Europe Germany Ireland Pravasi Switzerland UK

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് – എവിയാൻ ടൂർ – യാത്രാവിവരണ മത്സരവിജയികൾ

സ്വിറ്റസർലണ്ടിലെ സോഷ്യൽ മീഡിയാ ഗ്രൂപ്പായ ഹലോ ഫ്രഡ്‌സ് സ്വിറ്റ്സർലൻഡ് കഴിഞ്ഞ ജൂൺ ഇരുപത്തിരണ്ടിന് നടത്തിയ  ട്രെയിൻ യാത്രയുടെ ഭാഗമായി  ജീവിത യാത്രയിൽ നമ്മൾ നടത്തിയ വിനോദ യാത്രകളിലുണ്ടായ രസകരവും,ദുഃഖകരവുമായ സംഭവങ്ങളെ കോർത്തിണക്കി  രചനാ മത്സരം സങ്കടിപ്പിച്ചതിൽ ഏറ്റവും നല്ല വിവരണത്തിന് ശ്രീ ജേക്കബ് മാളിയേക്കൽ ഒന്നാം സമ്മാനവും ,ശ്രീമതി സെലിൻ പാരണികുളങ്ങര  രണ്ടാം സ്ഥാനവും ശ്രീ സന്തോഷ് കരിയപ്പുറം  മൂന്നാം സമ്മാനവും കരസ്ഥമാക്കി . വളരെ കുറഞ്ഞ സമയത്തിൽ പതിനൊന്നു കൃതികൾ സമാഹരിക്കുകയുണ്ടായി … ഈ മത്സരത്തിന് നേതൃത്വം നൽകിയ ശ്രീ ശ്രീ ടോം കുളങ്ങരയേയും കൃതികൾ എഴുതിയ എല്ലാവരെയും ഗ്രൂപ് അഭിനന്ദിച്ചു …പതിനൊന്നു കൃതികളും വായനക്കാർക്കായി ഇവിടെ പ്രസിദ്ധീകരിക്കുന്നു .

(ചില യാത്രാവിവരണങ്ങളിലെ കഥയും കഥാപാത്രങ്ങളും സങ്കല്പികമാണ് )-

ടൂറിന്റെ ഫോട്ടോകളും വിഡീയോകളും താഴെ ചേർത്തിരിക്കുന്നു 

ഉല്ലാസയാത്ര- ജേക്കബ്‌ മാളിയേക്കൽ

ഒരിക്കലും സാധ്യമാകാത്ത സ്വപ്നം മാത്രമായിരുന്നു ബാല്യത്തിൽ എനിക്ക് ഉല്ലാസ യാത്ര. കൂലിപ്പണിക്കാരനായ അച്ഛൻ ഞങ്ങൾ അഞ്ച് മക്കളെ വളർത്താൻ  വളരെ ബുദ്ധിമുട്ടിയിരുന്ന. എഴുപതുകളിലെ ദാരിദ്ര്യ കാലം. പത്ത് സെൻറ്  ഭൂമിയും ഒരു കുടിലും മാത്രമായിരുന്നു ഞങ്ങളുടെ ആസ്‌തി. ഏഴാം ക്ലാസ്സ്  വരെ പഠിച്ചിരുന്ന അമ്മ ജോലിക്കൊന്നും പോയിരുന്നില്ല. കുട്ടികളെ നോക്കലും പത്തു സെന്റിലെ കൃഷിയും ആയി അമ്മ അങ്ങനെ കൂടും. ബാല്യകാലത്ത് ഉല്ലാസ യാത്ര എന്റെ നിഘണ്ടുവിൽ എഴുതപ്പെട്ടിരുന്നില്ല.

പഠനത്തിൽ തീർത്തും താല്പര്യമില്ലാത്ത ഞാനും മക്കൾ പഠിക്കണമെന്ന് വാശിയുള്ള അമ്മയും തമ്മിൽ വീട്ടിൽ ചേരുമായിരുന്നില്ല. എപ്പോഴും അമ്മക്ക് പറയാനുള്ളത്  പഠിത്തത്തെ കുറിച്ച്  മാത്രം. ഇഷ്ടമില്ലാത്തത് കേൾക്കുമ്പോൾ ഞാൻ നിരാശനാകും! അങ്ങനെ ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരു യാത്രയെ ക്കുറിച്ച് സ്വയം സ്വപ്നം കണ്ടു.അന്നൊക്ക  തൃശ്ശൂർ  ജില്ലയിൽ വേനലവധിക്ക് ചില യാത്രാവിശേഷങ്ങൾ പ്രചരിക്കുക പതിവായിരുന്നു. മറ്റൊന്നുമായിരുന്നില്ല “പുറപ്പെട്ടുപോക്ക്”  എന്നറിയപ്പെട്ടിരുന്ന വീടുവിട്ട്  പോകലായിരുന്നു അന്നൊക്കെ പതിവായി സ്‌കൂൾ പൂട്ടിന് കേട്ടിരുന്ന  യാത്രാക്കഥകൾ .ഒമ്പതാം ക്‌ളാസ് കഴിഞ്ഞാൽ പത്ത് പാസ് ആവുക എന്നത് ബാലികേറാമല ആയിരുന്നു എനിക്ക്. അങ്ങനെ ഒരു യാത്രാമോഹം വന്നതിന് പിന്നിൽ കൊടിയ ദാരിദ്ര്യം മാത്രമായിരുന്നില്ല പത്താം ക്‌ളാസ് എന്ന കടമ്പയും കാരണമായി.

മാർച്ച് മാസത്തിലെ പതിനൊന്നാം തീയ്യതി  ബോംബെയിലേക്ക്  പോവുക എന്ന്  ഞാൻ തീരുമാനമെടുത്തിരുന്നു. അന്നാണ് ഈ നശിച്ച ഭൂമിയിൽ ഞാൻ പിറന്ന്  വീണത്. പലവക വഴികളിൽ കൂടി യാത്രക്കായി സമാഹരിച്ചത് ആകെ പത്തു രൂപ.  വേറെ ഒന്നും കയ്യിലില്ല. പതിന്നാല് കാരന്  വേറൊന്നും വേണ്ടിയതായി തോന്നിയതും ഇല്ല. വീടിന്റെ മൂലയിൽ തഴയപ്പെട്ടു കിടന്നിരുന്ന ഒരു കീറിയ സഞ്ചിയിൽ ആകെ ഉണ്ടായിരുന്ന രണ്ട്  ജോഡി നിക്കറും ഷർട്ടും ആരും കാണാതെ എടുത്ത്  വച്ചു. അന്ന് രാത്രി പതിവിന് വിപരീതമായി മഴ പെയ്തത് ഓർക്കുന്നു. എന്റെ യാത്രക്ക് തടസ്സമാകാതെ അച്ഛനമ്മമാരെ ഉറക്കാൻ പ്രകൃതി ആ വേനലിൽ ഒരു തണുത്ത രാത്രി നൽകി എന്റെ  യാത്രയെ അനുഗ്രഹിച്ചു. വള്ളോൻചിറ എന്ന കുഗ്രാമമാണ്  എന്റെ നാട്. ആകെ ഒരു ബസ് മാത്രമേ ആ നാട്ടിലൂടെ ഓടിയിരുന്നുള്ളൂ. ആ ഗ്രാമം വിട്ടൊരു   യാത്ര എനിക്ക് ആദ്യത്തേതും ആയിരുന്നു. രാവിലെ അഞ്ചരക്ക് ആദ്യ ബസിൽ ഞാൻ കയറി. അത് തൃശൂർക്ക് പോകുന്നതാണ്. തൃശൂരിൽ നിന്നും തീവണ്ടി കേറണം.തൃശൂരിൽ ഇറങ്ങിയ ഉടനെ അടുത്ത് കണ്ട ചായക്കടയിൽ കയറി ആകെ ഉണ്ടായിരുന്ന പത്ത് രൂപക്ക് ഉണ്ടൻ പൊരി വാങ്ങി ബാഗിലാക്കി. ബോംബേ വരെ എത്തേണ്ടതല്ലേ!!

ചോദിച്ചും മനസ്സിലാക്കിയും സൂത്രത്തിൽ തീവണ്ടിയിൽ കയറി പറ്റി. മദ്രാസ് വരെ ഒരു കുഴപ്പവും സംഭവിച്ചില്ല. ബോംബെക്കുള്ള തീവണ്ടിയിൽ മാറിക്കേറി. ഹൈദരാബാദിൽ എത്തിയപ്പോൾ വേഷം മാറി വന്ന ടി.ടി.ആർ എന്നെ പൊക്കി.അന്നൊക്കെ ഇന്നത്തെ പ്പോലെ ടെലഫോണും മറ്റുമില്ലല്ലോ..അറിയിക്കാനും പിടിപ്പിക്കാനും . ടി.ടി എന്നെ റെയിൽവേ  പൊലീസിന് കൈമാറി.എനിക്ക് മലയാളം അല്ലാതെ ഒരു ഭാഷയും അറിയില്ലല്ലോ !
അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന  ഒരു മലയാളി നായർ എന്നെ ശ്രദ്ധിച്ചു , എന്റെ  മുഷിഞ്ഞ വേഷവും പ്രായവും ആയിരിക്കാം  അയാളിൽ എന്നോട് ഒരനുകമ്പ തോന്നിച്ചത്. ആ നല്ല മനുഷ്യൻ എന്നെ അവിടുന്ന് അദ്ദേഹത്തിന്റെ   ഭവനത്തിലേക്ക്  കൂട്ടി കൊണ്ടുപോയി. എന്നോട് കുളിക്കാൻ പറഞ്ഞു സോപ്പും തോർത്തും നൽകി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് കഞ്ഞിയും ചമ്മന്തിയും മീൻ പൊരിച്ചതും നൽകി, എന്റെ ജീവിതത്തിൽ അതിന് മുൻപും ഇന്നേക്ക് വരെയും അത്രക്ക് രുചികരമായ ഒരു ഭക്ഷണം  ഞാൻ കഴിച്ചിട്ടില്ല. വീട് വിട്ടതിന് മൂന്നാം ദിവസമായിരുന്നു അത്. കഠിനമായ വിശപ്പിന് അതീവ സ്വാദിഷ്ടമായ ഭോജനമാണ് ആ അമ്മ നൽകിയത് .
അന്ന്  ആ നായർ സാർ എന്നോട് നാലേ നാല് വാചകങ്ങൾ മാത്രമേ പറഞ്ഞുള്ളൂ…ഇന്നും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന വാചകങ്ങൾ.

മോനേ … ജീവിതം  തോറ്റോടുവാനുള്ളതല്ല പൊരുതുവാനുള്ളതാണ് പൊരുതുന്നവന് വിജയം സുനിശ്ചിതം. സ്‌കൂളിൽ പോകണം ,പഠിക്കണം  വിദ്യാഭ്യാസം  അസമത്വത്തിൽ  നിന്ന് മോചനവും സ്വന്തം കാലിൽ നിൽക്കുവാനും സഹായിക്കും. നിന്നെ സ്നേഹിക്കുന്ന, പ്രതീക്ഷയോടെ ഇരിക്കുന്ന നിന്റെ മാതാപിതാക്കളെ ഓർക്കുക. നാലാമതായി നീ തിരികെ വീട്ടിലേക്ക് തന്നെ പോകണം…..

പിറ്റേ ദിവസം അനുസരണയുള്ള കുട്ടിയായി ഞാൻ അദ്ദേഹത്തെ അനുഗമിച്ചു.. ..റെയിൽവേ  സ്റ്റേഷനിൽ എന്നെ  എത്തിച്ച് തൃശൂരിലേക്കുള്ള  ടിക്കറ്റും എടുത്ത് തന്നു. അവരുടെ ഭാര്യ കെട്ടി തന്ന പൊതിച്ചോറ്  സഞ്ചിയിൽ വച്ച് തന്നത്  കൂടാതെ പന്ത്രണ്ട് രൂപയും എന്റെ പോക്കറ്റിൽ ഇട്ടു എന്നെ സ്നേഹപൂർവ്വം തലോടി…എന്നിട്ട് പറഞ്ഞു ഒരു ഉല്ലാസയാത്ര ആയിരുന്നുവെന്ന് കരുതിയാൽ മതി. അതെ 40 വർഷങ്ങൾക്ക്  ശേഷവും  മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന ഒരു  ഉല്ലാസയാത്ര..

ഓം ശാന്തി ശാന്തി ശാന്തി-സെലിൻ പരണികുളങ്ങര

അപ്പന് സുഖമില്ല എന്നും, എന്നെ കാണാൻ വല്ലാത്ത ആഗ്രഹമുണ്ടെന്നും, പറഞ്ഞു ടെലിഫോൺ വന്നപ്പോൾ, ഒന്നുമാലോചിക്കാതെ പെട്ടെന്ന് പുറപ്പെടുകയായിരുന്നു. എയർപോർട്ടിലേക്ക് പോവാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ 25 മിനിറ്റ് ലൈറ്റ് ആണെന്ന് എഴുതിയിരിക്കുന്നത് കണ്ടു അതിശയിച്ചു പോയി.  ഇവിടെ ഇങ്ങനെ ഇത്രയും ലൈറ്റ് ആകുന്ന പതിവില്ലല്ലോ എന്നു ഞാൻ ഓർകുകയും ചെയ്തു. ഇത് ഒരു ശുഭലക്ഷണം അല്ലല്ലോ എന്ന് മനസ്സ് പറഞ്ഞു. ട്രെയിനിൽ കയറിയപ്പോൾ തന്നെ ചിന്തകൾ കാടുകയറാൻ തുടങ്ങി. ചെറുപ്പം മുതൽ ഇന്നുവരെയുള്ള ജീവിതത്തിലെ നല്ല ദിനങ്ങൾ മനസ്സിൻറെ സ്ക്രീനിൽ സിനിമയിലെന്നപോലെ മാറിക്കൊണ്ടിരുന്നു.  അപ്പോഴാണ് കാവി വസ്ത്രവും രുദ്രാക്ഷമാലയും ധരിച്ച് പ്രസന്നവദനനായി ഒരു സന്യാസി എൻറെ മുൻസീറ്റിൽ വന്നിരുന്നത്. എന്നെ കണ്ടപ്പോൾ വളരെ സന്തോഷത്തോടെ ഇന്ത്യക്കാരിയാണ് അല്ലേ , ഇവിടെ എന്തു ചെയ്യുന്നു എന്നൊക്കെ കുശലം ചോദിച്ചു . ഞാൻ യൂറോപ്പിൽ ഒരു പര്യടനം നടത്തുകയാണ് എൻറെ പേര് യോഗാനന്ദ സ്വാമികൾ , പൂരി ശങ്കരാചാര്യ മഠത്തിലെ സന്യാസിയാണ്. അപ്പന് സുഖമില്ലാത്തതിനാൽ നാട്ടിൽ പോകുകയാണ് അല്ലെ എന്നു അദ്ദേഹം ചോദിച്ചു.  ഈ കേട്ടത് ശരിയാണോ അതോ എനിക്ക് തോന്നിയതാണോ എന്നറിയാതെ പകച്ചിരുന്നു. അപ്പോൾ ഇതാ വീണ്ടും അദ്ദേഹം പറഞ്ഞു,  കുട്ടി വിഷമിക്കരുത് അപ്പൻ അരമണിക്കൂർ മുമ്പ് മരിച്ചുപോയി,  കുട്ടിയെ കാണണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നു,  ദൈവം അതിനു സമ്മതിച്ചില്ല  മരണം ഇങ്ങനെയാണ് എപ്പോൾ വരുമെന്ന് അറിയില്ലല്ലോ, അതുകൊണ്ട് ഒരുങ്ങിയിരിക്കണം.

എൻറെ സകല നാഡികളും തളർന്നു ഒന്നും പറയാതെ അദ്ദേഹത്തെ തന്നെ നോക്കിയിരുന്നു. അദ്ദേഹം തുടർന്നു, അപ്പനെ എനിക്ക് കാണാം അദ്ദേഹം ഇതാ എൻറെ തൊട്ടടുത്തുണ്ട്, കുട്ടിയെ അപ്പനും കാണാം, അദ്ദേഹം പറയുന്നു. സന്തോഷത്തോടെയാണ് അപ്പൻ പരലോകം പൂകിയത് എന്ന് ഈ ലോകത്തിലെ എല്ലാ ബാധ്യതകളും തീർന്നു നിങ്ങളെല്ലാവരുംനല്ലനിലയിൽകഴിയുന്നത് കാണാൻ എനിക്ക് സാധിച്ചു. നിങ്ങളാരും വിഷമിക്കരുത്  ഇനി വീട്ടിലെ കാര്യങ്ങൾ മുഴുവൻ ഞാൻ നിന്നെ ഏൽപിക്കുകയാണ്  നീയാണ് അതിന് ഏറ്റവും കഴിവുള്ള ആൾ അതുകൊണ്ട്  ഇത് നിന്നോട് നേരിട്ട് പറയണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ അതിന് ദൈവം അനുവദിച്ചില്ല. എനിക്കറിയാം നമ്മുടെ കുടുംബം നിന്റെ കയ്യിൽ സുരക്ഷിതമാണെന്ന് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

ഗുരുജി തുടർന്നു കുട്ടിയുടെ ജീവിതം ഒന്നുകൂടി ശരിയാക്കാൻ ഉണ്ട് ഇനിയുള്ള കാലം സ്പിരിച്വാലിറ്റി ജീവിതത്തിൽ കൊണ്ടുവരാൻ നോക്കണം. ദൈവത്തെ അന്വേഷിച്ച് പുറത്തു പോകേണ്ടതില്ല എന്ന് കുട്ടിക്ക് അറിയാം.  ദൈവം എല്ലാവരുടെയും ഉള്ളിൽ തന്നെ ഉണ്ട്.  കഴിഞ്ഞ ജന്മത്തിൽ കുട്ടി ഒരു സന്യാസിനി ആയിരുന്നു.  കുട്ടി ഒരു ഗുരുവിനെ അടുത്തുതന്നെ കണ്ടുമുട്ടും ബാക്കി എല്ലാം അദ്ദേഹം നോക്കിക്കൊള്ളും .മനസും ശരീരവും ആത്മാവും ഒന്നാകണം,  മനസ്സിനെ ശുദ്ധീകരിക്കണം .നെഗറ്റീവ് ആയിട്ടുള്ള ചിന്തകളെ സ്വീകരിക്കാതിരിക്കുക,നന്മ മാത്രം ചിന്തിക്കുക, മറ്റുള്ളവർക്കും നന്മ ചെയ്യുക, എല്ലാവരെയും സ്നേഹിക്കുക ,എന്തെന്നാൽ എല്ലാവരിലും ദൈവം വസിക്കുന്നു . നിങ്ങളുടെ ശരീരം ദൈവത്തിൻറെ ആലയമാണ് ,നിങ്ങൾ ആരും അത് അറിയുന്നില്ല.  മനസാ വാചാ കർമ്മണ ആരെയും ദ്രോഹിക്കരുത്.  ഇത്രയേ ജീവിതത്തിൽ ചെയ്യാനുള്ളൂ ഇത്രയുമായാൽ മുക്തി അല്ലെങ്കിൽ മോക്ഷം കിട്ടും. കഴിഞ്ഞ ജന്മത്തിൽ അതിനു സാധിച്ചില്ല , ഈ ജന്മത്തിൽ ഗുരുവിൻറെ അനുഗ്രഹത്താൽ  അതിന് സാധ്യത കാണുന്നുണ്ട് .

എൻറെ തലയിൽ തൊട്ട് അദ്ദേഹം എന്നെ അനുഗ്രഹിച്ചു ഓം ശാന്തി ശാന്തി  എന്നു പറഞ്ഞു,  എനിക്ക് ഇവിടെ ഇറങ്ങണം എന്ന് പറഞ്ഞു അദ്ദേഹം ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയി . എനിക്ക് ഒത്തിരി കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല .എന്റെ തോളിൽ ആരോ തട്ടുന്നതായി അനുഭവപ്പെട്ടു, ടിക്കറ്റ് പ്ലീസ് എന്നുപറഞ്ഞ് കൺട്രോളർ മുന്നിൽ നിൽക്കുന്നു . എനിക്ക് ഒന്നും മനസ്സിലായില്ല ഞാൻ ഉറങ്ങുകയായിരുന്നോ,  അല്ലല്ലോ ആ സന്യാസി എന്റെ മുന്നിൽ വന്നിരുന്നത് ഞാൻ നന്നായിഓർക്കുന്നു. ഞാൻ ആ സന്യാസി പോയ വഴിയെ നോക്കി അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് കൈ പൊക്കി ബൈ ബൈ പറഞ്ഞു. മനസ്സും ശരീരവും കോരിത്തരിച്ചു. എന്തോ ഒരു ആശ്വാസം മനസ്സിൽ വന്നു നിറഞ്ഞു .

കൊച്ചി എയർപോർട്ടിൽഎന്നെ കൊണ്ടുപോകാൻ എൻറെ ആങ്ങള എത്തിയിരുന്നു അവൻറെ മുഖം കണ്ടപ്പോൾ എനിക്ക് അപ്പൻ മരിച്ചെന്ന് മനസ്സിലായി ഞാനവനോട് അപ്പൻ പോയി അല്ലേ എന്നുംമരിച്ചസമയവുംപറഞ്ഞു . അതുകേട്ടപ്പോ അവൻ അൽഭുതപ്പെട്ടു ചേച്ചി ഇതെങ്ങനെ അറിഞ്ഞു ഇതൊരു വലിയ കഥയാണ് ഞാനത് പിന്നീട് പറയാം എന്ന് പറഞ്ഞ് കാറിൽ കയറി വീട്ടിലേക്ക് യാത്രതിരിച്ചു. വീട്ടിലേക്കുള്ള യാത്രയിൽ എന്റെ മനസ്സിന് എവിടെനിന്നോ ഒരു ശക്തി അനുഭവപ്പെടുന്നതായി തോന്നി.  ദുഖ ഭാരം കുറയുന്നത് പോലെ ഒരു തോന്നൽ. അപ്പന്റെ ആത്മാവ് ഒരു കുളിർ കാറ്റായി എന്നെ പതുക്കെ തഴുകിക്കൊണ്ടിരുന്നു. ആ സന്യാസിയുടെ മുഖം വീണ്ടും മനസ്സിൽ തെളിഞ്ഞുവന്നു.

ഈശ്വരന്റെ കൈയ്യൊപ്പു പതിഞ്ഞ യാത്രകൾ-അഗസ്റ്റിൻ കരിയാപ്പുറം

ശ്രീ സന്തോഷ് കാര്യപ്പുറത്തിനുവേണ്ടി ശ്രീ ജെയിംസ് തെക്കേമുറി ഉപഹാരം സ്വീകരിക്കുന്നു

ഒരിക്കൽ ഒരു വലിയ കയറ്റത്തിൽ വെച്ച്‌ ഞാൻ സഞ്ചരിച്ചിരുന്ന കാർ അഗാധമായ ഒരു കൊക്കയിലേക്ക്‌ മറിഞ്ഞു. സമയം പാതിരാത്രി കഴിഞ്ഞിരുന്നു. സമീപ പ്രദേശമെല്ലാം വിജനമാണു. മണിക്കൂറുകൾക്ക്‌ ശേഷം പോലീസ്‌ ആണു ആശുപത്രിയിൽ എന്നെ എത്തിച്ചതെന്ന് ബോധം തെളിഞ്ഞപ്പോൾ ഞാനറിഞ്ഞു.  എങ്ങനെ പോലീസ്‌ അറിഞ്ഞു എന്നതായിരുന്നു എനിക്കാകാംക്ഷ. ഒരു തമിഴ്‌ ലോറി ഡ്രെവർ ആണു ഈ അപകട വിവരം പോലീസിനെ അറിയിച്ചത്‌. ഞാൻ അന്ന് സഞ്ചരിച്ചിരുന്ന കാറിന്റെ മുന്നിലോ പിന്നിലോ ഒരു വാഹനവും ഉണ്ടായിരുന്നില്ല എന്ന് വ്യക്തം.  എന്നാൽ വിദൂരതയിൽ എവിടെ നിന്നോ അപകടം കാണാനും അത്‌ എത്‌ സ്ഥലത്ത്‌ എന്ന് തിരിച്ചറിഞ്ഞ്‌ പോലീസിനെ ഈ വിവരം അറിയിക്കാനും ഒരു തമിഴ്‌ ഡ്രെവറെ ചുമതലപ്പെടുത്തിയത്‌ ദൈവമാണെന്ന് ഞാൻ കരുതുന്നു. അങ്ങനെയല്ലായിരുന്നുവെങ്കിൽ ഈ ഞാൻ ഇന്ന് കാണുമായിരുന്നില്ല.

അതുപോലെതന്നെ എതാനും വർഷങ്ങൾക്ക് മുൻപ് ഞാനും എന്റെ ഒരു സുഹൃത്തും കൂടി ചങ്ങനാശ്ശേരിയിൽ നിന്നും നെടുമുടി വഴി ആലപ്പുഴയ്ക്ക് വരികയായിരുന്നു രാത്രിയിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന കാറിന്റെ മുൻപിൽ ഒരു ലോറി ചീറി പായുന്നുണ്ട്‌ . ഹെഡ്ലൈറ്റ്‌ നല്ലതുപോലെ മിന്നിച്ചാണതിന്റെ യാത്ര പലപ്പോഴും എതിരെ വരുന്ന വാഹനങ്ങൾക്ക്‌ അപകടകരമാണു കണ്ണിൽ കുത്തുന്ന ഈ വെളിച്ചം.  ലോറി പോലുള്ള വാഹനങ്ങളിലെ ശക്തമായ ഈ പ്രകാശം കൊച്ചുവാഹനങ്ങളിലെ യാത്രക്കാരെ അന്ധരാക്കും.  അതുതന്നെ ഇവിടെയും സംഭവിച്ചു ലോറി ഒരു പാലത്തിന്റെ കയറ്റം കയറി ഇറക്കത്തിലെത്തുബോൾ എതിരെ കയറ്റം കയറി തുടങ്ങിയ ഒരു കാർ ഈ വെളിച്ചത്തിൽ അന്ധാളിച്ച്  തെന്നി മാറി .  പാലത്തിന്റെ സൈഡിൽ പിടിപ്പിച്ചിരുന്ന കൈവരിയുടെ കമ്പിയിൽ ചെന്നിടിച്ചു. നീണ്ടുനിന്ന ഈ പൈപ്പ്‌ കാറിന്റെ മുൻ വശത്തെ ചില്ലും തുളച്ച് പുറകിലെ സീറ്റും തുളച്ച്. കാർ ഒരു കമ്പിയിൽ തുങ്ങി. പുറത്തേക്ക്‌ വളഞ്ഞ പൈപ്പിൽ തൂങ്ങിക്കിടക്കുന്ന കാർ.  ഭീകരമായിരുന്നു ആ കാഴ്ച. ഒരു ചെറിയ ചലനമുണ്ടായാൽ കാർ താഴെ പുഴയിൽ പതിക്കും.

ഇങ്ങനെ ഒരു അപകടം സംഭവിച്ചത് അറിഞ്ഞോ അറിയാതെയോ ലോറി അതേ സ്പീഡിൽ പാഞ്ഞു പോയി .   ലോറിക്ക്‌ തൊട്ടുപിന്നാലെ ഉണ്ടായിരുന്ന ഞാൻ കാർ നിറുത്തി.  തൂങ്ങികിടക്കുന്ന കാറിനടുത്തു ചെല്ലുബോൾ ഡ്രൈവു ചെയ്യുന്ന ആളെ കൂടാതെ ഒരു സ്ത്രീയും മൂന്ന് കുട്ടികളും ഉണ്ട്‌ കാറിൽ. അവർ കരഞ്ഞ്‌ നിലവിളിക്കുന്നു. ഒരു നിമിഷം ആ കമ്പി ഒന്ന് വളഞ്ഞാൽ , ഒടിഞ്ഞാൽ കാർ താഴെ പുഴയിൽ വന്നു പതിക്കും.  എന്ത്‌ ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ച്‌ നിന്നുപോയി.  പിന്നെ സഹായിക്കണം എന്നപേക്ഷിച്ചുകൊണ്ട്‌ വഴിയേ വന്ന വാഹനങ്ങൾ ഞാൻ തടഞ്ഞു നിർത്തി.  അവരെല്ലാവരും ഇറങ്ങിവന്നു ഞങ്ങൾ എല്ലാവരും കൂടി ഒരേ മനസ്സോടെ താങ്ങി ആ കാർ കമ്പിയിൽ നിന്നും വഴുതി പോകാതെ നിരത്തിൽ വച്ചു.  പിന്നീട്‌ കാറിന്റെ ഡോർ തുറന്ന് ആ കുടുംബനാഥൻ ഇറങ്ങിവന്ന് എന്റെ തോളിലേക്ക്‌ ഒരു നിലവിളിയോടെ വീണു. ദൈവത്തോടുള്ള മുഴുവൻ നന്ദിയും അയാളുടെ പ്രവർത്തിയിൽ ഉണ്ടായിരുന്ന

വന്യതയിലൂടെ ഒരു കൊടൈക്കനാൽ യാത്ര – ബാബു വേതാനി.

(30 ലേറെ വർഷങ്ങൾക്കു മുൻപ് കൂട്ടുകാരുമൊത്തു ഞാൻ നടത്തിയ ഒരു സാഹസിക യാത്രയുടെ വിവരണം ആണ് ചുവടെ. മൂന്നു ഖണ്ഡികയിൽ കൂടരുത് എന്ന മത്സരനിയമം എഴുത്തിനു ശേഷം മാത്രമാണ് ശ്രദ്ധയിൽപ്പെട്ടതെന്നതിനാൽ അപ്ലം ദീർഘിച്ചുപോയി).

ഓരോയാത്രകളും ഓരോ പാഠങ്ങൾ ആണ്. കാണാത്ത കാഴ്ചകൾ കാണാനും അറിയാത്തവരെ അറിയാനും, കഴിക്കാത്ത ഭക്ഷണങ്ങളുടെ രുചിഭേദങ്ങൾ നുണയാനുമുള്ള, അവസരങ്ങളാണ് ഓരോ യാത്രകളും. എഴുപതുകളിൽ നാട്ടിൻ പുറത്തുള്ള ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയുടെ യാത്രാസ്വപ്നങ്ങളിലൊന്നും ഇടംപിടിക്കാതെപോയ, ഊട്ടിയും,കൊടൈക്കനാലും, മൂന്നാറുമൊക്കെ കൺനിറയെ കണ്ടുതീർക്കുക എന്ന ആഗ്രഹ സഫലീകരണധ്വരകൂടിയായിരുന്നു പിൽക്കാലത്ത് യാത്രകളോട് തോന്നിയിട്ടുള്ള അഭിനിവേശത്തിനുപിന്നിൽ.

ഇത്തരം ഒരു യാത്രയുടെ ഓർമ്മകൾ മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷവും മനസ്സ് പ്രഷുബ്ധമാക്കുകയും അതോടൊപ്പം തന്നെ ഉന്മത്തഭരിതമാക്കുകയും ചെയ്യുന്നു എന്നതുകൊണ്ടുതന്നെ ആ യാത്രയെക്കുറിച്ചു നിങ്ങളെക്കൂടി അറിയിക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണീ കുറിപ്പുകൾ.

സാഹസികതകൾ ഒരു ഹരമായി കണ്ടിരുന്ന യവ്വനത്തിന്റെ പ്രസരിപ്പും, നിശ്ചയധാർഷ്ട്യവും ആയിരുന്നു ആ യാത്രയുടെ പ്രേരകഘടകം.പിൽക്കാലത്തു പല യാത്രകളിലും നേരിട്ട പ്രതിബന്ധങ്ങളെ അതിജീവിക്കാൻ ഈ യാത്രയിൽ നിന്ന് ഉൾക്കൊണ്ട ഊർജം ചെറുതായൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

1985 . ഞാൻ KSRTC യിൽ കണ്ടക്ടർ തസ്തികയിൽ മൂവാറ്റുപുഴ ഡിപ്പോയിൽ ജോലിനോക്കുന്ന കാലം. മാർച്ചുമാസത്തിലെ ഒരു വാരാന്ത്യത്തിൽ രണ്ടു ഡബിൾ ഡ്യൂട്ടികൾക്കുശേഷം കൂത്താട്ടുകുളം സ്റ്റാൻഡിൽ ബസ്സിറങ്ങുമ്പോൾ സുഹൃത്തുക്കളായ സന്തോഷും റോബർട്ടും കാത്തുനിന്നിരുന്നു.ബീയറിന്റെ തണുപ്പിൽ ഒരു ഒത്തുചേരലിനായാണ് അവർ അവിടെ കാത്തു നിന്നിരുന്നത്. അപ്പന്റെ പലചരക്കുകടയിലെ പണിയിൽനിന്നും മുങ്ങി റോബർട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സന്തോഷും മറ്റൊരു ആത്മസുഹൃത്ത് രാജുവുമായും ഞങ്ങൾ പലപ്പോഴും ഇത്തരം വൈകുന്നേരങ്ങളെ ആഘോഷരാവുകളാക്കി മാറ്റാറുള്ളതാണ്.

നിനക്കെത്രദിവസം അവധിയുണ്ട് ?സന്തോഷിന്റെ ആ ചോദ്യത്തിനു പിന്നിൽ എന്തോ ഉദ്ദേശമുണ്ട് എന്ന് തിരിച്ചറിഞ്ഞെങ്കിലും ഒന്നും ചോദിക്കാതെ ഞാൻ മറുപടി പറഞ്ഞു .ഒരാഴ്ചയോളമുണ്ട് …സ്റ്റാൻഡിൽ നിന്നും മൂവരും ഡയാന ടൂറിസ്റ്റ് ഹോം ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ കേരള കോൺഗ്രസിന്റെ നാട്ടിലെ സമുന്നത നേതാവായിരുന്ന കുട്ടിച്ചേട്ടന്റെ എണ്ണക്കടയിലേക്ക് പാളിനോക്കി.അപ്പനോടൊപ്പം പണപ്പെട്ടിക്കുമുന്പിൽ രാജുവിരിക്കുന്നുണ്ട്. കഥകളി മുദ്രകളിലൂടെ ഉദ്ദേശലക്ഷ്യം വ്യക്തമാക്കിയപ്പോൾ, എത്തിക്കോളാം എന്ന് ആംഗ്യരൂപേണ അറിയിച്ച് രാജു പണപ്പെട്ടിയിലേക്കു ശ്രദ്ധ തിരിച്ചു.

എല്ലാ സായംകാലങ്ങളിലെപ്പോലെതന്നെ അന്നും ഡയാനയിലെ ബാർറൂം കുടിയന്മാരെക്കൊണ്ട് നിറഞ്ഞിരുന്നു.കാരണവന്മാരുടെയും പരിചയക്കാരുടെയും കണ്ണുവെട്ടിച്ചു സ്ഥിരം ലാവണമായ ഒന്നാം നിലയിലെ നൂറ്റിഎഴാം നമ്പർ മുറിയിലെ അരണ്ട വെളിച്ചത്തിൽ ഞങ്ങൾ ബീയർ സേവ തുടങ്ങി. ഓരോ ഗ്ലാസ് കാലിയാക്കിക്കഴിഞ്ഞപ്പോഴേക്കും രാജുവെത്തി.ബീഫ് ഡ്രൈഫ്രയ്യുടെ അകമ്പടിയോടെ ഞങ്ങൾ ബീയർ കുപ്പികൾ കാലിയാക്കിക്കൊണ്ടിരുന്നു.അന്നത്തെ പ്രമുഖ ബ്രാൻഡ് ആയിരുന്ന അല്പം കടുപ്പം കൂടുതലുള്ള കല്യാണി ബിയറിന്റെ ലഹരിയിൽ ഞങ്ങളുടെ വെടിവട്ടം തുടർന്നുകൊണ്ടിരുന്നു.

രാജു ഒരു വലിയ പാട്ടുപ്രേമി ആയിരുന്നതുകൊണ്ടുതന്നെ എല്ലാ ഒത്തുചേരലുകളിലുംഒരു കൂട്ടപ്പാട്ട്‌ ഒഴിച്ചുകൂടാനാവാത്ത ഘടകം ആയിരുന്നു.പാട്ടു പതിയേപ്പതിയെ മന്ദതാളത്തിലെത്തിയപ്പോൾ സന്തോഷിന്റെ ചോദ്യം.നമുക്കൊരു ടൂർ പോയാലോ ?പോസ്റ്റ് ഗ്രാഡുവേഷന് ശേഷം, ഒരു കോളേജ് ലക്‌ചറർ ആകുക എന്ന തന്റെ സ്വപ്ന സാഷാത്കാരത്തിനായുള്ള ഓട്ടത്തിൽ ക്ഷീണിതനായിരുന്ന രാജുവിന്റെ മറുപടി പെട്ടെന്നായിരുന്നു.പിന്നെന്താ..പരിചയക്കാരിലൊരാൾ കഴിഞ്ഞ മാസത്തിലെങ്ങോ മൂന്നാറിൽനിന്നും ടോപ്സ്റ്റേഷൻ വഴി കൊടൈക്കനാലിലേക്ക്‌ നടത്തിയ ഒരു സാഹസിക യാത്രയെക്കുറിച്ചു റോബർട്ട് വിശദീകരിച്ചു. എല്ലാവരും അവന്റെ യാത്രാവിവരണത്തിൽ ആവേശഭരിതരായി, അതേയാത്ര തന്നെ നമുക്കും നടത്താമെന്നു കൂട്ടായ തീരുമാനമെടുത്തു.

ഏതുയാത്രയിലും ഞങ്ങളോടൊപ്പം ചാടിപ്പുറപ്പെടാറുള്ള മറ്റൊരു സുഹൃത്തും ഷാ വാലാസ് മദ്യക്കമ്പനിയിലെ ജോലിക്കാരനുമായ കുര്യാക്കോസിനെക്കൂടി ഒപ്പം കൂട്ടാം എന്ന് തീരുമാനിച്ചു.സണ്ണിയെക്കൂടി കൂട്ടിയാലോ?രാജുവായിരുന്നു ആ നിർദ്ദേശം മുന്നോട്ടുവച്ചത്‌വലിയ ചങ്ങാത്തമൊന്നും അവനുമായി ഞങ്ങൾക്കില്ലായിരുന്നുവെങ്കിലും കൈയിൽ നിറയെ കാശും സ്വന്തമായി ഒരു അമ്പാസിഡർ കാറുമുണ്ടായിരുന്ന സണ്ണി ഞങ്ങൾക്കെല്ലാം സുപരിചിതനായിരുന്നു.എല്ലാവരും ആ നിർദ്ദേശത്തെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. രാജുവിനോടൊപ്പം കൂട്ടത്തിൽ നാലുചക്രം കൈവശമുള്ള സണ്ണിയും കൂടി എത്തുന്നതിന്റെ ഗൂഢമായ ഒരു സന്തോഷം കൂടി ഞങ്ങൾക്കുണ്ടായിരുന്നു.ജീപ്പിൽ മാത്രമേ ഇങ്ങനെയൊരു യാത്ര സാധ്യമാകൂ എന്ന തിരിച്ചറിവിൽ, സന്തോഷിന്റെ സുഹൃത്തായ ഏലീയാസിന്റെ ജീപ്പ് ഏർപ്പാടാക്കാൻ സന്തോഷിനെത്തന്നെ ഭരമേല്പിച്ചു.

ചൊവ്വാഴ്ച അതിരാവിലെ തന്നെ യാത്ര പുറപ്പെടണം എന്ന തീരുമാനത്തിലെത്തി ഞങ്ങൾ പിരിഞ്ഞു.തിങ്കളാഴ്‌ച വൈകുന്നേരം ആണ് അറിയുന്നത്, ഞങ്ങൾ ഏർപ്പാടാക്കിയിരുന്നു ജീപ്പ് യന്ത്രത്തകരാർ മൂലം വർക്ക് ഷോപ്പിൽ ആണ്. പകരം ഒരു വാഹനം കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സന്തോഷ് തന്നെ ഏറ്റെടുത്തു.ഒരുജോഡി ഡ്രെസ്സും, അത്യാവശ്യ യാത്ര സാമഗ്രികളുമടങ്ങുന്ന ഒരു ചെറിയ എയർ ബാഗുമായി ചൊവ്വാഴ്ച രാവിലെ 7 മണിക്ക് തന്നെ ഞാൻ നിർദ്ദേശിച്ചിരുന്ന സ്ഥലത്തെത്തി.വൈകാതെതന്നെ രാജുവും, റോബെർട്ടും,സന്തോഷും, കുര്യാക്കോസും എത്തിച്ചേർന്നു. കമ്പനിയിൽനിന്നും അടിച്ചുമാറ്റിയ 3 കുപ്പി ബ്രാണ്ടിയുമുണ്ടായിരുന്നു കുര്യാക്കോസിന്റെ ബാഗിൽ എന്ന അറിവ് ഞങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്.

15 മിനിട്ടുകഴിഞ്ഞുകാണും, മഞ്ഞക്കളറിൽ, സോപ്പുപെട്ടിക്കു വീല് പിടിപ്പിച്ചമാതിരി,ഒരു വാഹനം ഞങ്ങളുടെ മുൻപിൽ വന്നു നിന്നു. ജീപ്പ് ലഭ്യമല്ലാതിരുന്നതിനാൽ എലിയാസ് തന്നെ മറ്റൊരു വാഹനവുമായി എത്തുകയായിരുന്നു. ജീപ്പിനു ഒരു എതിരാളി എന്ന നിലയിൽ, ഹിന്ദുസ്ഥാൻ കമ്പനി അഭിമാനപൂർവം പുറത്തിറക്കിയ, ഇന്നത്തെ SUV യുടെ ഒരു പ്രാകൃത രൂപമായ ഹിന്ദുസ്ഥാൻ ട്രെക്കെർ ആയിരുന്നു ആ വാഹനം.കോട്ടയത്തെ അയ്യപ്പാസിന്റെ പരസ്യം പോലെ, അകത്തു വിശാലമായ സൗകര്യം ആയിരുന്നുവെങ്കിലും, അമ്പാസിഡറിന്റെ തന്നെ ഡീസൽ എൻജിൻ കയറ്റിയ ഒരു കെട്ടുവള്ളമായിരുന്നു ആ വാഹനം.ഒരു ചന്തവുമില്ലാത്ത അതിന്റെ രൂപത്തിനിന്റെ പേരിൽ വാഹനപ്രേമികളുടെ ഒത്തിരി പഴികേട്ട ഒരു ശകടമായിരുന്നു ഹിന്ദുസ്ഥാൻ ട്രെക്കെർ.

ഇതുകൊണ്ടാണോനമ്മൾ മലകയറാൻ പോകുന്നത്…… ഞാനില്ല…രാജു തീർത്തു പറഞ്ഞു.വീട്ടിൽ സ്വന്തമായി കാറുണ്ടായിരുന്ന രാജുവിന് ആ വാഹനത്തിന്റെ പോരായ്മകളെക്കുറിച്ചു നല്ല അറിവുണ്ടായിരുന്നു.ഒരു യാത്ര പോകാനുള്ള ആവേശത്തിൽ വണ്ടിയുടെ പോരായ്മകളൊന്നും ഞങ്ങൾക്ക് അത്രവലിയ കുറവായി തോന്നിയില്ല. ഞങ്ങളുടെ നിർബന്ധത്തിനൊടുവിൽ രാജുവും വണ്ടിയിൽ കയറി.

വണ്ടിയിൽ ഡീസൽ നിറച്ചതിനുശേഷം രാവിലെ 7.30 നു തന്നെ ഞങ്ങൾ യാത്ര പുറപ്പെട്ടു.യാത്രക്കു വേണ്ട പണം ഒരാൾ തന്നെ ചിലവഴിക്കാമെന്നും, യാത്രാവസാനം തുല്യമായി വീതിച്ചെടുക്കാം എന്നുമായിരുന്നു തീരുമാനം .മൂവാറ്റുപുഴക്കുള്ള മാർഗ്ഗമധ്യേ മീങ്കുന്നത്തുനിന്നു സണ്ണി കയറി.കയറിയപാടെ, ഇങ്ങനെയൊരു യാത്രക്ക് ഈ വണ്ടി അനുയോജ്യമല്ല എന്ന അവന്റെ അഭിപ്രായം പിറകിൽ ചർച്ചയായിക്കൊണ്ടിരുന്നുവെങ്കിലും, മുൻസീറ്റിലിരിക്കുന്ന ഞാനും രാജുവും ആ ചർച്ചയിൽ പങ്കാളികളായില്ല.മൂവാറ്റുപുഴയും,കോതമംഗലവും, നേര്യമംഗലവും കടന്നു വണ്ടി വനമേഖലയിലേക്കു പ്രവേശിച്ചു.ഇടതൂർന്ന വനത്തിന്റെ സുഖശീതളിമയിൽ ആർത്തുല്ലസിച്ചു ഞങ്ങൾ യാത്ര തുടർന്നു.

രാവിലെ ആരും ഒന്നും കഴിച്ചതല്ലല്ലോ ??? കാപ്പി കുടിക്കേണ്ടെ ??ഏലിയാസിന്റേതായിരുന്നു ആ ചോദ്യം.അപ്പോഴേക്കും വണ്ടി അടിമാലിയിൽ എത്തിയിരുന്നു.അവിടെ ഒരു റെസ്റ്റോറന്റിൽ കയറി, അപ്പവും ബീഫും അകത്താക്കുന്നതോടൊപ്പം, രഹസ്യമായി ആദ്യത്തെ കുപ്പിയുടെ അടപ്പുതുറന്നു, റോബെർട്ടും, കുര്യാക്കോസും, സന്തോഷും സുരപാനം ഉദ്‌ഘാടനം ചെയ്തു .അരുതാത്തതു മണത്ത വെയ്റ്ററുടെ രൂക്ഷമായ നോട്ടം ഒരു മനോഹരമായ പുഞ്ചിരിയോടൊപ്പം റോബർട്ട് എടുത്തു നീട്ടിയ 5 രൂപ നോട്ടിന്റെ പ്രഭയിൽ അലിഞ്ഞുപോയി.

ഞങ്ങൾ യാത്ര തുടർന്നു. വണ്ടി മൂന്നാറിനോടടുക്കുകയാണ്. സമയം 10 മണി കഴിഞ്ഞിരിക്കുന്നു.മൂന്നാർ അഴകൊത്ത ഒരു സുന്ദരി തന്നെ.പുലർച്ചെ കോടമഞ്ഞിൽ സൂര്യനുദിച്ചുയരുന്ന മൂന്നാർ, പച്ചപ്പരവതാനി വിരിച്ചപോലെയുള്ള തേയിലത്തോട്ടങ്ങൾ… മനസ്സിനെ മദിപ്പിക്കുന്നതാണീ കാഴ്ചകൾ.ചിന്നം പിന്നം മഴ പെയ്യുന്ന മഴക്കാലത്തും, പൂജ്യത്തിനോടടുത്തു മെർക്കുറിയെത്തുന്ന കോടമൂടിയ ശൈത്യ കാലത്തും,മൂന്നാറിന്റെ സൗന്ദര്യം അനുഭവിച്ചുതന്നെ അറിയേണ്ടതാണ്.ഈ സൗന്ദര്യംതന്നെയാണിപ്പോൾ മൂന്നാറിന് ശാപമായിരിക്കുന്നതും.വെറുതെയല്ല, അടിമാലിമുതൽ ബൈസൺവാലിവരെ റിസോർട്ടുകൾ ഉയർന്നുപൊങ്ങുന്നത്.

പിൽക്കാലത്തു മൂന്നാറിൽ പലതവണ പോയെങ്കിലും അന്ന് കണ്ട സൗന്ദര്യം മൂന്നാറിന് ഇന്നില്ല എന്ന് തോന്നിയിട്ടുണ്ട്.വൃത്തിഹീനമായ, ജനസാന്ദ്രമായ ഒരു ചെറുപട്ടണമായി മൂന്നാർ ഇന്ന് രൂപാന്തരപ്പെട്ടിരിക്കുന്നു .മൂന്നാറിൽ നിന്നും വീണ്ടും ഫുൾ ടാങ്ക് ഡീസൽ നിറച്ചു. ഞങ്ങളിൽ 4പേർ മുൻപ് രണ്ടുതവണ മൂന്നാർ സന്ദർശിച്ചിരുന്നതിനാലും, സമീപ സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കിയിട്ടുള്ളതിനാലും, അവിടെ വണ്ടി നിർത്തിയതേയില്ല.വണ്ടി മാട്ടുപ്പെട്ടി-ടോപ്സ്റ്റേഷൻ മാർഗ്ഗത്തിലേക്കുതിരിഞ്ഞു യാത്ര തുടർന്നു.

മൃദു ശൈത്യത്തിന്റെ സുഖസുഷുപ്തിയിൽ നിന്നുണർന്നു ഗ്രാമങ്ങൾ സജീവമായിത്തുടങ്ങുന്നതേയുള്ളു.തോട്ടം തൊഴിലാളികളെയും, ട്രാക്ടറുകളെയും വഴിയിലുടനീളം കാണുന്നുണ്ട്.വഴിയരികിൽ ഒരു തേയിലക്കമ്പനിയുടെ റീട്ടെയിൽ ഷോപ്പിനോടനുബന്ധിച്ചുള്ള ഒരു ചെറിയ ചായക്കടയുടെ മുൻപിൽ ഞങ്ങൾ വണ്ടി നിർത്തി.രണ്ടു മൂന്നു വിദേശ സഞ്ചാരികൾ അവിടെ പുറത്തിട്ടിരിക്കുന്ന ബെഞ്ചിലിരുന്നു ചായ കുടിക്കുന്നുണ്ട്.വളരെ ചെറിയ ഗ്ലാസിൽ,അന്ന് കുടിച്ച, കൊഴുത്തു, കടുപ്പമുള്ള ആ ചായയുടെ രുചി ഇന്നും നാവിലുണ്ട്.

കാഴ്ചകളിൽ സമൃദ്ധ ഹരിതം നിറക്കുന്ന, തേയിലത്തോട്ടങ്ങളിൽ, കോടമഞ്ഞിന്റെ നേർത്ത പാളികളെ ഭേദിച്ച് വരുന്ന സൂര്യകിരണങ്ങൾ സുവർണ്ണ ശോഭ പരാതിക്കൊണ്ടിരുന്നു.വഴിയരികിൽ പലയിടത്തും നല്ല നിറമുള്ള കാരറ്റുകൾ വിൽപ്പനക്ക് വെച്ചിരിക്കുന്നു.ഞങ്ങൾ മാട്ടുപ്പെട്ടിയോടു അടുത്തുകൊണ്ടിരിക്കുന്നു. മൂന്നാറിൽ നിന്നും ഏകദേശം 12 കിലോമീറ്റർ താണ്ടിയാൽ മാട്ടുപ്പെട്ടിയിലെത്താം.

1962 ൽ ഇന്ത്യ-സ്വിറ്റ്സർലൻഡ് സംയുക്ത സംരംഭമായി ആരംഭിച്ച ,” ഇൻഡോസ്വിസ്സ്‌ പ്രൊജക്റ്റ് ” എന്നറിയപ്പെട്ടിരുന്ന ഡയറി ഫാം ഇവിടെയാണ്. ഈ ഡയറി ഫാം പിന്നീട് പൂർണമായും കേരളസർക്കാരിനു കൈമാറുകയായിരുന്നു. കേരളത്തിൽ ധവളവിപ്ലവത്തിനു വഴിയൊരുക്കുന്നതിൽ ഈ സംരംഭം നിസ്തുലമായ പങ്കു വഹിച്ചിട്ടുണ്ട്. സ്വിസ് ബ്രൗൺ പശുക്കളെയും, മൂരിക്കുട്ടന്മാരെയും സ്വിറ്റസർലണ്ടിൽനിന്നും ഇറക്കുമതി ചെയ്ത് കേരളത്തിന്റെ കാലാവസ്ഥക്ക് പറ്റിയ പുതി സങ്കരയിനങ്ങളെ സൃഷ്ടിച്ചെടുക്കുകയായിരുന്നു ഇവിടെ ചെയ്തിരുന്നത്.ഒരു ചെറിയ ചായക്കടയുടെ മുൻപിൽ എലിയാസ് വാഹനം നിർത്തിയശേഷം ചോദിച്ചു.കഴിക്കാനെന്തെങ്കിലും പാർസൽ വാങ്ങേണ്ടേ ?ഒരു യാത്ര പോകുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചു ഡ്രൈവറായ ഏലിയാസിന് ഞങ്ങളെക്കാൾ അറിവുണ്ടായിരുന്നു. ചായക്കടയിൽ നിന്നും കുറെ പൊറോട്ടയും സാമ്പാറും വാങ്ങി. വണ്ടിയിലുണ്ടായിരുന്ന ഒരു കന്നാസിൽ വെള്ളം നിറച്ചു.

വാഹനം ടോപ്സ്റ്റേഷൻ ലക്ഷ്യമാക്കി ഓടിത്തുടങ്ങി. വഴി അത്ര സുഗമമല്ലായിരുന്നെങ്കിലും, ഗട്ടറുകളെല്ലാം തരണം ചെയ്ത് ട്രെക്കെർ ഓടിക്കൊണ്ടേയിരുന്നു.മൂന്നാറിൽ നിന്നും 34 കിലോമീറ്ററോളം പിന്നിട്ട് ഞങ്ങൾ ടോപ്സ്റ്റേഷനിൽ എത്തിച്ചേർന്നു.സമുദ്രനിരപ്പിൽനിന്നും 1700 മീറ്റർ ഉയരത്തിലായി, മൂന്നാർ കൊടൈക്കനാൽ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണിവിടം.തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ മൂന്നാറും, തമിഴ്‌നാടിന്റെ ചില ഭാഗങ്ങളും വീക്ഷിക്കാനാകും.അവിടെ വഴിയരികിൽ ഒരു ചെറിയ കടയുടെ മുൻപിൽ വണ്ടിനിർത്തി, കടയിലുണ്ടായിരുന്ന മധ്യവയസ്കനോട് കൊടൈക്കനാലിലേക്കു പോകേണ്ട വഴിയെക്കുറിച്ചു ആരാഞ്ഞു.ജീപ്പുകൾ ഒക്കെ വല്ലപ്പോഴും പോകുന്നുണ്ട്, പക്ഷെ വഴി ദുർഘടം ആണ് എന്ന് അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു.

പണ്ടെങ്ങോ ബ്രിട്ടീഷുകാർ പണിത ഒരു വഴിയാണിതെന്നും അറ്റകുറ്റപ്പണികളൊന്നും നടത്താത്തതുകൊണ്ട്, ദുർഘടമായ ഈ പാതയിലൂടെ ആരും തന്നെ യാത്ര ചെയ്യാറില്ല എന്നതും മാത്രമായിരുന്നു ആ കാനനപാതയെക്കുറിച്ചു ഞങ്ങൾക്കുണ്ടായിരുന്നു പരിമിതമായ അറിവ്.ഈ വിവരണം എഴുന്നതിനായി വിക്കിയിൽ തപ്പിയപ്പോഴാണ്,കൂടുതലായി അറിയാൻ കഴിഞ്ഞത്.

1925 ൽ ബ്രിട്ടീഷുകാർ നിർമിച്ച്, രണ്ടാം ലോകമഹായുദ്ധകാലത്തു പരിഷ്കരിച്ച് , വാഹനഗതാഗതയോഗ്യമാക്കിയ എസ്കേപ് റൂട്ട് എന്ന് ബ്രിട്ടീഷ് സൈനീക രേഖകളിൽ പ്രദിപാദിക്കപ്പെട്ട SH 18 എന്ന ഇന്റർ സ്റ്റേറ്റ് ഹൈവേയായിരുന്നു കൊടൈക്കനാലിലേക്കു യാത്രപോകാനായി ഞങ്ങൾ തെരഞ്ഞെടുത്ത ഈ വഴി.1942 ൽ രണ്ടാംലോകമഹായുദ്ധകാലത്തു ജപ്പാൻ മദ്രാസ്സിൽ ബോംബിട്ടപ്പോൾ, വീണ്ടുമൊരു ആക്രമണസാധ്യത ഭയന്ന് കടൈകനാൽ, ബെറിജം, ടോപ്സ്റ്റേഷൻ, മൂന്നാർ വഴി കൊച്ചിതുറമുഖത്തേക്കു എത്താൻ വേണ്ടി ബ്രിട്ടീഷുകാർ പണിത ഒരു രക്ഷാപതയായിരുന്നു ഇത്.

മദ്രാസിലെ ജപ്പാന്റെ ബോംബാക്രമബത്തോടെ, ധനികരും, പ്രമുഖരുമായ ബ്രിട്ടീഷുകാർ കൊടൈക്കനാൽ പോലുള്ള ഹിൽസ്റ്റേഷനുകളിലേക്കു താമസം മാറ്റിയിരുന്നു.257 കിലോമീറ്റർ ദൈർഗ്യമുള്ള കൊടൈക്കനാൽ-മൂന്നാർ- കൊച്ചി പാതയിൽ ബെറിജം തടാകത്തിനു സമീപത്തുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ബ്രിട്ടീഷ് സൈന്യത്തിന് ധാരാളം ട്രാൻസിറ്റ് ബംഗ്ലാവുകൾ ഉണ്ടായിരുന്നുവത്രെ. ചുടുകട്ടയിൽ നിർമ്മിതമായ അതിലൊരു ഇരുനില ബംഗ്ലാവ്, തമിഴ്‌നാട് സർക്കാർ ഫോറസ്ററ് ക്യാമ്പ് ആയി ഉപയോഗിക്കുന്നുണ്ട്.

49 കിലോമീറ്റര് മാത്രം ദൈർഘ്യമുള്ള, ടോപ്സ്റ്റേഷൻ -പാമ്പാടും ചോല – ബെറിജം-കൊടൈക്കനാൽ പാത, 1990 ടെ പൂർണമായും ഉപേക്ഷിക്കപ്പെട്ടു.ഇന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാത്ത ഈ പാത, കേരളം-തമിഴ്നാട് സർക്കാരുകൾ സംയുക്തമായി ചരിത്രത്തിന്റെ അവശേഷിപ്പുകളാക്കി മാറ്റി.ഈ ഇന്റർ സ്റ്റേറ്റ് പാതയുടെ അവകാശത്തർക്കങ്ങളും അറ്റകുറ്റപ്പണികൾക്കുള്ള പ്രതിബന്ധങ്ങളുമാണ് ഈ പാതയുടെ ചരമത്തിന് ഹേതുവായത് എന്ന് പറയുന്നുണ്ടെങ്കിലും, കൊടൈക്കനാലിൽ എത്തുന്ന സഞ്ചാരികൾ വളരെ എളുപ്പത്തിൽ മൂന്നാറിലേക്ക് ആകര്ഷിക്കപ്പെടും എന്ന തമിഴ്‌നാടിന്റെ ഭയവും, കഞ്ചാവിന്റെ കടത്തുപാതയായി ഈ വഴി മാറുമെന്നുള്ള കേരളത്തിന്റെ വാദവുമൊക്കെയാണ് പ്രധാന കാരണങ്ങൾ എന്നാണ് പിന്നാമ്പുറക്കഥകൾ.

എന്തായാലും, മറ്റുവഴികളിലൂടെ മൂന്നാറിൽനിന്നും കൊടൈക്കനാലിലെത്താൻ 175 കിലോമീറ്റർ ദൂരം താണ്ടണം എന്നറിയുമ്പോഴാണ്, ഉപേക്ഷിക്കപ്പെട്ട ഈ പാതയുടെ വില നമ്മൾ മനസ്സിലാക്കുന്നത്.ഉച്ചക്ക് 12 മണിയോടെ ഈ കാനനപാതയിലൂടെ ഞങ്ങൾ യാത്രയാരംഭിച്ചു.രണ്ടുമൂന്നു കിലോമീറ്റര് കഴിഞ്ഞു കാണും, കൈയിൽ കുറുവടിയുമായി, കാക്കിനിക്കറിട്ട ഒരാളെ വഴിയിൽ കണ്ടു.വഴി എങ്ങിനെയുണ്ട് എന്ന ഞങ്ങളുടെ ചോദ്യത്തിന്, ഒരു തലയാട്ടലിലൂടെ മറുപടി തന്നു അയാൾ നടന്നുപോയി. യാത്രപോകുന്ന സ്ഥലത്തെക്കുറിച്ചും,വഴിയെക്കുറിച്ചുമെല്ലാം,വിശദമായിത്തന്നെ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങളെ പഠിപ്പിച്ച ഒരു യാത്രകൂടിയായിരുന്നു ഇത്.

വഴിയെന്ന സാങ്കൽപ്പത്തിന് നിരക്കാത്ത തലത്തിലേക്ക് പാതക്ക് രൂപമാറ്റം സംഭവിച്ചു തുടങ്ങിയിരുന്നു.കുണ്ടിലും കുഴിയിലും ചാടുമ്പോൾ ട്രെക്കറിന്റെ അടിതട്ടുന്ന ശബ്ദം കൂടിക്കൂടിവന്നു.ഒരു പത്തുകിലോമീറ്ററോളം ഈ വിധത്തിൽ യാത്ര തുടർന്ന് കഴിഞ്ഞപ്പോഴേക്കും ഞങ്ങൾ കൊടും കാടിന്റെ ഉള്ളിലേക്കെത്തിയിരുന്നു. കാടിന്റെ വന്യമായ സൗന്ദര്യം വര്ണനാതീതമാണ്. ചെടികളെയും, പക്ഷികളെയുമൊക്കെ പ്രണയിച്ചിരുന്ന രാജു,തന്റെ കൊഡാക് 110 കാമറ മറന്നുവെച്ചതിന്റെ ദുഃഖം ആത്മഗതമായി രേഖപ്പെടുത്തിക്കൊണ്ടിരുന്നു.പലതരം പക്ഷികളുടെയും,ജീവികളുടെയും ശബ്ദംകൊണ്ട് കാട് മുഖരിതമായിരുന്നു.കുറച്ചുദൂരം നിരങ്ങി നിരങ്ങി ഞങ്ങൾ പോയിക്കാണും…ചെറിയ പശുവിന്റെ വലിപ്പമുള്ള ഒരു മ്ലാവ് റോഡിലേക്ക് എടുത്തുചാടി.അതിന്റെ ഇണയായിരിക്കാം,പിറകെ മറ്റൊരു മ്ലാവുകൂടി എത്തി.വാഹനത്തെ രൂക്ഷമായൊന്നു നോക്കിയിട്ടു, ശരവേഗത്തിൽ മുന്നോട്ടുപാഞ്ഞു.

ആദ്യമായി ഒരു വന്യമൃഗത്തെ കണ്ട സന്തോഷത്തിൽ ഞങ്ങൾ ആർത്തുവിളിച്ചു.ഒരു 500 മീറ്റർ കൂടിപ്പോയിക്കാനും പെട്ടെന്ന് വണ്ടി നിന്നു.റോഡൊരു   തോടായി രൂപാന്തരപ്പെട്ടിരിക്കുന്നു. പച്ചപ്പിനിടയിലൂടെ പാലുപോലെ പതഞ്ഞുചാടുന്ന ഒരു ചെറിയ വെള്ളച്ചാട്ടത്തിൽ നിന്നും ഒഴുകിയെത്തിയവെള്ളം റോഡിൽ ഒരു വലിയ ചാൽ സൃഷ്ടിച്ചിരിക്കുന്നു.എല്ലാവരും വണ്ടിയിൽനിന്നിറങ്ങു …..എലിയാസിന്റെ പരുഷമായ ശബ്ദം .എല്ലാവരും ഇറങ്ങി. വണ്ടി പതിയെ ചാലിലേക്കിറങ്ങി. പക്ഷെ …ട്രെക്കറിന്റെ ഡീസൽ എൻജിൻ പുകതുപ്പിക്കിതച്ചതല്ലാതെ, ട്രെക്കെർ മുന്നോട്ടു പോകാൻ കൂട്ടാക്കിയില്ല.വഴിയിലെ ചെളിക്കെട്ടിൽ വണ്ടി പുതഞ്ഞുപോയിരിക്കുന്നു.മുട്ടുകാലിനൊപ്പം വെള്ളമുള്ള കുഴിയിൽ നിന്നും വണ്ടികയറ്റാനായി, വസ്ത്രങ്ങളെല്ലാം ഞങ്ങൾ വണ്ടിയിൽത്തന്നെ അഴിച്ചുവെച്ചു.ജെട്ടിയും ബനിയനും മാത്രമായി ഞങ്ങളുടെ വേഷം.ഫസ്റ്റ് ഗിയറിൽ വണ്ടി അലറുന്നതോടൊപ്പം ഞങ്ങളും ആഞ്ഞു തള്ളുകയാണ്.കാട്ടിലെ തടിയും, കല്ലുമെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള ആ രക്ഷാപ്രവർത്തനം ഒരു മണിക്കൂറിലേറെ നീണ്ടു.കഠിനശ്രമത്തിനൊടുവിൽ ട്രെക്കെർ റോഡിന്റെ മറ്റേത്തലക്കലെത്തി. സമയം മൂന്നുമണി കഴിഞ്ഞിരിക്കുന്നു.വിശപ്പ് ഉഗ്രരൂപമെടുത്തു ഞങ്ങളെ ആക്രമിച്ചു തുടങ്ങിയിരിക്കുന്നു.കൊണ്ടുവന്ന പൊറോട്ടയും സാമ്പാറുമെല്ലാം ഞങ്ങൾ ആർത്തിയോടെ കഴിച്ചുതീർത്തു.

മുന്നോട്ടുള്ള വഴിയും ഇതുപോലൊക്കെത്തന്നെ യൈയിരിക്കും എന്ന തിരിച്ചറിവ് ഊരിയ വസ്ത്രം ഇനി ധരിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഞങ്ങളെ എത്തിച്ചു.മുന്നോട്ടുപോകുന്തോറും, വഴി അതികഠിനമായിക്കൊണ്ടിരുന്നു.വലിയ കുഴികളും കല്ലുകളുമുള്ള വഴിയിൽ ട്രെക്കെർ വലിക്കാതെയായി.ഡ്രൈവർ ഒഴികെ എല്ലാവരും വണ്ടി തള്ളിക്കൊണ്ടേയിരുന്നു.അപ്പോഴാണ് വലിയ ഒരു സ്ഫോടനശബ്‌ദം കേട്ടത്.മുൻഭാഗത്തെ ഒരു ടയർ പൊട്ടിയ ശബ്ദമായിരുന്നു അത്.പെട്ടെന്ന് തന്നെ ജാക്കിയും ലിവറുമെല്ലാമെടുത്തു വണ്ടിയിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയർ ഞങ്ങൾ മാറ്റിയിട്ടു.

വണ്ടി തള്ളിക്കൊണ്ടുതന്നെ ഞങ്ങൾ മുന്നോട്ടു നടന്നു.പെട്ടെന്നാണ് ആ കാഴ്ച കണ്ടത്.മുകളിലേക്ക് വളഞ്ഞു കയയറിപ്പോകുന്ന വഴിയുടെ മുകളറ്റത്ത് ഒരു ആനക്കൂട്ടം.ആനച്ചൂര് ഞങ്ങൾക്ക് കിട്ടിത്തുടങ്ങി.ഒരു എട്ടൊമ്പത് ആനകളെങ്കിലും കാണും.ഞങ്ങൾ വണ്ടി നിർത്തി നിശ്ചലരായി നിന്നു.കുറേനേരം അവിടെനിന്നു വട്ടംകറങ്ങിയ ശേഷം ആനക്കൂട്ടം കാടിനുള്ളിലേക്ക് മറഞ്ഞു.ആദ്യമായി ഭയം മനസ്സിൽ തോന്നിത്തുടങ്ങിയിരിക്കുന്നു.മുന്നോട്ടു പോകാനുള്ള ധൈര്യമെല്ലാം ചോർന്നു പോയതുപോലെ.നമുക്ക് തിരിച്ചുപോയാലോ ? റോബർട്ട് ആണ് ചോദിച്ചത് .പക്ഷെ ആരും ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.ഒരു തിരിച്ചുപോക്ക് പ്രായോഗികമല്ലാത്ത അകലത്തിൽ ഞങ്ങൾ എത്തിക്കഴിഞ്ഞിരുന്നു.ഏതായാലും മുന്നോട്ടു തന്നെ യാത്ര തുടരാം എന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചു.

ആനക്കൂട്ടം നിന്നിരുന്ന സ്ഥലത്തു ഞങ്ങൾ എത്തിച്ചേർന്നു. ആവിപറക്കുന്ന ആനപിണ്ടങ്ങൾ ചിതറിക്കിടക്കുന്നു.കണ്ണുമടച്ചു ഞങ്ങൾ വണ്ടി തള്ളിക്കൊണ്ടേയിരുന്നു.കുത്തനെയുള്ള കയറ്റങ്ങൾ, ഹെയർപിൻ വളവുകൾ,വഴിയിൽ വീണു കിടക്കുന്ന തടികളുടെ ശിഖിരങ്ങൾ, തടസ്സങ്ങൾ മാത്രമായിരുന്നു, യാത്രയിലുടനീളം.ഒരു കുഴിയിൽ നിന്നും കയറുന്നതിനായി, കറുത്ത പുകതുപ്പി അലറിവിളിക്കുന്ന എൻജിനോടൊപ്പം ഞങ്ങളും തള്ളുന്ന തിരക്കിനിടയിലാണ് എൻജിനിൽ നിന്നും എന്തോ പൊട്ടുന്ന ശബ്ദം കേട്ടത്.അപ്പോഴേക്കും എങ്ങിനെയൊക്കെയോ വണ്ടി കുഴിയിൽ നിന്നും കയറിക്കഴിഞ്ഞിരുന്നു.ഗിയര്ബോക്സിന് എന്തോ പറ്റിയിട്ടുണ്ട് …ജോണിയോട് ഞാനെന്തുപറയും …..എലിയാസ് ആണത് പറഞ്ഞത് ..വണ്ടിയുടെ ഉടമസ്ഥനായ ജോണി എങ്ങനെ പ്രതികരിക്കും എന്നറിയില്ല എന്നും വണ്ടി ഏതായാലും നന്നാക്കിക്കൊടുക്കേണ്ടിവരും എന്നെല്ലാം എലിയാസ് പറഞ്ഞുകൊണ്ടേയിരുന്നു.

ഇങ്ങനെ ഒരു സാഹസിക യാത്രക്കാണ് പോകുന്നതെന്ന് അയാളോട് പറഞ്ഞിട്ടില്ലായിരുന്നു.മുന്നോട്ടുള്ള യാത്രയിൽ ആരും ഒന്നും മിണ്ടിയില്ല. പതിയെ പതിയെ ട്രെക്കറിന്റെ ശക്തി കുറഞ്ഞു വരുന്നതായി ഞങ്ങൾക്ക് മനസ്സിലായിത്തുടങ്ങി.ഒരു ചെറിയ ഇറക്കം മുന്നിൽ കാണപ്പെട്ടു.അകത്തു കയറിയിരുന്നുകൊള്ളാൻ എലിയാസ് പറഞ്ഞു.തള്ളിത്തള്ളി തളർന്ന ഞങ്ങൾ സന്തോഷത്തോടെ വണ്ടിയിൽ കയറി.ഒച്ചിഴയുന്ന വേഗത്തിൽ വണ്ടി ആ ദുർഘട പാതയിലൂടെ നീങ്ങുകയാണ്. വെള്ളവും ചെളിയുമെല്ലാമായി തെന്നിത്തെറിച്ചു വണ്ടി പൊയ്ക്കൊണ്ടിരിക്കുന്നതിനിടയിൽ വലതുവശത്തേക്കുള്ള ഒരുവളവുതിരിച്ചതും, ഒരു സ്കേറ്റിംഗ് അഭ്യാസിയെപ്പോലെ അതിവേഗത്തിൽ ഇടതുവശത്തു മുന്നിലുള്ള പാറക്കെട്ടിൽ വലിയ ശബ്ദത്തോടെ വണ്ടി ഇടിച്ചുനിന്നു.ട്രെക്കറിന്റെ ബോണറ്റ് ഉൾപ്പടെ വണ്ടിയുടെ ഇടതുവശം ഇടിച്ചു ചളുങ്ങി.അപ്പോൾ ഫ്രണ്ട് സീറ്റിൽ സൈഡിൽ ആയിരുന്ന റോബെർട്ടിന്റെ കൈത്തണ്ട പൊട്ടി ചോരയൊലിച്ചുകൊണ്ടിരുന്നു.കൈയിൽ ഉണ്ടായിരുന്ന ഒരു തോർത്ത് കീറി മുറിവ് വലിച്ചുകെട്ടി.ഭാഗ്യവശാൽ ഒടിവൊന്നും ഉണ്ടായില്ലെങ്കിലും കലശലായ വേദനയുണ്ടായിരുന്നു അവന്. സന്ധ്യയാകാൻ തുടങ്ങിയിരിക്കുന്നു.വന്യജീവികളുടെ ശബ്ദം ഞങ്ങളെ പേടിപ്പെടുത്തുന്നുണ്ടായിരുന്നു.

അരമണിക്കൂർകഴിഞ്ഞു കാണും.കിട്ടാവുന്നഎല്ലാ മാർഗ   ങ്ങളും ഉപയോഗിച്ച് വണ്ടി റോഡിലേക്ക് കയറ്റാനായി കഠിന യഗ്നത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഞങ്ങൾ.അപ്പോഴാണ് ഒരു ജീപ്പിന്റെ ഇരമ്പൽ കേട്ടത്.ഒരു ഫോർ വീൽഡ്രൈവ് ജീപ്പിൽ 5 ചെറുപ്പക്കാർ ഞങ്ങൾ വന്ന വഴിയിലൂടെ തന്നെ വരുന്നതാണ്.

വണ്ടി തള്ളുന്ന ഞങ്ങളെക്കണ്ട് അവർ വണ്ടി നിർത്തി, ഒന്നും പറയാതെ അവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിയും, കയറും, ഷവെലും ഒക്കെയെടുത്തു ഞങ്ങളുടെ കൂടെ വണ്ടി റോഡിൽകയറ്റാനായുള്ള ശ്രമത്തിലേർപ്പെട്ടു.കുറേനേരം പണിപ്പെട്ടു വണ്ടി റോഡിലേക്ക് കയറ്റി.ട്രെക്കറിന്റെ രൂപം കണ്ടു എലിയാസ് തലയ്ക്കു കൈകൊടുത്തിരുന്നു.ജീപ്പിന്റെ ഡ്രൈവർ തന്നെ ട്രെക്കാറിൽ കയറി സ്റ്റാർട്ടാക്കി മുന്നോട്ടെടുത്തു.കഴിക്കാൻ കൈയിൽ എന്തെങ്കിലും ഉണ്ടോ എന്ന അവരുടെ ചോദ്യത്തിന് ഞങ്ങളാരും ഉത്തരം പറഞ്ഞില്ല. കൈയിൽ കരുതിയിരുന്ന കുറെ അപ്പം ഞങ്ങൾക്ക് തന്നിട്ട്, സൂക്ഷിച്ചു പോരണം എന്ന താക്കീതും നൽകി അവർ പോയി.ഇത്തരം ഒരു വണ്ടിയുമായി മലകയറാൻ വന്ന ഞങ്ങളുടെ വിവരക്കേടിനെ കണക്കിന് പരിഹസിച്ചിട്ടാണവർ പോയത്.

ആ ദുർഘടപാതയിൽ, പ്രയാസപ്പെട്ടാണെങ്കിലും മുന്നോട്ടുപോകാനുള്ള ജീപ്പിന്റെ കഴിവ് അസൂയയോടെ ഞങ്ങൾ നോക്കി നിന്നു.ഞങ്ങൾവീണ്ടുംവണ്ടിയിൽകയറിയിരുന്നു.ഇരുട്ടുപരന്നുതുടങ്ങിയിരിക്കുന്നു.മുന്നിൽ കുറച്ചു നിരന്ന പ്രദേശം തെളിഞ്ഞു വന്നു. ട്രെക്കാറിന്റെ ശക്തി തീരെ കുറഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് മാത്രമല്ല, ഗിയർ ബോക്സിൽ നിന്നു എന്തോ കൂട്ടിയിടിക്കുന്ന ശബ്ദം കേട്ടുകൊണ്ടിരുന്നു.അപ്പോഴാണ് ഞങ്ങൾ ആ കാഴ്ച കാണുന്നത്.റോഡിന്റെ വലതുവശത്തെ സമതലപ്രദേശത്തു കുറെ കാട്ടുപോത്തുകൾ പുല്ലുതിന്നുകൊണ്ടിരിക്കുന്നു.കുറെയെണ്ണം ഇമവെട്ടാതെ ഞങ്ങളെ നോക്കുന്നതുപോലെ തോന്നി. അവയുടെ കണ്ണുകൾ നിലാവിന്റെ വെളിച്ചത്തിൽ തിളങ്ങിക്കൊണ്ടിരുന്നു.വണ്ടിയുടെ ഇരമ്പൽ കേട്ടാവണം, അവ വലിയ കുളമ്പടി ശബ്ദമുണ്ടാക്കി ഓടിപ്പോയി.

വണ്ടിക്കു മിസ്സിംഗ് തുടങ്ങിയിരിക്കുന്നു.ഡീസൽ തീർന്നുവെന്നാണ് തോന്നുന്നത്.ഏലീയാസിന്റെ വാക്കുകൾ ഇടിത്തീപോലെയാണ് ഞങ്ങളിൽ പതിച്ചത്.രണ്ടുകിലോമീറ്ററോളം അങ്ങിനെപോയിക്കാണും.ഡീസൽ തീർന്നു വണ്ടി നിന്നു.ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി പതിവുപോലെ തള്ളൽ തുടർന്നു.ഭാഗ്യവശാൽ പിന്നീടുള്ള വഴികൾ കൂടുതലും നിരപ്പോ, ഇറക്കമോ ഒക്കെ ആയിരുന്നു.

ഒരു വളവ് തിരിഞ്ഞു ചെന്നപ്പോഴാണത് കണ്ടത്. തമിഴ്നാട്സർക്കാരിന്റെ ഒരുഫോറസ്ററ്ചെക്‌പോസ്റ്റ്.ഞങ്ങൾ വണ്ടി നിർത്തി.രണ്ടു ഫോറസ്റ്റ് ഗാർഡുകൾ പുറത്തേക്ക് ഇറങ്ങിവന്നു.ഞങ്ങളുടെ വണ്ടി കണ്ടതും എന്തോ അത്ഭുതം കാണുന്ന മട്ടിൽ അവർ നിൽക്കുകയാണ്. ആദ്യമായാണവർ ഒരു ട്രക്കർ ഈ വഴി വരുന്നത് കാണുന്നത്.കുറെ ചോദ്യങ്ങൾ ഞങ്ങളോടവർ ചോദിച്ചു.വലിയ അപകടത്തിൽ നിന്നാണ് നിങ്ങൾ രക്ഷപ്പെട്ടതെന്നും,പുലി,കടുവ,കരടി,ഇവയുടെയൊക്കെ വിഹാരഭൂമിയാണ് നിങ്ങൾ കടന്നുപോന്ന വനപ്രദേശങ്ങൾ എന്നും ഫോറസ്ററ് ഗാർഡ് പറഞ്ഞത്,ഭയചികിതരായാണ് ഞങ്ങൾ കേട്ടിരുന്നത്.അപകടകാരികളായ കരടികളുടെ ആക്രമണത്തിൽ നിരവധി പേർക്ക് ആ പ്രദേശങ്ങളിൽവച്ച് ജീവൻ നഷ്ടമായിട്ടുണ്ട് എന്ന് കൂടി കേട്ടപ്പോൾ സത്യത്തിൽ ഞങ്ങൾ വിറച്ചുപോയിരുന്നു.ഞങ്ങളുടെ ദയനീയ സ്ഥിതിയിൽ കരുണതോന്നിയതുകൊണ്ടാകണം മധുരമില്ലാത്ത കട്ടൻചായ ഉണ്ടാക്കി

അവർ ഞങ്ങൾക്ക് തന്നു. ഇനി കൂടുതലും ഇറക്കമാണെന്നും,അഞ്ചു കിലോമീറ്ററോളം പോയാൽ ചായക്കടയുണ്ടെന്നും,കൂപ്പിൽ തടികയറ്റാൻ പോകുന്ന ലോറിക്കാരിൽ നിന്ന് ചിലപ്പോൾ ഡീസൽ കിട്ടിയേക്കാമെന്നും ഒക്കെപ്പറഞ്ഞു ഞങ്ങളെ അവർ യാത്രയാക്കി.നാലഞ്ച് കിലോമീറ്റർ കഴിഞ്ഞപ്പോൾ,ഗാർഡുകൾ പറഞ്ഞതുപോലെ കൂപ്പിലേക്കു പോകുന്ന രണ്ട് ലോറികൾ കണ്ടു.പക്ഷെ അവരാരും തന്നെ ഡീസൽ തന്നു ഞങ്ങളെ സഹായിക്കാൻ തയ്യാറായില്ല.

കുറെ ദൂരം കഴിഞ്ഞപ്പോഴേക്കും ഒന്ന് രണ്ടു ചായക്കടകൾ കണ്ടു.ഒരെണ്ണം അടച്ചുകഴിഞ്ഞിരുന്നു.തുറന്നിരുന്ന ഒരു കടയുടെ മുന്നിൽ വണ്ടി നിർത്തി,അലമാരയിൽ കണ്ട എന്തൊക്കെയോ പലഹാരങ്ങൾ ഞങ്ങൾ ആർത്തിയോടെ വെട്ടിവിഴുങ്ങി.ഒരു വൃദ്ധനും അയാളുടെ ഭാര്യയുമായിരുന്നു ആ കട നടത്തിയിരുന്നത്.ഞങ്ങളുടെ വിശപ്പുകണ്ട് കലത്തിൽ ബാക്കിയുണ്ടായിരുന്ന മാവുകൊണ്ട് അവർ ഞങ്ങൾക്ക് ദോശ ചുട്ടുതന്നു.വിശപ്പും ദാഹവും മാറിയപ്പോൾ ഞങ്ങൾ വീണ്ടും ഊർജ്ജസ്വലരായി .

കൊടൈക്കനാലിലേക്ക് എന്ന ദൂരമിരിക്ക് ???അറിയാവുന്ന തമിഴിൽ ഞാൻ ചോദിച്ചു.ഒരു മൂന്നു മൈൽ ഇരിക്ക് .   വൃദ്ധന്റെ മറുപടി ഞങ്ങളെ ആഹ്ളാദഭരിതരാക്കി .ന്യൂട്രൽ ഗിയറിലും തള്ളിയുമൊക്കെയായി എങ്ങനെയോ രാത്രി 9 മണിയോടെ ഞങ്ങൾ കൊടൈക്കനാലിൽ എത്തി.ആദ്യം കണ്ട പമ്പിൽ നിന്നും ഡീസൽ നിറച്ചു. അടുത്ത് തന്നെ ഉള്ള സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടലിൽ മുറിയെടുക്കാൻ ചെന്നെങ്കിലും,ഞങ്ങളുടെ ചെളിയിൽ മുങ്ങിയ രൂപം കണ്ടതുകൊണ്ടാകണം,റൂമില്ല എന്നായിരുന്നു മറുപടി.പിന്നെ ഏതോ ഒരു ചെറിയ ലോഡ്ജിലാണ് ഞങ്ങൾ അന്തിയുറങ്ങിയത്.കൊടൈക്കനാൽ കാണാനുള്ള ഒരു മനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ.

3 ദിവസത്തിനിശേഷംവണ്ടിയുടെ   ഗിയർ ബോക്സ് നന്നാക്കിയശേഷമാണ് ഞങ്ങൾ തിരിച്ചു പോന്നത്.ട്രെക്കെർ പഴയ രൂപത്തിലാക്കാനായ് ഒരു നല്ല തുക ചെലവഴിക്കേണ്ടതായും വന്നു.ഒരിക്കലും മറക്കാത്ത ആ യാത്രയിലെ എന്റെ കൂട്ടുകാരിൽ, സണ്ണി ഇപ്പോൾ ചിക്കാഗോയിൽ ഹോട്ടൽ ബിസിനെസ്സ് ചെയ്യുന്നു.കോളേജ് ലെക്ച്ചർ എന്ന സ്വപ്നസാഷാത്കാരത്തിനുശേഷം രാജു കാനഡയിൽ ഒരു ക്രിസ്ത്യൻ സ്കൂളിൽ പ്രധാനാദ്ധ്യാപകനായി ജോലിനോക്കുന്നു.സന്തോഷും റോബെർട്ടും,കുര്യാക്കോസുംഇന്നില്ല. രംഗബോധമില്ലാത്ത കോമാളിയെപ്പോലെ, മരണം കടന്നുവന്ന് അവരെ കൂട്ടിക്കൊണ്ടു പോയി.

യാത്ര -ബേബി കാക്കശേരി 

കോൺഗ്രസ്സിനെ വളർത്താൻ ഉമ്മൻ ചാണ്ടിയെ ആന്ധ്രയിലേക്ക് നിയോഗിച്ചത് വായിച്ചപ്പോഴാണ് അവിടേക്ക് പോയ യാത്ര ഉണർന്നെഴുന്നേറ്റത്.പത്താം തരത്തിൽ പഠിക്കുമ്പോഴായിരുന്നു ആ യാത്ര. ഞങ്ങൾ 31 പേരുണ്ടായിരുന്നു ബസ്സിൽ. ഇന്നത്തെപ്പോലെ വണ്ടിയിൽ എ.സി.യില്ല. നാലുവരിയില്ല. ആറുവരിയല്ല. ഒറ്റ വഴിമാത്രം. കുണ്ടും കുഴിയും അനുസരിച്ചു് ബസ്സ് കുലങ്ങിയും കൂത്താടിയും ഓടിക്കൊണ്ടിരുന്നു. ബസ്സ് മുന്നോട്ടോടുമ്പോൾ നിശ്ചലം നിന്നിരുന്ന കുന്നും മലകളും പച്ച നെൽപ്പാടങ്ങളും പിന്നോട്ട് പായുന്നത് ബസ്സിന്റെ കണ്ണാടിച്ചില്ലുകൾ തുളച്ചു് എന്റെ കണ്ണുകൾ സ്കൗതുകം നോക്കിയിരുന്നു. മല്ലിക ടീച്ചറും പിള്ള സാറും ഇതൊന്നും ആസ്വദിക്കുന്നില്ല. അവർ തൊട്ടുരുമ്മിയും പൊട്ടിച്ചിരിച്ചും ഇരിക്കുകയായിരുന്നു. നിദ്രാദേവിയുടെ കൈതപ്പൂവിരലുകൾ എന്റെ കൺപോളകളെ തഴുകിയപ്പോൾ പിടിച്ചു നിൽക്കാനായില്ല. അവളോടൊത്ത് ശയിച്ചു.

സൂര്യൻ ഉണരുന്നതിനു മുമ്പേ ഞങ്ങൾ ഉണർന്നു. ആന്ധ്രയിലെ തെരുവോരങ്ങൾ ഞങ്ങൾക്കു മുമ്പേ ഉണർന്നിരുന്നു. വഴിക്കിലെ പാടവക്കത്ത് പാവാട പൊക്കി പാവം പെൺകുട്ടികൾ പ്രഭാതത്തിലെ പ്രാഥമിക കർത്തവ്യങ്ങളിൽ മുഴുകിയിരിക്കുന്നതു കണ്ടു.

ബസ്സിൽ നിന്നും ഞങ്ങൾ ഇറങ്ങി. നെല്ലു വിളഞ്ഞു നിൽക്കുന്ന പാടശേഖരം ചൂണ്ടി മല്ലിക ടീച്ചർ അറിവിന്റെ പതമ്പ് അളന്നു: ” മക്കളേ, ഇതാണ് നെല്ലുവിളയുന്ന ചെറിയ മരങ്ങൾ “.
കന്നുപൂട്ടിയും വരമ്പു കിളച്ചും അപ്പനെ പാടത്തു സഹായിച്ചിരുന്ന എനിക്ക് ടീച്ചറുടെ വിശദീകരണം കേട്ടപ്പോൾ ചിരി പൊട്ടി. ടീച്ചർ തുടർന്നു: “ഇവിടെ നിന്നാണ് നമുക്ക് ചോറു് ഉണ്ണ വാനുള്ള അരി വരുന്നത് “. പള്ളിക്കാർ പാടം നികത്തി പടുത്തുയർത്തിയ പാഠശാലയിൽ നിന്നാണ് ഞാൻ വരുന്നതെന്ന് ഓർത്തപ്പോൾ അന്ന് കുട്ടിക്കാലത്ത് കുണ്ഠിതം ഉണ്ടായി.വഴിവക്കിലെ വട്ടത്തിലുള്ള ചുകന്ന സ്റ്റോപ്പ് നിഗ്നൽ പോലെ അസ്തമയ സൂര്യൻ പടിഞ്ഞാറ് നിൽക്കുമ്പോൾ പിള്ള സാറു് പറഞ്ഞു: ” പിള്ളേരേ, ബസ്സിൽ കയറ്!”എല്ലാവർക്കും ഉണ്ടായിരുന്നു യാത്രാക്ഷീണം. ഭൂമിയുടെ കറക്കം അതിവേഗത്തിലായി എന്നാണ് ആദ്യം കരുതിയത്. കറക്കം കഴിഞ്ഞപ്പോൾ ബസ്സ് തലകീഴായി ഒരു കൊക്കയിലായിരുന്നു! ബസ്സിനുള്ളിൽ നിന്നും കൂട്ടക്കരച്ചിലും ചോരച്ചാലുകളും പുറത്തേയ്ക്കൊഴുകി. എനിക്ക് ഓർമ്മ വന്നപ്പോൾ നാട്ടിലെ വഴിയിൽ വീൽച്ചെയറിലിരുന്ന് 3 സഹപാഠികളുടെ വിലാപയാത്ര കാണുകയായിരുന്നു ഞാൻ.

HF Evian Tour ✍Faisel Kachappilly

കല്യാണം ഉറപ്പിച്ചതിന് ശേഷമുള്ള ഒരു വർഷത്തെ പ്രേമസല്ലാപങ്ങൾക്ക് ഒടുവിൽ 2010ൽ, സകലമാന ഉടായ്പുകൾക്കും തിരശീല വീഴുന്ന ചടങ്ങായ “കല്യാണം” കഴിഞ്ഞ് ഊട്ടിയിലേക്ക് ഒരു ഹണിമൂൺ പോകാൻ തീരുമാനിച്ചു. കഴിഞ്ഞ ഒരു വർഷത്തിനൊടകം, പ്രാണസഖീ മഞ്ജു എന്റെ എല്ലാ തട്ടിപ്പും വെട്ടിപ്പും പഠിച്ചു കഴിഞ്ഞിരുന്നതുകൊണ്ട്, പൊതുവെ എന്നോട് അവൾ കാര്യങ്ങൾ വെട്ടി തുറന്നാണ് സംസാരിക്കാറ് (അമ്മച്ചിയെപ്പോലെ തന്നെ) കുറച്ച് ദിവസമല്ലേ നാട്ടിൽ ഉള്ളു എന്നത് കൊണ്ടും, നമ്മൾ നാട്ടിൽ വരുന്നതല്ലേ അപ്പച്ചനും അമ്മച്ചിക്കും ഒരു സന്തോഷം എന്നോർത്തട്ടും, മിഥുനം സിനിമ സ്റ്റൈലിൽ കുടുംബം അടച്ച് എല്ലാർക്കുംകൂടി ഊട്ടിയിലേക്ക് ഒരു ഹണിമൂൺ പോകാൻ ഉറപ്പിച്ചു (മഞ്ജുവിന്റെ suggestion ആയിരുന്നു ഇത്). അപ്പച്ചൻ, അമ്മച്ചി, ഞാൻ, മഞ്ജു, അനിയൻ, അനിയത്തി, പിന്നെ ജയ്ബിനും(ആന്റിയുടെ മകൻ), ഇത്രയും പേരുമായി ഊട്ടിയിലേക്ക് യാത്ര പുറപ്പെട്ടു. പാട്ടും, തമാശകളുമായി യാത്ര കൊഴുത്തുകൊണ്ടിരുന്നു. മഞ്ജുവിന് അവരേം, അവർക്ക് മഞ്ജുവിനേം നന്നായൊന്ന് പരിചയപെടാമല്ലോ എന്നോർത്തട്ട് എനിക്കും മനസ്സിൽ വളരെ സന്തോഷം തോന്നി

ഉച്ചക്ക് ഒരുമണിയൊക്കെ ആയപ്പോൾ ഞങ്ങൾ കോയമ്പത്തൂർ എത്തി. ഞാൻ ഡിഗ്രി പഠിച്ചത് കോയമ്പത്തൂർ ആയിരുന്നു അതുകൊണ്ട് അവിടെ ഒരു ബ്രേക്ക് എടുക്കാമെന്ന് വെച്ചു. ഞാൻ പഠിച്ച കോളേജും പരിസരവുമെല്ലാം മഞ്ജുവിനെ കാണിക്കാം എന്നതായിരുന്നു ഉദ്ദേശം.  ഇതുവരെ കണ്ട ഈ ഞാൻ അല്ല ശെരിക്കും ഈ ഞാൻ, ശെരിക്കും എന്നെകുറിച്ച് പറഞ്ഞ് മഞ്ജുവിനെ ഒന്ന് impress ചെയ്യാൻ കിട്ടിയ ഒരവസരം എന്ന നിലക്ക് ഞാൻ മഞ്ജുവിനെ കോളേജ് കാണിച്ചുകൊണ്ട് ഒരു ഒന്നൊന്നര വിവരണം ആയിരുന്നു 🤣 just കിട്ടാതെപോയ റാങ്കിനെക്കുറിച്ചും, best student അവാർഡ് തരാൻ വിളിച്ചപ്പോ പനി പിടിച്ച് കിടപ്പായതോണ്ട്, അവാർഡ് മേടിക്കാൻ പോകാൻ പറ്റാതിരുന്നത് മുതൽ എന്റമ്മോ ഒരു ജ്യാതി പൊളിയായിരുന്നു. ഇതെല്ലം പറഞ്ഞു കഴിഞ്ഞപ്പോ എനിക്ക് തന്നെ എന്നോട് ബഹുമാനം തോന്നിപോയി 🤣 അപ്പൊ എന്റെ മുന്നിൽ ഒരു ട്രെയിൻ വന്ന് നിന്നിരുന്നെങ്കിൽ ഞാൻ തള്ളി മറച്ചിട്ടേനെ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത്, ഇതെല്ലാം കേട്ട് പേടിച്ചരണ്ട് നിൽക്കുന്ന അപ്പച്ചനെയാണ് കാരണം അവിടെ പഠിപ്പിക്കാൻ വിട്ടു എന്ന ഒറ്റ തെറ്റുകൊണ്ട് പുള്ളി ചില്ലറയൊന്നും അല്ല വെള്ളം കുടിച്ചത്. ഇവിടുത്തെ പഠിപ്പിക്കൽ രീതികൾ ശെരിയല്ല അതുകൊണ്ട് കോളേജിനെതിരെ ഹൈകോടതിയിൽ ഒരു കേസ് കൊടുക്കാൻ എനിക്കൊരു വക്കീലിന്റെ സഹായം വേണം എന്ന് ഞാൻ ആവശ്യപ്പെട്ട അന്നായിരുന്നു ഇതിന് മുൻപ് അവസാനമായി അപ്പച്ചൻ കോയമ്പത്തൂർ വന്നത് ആ നാട്ടിലെ കൊച്ചു കുട്ടികൾക്ക് വരെ സുപരിചിതനായിരുന്നു അപ്പച്ചൻ കാരണം കോളേജിന് അകത്ത് ഉണ്ടായിരുന്നതിനേക്കാളും കൂടുതൽ സമയം ഞാൻ പുറത്തായിരുന്നതുകൊണ്ട് ആ നാട്ടിൽ എനിക്ക് വേണ്ടി അപ്പച്ചൻ കേറിയിറങ്ങാത്ത സ്ഥാപനങ്ങൾ വളരെ കുറവായിരുന്നു ഉന്തും തള്ളുമെല്ലാം കഴിഞ്ഞ് ഞങ്ങൾ സസന്തോഷം ഊട്ടിയിലേക്കുള്ള യാത്ര തുടർന്നു.

സമയം ഏകദേശം ആറ് മണിയാകുന്നു, പ്രകൃതിരമണീയമായ മലകൾക്കിടയിലൂടെ ഞങ്ങളുടെ വണ്ടി വളഞ്ഞും പുളഞ്ഞും പൊയ്ക്കൊണ്ടിരുന്നു ☘ അപ്പച്ചൻ Joint RTO ആയിരുന്നതുകൊണ്ട് അപ്പച്ചനെ ഇരുത്തി വണ്ടി ഓടിക്കുന്നതും ഡ്രൈവിംഗ് ടെസ്റ്റിന് പോകുന്നതും ഒരുപോലെ ആണ് ഓരോ വളവ് കഴിയുമ്പോളും അപ്പുറത്തുനിന്ന് വണ്ടി വരുന്നുണ്ടോന്ന് നോക്കണം, ഹോൺ അടിക്കണം, വളവുകൾ നോക്കി വേണം എടുക്കാൻ എന്നൊക്കെ അപ്പച്ചൻ പറഞ്ഞുകൊണ്ടേ ഇരുന്നു. കോടമഞ്ഞിൽ കുളിച്ചുകിടക്കുന്ന നീലഗിരിക്കുന്നുകളുടെ, ഇരുട്ട് വീണ് തുടങ്ങിയ റോഡിലൂടെ ചീറി പാഞ്ഞ് പോകുമ്പോളാണ് പെട്ടന്ന് പുറകിൽ നിന്നൊരു വിളി, ടാ വണ്ടി ചവിട്ടാടാ! വണ്ടി ചവിട്ടാടാ! പുറകിൽ ഇരിക്കുന്ന അനിയന്റെ വിളി കേട്ട് ഞാൻ പേടിച്ച്‌പോയ് 🤨🤨🤨 വേഗം വണ്ടി സൈടാക്കി. അവൻ ചാടി പുറത്തിറങ്ങീട്ട് പറയാണ് “എജ്ജാതി കിടു സ്ഥലമാ woow നമുക്ക് കുറച്ച് ഫോട്ടോസ് എടുത്തിട്ട് പോകാം” പതിവ് പോലെ അപ്പച്ചനും അമ്മച്ചിയും ഒരേ സ്വരത്തിൽ പറഞ്ഞു “ഈ നേരം ഇരുട്ടിയ സമയത്ത് എന്തൂട്ട് ഫോട്ടോ എല്ലാം വന്ന് വണ്ടിയിൽ കേറിയേ” എന്ന് പറഞ്ഞ് തീരുന്നതിനു മുന്നേ ഞാനും, ജയ്ബിനും, അനിയത്തിയും ചാടി പുറത്തിറങ്ങി. അതിമനോഹരമായ സ്ഥലം പക്ഷെ ചെറുതായി ഇരുട്ടായി തുടങ്ങിയിരിക്കുന്നു. ആ കാപ്പി തോട്ടങ്ങളെ മുട്ടി ഒഴുകി നടക്കുന്ന കോടമഞ്ഞ് കണ്ടാൽ തോന്നും ആകാശത്തിലെ മേഘങ്ങൾ ഭൂമിയിലോട്ട് ഊർന്നിറങ്ങി വന്ന് നൃത്തം ചെയ്യുന്നതാണെന്ന് പിന്നാലെ മഞ്ജുവും വന്നു. ഞങ്ങൾ പല പല പോസുകളിലായ് ഫോട്ടോസ് എടുക്കാൻ തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോ അപ്പച്ചൻ വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു

“മതി ഫോട്ടോ എടുത്തത് ഒരുപാട് ഇരുട്ടാകുന്നതിന് മുൻപ് നമുക്ക് ഹോട്ടലിൽ എത്തണം” അപ്പൊ അനിയൻ പറഞ്ഞു “ഒരു അഞ്ചുമിനിറ്റ് ഞങ്ങൾ ഇപ്പൊ വരാം” ഇതുകേട്ട മഞ്ജു എന്നോട് പറഞ്ഞു “അപ്പച്ചന് ദേഷ്യം വരുന്നുണ്ട് വാ പോകാം ഫോട്ടോ നമുക്ക് അവിടെ ചെന്നട്ടാണങ്കിലും എടുക്കാം” ഞാൻ പറഞ്ഞു “ദിപ്പോ തീരും ഒരു മിനിറ്റ്”. കുറച്ചുകൂടി കഴിഞ്ഞപ്പോ അപ്പച്ചൻ ഒന്നുകൂടെ വിളിച്ച് പറഞ്ഞു “നിങ്ങളൊന്ന് വരുന്നുണ്ടോ ??” ഇത് കേട്ട മഞ്ജുന് ദേഷ്യം വന്നു ഗർജ്ജിച്ചുകൊണ്ട് അവൾ എന്റെ നേർക്ക് വന്നട്ട് പറഞ്ഞു “ഇത്രേം തവണയായി അപ്പച്ചൻ അവിടിരുന്ന് വിളിച്ചു പറയുന്നു, ഇച്ചായനെന്താ യാതൊരു ചൂടും ഇല്ലാത്തേ, ഫോട്ടോയും വേണ്ട ഒരു കോപ്പും വേണ്ട വന്ന് വണ്ടിയിൽ കേറുന്നുണ്ടോ ??” എന്ന് പറഞ്ഞുകൊണ്ട് മഞ്ജു കാറിന്റെ അടുത്തേക്ക് പോയി. അനിയനും, അനിയത്തിയും, ജയ്‌ബിനും ഒരു നിമിഷനേരത്തേക്ക് ഞെട്ടി വിറച്ചുപോയി, അന്നും ഞാൻ ഞെട്ടിയില്ല എന്നുള്ളത് ഒരു വലിയ സത്യം ഞാൻ വേഗം ക്യാമറേം സ്റ്റാൻഡും എല്ലാം എടുത്ത് കാറിന്റെ അടുത്തൊട്ട് പോകാൻ തുടങ്ങിയപ്പോ അനിയൻ രൗദ്ര ഭാവത്തോടെ എന്റെ നേർക്ക് വരുന്നു. ഞാൻ മനസ്സിലോർത്തു ദൈവമേ ഇവനെങ്ങാനും വന്നട്ട് പറയോ “നാണമുണ്ടോ നിനക്ക് ഇതുപോലെ ഭാര്യയെ പേടിക്കാൻ” അവനറിയില്ലല്ലോ സന്തുഷ്ടകരമായ കുടുംബജീവിതത്തിന് ഏറ്റവും അത്യാവശ്യം അനുസരണശീലമാണെന്ന്

അവൻ എന്റെ തൊട്ടടുത്തെത്തി, അവന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ല. ഒറ്റ പൊട്ടിച്ചിരി എന്നട്ട് അവൻ പറഞ്ഞു “ഇതിപ്പോ നീ അമ്മച്ചീടെ കൂടെ ജീവിക്കുന്നതും ഭാര്യേടെ കൂടെ ജീവിക്കുന്നതും തമ്മിൽ യാതൊരു വെത്യാസവുമില്ലല്ലോ” ഞാൻ ഒരു ഓഞ്ഞ ചിരി ചിരിച്ചട്ട് കാറിന്റെ അടുത്തൊട്ട് നടക്കുമ്പോൾ എന്റെ മനസ്സിൽ പറഞ്ഞു “അടുത്ത വരവിന് ഞാൻ തന്നെ മുൻകൈയെടുത്ത് അവന്റെ കല്യാണം നടത്തണം എന്നട്ട് ഊട്ടിയിലേക്ക് അവനൊരു ട്രിപ്പ് ഓഫർ ചെയ്യുന്നുണ്ട്” അങ്ങനെ പുതുമോടിയെന്ന ഭാവത്തിൽ നടക്കുന്ന ഞാനെന്ന ചെണ്ടയിൽ തട്ടിയും കൊട്ടിയും  ഞങ്ങൾ അതിമനോഹരമായ ഊട്ടിയിലേക്കുള്ള യാത്ര തുടർന്നു.

ജയിംസ്‌ തെക്കേമുറി-ഹ. എഫ്‌. എവിയാൻ ടൂർ. മത്‌ സരത്തിലേക്ക്‌.                

എന്റെ കഥ നടക്കുന്നത്‌. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണു.  കേരളത്തിൽ എറെക്കാലം മന്ത്രി ആയും. അതിലേറെക്കാലം എം എൽ എ ആയും വിരാജിച്ച ഒരു മാന്യദേഹം ആണു കഥയിലെ നായകൻ. അദേഹം ഒരു ദിവസം മന്ത്രി പണി കഴിഞ്ഞ്‌ അദേഹത്തിന്റെ പാർട്ടി ഓഫീസിലേക്ക്‌ വന്നപ്പോൾ കാറിൽ ഇരിക്കുബോൾ തന്നെ അദേഹത്തിന്റെ ദൃഷ്ടിയിൽ ഒരു ഉണങ്ങിവരണ്ട വാടയ്ക്ക തേങ്ങ വന്നുപതിച്ചു. കാറിൽ നിന്നും ഇറങ്ങിയ ഉടൻ പാർട്ടി ഓഫീസിലെ ജീവനക്കാരനെകൊണ്ട്‌ ആ ഉണങ്ങിയ വാടയ്ക്ക തേങ്ങ എടുപ്പിച്ച്‌ തന്റെ സർക്കാർ വക കാറിന്റെ ഡിക്കിയിൽ ഇടുവിപ്പിച്ചു.

പിന്നീട്‌ ആണു ആ മന്ത്രി പുംഗവനു മനസ്സിലായത്‌. ഈ വാടയ്ക്ക തേങ്ങ തന്റെ പുരയിടത്തിലേക്ക്‌ തെങ്ങിന്റെ മുകൾ വശം മാത്രം ചെരിഞ്ഞുനിൽക്കുന്ന തന്റെ അയൽ വാസിയുടെ തെങ്ങിലെ തേങ്ങയാണെന്ന്. ഇനിയും ഉണങ്ങി വരണ്ട്‌ വീഴാറായ ബാക്കി രണ്ട്‌ വാടയ്ക്ക തേങ്ങയും നമ്മുടെ കഥയിലെ നായകൻ കണ്ടു.  എങ്കിലും ആർത്തിപൂണ്ട ആ മന്ത്രിക്ക്‌ പിറ്റെ ദിവസം കേന്ദ്ര മന്ത്രി വിളിച്ചുചേർത്ത ഒരു യോഗത്തിൽ പങ്കെടുക്കുവാൻ അടിയന്തരമായി  ഡൽ ഹിക്ക്‌ പറക്കേണ്ടി വന്നു ആ യാത്രയിലും നമ്മുടെ കഥാനായകന്റെ മനസ്സിൽ ബാക്കി നിന്ന അന്യന്റെ തെങ്ങിലെ  വീഴാറായ വാടയ്ക്ക തേങ്ങ ആയിരുന്നു.                    

ഡൽ ഹിയിൽ എത്തി കേന്ദ്ര മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്തതിനുശേഷം കേരളഹൗസിൽ എത്തി ചോറുണ്ടതിനുശേഷം ഉടൻ തന്നെ അദേഹം തിരുവന്തപുരത്തേ പാർട്ടി ഓഫീസിലേക്ക്‌ ഫോൺ വിളിച്ചു ബാക്കി തെങ്ങിന്റെ മുകളിൽ നിന്നിരുന്ന രണ്ട്‌ വാടയ്ക്ക തേങ്ങകൾ വീണോ എന്നറിയുവാൻ  കഥയുടെ ബാക്കിഭാഗം നിങ്ങൾക്ക്‌ അറിയാവുന്നതുപോലെയേ എനിക്കും അറിയുകയുള്ളു. അതുകൊണ്ട്‌ എന്റെ എളിയ ഈ സംഭവകഥ ഇവിടെ പൂർണ്ണമാകുന്നു.

ഒരു വടക്കൻ യാത്ര-ജോസ് വള്ളാടി

ദേവലോകത്തെ നർത്തകിമാരിൽ അതി സുന്ദരി ആയിരുന്ന ഉർവ്വശി ഒരു വസന്തകാല ത്രിസന്ധ്യ നേരത്തായിരുന്നിരിക്കണം വില്ലാളി വീരനായ അർജുനനെ കണ്ടത്. ആദ്യ ദർശനത്തിൽ അവൾ പ്രണയ പരവശയായി. എന്നാൽ തന്റെ പ്രണയവും വശ്യസൗന്ദര്യവും നിരസിച്ച പാർത്ഥൻ ഒരു പക്ഷെ നമ്മുടെ കാക്കയെപ്പോലെ ഒരു പരമ സാധു ആയിരുന്നിരിക്കണം. ആ ദേവസുന്ദരിയുടെ നൈരാശ്യം കോപമായി പിന്നെ ശാപമായി അവനിൽ പതിച്ചു. ഒരു വർഷക്കാലം ഷണ്ഡത്വം പേറി നപുംസകമായി ജീവിക്കുവാൻ ലഭിച്ച ശാപം  കൗരവ  ശിക്ഷയായ അജ്ഞാത വാസം പൂർത്തികരിക്കുവാൻ അർജുനനെ സഹായിച്ചു. അങ്ങനെ ഉർവ്വശി ശാപം ഉപകാരം എന്ന ചൊല്ലുണ്ടായി.

നാടൻ ഭാഷയിൽ  തത്തിര് ഗുണമായി എന്ന് പറയും. ഒരു വടക്കൻ യാത്രയിൽ ഇപ്രകാരം ഒരു തത്തിര് കിട്ടിയത് ഗുണമായി ഭവിച്ച കാര്യമാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത്.

1990 ൽ ലക്‌നോ നഗരത്തിൽ നിന്നും ഡൽഹിയിലേക്കുള്ള ഒരു ട്രെയിൻ യാത്രയാണ് ഇതിവൃത്തം. രണ്ടു ദിവസം ചില പ്രത്യേക കാര്യങ്ങളുമായി ലക്‌നോ പട്ടണത്തിലെ നല്ല ചൂട് അനുഭവിച്ച് തളർന്ന് രാത്രിയിലെ ട്രെയിനിൽ ഡൽഹിക്ക് പോകാൻ ഞാനും ഒരു സുഹൃത്തും കൂടി റെയിൽവേ സ്റ്റേഷനിലെത്തി. ഒരു ബെർത്ത് കിട്ടിയാൽ  കിടന്നുറങ്ങാനുള്ള തയ്യാറെടുപ്പിൽ എത്തിയ ഞങ്ങൾക്ക് റിസർവേഷൻ സാധ്യത ഇല്ലാ എന്ന അറിയിപ്പ് മടുപ്പിക്കുന്നതായിരുന്നു. ഡൽഹിയിൽ ഏതാനും വര്ഷം താമസിച്ചിട്ടുള്ള സുഹൃത്ത് ശുപാപ്തി വിശ്വാസത്തിലായിരുന്നു. ട്രെയിനിൽ കയറി ടി ടി ആർ ന് കൈമടക്ക് കൊടുത്താൽ കിട്ടാത്തതായ ഒരു സീറ്റും ഇന്ത്യൻ റെയിവെയിൽ ഇല്ലായെന്ന് അവനറിയാം.

വണ്ടി വന്നപ്പോൾ അടുത്തു വന്നു നിന്ന ബോഗിയിൽ തന്നെ കയറിക്കൂടി.രാത്രി പത്ത് മണി ആയതിനാൽ യാത്രക്കാരിൽ മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. ഞങ്ങൾ കമ്പാർട്മെന്റ് മുഴുവൻ നടന്നു നോക്കിയെങ്കിലും ഒരു ബെർത്ത് പോലും ഒഴിവില്ല. ഇവിടെ ഇരുന്നാലും ഉറങ്ങിപ്പോകാനുള്ള ക്ഷിണം ഉണ്ടായിരുന്നതുകൊണ്ട് ടോയ്‌ലറ്റിന്റെ അടുത്ത് തറയിൽ ഇരുപ്പുറപ്പിച്ചു.

അപ്പോഴും സുഹൃത്ത് പറഞ്ഞത് ടി ടി ആർ വരട്ടെ ഏത് ബോഗിയിലാണ് ഒഴിവുള്ളതെന്ന് അയാൾക്കറിയാമല്ലോ. രണ്ടു ബെർത്ത് ഈസിയായി നമുക്ക് കിട്ടുമെന്നാണ്. പാതിരാത്രി ആയപ്പോഴാണ് നമ്മുടെ പരിശോധകൻ ആവഴി എത്തിയത്. ഞങ്ങളുടെ ഇരുപ്പ് തന്നെ അയാൾക്കിഷ്ടമായില്ല എന്ന് തോന്നി.നന്നായി ഹിന്ദി അറിയാവുന്ന സുഹൃത്ത് തന്നെ അദ്ദേഹത്തോട് സംസാരിച്ചു.എല്ലാം കേട്ടശേഷം പരുഷമായി ധിക്കാരത്തോടെ അയാൾ ഒരു കൽപ്പന നൽകി. അടുത്ത സ്റ്റേഷനിൽ ജനറൽ കമ്പാർട്മെൻറിലേക്ക് മാറിക്കൊള്ളണം. ഇവിടെ ഇരിക്കാൻ പറ്റില്ല. ആ മുരടൻ ഞങ്ങളെ വെറും മദ്രാസി ആക്കിയതായി തോന്നി.

കൈമടക്ക് കിട്ടാനുള്ള വഴി ആണെന്ന് കരുതി സുഹൃത്ത് രണ്ട് നൂറിന്റെ നോട്ടുകൾ വച്ച് നീട്ടി. അത് കണ്ടതും കൈക്കൂലിനൽകാൻ  ശ്രമിച്ചതിന് ഇപ്പോൾ തന്നെ പോലീസിനെ അറിയിക്കാൻ പോകുകയാണെന്ന ഭീഷണിയാണ് അയാളിൽ നിന്നുണ്ടായത്. അയാളുടെ ഭാവം കണ്ട ഞങ്ങൾക്ക് അയാൾ പോലീസിനെ വിളിക്കുമെന്ന് ഉറപ്പായി. ഈ രാത്രിയിൽ പോലീസുകാർ പിടിച്ചുകൊണ്ടുപോയാൽ ഉത്തർപ്രദേശിൽ സഹായിക്കാൻ ആരുമുണ്ടാവില്ലല്ലോ എന്ന ചിന്ത ഞങ്ങളെ ഭയപ്പെടുത്തി. നട്ടപ്പാതിരാക്ക് യൂ പി പോലീസിന്റെ ഇടി കൂടി കിട്ടിയാൽ…. ഓർക്കാൻ പോലും പേടി തോന്നി.

എങ്ങനെയെങ്കിലും രക്ഷ പെട്ടാൽ മതിയെന്നായി. ടിടിആർ നോട് ക്ഷമ പറഞ്ഞു സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുകയായിരുന്നു പിന്നീടുള്ള തന്ത്രം. അടുത്ത സ്റ്റേഷനിൽ വണ്ടി നിറുത്തുമ്പോൾ ഇറങ്ങിക്കൊള്ളണം എന്ന താക്കിത് നൽകി അയാൾ പോയി. തല്ക്കാലം രക്ഷപെട്ടല്ലോ എന്ന ആശ്വാസം ഞങ്ങൾക്കുമുണ്ടായി.

രാത്രി രണ്ടുമണിക്ക് ഒരു സ്റ്റേഷനിൽ വണ്ടി നിന്നു. ഇനി ഇറങ്ങി ജനറൽ കമ്പാർട്ട്മെൻറിൽ കയറണമെങ്കിൽ ഏറ്റവും മുന്പിലോ പിറകിലോ എത്തണം.  എത്ര സമയം വണ്ടി ഇവിടെ നിൽക്കുമെന്നോ മാറിക്കയറ്റം സാധിക്കുമെന്നോ ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. ഇനി അയാൾ വരില്ലായിരിക്കും അതുകൊണ്ട് ഇവിടെ തന്നെ ഇരുന്നേക്കാം എന്ന ചിന്ത അപ്പോൾ ഞങ്ങളിൽ ഉണ്ടായി.എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഡ്രാക്കുള പ്രഭുവിനെപ്പോലെ കറുത്ത കോട്ടിട്ട ആ ഇരുണ്ട രൂപം പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒരാക്രോശമായിരുന്നു – കടക്ക്‌ പുറത്ത്.

സുരതക്രിയാ വിഘ്നം നേരിട്ട കരിനാഗത്തിന്റെ ശീൽക്കാരഭാവമായിരുന്നു ആ മുഖപേശികളിൽ ഗോചരമായത്.ഒന്നും മിണ്ടാതെ ഞങ്ങൾ പുറത്തിറങ്ങി ഏറ്റവും മുൻപിലെ ജനറൽ കമ്പാർട്ട്മെന്റ് തേടി ഓടാൻ തുടങ്ങി. പക്ഷെ അവിടം വരെ എത്തുന്നതിനു മുൻപ് വണ്ടി ചലിക്കാൻ തുടങ്ങി. തൊട്ടടുത്ത് കണ്ട ബോഗിയിലേക്ക് എന്തും വരട്ടെ എന്ന് കരുതി ചാടിക്കയറി. അവിടെയും യാത്രക്കാർ നല്ല ഉറക്കത്തിലാണ്. ടോയ്‌ലറ്റിന്റെ പരസരം തന്നെ ശരണം എന്ന ചിന്തയോടെ മുന്നോട്ട് നടക്കുമ്പോൾ അതാ രണ്ട് ബെർത്തുകൾ ഒഴിഞ്ഞു കിടക്കുന്നു. ഇനി ആരെയും പേടിക്കേണ്ട എന്ന തോന്നലിൽ ഞങ്ങളുടെ മനസ്സിൽ ലഡു പൊട്ടി. അപ്പോഴേക്കും ക്ഷിണിച്ച രണ്ട് ശരീരങ്ങളെ ആശ്ലേഷിക്കാൻ ബെർത്ത് റെഡിയായി കഴിഞ്ഞിരുന്നു

ഡൽഹി റയിൽവേ സ്റ്റേഷനിലെ ആരവങ്ങളാണ് രാവിലെ ഞങ്ങളെ ഉണർത്തിയത്.അങ്ങനെ പെടലിക്ക്  ഒരു തത്തിര് തന്ന് ഗുണം ചെയ്ത ആ പുണ്യാൻമാവിന് മനസ്സിൽ നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ തലസ്ഥാന നഗരിയിൽ കാലു കുത്തി.

സിജോ

ഇത് കുറച്ചു നാൾ മുൻപ് എഴുതിയതാ ….ലാൽ ജോസ്  നടത്തുന്ന സാഹസികയാത്ര തുടങ്ങുന്നതിനു  മുന്പ് ഞാൻ  ഈ യാത്ര പ്ലാൻ  ചെയ്തിരുന്നു. പക്ഷേ, സമയവും  സാഹചര്യവും ഇപ്പോളാണ് ഒത്തുവന്നത്. ‘എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്  ദാസ’ എന്നു പറയുന്നതുപോലെ, ഞങ്ങളുടെ  സമയം ഇപ്പോഴായിരുന്നു. വലിയ സാഹസികതയോന്നുമില്ലായിരുന്നെങ്കിലും ചെറിയൊരു വെല്ലുവിളിയെങ്കിലും നേരിടേണ്ടിവന്നു.

ഫാമിലിയിട്ടു ഇതുപോലൊരു യാത്ര പോകുമ്പോൾ  വെല്ലുവിളികൾ പലതുണ്ട്. പക്ഷെ പ്രിയപത്നി സ്വപ്നയും കുട്ടികളും എന്നോട് വളരേ സഹകരിച്ചു. യാത്രയിൽ ഉടനീളം  സ്വപ്ന  മിക്കസമയവും ഉറങ്ങിയും കുട്ടികൾ അവരുടെ  സ്വന്തം  കളികളും വായനകളുമോക്കെയായി സമയം തള്ളിനീക്കി. നിയമോൾ ചിലസമയങ്ങളിൽ പപ്പേ പപ്പേ .. എന്നുവിളിച്ചു എന്തെങ്കിലും ഒക്കെ ചോദിച്ചുകൊണ്ടിരുന്നു. ഇടക്കൊക്കെ ഇത്തിരി അസൌകര്യം ആയിരുന്നെങ്കിലും ശ്രദ്ധയോടെ  ഡ്രൈവ് ചെയ്തു. ഓസ് ട്രിയയയിൽ നിന്നും  രാവിലെ 5 മണിക്ക് യാത്ര തുടങ്ങി, റേഗൻസ്ബുര്ഗിൽ ( ജർമ്മനി) പ്രാതെൽ  കഴിച്ചു. നുംബെര്ഗ്  വഴി 13:00 മണിക്ക് ഫ്രാങ്ക്ഭുർട്ടിൽ എത്തി. 2 മണിക്കൂർ അവിടെ  നഗരം കണ്ടുനടന്നു. മാനം മുട്ടുന്ന വലിയ കെട്ടിടങ്ങളും, ലോകത്തിലെ എല്ലാ ബാങ്കുകളും, സ്യുട്ടിട്ട്‌ മാത്രം നടക്കുന്ന ബാങ്ക് ജീവനക്കാരും, നദിയും ചെറിയ കപ്പലുകളും, പുരാതന പള്ളികളും, തിരക്കേറിയ വീഥികളും, കണ്ണിനു കൌതുകമേകി. നഗരമധ്യത്തിൽ ചെങ്കല്ലിൻ നിറമുള്ള പള്ളി കൗതുകമേകി.

ഏകദേശം 16:00 മണിയോടുകൂടി  ഞങ്ങൾ കൊളോണിനു കുറച്ചുമുമ്ബായിട്ട് നേരത്തെ ബുക്ക്‌ ചെയ്തിരുന്ന ഹോട്ടലിൽ എത്തി. ചെറിയ വിശ്രമത്തിന്  ശേഷം അവിടെ കുറച്ചു നടക്കാൻ പോയി. അത്താഴത്തിനു ശേഷം സുഘമായി  ഉറങ്ങി. പിറ്റേന്ന്  രാവിലെ  പ്രാതെലിനു  ശേഷം 9:00 നു  യാത്ര തുടങ്ങി, കൊളോണ്‍  വഴി കുറച്ചുദൂരം  നെദർലാൻഡിലൂടെ കടന്ന് ബെൽജിയത്തിൽ എത്തി. തലസ്ഥാനമായ  ബ്രസ്സൽസ്   കടന്നു ഫ്രാൻസിന്റെ  തീരപ്രദേശമായ കലായിസിലേക്ക് ഏകദേശം 12:30 ഓടുകൂടി  എത്തിച്ചേർന്നു. ഫെറീ യാത്ര അത്യന്തം ആനന്ദകരവും  ആവേശകരവുമായിരുന്നു. 200 മീറ്റെർ  നീളവും അതിനൊത്ത  വീതിയും ഉള്ള വലിയ കടത്തു കപ്പലിൽ ട്രക്കുകൾ  ബസ്സുകൾ, പിന്നെ കാറുകളും, എല്ലാം വരിവരിയായീ കപ്പലിൽ പാർക്ക്‌ ചെയ്തു. ഒന്നര മണിക്കൂർ യാത്ര അവസാനിച്ചത്‌ ഇംഗ്ലണ്ടിന്റെ  ഡോവർ തീരത്താണ്.   അവിടംമുതൽ റോഡിൻറെ ഇടതുവശം ചേർന്ന് ഓടിക്കണം എന്ന കാര്യം എപ്പോളും ഓർമയിൽ നിലനിർത്തി. പിന്നെ കിലോമീറ്റർ മാറി മൈൽ ആയി, റഡാർ ക്യാമറ കണ്ണുകളിൽ പെടാതെ  വേഗത നിയന്ത്രിച്ചു യാത്ര തുടർന്നു. ബ്രിട്ടീഷ്‌  സമയം 18:00 നു  ജിസിന്റെ വീട്ടിൽ  എത്തിച്ചേർന്നു. ഹാവൂ  ആശ്വാസമായി. ….രക്ഷപെട്ടു. …ഇനി 16.08.14 നു സ്വാമി കൂട്ടുകാരെ കാണാൻ മാന്ചെസ്റെറിന് പോകണം. പിന്നെ 20.08.14 നു തിരിച്ച്  വിയെന്നക്ക്. ….

ജോയി പെരുംമ്പള്ളി

എന്റെ അയൽ വാസിയും അകന്ന ബന്ധു കൂടിയായ ഒരു ചിറ്റപ്പനു നാലു പെൺ മക്കൾ ഉണ്ടായിരുന്നു. അവരിൽ മൂത്ത മകളെ ചിറ്റപ്പൻ ഉന്നത വിദ്യാഭ്യാസത്തിനായി കോയബത്തൂരിലേക്ക്‌ അയച്ചു. അവൾ അവിടെ വെച്ച്‌ ഒരു തമിഴ്‌ പയ്യനുമായി പ്രേമത്തിലാകുകയും ചിറ്റപ്പൻ ഈ വിവരം അറിയുകയും അവളുടെ വിദ്യാഭ്യാസം നിർത്തി വീട്ടിൽ കൊണ്ട്‌ വന്ന് നിർത്തുകയും ചെയ്തു. അവൻ ബന്ധപ്പെടാതിരിക്കുന്നതിനു വേണ്ടി വീട്ടിലെ ടെലഫോൺ ബണ്ഡങ്ങൾ വിചേദിക്കുകയും  സ്വന്തം വീട്ടിൽ മകൾക്ക്‌ കാവൽ എർപ്പെടുത്തുകയും ചെയ്തു. എങ്കിലും അവൾ വേറെ കൂട്ടുകാരികൾ മുഖേന അവനുമായി ബണ്ഡപ്പെട്ടുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച അവൾ അമ്മയുടെ കൂടെ പള്ളിയിൽ പോയി. മകൾ കുർബാന സ്വീകരിക്കുന്നതു വരെ അമ്മ മകളെ കണ്ടിരുന്നു. പക്ഷേ കുർബാന കഴിഞ്ഞപ്പോൾ മകളെ കാണാനില്ല പക്ഷേ മകളുടെ ചെരിപ്പ്‌ പള്ളി നടയിൽ കിടപ്പുണ്ടായിരുന്നതുകൊണ്ട്‌ അമ്മയ്ക്ക്‌ സംശയം തോന്നിയില്ല. കുർബാന കഴിഞ്ഞ്‌ എല്ലാവരും വീട്ടിൽ പോയപ്പോഴും മകളെ കാണാതായപ്പോൾ ആ അമ്മ ബണ്ഡുജനങ്ങളെയും അയൽ വാസികളെയും വിവരം അറിയിച്ചു.  അങ്ങനെ ഈ വിവരം ഞാനും അറിഞ്ഞു.  അറിഞ്ഞ ഉടനെ അന്വേഷണ സംഘത്തിന്റെ ചുമതല ഞാൻ എറ്റെടുത്തു.  ഞാൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണ സംഘത്തെ നാട്ടിലെ റെയിൽ വേ സ്റ്റേഷനുകളിലും. കെ. എസ്‌. ആർ. ടി. സി. ബസ്‌ ഡിപ്പോകളിലേക്കും അയച്ചു.  കോട്ടയം , മൂവാറ്റുപുഴ. ഡിപ്പോകളിൽ പോലീസ്‌ സഹായത്തോടെ എല്ലാബസുകളിലും പരിശോധന നടത്തി. പക്ഷേ യാതൊരു പ്രയോചനവും ഉണ്ടായില്ല.                   

എങ്കിലും ഞാൻ പിൻ മാറാൻ തയ്യാറായിരുന്നില്ല. എന്റെ അന്വേഷണത്തിൽ ആ തമിഴ്‌ പയ്യന്റെ ഒരു സുഹൃത്ത്‌ ഇടുക്കി ജില്ലയിലെ നെടുംകണ്ടത്ത്‌ ഉണ്ടെന്ന് ഞാനറിഞ്ഞു. ആ വിവരം പെൺ കുട്ടിയുടെ വീട്ടുകാരെ അറിയിച്ചപ്പോൾ അവർ എന്റെ കഴിവിനെ അഭിനന്ദിച്ചു.  അങ്ങനെ ഞാൻ പോലീസ്‌ സഹായത്തോടെ നെടും കണ്ടം ലക്ഷ്യമാക്കി യാത്ര തിരിച്ചു. പക്ഷേ അത്‌ എന്റെ ജീവിതത്തിലെ ഒരു ദുരിത യാത്ര ആയിരുന്നു വെന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല.             

എന്റെ ദുരിത യാത്ര ആരംഭിക്കുന്നു. വൈകിട്ട്‌ ഒൻപത്‌ മണിയോടു കൂടി ഞാനും പാല പോലീസ്‌ സ്റ്റേഷനിലെ രണ്ട്‌ പോലീസുകാരും കൂടി പാലായിൽ നിന്നും ബസ്സിൽ കയറി പൊൻ കുന്നത്ത്‌ ഇറങ്ങി.  അവിടെ നിന്നും മധുര ബസ്സിൽ കയറി കുമളിക്ക്‌ യാത്ര തിരിച്ചു. കാഞ്ഞിരപ്പള്ളിയിൽ ചെല്ലുബോൾ ഇരിക്കാൻ സീറ്റു കിട്ടുമെന്ന് ഞാൻ വിചാരിച്ചു. നിർഭാഗ്യ വശാൽ കിട്ടിയില്ല. മുണ്ടക്കയത്ത്‌ വന്നപ്പോൾ രണ്ട്‌ സീറ്റ്‌ കിട്ടി   ആ സീറ്റിൽ പോലീസുകാരെ ഇരുത്തി.  ഞാൻ കുമളി വരെ നിൽക്കേണ്ടി വന്നു.  പകലത്തെ ജോലിയുടെ  ക്ഷീണം കൊണ്ട്‌ ഞാൻ ബസ്സിൽ നിന്ന് ഉറങ്ങി പോലീസുകാർ ഇരുന്നും ഉറങ്ങി. ബസ്‌ കുമളി കഴിഞ്ഞ്‌ എതാണ്ട്‌ ആറു കിലോമീറ്റർ കഴിഞ്ഞപ്പോൾ കണ്ടക്ടർ എന്നെ വന്ന് വിളിച്ചുണർത്തി പറഞ്ഞു. കുമളി കഴിഞ്ഞു വെന്ന്.

അങ്ങനെ കോരിച്ചൊരിയുന്ന മഴയത്ത്‌ ഞങ്ങൾ മൂവരും കൂടി എല്ലാവരെയും തെറി പറഞ്ഞ്‌ എല്ലാ വണ്ടിക്കും കൈ കാണിച്ച്‌ കുമളി വരെ പാതിരാവിൽ നടന്നു. ആ നടപ്പ്‌ ഞാൻ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്നു.  അങ്ങനെ കുമളിയിൽ വന്ന് കടും കാപ്പിയും കുടിച്ച്‌ അടുത്ത ബസ്സിൽ ഞങ്ങൾ നെടും കണ്ടത്ത്‌ വന്ന് ഹോട്ടലിൽ റൂം എടുത്ത്‌ കുളിയും കഴിഞ്ഞ്‌ പോലീസ്‌ സ്റ്റേഷനിൽ ചെന്ന് നെടും ങ്കണ്ടം പോലീസിനെയും കൂട്ടി തമിഴ്‌ പയ്യന്റെ കൂട്ടുകാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി നെടുംങ്കണ്ടം പോലീസ്‌ സ്റ്റേഷനിൽ ഹാജരാക്കി അവിടെ നിന്നും ജീപ്പും പിടിച്ച്‌ പാലായിൽ എത്തിയപ്പോൾ ഇടുക്കി ഡി. സി. സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ പയ്യനെ ജാമ്യത്തിൽ കൊണ്ടുപോകുവാൻ ഇടുക്കിയിൽ നിന്നും രണ്ടു വണ്ടി ഖദർ ധാരികൾ. എങ്കിലും പാലാ പോലീസ്‌ ഒരു മണിക്കൂർ ചോദ്യം ചെയ്തതിനു ശേഷം ഖദർ ധാരികൾക്ക്‌ പയ്യനെ വിട്ടു കൊടുത്തു.  തമിഴ്‌ പയ്യനും എന്റെ ബണ്ഡുകൂടിയായ പെൺകുട്ടിയും അവരുടെ വീട്ടുകാരും ഇപ്പോൾ സുഖമായി സന്തോഷത്തോടെ ജീവിക്കുന്നു.  എന്റെ യാത്ര മാത്രം ദുരിത യാത്രയായി മാറി.

അണക്കെട്ടു വിഴുങ്ങിയവൻ  -John Kurinjirappalli

ഞാൻ നാലാം ക്‌ളാസിൽ പഠിക്കുമ്പോളാണ് ആദ്യമായി വിനോദ യാത്രക്ക് പോകുന്നത്.അത് എന്റെ ചാച്ചന്റെ മഹാമനസ്സകത കൊണ്ടൊന്നും ആയിരുന്നില്ല.ചാച്ചന്റെ അടുത്ത സുഹൃത്ത് കൊച്ചേട്ടൻ പറഞ്ഞു “പിള്ളേരു  പോട്ടെ തോമസുചേട്ടാ, ഞാൻ എന്റെ ചെറുക്കനെ വിടുന്നുണ്ട്.”എന്ന്.അങ്ങിനെ ഞാനും കൊച്ചേട്ടന്റെ മകൻ ജോയിയും അടക്കം നാൽപ്പതോളം കുട്ടികൾ സ്കൂൾ വിനോദയാത്രക്ക് റെഡിയായി.പുറപ്പെടുന്നതിനുമുന്പ് ഞങ്ങൾ സന്ദർശിക്കാൻ പോകുന്ന സ്ഥലമായ മൈസൂർ എന്ന സ്ഥലത്തെക്കുറിച്ചു ഞങ്ങളുടെ സാമൂഹ്യപാഠ അധ്യാപകൻ വിശദമായി പറഞ്ഞു തന്നു.മൈസൂരിൽ ടിപ്പുസുൽത്താൻ വെടിയേറ്റ് വീണ് സ്ഥലം കാഴ്ചബംഗ്ലാവ് പിന്നെ അണക്കെട്ട് വൃന്ദാവനം അങ്ങിനെ കത്തിക്കയറുകയാണ്..കൂടെ സാര് പറഞ്ഞു ,”കേരളത്തിലെ മുല്ല പെരിയാർ പോലെ സുർക്കി ഉപയോഗിച്ചാണ് നമ്മൾ കാണാൻപോകുന്ന മൈസൂരിലെ അണക്കെട്ടുംപണിതിരിക്കുന്നത് “.

ഒട്ടും  താമസിയാതെ കൊച്ചേട്ടന്റെ മകൻ ജോയി ചോദിച്ചു ,” അതെന്താ സാറെ ,വർക്കി?””വർക്കി അല്ലടാ മണ്ട ,സുർക്കി”.സാർ വിശദീകരിച്ചു പറഞ്ഞു തന്നു,എന്താണ് സുർക്കി എന്ന്.ശർക്കരയും മണലും ചുണ്ണാമ്പും ചൂടാക്കി ഉരുക്കി എടുത്തു  കല്ലുകെട്ടാൻ ഉപയോഗിക്കുന്നു,അതാണ് സുർക്കി”ജോയി വാപൊളിച്ചിരിക്കുന്നു ഞാൻ നോക്കുമ്പോൾ.അവൻ പതുക്കെ പറഞ്ഞു,”ന്നാലും ഒരണ കെട്ടുമുഴുവൻ ശർക്കരകൊണ്ട് പണിയുക ,എന്ത് രസമായിരിക്കും അത് കാണാൻ.”അവന്റെ വായിൽ നിന്നും വെള്ളം ഒഴുകാൻ തുടങ്ങി.
അങ്ങിനെ ആ ദിവസം വന്നു ചേർന്നു.കുട്ടികളെല്ലാം തങ്ങൾ കാണാൻ പോകുന്ന അത്ഭുത കാഴ്ചകൾ സ്വപ്നംകണ്ട് ഉറങ്ങാതെ ആണ് വന്നിരിക്കുന്നതെന്നു തോന്നുന്നു.ഞാനും ജോയി യും അടുത്ത സീറ്റിലാണ് ഇരുന്നത്.

അവൻ എപ്പോഴും എന്റെ പിറകെ കാണും.ഇടയ്ക്കിടയ്ക്ക് അവൻപറഞ്ഞുകൊണ്ടിരുന്നു,”നമുക്ക് ആദ്യം അണക്കെട്ടുകാണാം എന്ന് സാറിനോട് പറയാം,”എന്ന് .സാറുപറഞ്ഞു ,ഇല്ല നമ്മൾ അവസാനമാണ് അണക്കെട്ടു കാണുന്നത് എന്ന്.അങ്ങിനെ ഞങൾ നാലുമണിയായപ്പോൾ അണക്കെട്ടിന്റെ പരിസരത്തെത്തി.വൃന്ദാവനം ചുറ്റി കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ സാർ എന്നോട് ഒരു ചോദ്യം,” എടാ ,ജോയ്‌ എവിടെ?”അവനെ കാണാനില്ല.ഈ ആൾക്കൂട്ടത്തിനിടയിൽ ഇനി അവനെ എങ്ങിനെ കണ്ടുപിടിക്കാനാണ്?
എല്ലാവരും ഭയന്നു വിറച്ചുപോയി എന്ന് പറയാം.

ഞങ്ങളെ ഡാൻസിങ് ഫൗണ്ടൈന്റെ അടുത്ത് നിർത്തിയിട്ടു അധ്യാപകർ പല ഗ്രൂപ്പ് കളായി തിരിഞ്ഞു അവനെ തേടിപ്പോയി.അവസാനം ഒരു ഗ്രൂപ്പ് അവനെ കണ്ടുപിടിച്ചു.പാവം ജോയി അണക്കെട്ടിലെ ശർക്കര തേടി പോയതാണ്.അദ്ധ്യാപകർ കണ്ടത് അണക്കെട്ടിന്റെ ഭിത്തിയിൽ നക്കി ശർക്കര ടെസ്റ്റ് ചെയ്തുകൊണ്ടിരുന്ന ജോയി യെ ആണ്.ആ വിനോദയാത്രയുടെ അവസാനമായപ്പോഴേക്കും അവന് അണക്കെട്ടുവിഴുങ്ങി എന്ന പേരും കിട്ടി.പക്ഷെ ആ പേര് അന്വർഥമാക്കികൊണ്ടു അവൻ ഡാമുകളുടെയും റോഡുകളുടെയും കോൺട്രാക്ടർ ആയി ജീവിക്കുന്നു.

PLEASE CLICK HERE AND WATCH PHOTOS

MORE PHOTOS ADDING SOON

 

VIDEOS PART 1  , PART 2 , PART 3