Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന്

ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഇന്ന് . പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ജയിച്ച ഇന്ത്യ അവസാന മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും.

ദക്ഷിണാഫ്രിക്കക്കെതിരെ അവരുടെ മണ്ണില്‍ ആദ്യ ഏകദിന പരമ്പരയെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ പട ഇറങ്ങുക. മഴ ഭാഗികമായി തടസ്സപ്പെടുത്തിയ നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കന്‍ പുതുനിര പുറത്തെടുത്ത പോരാട്ട വീര്യം വരും മത്സരങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന വ്യക്തമായ സൂചന ഇന്ത്യക്ക് നല്‍കുന്നുണ്ട്. ഡീവില്ലേഴ്സ്,ഡൂപ്ലസ്സിസ്,ഡീക്കോക്ക് എന്നീ മൂന്ന് പ്രമുഖ ബാറ്റ്സ്മാന്‍മാരുടെ അഭാവത്തില്‍ ഒരു ചെറുത്ത് നില്‍പ്പും കൂടാതെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആദ്യ മൂന്ന് പരാജയങ്ങള്‍. എന്നാല്‍ നാലാം മത്സരത്തില്‍ ഡീവില്ലേഴ്സ് മടങ്ങിയെത്തി. ഒപ്പം പുതുമുഖ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഹെയ്ന്‍‍റിച്ച് ക്ലാസ്സന്റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി നിര്‍ണ്ണായക പ്രകടനം നടത്തിയ ബൌളിംഗ് നിരക്ക് ഉത്തരമുണ്ടായിരുന്നില്ല. അതിനാല്‍ ആത്മവിശ്വാസവും ഊര്‍ജ്ജവും വീണ്ടെടുത്ത ദക്ഷിണാഫ്രിക്കന്‍ നിരയെയായിരിക്കും ഇന്ത്യക്ക് നേരിടേണ്ടി വരിക.

മറുവശത്ത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി മികച്ച ഫോം തുടരുമ്പോള്‍ രോഹിത് ശര്‍മ,അജങ്ക രഹാനെ എന്നിവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഇന്ത്യക്ക് ആശങ്കകള്‍ സമ്മാനിക്കുന്നു. അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്തുന്ന രീതിയിലേക്ക് എംഎസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും ബാറ്റ് ചെയ്യാത്തതും ഇന്ത്യക്ക് തിരിച്ചടിയുണ്ടാക്കും. ഏതായാലും ഏകപക്ഷീയമായേക്കാവുന്ന പരമ്പര കൂടുതല്‍ ആവേശകരമാകുന്നതിന്റെ സൂചനകളാണ് നാലാം ഏകദിനത്തിലെ ദക്ഷിണാഫ്രിക്കന്‍ വിജയത്തോടെ ഉണ്ടാകുന്നത്. നാളെയും ദക്ഷിണാഫ്രിക്ക വിജയം ആവര്‍ത്തിച്ചാല്‍ ടീം ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.