Association Pravasi Switzerland

കേളി ഓണാഘോഷത്തിന് സ്റ്റീഫൻ ദേവസ്സിയും ബാൻഡും സൂറിച്ചിൽ.

സൂറിക്ക്: ശനിയാഴ്ച്ച സൂറിക്കിൽ അരങ്ങേറുന്ന കേളിയുടെ ഓണാഘോഷപരിപാടിക്ക് സംഗീത വിരുന്നൊരുക്കുവാൻ സ്റ്റീഫൻ ദേവസ്സിയും ബാൻഡും എത്തി. വ്യാഴാഴ്‌ച ഉച്ചക്ക് സൂറിക്ക് എയർപോർട്ടിൽ എത്തിച്ചേർന്ന സ്റ്റീഫൻ ദേവസ്സിയെയും സംഘത്തെയും കേളി ഭാരവാഹികൾ സ്വീകരിച്ചു.

കേളി ഒരുക്കുന്ന ഓണഘോഷത്തിന്റെ അവസാന മിനുക്ക് പണികളിലാണ് കേളി. വിവിധ കമ്മിറ്റികൾ നാളുകളായി ഇതിന്റെ പണിപ്പുരയിലാണ്. പ്രളയനാന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി “പൊന്നോണം” പരിപാടിയിൽ നിന്നുള്ള മുഴുവൻ വരുമാനവും കേളി സമർപ്പിക്കും. ഇതിനോടകം 10 ലക്ഷം രൂപ മുഘ്യമന്ത്രിയുടെ ദുരിദാശനിധിയിലേക്ക് കേളി നൽകിയിട്ടുണ്ട്. ഓണാഘോഷത്തിൽ നിന്നുള്ള വരുമാനത്തിന് പുറമെ, കേളി സ്നേഹിതരും, അംഗങ്ങളും നൽകുന്ന സംഭാവനകൾ കൂടി ചേർത്ത്, കേരളത്തിന്റെ പുനർനിർമാണത്തിനായി നൽകും. കേളിയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്കും, പൊന്നോണം ആഘോഷത്തിനും മുഘ്യമന്ത്രി പിണറായി വിജയൻ ആശംസകൾ നേർന്നിരുന്നു.

സൂറിക്ക് കുസ്‌നാഹ്റ്റ് ഹെസ്‌ലി ഹാളിലാണ് ഓണസംഗമം. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം പ്രശസ്‌ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് സംവിധാനം ചെയ്യുന്ന ഓപ്പണിംഗ്‌ പ്രോഗ്രാമും, സ്റ്റീഫൻ ദേവസ്സിയുടെയും ബാൻഡിന്റെയും മൂന്ന് മണിക്കൂറോളം വരുന്ന സംഗീത വിസ്‌മയവുമാണ് കേളിയുടെ ഇരുപതാം ജന്മദിനത്തോടനുബന്ധിച്ചു ഒരുക്കുന്ന “പൊന്നോണ”ത്തിന്റെ ഹൈലൈറ്റ്. 10 പേരടങ്ങുന്നതാണ് സ്റ്റീഫൻ ദേവസ്സിയുടെ ബാൻഡ്. മലയാളി ബന്ധമുള്ള സ്വിസ്സ് പാർലമെന്റ് അംഗം നിക്ക് ഗൂഗ്ഗറാണ് മുഖ്യാതിഥി.

കേളി പൊന്നോണത്തിന് എത്തിച്ചേരുന്ന ഓരോരുത്തരും കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിലും പങ്കാളികളാകും. പ്രി സെയിൽസ് ടിക്കറ്റിന് ആവേശകരമായ പ്രതികരണമാണ് സ്വിസ് മലയാളികൾ നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. സുമനസ്സുകളായ എല്ലാവരുടെയും സാന്നിദ്ധ്യം പൊന്നോണത്തിന് കേളി എക്സിക്യു്ട്ടീവ് കമ്മിറ്റി അഭ്യർത്ഥിക്കുന്നു. വിലാസം: untere heslibachstrasse 33, 8700 kusnacht