Europe India Pravasi

രാജ്യത്തിന്റെ നെഞ്ചിലേറ്റ മുറിവായി ആസിഫാ :ജനാധിപത്യത്തിൻറെ വജ്രായുധമെടുക്കാൻ സമയമായി-ജെയിംസ് തെക്കേമുറി

ജമ്മു കാശ്മീരില്‍ ക്ഷേത്രത്തിനകത്ത് കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസുകാരി ആസിഫയ്ക്കു നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം. എട്ടു വയസേ ആയിട്ടുള്ളു അസിഭാ ഭാനുവിന്. കാട്ടില്‍ മേയാന്‍ വിട്ട കുതിരയെ അന്വേഷിച്ച് പോയതാണ് ഈ പെണ്‍കുഞ്ഞ്. കുതിരയെ കാട്ടിത്തരാമെന്ന് പറഞ്ഞപ്പോള്‍ അവള്‍ മറ്റൊന്നും ചിന്തിച്ചില്ല.വന്യമൃഗങ്ങള്‍ പോലും മാറിനില്‍ക്കുന്ന കാടത്തമാണ് ആ പെണ്‍കുഞ്ഞിന് നേരെ ഒരു കൂട്ടം ആളുകള്‍ കാട്ടിക്കൂട്ടിയത് . അവസാനം ഒരു ബലിമൃഗത്തെപ്പോലെ അവളെ അ‍വര്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.

നാടോടി മുസ്ലീമുകളായ ബേക്കര്‍വാല്‍ വിഭാഗത്തില്‍പ്പെട്ട എട്ടു വയസുകാരിയാണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. ജനുവരി പത്തിനായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത്.ജാതിമതഭേദമെന്യേ ഹിന്ദുത്വ നരാധമര്‍ പിച്ചിച്ചീന്തിയ ആസിഫയെ ഓര്‍ത്ത് വിലപിക്കുകയാണു രാജ്യം. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ സമാനതകളില്ലാത്ത പ്രതിഷേധാഗ്‌നിയാണ് സംഘപരിവാരത്തിനെതിരേ ഉയരുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ശിരസ്സ് താഴ്ന്നുപോയ സംഭവമായാണ് ദേശീയ മാധ്യമങ്ങളടക്കം ആസിഫ ദുരന്തത്തെ വിശേഷിപ്പിച്ചത്.

എതൊരു രാജ്യത്തും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ടവരാണ് ഭരണാധികാരികൾ. പോലീസ്‌ സംവിധാനവും നിയമവ്യവസ്ഥയും ഉപയോഗിച്ച്‌ ഇവർ ഇത്‌ നിർവ്വഹിക്കുകയും ചെയ്യുന്നു . എന്നാൽ കുറെനാളുകളായി സംരക്ഷകരായിമാറേണ്ട പോലീസ്‌ അന്തകരായി മാറുന്ന കാഴ്ചയാണു നാം കാണുന്നത്‌ .ഇതിന്റെ അവസാനത്തെ ഉദാഹരണമാണു ജമ്മുകാഷ്മീരിലെ കാഠ് വ ജില്ലയിൽ എട്ടുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവം.  പ്രായപൂർത്തിയാകാത്ത ഒരാളോടൊപ്പം നാലു പോലീസുകാരും പ്രതിസ്ഥാനത്തുണ്ടെന്ന് പറയുമ്പോഴാണു ഇതിന്റെ ഗൗരവം പതിന്മടങ്ങ്‌ വലുത്‌ ആവുന്നത്‌ .      രസാനഗ്രാമത്തിലെ ന്യുനപക്ഷ സമുദായമായ ബവേർ വാല യെന്ന നാടോടി സമൂഹത്തെ അവിടെനിന്നും ഭയപ്പെടുത്തി ഓടിക്കാൻ വരേണ്യവർഗ്ഗം കണ്ടെത്തിയ മാർഗ്ഗമായിരുന്നു ഈ കൊടും ക്രൂരത . കാലിമേയിക്കാൻ കാട്ടിലെത്തിയ ലഹരിമരുന്ന് നൽകി തടവിൽ പാർപ്പിച്ച്‌ ഒരാഴ്ചയോളം ഭക്ഷണം നൽകാതെ പട്ടിണിക്കിട്ട്‌ പീഡിപ്പിക്കുകയൂം മൃതപ്രായായ പെൺകുട്ടിയെ കല്ലുകൊണ്ടിടിച്ച്‌ കൊലപ്പെടുത്തുകയും കൊലയക്ക്‌ തൊട്ടുമുൻപ്‌ വീണ്ടും പീഡിപ്പിക്കുകയും ചെയ്തു . മനുഷ്യനെ മൃഗങ്ങളിൽ നിന്നും വേർ തിരിക്കുന്നത്‌ വിവേകമാണു . ഈ വിവേകമാകട്ടെ ലഭിക്കുന്നത്‌ വിദ്യാഭ്യാസത്തിലൂടെയും. സാഹചര്യങ്ങളിലൂടെയും എന്നാണു പറയുന്നത്‌ .പക്ഷേ ഒരു മൃഗവും പരസ്പരസമ്മതമില്ലാതെ ഇണചേരില്ലെന്ന്ന്ന് മനസ്സിലാക്കാൻ ഇനിയുള്ള കാലം മനുഷ്യകുഞ്ഞുങ്ങളെ മൃഗങ്ങളെ കണ്ടുപഠിക്കാൻ നാം പഠിപ്പിക്കേണ്ടി വരും. അല്ലെങ്കിൽ മനുഷ്യർ മൃഗങ്ങളെക്കാൾ നികൃഷ്ടരായി മാറും.

ഇത്തരം പ്രവർത്തികൾ കണ്ടിട്ടും കണ്ണടയ്ക്കുന്ന അധികാര നേതൃത്വത്തിനെതിരെ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി സോഷ്യൽ മീഡിയായിൽ ഇപ്രകാരം പ്രതികരിച്ചു .”ബേട്ടി ബച്ചാവോ ബേട്ടി പാഠാവോ എന്ന് നാടുമുഴുവൻ എഴുതി വെച്ചതുകൊണ്ടൊ റേഡിയോയിൽ മാൻ കീ ബാത്തിലൂടെ വിളിച്ചു പറഞ്ഞതുകൊണ്ടൊ ആയില്ല പ്രിയ പ്രധാനമന്ത്രി. താങ്കൾക്ക്‌ മുദ്രാവാക്യം വിളിക്കുന്നവരാൽ ഒരു പാവം പെൺ കുട്ടിയുടെയും അവളുടെ കുടുംബത്തിന്റെയും ജീവിതവെളിച്ചം എന്നന്നേക്കുമായി തല്ലികെടുത്തിയ താങ്കളുടെ അനുയായികളെ മനുഷ്യരാക്കി മാറ്റേണ്ടുന്നതിനാണു താങ്കൾ ശ്രദ്ധിക്കേണ്ടത്‌.  ” ഇത്തരം ക്രൂരതകളോട്‌ ശക്തമായി പ്രതികരിക്കതെ ലോകം ചുറ്റുന്ന പ്രധാനമന്ത്രിയുടെ നിസ്സംഗതക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണു ഈ വാക്കുകൾ. വീണ്ടും വീണ്ടും ഇത്തരം ദാരുണമായ ആവർത്തിക്കുന്നതിന്റെ കാരണം തേടി വരുബോൾ  നാം എത്തിനിൽക്കുന്നത്‌ ശക്തമായ നിയമങ്ങളുടെ അഭാവം തന്നെയാണ്. നിയമത്തിന്റെ നൂലാമാലകളിലെ ചെറിയ വിടവുകളിലൂടെ ഇത്തരക്കാർ രക്ഷപ്പെട്ടുപോകുന്നത്‌ വീണ്ടും തെറ്റുകൾ ആവർത്തിക്കുന്നതിനു കാരണമാകും. കൂടാതെ ഇത്തരക്കാർക്ക്‌ വേണ്ടപ്പെട്ടവരുടെ പിന്തുണകൂടി ലഭിക്കുബോൾ പറയേണ്ടതില്ലല്ലോ. മോഷണം ചെയ്യുന്നവന്റെ കയ്യും. നുണപറയുന്നവന്റെ നാവും. പീഡിപ്പിക്കുന്നവന്റെ വേണ്ടപ്പെട്ട അവയവും. മുറിച്ചുകളയാൻ തക്കവിധം നിയമം കർശനമാക്കണം.

സോഷ്യല്‍ മീഡിയയുടെ ഇടപെടലോടെയാണ് ആസിഫയെന്ന എട്ടുവയസ്സുകാരിയുടെ ചേതനയറ്റ ശരീരം ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായ ജ്വലിക്കുന്ന തീപ്പന്തമായി മാറിയത്. സംഘപരിവാര പ്രീണനത്തിന്റെ ഭാഗമായി ആസിഫ നേരിട്ട കൊടുംക്രൂരത മൂടിവയ്ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം കൊടുങ്കാറ്റായതോടെ വിഷയമേറ്റെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളും നിര്‍ബന്ധിതരായി.അതേസമയം, കേരളത്തിലടക്കം സാമൂഹിക പ്രതികരണത്തില്‍ സജീവമായ പലരും ആസിഫ ദുരന്തത്തില്‍ മൗനം തുടരുന്നതും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി, ദേശസ്‌നേഹം പഠിപ്പിക്കാന്‍ നിരന്തരം ബ്ലോഗ് എഴുതാറുള്ള കംപ്ലീറ്റ് ആക്റ്റര്‍ പേനയെടുത്തില്ല.. കുഞ്ഞുങ്ങളെ ചൊല്ലി ആര്‍ദ്രമാം കവിതകളെഴുതാറുള്ള ടീച്ചറമ്മ ഇതുവരെ ഒന്നും മൊഴിഞ്ഞില്ല. ചേലാകര്‍മത്തോളം വേദനയില്ലാത്തതുകൊണ്ടാവാം സൈബര്‍ സഖാക്കളും ഉണര്‍ന്നിട്ടില്ല.”

ആസിഫാ, നിന്റെ വേദനകളും ജീവത്യാഗവും വിഫലമാവില്ല. കുതിരയെ മേയ്ക്കാന്‍ പോയി ഹിന്ദുത്വരുടെ കുരുതിക്കൂട്ടിലകപ്പെട്ടുപോയ നീ അത്തരം അധമശക്തികള്‍ക്കെതിരേ കൊടുങ്കാറ്റായി തിരിച്ചുവരും. തിന്മയുടെ ഉപാസകര്‍ക്കെതിരായ രക്തസാക്ഷിത്വത്തിലൂടെ നീ മരണമില്ലാത്തവളായിരിക്കുന്നു. നിന്റെ നിലവിളികളുടെ നിലയ്ക്കാത്ത സ്മരണകളില്‍ നിന്ന് മതവെറിയുടെ പൈശാചികതയ്‌ക്കെതിരേ പോരാട്ടത്തിന്റെ ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ ഉയരുക തന്നെ ചെയ്യും…ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധ കൊടുങ്കാറ്റാവുകയാണ് കത്‌വയിലെ എട്ടുവയസ്സുകാരി ആസിഫയുടെ ദുര്‍വിധി. ആസിഫ, രാജ്യം നേരിടുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയുടെ ഒടുവിലത്തെ  ഇരയും പ്രതീകവും. ഹിന്ദുത്വ നേതാക്കള്‍ ഈ പൈശാചികതയെക്കുറിച്ച് ഇനിയും വാതുറന്നിട്ടില്ലെങ്കിലും, മനുഷ്യത്വത്തിന്റെ നെഞ്ചുപിളര്‍ന്ന പൈശാചികത സംഘപരിവാരത്തിനേല്‍പ്പിച്ച ആഘാതവും രാജ്യത്തിനേല്‍പിച്ച കളങ്കവും കനത്തതാണ്.

നിർഭയ സംഭവം പോലെ കുറെ പ്രതിഷേധങ്ങളും വാർത്തകളൂമായി ഇതും അവസാനിക്കും. പെൺകുട്ടികൾ കന്നുകാലിയെ മേയിച്ചതുകൊണ്ടാണു ഇത്‌ സംഭവിച്ചതെന്നും. അതുകൊണ്ട്‌ മേലിൽ 10 വയസ്സിൽ താഴെയുള്ള പെൺകുട്ടികൾ ഒറ്റയ്ക്ക്‌ കന്നുകാലിയെ മേയിക്കരുതെന്ന് നിയമമുണ്ടാക്കുവാൻ അധികാരികൾ മടിക്കില്ല. അപ്പോഴും ഇത്തരം മനുഷ്യ മൃഗങ്ങൾ സ്വതന്ത്രരായി സഞ്ചരിക്കും. ഇത്തരം പീഡകരെ എം. എൽ. ഏ. മാരാക്കാൻ പോലും ഇവിടുത്തെ രാഷ്ട്രീയക്കാർ മടിക്കില്ല.  പെൺകുട്ടികളെ ഇപ്പോൾ കരോട്ടെയും ജൂഡോയും സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ തന്നെയും ഒരു വലിയ സംഘത്തെ എതിർക്കുവാൻ ഒരു പെൺകുട്ടിക്ക്‌ ആവുമോ ?   കൊതുകിനെ കൊല്ലുന്നതിനുപകരം കൊതികിനെ പിടിക്കാൻ മനുഷ്യരെ പഠിപ്പിച്ചാൽ മതിയോ ? വാർത്തകൾ കെട്ടടങ്ങുബോൾ ഇനിയും നരാധമൻമാർ വേട്ടയ്ക്കിറങ്ങും. വീടിനുള്ളിലും പൊട്ടകിണറുകളിലും കറൂത്ത്‌ കരുവാളിച്ച പെൺ മേനികൾ നാം ഇനിയും കാണേണ്ടി വരും. അധികാരികൾ അപ്പോഴും പള്ളിയുറക്കത്തിലായിരിക്കും അതുകൊണ്ട്‌ നമ്മുടെ സംരക്ഷണം എറ്റെടുക്കാത്ത അധികാരികളെ ജനാധിപത്യത്തിന്റെ വജ്രായുധം കൊണ്ട്‌ നേരിടാൻ നാം ഒന്നായി രംഗത്തിറങ്ങണം. നിസ്സംഗത വെടിയണം. അല്ലെങ്കിൽ ഇത്‌ നാളെ നമ്മുടെ വീട്ടിലും സംഭവിക്കും.