Reading problem ? Click on below image and download font. Save folder to windows/font - after the instalation refresh this page.

സ്‌പോര്‍ട്‌സ് 'വുമണ്‍'സ്‌പിരിറ്റുമായി ഐറിന്‍

ബീബാ ബോബന്‍

ഐറിന്റെ ക്ലാസ്സില്‍ 15 പേര്‍, ഇവരില്‍ ബഹുഭൂരിപക്ഷവും ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍. ഒളിമ്പിക് ക്യാപ്പിറ്റല്‍ എന്നറിയപ്പെടുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസാനിലെ ക്ലാസ്സ് മുറിയില്‍ ഇവര്‍ക്കൊപ്പം ഐറിന്‍ പഠിച്ചതാവട്ടെ സ്‌പോര്‍ട്‌സും.വിദേശത്ത് പോയി സ്‌പോര്‍ട്‌സ് പഠിക്കുന്നോ? കേട്ടവര്‍ നെറ്റി ചുളിച്ചു.

പക്ഷേ, ഐറിന്‍േറത് ചില്ലറ ബിരുദമല്ല. ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി നടത്തുന്ന മാസ്റ്റര്‍ ഓഫ് അഡ്‌വാന്‍സ്ഡ് സ്റ്റഡി ഇന്‍ സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ടെക്‌നോളജി (എം.എസ്.എ.) എന്ന കോഴ്‌സ് പാസ്സായ ആദ്യ മലയാളി പെണ്‍കുട്ടിയാണ് ഐറിന്‍.

ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി ഈ കോഴ്‌സ് പാസ്സാകുന്നത്. 98-99 കാലഘട്ടത്തില്‍ സംസ്ഥാന ഹോക്കി ടീമിനെ നയിച്ച ചുറുചുറുക്കുള്ള പെണ്‍കുട്ടിയെ കായിക കേരളം മറന്നിട്ടുണ്ടാകില്ല.

ഇപ്പോള്‍ ഒരു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തിയ ഐറിന്‍ പഠിച്ച പാഠങ്ങള്‍ എങ്ങനെ കായിക ലോകത്തിന് പ്രയോജനപ്പെടുത്താമെന്ന ആലോചനയിലാണ്. അമ്മ മറിയാമ്മ കോശി ഹോക്കി അസോസിയേഷന്‍ പ്രസിഡന്റായിരുന്നു.അങ്ങനെയാണ് അഡ്മിനിസ്‌ട്രേഷനോട് ഐറിന് താത്പര്യം തോന്നിയത്.

ഐറിന്റെ സ്‌കൂള്‍ പഠനം എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍. പിന്നീട് ചെന്നൈയില്‍ നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും മുംബൈയില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റില്‍ ബിരുദവും നേടി. മൂന്നു വര്‍ഷം ഇന്ത്യയിലും ഒരു വര്‍ഷം ദോഹയിലും ഇവന്റ്
മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നോക്കി. ഇത് സ്‌പോര്‍ട്‌സ് അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിന് പ്രവേശനം ലഭിക്കാന്‍ സഹായകമായി. കായിക യോഗ്യത, ബിരുദാനന്തര ബിരുദം, പ്രവൃത്തി പരിചയം എന്നിവയാണ് കോഴ്‌സിനുള്ള യോഗ്യത.

ലോസാനിലെ ക്ലാസിനെക്കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് ഐറിന്. മിക്കവരും ഒളിമ്പിക്് മെഡല്‍ ജേതാക്കള്‍, ഒരു ഒളിമ്പിക്് വില്ലേജിലെത്തിയ അനുഭവം. രണ്ട് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ കൊറിയക്കാരി സോഹിയായിരുന്നു അടുത്ത സുഹൃത്ത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള എല്ലാ കായിക സംഘടനകളുമായി ചേര്‍ന്ന് നടത്തുന്ന കോഴ്‌സായതിനാല്‍ അവരുമായി ഒത്തു പ്രവര്‍ത്തിക്കാനുള്ള ഭാഗ്യവും ലഭിച്ചു.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിങ്, നിയമം, ഡോപ്പിങ്, ഇവന്റ് മാനേജ്‌മെന്റ് എന്നിങ്ങനെ പോകുന്നു പഠിച്ച വിഷയങ്ങളുടെ ലിസ്റ്റ്. ഒട്ടുമിക്ക കളികളിലും പരിശീലനവും നിര്‍ബന്ധം. കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആന്റി-ഡോപ്പിങ് ലാബില്‍ പ്രോജക്ടും ചെയ്തു. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനില്‍ രണ്ട് മാസം ജോലിയും ചെയ്തു.

കേരളത്തില്‍ കായിക രംഗത്ത് ആദ്യപടി മുതല്‍ ശ്രദ്ധ നല്‍കിയാല്‍ വന്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് ഐറിന്‍ പറയുന്നു. സ്‌പോര്‍ട്‌സില്‍ താത്പര്യമുള്ള രാഷ്ട്രീയ നേതാക്കള്‍ വേണം. എന്നാലേ കായികലോകം മെച്ചപ്പെടൂ. ഐറിന്‍ പറയുന്നു. കൂടുതല്‍ പണവും പരിശീലനവും നല്‍കണം. വിദേശത്ത് നിന്ന് ധാരാളം ഓഫറുകള്‍ വന്നിട്ടുണ്ടെങ്കിലും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലുമായുള്ള ചര്‍ച്ചയിലാണ് ഐറിന്‍. താന്‍ പഠിച്ചത് തന്റെ നാടിന് പ്രയോജനപ്പെടണമെന്നാണ് ഐറിന്റെ ആഗ്രഹം.

ഡബ്ലു.എം.സി നൈജീരിയയിലെ ഒരു ഗ്രാമം ഏറ്റെടുത്തു




ലാഗോസ്: ഡബ്ലു.എം.സി (വേള്‍ഡ് മലയാളി കൗണ്‍സില്‍) നൈജീരിയ പ്രൊവിന്‍സ് നൈജീരിയയിലെ ഒഗുന്‍ സംസ്ഥാനത്തെ ഒരു ഗ്രാമത്തെ ഏറ്റെടുത്തു. വെള്ളമോ വെളിച്ചമോ എത്താത്ത ഈ ഗ്രാമത്തില്‍ 100 മണ്‍വീടുകളിലായി 700 ഓളമാളുകള്‍ താമസിക്കുന്നുണ്ട്.

ഗ്രാമത്തെ ഏറ്റെടുത്ത ഡബ്ലു.എം.സി നൈജീരിയ ഈ ഗ്രാമത്തില്‍ടോയ്‌ലറ്റ് എന്നിവ നിര്‍മിക്കുകയും കുട്ടികള്‍ക്ക് യൂണിഫോമും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ ഗ്രാമവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗ്രാമത്തില്‍ മാസംതോറും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമത്തിലുള്ള ഏക പ്രൈമറി സ്‌കൂള്‍ ഡബ്ലു.എം.സിയുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

മാത്യൂസ് പി.വി

 

ദൂരദര്‍ശന് 50 വയസ്സ്

ഇന്ത്യയുടെ അഭിമാനമായ ദൂരദര്‍ശന് സെപ്തംബര്‍ 15ന് 50 വയസ് തികഞ്ഞു. യുനസ്‌കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്‌സ് ടെലിവിഷന്‍ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്റെ ആദ്യസിഗ്നലുകള്‍ ഭാരതത്തിന്റെ അന്തരീക്ഷത്തില്‍ സംപ്രേക്ഷണം ചെയ്യപ്പെട്ടത്. ഫിലിപ്‌സ് ഇന്ത്യ കമ്പനി കുറഞ്ഞ ചെലവില്‍ നിര്‍മ്മിച്ചു നല്‍കിയ ട്രാന്‍സ്മിറ്ററായിരുന്നു ആ പ്രൊജക്ടിന്റെ ഹൃദയം.

ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നാണ് ആദ്യസംപ്രേക്ഷണം നടത്തിയത്. ട്രാന്‍സിമിറ്ററിന്റെ ശേഷി കുറവായിരുന്നതിനാല്‍ ഡല്‍ഹിക്കുചുറ്റും 40 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ പരിപാടികള്‍ ലഭ്യമായിരുന്നുള്ളു. ആഴ്ചയില്‍ 20 മിനുട്ട് വീതമായിരുന്നു ദൂരദര്‍ശന്‍ പ്രവര്‍ത്തനം തുടങ്ങിയത്.

സൗജന്യമായി ലഭിച്ച ടെലിവിഷന്‍ സെറ്റുകള്‍ ഉപയോഗിച്ച് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയ 180 ടെലിക്ലബ്ബുകളായിരുന്നു ദൂരദര്‍ശനെ ജനങ്ങള്‍ക്കിടയിലേക്ക് എത്തിച്ചത്. സംപ്രേക്ഷണം തുടങ്ങിയ ഉടനെ തന്നെ സമീപ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കും ടെലി ക്ലബ്ബുകളിലൂടെ ടെലിവിഷന്റെ മാസ്മരികലോകം കാണാനായി എന്നത് ദൂരദര്‍ശന്റെ ജനപ്രീതിക്ക് തറക്കല്ലിട്ടു. 

ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി. ഇതോടെ ആകാശവാണിയിലെ താല്‍ക്കാലിക സ്റ്റുഡിയോ പോരാതെ വന്നതിനെത്തുടര്‍ന്ന് ജര്‍മ്മനിയുടെ സഹായത്തോടെ ഡല്‍ഹിയില്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയാണ് പ്രോഗ്രാമുകള്‍ തയ്യാറാക്കിയത്.

1970 ല്‍ സ്‌പ്രേക്ഷണ ദൈര്‍ഘ്യം മൂന്നു മണിക്കൂറായി വര്‍ദ്ധിപ്പിച്ചതിനുപിന്നാലെ വാര്‍ത്താ ബുള്ളറ്റിനും ദൂര്‍ദര്‍ശന്‍ തുടങ്ങി. ഡല്‍ഹിക്കു പുറത്തേക്ക് സിഗ്നലുകള്‍ എത്തിക്കാനായി ശക്തികൂടിയ ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ചതോടെ സംപ്രേക്ഷണ പരിധി 60 കിലോമീറ്ററായും വര്‍ദ്ധിപ്പിച്ചു. ഈ പരിധിയില്‍ വരുന്ന 80 ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കായി കൃഷിദര്‍ശന്‍ എന്ന പരിപാടിയും തുടങ്ങി. ഇപ്പോഴും സംപ്രക്ഷണം തുടരുന്ന പരിപാടികളിലൊന്നാണ് കൃഷിദര്‍ശന്‍. 39 വര്‍ഷമായി ആഴ്ചയില്‍ അഞ്ചുദിവസവും വൈകീട്ട് ആറയ്ക്കാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്.

ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. 1982 ലെ ഏഷ്യന്‍ ഗെയിംസ് ലൈവായി കൊടുത്തതാണ് ദൂരദര്‍ശന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായത്.

ഇന്ത്യന്‍ ഭൗമാതിര്‍ത്തിയുടെ 90.7 ശതമാനം സ്ഥലത്തും ദൂരദര്‍ശന്റെ സിഗ്നലുകള്‍ ലഭ്യമാണ്. 1400 ട്രാന്‍സ്മിറ്ററുകളുടെ സഹായത്തോടെയാണ് ഈ ഭൂതല സംപ്രേക്ഷണം നിര്‍വഹിക്കുന്നത്. 146 രാജ്യങ്ങളില്‍ സാറ്റ്‌ലൈറ്റ് മുഖേനെ ദൂരദര്‍ശന്‍ ചാനലുകള്‍ കാണാനാവും.

ആകാശവാണിയുടെ കീഴില്‍ തുടങ്ങിയ ദുരദര്‍ശന്‍ പിന്നീട് സ്വതന്ത്രമായി പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. പ്രസാദ് ഭാരതി ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ കീഴിലാണ് ഇപ്പോള്‍ ദൂരദര്‍ശനും ആകാശവാണിയും പ്രവര്‍ത്തിക്കുന്നത്.

കുറ്റാന്വേഷണ സീരിയലായ ബ്യോങ്കേഷ് ബക്ഷി, 1984 ജൂലൈ 7ന് തുടങ്ങിയ പ്രശ്തമായ സീരിയല്‍ ഹംലോഗ്, നുഖാദ്, ബി.ആര്‍ ചോപ്ര തയ്യാറാക്കിയ അത്ഭുതമെന്ന് വിശേഷിക്കപ്പെട്ട മഹാഭാരത്, ബുനിയാദ്, യെ ജോ ഹെ സിന്ദഗി, രാമാനന്ദ് സാഗറിന്റെ രാമായണ്‍, മിസ്റ്റര്‍ യോഗി, ഷാരൂഖ് ഗാന്‍ രംഗപ്രവേശനം ചെയ്ത ഫൗജി, മുഗേരിലാല്‍ കെ ഹസീന്‍ സപ്‌നെ, സര്‍ക്കസ് തുടങ്ങിയ പരിപാടികളും ദൂരദര്‍ശന്റെ വളര്‍ച്ചയെ സ്വാധീനിച്ചു.

1982 നവംബര്‍ 19 ന് തിരുവനന്തപുരത്ത് ഒരു കിലോവാട്ട് ശേഷിയുള്ള ലോ പവര്‍ ട്രാന്‍സ്മിറ്റര്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കേരളവും ദൂരദര്‍ശന്റെ മാസ്മരിക തരംഗങ്ങളില്‍ പെട്ടു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള പ്രോഗ്രാമുകള്‍ റിലേ ചെയ്യുകമാത്രമായിരുന്നു ഇവിടെ.

1985 ജനുവരിയില്‍ ആദ്യ മലയാളം പ്രൊഡക്ഷന്‍ സെന്റര്‍ തിരുവനന്തപുരത്ത് തുടങ്ങി. ആദ്യ മലയാളവാര്‍ത്താ ബുള്ളറ്റിനും 85 ജനുവരി ഒന്നിന് ആരംഭിച്ചു. മലയാളം വാണിജ്യ പരിപാടികളും അന്നുതന്നെ സംപ്രേക്ഷണം തുടങ്ങി. നാലുമാസത്തിനകം തിരുവനന്തപുരത്ത് ശക്തികൂടിയ പത്ത് കിലോവാട്ട് ട്രാന്‍സ്മിറ്റര്‍ സ്ഥാപിച്ചതോടെ കൂടുതല്‍ പ്രദേശത്ത് മലയാളം പരിപാടികള്‍ ലഭ്യമായിത്തുടങ്ങി.

1995 ല്‍ മലയാളം സിനിമകള്‍ നല്‍കിത്തുടങ്ങി. പൂര്‍ണമലയാളം ചാനലായി ഡി.ഡി. മലയാളം സാറ്റ്‌ലൈറ്റ് ചാനല്‍ 2000 ജനുവരി ഒന്നിന് സംപ്രേക്ഷണം ആരംഭിച്ചു. 2004 ല്‍ ഡിജിറ്റര്‍ എര്‍ത്ത് സ്റ്റേഷന്‍ തുടങ്ങി. 2005 ല്‍ തന്നെ കോഴിക്കോട് ഡി.ഡി. ന്യൂസ് ഹൈപവര്‍ ട്രാന്‍സ്മിഷന്‍ ആരംഭിച്ചു.

1862 ലാണ് ലോകത്ത് ആദ്യത്തെ നിശ്ചല ചിത്രം വൈദ്യുതിതരംഗങ്ങളായി കൈമാറിയത്. ചലചിത്രങ്ങള്‍ മറ്റൊരിടത്തേക്ക് തരംഗങ്ങളായി അയക്കാനുള്ള ശ്രമങ്ങള്‍ക്കും ഇതോടെ തുടക്കമായി. 1873 ലാണ് മേയ് , സ്മിത്ത് എന്നീ രണ്ട് ശാസ്ത്രജ്ഞന്മാര്‍ ഇതിനുള്ള സാധ്യത വിജയകരമായി പരീക്ഷിച്ചത്.

എന്നാല്‍ ടെലിഫോണ്‍ കണ്ടുപിടിച്ച അലക്‌സാണ്ടര്‍ ഗ്രഹാം ബെല്ലും തോമസ് ആല്‍വ എഡിസണും 1880 ല്‍ ഫോട്ടോ ഫോണ്‍ എന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കി പരീക്ഷണങ്ങള്‍ തുടങ്ങി. 1884 ല്‍ ആദ്യത്തെ 18 ലൈന്‍ റെസലൂഷനുള്ള ചിത്രം വയറുകളിലൂടെ അയക്കാനായി. ഇലക്ട്രോണിക് ടെലിസ്‌കോപ്പ് എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്.

1900 ല്‍ പാരീസില്‍ ടെലിവിഷന്‍ എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെട്ടെങ്കിലും 1906ലാണ് ആദ്യത്തെ മെക്കാനിക്കല്‍ ടെലിവിഷന്‍ കണ്ടുപിടിക്കൂന്നത്. കാഥോഡ് റേ ട്യൂബിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 1926 ല്‍ ജോണ്‍ ബേഡ് സെക്കന്‍ഡില്‍ അഞ്ച് ഫ്രേമുകള്‍ വീതം അയക്കാനാവുന്ന സംവിധാനം കണ്ടെത്തിയതോടെ ആധുനിക ടെലിവിഷന്റെ ചരിത്രം തുടങ്ങി. 1927 ല്‍ അമേരിക്കയിലെ ബെല്‍ ടെലിഫോണ്‍ കമ്പനി ന്യൂയോര്‍ക്കിലും വാഷിങ്ടണ്‍ ഡി.സിയിലും ദീര്‍ഘദൂര ടെലിവിഷന്‍ സംപ്രേക്ഷണം ആരംഭിച്ചു.

1928 ല്‍ ഫെഡറല്‍ റേഡിയോ കമ്മീഷന്‍ ആദ്യത്തെ ടെലിവിഷന്‍ സ്‌റ്റേഷന്‍ ലൈസന്‍സ് ( W3XK ) ചാള്‍സ് ജെക്കിന്‍സിന് നല്‍കിയതോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ടെലിവിഷന്‍ യുഗത്തിന് തുടക്കമായി

വിനോദ ചാനലുകള്‍ക്കും വ്യപാരതാല്‍പര്യങ്ങളുള്ള ചാനലുകള്‍ക്കും തീരെ താല്‍പര്യമില്ലാത്ത ഗ്രാമീണ മേഖലകളെ കേന്ദ്രീകരിച്ചാണ് ദൂരദര്‍ശന്‍ അന്നും ഇന്നും പ്രവര്‍ത്തനം തുടരുന്നത്. 22 ഭാഷകളിലായി 30 ചാനലുകളുള്ള ദൂരദര്‍ശന്‍ ലോകത്തെ വലിയ ടെലിവിഷന്‍ നെറ്റ് വര്‍
ക്കുകളിലൊന്നാണ്

 

ചങ്ങനാശ്ശേരി: ചെന്നൈയില്‍ 16 ന് തുടങ്ങുന്ന ഏഷ്യന്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ മലയാളി താരം ഗീതു അന്നാ ജോസ് നയിക്കും. ചങ്ങനാശ്ശേരി തുരുത്തി പുളിക്കല്‍ പരേതനായ ജോസ് തോമസിന്റെയും റോസമ്മയുടെയും മകളായ ഗീതു ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജ് പൂര്‍വവിദ്യാര്‍ത്ഥിനിയുമാണ്. നേരത്തെ വുമന്‍സ് നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ ലീഗ് അംഗമായ ഈ 22 കാരി കഴിഞ്ഞതവണത്തെ ഏഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയെ മൂന്നാംസ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

മറ്റ് ടീം അംഗങ്ങള്‍: പി.അനിത, അഞ്ജു ലാര്‍ക്ക, കിരണ്‍ജിത്ത്കൗര്‍(എല്ലാവരും റയില്‍വെ), ഷിബാ മാഗണ്‍, പ്രശാന്തി സിംഗ്, ആകാംക്ഷാ സിംഗ്, പ്രതിമാ സിംഗ്, റാസ്​പ്രീത്‌സിദ്ധു, ഹര്‍ജിത്കൗര്‍, സോണികാ ഹോലാന്‍(ഡല്‍ഹി), കൃത്രികാ ലക്ഷ്മണ്‍(കര്‍ണാടക).

രണ്ടുവര്‍ഷം മുന്‍പ് ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മലേഷ്യയെ തറപറ്റിച്ച് ലെവല്‍ ഒന്നില്‍ കടന്ന ഇന്ത്യയുടെ ആദ്യ മത്സരം 17 നാണ്. നിലവിലുള്ള ചാമ്പ്യന്മാരായ സൗത്ത് കൊറിയയുമായാണ് ആദ്യമത്സരം.

 Congragulation from  Friends of Changancherry, Swiss Unit

ഈ തിരിച്ചുവരവിനുമുണ്ട് ഒരു സുഖം

മധു.കെ.മേനോന്‍

തൊടുപുഴ കാഞ്ഞാറിലെ പുഴയോരത്തെ ചെറിയ വീടാണ് രംഗം. പി. സുകുമാര്‍ സംവിധാനം ചെയ്യുന്ന 'സ്വലേ' എന്ന ദിലീപ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയാണിവിടെ. സിനിമയിലെ നായികയെ അവതരിപ്പിക്കുന്നത് ഗോപികയാണ്.

ഗര്‍ഭിണിയായ വീട്ടമ്മയുടെ വേഷത്തിലാണ് ഗോപികയിപ്പോള്‍. പഴകിയ നൈറ്റിയില്‍ ഗോപികയെ കണ്ടപ്പോള്‍ 'വെറുതെ ഒരു ഭാര്യ' യിലെ ബിന്ദു അവരെ വിട്ടൊഴിഞ്ഞിട്ടില്ല എന്നു തോന്നി. ആളല്‍പം മെലിഞ്ഞിരിക്കുന്നു. എങ്കിലും കുട്ടിത്തവും തൃശ്ശൂര്‍ ഭാഷയും കൈവിട്ടിട്ടില്ല.
പുഴയോരത്തെ ലൊക്കേഷനിലിരുന്നു ഗോപിക പറയുന്നു. ''എല്ലാരും പറയുന്നു ഞാനാകെ മാറിയെന്ന്. കഴിഞ്ഞ ദിവസം മമ്മി പറഞ്ഞു എന്റെ കുട്ടിക്കളി മാറി കുറച്ചുകൂടി സീരിയസ് ആയെന്ന്. ഗ്ലിനി പറഞ്ഞു ഞാന്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായെന്ന്. ഇതൊക്കെ കല്യാണം കഴിഞ്ഞ പെണ്‍കുട്ട്യോള്‍ക്ക് ഓട്ടോമാറ്റിക്കായി വരുന്ന മാറ്റങ്ങളാണെന്നു തോന്നുന്നു.''

വിദേശത്ത് ഒറ്റയ്ക്ക് വീട് മാനേജ് ചെയ്യുക എളുപ്പമായിരുന്നോ?

കല്യാണത്തിനു മുന്‍പ് ഭയങ്കര ടെന്‍ഷനായിരുന്നു. പരിചയമില്ലാത്ത സ്ഥലമാണല്ലോ. വീട്ടിലാണെങ്കില്‍ എന്ത് ആവശ്യത്തിനും മമ്മീടെ ഹെല്‍പ് വേണം എനിക്ക്. സിനിമാസെറ്റിലാണെങ്കില്‍ എല്ലാം ചെയ്തുതരാന്‍ ആളു കാണും.

കുടുംബജീവിതത്തില്‍ ഈ സുഖമൊന്നും കാണില്ല. പിന്നെ പാചകമാണ് പ്രധാന പണി. പക്ഷേ, ഭര്‍ത്താവുമൊത്ത് മാറി താമസിച്ചതുകൊണ്ട് ഞാനിതൊക്കെ എളുപ്പം പഠിച്ചു. മുന്‍പ് വീട്ടില്‍ മടി പിടിച്ചിരിക്കുമ്പോള്‍ അമ്മ പറയും. കല്യാണം കഴിഞ്ഞാല്‍ പെണ്ണ് വീട് വിട്ട് നില്‍ക്കണം. എങ്കിലേ അടുക്കളപ്പണി പഠിക്കൂ എന്ന്. സംഗതി ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലായി.

കഴിഞ്ഞ ഒരു വര്‍ഷം മനസ്സില്‍ സിനിമ യേ ഉണ്ടായിരുന്നില്ല?

മുന്‍പും സിനിമയെ ഞാന്‍ പ്രൊഫഷനായൊന്നും കണ്ടിരുന്നില്ല. അടുത്ത പടം കിട്ടണം, നല്ല നടിയാകണം എന്ന പ്ലാനിങ്ങൊന്നും ഇല്ലായിരുന്നു. യാദൃച്ഛികമായി സിനിമയില്‍ വന്നു, കുറച്ചു കാലം അഭിനയിച്ചു. അത്രേയുള്ളൂ.

പക്ഷേ, അല്‍പകാലം അകന്നുനിന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി, അങ്ങനെ സിനിമ ഇട്ടെറിഞ്ഞ് പോകുക എളുപ്പമല്ലെന്ന്. വീട്ടിലെ സംസാരത്തില്‍പോലും സിനിമ കടന്നുവന്നില്ല. എന്നിട്ടും എനിക്ക് സിനിമയോട് ഇഷ്ടം കൂടുകയാണ് ചെയ്തത്.

തിരിച്ചുവരാന്‍ തീരുമാനിച്ചതിന്റെ കാരണമെന്താണ്?

വെറുതെ ഒരു ഭാര്യ വിജയിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഈ തിരിച്ചുവരവ് ഉണ്ടാകുമായിരുന്നില്ല. സിനിമ കേരളത്തില്‍ തകര്‍ത്തോടുമ്പോള്‍ ഞാന്‍ അയര്‍ലന്‍ഡിലായിരുന്നു. ആദ്യമൊന്നും കണ്ട പരിചയംപോലും കാണിക്കാതിരുന്നവര്‍വരെ എന്നെ വിളിച്ച് അഭിനയത്തിലേക്ക് മടങ്ങണമെന്ന് ഉപദേശിച്ചു. ചിലര്‍ നേരിട്ട് ചേട്ടനോടും വിളിച്ചു പറഞ്ഞു. 'സ്വലേ'യുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജെയ്‌സണ്‍ വിളിച്ച് കഥ പറഞ്ഞപ്പോള്‍ ചേട്ടനാണ് കൂടുതല്‍ ഇഷ്ടമായത്. ''നീ ഇതുവരെ ചെയ്തിട്ടില്ലാത്ത വേഷമാണ്. നമുക്ക് ഡേറ്റ് കൊടുത്താലോ'' എന്നദ്ദേഹം ചോദിച്ചു. ഞാന്‍ പറഞ്ഞു 'ഡബിള്‍ ഓകെ'.

തിളങ്ങിനില്‍ക്കുമ്പോള്‍ കല്യാണം കഴിഞ്ഞത് മണ്ടത്തരമായി അല്ലേ?

എനിക്ക് പ്രായമായപ്പോഴാണ് കല്യാണം കഴിച്ചത്. പെണ്‍കുട്ടികള്‍ നല്ല പ്രായത്തില്‍ കല്യാണം കഴിച്ചില്ലെങ്കില്‍ ആളുകള്‍ അതും ഇതും പറയാന്‍ തുടങ്ങും. നടിമാരുടെ കാര്യമാവുമ്പോള്‍ പ്രത്യേകിച്ചും. എന്തിനാ വെറുതെ ആവശ്യമില്ലാത്തതൊക്കെ കേള്‍പ്പിക്കുന്നത്.

മനസ്സില്ലാ മനസ്സോടെ അല്ലേ സിനിമ വിട്ടത്?

2002-ല്‍ സിനിമയില്‍ വരുമ്പോള്‍ ഡാഡി എന്നോടു പറഞ്ഞ ഒരു കാര്യമുണ്ട്. 'നീ എത്ര വലിയ നടിയായാലും ശരി 2008 മാര്‍ച്ച് വരെ മാത്രമേ അഭിനയിക്കൂ. അതു കഴിഞ്ഞാല്‍ കല്യാണം. പറഞ്ഞതിലും മൂന്നു മാസം വൈകി ജൂലായിലായിരുന്നു കല്യാണം. ആ മൂന്നുമാസം തന്നെ എനിക്ക് ബോണസ്സാണ്. മമ്മിയെയും ഡാഡിയെയും വിഷമിപ്പിച്ച് സിനിമയില്‍ നില്‍ക്കണമെന്ന് ഞാനൊരിക്കലും ആഗ്രഹിച്ചിട്ടില്ല.


വിവാഹശേഷം നടികള്‍ക്ക് സിനിമയില്‍ നിന്ന് പഴയപോലെ സ്‌നേഹം തിരിച്ചുകിട്ടാറില്ല എന്ന പരാതിയുണ്ട്?

കല്യാണം കഴിഞ്ഞ് പത്തുപതിനഞ്ചു വര്‍ഷം സിനിമയില്‍ നിന്നു വിട്ടുനിന്ന് പിന്നീടൊരുനാള്‍ അഭിനയിക്കാന്‍ തയ്യാറായി തിരിച്ചെത്തും. അപ്പോഴേക്കും സിനിമയില്‍ ഒരു തലമുറ മാറിയിട്ടുണ്ടാകും. പരിചയമില്ലാത്തവരാകുമ്പോള്‍ സ്‌നേഹം കുറയുക സ്വഭാവികം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തിരിച്ചെത്തിയതുകൊണ്ടാകാം എനിക്ക് നല്ല പരിഗണന സിനിമയില്‍ നിന്നു കിട്ടുന്നുണ്ട്.

നടിമാരായ ഭാര്യമാരെ വീട്ടിലിരുത്തുന്ന ഭര്‍ത്താക്കന്മാരുടെ മനസ്സിലിരിപ്പ് ശരിയോ?

ഭര്‍ത്താക്കന്മാരെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. സിനിമക്കാരും പ്രേക്ഷകരുമെല്ലാം പ്രതികളാണ്. ഒരു നടി അഭിനയത്തിലേക്ക് തിരിച്ചുവന്നാല്‍ തുടങ്ങും ഗോസിപ്പുകള്‍, അവരുടെ കുടുംബജീവിതം തകര്‍ന്നു എന്നൊക്കെ. ഇതു ഭയന്നാണ് ഭര്‍ത്താക്കന്മാര്‍ നടിമാരെ അഭിനയിക്കാന്‍ വിടാത്തത്.

ഭര്‍ത്താവിന്റെ കീഴിലൊതുങ്ങേണ്ടി വരുന്ന നടിമാരെക്കുറിച്ച് എന്തു തോന്നുന്നു?

അത് അവരുടെ ഇഷ്ടമാണ്. അതിനെ കുറ്റം പറയാനൊക്കില്ല. പിന്നെ അങ്ങനെ അഭിനയം നിര്‍ത്തിയ പലരും മാക്‌സിമം റോളുകള്‍ ചെയ്ത് അവരുടെ കഴിവ് മുഴുവന്‍ പ്രകടിപ്പിച്ചവരാണ്. ഇനി കൂടുതലായൊന്നും ചെയ്യാനില്ലെന്ന് ഉറപ്പിച്ച് കല്യാണം കഴിച്ചവര്‍ക്ക് തിരിച്ചുവരേണ്ട കാര്യമെന്ത്? പുറത്തു നില്‍ക്കുന്നവര്‍ക്ക് എന്തും പറയാം. ആ നടിക്ക് തിരിച്ചുവന്നാലെന്താ, ഈ സിനിമ ചെയ്താലെന്താ എന്നൊക്കെ ചോദിക്കാം. ഒരു ഘട്ടം കഴിഞ്ഞാല്‍ കുടുംബജീവിതമാണ് നടിമാര്‍ ആഗ്രഹിക്കുന്നത്. ചേട്ടന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഞാനും തിരിച്ചുവരില്ലായിരുന്നു.

കുടുംബജീവിതവും സിനിമയും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയുമോ?

എന്തിനും ഏതിനും ഭാര്യതന്നെ വേണം എന്നു ശഠിക്കുന്ന ഭര്‍ത്താവാണെങ്കില്‍ സിനിമ ചെയ്യാനൊന്നും ഒക്കില്ല. അതുപോലെ കുട്ട്യോളൊക്കെ ആയി കഴിഞ്ഞിട്ട്, അവരെ വീട്ടില്‍ വിട്ട് സെറ്റില്‍ പോകുന്നതും ശരിയാകില്ല. എന്നെ സംബന്ധിച്ച് ഇതുവരെ പ്രശ്‌നമില്ല. പിന്നെ നാളെ എന്താകുമെന്ന് പറയാന്‍ പറ്റില്ല.

ഗോപികയെ വിട്ടുനില്‍ക്കുന്നതില്‍ അജിലേഷിന് വിഷമം കാണില്ലേ?

അകന്നുനില്‍ക്കുന്നത് പുള്ളിക്ക് മാതനാട്ടിലെത്തി നാലഞ്ചു ദിവസമേ ആയിട്ടുള്ളു. എങ്കിലും എനിക്കിവിടം മടുത്തുകഴിഞ്ഞു. സിനിമയോടുള്ള ഇഷ്ടംകൊണ്ട് മാത്രമാണ് നില്‍ക്കുന്നത്. സിനിമ വേഗം തീര്‍ത്ത് മടങ്ങിയാല്‍ മതി്രമല്ല എനഎന്നായിരിക്കുന്നു. കുറേകാലം ഒറ്റയ്ക്ക് താമസിച്ച ആളൊക്കെത്തന്നെയാണ്. എങ്കിലും കല്യാണം കഴിഞ്ഞ് ഒരു ദിവസത്തേക്കാണെങ്കില്‍ക്കൂടി വേറിട്ട് കഴിയേണ്ടിവരുന്നത് വല്ലാത്തൊരു അനുഭവമാണ്. പുള്ളിക്കാണെങ്കില്‍ പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ മടിയാണ്. ഞാനിങ്ങ് വന്നശേഷം ഭക്ഷണമൊക്കെ ശരിയാകുന്നുണ്ടോ ആവോ.

വെറുതെ ഒരു ഭാര്യയില്‍ 12 വയസ്സുകാരിയുടെ അമ്മയായി. സ്വലേയിലും ഭാര്യ റോള്‍. സമീപഭാവിയില്‍ നായികയുടെ അമ്മയായി ഗോപികയെ കാണേണ്ടിവരുമോ?

ഇല്ലെന്നു പറയാനാവില്ല. നല്ല കഥയും കഥാപാത്രവുമാണെങ്കില്‍ ഇത്തരം വേഷങ്ങള്‍ സ്വീകരിക്കാന്‍ എനിക്ക് മടിയൊന്നുമില്ല.

കല്യാണത്തിനു മുന്‍പും ശേഷവുമുള്ള കരിയറില്‍ എന്തെങ്കിലും വ്യത്യാസം തോന്നുന്നുണ്ടോ?

കല്യാണത്തിനു മുന്‍പ് ഡാഡിയുമായി ആലോചിച്ചാണ് തീരുമാനങ്ങള്‍ എടുത്തിരുന്നത്. ഇപ്പോള്‍ ഭര്‍ത്താവുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ആലോചിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഞാന്‍ ഏതൊക്കെ വേഷങ്ങള്‍ ചെയ്യുന്നു, എവിടെയൊക്കെ യാത്ര പോവുന്നു, എ ത്ര പൈസ കിട്ടുന്നു എന്നൊക്കെ അറിയാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്.

ഒരു വര്‍ഷത്തെ ഇടവേള സിനിമയിലെ സുഹൃത്തുക്കളെ നഷ്ടമാക്കിയോ?

അത്ര ആത്മബന്ധമുള്ള സുഹൃത്തുക്കള്‍ മുന്‍പും സിനിമയില്‍ എനിക്കില്ല. കാവ്യ, ഭാവന, സംവൃത, ദിലീപ് ഇവരുമായി മാത്രമാണ് അടുപ്പമുള്ളത്. സമയം കിട്ടുമ്പോഴൊക്കെ പരസ്​പരം മെയിലയ്ക്കും. കല്യാണം കഴിഞ്ഞശേഷം കാവ്യയുമായി ഇടയ്‌ക്കൊക്കെ ചാറ്റ് ചെയ്യാറുണ്ട്. സ്‌പെഷല്‍ കറി വെച്ചതും ദോശ കരിഞ്ഞുപോയതും നാട്ടിലെ സിനിമാവിശേഷങ്ങളുമൊക്കെയായി ഞങ്ങള്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും. പക്ഷേ, ഫോണ്‍ വിളികള്‍ ആരുമായും ഉണ്ടായിരുന്നില്ല.

ഗോപിക എങ്ങനെ ഇത്രയും മെലിഞ്ഞു?

വീട്ടില്‍ ഒതുങ്ങിക്കൂടിയിരുന്നാല്‍ തടി കൂടുമെന്ന് പലരും ഉപദേശിച്ചിരുന്നു. എനിക്ക് ടെന്‍ഷനായി. സിനിമയില്‍ ഉള്ള കാലത്തുപോലും എന്റെ ശരീരത്തെക്കുറിച്ച് ഞാനിത്ര ടെന്‍ഷനടിച്ചിട്ടില്ല. അങ്ങനെ ഭക്ഷണം അല്‍പം കുറച്ചു. ദിവസവും ഒരു മണിക്കൂര്‍ വ്യായാമം തുടങ്ങി. സിനിമയിലേക്ക് തിരിച്ചുവരാന്‍ ചാന്‍സ് കിട്ടിയാല്‍ തടി കൂടി എന്ന കാരണംകൊണ്ട് ഒഴിവാക്കപ്പെടരുതെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

വിദേശജീവിതം അടിപൊളിയാണോ?

നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ് ഞങ്ങള്‍. ശരിക്കും കേരളത്തിലെ ഒരു ഗ്രാമം പോലെതന്നെ. സ്‌കോട്ട്‌ലന്‍ഡും ലണ്ടനുമൊക്കെ അടുത്തുള്ള സ്ഥലങ്ങളാണ്. അവിടെയൊക്കെ കറങ്ങി. കുറേ ഷോപ്പിങ് നടത്തി. അമേരിക്കയിലും ഇറ്റലിയിലുമായിരുന്നു ഹണിമൂണ്‍. ആരും തിരിച്ചറിയാതെ സ്വാതന്ത്ര്യത്തോടുകൂടിയുള്ള യാത്രകള്‍. തല്ലും പിടിയും പ്രശ്‌നങ്ങളുമില്ലാത്ത സ്ഥലമാണ്. ഒറ്റയ്ക്ക് ഒരു മുറിയില്‍ അടച്ചിരിക്കാനും ഉറങ്ങാനുമൊക്കെ പണ്ടെനിക്ക് പേടിയായിരുന്നു. ഇപ്പോള്‍ അയര്‍ലന്‍ഡില്‍ ചേട്ടന്‍ ജോലിസ്ഥലത്തേക്ക് പോയാല്‍ ഞാന്‍ വീട്ടിലൊറ്റയ്ക്കാണ്. എന്നിട്ടും എനിക്ക് പേടി തോന്നാറില്ല. സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നതും ഞാനൊറ്റയ്ക്കാണ്. അവിടെതന്നെ സെറ്റില്‍ ചെയ്യാനാണ് എനിക്കിഷ്ടം.

നടിമാരെല്ലാം വിദേശത്ത് ജോലിയുള്ളവരെ കല്യാണം കഴിക്കുന്നതിന് കാരണമിതാണോ?

എത്ര പൈസ കിട്ടിയാലും ശരി ജീവിതത്തിന്റെ സൗഭാഗ്യങ്ങളൊന്നും നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കില്ല. ഒരുമിച്ചൊരു യാത്രപോകാന്‍, ദിവസവും വീട്ടില്‍ അല്‍പസമയം ഒരുമിച്ചിരുന്ന് കൊച്ചുവര്‍ത്തമാനം പറയാന്‍ ഒക്കെ സമയം കിട്ടുന്ന ഒരാളെ തന്നെയാണ് നടിമാരും ആഗ്രഹിക്കുന്നത്. വിദേശത്താകുമ്പോള്‍ ജീവിതം കുറേക്കൂടി ഈസിയാണെന്നു തോന്നുന്നു.

വെറുതെ ഒരു ഭാര്യയിലെ അഭിനയത്തിന് ഗോപികയ്ക്ക് അവാര്‍ഡ് കിട്ടാതെ വന്നപ്പോള്‍ വിഷമം തോന്നിയില്ലേ?

അവാര്‍ഡിന് പരിഗണിച്ചല്ലോ അതുമതി. അവസാന റൗണ്ട് വരെ എന്റെ പേരുണ്ടായിരുന്നു. പിന്നെ എനിക്കറിയാമായിരുന്നു അടൂര്‍സാറിന്റെയും ചന്ദ്രന്‍സാറിന്റെയുമൊക്കെ സിനിമകള്‍ മത്സരിക്കാനുള്ളപ്പോള്‍ അവാര്‍ഡ് എനിക്ക് കിട്ടുക എളുപ്പമുള്ള കാര്യമല്ലെന്ന്. അവരൊക്കെ അവാര്‍ഡ് പ്രതീക്ഷിച്ച് സിനിമ എടുക്കുന്നവരാണ്. അവരുടെ സിനിമകളെ ജൂറി എങ്ങനെയാണ് കാണുന്നത് എന്നൊക്കെ എനിക്കറിയാം. അതുകൊണ്ട് പ്രതീക്ഷ കുറവായിരുന്നു. പ്രേക്ഷകരുടെ എസ്.എം.എസ്. വഴിയോ, സാധാരണക്കാരായ ആള്‍ക്കാര്‍ സിനിമ കണ്ടോ മറ്റോ ആണ് അവാര്‍ഡ് തീരുമാനിക്കുന്നതെങ്കില്‍ നമുക്ക് ചിലപ്പോള്‍ കിട്ടീന്ന് വരും. അതുപോലെയാണോ സര്‍ക്കാറിന്റെ അവാര്‍ഡ്. ഇത് സിനിമയെക്കുറിച്ച് അറിവുള്ളവര് കണ്ട് തീരുമാനിക്കുന്ന ഏര്‍പ്പാടല്ലേ.

അനിയത്തി ഗ്ലിനി സിനിമയില്‍ അഭിനയിക്കുന്നു എന്നൊരു വാര്‍ത്തയുണ്ടായിരുന്നല്ലോ?

അവള്‍ക്ക് ഓഫറുണ്ടായിരുന്നു. ഒരാള്‍ വന്ന് ഫോട്ടോ വാങ്ങിച്ചു കൊണ്ടുപോയി. ചില മാഗസിനുകളിലുമൊക്കെ വാര്‍ത്തയും വന്നു. പിന്നെ കുറേ കാലത്തേക്ക് ഒരു വിവരവുമില്ല. സത്യത്തില്‍ അതൊരു ചീറ്റിങ്ങായിരുന്നു. മാസങ്ങള്‍ക്കുശേഷം അയാള്‍ വീണ്ടും വന്നപ്പോള്‍ ഡാഡി അയാളെ ഇറക്കിവിട്ടു.

മലയാള സിനിമയില്‍ കാവ്യ പോയതിന്റെ നഷ്ടം നികത്താന്‍ ഗോപികയുടെ തിരിച്ചുവരവ് സഹായിക്കുമോ?

കാവ്യ പോയതിന്റെ ഗ്യാപ് മാത്രം ഫില്‍ ചെയ്താല്‍ മതിയോ. മലയാളിത്തമുള്ള നടിമാര്‍ ആരു പോകുന്നതും സിനിമയ്ക്ക് നഷ്ടമാണ്. എനിക്കും എന്റേതായ ഇടമുണ്ടായിരുന്നു ഇവിടെ. ആ ഗ്യാപ് നികത്താനാണ് ഞാന്‍ തിരിച്ചുവന്നത്. സിനിമ ഉപേക്ഷിക്കുന്നത് നഷ്ടമാണെന്ന് മറ്റു നടിമാര്‍ക്ക് എന്നെങ്കിലും തോന്നുകയാണെങ്കില്‍ അവരും തിരിച്ചുവരുമായിരിക്കും.
കാപട്യമാണ് കേരളത്തിന്റെ പ്രശ്‌നം

ജസ്റ്റിന്‍ പതാലില്‍
ധീരയായ ഒരു സ്ത്രീ സമൂഹത്തോട് ചിലതു പറയുകയാണിവിടെ. കൗമാരകാലത്ത് ലൈംഗികപീഡനത്തിനിരയായ ഇവര്‍ ലൈംഗിക ചൂഷണത്തിനും മനുഷ്യക്കടത്തിനുമെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നതും പോരാടുന്നതും വ്യക്തമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണ്. പ്രജ്വല എന്ന സംഘടനയിലൂടെ നിരാലംബരായ അനവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവര്‍ മുന്നോട്ടുള്ള വഴികാണിക്കുകയാണ്. സാമൂഹ്യപ്രവര്‍ത്തക ഡോ.സുനിത കൃഷ്ണനുമായി അഭിമുഖം...

ലൈംഗിക ചൂഷണത്തിനായി ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് തട്ടിയെടുക്കപ്പെടുന്ന കുട്ടികളെക്കുറിച്ച് ലേഖന പരമ്പര തയ്യാറാക്കുന്നതിനുള്ള യാത്രയ്ക്കിടെ ആറു വര്‍ഷം മുന്‍പ് ഹൈദരാബാദില്‍വെച്ചാണ് സുനിത കൃഷ്ണനെ ഞാന്‍ ആദ്യമായി കണ്ടത്.

തൊടുപുഴ സ്വദേശി ബ്രദര്‍ ജോസ് വെട്ടുകാട്ടിലിനൊപ്പം മനുഷ്യക്കടത്തിനെതിരായ പോരാട്ടം ലക്ഷ്യമിട്ട് സുനിത തുടക്കം കുറിച്ച 'പ്രജ്വല' സൃഷ്ടിച്ച മാറ്റത്തിന്റെ കാറ്റ് ആന്ധ്രാപ്രദേശില്‍ അലയടിച്ചുതുടങ്ങിയ കാലമായിരുന്നു അത്.

വ്യഭിചാരശാലകളില്‍ നിന്നും സെക്‌സ് മാഫിയകളുടെ കെണിയില്‍നിന്നും മോചിതരായ കുട്ടികളും സ്ത്രീകളും താമസിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് എനിക്കൊപ്പം ഓട്ടോറിക്ഷയില്‍ പുറപ്പെടുംമുന്‍പ് മുന്നറിയിപ്പുതന്നു.''ഏതുസമയത്തും ഭീഷണിയും ആക്രമണവുമുണ്ടാകാം'' ഒരു മണിക്കൂര്‍ തികഞ്ഞില്ല, സുനിതയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. പ്രജ്വലയുടെ സന്നദ്ധ പ്രവര്‍ത്തക മമതയായിരുന്നു മറുതലയ്ക്കല്‍. നഗരത്തില്‍വെച്ച് അവള്‍ക്കുനേരെ ആരോ ആസിഡ് ബള്‍ബ് എറിഞ്ഞിരിക്കുന്നു.

ഓട്ടോറിക്ഷ ഹൈദരാബാദ് ജനറല്‍ ആസ്​പത്രിയിലേക്ക് വിടാന്‍ സുനിത നിര്‍ദേശിച്ചു. പോകുന്നവഴിക്ക് മമതയ്ക്ക് മാറിയുടുക്കാന്‍ വസ്ത്രവും വാങ്ങി. എന്നോട് ആസ്​പത്രിവളപ്പില്‍ കാത്തുനില്‍ക്കാന്‍ പറഞ്ഞ് അകത്തേക്കുപോയി മിനുട്ടുകള്‍ക്കുള്ളില്‍ മടങ്ങിയെത്തി.
''ആ കുട്ടിക്ക് കാലില്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സാരി ഉരുകിപ്പിടിച്ച നിലയിലാണ്. ഇതൊക്കെ ഇവിടുത്തെ ചെറിയ തോതിലുള്ള ഭീഷണികള്‍ മാത്രമാണ്'' ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ച ഈ പാലക്കാട്ടുകാരിയെ സംബന്ധിച്ചിടത്തോളം ഇത്തരം സംഭവങ്ങള്‍ അന്നേ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം എറണാകുളത്തെ ഹോട്ടലില്‍ അഭിമുഖത്തിനിരിക്കുമ്പോള്‍ സുനിതയുടെ മൊബൈല്‍ ഫോണില്‍ തുടരെ കോളുകള്‍ വന്നുകൊണ്ടിരിക്കുന്നു.

മംഗലാപുരത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ കന്യാസ്ത്രീക്കുവേണ്ടി ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്ന പ്രജ്വലയുടെ ഇന്‍ഫോര്‍മര്‍മരാണ് വിളിക്കുന്നത്.

''ആരോ തട്ടിക്കൊണ്ടു പോയതാണ്. എല്ലായിടത്തും നമ്മുടെ ആളുകള്‍ അരിച്ചുപെറുക്കുന്നുണ. ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന സ്ഥലം ഏറെക്കുറെ ലൊക്കേറ്റ് ചെയ്തു. എങ്ങനെയും കണ്ടെത്തും''- വാക്കുകളില്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യം.

പതിനാറാം വയസ്സില്‍ ലൈംഗിക പീഡനത്തിന് ഇരയായ സുനിത പില്‍ക്കാലത്ത് പീഡിതരും നിരാലംബരുമായ അനേകം സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമായിമാറിയത് അസാമാന്യമായ പോരാട്ട വീര്യത്തിന്റെ കഥയാണ്.

ദക്ഷിണേന്ത്യയിലെ മസാജ് പാര്‍ലറുകളോ ചുവന്ന തെരുവുകളോ ഗള്‍ഫ് രാജ്യങ്ങളിലെ വീട്ടകങ്ങളോ എവിടെയുമായിക്കോട്ടെ, കെണിയിലാകുന്ന സ്ത്രീകളെയും കുട്ടികളെയും ജീവന്‍ പണയംവെച്ചും രക്ഷപ്പെടുത്തുന്നതാണ് പ്രജ്വലയുടെ രീതി. സെക്‌സ് മാഫിയകളുടെ കണ്ണിലെ കരടായ സുനിതയ്‌ക്കെതിരെ വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ ആക്രമണത്തില്‍ കേഴ്‌വി ശക്തി ഭാഗികമായി നഷ്ടമായി.

മനുഷ്യക്കടത്തിനെതിരെ രാജ്യാന്തര തലത്തില്‍ നടക്കുന്ന മുന്നേറ്റങ്ങളിലും നിര്‍ണായക പങ്കുവഹിക്കുന്ന പ്രജ്വലയുടെ സാരഥിയെത്തേടി ഇതിനോടകം നിരവധി പുരസ്‌കാരങ്ങളുമെത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിയല്‍ ഹീറോ പട്ടികയിലും ഇടം ലഭിച്ചു. ജൂണില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പ്രകാശനം ചെയ്ത ട്രാഫിക്കിങ് ഇന്‍ പേഴ്‌സണ്‍സ് റിപ്പോര്‍ട്ടില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എട്ടുപേര്‍ക്കൊപ്പമാണ് സുനിതയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയാണിവര്‍.

ഹൈദരാബാദ് നഗരത്തിലും പുറത്തുമായി എച്ച്.ഐ.വി. ബാധിതര്‍ ഉള്‍പ്പെടെ നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശാന്തജീവിതത്തിന് അവസരമൊരുക്കുന്നതിനെ എല്ലാവരും വാനോളം പുകഴ്ത്തുമ്പോഴും താനും പ്രജ്വലയിലെ അന്തേവാസികളും നിരന്തരമായ ഒറ്റപ്പെടുത്തല്‍ നേരിടുകയാണെന്ന് സുനിത പറയുന്നു.

വ്യഭിചാരശാലകളില്‍നിന്നും മറ്റും മോചിപ്പിക്കപ്പെടുന്നവരെ പ്രാഥമിക ഘട്ടത്തില്‍ താമസിപ്പിക്കുന്ന മൂന്ന് കേന്ദ്രങ്ങള്‍ അടുത്തയിടെ ഒഴിയേണ്ടിവന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. ഷോപ്പിങ്് കോംപ്ലക്‌സ് നിര്‍മിക്കുന്നതിനുവേണ്ടി സ്ഥലമുടമ നിഷ്‌കരുണം ഒഴിപ്പിക്കുകയായിരുന്നു. എന്തു ചെയ്യണമെന്നറിയാത്ത ഘട്ടത്തില്‍ അപ്രതീക്ഷിതമായാണ് സഹായം ലഭിച്ചത്.

പുതിയതായി വാങ്ങിയ പത്തേക്കര്‍ സ്ഥലത്ത് അഭയകേന്ദ്രം നിര്‍മിക്കുന്നതിനായി, ആര്‍ക്കിടെക്ട് ജി. ശങ്കറിന്റെ സാങ്കേതിക ഉപദേശം തേടി കേരളത്തിലെത്തിയ സുനിത കടന്നുവന്ന വഴികളെക്കുറിച്ച്, ഭാവി പദ്ധതികളെക്കുറിച്ച് സംസാരിക്കുന്നു.

ലൈംഗിക പീഡനത്തിന്റെ ഇര എന്ന നിലയില്‍നിന്ന് ഇരകളുടെ സംരക്ഷകയായുള്ള വളര്‍ച്ചയെയും പിന്നിട്ട കാലഘട്ടത്തെയും എങ്ങനെ വിലയിരുത്തുന്നു?

അന്ന് ആ സംഭവം നടന്നതുകൊണ്ടാണ് ഇന്ന് ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നത്. പീഡനത്തിനിരയായപ്പോഴത്തെ വികാരംതന്നെയാണ് ഇപ്പോഴും എന്റെ മനസ്സില്‍. ഇത്രയും കാലത്തിനിടെ ഞാന്‍ എന്തൊക്കെയായിട്ടുണ്ടെങ്കിലും ദേഷ്യം കുറയുകയല്ല, മറിച്ച് കൂടിവരികയാണ്. അന്നും ഇന്നും നേരിടുന്ന പ്രധാന പ്രശ്‌നം ഒറ്റപ്പെടുത്തലാണ്.

ഒരുവശത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്നെ കണ്ണാടിക്കൂട്ടില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നു. മദര്‍ തെരേസയെപ്പോലെയാണെന്നും മറ്റും പുകഴ്ത്തുന്നു. എന്നെക്കാണാന്‍വേണ്ടി മാത്രം മിനക്കെട്ട് വരുന്നവരുമുണ്ട്. പക്ഷേ, സഹായം ആവശ്യമായി വരുമ്പോള്‍ ഇവരൊക്കെ കൈമലര്‍ത്തുന്നു. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് മൂന്ന് അഭയകേന്ദ്രങ്ങള്‍ ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തിനായി ഞാന്‍ ഏറെ അലഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരുടെ മക്കളെ, ലൈംഗിക ചൂഷണത്തിനിരയായകുട്ടികളെ താമസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എല്ലാവരും.

പണ്ട് ഒറ്റപ്പെടുത്തലിന് ഇരയായിരുന്നത് ഞാന്‍ തനിച്ചായിരുന്നെങ്കില്‍ ഇപ്പോള്‍ എനിക്കൊപ്പമുള്ള എല്ലാവരും അതേ പ്രശ്‌നം നേരിടുന്നു. പ്രജ്വല ഇത്രയും വളര്‍ന്നിട്ടും ഈ സ്ഥിതി തുടരുന്നത് ദയനീയമാണ്. അതേസമയം സഹായിക്കുന്നവരുമുണ്ട്. ഇപ്പോള്‍ പുതിയ സ്ഥലം വാങ്ങാന്‍ 35 ലക്ഷം രൂപ തന്ന ബിസിനസ്സുകാരന്‍ എം.എച്ച്. ദാല്‍മിയതന്നെ ഉദാഹരണം.

സാമൂഹിക പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായത് ഏതു ഘട്ടത്തിലാണ്?
നന്നേ ചെറുപ്പത്തിലേ താല്‍പര്യമുണ്ടായിരുന്നു. കുടുംബപശ്ചാത്തലവും അതിന് സഹായകമായി. സ്‌കൂളില്‍നിന്ന് പഠിക്കുന്ന കാര്യങ്ങള്‍ അയല്‍വീടുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എട്ടാമത്തെ വയസ്സില്‍ ഞാന്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ നൃത്തം പഠിപ്പിച്ചുതുടങ്ങി. എനിക്ക് നൃത്തം അറിയില്ലായിരുന്നു. എങ്കിലും എന്തൊക്കെയോ പഠിപ്പിച്ചു. അച്ഛന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലായിരുന്നതുകൊണ്ട് താമസം ഇടയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മാറിക്കൊണ്ടിരുന്നു.

പന്ത്രണ്ടു വയസ്സായപ്പോള്‍ ബാംഗ്ലൂരില്‍ വീടിനടുത്ത് ഒരു ചേരിയില്‍ സ്വന്തമായി ഒരു പാഠശാല തുടങ്ങി. വൈകുന്നേരം സ്‌കൂളില്‍നിന്ന് വന്നാല്‍ അവിടെ പോയി കുട്ടികളെ പഠിപ്പിക്കും. സ്വന്തനിലയില്‍ പണം സമ്പാദിക്കണമെന്ന ആഗ്രഹംകൊണ്ട് ചെറുപ്പത്തിലേ ട്യൂഷനും തുടങ്ങി. വീട്ടുകാര്‍ ഉള്‍പ്പെടെ എല്ലാവരും പ്രോത്സാഹിപ്പിച്ചു. പതിനാറാം വയസ്സില്‍ വീടിനടുത്തുള്ള ഗ്രാമത്തില്‍വെച്ച് പീഡനത്തിനിരയായതോടെ എല്ലാം തകിടം മറിഞ്ഞു.

സാധാരണ പെണ്‍കുട്ടികള്‍ തകര്‍ന്നുപോകുന്ന ഇത്തരമൊരു ഘട്ടത്തില്‍ തികഞ്ഞ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടു നീങ്ങാന്‍ സാധിച്ചതെങ്ങനെ?
അന്ന് ആ സംഭവം നടന്നിരുന്നില്ലെങ്കിലും ഞാന്‍ സാമൂഹ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയില്‍ എത്തുമായിരുന്നു. പ ക്ഷേ, ഇന്നത്തെ നിലയിലാകാന്‍, ഈ രംഗത്ത് പ്രവര്‍ത്തനം കേന്ദ്രീകരിക്കാന്‍ കാരണം അതുതന്നെയായിരുന്നു.

ഞാന്‍ ഒരു ഇരയാണെന്ന തോന്നല്‍ ഉണ്ടായില്ല. മറിച്ച് ഒരു വസ്തുത മനസ്സിലായി; ഏതൊരു പെണ്ണ് ലൈംഗിക പീഡനത്തിന് ഇരയായാലും സമൂഹം അവളെയാണ് പഴിക്കുക. അതിക്രമം കാട്ടിയ പുരുഷന്‍മാര്‍ മാന്യന്മാരായി ജീവിക്കും. എത്രയോ നൂറ്റാണ്ടുകളായി ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു? ഒരു തെറ്റും ചെയ്യാത്ത സ്ത്രീകള്‍ ആയുഷ്‌കാലം മുഴുവന്‍ പേരുദോഷവും പേറി ജീവിക്കുന്നു. അവരുടെ മക്കള്‍ക്കും പഴികേള്‍ക്കേണ്ടിവരുന്നു. സാഹചര്യംമൂലം വ്യഭിചാരത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നവര്‍ വലിയ കുറ്റവാളികളാണ്, അതേസമയം അവരുടെ അടുത്തു പോകുന്ന പുരുഷന്‍മാരെ ആരും കുറ്റപ്പെടുത്തുന്നുമില്ല.

പീഡനത്തിന് ഇരയാകുന്നതോടെ വിഷാദത്തിന് അടിപ്പെടുന്ന സ്ത്രീകളുടെ പതിവിന് അപവാദമായതോടെ ചുറ്റുപാടുമുള്ളവര്‍ എന്നെ വെറുത്തുതുടങ്ങി.

നേരത്തെ തന്നെ സാമൂഹ്യ പ്രവര്‍ത്തനത്തോട് എനിക്കുണ്ടായിരുന്ന താല്‍പര്യത്തിന് ഈ സംഭവത്തോടെ ഒരു ദിശാബോധമായി.

തുടര്‍ന്നങ്ങോട്ട് ജീവിതം പ്ലാന്‍ഡ് ആയിരുന്നു എന്നാണോ ഉദ്ദേശിച്ചത്?
തീര്‍ച്ചയായും. ആ സംഭവത്തിനുശേഷം എന്റെ ജീവിതം മുഴുവന്‍ പ്ലാന്‍ഡ് ആണ്. പതിനാറുവയസ്സുവരെ എന്നെ വിസ്മയമായി കരുതിയിരുന്നവര്‍ക്ക് ഞാന്‍ ഒരു തലവേദനയായി മാറിയിരിക്കുന്നു എന്ന തിരിച്ചറിവാണ് അതിനു പ്രേരിപ്പിച്ചത്. ഇപ്പോള്‍ ഞാന്‍ എവിടെ എത്തിയിരിക്കുന്നുവോ അത് പൂര്‍ണമായും പ്ലാന്‍ഡ് ഈവന്റാണ്. അതില്‍ യാദൃച്ഛികതകളേയില്ല.

മേധാ പട്കറും മറ്റും സജീവമായിരുന്ന കാലമായിരുന്നതുകൊണ്ട് ബി.എസ്‌സിക്ക് എന്‍വയണ്‍മെന്റല്‍ സയന്‍സ് ഐച്ഛിക വിഷയമായെടുത്തു. ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ സൈക്യാട്രി ഐച്ഛികമായെടുത്ത് ബാംഗ്ലൂരില്‍ എം.എസ്.ഡബ്ല്യൂവിന് ചേര്‍ന്നു.

വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടവരെയും കാബറെ കലാകാരികളെയും ബാര്‍ നര്‍ത്തകിമാരെയുമൊക്കെ പി.ജി.ക്കു പഠിക്കുമ്പോള്‍തന്നെ കാണാന്‍ പോകുന്നത് പതിവാക്കി. അവര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ തുടരെ സഹായം വാഗ്ദാനം ചെയ്തുകൊണ്ടേയിരുന്നു. ഇതൊക്കെയാണെങ്കിലും എങ്ങനെയാണ് അവരെ സഹായിക്കേണ്ടതെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

എന്നും പോയി അവരോടു ചോദിക്കും, ഞാന്‍ എന്താ ചെയ്യേണ്ടതെന്ന്. പ്രതികരണം വളരെ പരുഷമായിരുന്നു. നിനക്കെന്താ വേണ്ടതെന്ന മറുചോദ്യവും ആട്ടും തുപ്പുമായിരിക്കും പലപ്പോഴും ഉണ്ടാകുക.

ഒരു ദിവസം ഒരു വേശ്യാലയത്തിലെ സ്ത്രീ മുറുക്കിക്കൊണ്ടിരിക്കെ എന്റെ മുഖത്തു തുപ്പി. എന്നിട്ടും ഞാന്‍ സന്ദര്‍ശനം മുടക്കിയില്ല. എതോ ഒരു ശക്തി എന്നെ അവിടെ തുടരാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

ആയിടയ്ക്ക്് അവിടുത്തെ വ്യഭിചാരശാലകളിലൊന്നില്‍ പതിമ്മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കൊണ്ടുവന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. എല്ലാ ദിവസവും നാലും അഞ്ചും പേര്‍ അവളെ ഉപയോഗിച്ചശേഷം അഞ്ചു രൂപവീതം ബ്ലൗസിനുള്ളില്‍ വെക്കും. ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ അവിടെ ഇരിക്കുന്ന സ്ത്രീ ചോദിച്ചു.

''നീ എല്ലാ ദിവസവും ചോദിക്കുന്നുണ്ടല്ലോ ഞങ്ങള്‍ക്കു വേണ്ടി എന്താ ചെയ്യേണ്ടതെന്ന്. ദാ, അവിടെക്കിടക്കുന്നു ഒരെണ്ണം, പോയി സഹായിക്ക്''

ആദ്യമായിട്ടാണ് എന്നോട് അവര്‍ സാഹായിക്ക് എന്നു പറയുന്നത്. ഞാന്‍ പോയി പെണ്‍കുട്ടിയെ കണ്ടു. അവള്‍ക്ക് ഭാഗികമായി ബുദ്ധിമാന്ദ്യമുണ്ട്. നേരത്തെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച എനിക്ക് അവളോട് സംസാരിക്കാന്‍ ക്ലേശമുണ്ടായില്ല. നാലു ദിവസംകൊണ്ട് ആ കുട്ടിയുടെ മേല്‍വിലാസം കണ്ടെത്താനായി. പിന്നെ എന്റെ അച്ഛന്റെ മേലുദ്യോഗസ്ഥനെ കണ്ട് ഒരു വണ്ടി വേണമെന്ന് അപേക്ഷിച്ചു. എങ്ങനെയോ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി, അദ്ദേഹത്തിന്റെ ജീപ്പ് സംഘടിപ്പിച്ച് കുട്ടിയെ വ്യഭിചാരശാലയിലുണ്ടായിരുന്ന ഒന്നു രണ്ട് സ്ത്രീകള്‍ക്കൊപ്പം അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി.

സ്വദേശത്ത് എത്തിയപ്പോഴാണ് കുട്ടി അവിടുത്തെ ഒരു ജന്മിയുടെ മകളാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ മരിച്ചതോടെ സ്വത്ത് തട്ടിയെടുക്കാന്‍ ചെറിയച്ഛന്‍ അവളെ വീട്ടില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. തെരുവില്‍ അലയുന്നതിനിടെ ആരോ ബാംഗ്ലൂരില്‍ കൊണ്ടുവന്നു. രണ്ടു മൂന്നു സ്ഥലങ്ങളില്‍ നിരന്തര പീഡനത്തിന് ഇരയായശേഷമാണ് ഞാന്‍ കണ്ട സ്ഥലത്ത് എത്തിച്ചത്.

അയല്‍വാസികളും മറ്റും കുട്ടിയെ തിരിച്ചറിഞ്ഞു. അവളുടെ സംരക്ഷണം പഞ്ചായത്ത് ഏറ്റെടുത്തു. അതായിരുന്നു ഈ രംഗത്ത് എന്റെ ആദ്യത്തെ കേസ്. അതോടെ എന്റെ ജീവിതം സെക്‌സ് റാക്കറ്റുകളുടെ ഇരകളായ സ്ത്രീകള്‍ക്കൊപ്പമായി.

ക്രമേണ അവരുമായി ഏറെ അടുത്തു. എന്റെ ആത്മാര്‍ത്ഥത ബോധ്യമായതോടെ അവര്‍ അനുഭവങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. അപ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രാവിലെ കോളേജില്‍ പോകും, വൈകുന്നേരം വ്യഭിചാര കേന്ദ്രത്തില്‍ പോകും. എം.എസ്. ഡബ്ല്യുവിന് എന്റെ തിസീസ് അവരെക്കുറിച്ചായിരുന്നു.

പി.ജി.ക്ക് മംഗലാപുരം സര്‍വകലാശാലയില്‍ ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ ജീവിതത്തില്‍ ഉന്നത നിലയിലെത്തുമെന്ന് ബന്ധുക്കളും മറ്റും പ്രതീക്ഷിച്ചു. എനിക്ക് ആ പ്രതീക്ഷയ്‌ക്കൊത്ത് പോകാന്‍ താത്പര്യമുണ്ടായിരുന്നില്ല. മുന്നില്‍ വ്യക്തമായ ഒരു വഴിയുണ്ടായിട്ടും അത് തിരഞ്ഞെടുക്കാത്ത സ്ഥിതി.

കോണ്‍ക്രീറ്റായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. പക്ഷേ, തീരുമാനമെടുക്കാന്‍ വര്‍ഷങ്ങള്‍ വൈകി.
അങ്ങനെ വെറുതെ നടക്കുന്ന കാലത്താണ് വിമെന്‍സ് മൂവ്‌മെന്റിലും റാഡിക്കല്‍ മൂവ്‌മെന്റിലുമൊക്കെ സജീവമായത്. അവരുടെ പിക്കറ്റിങ്ങിലും മറ്റുമൊക്കെ തുടര്‍ച്ചയായി പങ്കെടുത്തു.

ലോക സുന്ദരി മത്സരത്തിനെതിരായ സമരത്തില്‍ പങ്കുചേര്‍ന്നതും ജയിലിലായതും അക്കാലത്താണോ?
അതെ. 1996-ല്‍ ബാംഗ്ലൂരില്‍ നടന്ന ലോക സുന്ദരി മത്സരം കാണാനെത്തുന്നവര്‍ക്ക് കാഴ്ച്ചവെക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ പെണ്‍കുട്ടികളെ കൊണ്ടുവന്നിരുന്നു. വ്യഭിചാരകേന്ദ്രങ്ങളിലെ സുഹൃത്തുക്കളായ സ്ത്രീകള്‍ മുഖേന ഇതു സംബന്ധിച്ച വിവരങ്ങള്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നു.

മത്സരവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന അനാശാസ്യ ഇടപാടുകളെയും മനുഷ്യക്കടത്തിനെയുംകുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ അന്വേഷണം ഉള്ളറകളിലേക്ക് നീങ്ങുന്നതായി തിരിച്ചറിഞ്ഞ സംഘാടകര്‍ എന്നെ നോട്ടമിട്ടിരുന്നു.

കിട്ടിയ വിവരങ്ങള്‍ എവിടെയെങ്കിലും പറയേണ്ടേ? ഒറ്റയാള്‍ പട്ടാളമായ എനിക്ക് അതിന് വേദിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഫെമിനിസ്റ്റ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട് അവരുടെ വേദികളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. നിരാഹാര സത്യഗ്രഹം ഉള്‍പ്പെടെ അവരുടെ എല്ലാ പ്രക്ഷോഭപരിപാടികളിലും ഞാനും പങ്കെടുത്തു.

അവരുടെ പ്രക്ഷോഭം തീര്‍ത്തും ഉപരിപ്ലവമായിരന്നു. ഒരു ദിവസം കര്‍ഷക നേതാവ് നഞ്ചുണ്ടസ്വാമി ഉള്‍പ്പെടെ പല പ്രമുഖരും പങ്കെടുത്ത പിക്കറ്റിങ്ങില്‍ എനിക്ക് പ്രസംഗിക്കാന്‍ അവസരം കിട്ടി. സൗന്ദര്യ മത്സരത്തിന്റെ മറവില്‍ നടക്കുന്ന മാംസക്കച്ചവടത്തെക്കുറിച്ച് അറിയാവുന്നതെല്ലാം പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നി. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും ഞാന്‍ ആവേശത്തില്‍തന്നെയായിരുന്നു. വൈകുന്നേരം പുറത്തിറങ്ങാമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, എല്ലാ കണക്കുകൂട്ടലുകളും തെറ്റി. ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടു മാസത്തെ ഏകാന്തതടവാണ് എന്നെ കാത്തിരുന്നത്.

ആ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത് വിഡ്ഢിത്തമായിരുന്നെന്ന് പിന്നീട് തോന്നിയിട്ടുണ്ടോ?
അത് ശരിക്കും ഒരു കെണിയായിപ്പോയി. തീര്‍ത്തും അപ്രതീക്ഷിതം. മുന്‍പ് എത്രയോ തവണ അറസ്റ്റിലായിട്ടുണ്ട്. പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍തന്നെ ജാമ്യം സംഘടിപ്പിച്ചു തരുന്നതായിരുന്നു പതിവ്. പക്ഷേ, അന്ന് കഥ മാറി. ഞാന്‍ ഉള്‍പ്പെടെ അറസ്റ്റിലായ 13 സ്ത്രീകളെ സൗന്ദര്യ മത്സരം കഴിയുന്നതുവരെ തടവിലിടാനായിരുന്നു തീരുമാനം. അതില്‍ പത്തു പേര്‍ നക്‌സലുകളായിരുന്നു.

കേസ് പരിഗണിച്ചിരുന്ന ജഡ്ജി കുറേ ദിവസം ലീവെടുത്തു. ചില ദിവസങ്ങളില്‍ രാവിലെ വന്ന് പെട്ടെന്ന് മടങ്ങി. രണ്ടു മാസം കഴിഞ്ഞ് മോചനം ലഭിക്കുകയും പിന്നീട് കേസില്‍ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്‌തെങ്കിലും അത് ജീവിതത്തിലെ വലിയൊരു പാഠമായിരുന്നു.

എന്റെ കുടുംബത്തില്‍നിന്ന് ആരും തിരിഞ്ഞുനോക്കിയില്ല. 350ഓളം വനിതാ തടവുകാര്‍ കഴിഞ്ഞിരുന്ന സെല്ലുകള്‍ക്കു മുന്നിലെ നീണ്ട ഇടനാഴിയുടെ ഒരറ്റത്ത് വലിയൊരു ഇരുമ്പു ഗേറ്റ്. വാര്‍ഡന്‍ ഗേറ്റില്‍ കൊട്ടിയാല്‍ ജയിലില്‍ പൂര്‍ണനിശ്ശബ്ദതയാകും. ആര്‍ക്കൊക്കെയാണ് സന്ദര്‍ശകര്‍ വന്നിരിക്കുന്നതെന്ന അറിയിപ്പിനായി കാതോര്‍ക്കാനാണ്.

രാവിലെ പത്തു മുതല്‍ വൈകുന്നേരം നാലുവരെയാണ് സന്ദര്‍ശകസമയം. രണ്ടു മാസക്കാലം മുഴുവന്‍ ഞാന്‍ കാത്തിരുന്നു. എന്നെത്തേടി സ്വന്തമെന്നു പറയാന്‍ ആരും വന്നില്ല. വീട്ടുകാര്‍ തഴഞ്ഞെന്ന് ഉറപ്പായി. വൈകുന്നേരം നാലു മുതല്‍ പിറ്റേന്ന് രാവിലെ അഞ്ചുവരെ മടുപ്പിക്കുന്ന ഏകാന്തത. രാവിലെ പതിനൊന്നിനും ഉച്ചകഴിഞ്ഞ് മൂന്നിനും മാത്രമായിരുന്നു ഭക്ഷണം. ബന്ധനം എന്താണെന്ന് തിരിച്ചറിഞ്ഞ ആ നാളുകളില്‍ കിട്ടിയിരുന്ന ഏതാനും വറ്റ് ചോറിന്റെ രുചി ഇന്നും നാവിലുണ്ട്.

ജയിലില്‍നിന്ന് പുറത്തുവന്ന ദിവസം മറ്റു പന്ത്രണ്ടുപേരുടെയും ഉറ്റവര്‍ എത്തിയിരുന്നു. എന്നെത്തേടി ആരുമുണ്ടായില്ല. കയ്യില്‍ കാശുമില്ല. എങ്ങനെയോ തപ്പിപ്പിടിച്ച് വീട്ടിലെത്തി. 'ഇനി നീ വെളിയിലൊന്നും പോകേണ്ട'- ചെന്നയുടന്‍ അമ്മ പറഞ്ഞു. അതു വകവെക്കാതെ ഞാന്‍ അന്നു വൈകുന്നേരംതന്നെ കോളനിയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. എനിക്ക് അവിടെ തുടരനാവില്ലെന്ന് അന്ന് ബോധ്യമായി. വീടു വിട്ടുപോകുകയാണെന്ന് പറഞ്ഞപ്പോള്‍ ആരും എതിര്‍ത്തില്ല. എവിടേക്ക് പോകണമെന്ന് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.

ജയിലില്‍ ഞങ്ങളെ സന്ദര്‍ശിച്ചിരുന്ന സംഘത്തിലുണ്ടായിരുന്ന മോണ്ട്‌ഫോര്‍ട്ട് സന്യാസസഭാംഗം ബ്രദര്‍ വര്‍ഗീസിനെ ബന്ധപ്പെട്ടു. അദ്ദേഹം ഹൈദരാബാദിലെ ചേരികളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവിടെച്ചെന്ന് കുറെ ദിവസം ചെലവഴിക്കാന്‍ നിര്‍ദേശിച്ചു.

ഡിസംബര്‍ മൂന്നിന് ബാംഗ്ലൂര്‍ വിട്ടു. പിറ്റേന്ന് ഹൈദരാബാദിലെത്തി. അവിടെ ബ്രദര്‍ വര്‍ഗീസും സംഘവും പ്രവര്‍ത്തിക്കുന്ന ചേരിയിലെ ഒരു മുറിയില്‍ ഞാന്‍ താമസമാക്കി.

ഹൈദരാബാദിലെ പ്രവര്‍ത്തനം സജീവമായത് ഏതു ഘട്ടത്തിലാണ്?
രണ്ടുമൂന്നു മാസം ചേരിയിലെ പ്രശ്‌നങ്ങള്‍ കണ്ടുപഠിച്ചു. അവിടെ കുടിയൊഴിപ്പിക്കല്‍ നടന്നപ്പോള്‍ കുറെ ആളുകളെ ഉള്‍പ്പെടുത്തി ഒരു സംഘടന ഉണ്ടാക്കി. ബ്രദര്‍ വര്‍ഗീസിന്റെ പീപ്പിള്‍സ് ഇനിഷ്യേറ്റീവ് നെറ്റ്‌വര്‍ക്കുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം. ഞങ്ങള്‍ ഒട്ടേറെ പ്രതിഷേധമുറകള്‍ പയറ്റി.

1996 ഏപ്രിലില്‍ ഹൈദരാബാദിലെ മെഹ്ബൂബ് കി മെഹ്ന്ദി എന്ന കുപ്രസിദ്ധ വ്യഭിചാരകേന്ദ്രത്തിന്റെ ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ ഞാന്‍ അവിടെ എത്തി. രണ്ടാം ദിവസമാണ് മോണ്ട്‌ഫോര്‍ട്ട് സന്യാസസഭാംഗമായ ബ്രദര്‍ ജോസിനെ കണ്ടുമുട്ടുന്നത്. ഞങ്ങള്‍ രണ്ടുപേരും ഒരേ ലക്ഷ്യത്തിനുവേണ്ടി നിയോഗിക്കപ്പെട്ടവരാണെന്നും ജീവിതങ്ങള്‍ എവിടെയോ ബന്ധിക്കപ്പെട്ടിരിക്കുന്നെന്നും ആദ്യ സംഭാഷണത്തില്‍തന്നെ എനിക്കു മനസ്സിലായി. വൈകാതെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി.

കുടിയൊഴിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജയിലുകളില്‍ മൃഗീയ പീഡനം അനുഭവിക്കേണ്ടിവന്നു. എല്ലാവരെയും നിര്‍ബന്ധിത എയ്ഡ്‌സ് പരിശോധനയ്ക്ക് വിധേയരാക്കി. ഇടയ്ക്ക് കുറേപ്പെരെ വിട്ടയച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഇരുപതു സ്ത്രീകള്‍ ആത്മഹത്യചെയ്തു. ഒരുദിവസം 450-ഓളം പേരെ ട്രക്കുകളില്‍ കുത്തിനിറച്ച് ജയിലിലേക്ക് കൊണ്ടുപോയി. തൊട്ടു പിന്നാലെ അവരുടെ വീടുകള്‍ നാട്ടുകാര്‍ നശിപ്പിച്ചു.

പി.യു.സി.എല്‍ പോലെയുള്ള പല സംഘടനകളും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സഹായം നല്‍കാന്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പ്രത്യേക മേല്‍വിലാസമൊന്നുമില്ലാതെ ഞാനും കര്‍മനിരതയായി. പക്ഷേ, മറ്റുള്ളവര്‍ കടന്നുചെല്ലാത്ത മേഖലകളിലായിരുന്നു എന്റെ പ്രവര്‍ത്തനം. ആത്മഹത്യ ചെയ്ത സ്ത്രീകളുടെ സംസ്‌കാരത്തിനും മറ്റും മുന്‍കൈ എടുത്തു. അതോടെ ഞാനും മെഹ്ബൂബ് കി മെഹ്്ന്ദിയിലെ അന്തേവാസികളില്‍ ശേഷിച്ചവരും തമ്മില്‍ ഏറെ അടുത്തു. ബാംഗ്ലൂരിലെ എന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതിനോടകം അവര്‍ അറിഞ്ഞിരുന്നു.

ഇടയ്ക്കിടെ അവരുടെ അടുത്തുപോയി എന്തുസഹായമാണ് വേണ്ടതെന്ന് ചോദിക്കും. തങ്ങള്‍ക്ക് ഒന്നും വേണ്ടെന്നും അവിടുത്തെ കുട്ടികള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഒടുവില്‍ അവര്‍ പറഞ്ഞു.

ഇക്കാര്യം ഞാന്‍ ബ്രദര്‍ ജോസിനെ അറിയിച്ചു. അദ്ദേഹത്തിന് ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു.

''നമ്മള്‍ ദൈവങ്ങളല്ല, അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവരുടെ പങ്കാളിത്തം വേണം'' -ജോസ് പറഞ്ഞു. പങ്കാളിത്ത ആശയത്തെക്കുറിച്ച് എനിക്ക് ഒന്നും മനസ്സിലായില്ല. ആരോരുമില്ലാത്തവരോട് എങ്ങനെ പങ്കാളിത്തം ആവശ്യപ്പെടും എന്നതായിരുന്നു സംശയം. പക്ഷേ, ജോസിന്റെ നിലപാടില്‍ തെല്ലും മാറ്റമുണ്ടായില്ല. ഇതിന്റെ പേരില്‍ ഞങ്ങള്‍ പിണങ്ങുകവരെയുണ്ടായി. ഒടുവില്‍ മനസ്സില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു. ജോസ് പറഞ്ഞ കാര്യങ്ങള്‍ തത്ത ഉരുവിടുംപോലെ ആ സ്ത്രീകളോട് ഞാന്‍ ആവര്‍ത്തിച്ചു. പ്രതികരണം വിസ്മയിപ്പിക്കുന്നതായിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി അവര്‍ എന്തിനും തയ്യാറായിരുന്നു. ആ പങ്കാളിത്ത തത്ത്വശാസ്ത്രത്തിലാണ് ഞങ്ങള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. മെഹ്ബൂബ് കി മെഹ്്്ന്ദിയില്‍ ശേഷിച്ച വ്യഭിചാരശാലകളിലൊന്നില്‍ അഞ്ചു കുട്ടികളുമായി ആദ്യ സ്‌കൂള്‍ തുടങ്ങി. ഞാന്‍തന്നെയായിരുന്നു ആദ്യ അധ്യാപിക. പ്രതീക്ഷയുടെ ശാശ്വത ജ്വാല എന്ന അര്‍ഥത്തിലാണ് പ്രജ്വല എന്ന പേര് സ്വീകരിച്ചത്. അവിടെനിന്ന് ഇന്ന് ഞങ്ങള്‍ ഒരുപാട് ദൂരം മുന്നേറിയിരിക്കുന്നു.

പ്രജ്വലയുയുടെ ഇപ്പോഴത്തെ ചിത്രം എന്താണ്?

ഹൈദരാബാദിലും നഗരത്തിനു പുറത്തുമായി പതിനേഴ് ട്രാന്‍സിഷന്‍ സ്‌കൂളുകളില്‍ അയ്യായിരത്തോളം കുട്ടികള്‍ പഠിക്കുന്നു. ബലാത്സംഗത്തിന്റെ ഇരകളും വേശ്യാവൃത്തിയില്‍നിന്ന് മോചിതരായവരുടെ മക്കളുമൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. അമ്മമാരുടെ കമ്മിറ്റിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ അധ്യാപകര്‍ പ്രജ്വലയിലെ അന്തേവാസികള്‍തന്നെ. ട്രാന്‍സിഷന്‍ സ്‌കൂളുകളില്‍ പഠനത്തില്‍ മികവു പുലര്‍ത്തുന്ന കുട്ടികള്‍ക്ക് സാധാരണ സ്‌കൂളുകളില്‍ പ്രവേശനം നല്‍കാറുണ്ട്.

പ്രജ്വല രക്ഷപ്പെടുത്തുന്നവരെ ആദ്യഘട്ടത്തില്‍ താമസിപ്പിക്കുന്ന മൂന്ന് കേന്ദ്രങ്ങളിലായി 450 പേരുണ്ട്. അവിടുത്തെ എറ്റവും ചെറിയ കുട്ടിക്ക് മൂന്നു വയസ്സാണ്.

ഹൈദരാബാദ് നഗരപ്രാന്തത്തില്‍ പ്രവര്‍ത്തിക്കുന്ന ആസ്താനിവാസില്‍ എച്ച്.ഐ.വി. ബാധിതരായ നൂറോളം കുട്ടികള്‍ കഴിയുന്നു. ഏറെപ്പേരും ബലാത്സംഗത്തിന്റെ ഇരകള്‍. മനസ്സാക്ഷിയുള്ളവരുടെ കരളലിയിക്കുന്ന കഥകളാണ് ഓരോ കുട്ടിക്കും പറയാനുള്ളത്.
പാവകളും മറ്റും നിര്‍മിക്കുന്ന പതിമ്മൂന്ന് കേന്ദ്രങ്ങള്‍ പ്രജ്വലയ്ക്കു കീഴില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ സ്ത്രീകള്‍തന്നെയാണ് നടത്തുന്നത്.

ബുക്ക് ബൈന്‍ഡിങ്്, പ്രിന്റിങ്്, കാര്‍പ്പെന്ററി, ഫോട്ടോ ലാമിനേഷന്‍ തുടങ്ങി വിവിധ മേഖലകള്‍ ഉള്‍പ്പെടുന്ന വിപുലമായ ചെറുകിട വ്യവസായ യൂണിറ്റില്‍ 120ഓളം പേര്‍ ജോലി ചെയ്യുന്നു.

അമൂല്‍ ഇന്ത്യയുടെ സഹകരണത്തോടെ രണ്ടു സ്ഥലത്ത് അമൂല്‍ ഫ്രാഞ്ചൈസികള്‍ നടത്തുന്നതിനു പുറമെ യശോദ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്​പത്രിയില്‍ ഹൗസ് കീപ്പിങ്, താജ് ബഞ്ചാര സ്റ്റാര്‍ ഹോട്ടലില്‍ ലേഡി സെക്യൂരിറ്റി ഗാഡ് തുടങ്ങിയ ജോലികളും പ്രജ്വലയിലെ അന്തേവാസികള്‍ ചെയ്യുന്നു.

നാഷണല്‍ അക്കാദമി ഫോര്‍ കണ്‍സ്ട്രക്ഷനില്‍ മേസന്‍ ജോലിയില്‍ പരിശീലനം നേടിയ 25 പെണ്‍കുട്ടികള്‍ ഇപ്പോള്‍ ലാന്‍കോ കണ്‍സ്്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഇതുവരെ 2550 സ്ത്രീകളെ പുനരധിവസിപ്പിച്ചു. അയ്യായിരത്തിലേറെ കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കി. 450 കുട്ടികളുടെ വിവാഹം കഴിഞ്ഞു. അവരില്‍ എനിക്ക് 40 ഓളം പേരക്കുട്ടികളുമുണ്ട്.

മുന്‍പ് ചെറുസംഘങ്ങളായാണ് ഞങ്ങള്‍ റെസ്‌ക്യുവിന് പോയിരുന്നത്. ഇപ്പോള്‍ അത് ഇരുപതും അതിലേറെയും പേരടങ്ങുന്ന സംഘമായി. പ്രജ്വലയില്‍ പരിശീലനം നേടിയ സംഘടനകളുടെ നേതൃത്വത്തില്‍ ഒറീസയിലും തമിഴ്‌നാട്ടിലും സമാനമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

ബ്രദര്‍ ജോസ് പ്രജ്വലയില്‍ പ്രവര്‍ത്തിക്കുന്നതിനെ സഭ എതിര്‍ത്തിരുന്നതായി കേട്ടിട്ടുണ്ടല്ലോ?

ദേശീയ തലത്തില്‍ നോക്കിയാല്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട പലരും സജീവമാണ്. പക്ഷേ ജോസിന്റെ സന്ന്യാസസഭ അദ്ദേഹത്തിന്റെ സങ്കല്പ്പങ്ങളെയും പ്രവര്‍ത്തനങ്ങളെയും കാര്യമായി പരിഗണിച്ചില്ല. അതുകൊണ്ടുതന്നെയാണ് അവര്‍ അദ്ദേഹം പ്രജ്വലയില്‍ പ്രവര്‍ത്തിക്കുന്നതിനെ എതിര്‍ത്തത്. ഇത്രയും വിഷനറിയായ ഒരു മനുഷ്യനെ മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നത് എറെ ദുഃഖകരമാണ്.

എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഒരു യഥാര്‍ഥ ക്രിസ്ത്യാനിയായിരുന്നു. എത്രയോ സന്ന്യസ്തരെ നമ്മള്‍ കാണുന്നു. ഫാദറാണ്, ബ്രദറാണ്, സിസ്റ്ററാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന പലരുടെയും മനസ്സും പ്രവൃത്തിയും അതിനു ചേര്‍ന്നതാവില്ല. ജോസിനെ സംബന്ധിച്ചിടത്തോളം പ്രജ്വലയിലെ പ്രവര്‍ത്തനം ഒരു ഈശ്വരാനുഭവം തന്നെയായിരുന്നു.

അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തെ എങ്ങനെ ബാധിച്ചു?

2006ലാണ് ജോസ് മരിക്കുന്നത്. അത് പ്രജ്വലയ്ക്ക് കനത്ത പ്രഹരമായിരുന്നു. ഇപ്പോള്‍ പല നിര്‍ണായക ഘട്ടങ്ങളിലും ജോസിന്റെ അഭാവം ഞങ്ങള്‍ അറിയുന്നുണ്ട്. പ്രജ്വലയെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ ആള്‍രൂപമായിരുന്നു അദ്ദേഹം. പുരുഷന്‍മാരുടെ ക്രൂരതകള്‍ മാത്രം കണ്ടിട്ടുള്ള അവിടുത്തെ കുട്ടികള്‍ക്ക് നല്ല ആണുങ്ങളുടെ ഒരു പ്രതീകവും.

ജോസ് കൂടെയില്ലെന്ന കാര്യം എനിക്ക് ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹത്തിന്റെ ആത്മാവുമായി ഞാന്‍ ഇപ്പോഴും സംവദിക്കുന്നുണ്ട്. പക്ഷേ, ഫിസിക്കല്‍ ഗ്യാപ്പ് ഒരു റിയാലിറ്റിയാണ്. പ്രതിസന്ധി ഘട്ടങ്ങളുണ്ടാകുമ്പോള്‍ ഇപ്പോള്‍ ജോസ് ഒപ്പമുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രജ്വലയുടെ വ്യവസായ യൂണിറ്റൊക്കെ അദ്ദേഹം വിഭാവനം ചെയ്തതാണ്. ദൈവാനുഗ്രഹംകൊണ്ടുമാത്രമാണ് എല്ലാം നല്ലനിലയില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്നത്.

ചലച്ചിത്ര സംവിധായകന്‍ രാജേഷ് ടച്ച്‌റിവര്‍ സുനിതയുടെ പ്രവര്‍ത്തന മണ്ഡലത്തിലേക്കും ജീവിതത്തിലേക്കും കടന്നുവന്നത് എങ്ങനെ?

ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്നു. ഇടയ്ക്ക് രാജേഷ് പ്രജ്വലയ്ക്കുവേണ്ടി ചില ഡോക്യുമെന്ററികള്‍ ചെയ്തു. സംവിധായകന്‍ എന്നതിലുപരി എന്റെ കാഴ്ചപ്പാടുമായി യോജിച്ചുപോകുന്ന വ്യക്തിയാണെന്ന് പിന്നീട് എനിക്ക് ബോധ്യമായി. ബ്രദര്‍ ജോസിന്റെ മരണത്തിനുശേഷമായിരുന്നു ഞങ്ങളുടെ വിവാഹം. കഴിഞ്ഞ നാലു വര്‍ഷക്കാലം പ്രജ്വലയുടെ പ്രവര്‍ത്തനങ്ങളില്‍ രാജേഷിന്റെ കോണ്‍ട്രിബ്യൂഷന്‍ വിലമതിക്കാനാവാത്തതാണ്.

നിങ്ങളുടെ പ്രവര്‍ത്തനം ആന്ധ്രയിലെ സാഹചര്യങ്ങളില്‍ മാറ്റത്തിന് വഴിതെളിച്ചിട്ടുണ്ടോ?

പൊതുവെ നോക്കിയാല്‍ മനുഷ്യക്കടത്തിന്റെ തോത് കുറഞ്ഞിട്ടില്ലെന്നു കാണാം. നമ്മള്‍ ഏതെങ്കിലും മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ മാഫിയകള്‍ റൂട്ട് മാറ്റിപ്പിടിക്കും. ഉദാഹരണത്തിന് ചന്ദ്രാപ്പുര്‍ എന്ന സ്ഥലം ഞങ്ങള്‍ ക്ലിയര്‍ ചെയ്തപ്പോള്‍ അവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നവര്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറി.

ഒരു പ്രസ്ഥാനം മാത്രം അധ്വാനിച്ചാല്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങള്‍ക്ക് പരിധിയുണ്ട്. കൂടുതല്‍ സംഘടനകള്‍ ഈ രംഗത്ത് വന്നിരുന്നെങ്കില്‍ മനുഷ്യക്കടത്ത് എന്നേ നിലയ്ക്കുമായിരുന്നു? എങ്കിലും ആന്ധ്രയില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് സ്ത്രീകളെ കടത്തിക്കൊണ്ടുപോകുന്നത് കുറഞ്ഞിട്ടുണ്ട്. ഗോവയിലേക്കും മറ്റും ബംഗാളില്‍നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ് ഇപ്പോള്‍ പെണ്‍കുട്ടികളെ കൂടുതലായി കൊണ്ടുവരുന്നത്.

മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനത്തില്‍ പൊലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണം വര്‍ധിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. അടുത്ത അഞ്ചാറു വര്‍ഷത്തിനുള്ളില്‍ ഈ രംഗത്ത് കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.

സ്ത്രീകളെയും കുട്ടികളെയും ലൈംഗിക ചൂഷണത്തിനായി കടത്തിക്കൊണ്ടുപോകുന്നതിനെതിരായ ആന്ധ്രാ സര്‍ക്കാരിന്റെ നയം രൂപപ്പെടുത്തിയത് പ്രജ്വലയുടെ നേതൃത്വത്തിലാണ്. ഈ കുറ്റകൃത്യത്തിന് ഇതുവരെ സംസ്ഥാനത്ത് അറുപതോളംപേര്‍ ശിക്ഷിക്കപ്പെട്ടു.

ഒരുവേള സംസ്ഥാന സര്‍ക്കാരുമായി വളരെ അടുത്തു പ്രവര്‍ത്തിച്ചിരുന്ന പ്രജ്വലയ്ക്ക് പിന്നീട് എതിര്‍പ്പുകളും നേരിടേണ്ടിവന്നല്ലോ?

തുടക്കത്തില്‍ ആന്ധ്രാ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രജ്വലയ്ക്ക് ശക്തമായ പിന്തുണ കിട്ടിയിരുന്നു. അതിന്റെ ക്രെഡിറ്റ് അവിടെ വനിതാക്ഷേമ വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന മലയാളി മിനി മാത്യുവിനാണ്. നമ്മള്‍ എന്തൊക്കെച്ചെയ്താലും സര്‍ക്കാര്‍ മെഷീനറിക്കു ള്ളില്‍ സഹായിക്കാന്‍ ഒരാളുണ്ടാകണം. മിനി മാത്യുവാണ് ഞങ്ങളുടെ പദ്ധതികള്‍ മന്ത്രിസഭാതലത്തില്‍ എത്തിച്ചതും ട്രാഫിക്കിങ്ങിനെതിരായ നയം നടപ്പില്‍വരുത്താന്‍ മുന്‍കൈ എടുത്തതുമൊക്കെ.

പക്ഷേ പില്‍ക്കാലത്ത് ആന്ധ്രാപ്രദേശിലെ ഒരു ഐ.എ.എസ്. ഓഫീസര്‍ക്ക് ട്രാഫിക്കിങ്് മാഫിയയുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തിയതോടെ പ്രശ്‌നമായി. ഒരു ഘട്ടത്തില്‍ പൊലീസും ഞങ്ങള്‍ക്ക് എതിരായി. കള്ളക്കഥകളുണ്ടാക്കുകയാണെന്നും മറ്റും ആരോപണമുയര്‍ന്നിരുന്നു. കുറെക്കാലം കഴിഞ്ഞപ്പോള്‍ ഈ സാഹചര്യം മാറി, വീണ്ടും സര്‍ക്കാര്‍ പ്രജ്വലയ്ക്ക് അനുകൂലമായി. പൊലീസുകാര്‍ക്ക് പ്രത്യേക പരിശീലനം കൊടുത്ത് ട്രാഫിക്കിങ്ങിനെതിരായ നീക്കങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. രാജേഷ് സംവിധാനം ചെയ്ത അനാമിക എന്ന ഡോക്യുമെന്ററി ആന്ധ്രാ പൊലീസ് അക്കാദമിയുടെ കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പൊതുസ്ഥിതി കണക്കിലെടുത്താല്‍ മനുഷ്യക്കടത്ത് ഇപ്പോള്‍ എത്രമാത്രം വ്യാപകമാണ്?

ഒട്ടക ജോക്കിയിങ്ങിന് കുട്ടികളെയും, അടിമപ്പണിക്കായി മുതിര്‍ന്നവരെയും കൊണ്ടുപോകുന്നതില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്തിന്റെ തോതില്‍ കാര്യമായ വ്യത്യാസമില്ല. പോര്‍ണോഗ്രഫി, സെക്‌സ് ടൂറിസം തുടങ്ങിയ പുതിയ മേഖലകളുടെ വളര്‍ച്ചയാണ് ഇതിന് കാരണം. വ്യഭിചാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇടപാടുകള്‍ കുറയുന്നതിനനുസരിച്ച് ലൈംഗിക ചൂഷണത്തിന്റെ പുതിയ മേഖലകള്‍ സജീവമാകുന്നു. ഈ മേഖലകളിലൊക്കെ കുടുങ്ങിപ്പോകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ല.

എല്ലാ വിധത്തിലുമുള്ള മനുഷ്യക്കടത്തിനെ ഒരേ പോലെ പരിഗണിക്കേണ്ടതും ഫലപ്രദമായ നടപടികളെടുക്കേണ്ടതുമാണ്. പക്ഷേ, നിലവില്‍ അതിന് ഇന്ത്യയില്‍ ഫലപ്രദമായ നിയമങ്ങളില്ല. ട്രാഫിക്കിങ്‌വിക്ടിം പ്രൊട്ടക്ഷന്‍ ആക്ട് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രജ്വല ഫയല്‍ ചെയ്ത കേസ് ആറു വര്‍ഷത്തോളമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതില്‍ അനുകൂല വിധിയുണ്ടായാലും നിയമം നിലവില്‍ വരാന്‍ വര്‍ഷങ്ങളെടുക്കും.

ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ മാത്രമാണ് ട്രാഫിക്കിനെതിരെ ഏറെക്കുറെയെങ്കിലും ഫലപ്രദമായ ഒരു സംവിധാനമുള്ളത്.

മനുഷ്യക്കടത്ത് മാഫിയകള്‍ കേരളത്തിലും സജീവമാണെന്ന് പ്രജ്വലയും മറ്റു ചില സംഘടനകളും ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ?

കേരളത്തിലെ സാഹചര്യം വളരെ ദയനീയമാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മനുഷ്യക്കടത്തിനും സെക്‌സ് ടൂറിസത്തിനും അനേകം പെണ്‍കുട്ടികള്‍ ഇരകളാകുന്നുണ്ട്. വീട്ടുവേലക്കാരികളായും മറ്റും പോകുന്ന സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു.

കഴിഞ്ഞ മാസം ദുബായില്‍നിന്ന് ആന്ധ്രാപ്രദേശുകാരിയായ ഒരു കുട്ടിയെ ഞങ്ങള്‍ രക്ഷിച്ചിരുന്നു. നാട്ടിലെത്തുമ്പോള്‍ അവള്‍ നന്നായി മലയാളം പറയുമായിരുന്നു. തനിക്കൊപ്പം നിര്‍ബന്ധിത വ്യഭിചാരത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ പതിനാറു മലയാളി യുവതികളുണ്ടായിരുന്നെന്ന് അവള്‍ പറഞ്ഞു. ജോലി വാഗ്ദാനത്തില്‍ വിശ്വസിച്ച് ദുബായിലെത്തിയ കുട്ടി വ്യഭിചാര കേന്ദ്രത്തില്‍ കുടുങ്ങുകയായിരുന്നു.

നിരന്തര പീഡനത്തെ തുടര്‍ന്ന് അവശനിലയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെടുമ്പോള്‍ അവള്‍ ഗര്‍ഭിണിയായിരുന്നു. ദുബായിലെ വാല്യു ഓഫ് ഹോപ്പ് എന്ന സംഘടനയുടെ സഹായത്തോടെയാണ് അവളെ ഞങ്ങള്‍ നാട്ടിലെത്തിച്ചത്.

കേരളത്തില്‍ മനുഷ്യക്കടത്തിനെതിരായ പ്രവര്‍ത്തനം അനിവാര്യമാണ്. ഇവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മലയാളികളും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളും വ്യാപകമായി ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നുണ്ട്. തല്‍ക്കാലത്തെ സാമ്പത്തിക ആവശ്യം മുന്‍നിര്‍ത്തി മസാജ് പാര്‍ലറുകളിലും മറ്റും ജോലിക്ക് പോകുന്ന പെണ്‍കുട്ടികള്‍ പോര്‍ണോഗ്രാഫിക് വീഡിയോകളില്‍ കുടുങ്ങുന്നതോടെ കഥമാറുന്നു. സ്വാഭാവികമായും മാഫിയാ സംഘങ്ങളുടെ ഇംഗിതങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു.

കാപട്യമാണ് കേരളത്തിന്റെ പ്രശ്‌നം. ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് നമ്മള്‍ വരുത്തിത്തീര്‍ക്കുകയാണ്. മുന്‍പ് കോവളം ലീലാ പാലസില്‍ നിയമസഭാംഗങ്ങളുടെ ഒരു യോഗത്തില്‍ കേരളത്തിലെ സാഹചര്യങ്ങളെക്കുറിച്ച് ഞാന്‍ വിവരിച്ചപ്പോള്‍ ഒരു മലയാളി തന്നെ കേരളത്തിന് ദുഷ്‌പേരുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്നാണ് ചില എംഎല്‍എമാര്‍ ചോദിച്ചത്.

ഓരോ ദിവസവും ഇവിടുത്തെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകള്‍തന്നെ ഒരുപാട് വസ്തുതകള്‍ വിളിച്ചുപറയുന്നുണ്ട്. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറാകുകയാണ് വേണ്ടത്. ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നവരുടെ സംരക്ഷണത്തിനുതകുന്ന ഫലപ്രദമായ നിയമമോ പുനരധിവാസത്തിനുള്ള ക്രമീകരണങ്ങളോ ഇവിടെയില്ല. ഏതെങ്കിലും പെണ്ണ് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞാല്‍ അവളെ തേവിടിശ്ശിയായി കാണുന്നതാണ് നമ്മുടെ രീതി. അറിവില്ലാത്ത സാക്ഷരര്‍ ഏറ്റവുമധികമുള്ള സംസ്ഥാനമാണിത്.

പീഡനത്തിനിരകളാകുന്ന കുട്ടികളുടെ സ്ഥാനത്ത് സ്വന്തം മകളാണെങ്കില്‍ എന്താകുമായിരുന്നെന്ന് മുഖ്യമന്ത്രിയും ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുമൊക്കെ ചിന്തിച്ചിട്ടുണ്ടോ? പൊലീസിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ പരിശീലനം നല്‍കിയിട്ടില്ല. മാത്രമല്ല, ഇവിടെ ഫലപ്രദമായ നിയമങ്ങളുമില്ല. പ്രഖ്യാപനങ്ങളല്ല നമുക്ക് വേണ്ടത്, പ്രവൃത്തിയാണ്. കേരളത്തില്‍ മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും എതിരായ ഒരു നയം അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ല. നാലു പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാല്‍ സാഹചര്യം മാറും. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമാത്രം.

നളിനി ജമീലയെപ്പോലെ കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ പ്രതിനിധികളായി രംഗത്തു വന്നിട്ടുള്ളവരുടെ നിലപാട് ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണമെന്നും സ്ത്രീയെ വേണമെന്ന് പുരുഷനും പുരുഷനെ വേണമെന്ന് സ്ത്രീക്കും തോന്നുമ്പോള്‍ അത് സാധിക്കാന്‍ അവസരമുണ്ടായാല്‍ പീഡനങ്ങള്‍ കുറയുമെന്നുമാണ് അവര്‍ പറയുന്നത്


മനുഷ്വത്വം മറന്നുകൊണ്ടാണ് കേരളത്തില്‍ ലൈംഗികത്തൊഴിലാളികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ച നടത്തുന്നത്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ സര്‍ക്കാരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെ അത് സ്വന്തം പിടിപ്പുകേടിനെയും കെടുകാര്യസ്ഥതയെയും മറച്ചുപിടിക്കാനുള്ള അവസരമായാണ് കാണുന്നത്. അങ്ങനെ വരുമ്പോള്‍ ഇക്കൂട്ടരുടെ ഫലപ്രദമായ പുനരധിവാസം, മനുഷ്യക്കടത്തിനെതിരായ നിയമനിര്‍മാണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സര്‍ക്കാരിന് ചിന്തിക്കുകയേവേണ്ട.

നളിനി ജമീലയുടെ ആദ്യപുസ്തകം ഞാന്‍ വായിച്ചിരുന്നു. അവരുടെ ഇടപാടുകാരുടെ ക്രൂരതകളാണ് ആ പുസ്തകത്തില്‍ ഏറെയും കാണുന്നത്. ഇത്തരം ഒരു സെക്‌സിനുവേണ്ടിയുള്ള സ്വാതന്ത്ര്യമാണോ അവര്‍ ആവശ്യപ്പെടുന്നത്?

സെക്‌സ് വര്‍ക്കേഴ്‌സ് ഫോറം പോലെയുള്ള സംഘടനകള്‍ കേരളത്തിന് ആവശ്യമില്ല. ലൈംഗികത്തൊഴിലാളികളുടെ സ്വാതന്ത്ര്യത്തിനും നിയമപരിരക്ഷയ്ക്കും വേണ്ടിയുള്ള മുറവിളികള്‍ ചൂഷണത്തെ നിയമവിധേയമാക്കാനുള്ള ശ്രമമായേ കരുതാനാകൂ.

നളിനി ജമീലയെ ആഘോഷിക്കുകയും അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്യുന്ന അനേകരുണ്ട്. അങ്ങനെയെങ്കില്‍ അനേകം വിഷയങ്ങളില്‍ കോഴ്‌സുകള്‍ നടത്തുന്ന കേരളത്തിലെ സര്‍വകലാശാലകളില്‍ ലൈംഗികത്തൊഴിലുമായി ബന്ധപ്പെട്ടും ഒരു കോഴ്‌സ് തുടങ്ങാവുന്നതേയുള്ളൂ. പറ്റുമെങ്കില്‍ അതിനായി ഒരു സര്‍വകലാശാലതന്നെ സ്ഥാപിക്കണം. മന്ത്രിമാരുടെ പെണ്‍മക്കള്‍ക്കും നളിനി ജമീലയ്ക്ക് സഹായഹസ്തമേകുന്ന മൈത്രേയന്റെ ഭാര്യ ജയശ്രീക്കുമൊക്കെ ലൈംഗികത്തൊഴില്‍ ചെയ്യുന്നതിന് സ്വാതന്ത്ര്യമുണ്ടാകണം. അങ്ങനെ തികച്ചും സ്വതന്ത്രമായ ഒരു സംവിധാനം യാഥാര്‍ത്ഥ്യമായാല്‍ ഞാന്‍ സമ്മതിക്കാം ഈ വിഷയത്തില്‍ കേരളത്തിന്റെ നിലപാട് ശരിയാണെന്ന്.

നളിനി ജമീലയുടെ ചങ്കൂറ്റത്തെ വാഴ്ത്തുന്നവര്‍ ഉള്ളുകൊണ്ട് അവരെ എങ്ങനെയാണ് കാണുന്നത്? സ്വന്തം മകളോ ഭാര്യയോ ലൈംഗികത്തൊഴില്‍ ചെയ്യുന്നതിന് ഇക്കൂട്ടര്‍ സമ്മതിക്കുമോ? ഇവിടെ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യാന്‍ എത്രയോ എന്‍.ജി.ഒകളുണ്ട്? പക്ഷേ, ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരെയും സെക്‌സ് റാക്കറ്റുകളുടെ കെണിയില്‍ പെടുന്നവരെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആരും തയ്യാറാകാത്തത് എന്താണ്? പരിഹാര മാര്‍ഗങ്ങളില്ലാത്ത ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നളിനി ജമീലമാരെ ആഘോഷിച്ചേ തീരൂ.

സുനിതയുടെ കുടുംബം

ചലച്ചിത്ര സംവിധായകന്‍ രാജേഷ് ടച്ച്‌റിവറാണ് സുനിതയുടെ ഭര്‍ത്താവ്. ലണ്ടനിലെ വിംബിള്‍ഡണ്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി പ്രൊഡക്ഷന്‍ ഡിസൈനറായി ചലച്ചിത്ര രംഗത്തെത്തിയ ഈ തൊടുപുഴക്കാരന്‍ ശ്രീലങ്കയിലെ വംശീയ കലാപത്തെ അടിസ്ഥാനമാക്കിയുള്ള 'ഇന്‍ ദ നെയിം ഓഫ് ബുദ്ധ' എന്ന ബഹുഭാഷാ ചിത്രത്തിലൂടെ 2002ലാണ് സംവിധായകനായത്. പിന്നീട് 'ടെന്‍ ദ സ്‌ട്രേഞ്ചേഴ്‌സ്', 'അലക്‌സ്' എന്നീ തെലുങ്ക് ചിത്രങ്ങളും മനുഷ്യാവകാശ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള നിരവധി ഡോക്യുമെന്ററികളും സംവിധാനം ചെയ്തു.

യു.എന്നിനുവേണ്ടി അമിതാഭ് ബച്ചന്‍, ജോണ്‍ ഏബ്രഹാം, പ്രീതി സിന്റെ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരുക്കിയ 'വണ്‍ ലൈഫ് നോ പ്രൈസ് 'എന്ന ഡോക്യുമെന്ററി ഏറെ ശ്രദ്ധ നേടി. ബെവര്‍ലി ഹില്‍സ്, ന്യൂപോര്‍ട്ട് ബീച്ച്, വൈന്‍ കണ്‍ട്രി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില്‍ ഉള്‍പ്പെടെ പത്തോളം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രജ്വലയുടെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി സഹകരിച്ചുവരുന്ന രാജേഷ് ബ്രദര്‍ ജോസിന്റെ നിര്യാണത്തിനുശേഷം ഈ രംഗത്ത് കൂടുതല്‍ സജീവമായി. രണ്ടു വര്‍ഷം മുന്‍പായിരുന്നു വിവാഹം.

ഭൂമിയില്‍ നിന്ന് ഇത്തിരി സ്‌നേഹം

മോന്‍സി ജോസഫ്‌
കഥയില്‍ ജീവിതവും ജീവിതത്തില്‍ കഥയും ഓര്‍മിപ്പിക്കുകയായിരുന്നോ മാധവിക്കുട്ടി? രണ്ടായാലും അതില്‍ സൗന്ദര്യം നിറഞ്ഞിരുന്നു. അവസാനമില്ലാതെ സൗന്ദര്യം തേടുന്ന ഒരു ചേതനയെപ്പോലെയാണ്, അവര്‍ ജീവിച്ചത്.

1985ലാണ്, ഞാനാദ്യമായി മാധവിക്കുട്ടിയെ കാണുന്നത്. തിരുവനന്തപുരത്ത് കുറവന്‍കോണത്തെ 'ദേവി വിലാസ്' എന്ന വീട്ടില്‍ വെച്ച്. വീട്ടിലേക്കുള്ള വഴി പറഞ്ഞുതരുമ്പോള്‍ പോലും ''രണ്ടു സിംഹങ്ങള്‍ കാവലിരിക്കുന്ന ഒരു വീടുണ്ട്. അവിടെയാണ് ഈ രാജകുമാരി താമസിക്കുന്നത്'' എന്ന് ഭാവതരളമായ സ്വരം പറഞ്ഞു.

മാധവിക്കുട്ടിയുടെ ജീവിതത്തെ സാഹിത്യത്തില്‍നിന്നും വേര്‍തിരിക്കാനാവില്ല. ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് ഓടിക്കയറുന്നതുപോലെയാണ് അവര്‍ ജീവിച്ചത്. ഒരു സ്വപ്‌നാടനത്തില്‍ എന്നപോലെയായിരുന്നു അവരുടെ സംസാരം. വാക്കുകള്‍ക്കിടയില്‍ കുസൃതിയും ചിരിയും ഒളിപ്പിച്ചു വെച്ചു. എഴുത്തിലും ജീവിതത്തിലും അവര്‍ തന്നെയായിരുന്നു കഥാപാത്രം.

ഏതൊരാള്‍ക്കും ഉണ്ടാവുന്ന സാധാരണ സംഭവങ്ങള്‍ പോലും കാവ്യാത്മകമായി കാണാന്‍കഴിഞ്ഞിരുന്നു മാധവിക്കുട്ടിക്ക്.

''പ്രസവവേദനയെ ലഘൂകരിക്കാനായി ഞാന്‍ ഗായത്രി മന്ത്രം ഉരുവിട്ടുകൊണ്ടിരുന്നു. സൂര്യന്‍ വളര്‍ന്ന് വളര്‍ന്ന് എന്നെ സ്വര്‍ണവായിലെടുത്തു വിഴുങ്ങുന്നുവെന്ന് എനിക്കു തോന്നി. എനിക്കു നിലവിളി കൂട്ടാന്‍ സമയം കിട്ടിയതേയില്ല. സൂര്യനെ സ്മരിച്ചു കിടക്കുമ്പോള്‍ എന്റെ ഇടത്തെ തുടയില്‍ക്കൂടി ഉരസിക്കൊണ്ട് എന്റെ മൂന്നാമത്തെ മകന്‍ ജനിച്ചു. അവന്‍ ഉറക്കെ നിലവിളിച്ചു.
''നല്ല ഭംഗിയുള്ള കൊച്ചുമകന്‍'' കമല പറഞ്ഞു.

എന്റെ അമ്മ അവനെ എടുത്തു പൊക്കി. എന്റെ മാറിടത്തില്‍ കിടത്തി. ഞാന്‍ അവനെ ചുംബിച്ച് അനുഗ്രഹിച്ചു. എന്നിട്ട് അവന്റെ കാതില്‍ 'ജയസൂര്യ' 'ജയസൂര്യ', 'ജയസൂര്യ' എന്ന് ഉരുവിട്ടു. അതായിരുന്നു അവന്റെ നാമകരണ മുഹൂര്‍ത്തം.
'എന്റെ കഥ' (പേജ് 98)

പ്രണയത്തിന്റെ ഒരാളെന്ന നിലയില്‍ നിരവധി പ്രണയികള്‍ മാധവിക്കുട്ടിക്ക് സന്ദര്‍ശകരായി ഉണ്ടാവാറുണ്ടായിരുന്നു. എന്റെ ഒരു സുഹൃത്ത് പ്രേമിച്ച പെണ്ണിന് പഴയ പ്രേമം ഇപ്പോഴില്ലെന്ന് പറഞ്ഞ് മാധവിക്കുട്ടിയെ സമീപിച്ചു.

''സാരമില്ല'' മാധവിക്കുട്ടി പറഞ്ഞു.''പ്രണയം ചിലര്‍ക്ക് ശീലമാണ്. ചിലര്‍ പ്രണയിക്കുന്നത് മറ്റൊരു പെണ്ണിനെയല്ല, പ്രണയം എന്ന അനുഭവത്തെ തന്നെയാണ്. പെണ്ണൊരുത്തിയോ, ആണൊരുത്തനോ മാറിയാലും പ്രണയാനുഭവത്തില്‍ നീന്തിത്തുടിച്ച് അവര്‍ പ്രണയിച്ചുകൊണ്ടേയിരിക്കും.'' സുഹൃത്ത് സമാധാനത്തോടെയാണ് തിരിച്ചു പോയത്.

1994ലാണ്. മാധവിക്കുട്ടിക്ക് 60 വയസ്സ് തികയുന്നു. ഞങ്ങള്‍ ഒരു സംഘം തന്നെ മാധവിക്കുട്ടിയെ കാണാനെത്തി. പുതുതലമുറയിലെ സി.വി. ബാലകൃഷ്ണനായിരുന്നു അഭിമുഖം ചെയ്തത്. മണര്‍കാട് മാത്യു, ഫോട്ടോഗ്രാഫര്‍ എം.ടി. സേവ്യര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
''ആമി എന്തൊക്കെയാണീ വിളിച്ചു പറയുന്നത്. അതൊന്നും കൊടുക്കരുത് കേട്ടോ.'' ബാലാമണിയമ്മ പരിഭ്രമിച്ചു.

ഇന്റര്‍വ്യൂ നീണ്ടുപോയി. പൊട്ടിച്ചിരിച്ചും തുറന്നടിച്ചും മാധവിക്കുട്ടി പല കരകള്‍ താണ്ടി. നേരം ഉച്ചയായി.

''ആമിക്കു ക്ഷീണമാവും. ഇന്റര്‍വ്യൂ മതി. മതി'' ദാസേട്ടന്‍ എത്തി. ''ദാസേട്ടന്റെ തോളില്‍ വാത്സല്യത്തോടെ തൊട്ടുകൊണ്ട് മാധവിക്കുട്ടി ''ആയകാലത്ത് എത്ര ബിയര്‍ കുടിച്ച ആളാ അല്ലേ, ദാസേട്ടാ''.

പിന്നെയും പലവട്ടം മാധവിക്കുട്ടിയെ കണ്ടു. 1999-ല്‍ മാധവിക്കുട്ടി കമലാ സുരയ്യ ആയിക്കഴിഞ്ഞിരുന്നു. അമ്പലക്കുളത്തെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും എഴുതിയ മാധവിക്കുട്ടി ഇങ്ങനെ മതം മാറേണ്ടിയിരുന്നോ? ചില ഹിന്ദുക്കള്‍ക്ക് അത് ഇഷ്ടമായില്ല. മുസ്ലീമായതിന്റെ പേരില്‍ പെട്ടെന്ന് ചില മുസ്ലീങ്ങള്‍ അവര്‍ക്ക് ആരാധകരായുണ്ടായി. ഈ വൈരുദ്ധ്യങ്ങള്‍ക്കിടയില്‍പ്പെട്ട് മാധവിക്കുട്ടി നന്നേ വിഷമിച്ചു. വധ ഭീഷണിയും തന്മൂലം അംഗരക്ഷകരും ഉണ്ടായി.

മതം മാറേണ്ടിവന്നത് ഒരു മുസ്ലീമിനെ പ്രണയിച്ചതുകൊണ്ടാണെന്ന് അവര്‍ പറഞ്ഞു.യഥാര്‍ത്ഥത്തില്‍ മാധവിക്കുട്ടി ഉള്ളില്‍ അനുഭവിച്ച കവിതയ്ക്കും ആവിഷ്‌ക്കരിച്ച കവിതയ്ക്കും മതമില്ലായിരുന്നു. ആത്മാവെന്നാല്‍ ശരീരതൃഷ്ണകളെപ്പോലെ നഗ്നമായിരുന്നു.

'ഗൃഹലക്ഷ്മി' 25 വര്‍ഷം പിന്നിട്ടപ്പോള്‍, കേരളീയ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ച എഴുത്തുകാരിയായി മാധവിക്കുട്ടിയെ ആദരിക്കുകയുണ്ടായി, 2004ല്‍ ഗൃഹലക്ഷ്മി സില്‍വര്‍ ജൂബിലിപ്പതിപ്പില്‍ സാറാ ജോസഫ് മാധവിക്കുട്ടിയോട് സുദീര്‍ഘമായി സംസാരിച്ചു.

''ഈ ഇരുപത്തഞ്ചാം വര്‍ഷംന്ന് പറഞ്ഞ് നിങ്ങള്‍ ആദരിക്കേണ്ടിയിരുന്നത് വല്ല ഗാന്ധിയന്‍ ലേഡിയെയും മറ്റുമാണ്. അമ്പലത്തിലൊക്കെ പോയി ശത്രുമുട്ടൊക്കെ നടത്തി ഇങ്ങനെ കഴിയ്ണ ആള്‍. അല്ലാതെ എന്റെ മാതിരി ഒരു താന്തോന്നിയെ പോപ്പുലര്‍ റൈറ്ററായി അവതരിപ്പിച്ചാല്‍ ആര്‍ക്കും ഇഷ്ടാവാന്‍ പോണില്ല. ആലരമൗലെ ക മാ ടുീിമേിലീൗ.െ എനിക്ക് തോന്നിയത് പറയും. ചെയ്യും. എനിക്കൊന്നും മറയ്ക്കാനില്ല. പെണ്ണുങ്ങള്‍ക്ക് വിധിച്ചിട്ടുള്ളതാ പ്രേമമൊക്കെ. ക മാ ിീ േമ ഹലയെശമി. ക മാ മ ൃലമഹ ംീാമി. അതുകൊണ്ട് എനിക്കൊരു പുരഷന്റെ സ്‌നേഹം കിട്ടണം.''

ഡയറിക്കുറിപ്പുകളും ബാല്യകാല സ്മരണകളും നീര്‍മാതളവും വായിക്കുമ്പോള്‍ ഓര്‍മകള്‍ അവരോട് പറഞ്ഞത് കുറിച്ചിട്ടതുപോലെ തോന്നും... ഭൂമിയില്‍ ഒരു വൈകുന്നേരം കാഴ്ച കാണാനിറങ്ങിയ ഒരാത്മാവിന് അതിന്റെ ഓര്‍മകള്‍കൊണ്ട് എന്താണ് അര്‍ഥം? പോകുംമുമ്പ് ഞാന്‍ ചില മനുഷ്യരെ കാണുന്നു, ആകാശവും കടലും ഗ്രാമവും മരങ്ങളും കാണുന്നു. സ്‌നേഹവും രതിയും ചിരിയും അറിയുന്നു. പിന്നെ അതെല്ലാം ഓര്‍മകളാവുന്നു. ഓര്‍മകള്‍ മാത്രം.

നമുക്കിനിയും അതു വായിക്കാം. നമ്മുടെ ഓര്‍മകള്‍ എന്തെന്ന് ഓര്‍ക്കാം. ഏറെ നന്ദി. എല്ലാറ്റിനും.

 

ദേ, ഒരു മിന്നാമിനുങ്ങ്‌

സ്വന്തം അനുഭവങ്ങള്‍ ക്ലാസില്‍ പഠിക്കാന്‍ ഭാഗ്യം ലഭിച്ച ഹരിതയുടെ കഥ...

മധ്യവേനല്‍ അവധികഴിഞ്ഞ് സ്‌കൂള്‍ തുറന്ന ദിവസമാണ് ഹരിതയെത്തേടി കൂട്ടുകാര്‍ ക്ലാസ്‌റൂമിലേക്ക് ഓടിയെത്തിയത്. പുസ്തകത്തിനകത്ത് ഹരിതയെപ്പറ്റിയൊരു പാഠവും അവളുടെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രവും കണ്ട ആവേശത്തിലായിരുന്നു ചങ്ങാതിമാര്‍.

എട്ടാം ക്ലാസിലെത്തിയപ്പോഴാണ് കാസര്‍കോട്ടെ ഹരിതയ്ക്ക് തന്നെപ്പറ്റിയൊരു 'പാഠം പഠിക്കാന്‍' ഭാഗ്യം കിട്ടിയത്. ആ പാഠം അവളുടെ കൂട്ടുകാര്‍ ജീവിതത്തിലേക്ക് പകര്‍ത്തി. ചെര്‍ക്കളയ്ക്കടുത്ത പാടിയിലാണ് ഹരിതയുടെ വീട്. ദുരന്തത്തില്‍ തളര്‍ന്നുകിടന്നൊരു പെണ്‍കുട്ടിക്കുനേരെ ഹരിത സ്‌നേഹത്തിന്റെ കൈ നീട്ടുകയായിരുന്നു.

''ഞാനന്ന് ചെര്‍ക്കള സ്‌കൂളില്‍ പഠിക്കുകയാണ്. അന്നൊരു ബുധനാഴ്ച. ആനന്ദന്‍ മാഷാണ് ക്ലാസെടുക്കുന്നത്. ക്ലാസിനിടയില്‍ മാഷ് റെയ്ന്‍ റെല്‍ ജാക്കിന്റെ കഥ പറഞ്ഞു. ഉഗാണ്ടയിലെ ആറു വയസ്സുകാരനാണ് റെയ്ന്‍. വെള്ളം കിട്ടാതെ ആളുകള്‍ മരിക്കുന്ന ഗ്രാമത്തില്‍ സ്വയം പണം ശേഖരിച്ച് കിണര്‍ കുഴിച്ച വീരന്‍. കഥ എല്ലാവര്‍ക്കും പെരുത്തിഷ്ടമായി. ഞാനപ്പോള്‍ അഞ്ജുവിന്റെ കാര്യമോര്‍ക്കുകയായിരുന്നു.

അന്ന് രാവിലെ പത്രത്തില്‍കണ്ട വാര്‍ത്തയാണ്. പഠിക്കാന്‍ ഏറെ കൊതിയുള്ള കുട്ടിയാണ് അഞ്ജു. പക്ഷേ, വീടിന് അകത്ത് കഴിയാനാണ് അവളുടെ വിധി. കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ച എന്‍ഡോസള്‍ഫാന്റെ ഇരയാണവള്‍. മൂത്രാശയം വെളിയില്‍വന്ന് വേദന തിന്നുകയാണ് അഞ്ജു. മാഷിന്റെ കഥകൂടി കേട്ടപ്പോള്‍ ഞാനൊരു തീരുമാനമെടുത്തു.''

ഒരു മാസത്തിനുശേഷം വലിയൊരു കിഴിയുമായാണ് ഹരിത ക്ലാസിലെത്തിയത്. അതുമായി അവള്‍ ആശടീച്ചറുടെ അടുത്തെത്തി. 'ടീച്ചറേ ഇത് അഞ്ജുവിന് നല്‍കണമെന്ന് 'പറഞ്ഞ് ഏല്‍പിച്ചു. പൊതിതുറന്നപ്പോള്‍ നിറയെ നാണയത്തുട്ടുകള്‍. ടീച്ചറുടെ കണ്ണ് നിറഞ്ഞുപോയി. ''വീട്ടില്‍ നിന്ന് മിഠായിയും മറ്റും വാങ്ങാന്‍ അച്ഛന്‍ പൈസ തരും. ഞാനതെല്ലാം കൂട്ടിവെച്ചു. പിന്നെ കുറച്ചു പണം എന്റെ കൈയിലുണ്ടായിരുന്നു.'' അഞ്ജുവിനെ സഹായിക്കാന്‍ കണ്ടെത്തിയ വഴി ഹരിത കൂട്ടുകാരോട് പറഞ്ഞു.

പരീക്ഷയടുത്തപ്പോള്‍ കൂട്ടുകാരൊക്കെ വിയര്‍ത്തു പഠിക്കുന്ന സമയം. ഹരിതയപ്പോള്‍ അഞ്ജുവിന് വേണ്ടി നാട്ടിലിറങ്ങി പണം പിരിക്കുകയായിരുന്നു. കൂപ്പണോ നോട്ടീസോ ഒന്നുമില്ലാതെ അവളിലേക്ക് പണമൊഴുകി. പണപ്പൊതിയുമായി അവള്‍ വീണ്ടും ടീച്ചറുടെ അടുത്തെത്തി.
ഹരിതയുടെ നന്മ മറ്റുള്ളവര്‍ക്കും പാഠമാവട്ടെയെന്ന് കരുതി ആശടീച്ചര്‍ പരിസ്ഥിതി മാസികയായ 'സൂചിമുഖി'യില്‍ ലേഖനമെഴുതി. അതാണ് അടുത്തവര്‍ഷത്തെ 'എന്റെ മരം' ഡയറിയില്‍ പാഠമായി മാറിയത്. പുസ്തകത്തില്‍ ഹരിത താരമായപ്പോള്‍ അവളുടെ പഴയ സ്‌കൂളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. പ്രധാനാധ്യാപകന്‍ രാമചന്ദ്രന്‍ കുട്ടികളോടായി പറഞ്ഞു. ''നമുക്കൊക്കെ അഭിമാനിക്കാം. ഒപ്പം നമ്മളും ഹരിതയുടെ വഴിയില്‍ സഞ്ചരിക്കണം''. കൂട്ടുകാര്‍ ഒന്നടങ്കം സമ്മതം കാട്ടി തലകുലുക്കി.

അടുത്ത ഓണപ്പരീക്ഷയ്ക്ക് ഏഴാം ക്ലാസുകാര്‍ക്കൊരു ചോദ്യം വന്നു. ഹരിതക്ക് അഭിനന്ദനക്കത്ത് തയ്യാറാക്കാനായിരുന്നു അത്. ഉത്തരമെഴുതി അവസാനിപ്പിച്ചില്ല പല കുട്ടികളും. അവര്‍ ഹരിതയ്ക്ക് നേരിട്ട് കത്തെഴുതി. അവളെപ്പോലെ മറ്റുള്ളവര്‍ക്ക് നന്മചെയ്യാന്‍ തീരുമാനിച്ചെന്നായിരുന്നു അവര്‍ അറിയിച്ചത്. നാലാം ക്ലാസിലെ പരീക്ഷയ്ക്കും ഹരിതയുടെ ചോദ്യം ആവര്‍ത്തിച്ചു.

ഈ സംഭവത്തോടെ സ്‌കൂളിലെ ഹരിതയുടെ ഗ്യാങ് വലുതായി. ശരണ്യയും കവിതയും സസ്മിതയുമെല്ലാം പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായെത്തി. സിയാനയും മേഘനയും ഇവരുടെ കൂടെ അണിചേര്‍ന്നു. ചങ്ങാതിക്കൂട്ടം പലര്‍ക്കും പഠനസഹായമെത്തിച്ചു.

അന്ന് ഹരിതയുടെ ഗ്യാങ്ങിലുണ്ടായിരുന്ന സസ്മിതയിപ്പോള്‍ വേറെ സ്‌കൂളിലാണ്. ''എന്റെ ക്ലാസില്‍ ഫര്‍സാന എന്നൊരു കുട്ടിയുണ്ട്. പഠിക്കാന്‍ മിടുക്കിയാ, പക്ഷേ, പല ദിവസവും ക്ലാസിലെത്തില്ല. അന്വേഷിച്ചപ്പോഴാ മനസ്സിലായത്, കടത്ത് കടന്നുവേണം അവള്‍ക്ക് സ്‌കൂളിലെത്താന്‍. ദിവസം അതിന് 10 രൂപ വേണം. 11 പെണ്‍മക്കളുള്ള ദരിദ്രകുടുംബത്തിലെ അംഗമാണവള്‍. 10 രൂപയില്ലാത്ത ദിവസങ്ങളില്‍ അവള്‍ ക്ലാസ് വേണ്ടെന്ന് വെക്കും. കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ അവളെ സഹായിക്കാന്‍ തീരുമാനിച്ചു''-ഹരിത കാണിച്ച വഴിയിലൂടെ സ്‌നേഹത്തിന്റെയും കരുണയുടെയും ചങ്ങലകള്‍ സസ്മിതയുടെ സ്‌കൂളിലും രൂപപ്പെട്ടു. പക്ഷേ, ചങ്ങാതികള്‍ക്കു മുന്നില്‍ ഫര്‍സാനയുടെ പ്രശ്‌നം വീണ്ടുമെത്തിയിട്ടുണ്ട്. ഉപ്പ മരിച്ചതോടെ പഠനം നിര്‍ത്തിയ ഫര്‍സാനയെ വീണ്ടുമെങ്ങനെ സ്‌കൂളിലെത്തിക്കുമെന്ന ചിന്തയിലാണിവര്‍.

സ്‌കൂള്‍ വിട്ട് വീടെത്തിയാല്‍ പരിസ്ഥിതി പ്രവര്‍ത്തനവും കൃഷിയുമൊക്കെയാണ് ഹരിതയുടെ പ്രധാന പരിപാടി. പാടി സ്‌കൂളിലെ പ്രധാനാധ്യാപകനായ ഹരിതയുടെ അച്ഛന്‍ പ്രഭാകരനാണ് കൃഷിയിലെയും വഴികാട്ടി. അമ്മ ഹണിയും അനിയന്‍ സിയോണും കൃഷിയിടത്തില്‍ കൂട്ടായെത്തും.

 


'അല്‍ഫോന്‍സാമ്മ'യായി മലയാളികളുടെ മുന്‍പിലെത്തുന്ന അശ്വതി തോമസിന്റെ വിശേഷങ്ങള്‍...

http://www.mb4eves.com/images/2009/Jun/22/03096_89747.jpg'എന്റെ മകന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കണം''; വല്യമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് വെല്ലൂര്‍ ആശുപത്രിയില്‍ എത്തിയതായിരുന്നു അശ്വതി തോമസ്. അപ്പോഴാണ് ഒരമ്മ അടുത്ത് വന്ന് ഇങ്ങനെ ആവശ്യപ്പെട്ടത്. പെട്ടെന്ന് അശ്വതിക്കൊന്നും മനസ്സിലായില്ല. ആ അമ്മയൊട്ടു വിടാനും ഒരുക്കമല്ലായിരുന്നു. ഒടുവില്‍, ആ അമ്മയുടെ കൂടെ പോവേണ്ടിവന്നു.

'അല്‍ഫോന്‍സാമ്മ'യായി അഭിനയിച്ചു തുടങ്ങിയതിനുശേഷം അശ്വതിയ്ക്ക് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

'അല്‍ഫോന്‍സാമ്മ'യാണോ അശ്വതിയുടെ ആദ്യത്തെ സീരിയല്‍?
എല്ലാവരും വിചാരിച്ചിരിക്കുന്നത് എന്റെ ആദ്യത്തെ സീരിയലാ അല്‍ഫോന്‍സാമ്മയെന്നാണ്. എന്റെ മൂന്നാമത്തെ സീരിയലാണിത്... പക്ഷേ, ആദ്യത്തെ സീരിയല്‍ 'ശ്രീകൃഷ്ണപ്പരുന്തി'ന്റെ പൈലറ്റ് വര്‍ക്ക് മാത്രമേ നടന്നുള്ളു. രണ്ടാമത്തെ സീരിയല്‍ 'കാണാക്കുയില്‍'. അതിലെനിക്ക് ഡബിള്‍ റോള്‍ ആയിരുന്നു. പക്ഷേ, ആ സീരിയല്‍ അധികം ക്ലിക്കായില്ല. ആ സീരിയല്‍ കണ്ടിട്ടാണ് 'അല്‍ഫോന്‍സാമ്മ'യുടെ ഡയറക്ടര്‍ ബോബന്‍ സാമുവല്‍ ഈ സീരിയലിലേക്ക് എന്നെ വിളിക്കുന്നത്. ഇതിലൂടെയാണ് ഞാന്‍ ശരിക്കും അറിയപ്പെട്ടു തുടങ്ങിയത്.
ഈ സീരിയിലിലേക്ക് വിളിച്ചപ്പോള്‍ ഞാന്‍ ശരിക്കും അദ്ഭുതപ്പെട്ടു. കാരണം എത്രയോ പേര്‍ ചെയ്യാനാഗ്രഹിക്കുന്ന റോളായിരിക്കും അത്. അതും വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ റോള്‍.

അല്‍ഫോണ്‍സാമ്മയെക്കുറിച്ച് അറിയാമായിരുന്നോ?
അല്‍ഫോന്‍സാമ്മയെക്കുറിച്ച് കേട്ടിരുന്നു, വായിക്കുകയും ചെയ്തിരുന്നു. പക്ഷേ, ക്യാരക്ടര്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ എങ്ങനെ ചെയ്യണമെന്നു മാത്രം അറിയില്ലായിരുന്നു.

ഞാന്‍ സെറ്റില്‍ ചെന്നയുടനെ സ്‌ക്രിപ്റ്റ് റൈട്ടര്‍ അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള കുറേ ബുക്കുകള്‍ എന്റെ കൈയില്‍ തന്നു, എന്നിട്ടതൊക്കെ വായിച്ചുനോക്കാന്‍ പറഞ്ഞു.

ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാല്‍ അതിന്റെ പ്രത്യേകതകളൊക്കെ സ്വന്തം സ്വഭാവത്തിലും വരുമെന്നു പറയാറുണ്ട്?
അതു ശരിയാണ്. മുമ്പെനിക്ക് ഭയങ്കര ദേഷ്യാരുന്നു. കുഞ്ഞുകുഞ്ഞു കാര്യത്തിനുപോലും. പക്ഷേ, ഇപ്പോഴത് എനിക്ക് കുറേയൊക്കെ കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. അതും കൂടാതെ എന്റെ സ്വഭാവത്തിലൊക്കെ കുറേക്കൂടി ഒരു മയം വന്നു കേട്ടോ...

ഈ 'അല്‍ഫോന്‍സാമ്മ'യ്ക്ക് യഥാര്‍ത്ഥ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹങ്ങള്‍ ഉണ്ടായിട്ടുണ്ടാവുമല്ലോ?
പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. പക്ഷേ, എനിക്ക് അമ്മയുടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്. ഈ സീരിയലിലേക്ക് വിളിച്ചപ്പോ ഞാന്‍ വിചാരിച്ചിരുന്നു, എന്റെ പ്ലസ്ടു പരീക്ഷയൊക്കെ വെള്ളത്തിലാവുമെന്ന്. പരീക്ഷ ആ സമയത്താണെങ്കില്‍ തീര്‍ന്നില്ലേ? പക്ഷേ, എനിക്ക് ശരിക്ക് പഠിക്കാനും പരീക്ഷയെഴുതാനും പറ്റി.

എന്റെ അമ്മയ്ക്കാണെങ്കില്‍ ഇടയ്ക്കിടക്ക് നെഞ്ചുവേദന വരുമായിരുന്നു. അങ്ങനെ ഡോക്ടറെ കാണിച്ചപ്പോള്‍ പറഞ്ഞു, 'ഒരു ബ്ലോക്കുണ്ട്, മേജര്‍ ഓപ്പറേഷന്‍ വേണ്ടിവരുമെന്ന്.' കുറച്ചു മരുന്നുകഴിച്ചുനോക്കാന്‍ പറഞ്ഞു. ഞങ്ങളൊക്കെ പേടിച്ചുപോയി. ഒരുപാട് പ്രാര്‍ത്ഥിച്ചു. വീണ്ടും പരിശോധിച്ചപ്പോഴാണ് അറിയുന്നത് ഓപ്പറേഷന്‍ വേണ്ടിവരില്ല, ബ്ലോക്ക് നീങ്ങുന്നുണ്ടെന്ന്. ഇതൊക്കെ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹമല്ലേ?

ഭരണങ്ങാനത്ത് പോയിരുന്നോ?
മൂന്നുതവണ പോയിട്ടുണ്ട്. അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയ സമയത്തായിരുന്നു ഒരു തവണ പോയത്. ആദ്യമൊന്നും ആര്‍ക്കുമെന്നെ മനസ്സിലായില്ല. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നേരിട്ടു കാണുമ്പോള്‍ ഞാന്‍ സീരിയലിലെ പോലെയായിരിക്കില്ലെന്ന്.

കുറച്ചുകഴിഞ്ഞപ്പോഴല്ലേ രസം...അല്‍ഫോന്‍സേ, അല്‍ഫോന്‍സേ എന്നു വിളിച്ച് കുറേപേര്‍ ചുറ്റിനും കൂടി. വയസ്സായവരൊക്കെ അന്നക്കുട്ടിയെന്നാണ് വിളിച്ചത്. വയസ്സായൊരു അമ്മൂമ്മ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു, 'മോളേ, മരിക്കുന്നതിനു മുമ്പെനിക്കീ ഭാഗ്യം കിട്ടിയല്ലോയെന്ന്'. അവരുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു. സത്യത്തില്‍ എന്റെ കണ്ണും നിറഞ്ഞുപോയി.

അല്‍ഫോണ്‍സാമ്മ 'ബാധിച്ചോ'?
ഏയ് അങ്ങനൊന്നും ഇല്ല. എനിക്ക് ജീന്‍സും ടോപ്പുമിട്ട് വലിയ കമ്മലും തൂക്കി നടക്കാനാണ് ഇഷ്ടം. പിന്നെ, അനിയത്തീടെ കൂടെ ഷോപ്പി http://www.mb4eves.com/images/2009/Jun/22/03096_89748.jpgങിനും സിനിമയ്ക്കുമൊക്കെ പോകാനും. വീട്ടില്‍ത്തന്നെ അങ്ങനെ അടങ്ങിയൊതുങ്ങി ഇരിക്കാത്ത ഒരാളാണ് ഞാന്‍.

കൂട്ടുകാരൊക്കെ എന്തു പറഞ്ഞു?
ഇതു ടെലികാസ്റ്റ് ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ ഫ്രണ്ട്‌സൊക്കെ പറഞ്ഞിരുന്നു, നിനക്ക് നേരെ ഓപ്പസിറ്റ് ആയ ഒരു ക്യാരക്ടര്‍ ആണല്ലോ കിട്ടിയതെന്ന്. അവരൊക്കെ അദ്ഭുതപ്പെട്ടു, ഞാനെങ്ങനെ ഇതു ചെയ്യുന്നുവെന്ന്.

(ചെന്നൈ ആദര്‍ശ് സ്‌കൂളില്‍ നിന്നും പ്ലസ്ടു കഴിഞ്ഞിരിക്കുകയാണിപ്പോള്‍. ഗുരുവായൂര്‍ സ്വദേശികളാണെങ്കിലും അശ്വതിയും കുടുംബവും ഇപ്പോള്‍ ചെന്നൈയിലാണ് താമസം. അച്ഛന്‍ തോമസിന് എക്‌സ്‌പോര്‍ട്ടിങ് ബിസിനസ്സ് ആണ്. അമ്മ സിന്ധു. ഒരു അനിയത്തിയുണ്ട്, അലോന).

സെറ്റില്‍ എങ്ങനെ അടിപൊളിയാണോ?
സെറ്റില്‍ എല്ലാവരും തമ്മില്‍ നല്ല അടുപ്പമാണ്. അനിലച്ചേച്ചി, ബീനേച്ചി, വത്സല ചേച്ചി, പ്രേം പ്രകാശ് അങ്കിള്‍, അനിലേട്ടന്‍, ഡിംബിള്‍... ഇങ്ങനെ എല്ലാരും നല്ല കൂട്ടാണ്. ഷൂട്ടിങ്ങില്ലാത്ത സമയത്തൊക്കെ ഞങ്ങള്‍ അന്താക്ഷരി കളിക്കും. ശരിക്കും ഒരു വീട്ടിലെ അന്തരീക്ഷമാണവിടെ. നല്ല രസാണ്.

സീരിയലില്‍ നിന്ന് കിട്ടുന്ന പൈസയൊക്കെ എന്തുചെയ്യുന്നു?
അതൊക്കെ അമ്മയുടെയും പപ്പയുടെയും കൈയില്‍ കൊടുക്കും. പിന്നെ കുറച്ച് സ്വന്തമായി സമ്പാദിക്കുകയും ചെയ്യും.

ആരാധകര്‍ എന്തുപറയുന്നു?
അധികവും ചെറിയ കുട്ടികളാണ്. അവരെനിക്ക് കത്തൊക്കെ അയയ്ക്കും. 'അന്നക്കുട്ടീ' എന്നും വിളിച്ചാണ് കത്തെഴുതുക. ട്യൂഷന്‍ ടീച്ചേഴ്‌സിനു എന്തെങ്കിലും അസുഖം വരുത്തണം, ഞങ്ങടെ പരീക്ഷ കഴിഞ്ഞു, നല്ല മാര്‍ക്ക് കിട്ടാന്‍ പ്രാര്‍ത്ഥിക്കണം... ഇതൊക്കെയാണ് മിക്കവരുടെയും ആവശ്യം.

ഇനി എന്താ പരിപാടി?
മുമ്പൊക്കെ എന്താവാനാണ് ഇഷ്ടമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ ചാടിക്കേറി പറയും, ജേര്‍ണലിസ്റ്റെന്ന്...ഇപ്പോ അങ്ങനൊന്നും ഇല്ല. ഒക്കെ ദൈവം തീരുമാനിക്കട്ടെന്നും പറഞ്ഞിരിക്കുകയാണ് ഞാന്‍.