Auto Germany Pravasi Switzerland

എവിടേക്കോ നടന്നു പോയ ഒരാൾ-അജ്ഞാതനായ സുഹൃത്തേ,നിങ്ങളുടെ ഓർമ്മയ്ക്ക്‌ മുൻപിൽ-ജോൺ കുറിഞ്ഞിറപ്പള്ളി

 

ഡിസംബറിലെ തണുത്തുറഞ്ഞ ഒരു പ്രഭാതം.ശക്തിയായ മഞ്ഞു വീഴ്ച മൂലം റോഡിൽ വാഹനങ്ങൾ വളരെ കുറവാണ് .വെളിച്ചവും തീരെ ഇല്ല എന്ന് പറയാം.റോഡിലെ മഞ്ഞു ഇനിയും നീക്കം ചെയ്തിട്ടില്ലാത്തതുകൊണ്ടു വാഹനങ്ങൾ വളരെ പതുക്കെയാണ് ഓടിക്കൊണ്ടിരിക്കുന്നത്.എനിക്കു ജോലിസ്ഥലത്തേക്ക് മുപ്പത് കിലോമീറ്റര് ദൂരം ഡ്രൈവ് ചെയ്തു പോകണം..
മഞ്ഞിൽകൂടി ഡ്രൈവ് ചെയ്തു പോകുമ്പോൾ നല്ല ശ്രദ്ധ വേണം. ഇരുപത് കിലോമീറ്റർ ഹൈവേയിൽ കൂടി പോയിക്കഴിഞ്ഞാൽ വലതുവശത്തേക്കു തിരിഞ്ഞു ഒരു ചെറിയ കയറ്റമാണ് .അതു കഴിഞ്ഞു അധികം ആൾ സഞ്ചാരമോ വാഹനങ്ങളോ ഇല്ലാത്ത തികച്ചും വിജനമായ ഗ്രാമപ്രദേശം..ഹൈവേയിൽനിന്നു തിരിയുന്ന ഭാഗത്തുള്ള സീബ്ര ലൈനിന്റെ അടുത്ത് എത്തിയപ്പോഴാണ് ഒരു വൃദ്ധൻ റോഡ് മുറിച്ചുകടക്കുന്നത് ഞാൻ കാണുന്നത്.ബ്രേക്കിൽ ആഞ്ഞുചവിട്ടി.റോഡിലെ മഞ്ഞിൽ വഴുതിമാറിയ എൻ്റെ കാർ ഒരു വലിയ ശബ്ദത്തോടെ അയാളുടെ തൊട്ടടുത്ത് ചെന്നു നിന്നു. ഞാൻ ആകെ ഭയപ്പെട്ടു പോയി. വൃദ്ധൻ അതൊന്നും ശ്രദ്ധിച്ചതേയില്ല..ഒരു എൺപതു വയസിനു മുകളിൽ പ്രായം കാണും.തല താഴേക്ക് തൂങ്ങിക്കിടക്കുന്നു എന്നുവേണമെങ്കിൽ പറയാം.തലയിൽ ഒരു വെളുത്ത ഹാറ്റ്.കൈയിൽ ഒരു വാക്കിങ് സ്റ്റിക്.തണുപ്പിനെ പ്രതിരോധിക്കാൻ നന്നായി ഡ്രസ്സ് ചെയ്തിട്ടുണ്ട്.മുട്ടോളം എത്തുന്ന ഒരു ഓവർ കോട്ടും ധരിച്ചിട്ടുണ്ട്.അയാൾ കടന്നുപോകുന്നതിനായി ഞാൻ കാത്തു നിന്നു.സാവകാശം നടന്ന് റോഡിന്റെ മധ്യഭാഗത്തെത്തിയപ്പോൾ അയാൾ നിന്നു .ഇടതു കൈകൊണ്ടു ഹാറ്റ് ഉയർത്തി എന്നെ അഭിവാദ്യം ചെയ്ട് വീണ്ടും മുൻപോട്ട് നടന്നു പോയി.മഞ്ഞു വീണു കിടക്കുന്ന ഫുട് പാ ത്തിലൂടെ ആ വൃദ്ധൻ നടന്നു പോകുന്നത് ഞാൻ അല്പസമയം നോക്കിയിരുന്നു.
പിറ്റേദിവസവും ആ വൃദ്ധനെ അതെ സ്ഥലത്തുവച്ചു കണ്ടുമുട്ടി.അടുത്ത ദിവസവും അതിനടുത്ത ദിവസവും ,അങ്ങിനെ അത് ഒരു പതിവ് സംഭവമായി.
.
ചില ദിവസങ്ങളിൽ ഞാൻ വരുമ്പോൾ വൃദ്ധൻ റോഡ് ക്രോസ്സ് ചെയ്‌ത്‌ ഫുട് പത്തിൽ കയറിയിട്ടുണ്ടാകും.അപ്പോൾ ഞാൻ വാച്ചിൽ സമയം നോക്കും.അതിനർഥം ഞാൻ രണ്ടോ മൂന്നോ മിനിറ്റ് താമസിച്ചു പോയി എന്നാണ്.ചില ദിവസങ്ങളിൽ അയാൾ സീബ്ര ലൈനിൽ എത്തിയിട്ടുണ്ടാകില്ല.ഞാൻ രണ്ടോ മൂന്നോ മിനിറ്റ് നേരത്തെ ആണന്നു ചുരുക്കം.ഒരിക്കൽ പോലും അയാൾ ഒരു മിനിറ്റ് പോലും താമസിച്ചുപോയതായി എന്റെ അനുഭവത്തിലില്ല.നീണ്ട ഏഴുവർഷം ഈ കാഴ്ച തുടർന്നു എന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം.പക്ഷേ വാസ്തവം അതാണ്.എന്നാൽ ഒരിക്കൽപോലും ഞങ്ങൾ തമ്മിൽ സംസാരിക്കുകയോ അടുത്ത് കാണുകയോ ഉണ്ടായില്ല.
ഞാൻ അവസാനമായി അയാളെ കാണുന്നത് കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ്.നേരിയ മഴയും തണുത്തകാറ്റും എല്ലാം കൂടി അന്ന് ഒരു വല്ലാത്ത കാലാവസ്ഥ ആയിരുന്നു അന്ന് റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ റോഡിന്റെ മധ്യഭാഗത്തു വച്ച് അയാൾ സാവധാനം എന്റെ കാറിനു നേരെ നടന്നു വന്നു.ഇടതു കൈ കാറിന്റെ ബോണറ്റിൽ കുത്തി നിവർന്നു നിൽക്കാൻ ഒരു ശ്രമം നടത്തി എന്നെ അഭിവാദ്യം ചെയ്തു.ഞാൻ സൈഡ് ഗ്ലാസ് താഴ്തി തിരിച്ചുംഅഭിവാദ്യം ചെയ്തു.അത് തീരെ പതിവില്ലാത്ത ഒരു സംഭവം ആയിരുന്നു.അതിനു ശേഷംവൃദ്ധൻ മുൻപോട്ടു നടന്നു പോയി.റോഡിൽ മറ്റു വാഹനങ്ങളൊന്നും ഇല്ലാതിരുന്നതുകൊണ്ടു ഞാൻ അൽപസമയം ആ മനുഷ്യനെ തന്നെ നോക്കി അവിടെ നിന്നു.

പിന്നീടുള്ള ദിവസങ്ങളിൽ അയാളെ കണ്ടതേയില്ല.എന്റെ മനസാകെ അസ്വസ്ഥമായി.ഏഴു വർഷത്തെ സ്ഥിരം സന്ദർശനമാണ് പെട്ടന്ന് അവസാനിച്ചത്.ഒരാഴ്ച ഞാൻ കാത്തിരുന്നു.
ഇനി അയാൾ വരില്ല എന്ന് തോന്നിയതുകൊണ്ട് ജോലി കഴിഞ്ഞു തിരിച്ചുവരുമ്പോൾ അടുത്തുള്ള വീടുകളിൽ ഒന്ന് അന്വേഷിച്ചുകളയാം എന്ന് തീരുമാനിച്ചു..പക്ഷേ ആർക്കും അങ്ങിനെ ഒരു വൃദ്ധനെ കുറിച്ച് യാതൊരറിവുമില്ല..അവസാനം ഒരാൾ പറഞ്ഞു,ഞാൻ പറയുന്ന അടയാളത്തിലുള്ള ഒരാൾ അടുത്ത വീട്ടിൽ ഉണ്ടായിരുന്നു.പക്ഷെ ഏഴു വര്ഷം മുൻപ് ഈ സീബ്ര ലൈനിൽ ഒരു കാർ ഇടിച്ചു മരിച്ചു പോയി എന്ന്.ആ വീട്ടുകാരും ഈ സംഭവം ശരിയാണ് എന്ന് സമ്മതിച്ചു.എന്നാൽ ആരാണ് ഈ മനുഷ്യൻ?എന്റെ അന്വേഷണം വഴി മുട്ടി.

യൂറോപ്യൻ രാജ്യങ്ങളിൽ റോഡ് ആക്‌സിഡന്റിലും മറ്റും മരിച്ചവരുടെ ബന്ധുക്കൾ അവരുടെ ഓർമ്മക്കായിആക്സിഡന്റ് നടന്ന സ്ഥലത്തു പൂക്കൾ കൊണ്ടുവന്നു വയ്ക്കുകയും മെഴുകുതിരികൾ രാത്രികാലങ്ങളിൽ കത്തിച്ചുവയ്ക്കുകയും ചെയ്യുന്ന പതിവുണ്ട്..അജ്ഞാതനായ സുഹൃത്തേ ,നിങ്ങളുടെ ഓർമ്മയ്ക്ക്‌ മുൻപിൽ ഏതാനും മെഴുകുതിരികളും കുറച്ചു പൂക്കളും ഞാൻ സമർപ്പിക്കുന്നു