Auto Pravasi

ഉണരുക കേരളമേ …പ്രവാസിയും ഡ്രൈവിങ്ങ് ലൈസൻസും – Tom Kulangara

പത്തുമുപ്പത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇരുചക്ര വാഹനങ്ങളും, നാലുചക്ര വാഹനങ്ങളും രാജ്യത്തുടനീളം ഓടിക്കാനുള്ള ലൈസൻസിനു‌ ഏജന്റ്‌ മുഖേന ആഫീസിൽ പണം എത്തിച്ചാൽ മാത്രം മതി സംഗതി വീട്ടിൽ കിട്ടും. ഒർജിനൽ‌ കയ്യിൽ കിട്ടിയതിനുശേഷമാണ് പലരും L ഉം തൂക്കി‌‌ വളയം തിരിക്കാൻ തുടങ്ങുന്നത്‌.

ഞങ്ങളുടെ തൊട്ടയൽപക്കത്തെ ചേച്ചിയെ തിരുമണം ചെയ്തിരിക്കുന്നയാൾ RTO യാണ്. ചേച്ചിയുടെ ആങ്ങള എന്റെ നല്ല സുഹൃത്തും.‌ എനിക്ക്‌ നന്നായി വണ്ടി ഓടിക്കാൻ അറിയാം. കൈയ്യിൽ കുറച്ച്‌ കാശേ ഉള്ളൂ, എന്റെ ലൈസൻസിന്റെ കാര്യം നിന്റെ അളിയനോട്‌ ഒന്ന് പറയടാ, കൂട്ടുകാരൻ വളരെ വിഷമത്തോടെ പറഞ്ഞു, എന്റെ അളിയനേ നിനക്കറിയില്ല. ഞാനെന്റെ ലൈസൻസിന്റെ കാര്യം പറഞ്ഞപ്പോൾ ആ നക്കി അളിയൻ എന്നോട് കാശു ചോദിച്ചു. അതും‌ മറ്റുള്ള RTO ആഫീസിൽ വാങ്ങുന്നതിലും കൂടതൽ. അളിയനു ഒന്നും ചെയ്യാൻ പറ്റില്ലത്രേ, കിട്ടുന്ന കിമ്പളക്കാശ്‌ ആഫീസ്‌ മൊത്തം വീതം വയ്പ്പാ. ഒരാൾക്ക്‌ വെറുതെ കൊടുത്താൽ അതുപോലെ മറ്റുള്ളവരുടെ ബന്ധുക്കൾക്കും കൊടുക്കേണ്ടി വരും. അത്‌ അവരുടെ കിമ്പള വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കും.

വർഷം മുപ്പതു കഴിഞ്ഞെങ്കിലും ഇതിനു വലിയ മാറ്റമൊന്നും ഇന്നും വന്നിട്ടില്ലെന്ന് തോന്നുന്നു. കഴിഞ്ഞ വർഷം അവധിക്ക്‌ നാട്ടിൽ ചെന്നപ്പോൾ ലൈസൻസ്‌ പുതുക്കാൻ പോയി. പുതുക്കേണ്ട തിയതി ഒരു മാസം കഴിഞ്ഞിരുന്നു. വിവരങ്ങൾ ചോദിച്ചപ്പോൾ കണ്ണ് ടെസ്റ്റ്‌ ചെയ്ത സർട്ടിപ്പിക്കറ്റ്‌, ഫൈൻ, ഫോട്ടോ,അപേക്ഷാഫോറം അങ്ങനെ കുറേ കാര്യങ്ങൾ. ഏറേ കടമ്പകൾ കടന്ന് അതികഠിന തിയറി, പ്രാക്ടിക്കൽ പരീക്ഷൾ പാസ്സായി കിട്ടിയ സ്വിറ്റ്സർലാൻഡിലെ ലൈസൻസ്‌ വച്ച്‌ വണ്ടി ഓടിക്കമോ എന്നു ചോദിച്ചപ്പോൾ അത്‌ അനുവദനീയമല്ലെന്നും ഇൻഡിക്കേറ്ററില്ലാത്ത കാലത്ത്‌ കൈ വീശിക്കാണിച്ച്‌ ഓടിച്ച്‌ കിട്ടിയതു തന്നെ വേണമെന്നും പറഞ്ഞു. കൂടെയുണ്ടായിരുന്ന കൂട്ടുകാരൻ സ്വകാര്യത്തിൽ പറഞ്ഞു, നീ ഇങ്ങ്‌ വന്നേ, നിനക്ക്‌ മൂന്നാഴ്ചയല്ലേ ലീവുള്ളൂ, അവധി നാൾ മുഴുവൻ നിനക്ക്‌ ഇതിന്റെ പുറകേ നടക്കണോ?

അങ്ങനെ ഞങ്ങൾ ഏജന്റിനെ കണ്ടു പറഞ്ഞ പണവും, ഫോട്ടോയും, ഒപ്പിട്ട അപേക്ഷ ഫാറവും കൊടുത്തു. ബാക്കിയെല്ലാം അയാൾ നോക്കിക്കൊള്ളാമെന്നും, ഒന്നരമാസം കഴിഞ്ഞ്‌ സാധനം കൂട്ടുകാരന്റെ കൈയിൽ കൊടുത്തേക്കമെന്ന ഉറപ്പും നല്കി. ഇതു തന്നെയല്ലേ സകല സർക്കാർ ആഫീസിലും സംഭവിക്കുന്നത്‌. ചിലർ നേരിട്ട്‌ വാങ്ങുന്നു. മറ്റുചിലർ ഏജന്റുമാരെക്കൊണ്ട്‌ വാങ്ങിപ്പിക്കുന്നു. എളുപ്പത്തിൽ കാര്യം കാണാൻ സാധാരണക്കാരൻ വേദനയോടെ തങ്ങളുടെ വേതനത്തിന്റെ വിഹിതം കിമ്പളമായി കൊടുക്കുന്നു. ഇതാണ് ശരിയായ സിസ്റ്റമെന്ന മട്ടിലാണ് ഇപ്പോൾ ജനം. ഒരോ സർട്ടിഫിക്കറ്റിന്റേയും കിമ്പള ഫീസ്‌ അവർക്ക്‌ മനഃപാഠമാണ്. ആര് ഇതിനൊക്കെ അറുതി വരുത്തും. ഭരണകൂടമോ? അതിനു കഴിവുള്ള ഒരു ഭരണകൂടവും ഇതുവരെ ഇന്ത്യയിൽ ഉണ്ടായിട്ടില്ല, അതുകൊണ്ടല്ലേ ഈ ദുഷ്‌ പ്രവണത ഇന്നും നടമാടുന്നത്?