Association Entertainment Pravasi Switzerland

ഡിസംബറിൽ ലൈറ്റ് ഇൻ ലൈഫിന്റെ ഫണ്ട് റെയിസിംഗ് പ്രോഗ്രാം സൂറിച്ചിൽ

ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ് ഒരുക്കുന്ന സംഗീത നിശ.

പ്രശസ്ത സംഗീതജ്‌ജനും ഗ്രാമി അവാർഡ് ജേതാവുമായ മനോജ് ജോർജ്, സ്വിറ്റസർലണ്ടിൽ സംഗീതനിശ ഒരുക്കുന്നു. ഗ്രാമി അവാര്ഡിലൂടെ പ്രശസ്തരായ പണ്ഡിറ്റ് രവിശങ്കർ, സക്കീർ ഹുസൈൻ തുടങ്ങിയ സംഗീതജ്ഞരുടെ നിരയിൽ സ്ഥാനമുറപ്പിച്ച മലയാളികളുടെ അഭിമാനമാണ് മനോജ് ജോർജ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ലൈറ്റ് ഇൻ ലൈഫ് എന്ന  സംഘടന, ആസ്സാമിലെ പിന്നോക്കമേഖലയിൽ  ഈവർഷംആരംഭിക്കുന്ന സ്കൂളിനുവേണ്ടിയുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ്, ഡിസംബറിൽ സംഗീതനിശ ഒരുക്കുന്നത്.

“സിംഫണി ഓഫ് എംപതി” എന്ന് പേരിട്ടിരിക്കുന്ന സംഗീതമേളയിൽ, മനോജ് ജോർജിനോടൊപ്പം, ഫ്‌ളവേഴ്‌സ് ടീവി യിലൂടെ മലയാളികളുടെ മനം കവർന്ന അനുഗ്രഹീത ഗായകൻ ഫാ. വിൽസൻ മേച്ചേരിയും ഭാഗമാകും. സൂറിച്ചിലെ ഹെസ്‌ലിഹാളിൽ 2018 ഡിസംബർ 1 നു ശനിയാഴ്ചയാണ് പരിപാടി.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ലൈറ്റ് ഇൻ ലൈഫ്, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും ആലംബഹീനരുമായ അനേകരുടെ ജീവിതത്തിൽ വെളിച്ചം പകരുന്നു. വിദ്യാഭ്യാസം, ഭവനനിർമ്മാണം, ആദിവാസിക്ഷേമം തുടങ്ങിയ മേഖലകളിൽ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലാണ് ഈ കൂട്ടായ്മ ശ്രദ്ധപതിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം, കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിൽ അഞ്ചു കുടികളിലായി 250 വീടുകളുടെ സമ്പൂർണ്ണ വൈദ്യുതീകരണത്തിനു ലൈറ്റ് ഇൻ ലൈഫിന്റെ നേതൃത്വത്തിൽ സ്വിസ് മലയാളികൾ കൈകോർത്തപ്പോൾ, കേരള സർക്കാരിന്റെയും KSEB യുടെയും പ്രത്യേക പ്രശംസ നേടിയിരുന്നു. വിജയകരമായി പൂർത്തിയാക്കിയ മേഘാലയസ്‌കൂൾ പ്രോജക്ട് അടക്കം, കഴിഞ്ഞ നാലുവര്ഷത്തിനുള്ളിൽ ഏതാണ്ട് രണ്ടര കോടിയോളം രൂപ, വിവിധ പ്രോജക്ടുകൾക്കായി സമാഹരിച്ചു നൽകി, ജീവകാരുണ്യരംഗത്ത്‌ സ്തുത്യർഹമായ സേവനമാണ് ലൈറ്റ് ഇൻ ലൈഫ് നിർവഹിക്കുന്നത്.