Entertainment

മുന്‍ ഭാര്യയെയും മകളെയും നോക്കാന്‍ ഇതുവരെ ഒമ്ബത് ദശലക്ഷം ഡോളര്‍ കൊടുത്തിട്ടും പരാതി തീരാതെ ആന്‍ജെലീന

ലോസ് ഏഞ്ചല്‍സ്: ഹോളിവുഡ് സുന്ദരി ആന്‍ജെലീന ജോളി വേര്‍പിരിഞ്ഞ് പോയ മുന്‍ ഭര്‍ത്താവ് ബ്രാഡ്പിറ്റിനെ പാപ്പരാക്കി കുത്തുപാളയെടുപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വിവാഹമോചനത്തിന് ശേഷം മുന്‍ ഭാര്യയെയും മകളെയും നോക്കാനായി ഒമ്ബത് ദശലക്ഷം ഡോളര്‍ ആന്‍ജെലീനയ്ക്ക് താന്‍ നല്‍കിയെങ്കിലും ചൈല്‍ഡ് സപ്പോര്‍ട്ടിനായി വേണ്ടത്ര തുകയായില്ലെന്ന അഭിനേത്രിയുടെ നിലപാടിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് പിറ്റ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 43കാരിയായ തന്റെ മുന്‍ഭാര്യക്ക് 54 കാരനായ പിറ്റ് ഇത്രയും തുക നല്‍കിയെന്നതിന്റെ രേഖകള്‍ പിറ്റിന്റെ ലോയര്‍മാര്‍ പുറത്ത് വിട്ടിട്ടുമുണ്ട്.

കോടീശ്വരിയായിട്ടും പിറ്റിനെ മുടിപ്പിച്ചേ അടങ്ങൂ എന്ന പിടിവാശിയിലാണ് ജോളിയെന്നും അവര്‍ ആരോപിക്കുന്നുണ്ട്.എന്നാല്‍ പിറ്റും കൂട്ടരും മാധ്യമശ്രദ്ധ നേടുന്നതിനാണ് പുതിയ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നാണ് ജോളി കുറ്റപ്പെടുത്തുന്നത്. നിലവില്‍ ജോളി താമസിക്കുന്ന ആഡംബര ഗൃഹത്തിന് വേണ്ടി പോലും പിറ്റ് പണം മുടക്കിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പ്രായപൂര്‍ത്തിയാകാത്ത തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയും പിറ്റ് 1.3 മില്യണ്‍ ഡോളര്‍ മുടക്കിയെന്നാണ് റിപ്പോര്‍ട്ട്. ജോളിയുമായി വേര്‍പിരിഞ്ഞ ശേഷം പിറ്റ് മീനിങ് ഫുള്‍ ചൈല്‍ഡ് സപ്പോര്‍ട്ട് നല്‍കി വരുന്നില്ലെന്നാണ് ജോളിയുടെ അറ്റോര്‍ണികള്‍ ആരോപിക്കുന്നത്.

തന്റെ മുന്‍ ഭര്‍ത്താവ് അയാളില്‍ നിക്ഷിപ്തമായിരിക്കുന്ന സാമ്ബത്തിക ഉത്തരവാദിത്വങ്ങള്‍ നേരായ മട്ടില്‍ നിര്‍വഹിക്കുന്നില്ലെന്നും അതിനായി അദ്ദേഹത്തിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് ജോളി കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനായി ഒരു മീറ്റിംഗിനുള്ള സംവിധാനം ചെയ്യണമെന്നും ജോളി ജഡ്ജുമാരോട് ആവശ്യപ്പെടുന്നു. എന്നാല്‍ പിറ്റിന്റെ ടീം ജോളിയുടെ പുതിയ ഫയലിംഗിനോട് പ്രതികരിച്ചിട്ടില്ല. തന്റെ മുന്‍ ഭാര്യയുടെ ആരോപണങ്ങളോട് പോരാടാന്‍ പിറ്റ് ഒരുക്കമാണെന്നാണ് അദ്ദേഹത്തോട് അടുത്ത ഉറവിടം പ്രതികരിച്ചിരിക്കുന്നത്. പിറ്റ് എല്ലായ്പോഴും തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നുവെന്നും ഉറവിടം വെളിപ്പെടുത്തുന്നു.

തങ്ങളുടെ ജീവിതത്തിന്റെ അടുത്ത പടിയിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനാണ് ജോളി ചൈല്‍ഡ് സപ്പോര്‍ട്ട് ആവശ്യപ്പെടുന്നതെന്നും ജോളിയുടെ വക്താവ് വെളിപ്പെടുത്തുന്നു. ഇതിലൂടെ ഇരുവര്‍ക്കും കോ-പാരന്റ്സ് എന്ന നിലയില്‍ വര്‍ത്തിക്കാനാവുമെന്നും അദ്ദേഹം പറയുന്നു. ഈ വര്‍ഷം ഡിവോഴ്സ് പ്രക്രിയ പൂര്‍ത്തിയാക്കണമെന്നും ജോളി പുതിയ ഫയലിംഗിലൂടെ പിറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നു.

ഇരുവര്‍ക്കുമിടയിലെ തര്‍ക്കം പെട്ടെന്ന് അവസാനിപ്പിക്കാന്‍ ജോളി കൂടുതല്‍ തിരക്ക് കൂട്ടുന്നുവെന്നും പുതിയ പ്രവണതകള്‍ വെളിപ്പെടുത്തുന്നു. ജോളിക്ക് മൊത്തം ആസ്തി 160 മില്യണ്‍ ഡോളറുണ്ടെന്നിരിക്കെയാണ് മുന്‍ ഭര്‍ത്താവിന്റെ കഴുത്തിന് പിടിച്ച്‌ പണം വസൂലാക്കുന്ന നിലപാട് നടി സ്വീകരിക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഫോര്‍ബ്സ് പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ സമ്ബാദിക്കുന്ന സെലിബ്രിറ്റികളില്‍ 74ാം റാങ്കാണ് ജോളിക്കുള്ളത്. 2016ലായിരുന്നു ജോളി പിറ്റില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിലെത്തിയിരുന്നത്.