Sports

ഗോകുലം കേരള എഫ്സിയുടെ അടുത്ത ലക്ഷ്യം സൂപ്പര്‍ കപ്പ് യോഗ്യത

ഐലീഗില്‍ കന്നിക്കാരായെത്തിയ ഗോകുലം കേരള എഫ്സിയുടെ അടുത്ത ലക്ഷ്യം സൂപ്പര്‍ കപ്പിലേക്ക് യോഗ്യത നേടുകയാണ്. ഐ ലീഗില്‍ ആദ്യ ഘട്ടത്തില്‍ നിറം മങ്ങിയെങ്കിലും അവസാനം വമ്പന്മാരെയടക്കം അട്ടിമറിച്ച ടീമിനെ അടുത്ത സീസണാകുമ്പോഴേക്കും കൂടുതല്‍ ശക്തിപ്പെടുത്താനാണ് മാനേജ്മെന്റ് തീരുമാനം. വിദേശത്തടക്കം പരിശീലനത്തിന് അവസരമൊരുക്കുകയും ചെയ്യും. കോര്‍പ്പറേറ്റ് എന്‍ട്രി വഴിയാണ് ഗോകുലം എഫ്സി ഐ ലീഗില്‍ എത്തിയത്. ആദ്യ ഘട്ടത്തില്‍ ആരാധകരുടെ പ്രതീക്ഷ ടീമിന് കാക്കാനായില്ലെങ്കിലും പിന്നീട് മോഹന്‍ബഗാനെയും ഈസ്റ്റ് ബംഗാളിനേയും ഒക്കെ തോല്‍പിക്കാനും ടീമിനായി.

ചാമ്പ്യന്മാരായ മിനര്‍വയെയും ഒരു തവണ പരാജയപ്പെടുത്തിയ ഗോകുലത്തിന് നേരിട്ട് സൂപ്പര്‍ കപ്പ് യോഗ്യത നേടാനായില്ല. യോഗ്യത മത്സരത്തിലൂടെ സൂപ്പര്‍ കപ്പിലെത്തുകയാണ് ടീമിന്റെ ലക്ഷ്യം. അതിന് ശേഷം അടുത്ത ഐ ലീഗ് സീസണിനായി മികച്ച വിദേശ താരങ്ങളെ എത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് മാനേജ്മെന്റ് ശ്രമം തുടങ്ങി കഴിഞ്ഞു. നിലവിലെ മലയാളി താരങ്ങളില്‍ മികച്ച പ്രകടനം നടത്തിയവരെ നിലനിര്‍ത്തി കൂടുതല്‍ മലയാളി താരങ്ങളേയും ടീമിലേക്ക് എത്തിക്കും. ഇത്തവണ മുന്നേറ്റ നിരയിലാണ് ടീമിന് മങ്ങലേറ്റത്. പരിചയ കുറവും ആദ്യ സീസണില്‍ വിനയായി. ഇതെല്ലാം പരിഹരിക്കുന്ന നിലയിലായിരിക്കും വരുന്ന സീസണിലെ ടീം സെലക്ഷന്‍.