World

മുസ്‍ലിം വിരോധം പ്രചരിപ്പിക്കുന്ന കത്തുകള്‍ക്കെതിരെ അന്വേഷണം തുടങ്ങി

മുസ്‍ലിം വിരോധം പ്രചരിപ്പിക്കുന്ന കത്തുകള്‍ക്കെതിരെ ബ്രിട്ടനില്‍ അന്വേഷണം തുടങ്ങി. മുസ്‍ലിമിനെ മര്‍ദിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന കത്തുകളാണ് ലണ്ടനടക്കമുള്ള നഗരങ്ങളില്‍ പ്രചരിക്കുന്നത്. തീവ്രവാദ വിരുദ്ധ സംഘമാണ് അന്വേഷണം നടത്തുന്നത്.

“punish a Muslim” എന്ന പേരിലാണ് കത്ത്. ഏപ്രില്‍ മൂന്നിന് ഒരു മുസ്‍ലിമിനെ മര്‍ദിക്കണമെന്നാണ് ആഹ്വാനം. ലണ്ടന്‍, മിഡ്‍ലാന്‍ഡ്സ്, യോക്ഷിര്‍ എന്നിവിടങ്ങളില്‍ നിരവധി പേര്‍ക്ക് ഈ കത്ത് ലഭിച്ചിട്ടുണ്ട്. പോസ്റ്റിലൂടെയാണ് കത്ത് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലും കത്ത് പ്രചരിക്കുന്നുണ്ട്. അവര്‍ നിങ്ങളെ വേദനിപ്പിച്ചു, നിങ്ങള്‍ സ്നേഹിക്കുന്നവരെ വേദനിപ്പിച്ചു, നിങ്ങളുടെ മനോവേദനക്ക് അവര് കാരണമായി, എന്നിട്ട് നിങ്ങള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നാണ് കത്തില്‍ ചോദിക്കുന്നത്. ആക്രമിക്കുന്നവര്‍ക്ക് പാരിതോഷികവും കത്തില്‍ പ്രഖ്യാപിക്കുന്നു. മുസ്‍ലിങ്ങളെ വാക്കുകൊണ്ട് ദ്രോഹിക്കുന്നവര്‍ക്ക് 10 പോയിന്‍റ്. മുഖത്ത് ആസിഡ് ഒഴിച്ചാല്‍ 50 പോയിന്‍റ്, ഏതെങ്കിലും ഒരു പള്ളി ബോംബ് വെച്ച് തകര്‍ത്താല്‍ 1000 പോയിന്‍റ്, മക്ക നശിപ്പിച്ചാല്‍ 2500 പോയിന്‍റ്. സംഭവം അധികൃതര്‍ വളരെ ഗൌരവമായി തന്നെ കാണുന്നുണ്ട്. കത്ത് പ്രചരിപ്പിച്ചവര്‍ക്കായുള്ള അന്വേഷണം വെസ്റ്റ് യോക്ഷിര്‍ പൊലീസും ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജനങ്ങള്‍ ജാഗരൂഗരായിരിക്കണമെന്നും എന്നാല്‍ ഭയപ്പെടേണ്ടതില്ലെന്നും പൊലീസ് അറിയിച്ചു. ഒരുമിച്ച് നില്‍ക്കുമ്പോള്‍ നമ്മള്‍ ശക്തരാണെന്നും ഒരിക്കലും വിഭജിക്കില്ലെന്നും യോക്ഷിര്‍ പൊലീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബ്രിട്ടനില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികളുള്ള രണ്ടാമത്തെ മതമാണ് ഇസ്‍ലാം. 25 ലക്ഷം മുസ്‍ലിങ്ങളാണ് ബ്രിട്ടനിലുള്ളത്.