Austria Education Entertainment Europe Germany Pravasi Social Media Switzerland World

സ്വിസ്സിലെ ഇന്ത്യൻ എംബസിയുടെ കാലഹരണപ്പെട്ട സമ്പ്രദായങ്ങൾ തിരുത്തേണ്ടതല്ലേ

കാലം മുന്നോട്ട് പോകുമ്പോൾ സാങ്കേതിക വിദ്യയും അതിവേഗം മുന്നോട്ടാണ്. പ്രത്യേകിച്ച് വികസിത രാജ്യങ്ങളിൽ. ഈ രാജ്യങ്ങളിലെ ഇന്ത്യൻ ഓഫിസുകളിലും അതിനുള്ള സൗകര്യങ്ങൾ ലഭിക്കുന്നുമുണ്ട്. എങ്കിലും മാറ്റങ്ങൾ സ്വികരിക്കാൻ എംബസികൾ മടി  കാണിക്കുന്നു.  കാൽ നുറ്റാണ്ട് മുൻപ് അവർ  ഓരോ സേവനങ്ങൾക്കും ആവശ്യപ്പെട്ടതെന്താണോ  അത് തന്നെ ഇന്നും ആവശ്യപ്പെടുന്നു. സ്വിറ്റ്സർലന്റിലെ ഇന്ത്യൻ എംബസി ഉദാഹരണമായി എടുത്തുകൊണ്ട് ചില കാര്യങ്ങൾ സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. 

1. ഏതു സേവനത്തിനും U B S ന്റെ രണ്ട് അകൗണ്ടുകളിലേക്ക് പണം അടക്കേണ്ടതുണ്ട്. ഒരു അകൗണ്ടിൽ  ഫീസ്, അടുത്ത അകൗണ്ടിൽ സർവീസ് ചാർജ് ഇനത്തിൽ രണ്ട്  അല്ലെങ്കിൽ മൂന്ന് ഫ്രാങ്ക് അടക്കണമെന്നാണ് എംബസി ആവശ്യപ്പെടുന്നത്. എന്തുകൊണ്ട് ഒരു അകൗണ്ടിൽ രണ്ടും ചേർത്ത് ഒരു തുകയായി അടക്കാൻ അനുവദിക്കുന്നില്ല ??
2. ഈ പണം അടച്ചശേഷം കിട്ടുന്ന ബാങ്ക് രസീത് എംബസിയിലേക്ക് അയക്കേണ്ടതുണ്ട്. അതിൽ എംബസിയുടെ പേര് മാത്രം പോരാ പണം അടക്കുന്ന അകൗണ്ട് നമ്പറും കൃത്യമായി കണ്ടിരിക്കണം. കോൺസുലാർ ആവശ്യ ങ്ങൾക്ക് ഒരു അകൗണ്ട് നമ്പർ  മാത്രം പൊതുജനങ്ങൾക്ക് നൽകുകയാണെങ്കിൽ ഇപ്രകാരമുള്ള ആവശ്യങ്ങൾ ഉണ്ടാകില്ലല്ലോ.
3. മറുപടിക്ക് സ്റ്റാമ്പ് ഒട്ടിച്ച് അഡ്രസ്സ് എഴുതിയ കവർ എംബസിയിലേക്ക് അയക്കണം. ഇങ്ങനെ ഒരു കാര്യം സ്വിറ്റ്‌ സർലന്റിൽ ഏതെങ്കിലും ഓഫിസിൽ നിലനിൽക്കുന്നതായി ആരെങ്കിലും കണ്ടിട്ടുണ്ടോ ? ഇതിനും കൂടി ആവശ്യമായ തുക ഫിസിനത്തിൽ കൂട്ടി വാങ്ങുന്നതല്ലേ ശരിയായിട്ടുള്ള നടപടി. എംബസിയിൽ ഫീസ് നൽകി സേവനം ആവശ്യപ്പെടുന്നവർക്ക് നൽകാൻ ഒരു കവറും  പോസ്റ്റൽ സ്റ്റാമ്പും ഇല്ലാത്തവണ്ണം നമ്മുടെ എംബസികൾ പാപ്പരായോ ? അതോ വിലാസം എഴുതാൻ മടിയുള്ള ജോലിക്കാരാണോ അവിടെ ഉള്ളത് ?

 4. ഓരോ ആപ്ലിക്കേഷൻ അയക്കുമ്പോഴും സ്വയം ഒപ്പിട്ട് സാക്ഷ്യപ്പെടുത്തിയ ഫോട്ടോകോപ്പികൾ അയക്കേണ്ടതുണ്ട്. എത്ര സാക്ഷ്യപ്പെടുത്തിയാലും പിന്നീട് ഒറിജിനൽ അയച്ചു കൊടുത്തശേഷം മാത്രമേ പാസ്പോര്ട്ഓ സി ഐ കാർഡ് എന്നിവയൊക്കെ ലഭിക്കുകയുള്ളു.  പിന്നെ എന്തിനാണ് സ്വയം അറ്റസ്റ്റ് ചെയ്യുന്നത്.  

5. ഏതെങ്കിലും ഫോറത്തിൽ ഒരു എൻട്രി ഇല്ലാതെവന്നാൽ, ഒരു ഫോട്ടോകോപ്പി കുറഞ്ഞുപോയാൽ അയച്ചതെല്ലാം ഒരുമിച്ച് തിരിച്ചയക്കുകയാണ് എംബസി ചെയ്യാറുള്ളത്. അതിനു പകരം കുറവുള്ളതെന്താണെന്ന് ഇമെയിൽ വഴിയോ എസ്  എം എസ് വഴിയോ അറിയിച്ചാൽ എല്ലാവർക്കും ഉപകരപ്രദമായിരിക്കും എന്ന് മാത്രമല്ല ദുർച്ചില വും സമയ നഷ്ടവും ഒഴിവാക്കാനും സാധിക്കും.

6 . ഇന്ന് ലോകത്തെവിടെയും പണം അടവ് ബാങ്ക് കാർഡ് വഴി നടക്കുന്ന ഒരു സൗകര്യം നിലവിൽ വന്നു കഴിഞ്ഞു.എന്നാൽ ഇതുവരെ കാർഡ് ഉപയോഗിച്ച് പണമടക്കുന്നതിനുള്ള സംവിധാനം എംബസി ആരംഭിച്ചിട്ടില്ല . ഇന്ത്യൻ പ്രധാനമന്ത്രി ഡിജിറ്റൽ പണമിടപാടിനെ പ്രോത്സാഹിപ്പിക്കുന്നത് പലപ്പോഴായി  നാം കണ്ടു.  ഈ മാർഗവും എംബസിക്ക് സ്വികരിക്കാവുന്നതാണ്.

അടുത്തകാലത്ത് ഓ സി ഐ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് എമ്പസിയുമായി നടത്തിയ  ഇടപാടുകളിൽ നിന്നും അനുഭവപ്പെട്ട കാര്യങ്ങളാണ് ഇവിടെ പരാമർശിച്ചത്. സ്വിറ്റ്‌സർലണ്ടിലെ ഇതര ഓഫിസുകൾ പ്രവർത്തിക്കുന്നതുപോലെ എംബസിയും മോഡേൺ ആകേണ്ടതല്ലേ ?

ഇന്ത്യയിലെ പഴയ ഓഫിസ് സമ്പ്രദായങ്ങൾ ശീലിച്ചിട്ടുള്ള ഉദ്യോഗസ്ഥരാണ് എംബസിയിൽ മാറി മാറി വരുന്നത്. ഉപഭോക്താവ് എന്തിനും തയ്യാറായി ഓഛാനിച്ച് നിൽക്കാൻ അവർ ആഗ്രഹിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.

എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ തയ്യാറുള്ള  ഒരു മലയാളി അംബാസിഡറും ,അഡിഷണൽ സെക്രട്ടറിയും  നമുക്കുള്ളതുകൊണ്ട് മാത്രമാണ് മാറ്റങ്ങൾ ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതും. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനായി ഇവർ  നടപടികൾ സ്വികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Report : ജോസ് വള്ളാടിയിൽ