World

ലക്ഷ്യം നിറവേറുന്നത് വരെ സിറിയയില്‍ തുടരുമെന്ന് അമേരിക്ക

ലക്ഷ്യം നിറവേറുന്നത് വരെ സിറിയയില് തുടരുമെന്ന് വ്യക്തമാക്കി അമേരിക്ക. അസദ് ഭരണകൂടത്തെ പിന്തുണക്കുന്ന റഷ്യക്കെതിരെ ഉപരോധം അടക്കമുള്ള നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച്‌ അമേരിക്ക ഇന്ന് നിലപാട് വ്യക്തമാക്കും. ഇതിനിടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണം തീര്ത്തും പരാജയമായിരുന്നുവെന്ന് ഹിസ്ബുള്ള വ്യക്തമാക്കി.

യു.എന്നിലെ അമേരിക്കന് സ്ഥാനപതി നിക്കി ഹാലിയാണ് അമേരിക്കന് നിലപാട് അറിയിച്ചത്. അമേരിക്കക്ക് മൂന്ന് ലക്ഷ്യങ്ങള് ഉണ്ട്. അത് നിറവേറുന്നത് വരെ പിന്നോട്ടില്ലെന്നാണ് അവര് വ്യക്തമാക്കിയത്. ഒന്ന് സിറിയയില് രാസായുധം ഉപയോഗിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തും. ഇത്തരം ആക്രമണം ആവര്ത്തിക്കാതിരിക്കാന് ശ്രമിക്കും. രണ്ടാമത്തേത് ഐഎസിനെ ഇല്ലായ്മ ചെയ്യുകയാണ്. മൂന്നാമത്തേത് മേഖലയില് ഇറാന്റെ മേല്ക്കൈ നിരീക്ഷിക്കുക. ഈ ലക്ഷ്യങ്ങള് നിറവേറുന്നത് വരെ അമേരിക്ക പിന്മാറില്ലെന്നാണ് നിക്കി ഹാലി പറയുന്നത്. സിറിയന് വിഷയത്തില് അമേരിക്ക-റഷ്യ ബന്ധം കൂടുതല് വഷളാകുകയാണ്. അസദ് സര്ക്കാരിന് റഷ്യ പിന്തുണ തുടരുന്ന പശ്ചാത്തലത്തില് റഷ്യക്കെതിരെ ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്ന് സംബന്ധിച്ച അമേരിക്ക ഇന്ന് തീരുമാനം അറിയിക്കും. അമേരിക്കന് ട്രഷറി സെക്രട്ടറി സ്റ്റീവന് ന്യൂച്ചിനായിരിക്കും ഇക്കാര്യം വ്യക്തമാക്കുകയെന്നും നിക്കി ഹാലി പറഞ്ഞു. സാന്പത്തിക ഉപരോധം ഉള്പ്പെടെയുള്ള കാര്യങ്ങള് വന്നേക്കാം. അസദ് സര്ക്കാരിന് ആയുധങ്ങള് ലഭ്യമാക്കുന്നവര്ക്കെതിരെയും നടപടിയുണ്ടാകും. സിറിയന് വിഷയത്തില് അസദ് ഭരണകൂടവും അമേരിക്കയും തമ്മില് യാതൊരു ചര്ച്ചയും നടത്തിയിട്ടില്ലെന്നും നിക്കി ഹാലി പറഞ്ഞു. യുഎന്നിന്റെ നേതൃത്വത്തില് നടന്ന ഒരു മധ്യസ്ഥ ചര്ച്ചയോടും സിറിയന് സര്ക്കാര് സഹകരിച്ചില്ലെന്ന് എല്ലാവര്ക്കും വ്യക്തമാണ്. അമേരിക്കയുമായി നേരിട്ട് ചര്ച്ച നടത്താന് അസദ് സര്ക്കാരിന് യാതൊരു മഹത്വവുമില്ലെന്നും നിക്കി ഹാലി വ്യക്തമാക്കി. ഇതിനിടെ അമേരിക്കന് സഖ്യസേനയുടെ വ്യോമാക്രമണത്തെ എതിര്ത്ത് ഹിസ്ബുള്ള രംഗത്തെത്തി. സിറിയന് സൈന്യത്തെ ഭയപ്പെടുത്താന് ഈ വ്യോമാക്രമണം കൊണ്ട് സാധിച്ചില്ലെന്ന് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന് നസ്റള്ളാഹ് പരിഹസിച്ചു. അമേരിക്കന് നടപടി ഇപ്പോഴുള്ള പ്രശ്നങ്ങളെ കൂടുതല് സങ്കീര്ണമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഇറാഖില് വ്യോമാക്രമണത്തെ എതിര്ത്ത് ആയിരങ്ങള് പ്രതിഷേധിച്ചു. അമേരിക്കന് ഇടപെടല് രാജ്യത്തെ തകര്ക്കുമെന്നും ഇറാഖിന്റെ ചരിത്രം ഓര്ക്കണമെന്നും അവര് ഓര്മപ്പെടുത്തി.