Austria Europe Pravasi Switzerland

ആൽപ്സ് താഴ്വരയിൽ ദുര്യോധനവധം ആട്ടക്കഥ – Tom Kulangara

ഇന്ത്യ- സ്വിറ്റ്സർലണ്ട് മൈത്രിയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് സ്വിറ്റ്സർലണ്ടിലെ പ്രധാന പട്ടണങ്ങൾ കേന്ദ്രീകരിച്ച് ഹിമാലയ ആൽപ്സ് കൂട്ടുകെട്ട് എന്ന തലക്കെട്ടോടെ സെപ്റ്റംബർ ആദ്യവാരം മുതൽ  ഇന്ത്യൻ എംബസി  ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്ന പേരിൽ കലാസാംസ്കാരിക പരിപാടികൾക്ക്  തുടക്കം കുറിച്ചു.  ഇന്ത്യൻ ക്ലാസിക്ക് കലകളെ സ്വദേശീയർക്കും  വിദേശീയർക്കും പരിചയപ്പെടുത്തുന്ന സാംസ്കാരിക കലോത്സവത്തിന്റെ അടുത്ത പ്രോഗ്രാം കലകളാൽ സമ്പന്നമായ കേരളത്തിന്റെ തനതു കലയായ കഥകളിയാണ്.

വയസ്കര ആര്യ നാരായണൻ മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടക്കഥ സ്വിറ്റ്സർലണ്ടിലെ ബാസിലിൽ ഡിസംബർ അഞ്ചിനും, സെന്റ്:ഗാലൻ പട്ടണത്തിൽ ഡിസംബർ ആറിനും, തലസ്ഥാന നഗരിയായ ബേണിൽ ഡിസംബർ ഏഴിനും അരങ്ങേറും. കലാമണ്ഡലം ഗോപാലകൃഷ്ണൻ ആശാനും സംഘവുമാണ് കഥകളി അവതരിപ്പിക്കുന്നത്. ഇന്ത്യൻ എംബസി നടത്തുന്ന ഫെസ്റ്റിവൽ ഓഫ് ഇന്ത്യ എന്ന സൗജന്യ കലോത്സവ പരിപാടിയിലൂടെ കഥകളി പ്രേമികൾക്ക് ഹേമന്തത്തിന്റെ കുളിർമ്മക്കൊപ്പം കഥകളിയാട്ട കൺകുളിർമ്മയും നേരിട്ടനുഭവിക്കാനുള്ള അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.

ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കിയതിലൂടെ സ്വിറ്റ്സർലണ്ടിലെ മുഴുവൻ ഇന്ത്യക്കാരുടേയും പ്രിയ അംബാസഡറായി പേരെടുത്ത ആദരണീയനായ വ്യക്തിയാണ് മലയാളികൂടിയായ ശ്രീ. സിബി ജോർജ്. മനുഷ്യസ്നേഹിയും കലാസ്നേഹിയുമായ ബഹുമാനപ്പെട്ട സ്ഥാനപതിയുടേയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരുടേയും സംഘാടന മികവുകൊണ്ട് അഭിമാനകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഓരോ പ്രോഗ്രാമും കൊടിയിറങ്ങുന്നത്.

ഏഴു പതിറ്റാണ്ട് മുൻപ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സുഹൃത്തായ സ്വിറ്റ്സർലൻണ്ടിന്റെ മണ്ണിൽ മുളച്ച പരസ്പര സൗഹൃദബന്ധത്തിനു ഹിമാലയൻ ആൽപ്സ് പർവ്വതങ്ങളിലെ ഉറഞ്ഞ മഞ്ഞുപോലെയുള്ള ദൃഡതയുണ്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ കരാർ ദീർഘകാലം നിലനിർത്താൻ ഉതകും വിധം ഇരുരാജ്യങ്ങളും  തമ്മിൽ നല്ല നയതന്ത്രബന്ധത്തിലാണ് പ്രവർത്തിക്കുന്നത്.  ഫെസ്റ്റിവൽ ഓഫ് ഇന്ത്യ പോലുള്ള സാംസകാരിക കലാപരിപാടികൾകൊണ്ട്
ഇരു രാജ്യങ്ങളെയും തമ്മിൽ കൂടുതൽ കൂട്ടിയിണക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് ഇന്ത്യൻ നയതന്ത്രകാര്യാലയം. കഥകളിപോലുള്ള ക്ലാസ്സിക് കലകളെ അടുത്തറിയുവാനും ആസ്വദിക്കുവാനും, എല്ലാ കലാസ്നേഹികളേയും സാദരം ക്ഷണിക്കുന്നതായി എംബസിയിൽ കൾച്ചറൽ പ്രോഗ്രാം ചുമതലയുള്ള സെക്കൻ സെക്രട്ടറി ശ്രീമതി. റോഷിണി തോമസൺ അറിയിച്ചു.