Sports

നാലാം ഏകദിനം ഇന്ന്; ഇന്ത്യ ജയിച്ചാല്‍ ചരിത്രം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് നടക്കും. ജയിച്ചാല്‍ പരമ്പര നേടി ദക്ഷിണാഫ്രിക്കയില്‍ പുതിയ ചരിത്രമെഴുതാന്‍ ഇന്ത്യക്കാകും. ജൊഹനാസ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം വൈകീട്ടാണ് മത്സരം. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ച് കോഹ്‍ലിയും സംഘവും അഭിമാന നേട്ടം ഇതിനോടകം തന്നെ ആഫ്രിക്കന‍് മണ്ണില്‍ കുറിച്ചുകഴിഞ്ഞു. കേപ്‍ടൌണില്‍ കഴിഞ്ഞ മത്സരത്തില്‍ 124 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. നായകന്‍ കോഹ്‍ലി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിജയം അനായാസം കൈപ്പിടിയിലൊതുങ്ങി. യുസ്‍വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തീര്‍ത്ത് സ്പിന്‍ ചുഴിയില്‍ പ്രോട്ടീസ് ബാറ്റിങ്ങ് നിര ഓരോന്നായി വീണു.

മികച്ച ടീമായിരുന്നിട്ടും ചില താരങ്ങളുടെ ഫോമില്ലായ്മ ഇന്ത്യക്ക് ഇപ്പോഴും തലവേദനയാണ്. ഓപ്പണറും ഉപനായകനുമായ രോഹിത് ശര്‍മ പരന്പരയില്‍ നിരാശയാണ് സമ്മാനിച്ചത്. ശിഖര്‍ ധവാന്‍, രഹാനെ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവരും ഫോം കണ്ടെത്തിയിട്ടില്ല. കോഹ്‍ലി ബാറ്റിങ്ങില്‍ ഓരോ ദിനവും പുതിയ റെക്കോര്‍ഡുകളുമായി ടീമിന്റെ നട്ടെല്ലായി നില്‍ക്കുന്നുണ്ട്. സ്പിന്നര്‍മാര്‍ക്ക് പുറമെ ഇന്ത്യന്‍ പേസര്‍മാരും നന്നായി പന്തെറിയാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറുവശത്ത് ദക്ഷിണാഫ്രിക്ക കടുത്ത പ്രതിസന്ധിയിലാണ്.

പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ മതിയാകൂ. നിലവിലെ സാഹചര്യത്തില്‍ അത് എളുപ്പമല്ല. കാരണം സുപ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. നിലവിലുള്ള താരങ്ങള്‍ ഫോമിലുമല്ല. ഫാഫ് ഡ്യൂപ്ലസിസിനും ക്വിന്റണ്‍ ഡീ കോക്കിനും ഏകദിന പരന്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളും ട്വന്റി-20 മത്സരങ്ങളും നഷ്ടമാകും. അതേസമയം എ ബിഡി വില്യേഴ്സ് തിരിച്ചെത്തുന്നത് വലിയ ആശ്വാസമാണ്. മൂന്നാം ടെസ്റ്റിനിടെയുണ്ടായ പരിക്ക് ഡിവില്യേഴ്സ് മറികടന്നെന്നാണ് റിപ്പോര്‍ട്ട്.