Sports

ലോകകപ്പിലെ ശനിദശമാറ്റാന്‍ മെക്‌സിക്കോ

ലോകകപ്പിലെ സ്ഥിരം സാന്നിധ്യങ്ങളായിട്ടും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്ത മെക്‌സിക്കോ ഇത്തവണ എത്തുന്നത് ഈ ശനിദശ മാറ്റാനാണ്. അഞ്ചാം ലോകകപ്പ് കളിക്കാനൊരുങ്ങുന്ന റാഫേല്‍ മാര്‍ക്വേസാണ് മെക്‌സിക്കന്‍ ടീമിലെ ശ്രദ്ധാകേന്ദ്രം.

1930 ലെ ആദ്യ ലോകകപ്പ് മുതല്‍ 2014 ബ്രസീല്‍ വരെയുള്ള 20 ലോകകപ്പുകളില്‍ പതിനഞ്ചെണ്ണത്തിലും ജഴ്‌സിയണിഞ്ഞവരാണ് മെക്‌സിക്കോക്കാര്‍. 1994 മുതലുള്ള തുടര്‍ച്ചയായ ആറ് ലോകകപ്പുകളിലും പ്രീക്വാര്‍ട്ടര്‍ കളിച്ചു. 86ലും എഴുപതിലും ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ് ഏറ്റവും വലിയ നേട്ടം. അതിനാല്‍ തന്നെ ക്വാര്‍ട്ടര്‍ കടമ്പ കടക്കലാണ് ഇത്തവണയും മെക്‌സിക്കന്‍ സംഘത്തിന്റെ ലക്ഷ്യം. കോണ്‍കാകാഫ് മേഖലയില്‍ നിന്നും ഗ്രൂപ്പ് ചാംപ്യന്മാരായാണ് മെക്‌സിക്കോ ഇത്തവണയും ലോകകപ്പിന് യോഗ്യത നേടിയത്.

കോച്ച് ജുവാന്‍ കാര്‍ലോസ് ഓസോറിയോ കഴിഞ്ഞ ദിവസം റഷ്യയിലേക്കുള്ള 27 അംഗ സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് വെറ്ററന്‍ സൂപ്പര്‍ താരം റാഫേല്‍ മാര്‍ക്വേസിന്റെ സാനിധ്യമാണ്. ഇത്തവണയും അന്തിമ സംഘത്തില്‍ ഉള്‍പ്പെടുകയാണെങ്കില്‍ അഞ്ച് ലോകകപ്പുകള്‍ കളിക്കുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാകും റാഫേല്‍ മാര്‍ക്വേസ് സ്വന്തമാക്കുക. വെസ്റ്റ്ഹാം താരം ഹാവിയര്‍ ഹെര്‍ണാണ്ടസ്, ബെനഫിക്കയുടെ റൗള്‍ ജിമിനെസ്, ജീസസ് കൊറോണ പോര്‍ട്ടോയുടെ ഹെക്റ്റര്‍ ഹെരേര, ഗോള്‍കീപ്പര്‍ ഗ്വില്ലര്‍മോ ഒച്ചാവ തുടങ്ങിയവരും പ്രതീക്ഷകളാണ്.

കരുത്തരായ ജര്‍മ്മനി, സ്വീഡന്‍, ദക്ഷിണകൊറിയ എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് എഫിലാണ് ഇത്തവണ മെക്‌സിക്കോ. പതിനേഴിന് ജര്‍മ്മനിയുമായാണ് ആദ്യ മത്സരം