Association Europe Music Pravasi Switzerland

സ്വര്‍ഗീയ ഗായകന്‍ “കെസ്റ്റര്‍’ ഹൃദയാഞ്ജലി 2019 എന്ന സംഗീത സായാഹ്നത്തിനായി മെയ് 18 ന് സ്വിറ്റസർലണ്ടിൽ

മലയാള ക്രൈസ്തവ സംഗീതത്തിലെ “ഡിവൈന്‍ വോയിസ്­ ‘ എന്നറിയപെടുന്ന ഗായകന്‍ കെസ്റ്റര്‍ സ്വിസ്സ്  മലയാളികളുടെ മുമ്പിലേക്കു എത്തുന്നു. സ്വിറ്റസർലണ്ടിലെ സംഗീതകൂട്ടായ്‌മയായ ഗ്രേസ്‌ബാൻഡ് മെയ് പതിനെട്ടിന്  ബാസലിൽ ഒരുക്കുന്ന  ഹൃദയാഞ്ജലി 2019  എന്ന സംഗീത ഷോയിലാണ് കെസ്റ്റർ പങ്കെടുക്കുന്നത്  .തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റ്റര്‍ കോളജ് പഠനത്തിന് പിന്നാലെ ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

വര്ഷങ്ങളായി ഗ്രേസ്‌ബാൻഡ് നടത്തിവരുന്ന ഈ സംഗീതസന്ധ്യയിൽ സ്വിറ്റസർലണ്ടിലെ മുഴുവൻ ഗായികാ ഗായകന്മാരും പിന്നണി പ്രവർത്തകരും ഒത്തുചേരുന്നു . പിന്നണിഗാനശാഖയെ കരോക്കെ കൈയടക്കുന്ന ഈ കാലഘട്ടത്തിൽ  ആലാപന മികവുകൊണ്ടും ,ആസ്വാദ്യകരമായ ഓർക്കസ്ട്ര കൊണ്ടും ആകർഷണീയമായ സംഗീത സന്ധ്യയായിരിക്കും ഗ്രേസ് ബാൻഡ് ഒരുക്കുക . പഴയതും പുതിയതുമായ ഗാനങ്ങൾ കോർത്തിണക്കി. ലൈവായി പാട്ടിന്റെ പാലാഴി തീർത്തു  സംഗീത നിശ യൂറോപ്പിൽ മലയാള സംഗീതലോകത്തിനു വരാനിരിക്കുന്ന പുത്തൻ പ്രതീക്ഷകൾക്ക്‌ ചിറകുവിരിക്കും . ഈ ഗാനമേളയിൽ സ്വിറ്റസർലണ്ടിലെയും കൂടാതെ ഇഗ്ലണ്ട് ,ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ഇരുപത്തിയഞ്ചോളം കലാകാരന്മാർ ഈ ഗാനശിൽപത്തിൽ അണിചേരും  .

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷണല്‍ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌­നേഹം എത്രയോ അവര്‍ണനീയം ,ഇന്നയോളം എന്നെ നടത്തി… ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ …,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍… ,നിത്യ സ്‌­നേഹത്താല്‍ …,എന്നേശുവെ എന്‍ നാഥനെ… ,എനിക്കായി കരുതുന്നവന്‍…ഇസ്രയേലിന്‍ നായകാ…..എന്റെ മുഖം വാടിയാല്‍…, കണ്ണുനീര്‍ താഴ്‌­വരയില്‍…,എന്റെ യേശു എനിക്ക് നല്ലവന്‍ .. സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം…., സര്‍വശക്തതാതനാം….തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.ആദ്യമായാണ് കെസ്റ്റർ ഒരു സംഗീതവിരുന്നിനായി സ്വിറ്റസർലണ്ടിൽ എത്തിച്ചേരുന്നത് .