ഹൃദയാഘാതത്തിന്റെ വേദനയായി കാണാം. അങ്ങനെയെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക. ആദ്യത്തെ ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ചികി ത്സ നല്‍കാനായാല്‍ അസുഖത്തിന്റെ തീവ്രത വളരെ കുറയ്ക്കാന്‍ കഴിയും.

ഹൃദയാഘാതത്തിന്റെ വേദനയും ഗ്യാസ് പ്രശ്‌നം മൂലമുള്ള വേദനയും തിരിച്ചറിയാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്‌നം. ചിലര്‍ക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ഗ്യാസ് എന്ന് തെറ്റിദ്ധരിക്കുന്നതിന് കാരണമിതാണ്. വേദന തിരിച്ചറിയാന്‍ ഒരു എളുപ്പവഴിയുണ്ട്. വേദന വരുന്ന ആള്‍ക്ക് കിടക്കുമ്പോഴാണ് കൂടുതല്‍ ആശ്വാസം തോന്നുന്നത് എങ്കില്‍ അത് ഗ്യാസ്ട്രബിളിന്റെ ലക്ഷണമാണ്. ഇരിക്കുമ്പോഴാണ് വേദനക്ക് ആശ്വാസം തോന്നുന്നതെങ്കില്‍ അത് ഹൃദയാഘാതമാകാന്‍ ഇടയുണ്ട്. അമ്പതു ശതമാനം രോഗികളിലും നെഞ്ചുവേദനയോടൊപ്പം ഓക്കാനവും ഛര്‍ദിയും ഉണ്ടാകാറുണ്ട്. നന്നായി വിയര്‍ക്കുക, നെഞ്ചിടിപ്പ് കൂടുക, ശ്വാസംമുട്ടല്‍, വയറിളക്കം, തളര്‍ച്ച, തലകറക്കം തുടങ്ങിയ ലക്ഷണങ്ങള്‍ ചിലര്‍ക്ക് ഉണ്ടാകാറുണ്ട്.

ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയേ ഉണ്ടാകാത്ത അവസ്ഥയും കാണാറുണ്ട്. 'സൈലന്റ് അറ്റാക്ക്' എന്നാണിത് അറിയപ്പെടുന്നത്. പ്രമേഹമുള്ളവരിലാണ് ഇതിന് കൂടുതല്‍ സാധ്യത. പ്രമേഹമുള്ളവരില്‍ ഞരമ്പുകളുടെ സംവേദനശേഷി നശിച്ചുപോകാനിടയുണ്ട്. അതുകൊണ്ട് ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോവുകയാണ് ചെയ്യുന്നത്.

ഹൃദയാഘാതം വരാനുള്ള സാധ്യത ലക്ഷണങ്ങളിലൂടെ കണ്ടെത്താന്‍ പ്രയാസമാണ്. എങ്കിലും നടക്കുമ്പോള്‍ നെഞ്ചില്‍ വേദന തോന്നുകയോ, കയറ്റം കയറുമ്പോഴും സ്​പീഡില്‍ നടക്കുമ്പോഴും അമിതമായി കിതയ്ക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്താലോ ഹൃദയാഘാതത്തിന്റെ ലക്ഷണമായി എടുക്കാം.

ഹൃദ്രോഗം വന്നാല്‍

ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം നല്‍കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദ്രോഗത്തിന് കാരണം. ഹൃദ്രോഗത്തിന് കാരണങ്ങള്‍ പലതുണ്ട്. എങ്കിലും കൊളസ്‌ട്രോള്‍ നിയന്ത്രിച്ചാല്‍ ഹൃദയത്തെ ബാധിക്കുന്ന
പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കാം. എന്നാല്‍ എല്ലാ കൊഴുപ്പും കൊളസ്‌ട്രോളല്ല. ശരീരത്തിലെ പലതരം കൊഴുപ്പുകളില്‍ ഒരിനം മാത്രമാണ് കൊളസ്‌ട്രോള്‍. ക്രമത്തിലധികമായി വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പ്രശ്‌നമാകുന്നത് കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പാണ്. പ്രത്യേക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെങ്കില്‍ മൊത്തം കൊളസ്‌ട്രോള്‍ 200-ല്‍ താഴെയാകണം. ഹൃദയാഘാതം വന്ന ഒരാള്‍ക്കാണെങ്കില്‍ 160ല്‍ കൂടാന്‍ പാടില്ല. ചീത്ത കൊളസ്‌ട്രോള്‍ (ഘഉഘ) ആണ് രക്തക്കുഴലുകളില്‍ പോയി നിക്ഷേപിക്കപ്പെടുന്നത്. ഇതിന്റെ അളവ് 130-ല്‍ കുറവായിരിക്കണം. ഹൃദയത്തിന് അസുഖമുള്ളവര്‍ക്ക് ഇത് 70ല്‍ താഴെയാകണം. ഒരുപാട് താഴ്ന്നാലും കുഴപ്പമില്ല. ഹൃദയത്തിന് അസുഖമില്ലാത്തവരാണ്, എന്നാല്‍ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഹൃദ്രോഗമുണ്ട് എങ്കില്‍ ഇത് നൂറില്‍ കൂടാതെ നോക്കണം. നല്ല കൊളസ്‌ട്രോള്‍ (ഒഉഘ) എത്ര കൂടുന്നുവോ അത്രയും നല്ലത്. ഇത് 50ല്‍ കൂടുതലെങ്കിലും വേണം. ഹൃദ്രോഗകാരണങ്ങളില്‍ എളുപ്പം കണ്ടുപിടിക്കാനും നിയന്ത്രിക്കാനും കഴിയുന്ന പ്രശ്‌നമാണ് കൊളസ്‌ട്രോള്‍.

കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് കണ്ടാല്‍ ഉടന്‍ കുറച്ചുകളയാമെന്ന് വിചാരിച്ച് മരുന്ന് വാങ്ങി കഴിക്കുന്നത് നല്ലതല്ല. വ്യായാമം ശീലിക്കുക, നാരുള്ള ഭക്ഷണം സ്ഥിരമായി കഴിക്കുക, വറുത്തതും പൊരിച്ചതുമായ ആഹാരം ഒഴിവാക്കുക എന്നിവവഴി തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാവുന്നതേയുള്ളൂ. ദിവസം രണ്ട് ഗ്ലാസ് (12 ഔണ്‍സ്) റെഡ് വൈന്‍ കഴിക്കുന്നത് രക്തക്കുഴലില്‍ കൊഴുപ്പടിയാതിരിക്കുന്നതിന് സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നായി മദ്യത്തെ കാണരുത്.

വ്യായാമം എങ്ങനെ

ചിട്ടയായ വ്യായാമമാണ് ഒരു ഹൃദ്രോഗിയുടെ ജീവന്‍ എത്ര കാലത്തേക്കുകൂടി എന്ന് തീരുമാനിക്കുന്നത്. ഹൃദ്രോഗികള്‍ കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കണം. ശരീരത്തിന് പ്രത്യേകിച്ച് ക്ഷീണമൊന്നും തോന്നുന്നില്ലെങ്കില്‍ ദിവസവും അര മണിക്കൂര്‍ നടക്കാം. സമയമില്ലാത്തവര്‍ ജോലി കഴിഞ്ഞു വരുമ്പോള്‍ രണ്ട് സ്‌റ്റോപ്പ് മുമ്പേ ഇറങ്ങി നടക്കുക. ധ്യാനം, യോഗ എന്നിവയും ഗുണം ചെയ്യും. കൂടുതല്‍ നിലകളുള്ള കെട്ടിടത്തില്‍ ലിഫ്റ്റ് ഒഴിവാക്കി പടികള്‍ കയറുന്നത് ദോഷമേ ഉണ്ടാക്കൂ. എന്നാല്‍ ഒന്നോ രണ്ടോ നിലയുള്ള കെട്ടിടമാണെങ്കില്‍ പടികള്‍ കയറുന്നതും നല്ല വ്യായാമമാണ്. പ്രമേഹമുള്ളവരും അമിതരക്തസമ്മര്‍ദമുള്ളവരും ഡോക്ടറുടെ നിര്‍ദേശപ്രകാരമേ വ്യായാമം ചെയ്യാവൂ.

ലൈംഗികത എപ്പോള്‍

പങ്കാളികളിലൊരാള്‍ക്ക് ഹൃദ്രോഗമുണ്ടെങ്കില്‍ സെക്‌സ് വേണ്ടെന്ന് തീരുമാനിക്കുന്ന ദമ്പതിമാരുണ്ട്. കാരണം ലൈംഗികമായി ബന്ധപ്പെടുന്ന സമയത്ത് ഹൃദയമിടിപ്പിന്റെ നിരക്കും ബി.പി.യും കൂടും. ഇത് ഹൃദയത്തിന് പ്രശ്‌നമാകുമോ എന്ന ആശങ്കയാണ് അവര്‍ക്ക്. ഹൃദയാഘാതമോ ഹൃദയശസ്ത്രക്രിയയോ കഴിഞ്ഞയാളാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് സെക്‌സ് തുടരാവുന്നതാണ്.സാധാരണ ഹൃദയാഘാതത്തിന് മൂന്നാഴ്ചക്ക് ശേഷം സ ുഖകരമായ ലൈംഗികജീവിതം സാധ്യമാകാറുണ്ട്.ലൈംഗികബന്ധത്തിനിടയില്‍ നെഞ്ചുവേദന തോന്നുന്നുണ്ടെങ്കില്‍ ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരുന്നുണ്ട് എന്ന് മനസ്സിലാക്കാം. ഈ സമയത്തെ വേദന അവഗണിക്കരുത്. സെക്‌സിനുശേഷം അമിതക്ഷീണം തോന്നുന്നുണ്ടെങ്കിലും ഡോക്ടറോട് വിവരം പറയണം.

കുടവയറും ഹൃദയാഘാതവും

അരവണ്ണം നോക്കി ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്ന് പ്രവചിക്കാന്‍ കഴിയുമെന്ന് പറയാറുണ്ട്. ഇത് കുറച്ചെങ്കിലും ശരിയാണ്. കാരണം കുടവയറും ഹാര്‍ട്ട് അറ്റാക്കും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കേരളത്തിലെ പതിനായിരം പേരില്‍ ഞാനൊരു പഠനം നടത്തി. ഇതില്‍ കണ്ടത് അമിതവണ്ണമുള്ളവര്‍ 12 ശതമാനം പേരേ ഉള്ളൂ. പക്ഷേ, കുടവയര്‍ 30 ശതമാനം പേര്‍ക്കുണ്ട്. കുടവയര്‍ വരുന്നത് അമിതവണ്ണം കൊണ്ട് മാത്രമല്ല. പ്രയോജനമില്ലാത്തതരം ഇന്‍സുലിന്‍ ശരീരത്തില്‍ കൂടുമ്പോള്‍ അതിന്റെ ഭാഗമായി വയറ്റില്‍ കൊഴുപ്പടിയുന്നതുകൊണ്ടാണ് കുടവയര്‍ ഉണ്ടാകുന്നത്. അത് ഹൃദയാഘാതത്തിന് വളരെയധികം കാരണമാകും.

രക്തസമ്മര്‍ദവും ഹൃദയാഘാതവും

രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാതെ വിട്ടാല്‍ അത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും. ബി.പി. കൂടുന്നത് രക്തപ്രവാഹത്തെ ബാധിക്കും. ഇത് ഹാര്‍ട്ട് അറ്റാക്കിന് കാരണമാണ്. അമിതരക്തസമ്മര്‍ദം തുടക്കത്തില്‍ തന്നെ കണ്ടെത്താനായാല്‍ മരുന്നില്ലാതെ തന്നെ നിയന്ത്രിക്കാം. വ്യായാമക്കുറവ്, തെറ്റായ ഭക്ഷണക്രമം, കൊഴുപ്പിന്റെ ആധിക്യം, മാനസികസമ്മര്‍ദം, ശരീരമനങ്ങാത്ത ജീവിതരീതി എന്നിവയൊക്കെ രക്തസമ്മര്‍ദം കൂടാന്‍ ഇടയാക്കുന്നു. ഏതു പ്രായക്കാരായാലും 120-80 ആണ് നോര്‍മല്‍ ബി.പി. ബി.പി. ഈ അളവില്‍ നിയന്ത്രിച്ചു നിര്‍ത്തുകായണെങ്കില്‍ ഹൃദയാഘാതം വരുന്നത് ഒരുപരിധിവരെ തടയാന്‍ കഴിയും. ബി.പി. 140-90ല്‍ കൂടുന്നത് അപകടമാണ്. പ്രമേഹമുള്ളവരാണെങ്കില്‍ 130-80 തന്നെ പേടിക്കേണ്ട അവസ്ഥയാണ്.

പരിശോധനകള്‍ മുടക്കരുത്

ഹാര്‍ട്ട് അറ്റാക്ക് വന്ന് ഭേദമായവര്‍ വര്‍ഷത്തിലൊരിക്കല്‍ ഫുള്‍ ചെക്കപ്പ് നടത്തണം. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളവരാണെങ്കില്‍ മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കപ്പ് നടത്തണം. ഹൃദയസംബന്ധമായ ആസുഖങ്ങള്‍ ഉള്ളവര്‍ രണ്ട് മാസത്തിലൊരിക്കല്‍ ചെക്കപ്പ് ആവാം. വര്‍ഷത്തിലൊരിക്കല്‍ ട്രെഡ്മില്‍ ടെസ്റ്റ് നടത്തുന്നത് എല്ലാവര്‍ക്കും നല്ലതാണ്. ട്രെഡ്മില്ലില്‍ നടക്കുമ്പോള്‍ ആവരുടെ ആരോഗ്യസ്ഥിതി മെഷീന്‍ രേഖപ്പെടുത്തുന്ന ടെസ്റ്റാണിത്.

ഹൃദ്രോഗികള്‍ ശ്രദ്ധിക്കേണ്ടത്


ദിവസവും ഒരു മണിക്കൂര്‍ നടക്കുക.

ആഹാരം കഴിച്ചു കഴിഞ്ഞാല്‍ അല്പസമയം വിശ്രമിക്കണം. ലളിതമായ ഭക്ഷണമേ കഴിക്കാവൂ.

അഞ്ച് കിലോയില്‍ കൂടുതല്‍ ഭാരം വഹിക്കരുത്.

ദിവസവും രാത്രി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണം

വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കരുത്. വെണ്ണ, നെയ്യ്്, ഡാല്‍ഡ, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍ എന്നിവ പരമാവധി കുറച്ച് ഉപയോഗിക്കുക.

മട്ടണ്‍, ബീഫ്, പോര്‍ക്ക് ഇറച്ചി കഴിക്കാതിരിക്കുക. മീനോ തൊലി കളഞ്ഞ കോഴിയിറച്ചിയോ മിതമായി കഴിക്കാം.

കിഴങ്ങല്ലാത്ത മലക്കറികള്‍ ധാരാളം കഴിക്കാം.

ആവശ്യത്തിന് വെള്ളം കുടിക്കണം.

കിതപ്പുണ്ടാകുന്ന ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കുക.

പ്രമേഹമില്ലെങ്കില്‍ മൂന്ന് നാല് തവണയായി പഴവര്‍ഗങ്ങള്‍ കഴിക്കാം.

അസുഖത്തിന് കുറവുണ്ടെന്ന് കരുതി മരുന്നു കഴിക്കുന്നതില്‍ വീഴ്ച വരുത്തരുത്.

ഈ നമ്പറുകള്‍ ശ്രദ്ധിക്കുക

മൊത്തം കൊളസ്‌ട്രോള്‍ 200mgയില്‍ കുറവായിരിക്കണം.

ചീത്ത കൊളസ്‌ട്രോള്‍ (LDL) - 130mg-യില്‍ കുറവ്

നല്ല കൊളസ്‌ട്രോള്‍ (HDL) - സ്ത്രീകള്‍ക്ക് 50ാഴ-യില്‍ കൂടുതല്‍

- പുരുഷന്മാര്‍ക്ക് 40mg-യില്‍ കൂടുതല്‍
ഷുഗര്‍ - 100 mgയില്‍ കുറവ്

രക്തസമ്മര്‍ദം
പൂര്‍ണആരോഗ്യമുള്ള ആള്‍ക്ക് -120/80
അരവണ്ണം - സ്ത്രീകള്‍ക്ക് 90 cm-ല്‍ കുറവ്

-പുരുഷന് 100 cm--ല്‍ കുറവ്

(കുടുംബത്തില്‍ ഹൃദ്രോഗികള്‍ ഉണ്ടെങ്കില്‍ ആകെ കൊളസ്‌ട്രോളിന്റെ അളവ് 160ല്‍ താഴെയും ഘഉഘ-ന്റെ അളവ് 70ല്‍ താഴെയും നിലനിര്‍ത്തുന്നതാണ് നല്ലത്)

 

കുഞ്ഞിക്കുടവയറിലെന്തുണ്ട്‌

 

ചിരിച്ച് തള്ളാനുള്ള വിഷയമല്ല കുട്ടികളിലെ വയര്‍ ചാടല്‍. അപകടകരമായ പല രോഗങ്ങള്‍ക്കും ഇതിടയാക്കാം...

അഞ്ചാം ക്ലാസുകാരി മീനുവിനെ സ്‌കൂളിലേക്ക് ഒരുക്കിവിടുന്നതിനിടയില്‍ അമ്മ കളിയാക്കും. ''ദേ, നിനക്കൊരു കുഞ്ഞിക്കുമ്പയുണ്ടല്ലോ മീനൂ'' എന്ന്....

''ഓ, എന്റെ ഫ്രണ്ട്‌സിനെല്ലാം വയറ് ചാടിയിട്ടാണമ്മേ, എനിക്ക് മാത്രമല്ല''- എന്നാണ് മീനു തിരിച്ചടിക്കുക. മീനുവിനെപ്പോലെ അധികം വണ്ണമില്ലാത്ത കുട്ടികളില്‍പോലും ഇക്കാലത്ത് അടിവയര്‍ ചാടിക്കാണുന്നു.

ഇത് അനാരോഗ്യകരവും കാഴ്ചയ്ക്ക് അഭംഗിയുമാണ്.

പഴയപോലെ ഇന്നത്തെ കുട്ടികളാരും ഓടിക്കളിച്ച് വിയര്‍ക്കാറില്ല. പകരം വൈകീട്ട് സ്‌കൂള്‍ വിട്ടെത്തിയാല്‍ സോഫയില്‍ ചടഞ്ഞിരുന്ന് ടിവി കാണുന്നു. അമ്മ ഭക്ഷണവുമായി വന്നാല്‍ സ്‌ക്രീനില്‍നിന്നും കണ്ണെടുക്കാതെ പ്ലേറ്റ് വാങ്ങി കഴിക്കും. അത് മണിക്കൂറുകള്‍ നീണ്ടേക്കും ചിലപ്പോള്‍. കുട്ടികളെ വീട്ടിനുള്ളില്‍ തളച്ചിടുന്ന വില്ലന്മാര്‍ വേറേയുമുണ്ട്. കംപ്യൂട്ടര്‍, വീഡിയോ ഗെയിമുകള്‍... കുട്ടികള്‍ കഴിക്കുന്ന ഭക്ഷണമോ? അതും അത്ര ആരോഗ്യകരമല്ല. പിസ, ബര്‍ഗ്ഗര്‍, കട്‌ലറ്റ് അല്ലെങ്കില്‍ റെഡിമെയ്ഡ് സ്‌നാക്‌സ് ആണ് മിക്കവരുടേയും പ്രിയ ഭക്ഷണം. ഇവ ഉയര്‍ന്ന അളവില്‍ അന്നജവും കൊഴുപ്പും അടങ്ങിയവയാണ്. ശരീരത്തിലേക്ക് കൂടുതല്‍ കലോറി എത്തിക്കുന്നു. അത് ശരീരഭാരം കൂട്ടുന്നു.

കംപ്യൂട്ടര്‍ ഗെയിം കളിക്കുമ്പോഴും ടിവി കാണുമ്പോഴും കുട്ടികള്‍ അറിയാതെ ആവശ്യത്തില്‍ കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുന്നു. ശരീരം ചലിക്കാതെ ഒരേ ഇരുപ്പില്‍ മണിക്കൂറുകളോളമാണ് കഴിക്കുന്നത്. ഒപ്പം അമിതഭക്ഷണവും അകത്തെത്തുന്നു. ഇതാണ് അടിവയര്‍ ചാടാനുള്ള പ്രധാന കാരണം. ടി.വി.-കംപ്യൂട്ടര്‍ ഗെയിം എന്നിവ കാണാനുള്ള സമയം സാധാരണ ദിവസം ഒരു മണിക്കൂറിലധികം അനുവദിക്കേണ്ട.

രോഗങ്ങളിലേക്കുള്ള വഴി

ശരീരത്തിലെ അമിതമായ കൊഴുപ്പ് പലതരം ഹോര്‍മോണുകളേയും രാസവസ്തുക്കളേയും ഉത്പാദിപ്പിക്കുന്നു. ഈ രാസവസ്തുക്കളാണ് രോഗങ്ങള്‍ക്കിടയാക്കുന്നത്.

ഹൃദയം, കരള്‍, പാന്‍ക്രിയാസ്, കിഡ്‌നി എന്നീ പ്രധാന അവയവങ്ങളെല്ലാം രോഗാതുരമാവുന്നു. കരളില്‍ കൊഴുപ്പടിഞ്ഞ് 'ഫാറ്റി ലിവര്‍' എന്ന രോഗാവസ്ഥ വരാം. രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങളും വരുന്നു. കിഡ്‌നിയില്‍ രക്തസമ്മര്‍ദ്ദം ഉയരുന്നു. മേല്‍പ്പറഞ്ഞ രാസവസ്തുക്കളാണ് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെ താളം തെറ്റിച്ച് കുട്ടികളില്‍ പ്രമേഹമുണ്ടാക്കുന്നത്.

പെണ്‍കുട്ടികള്‍ ശ്രദ്ധിക്കണം
വീട്ടിലായാലും സ്‌കൂളിലായാലും 'അടങ്ങിയൊതുങ്ങിയും' സാവധാനത്തിലുമാണ് പെണ്‍കുട്ടികളുടെ ശാരീരിക ചലനങ്ങള്‍. ഓടിച്ചാടിയുള്ള കളികള്‍ അവര്‍ക്കിടയില്‍ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷണത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളുടെ അതേ രീതിയാണ്. ഇത് അടിവയര്‍ ചാട്ടം പെണ്‍കുട്ടികളില്‍ കൂടുതലായി കാണാനിടയാക്കുന്നു.

അടിവയര്‍ ചാടുന്നത്
പെണ്‍കുട്ടികളിലെ സ്വാഭാവികമായ ലൈംഗിക വളര്‍ച്ചയെ മാറ്റിമറിക്കുന്നു. ഇതുമൂലം ആര്‍ത്തവചക്രം വളരെ നേരത്തെയോ വളരെ വൈകിയോ തീരെ ഇല്ലാതെയോ വരുന്നു. കൊച്ചുപെണ്‍കുട്ടികളിലെ അടിവയര്‍ ചാട്ടം 'പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്' എന്ന രോഗാവസ്ഥയുണ്ടാക്കാം. ഇത് ഭാവിയില്‍ വന്ധ്യതയ്ക്ക് കാരണമാവാം.

വിശക്കുമ്പോള്‍ മാത്രം ഭക്ഷണം

കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുന്നത് ശരിയല്ല. വിശപ്പിനനുസരിച്ച് കഴിക്കാന്‍ അവരെ അനുവദിക്കുക. ആരോഗ്യകരമായ ഭക്ഷണം മാത്രം നല്‍കുക. നാരുകള്‍ അടങ്ങിയ ഓട്‌സ്, ബാര്‍ലി, മുത്താറി, തവിടുള്ള അരി, പയര്‍, പരിപ്പ് എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക. പ്രോട്ടീനുള്ള മുട്ട, പാല്, മത്സ്യം എന്നിവ നല്ലത്. എന്നുമുള്ള ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറിയും എന്തായാലും വേണം.രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പാട നീക്കിയ പാലാണ് ഉത്തമം.

ആരോഗ്യപാചകം
പാചകം ചെയ്യുമ്പോള്‍ എണ്ണ കുറച്ച് ഉപയോഗിക്കുക. പൂരിത കൊഴുപ്പ് കുറഞ്ഞ എണ്ണകള്‍, ഒലിവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവയാണ് നല്ലത്. വെളിച്ചെണ്ണയാണെങ്കില്‍ അളവ് കുറച്ച് ഉപയോഗിച്ചാല്‍ മതിയാവും. ബേക്കറി പലഹാരങ്ങളും റെഡിമെയ്ഡ് സ്‌നാക്‌സും അധികം നല്‍കേണ്ട. മത്സ്യമാംസ്യങ്ങള്‍ വറുത്തെടുത്ത എണ്ണ ഒരിക്കലും വീണ്ടും പാചകത്തിനുപയോഗിക്കരുത്. റിഫൈന്‍ഡ് പൊടിയായ മൈദ എപ്പോഴും വേണ്ട. പകരം ഗോതമ്പ്, ബാര്‍ലി, ഓട്‌സ്, തവിടുള്ള അരി എന്നിവ ഉപയോഗിച്ചാവാം പാചകം. കുപ്പിയിലടച്ച് കിട്ടുന്ന സോഫ്റ്റ് ഡ്രിങ്കുകളില്‍ പഞ്ചസാരയുടെ അംശം കൂടുതലാണ്. കഴിയുന്നതും വീട്ടില്‍ത്തന്നെ പഴജ്യൂസുകള്‍ ഉണ്ടാക്കുക. പഞ്ചസാര ചേര്‍ക്കാതെ ജ്യൂസ് കഴിക്കുന്നത് ശീലിക്കുക. ചെറുപ്രായം തൊട്ട് തന്നെ കുറച്ച് മധുരമിട്ട ചായ, കാപ്പി, പാല്‍ എന്നിവ കുട്ടികളെ ശീലിപ്പിക്കുന്നതില്‍ തെറ്റില്ല. ശുദ്ധജലം എപ്പോഴും കുടിക്കുന്നതും ശീലമാക്കണം. ബേക്കറി പലഹാരങ്ങള്‍ക്ക് പകരം പഴങ്ങളോ സ്വാദുള്ള മിക്‌സഡ് സാലഡോ ആവാം. കുട്ടികള്‍ സ്‌കൂളില്‍വെച്ച് ജങ്ക് ഫുഡ് വാങ്ങിക്കഴിക്കുന്നതും നിയന്ത്രിക്കണം. ഐസ്‌ക്രീം കഴിക്കുന്നതും വല്ലപ്പോഴും ഒരു കൊതി തീര്‍ക്കാന്‍ മാത്രം മതി.

എന്നും കായിക വിനോദം
ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തുറന്ന സ്ഥലത്തുള്ള ഓട്ടവും ചാട്ടവും കുട്ടികള്‍ക്ക് നിര്‍ബന്ധമാക്കണം. തടി കുറയ്ക്കാന്‍ പ്രത്യേകം ഉദ്ദേശിക്കുന്നെങ്കില്‍ മാത്രമേ കടുത്ത വ്യായാമം വേണ്ടിവരൂ. അതിന് ഫുട്‌ബോള്‍, സൈക്കിളിങ്, ഡാന്‍സിങ്, വേഗത്തിലുള്ള നടത്തം, ജോഗിങ് എന്നിവ കൂടുതല്‍ സമയമെടുത്ത് ചെയ്യുക.വളരുന്ന പ്രായമായതിനാല്‍ ബോഡിബില്‍ഡിങ് പോലുള്ള കഠിന വ്യായാമങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്. അടിവയറ്റിലെ കൊഴുപ്പ് ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അത് മാറ്റിയെടുക്കാന്‍ വിഷമമുണ്ട്. അതിനാല്‍ ആദ്യമേ ലഘുവ്യായാമങ്ങളും നിയന്ത്രിത ഭക്ഷണരീതിയും ഏര്‍പ്പെടുത്തി കുട്ടികളുടെ ആരോഗ്യം കാത്തുസൂക്ഷിക്കണം

 

ഇന്റര്‍നെറ്റ്: രക്ഷിതാക്കളും കുട്ടികളും അറിയേണ്ടത്‌

ആര്‍.കെ.ബിജുരാജ്‌

മാറിയ കാലത്ത് കുട്ടികളുടെ അറിവിന്റെ ലോകം വിശാലമാക്കാന്‍ ഇന്റര്‍നെറ്റിനെ ഉപയോഗിക്കാവുന്നതേയുള്ളൂ. അതേസമയം അതിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍ വീഴാതെ നോക്കണമെന്നുമാത്രം...

'ഇനി നീ ഈ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യരുത്'. കമ്പ്യൂട്ടര്‍ സൗകര്യമുള്ള മിക്കവീടുകളിലും പതിവായി ഈ വാക്കുകള്‍ മുഴുങ്ങുന്നുണ്ട്. അത്ര സുഖകരമല്ല ഒച്ചയുയര്‍ത്തിയുള്ള ഈ സംസാരം. കുട്ടികള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ ഇരുന്നാല്‍ വഴിതെറ്റുമോ എന്ന മാതാപിതാക്കളുടെ ഭയമാണ് ഈ ശബ്ദമുയരലിനു പ്രധാന കാരണം.

''ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ തെറ്റെന്തോ ചെയ്യുന്നു എന്ന തോന്നലാണ് അമ്മയ്ക്ക്. അതുകൊണ്ട് അമ്മ അറിയാതെ ഞാന്‍ ഇന്റര്‍നെറ്റ് കഫേയില്‍ പോകുന്നു.''-തിരുവനന്തപുരം വഴുതക്കാട്ടെ ബിരുദവിദ്യാര്‍ത്ഥിയായ അനൂപ് കുമാറിന്റേതാണ് ഈ പരിഭവം.
മിക്ക വീടുകളിലെയും അനുഭവമാണ് അനൂപിന്റെ വാക്കുകളിലുള്ളത്. മാതാപിതാക്കള്‍ മക്കളെയോര്‍ത്ത് ഇന്റര്‍നെറ്റിനെയും കമ്പ്യൂട്ടറിനെയും ഭയപ്പെടുന്നു എന്നു തന്നെയാണ് 'ഗൃഹലക്ഷ്മി' നടത്തിയ അഭിപ്രായമാരായലില്‍ മനസ്സിലായത്. എന്നാല്‍ മക്കളെയോര്‍ത്തുള്ള അമിതമായ ഇന്റര്‍നെറ്റ് ഭയം നല്ലതല്ലെന്നും അതു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക എന്നുമാണ് മനശാസ്ത്രജ്ഞരുടെയും കമ്പ്യൂട്ടര്‍ വിദഗ്ധരുടെയും അധ്യാപകരുടെയും അഭിപ്രായം.


യെസ് ടു ഇന്റര്‍നെറ്റ്
''ഞാനെന്റെ മകനെ/മകളെ ഇന്റര്‍നെറ്റ് നോക്കാനേ അനുവദിക്കാറില്ല'' എന്നു പറയുന്നത് മാതാപിതാക്കളുടെ അറിവുകേടാണെന്ന് തൃശൂരില്‍ ബാങ്ക് ഉദ്യോഗസ്ഥയായ രജനി പറയുന്നു.

'കുട്ടികള്‍ക്കാവശ്യമായ വിവരങ്ങള്‍ പലതും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. അവര്‍ വന്നുചോദിച്ചാല്‍ പറഞ്ഞുകൊടുക്കാന്‍ നമുക്കാവില്ല. അതിലും ഭേദം കുട്ടികള്‍ തന്നെ ഇന്റര്‍നെറ്റില്‍ അവരുടെ പ്രോജക്ടിനും മത്സരപരീക്ഷകളില്‍ പങ്കെടുക്കാനുമുള്ള വിവരങ്ങള്‍ തിരയുന്നതാണ്. നമ്മുടെ ശ്രദ്ധ അതില്‍ ഉണ്ടായാല്‍ മതി''- രജനിയുടെ അഭിപ്രായം ഇങ്ങനെ. പന്ത്രണ്ട്, പതിനാല് വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട് അവര്‍ക്ക്്. (രജനിക്കും മക്കളില്‍ ആശങ്കയുണ്ട് എന്നത് സത്യം)

കോട്ടയത്തെ ഒരു സി.ബി.എസ്. ഇ. സ്‌കൂളില്‍ സയന്‍സ് അധ്യാപികയായ റോസി ജയിംസ് പറഞ്ഞത് കുട്ടികളോട് ഇന്റര്‍നെറ്റ് സൈറ്റുകള്‍ കാണണമെന്ന് താന്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ്. ' ശാസ്ത്രത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എന്താണെന്ന് എനിക്ക് അത്ര പിടിയില്ല. അമേരിക്കന്‍ ശാസ്ത്ര സ്ഥാപനമായ നാസയുടെ വെബ്‌സൈറ്റില്‍ കുട്ടികളുടെ ക്ലബ്ബ് ഉണ്ട്. (ംംം.ിമമെ.ഴീ്) ഞാന്‍ കുട്ടികളോട് അത്തരം സൈറ്റ് സ്ഥിരം സന്ദര്‍ശിക്കണമെന്ന് പറയാറുണ്ട്. ഇപ്പോള്‍ ശാസ്ത്രത്തിനെ പറ്റി എനിക്കറിയാവുന്നതിനേക്കാള്‍ കുട്ടികള്‍ക്കറിയാം''.

മാറിയ പഠനരീതി
വിദ്യാഭ്യാസരീതികള്‍ മാറിയത് ഇന്റര്‍നെറ്റിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നുണ്ടെന്നാണ് ഭൂരിപക്ഷം അധ്യാപകരുടെയും നിലപാട്. 'മുമ്പ് പാഠപുസ്തകങ്ങളിലെ കാര്യങ്ങള്‍ പഠിച്ചാല്‍ മതിയായിരുന്നു. ഇന്ന് കുട്ടികള്‍ക്ക് പ്രോജക്ട് വര്‍ക്കുകള്‍ ധാരാളമുണ്ട്. അവര്‍ സ്വയം കണ്ടെത്തേണ്ട ഉത്തരങ്ങളുണ്ട്. ഇന്റര്‍നെറ്റിനെ ആശ്രയിക്കുകയോ നിവൃത്തിയുള്ളൂ. ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നോ മറ്റോ മുതിര്‍ന്നവരെക്കൊണ്ട് അവര്‍ക്കാവശ്യമുള്ള വിവരങ്ങള്‍ കണ്ടെത്തുകയും ഫോട്ടോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയുമാണ് കുട്ടികള്‍ ഇപ്പോള്‍ ചെയ്യുന്നത് ''- കോതമംഗലം സ്വദേശിയായ അധ്യാപിക അനിത കൃഷ്ണകുമാര്‍ പറയുന്നു. ഇതില്‍ പല കുട്ടികള്‍ക്കും വീട്ടില്‍ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. പക്ഷേ, ഇന്റര്‍നെറ്റ് നോക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ല.

വേണ്ടത് മക്കളിലുള്ള വിശ്വാസം
''ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട മോശം വാര്‍ത്തകള്‍ക്ക് മാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യം കിട്ടുന്നതാണ് മാതാപിതാക്കളില്‍ അതിനെപ്പറ്റി ഭയം വളരാന്‍ കാരണം''- ആലുവയിലെ സര്‍ക്കാര്‍ ജീവനക്കാരനും ഒരു പെണ്‍കുട്ടിയുടെ അച്ഛനുമായ സന്തോഷ് പറയുന്നു.

'അന്തര്‍മുഖത്വമുള്ള, മറ്റുള്ളവരുമായി പുറത്തുപോയി ഇടപെടാന്‍ ആഗ്രഹമില്ലാതെ കമ്പ്യൂട്ടറിനു മുന്നില്‍ ഏറെ നേരം ഇരിക്കുന്ന കുട്ടികളെയൊക്കെയാണ് ഭയപ്പെടേണ്ടത്. അല്ലാതെ കുട്ടികളെ മുഴുവന്‍ ഭയപ്പെടുന്നത് ശരിയല്ല'', അയര്‍ലണ്ടില്‍ മനശാസ്ത്രജ്ഞനായ മലയാളി സൈമണ്‍ അലക്‌സിന്റെതാണ് ഈ അഭിപ്രായം.

''അശഌല വീഡിയോകളും ചിത്രങ്ങളും കാണണമെന്ന് കുട്ടികള്‍ ആഗ്രഹിച്ചാല്‍ അവരത് മറ്റ് വഴികളിലൂടെ കാണും. എനിക്കറിയാവുന്ന പല കുട്ടികളും വീടുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ളവരാണ്. അവരത് ഉപയോഗിക്കാതെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് ഇവിടെ വരികയാണ്്''- എറണാകുളം സൗത്തിലെ ഇന്റര്‍നെറ്റ് കഫേ ജീവനക്കാരനായ ജയ്‌സണ്‍ ടി. മാത്യു പറയുന്നു. വീട്ടുകാര്‍ അശഌല സൈറ്റുകളുടെ പേര് പറഞ്ഞ് അറിവ് നിഷേധിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ജയ്‌സണും നല്‍കുന്ന സൂചന.

മലയാള നടന്റെ 'അസഭ്യ സിനിമകള്‍'
ഇന്റര്‍നെറ്റിലെ വിവരങ്ങളെ പൂര്‍ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യരുതെന്നാണ് കണ്ണൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ജയരാജ് പറയുന്നത്. തെറ്റുകള്‍ ഉണ്ടാവാനുള്ള സാധ്യത വളരെയധികമാണ്.'' പലര്‍ പല സമയത്ത് തയ്യാറാക്കിയ വിവരങ്ങളാണ് അതിലുണ്ടാവുക. അതിലെ വിവരങ്ങള്‍ ആധികാരികമാണ് എന്ന ധാരണ കുട്ടികളിലുണ്ടാക്കരുത്''.

കേരളത്തിലെ പ്രമുഖ മലയാളം ചാനലില്‍ വന്ന വാര്‍ത്തയുടെ കഥ കൂടി ജയരാജ് ഓര്‍മിപ്പിക്കുന്നു. പ്രമുഖ നടന്റെ മരണദിവസം. ഫ്ലഷ് ന്യൂസ് ആയി വാര്‍ത്ത സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നടന്‍ അഭിനയിച്ച സിനിമകളുടെ പേരില്‍ മൂന്നെണ്ണം പച്ചത്തെറിയായിരുന്നു. അതിനുകാരണം ഇന്റര്‍നെറ്റിലെ വിക്കി പീഡിയയില്‍ നിന്ന് എടുത്ത വിവരങ്ങളായിരുന്നു. അതില്‍ ആരോ മൂന്ന് അസഭ്യവാക്കുകള്‍ സിനിമയായി അടിച്ചുചേര്‍ത്തു. അത് സത്യസന്ധമാണെന്ന് വിശ്വസിച്ച് അതുപോലെ തന്നെ വാര്‍ത്ത നല്‍കുകയാണ് ചാനല്‍ ചെയ്തത്.

ഗെയിമുകളുടെ ലോകം
കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ നിങ്ങള്‍ക്ക് സമയമുണ്ടോ?' ചോദ്യം രണ്ടു കുട്ടികളുടെ അച്ഛനും സ്വകാര്യ മെഡിക്കല്‍ കമ്പനിയുടെ മാനേജറുമായ സജിത്തിന്റേത്. കുട്ടികള്‍ക്ക് കഥകള്‍ കേള്‍ക്കണം. അത് പറഞ്ഞുകൊടുക്കാന്‍ സമയമില്ല. മാത്രമല്ല അറിവുമില്ല. പിന്നെ എന്തുചെയ്യും?

''ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് വായിക്കാന്‍ ഒട്ടേറെ കഥകള്‍ ലഭ്യമാണ്. അവരില്‍ ഭാഷാജ്ഞാനവും അറിവും പകരുന്ന ധാരാളം സംവിധാനങ്ങളുണ്ട്. ഇത് അവര്‍ക്ക് നിഷേധിക്കുന്നതുകൊണ്ട് എന്താണ് ഗുണം?''-തിരുവനന്തപുരത്ത് കുട്ടികളുടെ ചിത്രങ്ങള്‍ക്ക് അനിമേറ്ററായി പ്രവര്‍ത്തിക്കുന്ന സന്തോഷ് ചോദിക്കുന്നു.

എറണാകുളം വെണ്ണല സ്വദേശിയായ എട്ടുവയസ്സുകാരന്‍ അപ്പു (ശങ്കര്‍) ഇന്റര്‍നെറ്റിലെ ഗെയിമുകള്‍ (ഫേസ് ബുക്കില്‍ നിന്ന് ) പതിവായി കളിക്കുന്നുണ്ട്. പഠിത്തം കഴിഞ്ഞ ശേഷമുള്ള സമയത്താണെന്നു മാത്രം. അച്ഛന്റെ കമ്പൂട്ടറിലുള്ള ഗെയിമുകളേക്കാള്‍ നല്ലതാണ് ഇന്റര്‍നെറ്റിലേതെന്നും അപ്പു പറയുന്നു.

കുട്ടികളുടെ പ്രൊഫൈലുകള്‍
''കമ്പ്യൂട്ടര്‍ ഗെയിമുകളും ഹാരിപോട്ടറും പിന്നെ പഠനവും ഇഷ്ടപ്പെടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍''. എന്ന് പ്രൊഫൈലില്‍ ടാഗ് ലൈന്‍ എഴുതിയ ഹൈസ്‌ക്കുള്‍ വിദ്യാര്‍ത്ഥിയെ ഓര്‍ക്കുട്ടില്‍ കണ്ടു. പഠനം ഇഷ്ടപ്പെടുന്നതിന് അടുത്ത് രണ്ട് നക്ഷത്ര ചിഹ്‌നം ഉണ്ട്. വി ശദീകരണം താഴെ: '' ഒറ്റ നക്ഷത്രം വച്ച് അടയാളപ്പെടുത്തിയതെല്ലാം നുണകളാണ്. രണ്ട് നക്ഷത്രമുള്ളതെല്ലാം വലിയ നുണകള്‍''. പതിനെട്ടുവയസ്സില്‍ മുകളിലുള്ളവര്‍ക്കേ 'ഓര്‍ക്കൂട്ടി'ല്‍ അംഗമാകാന്‍ കഴിയൂവെങ്കിലും അനന്തു ഓര്‍ക്കുട്ടില്‍ ഉണ്ട്. കുറേ കുട്ടികളും ഫ്രണ്ട്‌സായി അതില്‍ ഉണ്ട്. അവര്‍ പുതിയതായി ഇറങ്ങിയ സിനിമയെപ്പറ്റിയും പരീക്ഷയെപ്പറ്റിയുമൊക്കെ കുട്ടികളുടേതായ രീതിയില്‍ ചര്‍ച്ചചെയ്യുന്നു.

അപകടകരമല്ലാത്ത വിധത്തില്‍ തന്നെയാണ് അനന്തുവിന്റെ കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് താല്‍പര്യം. വ്യക്തമായ കാഴ്ചപ്പാടുള്ള രക്ഷിതാക്കള്‍ അവനെ നയിക്കുന്നു. ഇത്തരം മേല്‍നോട്ടത്തില്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്നാണ് കൊച്ചിയില്‍ അധ്യാപകനായ ജോസഫ് സേവ്യറിന്റെ അഭിപ്രായം.

സെര്‍ച്ച് എഞ്ചിനുകള്‍
കുട്ടികള്‍ അശ്ലീല സൈറ്റുകളിലും മറ്റും ആകര്‍ഷിക്കപ്പെടുമെന്ന ചിന്തയും ആശങ്കയും അനാവശ്യമാണെന്ന് തലശ്ശേരി സ്വദേശിയും സോഫ്റ്റ്‌വെയര്‍ വിദഗ്ധനുമായ മുക്താര്‍ പറയുന്നു. കമ്പ്യൂട്ടറില്‍ ചില പ്രത്യേക പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ അശ്ലീല സ്വഭാവമുള്ള സൈറ്റുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടും. (Kids.getnetwise.org എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്)

www.ajkids.com, www.kidsclick.org, www.search.netnanny.com
തുടങ്ങിയ സെര്‍ച്ച് എഞ്ചിനുകളിലൂടെ തിരഞ്ഞാല്‍ അശ്ലീലവും അപകടകരവുമായ വിവരങ്ങള്‍ ലഭിക്കില്ല.

കുട്ടികള്‍ക്കുവേണ്ടിയുള്ള വിവിധ രാജ്യാന്തര സൈറ്റുകള്‍ www.ala.org (great websites for kids) എന്ന വെബ്‌സൈറ്റില്‍ ക്രോഡീകരിച്ചിട്ടുണ്ട്. അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ (എ.എല്‍.എ) ആണ് കുട്ടികള്‍ക്കുവേണ്ടിയുള്ള ഈ വിവരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. മൃഗങ്ങള്‍, കല, ചരിത്രം/ജീവചരിത്രം, സാഹിത്യം/ഭാഷ, റഫറന്‍സ്, കണക്ക്/കമ്പ്യൂട്ടര്‍, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിങ്ങനെ തരം തിരിച്ചാണ് അതില്‍ ഏഴുന്നൂറോളം വെബ്‌സൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് ഉപയോഗം വിവിധ പ്രായത്തില്‍

ഏത് പ്രായത്തില്‍ ഏത് തരത്തിലാണ് കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് എന്ന് തിരിച്ചറിയുകയും അതനുസരിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതില്‍ മാതാപിതാക്കളുടെ പങ്ക് വലുതാണ്. കമ്പ്യൂട്ടര്‍ വിദഗ്ധരും മനശാസ്ത്ര വിദഗ്ധരും നല്‍കുന്ന സൂചനകളില്‍ ചിലത്:

2-4 വയസ്: ഈ ഘട്ടത്തില്‍ കമ്പ്യൂട്ടര്‍ സംബന്ധമായി കുട്ടികള്‍ക്ക് സന്തോഷകരമായ അനുഭവം നല്‍കാനാണ് ശ്രമിക്കേണ്ടത്. മൂന്നുവയസുമുതല്‍ പല കുട്ടികള്‍ക്കും അല്‍പം കൂടുതല്‍ സ്വാതന്ത്ര്യം മാതാപിതാക്കള്‍ കമ്പ്യൂട്ടറില്‍ അനുവദിച്ചുകൊടുക്കാറുണ്ട്. അതുവഴി അവര്‍ക്ക് സ്വയം അന്വേഷിക്കാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും കഴിയും. അവര്‍ തങ്ങളുടേതായ ചെറുതെറ്റുകള്‍ വരുത്തുകയും ചെയ്യും. രക്ഷിതാക്കള്‍ തന്നെ അവര്‍ക്കുവേണ്ട വെബ് സൈറ്റുകള്‍ തിരഞ്ഞെടുത്തുകൊടുക്കുക.

4-7 വയസ്: കുട്ടികള്‍ സ്വയം കാര്യങ്ങള്‍ അന്വേഷിക്കാന്‍ തുടങ്ങുന്ന ഘട്ടമാണിത്. അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുമായി അടുത്ത ബന്ധം ഉണ്ടായിരിക്കണം.കുട്ടികള്‍ സന്ദര്‍ശിക്കേണ്ട സൈറ്റുകള്‍ മാത്രം ലഭ്യമാകുന്ന വിധത്തില്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സംവിധാനം സെറ്റ് ചെയ്യുക. കുട്ടികളുടേതായ സെര്‍ച്ച് എഞ്ചിനുകളും ഉപയോഗിക്കുക.

7-10 വയസ്: കുട്ടികളെ കുറേയൊക്കെ സ്വതന്ത്രമായി വിടുന്നതാണ് നല്ലത്. എന്നാല്‍ മാതാപിതാക്കള്‍ അവര്‍ക്ക് അടുത്തു തന്നെ ഉണ്ടായിരിക്കുകയും വേണം. സ്വതന്ത്രമായി അന്വേഷിക്കാനുള്ള അവസരം നല്‍കുന്നു എന്ന തോന്നല്‍ അവരിലുണ്ടാക്കുകയാണ് പ്രധാനം. ഈ സമയത്ത് കുട്ടികള്‍ എത്രനേരം ഇന്റര്‍നെറ്റിനു മുന്നില്‍ ഇരിക്കുന്നു അവരെന്തുചെയ്യുന്നു എന്ന് അന്വേഷിക്കണം. ഇന്റര്‍നെറ്റ് നോക്കുന്ന കാര്യത്തില്‍ സമയനിഷ്ഠ വയ്ക്കുക.

10-12 വയസ്: ഈ സമയത്താണ് കുട്ടികള്‍ സ്‌കൂള്‍ വര്‍ക്കിന് കമ്പ്യൂട്ടര്‍/ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ തുടങ്ങുക. തങ്ങളുടെ ഹോബിക്കാവശ്യമായ വിഭവങ്ങള്‍ ശേഖരിക്കുകയും ചെയ്യും. ഈ സമയത്ത് കുട്ടികള്‍ കമ്പ്യൂട്ടറില്‍ എന്തുചെയ്യുന്നു എന്നതിനൊപ്പം എത്രനേരം ഇരിക്കുന്നു എന്നതും പ്രധാനമാണ്. അറിയാവുന്ന/താല്‍പര്യമുള്ള വിഷയങ്ങളുള്ള സൈറ്റുകള്‍ സന്ദര്‍ശിക്കാനാണ് അനുവദിക്കേണ്ടത്- ഉദാഹരണത്തിന് തങ്ങളുടെ പ്രിയപ്പെട്ട കായിക താരത്തിന്റെയോ സംഗീതകാരനെയോ പറ്റിയുള്ള സൈറ്റുകള്‍.

12-14 വയസ്: ഈ സമയത്താണ് ഓണ്‍ലൈന്‍ ചാറ്റിംഗ് കുട്ടികള്‍ ഇഷ്ടപ്പെട്ടു തുടങ്ങുക. അപരിചിതരുമായുള്ള ചാറ്റിംഗ് പ്രോത്സാഹിപ്പിക്കരുത്. തങ്ങളുടേതായ വിവരങ്ങളോ ഫോട്ടോയോ അപരിചിതര്‍ക്ക് കൈമാറരുത്, ഓണ്‍ലൈനില്‍ പരിചയപ്പെട്ടവരെ ഒറ്റയ്ക്ക് കാണാന്‍ പോകരുത് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികളെ ബോധ്യപ്പെടുത്തണം. കുട്ടികള്‍ക്ക് ലൈംഗിക കാര്യങ്ങളില്‍ താല്‍പര്യമുണ്ടാകുന്ന സമയമാണിത്. അതിനാല്‍ തന്നെ ലൈംഗികതയുള്ള ഫോട്ടോകള്‍ കാണാനും മറ്റും ശ്രമമാവും. ഈ സമയത്ത് മാതാപിതാക്കള്‍ ചുറ്റുവട്ടത്തു നിര്‍ബന്ധമായും ഉണ്ടാകണം. കുട്ടികള്‍ ലൈംഗിക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്നതില്‍ ആശങ്കപ്പെടേണ്ട. അതിനെ കൈകാര്യം ചെയ്യുന്നതിലാണ് രക്ഷിതാക്കളുടെ മിടുക്ക്്.

14-17 വയസ്: കുട്ടികള്‍ ശാരീരികമായും വൈകാരികമായും പക്വതനേടുന്ന കാലമാണിത്. കുട്ടികള്‍ക്ക് മേലുള്ള നിയന്ത്രണം മാതാപിതാക്കള്‍ക്ക് നഷ്ടമാകുന്ന സമയമാണ് എന്നതിനാല്‍ ജാഗ്രതകൂടുതല്‍ വേണം. കുട്ടികള്‍ക്ക് റിസ്‌കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടാകും. ഇന്റര്‍നെറ്റ് പ്രണയത്തില്‍ ഏര്‍പ്പെടാനും സാധ്യതയുണ്ട്. ഇന്റര്‍നെറ്റിലുള്ള പലരും യഥാര്‍ത്ഥ വ്യക്തികളോ സ്വഭാവങ്ങളുള്ളവരോ അല്ല എന്ന് കുട്ടികള്‍ക്ക് വ്യക്തമായി ബോധം പകരണം. ഓണ്‍ലൈനില്‍ കണ്ടെത്തുന്നവരോടൊപ്പം ഓഫ്‌ലൈന്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നുവെന്നതാണ് ഈ സമയത്തെ ഏറ്റവും വലിയ അപകടം. പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും) തനിച്ച് ആരെയും കാണാന്‍ പോകുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ എന്തെങ്കിലും അപക്വമായി ചെയ്യുകയാണെങ്കില്‍ ഇന്റര്‍നെറ്റ് സംവിധാനം വിചേ്ഛദിക്കാനല്ല ശ്രമിക്കേണ്ടത്. ഭാവിയില്‍ അതാര്‍വത്തിക്കാതിരിക്കാനുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളുമാണ് നല്‍കേണ്ടത്.

അവര്‍ എന്താണ് തിരയുന്നത്
കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്നതുകൊണ്ട് അവര്‍ വഴിതെറ്റുമെന്ന് മാതാപിതാക്കള്‍ അമിതമായി ഭയപ്പെടേണ്ട കാര്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഉപേക്ഷ കാണിക്കുന്നതും നല്ലതല്ല. മനശാസ്ത്രജ്ഞരും കമ്പ്യൂട്ടര്‍ വിദഗ്ധരും വച്ച ചില നിര്‍ദേശങ്ങള്‍:

കമ്പ്യൂട്ടര്‍ എപ്പോഴും രക്ഷിതാക്കളുടെ കണ്ണെത്തുന്ന ഇടത്ത് വയ്ക്കുക. ഹാളിലോ രക്ഷിതാക്കളുടെ മുറിയിലോ കമ്പ്യൂട്ടര്‍ വയ്ക്കുന്നതാണ് നല്ലത്.

വീട്ടില്‍ മറ്റാരുമില്ലാത്തപ്പോള്‍ കുട്ടികള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ അനുവദിക്കരുത്. കുട്ടികള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍, തിരഞ്ഞ വിവരങ്ങള്‍ എന്നിവ എന്തെന്ന് തിരക്കുക.

കുട്ടികള്‍ ഓണ്‍ലൈനിലായിരിക്കുന്ന സമയം ക്രമപ്പെടുത്തുക. ദിവസത്തില്‍ എത്രനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കാം എന്നതില്‍ കര്‍ശനമായ ഒരു രീതി പിന്തുടരുക.

അപരിചിതരുമായുള്ള ചാറ്റിംഗ് നിരുല്‍സാഹപ്പെടുത്തുക

ലൈംഗിക സൈറ്റുകള്‍ സ്‌ക്രീനില്‍ ലഭ്യമല്ലാത്ത വിധത്തില്‍ ബ്ലോക്ക് ചെയ്യുക. (അതിന് പ്രോഗ്രാമുകള്‍ ലഭ്യമാണ്)

അക്രമം നിറഞ്ഞ വിഷ്വല്‍/വീഡിയോ എന്നിവ കാണുന്നതും മറ്റുള്ളവര്‍ക്ക് അയക്കുന്നതും തടസപ്പെടുത്തുക

മതപരമായ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് നിരുല്‍സാഹപ്പെടുത്തുക

നിയമവിരുദ്ധ പ്രവര്‍ത്തനം, ബോംബ് നിര്‍മിക്കല്‍, തീവ്രവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സൈറ്റുകള്‍ കുട്ടികള്‍ കാണുന്നില്ലെന്ന് ഉറപ്പാക്കുക.

കുട്ടികള്‍ ഇന്റര്‍നെറ്റില്‍ തങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ തിരയുമ്പോള്‍ കുട്ടികള്‍ക്കുവേണ്ടി പ്രത്യേകമായി തയ്യാറാക്കിയിട്ടുള്ള ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുക.

വിദ്യാലയങ്ങളില്‍ നിന്നിറങ്ങിയ ശേഷം കുട്ടികള്‍ രഹസ്യമായി ഇന്റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിക്കുന്നുണ്ടോയെന്നും മറ്റും നിരീക്ഷിക്കുക.

മാതാപിതാക്കള്‍ക്ക് അല്‍പ്പം കരുതല്‍
നിങ്ങള്‍ക്ക് സ്വന്തമായി വെബ് പേജോ കമ്യൂണിറ്റി പ്രൊഫൈലുകളോ (ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് തുടങ്ങിയവ)മറ്റോ ഉണ്ടെങ്കില്‍ അതില്‍ കുട്ടികളെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ നല്‍കാതിരിക്കുക.

കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റുള്ളവരുമായി പരസ്യമായി ചര്‍ച്ചചെയ്യാതിരിക്കുക. നിങ്ങള്‍ ഓണ്‍ലൈനില്‍ സംസാരിക്കുമ്പോള്‍ അപരിചിതരുമായി നിങ്ങളുടെ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവയ്ക്കരുത്. പരസ്യമായ ചര്‍ച്ചകള്‍ മറ്റുള്ളവര്‍ കാണാന്‍ ഇടയുണ്ടെന്ന് ഓര്‍മിക്കുക.

സ്വപ്നങ്ങള്‍ നെയ്യാന്‍ പുസ്തകങ്ങള്‍
ഇന്റര്‍നെറ്റ് കുട്ടികള്‍ക്ക് ആവശ്യമായ ധാരാളം വിവരങ്ങള്‍ ഒറ്റ മൗസ് ക്ലിക്കില്‍ നല്‍കുന്നുവെങ്കിലും വിശ്വസനീയവും ആധികാരികവുമായ അറിവ് നല്‍കുന്നില്ലെന്നാണ് 'ഗൃഹലക്ഷ്മി'യോട് അഭിപ്രായം പങ്കിട്ട ഏതാണ്ട് മുഴുവന്‍ അധ്യാപകരുടെയും അഭിപ്രായം.
കഥകളും അറിവുകളും ഇന്റര്‍നെറ്റില്‍ ധാരാളം ലഭ്യമുണ്ടെങ്കിലും അതൊരിക്കലും പുസ്തക വായനയുടെ സാധ്യതകളെ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ലെന്നാണ് കൊല്ലത്തെ സാമൂഹ്യപ്രവര്‍ത്തകനായ എസ്. അജയകുമാറുള്‍പ്പടെയുള്ളവരുടെ പക്ഷം. ഭാവനയേക്കാള്‍, യുക്തിസഹവും മനസില്‍ പതിയുന്നതുമായ കഥകളോ അനുഭവങ്ങളോ ഉള്ള പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കണമെന്നാണ് കോട്ടയത്തെ സ്‌കൂള്‍ അധ്യപകനായ സുരേഷ് കുമാറും പറഞ്ഞത്. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ 'അഗ്നിച്ചിറകുകള്‍' ആണ് സുരേഷും കുട്ടികള്‍ക്ക് നിര്‍ദേശിക്കുന്നത്. ''സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടില്‍ നിന്ന് രാജ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്ക് ഒരു വ്യക്തി എങ്ങനെ കടന്നു ചെല്ലുന്നു എന്ന് കുട്ടികള്‍ ഒരുവട്ടം അറിഞ്ഞാല്‍ മതി അത്തരമൊരു ജീവിതം തെരഞ്ഞെടുക്കാന്‍ കുട്ടികളും ആഗ്രഹിക്കും. മനസില്‍ സ്വപ്നങ്ങള്‍ നെയ്യുന്നതരം പുസ്തകങ്ങളാണ് ആവശ്യം''-സുരേഷ് പറയുന്നു.

കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ഇംഗ്ലീഷ് -മലയാളം പുസ്തകങ്ങള്‍:
വിങ്‌സ് ഓഫ് ഫയര്‍-ഡോ.എ.പി.ജെ. അബ്ദുള്‍കലാം / ഹാരിപോട്ടര്‍ കഥകള്‍ / ഫെയ്മസ് ഫൈവ് (സീരിസ്)-എനിഡ് ബ്ലൈട്ടന്‍ / റോട്ടന്‍ സ്‌കൂള്‍- ആര്‍.എല്‍. സ്‌റ്റൈന്‍ / റോള്‍ഡ് ഡാല്‍ സീരീസ് പുസ്തകങ്ങള്‍ / പേഴ്‌സി ജാക്‌സണ്‍ സീരീസ് / ആന്‍ഫ്രാങ്ക് ഡയറി / ജംഗിള്‍ ബുക്ക് (ഇംഗ്ലീഷ്)

കുട്ടികളുടെ രാമായണം / കുട്ടികളുടെ മഹാഭാരതം / പ്രൊഫ.എസ്.ശിവദാസ് രചിച്ച വിവിധ പുസ്തകങ്ങള്‍ / കുഞ്ഞുണ്ണിമാഷിന്റെ രചനകള്‍ / മാലി കൃതികള്‍ / സുമംഗലയുടെ കഥകള്‍ / മാണിക്യക്കല്ലും കുട്ടിക്കഥകളും / കലാമിനോട് കുട്ടികള്‍ ചോദിക്കുന്നു / പഞ്ചതന്ത്രം കഥകള്‍ / തെന്നാലി രാമന്‍ കഥകള്‍ / ഐതിഹ്യമാല (മലയാളം)

Date : November 25 2009

ലിബിയ-സ്വിസ്‌ബന്ധം വഷളാകുന്നു

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബോംബിടണമെന്ന്‌ ഗദ്ദാഫിയുടെ മകന്‍

ബാസല്‍: ഗദ്ദാഫിയുടെ മകന്റെ അറസ്റ്റിനെ തുടര്‍ന്ന്‌ മോശമായ ലിബിയ-സ്വിറ്റ്‌സര്‍ലന്‍ഡ്‌ ബന്ധം കൂടുതല്‍ വഷളായി. സ്വിറ്റ്‌സര്‍ലന്‍ഡിനെ വിഭജിച്ച്‌ അയല്‍ രാജ്യങ്ങളോട്‌ ചേര്‍ക്കണമെന്ന്‌ ലിബിയന്‍ നേതാവ്‌ കേണല്‍ ഗദ്ദാഫി അന്താരാഷ്ട്ര വേദികളില്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ആ രാജ്യത്തെ അണുബോംബിട്ട്‌ തുടച്ചുനീക്കണമെന്ന ആവശ്യവുമായി ഗദ്ദാഫിയുടെ മകന്‍ രംഗത്തെത്തി.

കഴിഞ്ഞവര്‍ഷം ജൂലായ്‌ മാസത്തിലാണ്‌ ഗദ്ദാഫിയുടെ മകന്‍ ഹന്നി ബാളിനെയും ഭാര്യ അലീനയെയും വീട്ടുജോലിക്കാരെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ഹോട്ടലില്‍വെച്ച്‌ ദേഹോപദ്രവം ഏല്‌പിച്ചുവെന്ന കുറ്റം ചുമത്തി ജനീവാ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ രണ്ടുദിവസം ജയിലിലടച്ചത്‌.

അഞ്ചുകോടി രൂപ ജാമ്യത്തുക വാങ്ങിയാണ്‌ ഇവരെ ജനീവാ കോടതി ജാമ്യത്തില്‍ വിട്ടത്‌.

നയതന്ത്ര പദവിയും നയതന്ത്ര പാസ്‌പോര്‍ട്ടുമുള്ള ഇവരെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ അപമാനിച്ചുവെന്നാണ്‌ ലിബിയയുടെ പരാതി. സാധാരണ കുറ്റവാളികളെപ്പോലെ പോലീസ്‌ ഇവരുടെ ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിക്&#