Europe India kerala Pravasi Switzerland World

പുരക്ക് തീപിടിക്കുമ്പോൾ വാഴ വെട്ടുന്നവർ-പ്രളയവും ,പ്രളയശേഷവും -ജെയിംസ് തെക്കേമുറി

ഒരോ ദുരന്തങ്ങളും പുതിയ പാഠപുസ്തകങ്ങളായി മാറുന്നതോടൊപ്പം തലനാരിഴ കീറിയുള്ള അവലോകനത്തിനും വിവാദങ്ങൾക്കും കാരണമായി മാറാറുണ്ട് .വാദങ്ങളും പ്രതിവാദങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കേരളത്തെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല .നിരവധിയായ പാർട്ടികളും ഉപ പാർട്ടികളുമുള്ള കേരളത്തിൽ ഇതെല്ലാം സർവ്വസാധാരണമാണ്.

കേരളം മഹാപ്രളയത്തിലൂടെ കടന്നുപോയ നാളുകളിൽ ആദ്യം വിവാദത്തിന് തിരികൊളുത്തിയത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയായിരുന്നു.ദുരന്തനിവാരണം പൂർണ്ണമായി പട്ടാളത്തെ ഏൽപ്പിക്കണമെന്നുള്ള വാദമായിരുന്നു അത്.അത് പക്ഷെ ചെന്നിത്തലക്ക് അറിവില്ലാത്തതു കൊണ്ടല്ല, അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ബോധ്യമില്ലാത്തതും കൊണ്ടല്ല .മറിച്ച് തന്ത്രശാലിയായ ഒരു രാഷ്ട്രിയക്കാരൻ സമയം നോക്കി ഉണർന്ന് പ്രവർത്തിച്ചതാണ്.ഒരു ജനാധിപത്യ രാജ്യത്ത് പട്ടാളമായാലു ഉദ്യോഗസ്ഥരായാലും പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് ആയിരിക്കണം .അങ്ങനെയെ പാടുള്ളു.സേനയെ കയറ്റി വിടുന്നിടത്തെല്ലാം വലിയ പ്രത്യാഘാതങ്ങൾ സാധാരണ ജനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഇതെല്ലാം അറിഞ്ഞു കൊണ്ട് ചെന്നിത്തല അവസരം നോക്കി രാഷ്ട്രിയം കളിച്ചതാണ്.
രണ്ടാമത്തെ വിവാദ വിഷയം UAE വാഗ്ദാനം ചെയ്ത 700 കോടി രൂപയായി ബന്ധപ്പെട്ടായിരുന്നു ഈ തുക  സ്വികരിക്കാൻ പാടില്ലെന്ന് മോദി. മുൻ UPA സർക്കാരിന്റെ നടപടികൾക്കനുസരിച്ച് വാദിച്ചപ്പോൾ, ഒരു സാമാന്യമായ ചോദ്യമുണ്ട് ജനം പ്രളയത്തിൽ മുങ്ങുമ്പോൾ മുള്ളുമുരിക്ക് കിട്ടിയാലും അതിൽ പിടിക്കുന്നതിൽ തെറ്റുണ്ടോയെന്ന്.
സഹായം ആരിൽ നിന്ന് കിട്ടിയാലും കീഴ്‌ വഴക്കത്തിന്റെ  പേരിൽ മിഥ്യാഭിമാനത്തിന്റെ പേരിൽ വേണ്ടാന്ന് വെയ്ക്കുമ്പോൾ ‘ശ്രീ മോദി  ഒരു കാര്യം ചെയ്യണമായിരുന്നു, കേരളത്തിന്റെ മൊത്തം നഷ്ടം അത് എത്ര കോടി ആയാലും എറ്റെടുക്കാൻ തയ്യാറാവണമായിരുന്നു .അല്ലാതെ ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ച് വിദേശ നയവും രാഷ്ട്രിയവുമായ പ്രശ്നം അവർക്ക് കിട്ടാമായിരുന്ന വലിയ സഹായം തിരസ്കരിച്ചത് വലിയ അപരാധം തന്നെയാണ് .
പട്ടേലിന്റെ പ്രതിമ തീർക്കാൻ 6000 കോടി മുടക്കിയ മോദി കേരളത്തിന് നൽകിയത് വെറും 500 കോടിയാണെന്ന് പറയുബോൾ ഈ ദുരന്തത്തെ കേന്ദ്ര സർക്കാർ എത്ര ലാഘവത്തോടെയാണ്  കണ്ടെതെന്ന് മനസ്സിലാകും . അമേരിക്ക ദാനം ചെയ്തിരുന്ന ഗോതമ്പും പാൽപൊടിയും ഒക്കെ വാങ്ങിക്കഴിച്ചിരുന്ന കാലം കടന്നു പോയെങ്കിലും 132 കോടി ജനങ്ങളിൽ 30 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെയാണെന്നത് നാം വിസ്മരിക്കരുത് . നേപ്പാളിന് ഈ അടുത്ത കാലത്ത് 5000 കോടി രൂപാ സഹായം നൽകിയിരുന്നുവെന്നത് മറക്കരുത്, ‘ ഉണ്ടില്ലെങ്കിലും കോണകം പുരപ്പുറത്ത് വിരിച്ചിരുന്ന മിഥ്യാഭിമാനികളായ തറവാട്ട്‌  കാരണവന്മാരുടെ സ്വഭാവം രാജ്യത്തിന്റെ പ്രധാനമന്ത്രി കാണിക്കരുത് .മറ്റൊന്നുകൂടി
ഈ സഹായം പതിറ്റാണ്ടുകളായി അറബ് രാജ്യങ്ങളിൽ അടിമകളെപ്പോലെ പണിയെടുക്കുന്ന മലയാളികളുടെ ആത്മാത്ഥതക്കു സത്യസന്ധതക്കും UAE നൽകിയ സഹായമാണിത്.
അല്ലാത്ത മോദി ജിക്ക് നൽകിയല്ല ഇത് നിഷേധിക്കാൻ മോദി ജിക്ക് എന്തവകാശം.
 കേരളത്തിന്റെ സ്വന്തം നാവികസേനയായ മത്സ്യതൊഴിലാളികൾ കുട്ടനാട്ടിലും ചെങ്ങന്നൂരിലുമൊക്കെ നടത്തിയ സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക്‌ രാഷ്ട്രീയമില്ലായിരുന്നു. അവർ വന്നത്‌ ഒരു രാഷ്ട്രീയ പാർട്ടിയുടെയും കൊടി കെട്ടിയ ബോട്ടിലല്ലായിരുന്നു. മനുഷ്യത്വം ആയിരുന്നു അവരുടെ കൊടിയടയാളം. മനക്കരുത്തായിരുന്നു അവരുടെ സമ്പാദ്യം. ബഹുമാനപ്പെട്ട സൂസപാക്യം പിതാവിന്റെ പ്രോൽസാഹനം മാത്രമായിരുന്നു അവർക്ക്‌ പ്രചോദനം.  പലർക്കും ജീവൻ നഷ്ടപ്പെട്ടു. ബോട്ടുകൾക്ക്‌ കേടുപാടുകൾ സംഭവിച്ചു. അവർക്ക്‌ പക്ഷേ പരാതിയില്ലായിരുന്നു. ഈ സമയത്ത്‌ ഇവിടുത്തെ ഡി. വൈ. എഫ്‌. ഐ. സഖാക്കൾ കൊടികെട്ടിയ വണ്ടിയിൽ കറങ്ങിനടന്ന് രാഷ്ട്രീയം കളിക്കുകയായിരുന്നു.  മനുഷ്യത്വത്തിന്റെ നക്ഷത്രത്തിനു കൊടിയുടെ പിൻബലം വേണ്ട. ഇത്‌ പറയുമ്പോഴും അവർ ചെയ്ത സേവനത്തെ കുറച്ച്‌ കാണുന്നില്ല. പക്ഷേ അവസരം നോക്കി രാഷ്ട്രീയം കളിച്ച രീതിയെ ആണു വിമർശിക്കുന്നത്‌.
 എത്രയോ അച്ചന്മാരും സിസ്റ്റേഴ്സ്സും കത്തോലിക്കാ സംഘടനാ പ്രവർത്തകരും രാവും പകലും ക്യാമ്പിലും , വെള്ളത്തിലും പണിയെടുത്തു. എത്രയോ കോടികൾ പിരിച്ചെടുത്ത്‌ നൽകി.  അവർ നടത്തിയതൊന്നും കൊടി വെച്ച വണ്ടിയിലല്ലായിരുന്നു. കൊടിയില്ലാത്തതുകൊണ്ടല്ല. അതിന്റെ ആവശ്യം തോന്നാത്തതുകൊണ്ടാണ്. കത്തോലിക്കാസഭയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു സംഘിയേയും അവിടെയൊന്നും കണ്ടില്ല.  മാറിനിന്ന് സംസ്ഥാന സർക്കാരിനെ വിമർശിക്കാനല്ലേ അവർ ശ്രമിച്ചത്‌.
 പ്രളയം അൽപം ഒന്നടങ്ങിയപ്പോൾ പുനരധിവാസത്തെ കുറിച്ച്‌ ചർച്ച ചെയ്യുന്നതിനു പകരം പ്രളയത്തിന്റെ കാരണം പറഞ്ഞ്‌ തമ്മിലടിക്കാനാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും , പരിസ്ഥിതി വാദികളും ശ്രമിച്ചത്‌.  കേരളത്തിൽ കപ്പ നടുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന് പറഞ്ഞ മഹാ ഊളന്മാരായ പരിസ്ഥിതി വാദികൾ വരെയുണ്ടായി. കർഷകൻ ചോര നീരാക്കി ഉണ്ടാക്കുന്ന കപ്പ മൂക്കറ്റം തിന്ന് മത്ത്‌ വന്ന ഇത്തരം കോമാളികൾ നാടിനുതന്നെ ശാപമാണ്. പ്രളയം ചർച്ച ചെയ്യാൻ മൂന്ന് ദിവസം നിയമ സഭ കൂടിയെങ്കിലും ഒന്നും ചർച്ച ചെയ്തില്ല. ഒരു തീരുമാനങ്ങളും ഉണ്ടായില്ല.  മഹാ പ്രളയം നടന്ന ചെങ്ങന്നൂർ, റാന്നി , വയനാട്‌. എം. എൽ. എ. മാർക്ക്‌ സംസാരിക്കാൻ പോലും അവസരം നൽകിയില്ല. മൂന്ന് ദിവസത്തെ സിറ്റിംഗ്‌ ഫീസായി. 13,000 രുപ വരെ വാങ്ങിയ ജന പ്രതിനിധികളും ഉണ്ട്‌.   പിച്ച ചട്ടിയിൽ കയ്യിട്ട്‌ വാരുന്ന ഇത്തരക്കാരെ നാം എന്താണു വിളിക്കേണ്ടത്‌.
അനേകം ആളുകൾ പുനരധിവാസത്തിനായി സ്വന്തം ഭൂമി ദാനം ചെയ്തപ്പോൾ ദുരിതാശ്വസത്തിനു കിട്ടിയ സാധനങ്ങൾ വിറ്റ്‌ കീശ വീർപ്പിച്ചവരും , ദുരിതാശ്വാസ ക്യാമ്പിന്റെ ബാനർ കെട്ടിയ വണ്ടിയിൽ കള്ളക്കടത്ത്‌ നടത്തിയവരും ഉണ്ട്‌.  വായ തുറന്നാൽ മണ്ടത്തരം മാത്രം പറയുന്ന ഒരു കേന്ദ്ര മന്ത്രി ദുരിതാശ്വാസ ക്യമ്പിലെത്തി പായ്‌ വിരിച്ച്‌ കിടന്നുറങ്ങി ഫോട്ടോയെടുത്ത്‌ പത്രത്തിൽ കൊടുത്തതാണു മറ്റൊരു വലിയ തമാശ.  പക്ഷേ ഇത്‌ കേരളമാണ്. അങ്ങേരുടെ പരിപ്പ്‌ അത്ര കണ്ട്‌ വെന്തില്ല.  എന്നുതന്നെ പറയാം.
ഇപ്പോൾ ഡാമുകൾ ഒരുമിച്ചു തുറന്നുവിട്ടതാണ് പ്രളയകാരണം എന്ന് വിലയിരുത്തലുകൾ വരുന്നതിനെ സർക്കാരിന് ശരിയാംവണ്ണം ചെറുത്തുനിൽക്കാൻ സാധിക്കുന്നില്ല  അതിനാൽ ജനശ്രദ്ധ തിരിച്ചുവിടാൻ സ്വന്തം പാർട്ടിയിലെ നേതാവിനെതിരെ MLA നടത്തിയെന്നാരോപിക്കുന്ന ലൈംഗിക പീഠനം വാർത്തകളിൽ സ്ഥാനംപിടിപ്പിക്കുവാൻ സർക്കാരിന്റെ കുരുട്ടു ബുദ്ധിയിൽ വിരിഞ്ഞ പൊറാട്ടുനാടകമാണെന്നും പിന്നാമ്പുറ സംസാരം .
ഇനിയെങ്കിലും വാദങ്ങളും. , വിഴുപ്പലക്കലുകളും അവസാനിപ്പിക്കണം. ഉടുതുണിക്ക്‌ മറുതുണിയില്ലാതെ വേദനിക്കുന്ന പാവങ്ങളുടെ പുനരധി വാസം ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം. അവിടെ രാഷ്ട്രീയം വേണ്ട. ആരോപണങ്ങൾ വേണ്ട. നയങ്ങളും ,കീഴ്‌ വഴക്കങ്ങളും  മാറ്റി വെച്ച്‌ കിട്ടുന്ന എല്ലാ സഹായങ്ങളും സ്വീകരിച്ച്‌ ദൈവത്തിന്റെ സ്വന്തം നാടിനെ പുനർ ജീവിപ്പിക്കാൻ നമ്മുക്ക്‌ എല്ലാവർക്കും ഒന്നിച്ചിറങ്ങാം.