Sports

‘ലാറയുണ്ടായപ്പോള്‍ പോലും ഇന്ത്യയില്‍ ജയിച്ചിട്ടില്ല’; വിന്‍ഡീസ് ഇനി കളിക്കണോ?

വിന്‍ഡീസ് ടീമിന് ഇന്ത്യയില്‍ ടെസ്റ്റ് ജയിക്കണമെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കണമെന്നാണ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതിന് അദ്ദേഹം കൂട്ടിയത് ഇതിഹാസം ബ്രയാന്‍ ലാറയേയും. രാജ്‌കോട്ട് ടെസ്റ്റില്‍ തോറ്റമ്പിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് നായകന്‍ ഹോള്‍ഡര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങള്‍ കളിക്കുന്നത് നമ്പര്‍ വണ്‍ ടീമുമായിട്ടാണ്, അതും വരുടെ നാട്ടില്‍, ചരിത്രം നോക്കുകയാണെങ്കില്‍ 1994ന് ശേഷം ഞങ്ങള്‍ ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. ആ സമയത്തുള്ള കളിക്കാരെ നോക്കുക,. ബ്രയാന്‍ ലാറയും ഇപ്പോള്‍ ‘വിമര്‍ശമുന്നയിക്കുന്നവരൊക്കെ’ അന്ന് കളിച്ചിരുന്നു, ഹോള്‍ഡര്‍ വ്യക്തമാക്കി.

(ഇന്ത്യക്കെതിരെ ഇന്ത്യയില്‍ വെസ്റ്റ് ഇന്‍ഡീസ് അവസാനമായൊരു ടെസ്റ്റ് പരമ്പര സമനിലയിലാക്കിയത് 1994ല്‍ ആണ്. മൊഹാലിയലെ അന്നത്തെ മത്സരത്തില്‍ ലാറ 91 റണ്‍സ് നേടിയിരുന്നു. ഇന്ത്യയില്‍ ലാറ ടെസ്റ്റ് കളിച്ച ഒരേയൊരു പരമ്പരയും 94ലേത് ആയിരുന്നു)

മുന്‍ വിന്‍ഡീസ് നായകന്‍ കാള്‍ ഹൂപറായിരുന്നു, നിലവിലെ വിന്‍ഡീസ് ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നത്. ഇപ്പോഴത്തെ യുവതാരങ്ങള്‍ക്ക് ടി20 കളികളോട് മാത്രമെ താല്‍പര്യമുള്ളൂവെന്ന് കളിക്കാരുടെ പേരെടുത്ത് പറയാതെ അദ്ദേഹം വിമര്‍ശമുന്നയിച്ചിരുന്നു. എല്ലാവരും അവരുടെതായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നു, ഞാന്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്, എനിക്ക് എന്ത് ചെയ്യാനാവും എന്റെ ടീമിന് എന്ത് ചെയ്യാനാവും എന്നാണ്, ജനങ്ങള്‍ എന്ത് പറയുന്നു എന്ന് ഞാന്‍ കാര്യമാക്കുന്നില്ല, കാരണം അവര്‍ക്കൊക്കെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരിക്കണമെന്നും ഹോള്‍ഡര്‍ വ്യക്തമാക്കി. വിമര്‍ശകരുടെ ആഗ്രഹം പോലെ കുറെ കളികള്‍ ഞങ്ങള്‍ക്ക് ജയിക്കാനായിട്ടില്ല. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എതാനും മത്സരങ്ങള്‍ ജയിച്ചിട്ടുണ്ടെന്നും എന്നിട്ടും എന്തിനാണ് ഇത്തരത്തിലുള്ള കടും വിമര്‍ശനങ്ങളെന്നും അദ്ദേഹം ചോദിച്ചു.

രാജ്‌കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ജേസണ്‍ ഹോള്‍ഡറിന് പരിക്കേറ്റതിനാല്‍ കളിക്കാനായിരുന്നില്ല. പകരം ക്രെയ്ഗ് ബ്രാത്ത് വെയിറ്റായിരുന്നു ടീമിനെ നയിച്ചിരുന്നത്. മത്സരത്തില്‍ ഇന്നിങ്‌സിനും 272 റണ്‍സിനും വിന്‍ഡീസ് തോറ്റു. പിന്നാലെയാണ് വിന്‍ഡീസിനകത്ത് നിന്നും പുറത്ത് നിന്നും വിമര്‍ശനങ്ങള്‍ വന്നത്. സമൂഹമാധ്യമങ്ങളിലൂടെയും വിമര്‍ശമുന്നയിച്ചു. ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ് വിമര്‍ശനവുമായി എത്തിയിരുന്നു. ഈ വിന്‍ഡീസ് ടീം രഞ്ജി ട്രോഫിയുടെ ഗ്രൂപ്പ് ഘട്ടംപോലും പിന്നിടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. ഹൈദരാബാദില്‍ വെള്ളിയാഴ്ചയാണ് രണ്ടാം മത്സരം. ജയം എന്നത് വിന്‍ഡീസിനെ സംബന്ധിച്ചിടത്തോളം വിദൂരത്താണെന്നാണ് ഹോള്‍ഡറിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.