Technology

ഇടിമിന്നല്‍ സമയത്ത് ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ സംഭവിക്കുന്നത്

ഇടിമിന്നല്‍ സമയത്ത് ഫോണ്‍ ഉപയോഗിക്കുന്നതെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണകളാണെന്ന് വ്യക്തമാക്കുകയാണ് ഇലക്‌ട്രോണിക്സ് വിദഗ്ധനായ ടോട്ടോ ചാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മിന്നല്‍ ഉള്ളപ്പോള്‍ മൊബൈലില്‍ സംസാരിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുന്നു. ഫോണ്‍ ഒരു ലോപവര്‍ വൈദ്യുത കാന്തിക ഉപകരണമാണ്. എന്നാല്‍ മൊബൈല്‍ ഫോണില്‍ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ലെന്ന് പോസ്റ്റില്‍ പറയുന്നു.

‘ഇടി മിന്നലേറ്റത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കൊണ്ടല്ല, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ മിന്നലേറ്റത് ആണ്. ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് മിന്നല്‍ ഏല്‍ക്കുമായിരുന്നു’. പിന്നേ വേറൊരു കാര്യം വയേഡ് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കരുത്. കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ലൈനില്‍ എവിടെയെങ്കിലും മിന്നല്‍ സ്ട്രൈക്ക് ചെയ്താല്‍ അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപത്തിലേക്ക്;

നാട്ടില്‍ ഏറെ തെറ്റിദ്ധരിക്കപ്പെടുന്ന സരള യുക്തിയുടെ ഉല്‍പന്നമാണ് മൊബൈല്‍ ഫോണ്‍ ഇടിമിന്നല്‍ സമയത്ത് ഉപയോഗിക്കരുത് എന്നത്. മിന്നല്‍ എടുക്കുമ്ബോള്‍ മൊബൈലില്‍ സംസാരിച്ചത് കൊണ്ടു നമുക്കോ ഉപയോഗിക്കുന്ന ഉപകരണത്തിനോ ഒന്നും സംഭവിക്കില്ല.

നമ്മുടെ കൈയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഒരു ലോപവര്‍ വൈദ്യുത കാന്തിക ഉപകരണമാണ്. വൈദ്യുത കാന്തിക തരംഗം എന്നൊക്കെ കേട്ടു ഉടനെ മിന്നല്‍ പിടിക്കുമൊന്നും തെറ്റിദ്ധരിക്കണ്ടാ. നമ്മള്‍ കാണുന്ന പ്രകാശം പോലും വൈദ്യുത കാന്തിക തരംഗമാണ്. മൊബൈല്‍ ഫോണില്‍ നിന്നു പുറപ്പെടുന്ന തരംഗത്തിനു മിന്നലിനെ ആകര്‍ഷിക്കാനുള്ള കഴിവൊന്നുമില്ല.

ഒന്നോ രണ്ടോ വാചകത്തില്‍ പറഞ്ഞാല്‍ മേഘക്കൂട്ടത്തില്‍ വെച്ചു ഐസ് പരലുകളും ജലത്തിന്റെ ഫ്ലേക്ക് പോലെയുള്ള ചാര്‍ജ് ചെയ്യപ്പെട്ട graupel നിരന്തരം സമ്ബര്‍ക്കത്തില്‍ തെന്നി നീങ്ങി വലിയ ചാര്‍ജ് സംഭരിക്കുകയും ചെയ്യുന്നു. ഇതു ഭൂമിയിലേക്ക് അതിഭീകരമായി ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നു. ഈ ഡിസ്ചാര്‍ജ് നടക്കുമ്ബോള്‍ അതിന്റെ പാതയില്‍ എന്തൊക്കെ ഉണ്ടോ അതിലൂടെയൊക്കെ ചാര്‍ജ് ഒഴുകുന്നു. ഇതിന്റെ പരിണിതഫലം മിന്നലിന്റെ തീവ്രതക്കും ചാര്‍ജുകള്‍ പാസ് ചെയ്യുന്ന വസ്തുവിന്റെ സ്വഭാവത്തിനെയും ആശ്രയിച്ചിരിക്കും.

ഇങ്ങനെ ഭൂമിയിലേക്ക് വരുന്ന ചര്‍ജിനെ ഇവിടെയുള്ള ഉയര്‍ന്നു നില്‍ക്കുന്നതും ഒറ്റപ്പെട്ടു നില്‍ക്കുന്നതോ തുറസായ സ്‌ഥലത്തുള്ളതോ ആയ വസ്തുക്കള്‍ ‘വഴികാട്ടി’ ആയെന്നു വരാം. അഥവാ ഈ വസ്തുക്കളില്‍ നിന്നും (ചിലപ്പോള്‍ നമ്മള്‍ തന്നെയും) സ്ട്രീമര്‍ ഉറവിടമായി മാറിയേക്കാം. മുകളില്‍ നിന്നും വരുന്ന ഡിസ്ചാര്‍ജ് (ഇതിനെ Stepleader-, എന്നു വിളിക്കുന്നു, മിന്നല്‍ ഉണ്ടാകുമ്ബോള്‍ കാണുന്ന വര്‍ണ്ണ വര.) ആയി ഈ സ്ട്രീമര്‍ സംഗമിക്കുന്നു. അതുവഴി ഭൂമിയിലേക്ക് വൈദ്യുതി എളുപ്പം ഡിസ്ചാര്‍ജ് ആവുന്നു.

നമ്മള്‍ കുന്നിലോ, ഉയര്‍ന്ന പ്രദേശത്തോ ആണെങ്കില്‍ മിന്നല്‍ പിണറിനെ ‘സ്വീകരിക്കാന്‍’ നമ്മുടെ ശരീരത്തില്‍ നിന്ന് തന്നെ സ്ട്രീമര്‍ പോയി അപകടം ക്ഷണിച്ചു വരുത്തുമെന്ന് സാരം. അതുകൊണ്ടാണ് ഒറ്റപ്പെട്ടതും ഉയര്‍ന്നതുമായ മരങ്ങള്‍ അപകടകാരികളാവുന്നത്. താരതമ്യേന കുറഞ്ഞ ഭാഗത്തായി സ്ഥിതി ചെയ്യുന്ന തെങ്ങുകള്‍ ഇടിയുടെ സ്ഥിരം വേട്ടമൃഗം ആവുന്നതും ഇതുകൊണ്ടാണ്.

ഞാന്‍ ഇതൊക്കെ പറഞ്ഞത്, നിങ്ങള്‍ ആരെങ്കിലും മൊബൈല്‍ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടോ, കാള്‍ ചെയ്തോ, ചാറ്റ് ചെയ്തതോ കൊണ്ടു ഇടിമിന്നലൊന്നും ചെയ്യാന്‍ പോന്നില്ല. സ്വാഭാവികമായും ഇതിനോടു പലര്‍ക്കും പല വ്യക്തിപരമായ അനുഭവങ്ങളും പറയാന്‍ ഉണ്ടാകും (മൊബൈല്‍ ഉപയോഗിക്കുമ്ബോഴാണ് മിന്നലേറ്റത്).

‘ഇടി മിന്നലേറ്റത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് കൊണ്ടല്ല, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ മിന്നലേറ്റത് ആണ്. ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും നിങ്ങള്‍ക്ക് മിന്നല്‍ ഏല്‍ക്കുമായിരുന്നു’. പിന്നേ വേറൊരു കാര്യം വയേഡ് ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കരുത്. കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ലൈനില്‍ എവിടെയെങ്കിലും മിന്നല്‍ സ്ട്രൈക്ക് ചെയ്താല്‍ അപകടം സംഭവിക്കാന്‍ സാധ്യത കൂടുതലാണ്.

നാട്ടില്‍ ഒരു അപകട മരണം സംഭവിച്ചപ്പോള്‍ ഇടിമിന്നല്‍ പേടിച്ചു മിക്ക മൊബൈലും ഓഫ്‌ ചെയ്തു വെച്ചിരുന്നതു കൊണ്ടു നിര്‍ണ്ണായക വേളയില്‍ വിവര വിനിമയത്തിനു തല്‍ക്കലികമായി തടസ്സം നേരിട്ട അനുഭവത്തില്‍ എഴുതിയത്.