Austria Europe France Germany India Italy Pravasi Switzerland

യൂറോപ്പ് യുറാബിയ ആയി മാറുമോ -ജോസ് വള്ളാടിയിൽ

കെയ്‌റോയിൽ ജനിച്ച് ഇൻഗ്ലണ്ടിലെത്തി ഇൻഗ്ലീഷുകാരന്റെ ഭാര്യയായി 1960 മുതൽ സ്വിറ്റ്സർലന്റിൽ ജീവിക്കുന്ന വനിതയാണ് ഗിസലെ ലിറ്റ്‌മാൻ. ബാറ്റ് യെ ഓർ (Bat ye`Or ) എന്ന തൂലികാനാമത്തിൽ പല പുസ്തകങ്ങളും ഇവരുടെതായി പ്രസിദ്ധികരിക്കപ്പെട്ടിട്ടുണ്ട്. 2005 ൽ പ്രസിദ്ധപ്പെടുത്തിയ പുസ്തകമാണ് യുറാബിയ (Eurabia). അനുദിനം യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന മുസ്ലിം ജനത കാലക്രമേണ യൂറോപ്പിനെ ഇസ്ലാം ഭൂകണ്ഡമാക്കി മാറ്റുന്നതാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം.

ഒരാൾ ദൈവത്തെ ഉറക്കെ വിളിച്ചാൽ ചുറ്റുമുള്ളവർ പേടിക്കുമോ ? ഒരു യൂറോപ്യൻ നഗരത്തിലെ ആൾക്കൂട്ടത്തിനു നടുവിൽ നിന്നുകൊണ്ട് ഉച്ചത്തിൽ അള്ളാഹു അക്ബർ എന്ന് വിളിച്ചാൽ ജനം ഭയപ്പെട്ട് ചിതറി ഓടിയിരിക്കും. കഴിഞ്ഞ ദിവസം ഇസ്റ്റാംബുളിൽ നിന്നും സൂറിച്ചിലേക്ക് വന്ന വിമാനത്തിൽ അള്ളാഹു അക്ബർ എന്ന ഉറക്കെ വിളിച്ച വ്യക്തിയെ സഹയാത്രികർ കിഴ്‌പ്പെടുത്തി ബന്ധനസ്ഥനാക്കി.വിമാനം നിലത്തിറങ്ങിയ ഉടൻ പൊലീസിന് കൈമാറുകയും ചെയ്തു. വിമാനയാത്രക്കാർ ബഹുഭൂരിപക്ഷവും യാത്ര അവസാനിക്കുന്നതുവരെ ഭയപ്പെട്ടിരുന്നുവെന്ന് മാധ്യമങ്ങളോട് പറയുകയുണ്ടായി. ഏതു നിമിഷവും ഒരു ബോംബ് പൊട്ടി വിമാനം തകരുമെന്ന് ഭയപ്പെട്ടവരുമുണ്ട്. ഐ എസ് തീവ്രവാദികൾ മനുഷ്യന്റെ തല വെട്ടുമ്പോഴും സ്വയം ബോംബ് ആയി പൊട്ടിത്തെറിക്കുമ്പോഴും അള്ളാഹു അക്ബർ എന്ന് ഉറക്കെ വിളിക്കുന്നത് കേട്ട് തഴമ്പിച്ചവരാണ് ഇന്ന് യൂറോപ്യൻ ജനത.

യൂറോപ്പിനെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രശ്‍നം അഭയാർഥിപ്രവാഹം തന്നെയാണ്. അവർ വളർത്തിയെടുത്ത സ്വന്തം പാരമ്പര്യവും സംസ്കാരവും തിരുത്തിയെഴുതാൻ മാത്രം ശക്തി ഇവിടെ വന്നു ചേരുന്ന സമൂഹത്തിന് കൈവരുവാൻ അധികം കാത്തുനിൽക്കേണ്ടിവരില്ല. ലോകത്തിന്റെ ഏതു കോണിൽ നിന്നായാലും യൂറോപ്പിലേക്ക് എത്തുന്ന വ്യക്തി മറക്കാതെ മാറാപ്പിലാക്കി കൊണ്ടുവരുന്നത് അവന്റെ മതവിശ്വാസവും ആചാരങ്ങളുമാണ്. താൻ ജീവിക്കുന്ന, പണിചെയ്യുന്ന യൂറോപ്യൻ രാജ്യവുമായി ഇണങ്ങി ആ സംസ്കാരം സ്വികരിക്കുവാൻ ആ രാജ്യം ആവശ്യപ്പെടുന്നുവെങ്കിലും ആരും തയ്യാറാകാറില്ല. ഉന്നത നിലവാരത്തിലുള്ള മനുഷ്യാവകാശ നിയമങ്ങളും കാഴ്ചപ്പാടുകളും യുറോപ്യൻ രാജ്യങ്ങൾക്കുള്ളതുകൊണ്ട് അവരെ ചുഷണം ചെയ്യാൻ പറ്റുന്ന എല്ലാ മാർഗ്ഗങ്ങളും വരുന്നവർ മനസ്സിലാക്കും. തന്റെ പിതാമഹന്മാർ തനിക്ക് സമ്മാനിച്ചതുപോലെയുള്ള കാഴ്ചപ്പാടിലാണ് പിന്നീട് യൂറോപ്പിന്റെ സൗകര്യങ്ങൾ ഒരാവകാശമായി വരുന്നവർ ഏറ്റെടുക്കുന്നത്

യൂറോപ്പിലേക്ക് അഭയാർത്ഥികൾ ഏറ്റവും കൂടുതൽ വരുന്നത് പ്രധാനമായും സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാക്ക് എന്നി രാജ്യങ്ങളിൽ നിന്നാണ്. മതപരമായി പറഞ്ഞാൽ ബഹുപരിപക്ഷവും മുസ്ലിം മതവിശ്വാസികളാണ്. 1980 കളിൽ തുർക്കി, അന്നത്തെ യുഗോസ്ലാവിയ എന്നിവിടങ്ങളിൽ നിന്നും അഭയം നേടിയവരിൽ ഭൂരിപക്ഷവും ഇസ്‌ലാം വിശ്വാസികളാണ്. 1990 ൽ സ്വിറ്റ്സർലന്റിൽ 1,48,000 ആയിരുന്ന

മുസ്ലിം ജനസംഖ്യ 2010 ൽ 4,33,000 ആയി വളർന്നു. ഈ വളർച്ചയുടെ ഗതി ഇതര യൂറോപ്യൻ രാജ്യങ്ങളിലും സമാനമാണ്. ഫ്രാൻസ്, ജർമ്മനി, ഇഗ്ലണ്ട് തുടങ്ങി രാജ്യങ്ങളിലെ ജനസംഖ്യ 2050 ഓടെ മുസ്ലിം ഭൂരിപക്ഷത്തിൽ എത്തുമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. നെതർലാന്റ്, ബെൽജിയം,റഷ്യ,തുടങ്ങി എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ഇസ്ലാം ആനുപാതികമായ വളർച്ച കൈവരിക്കുമെന്നാണ് പല റിപ്പോർട്ടുകളിലും കാണുന്നത്.

മാധ്യമങ്ങളിൽ വന്ന ചില കണക്കുകൾ:

വിയന്നയിലെ 10 – 14 വരെ പ്രായമുള്ള കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഭൂരിപക്ഷം കുട്ടികളും മുസ്ലിം വിശ്വാസികളാണ്.

ഇഗ്ലണ്ടിലെ ബർമിംഹാമിൽ ജനിക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും മുസ്ലിം ദമ്പതികളുടേതാണ്.

ലണ്ടൻ നഗരത്തിൽ കഴിഞ്ഞ വര്ഷം ജനിച്ച ആൺകുട്ടികളിൽ പത്തിലൊരാൾ മുഹമ്മദ് നാമധാരിയാണ്.

യുറോപ്പിൻറെ സ്വന്തം ജനം വിവിധ കാരണങ്ങൾ മൂലം കുട്ടികൾ വേണ്ടാ എന്ന നിലപാടെടുക്കുന്നവരാണ്. കുടുംബ ജീവിതത്തിലെ അസ്ഥിരത, ജോലിയിൽ ഉയരുവാനുള്ള മോഹം, സ്വതന്ത്ര ജീവിതം ഇത്യാദി കാഴ്ചപ്പാടുകൾ മക്കളുടെ ജനനത്തിന് ഇവർക്ക് തടസ്സമാകുന്നു. എന്നാൽ അവർക്കു കൂടി വേണ്ടി വന്നെത്തിയവർ മക്കളെ ജനിപ്പിക്കാൻ തയ്യാറാകുന്ന കാഴ്ചയാണ് നമുക്ക് മുൻപിലുള്ളത്.

യൂറോപ്പിൽ ദൈവവിശ്വാസം കുറയുന്നു എന്ന് വിലപിക്കുമ്പോൾ ഏത് മതശക്തികൾ വളർന്നാലും അത് നന്മയായി കാണേണ്ടിവരും. കാരണം മതം മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുമെന്നാണല്ലോ വയ്പ്.

ആധുനികതയും ശാസ്ത്രവും ബഹുദൂരം സഞ്ചരിച്ചെങ്കിലും മതത്തിന്റെ കാഴ്ചപ്പാടുകൾക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ലായെന്നതാണ് ഏറെ ദുഃഖകരം. മതം രാഷ്ട്രഭരണത്തിൽ ഇടപെടുന്ന കാഴ്ച ഒട്ടേറെ രാജ്യങ്ങളിൽ നാം കാണുന്നു. മതം പിടിമുറുക്കുന്നിടത്ത് ജനാധിപത്യം പരാജയപ്പെടും. മനുഷ്യന്റെ ജീവിതം നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതപ്പെട്ട പുസ്തകങ്ങളെ മാത്രം ആധാരമാക്കിയാകും. എവിടെയും സ്ത്രീ സർവംസഹയായ് മാറുവാൻ വിധിക്കപ്പെട്ടിരിക്കും. പല മതങ്ങളിലും സ്ത്രീകൾക്ക് മുഖമില്ല എന്നതാണ് യാഥാർഥ്യം.

പല യുറോപ്യൻ രാജ്യങ്ങളിലും ഔദ്യോഗിക മതങ്ങൾ ഉണ്ടെങ്കിലും യൂറോപ്പ് മതാധിപത്യത്തിന്റ പിടിയിൽ നിന്നും മോചിക്കപ്പെട്ടിരുന്നു. എന്നാൽ അനതിവിദൂരഭാവിയിൽ ഇസ്ലാം മതത്തിന്റെ പിടിയിൽ യൂറോപ്പ് അമരുമെന്നുള്ള ഭയം വ്യാപിച്ചു കഴിഞ്ഞു. ബഹു ഭൂരിപക്ഷം വരുന്ന ത്രീവ്ര വിശ്വാസികൾ, അത് ഏത് മതത്തിന്റെതായാലും അന്ധവിശ്വാസത്തിനു അടിമകളാണ്. തീവ്രവാദികൾക്ക് ഇവർ ഉപകരണമായി മാറാൻ വളരെ എളുപ്പവുമാണ്. ഇഗ്ലണ്ടിലും ഫ്രാൻസിലും ഇത് പലപ്പോഴായി നാം കണ്ടുകഴിഞ്ഞു. ഇതെല്ലാം ഒരു തുടക്കം മാത്രമാണ്.

ചില മതനേതാക്കൾ പറയുന്നതും വ്യാഖ്യാനിക്കുന്നതും അപ്പാടെ വിഴുങ്ങുന്നത് ഇസ്ലാം മതത്തിന്റെ മാത്രം പ്രത്യേകത അല്ല. ഇതര മതവിശ്വാസികളും ഇക്കാര്യത്തിൽ സഞ്ചരിക്കുന്നത് ഒരേ പാതയിലൂടെയാണ്. ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നല്ലാതെ വ്യത്യാസങ്ങളൊന്നും കാണാനില്ല.

ഹരിയാന നിയമസഭയിൽ സ്‌പീക്കറുടെ കസേരയിൽ ജൈനസന്യാസിയായ തരുൺ സാഗർ നഗ്നനായി ഇരുന്ന് ജനപ്രതിനിധികളെ അഭിസംബോധന ചെയ്തത് നാം മാധ്യമങ്ങളിലൂടെ കണ്ടത് അടുത്ത നാളിലാണ്. നിയമസഭക്കും ഗവർണ്മെന്റിനും മുകളിൽ മതം സഥാനം നേടുമ്പോൾ പരാജയപ്പെടുന്നത് ജനാധിപത്യമാണ്. പല മതാചാരങ്ങളും ഒരുവൻ ഒറ്റക്ക് സമൂഹത്തിൽ ചെയ്‌താൽ ഭ്രാന്താശുപത്രിയിൽ കൊണ്ടാക്കും. എന്നാൽ ഒരു മതത്തിന്റെ പേരിൽ കൂട്ടമായി ചെയ്‌താൽ അത് ഭക്തിയും ആചാരവുമാകും.

നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്, ആർക്കെതിരെയാണ് ശബ്ദമുയർത്താൻ പേടിക്കുന്നത്, അവരാണ് നിങ്ങളുടെ യഥാർത്ഥ ഭരണകർത്താക്കൾ എന്ന് വോൾട്ടയർ പറഞ്ഞിട്ടുണ്ട്. ആ ഭരണകർത്താക്കൾ മതം മാത്രമാണെന്ന് പലപ്പോഴായി നാം കണ്ടുകഴിഞ്ഞു. രാഷ്ട്ര നേതാക്കളെ വിമർശിക്കാം, മന്ത്രിമാരെ വിമർശിക്കാം, എന്നാൽ മതനേതാക്കളെയോ ദൈവങ്ങളെയോ വിമർശിച്ചാൽ ഭൂകമ്പവും ചുഴലി കൊടുങ്കാറ്റും ഉടൻ ആരംഭിക്കും.

അബദ്ധങ്ങളെ വിശ്വസിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നവർക്ക് നിങ്ങളെക്കൊണ്ട് കൊടിയ ദുരന്തങ്ങൾ സമൂഹത്തിൽ വരുത്തുവാനും സാധിക്കുമെന്നും വോൾട്ടയർ എഴുതിയിട്ടുണ്ട്. കാരണം മതങ്ങൾ ആവശ്യപ്പെടുന്നത് കാപ്സ്യൂൾ ആയി വിഴുങ്ങുവാനാണ്, കടിച്ചു നോക്കാൻ അനുവാദമില്ല. കാപ്സ്യൂളിനുള്ളിൽ എന്താണെന്ന് ചോദിക്കുവാനും അനുവാദമില്ല.

ഇന്ന് ഇന്ത്യയിൽ കാണുന്ന പശു രാഷ്ട്രിയവും പൗരാണികതയിലേക്കുള്ള തിരിച്ചുപോക്കും നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. സാക്ഷര സമൂഹമെന്ന് പറയപ്പെടുന്ന കേരളം കാൽ നൂറ്റാണ്ടിന് മുൻപുണ്ടായിരുന്ന മതസൗഹാർദ്ദത്തിൽ നിന്നും പിറകോട്ട് പോവുകയല്ലേ ചെയ്തത്.

കൂടെ ജോലി ചെയ്യുന്ന ഒരു കൊസോവോക്കാരി സുഹൃത്ത് പറഞ്ഞത് കൂടി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. അമേരിക്കയുടെ സഹായത്തോടെ സെർബിയയിൽ നിന്നും 2008 ൽ കൊസോവോ സ്വതന്ത്രമായി. ദാരിദ്ര്യം ശക്തമായുള്ള ഈ ചെറു യൂറോപ്യൻ രാജ്യത്ത് ഭൂരിപക്ഷം ജനങ്ങളും ഇസ്‌ലാം മതവിശ്വാസികളാണ്. മോഡേൺ വസ്ത്രങ്ങൾ ധരിച്ചിരുന്ന സ്ത്രീകളായിരുന്നു സ്വാതന്ത്ര്യം ലഭിക്കുംവരെ അവിടെ ഉണ്ടായിരുന്നത്. പ്രായമായ സ്ത്രീകൾ മാത്രം തട്ടം ഇടാറുണ്ടായിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി പർദ്ദ അണിയുന്ന സ്ത്രീകളുടെ എണ്ണം നാൾക്കുനാൾ കൂടിവരികയാണ്. ഇതിന്റെ കാരണം അന്വേഷിച്ച സുഹൃത്ത് പറഞ്ഞത്, അവിടെ പ്രവർത്തിക്കുന്ന ചില സംഘടനകളെപ്പറ്റിയാണ്. പർദ്ദ അണിയുന്ന ഓരോ സ്ത്രീക്കും നല്ലൊരു തുക മാസം തോറും ബാങ്ക് അകൗണ്ടിൽ വരും. ശരീരം മൂടിപ്പൊതിയുന്നതിന്റെ തോത് അനുസരിച്ച് തുകയുടെ വലിപ്പം കൂടും. പഴയ വീടുകൾ പുതുക്കിപ്പണിതുകിട്ടും. രണ്ടോ മൂന്നോ സ്ത്രീകൾ പർദ്ദ അണിഞ്ഞാൽ പിന്നെ ഒരു ജോലിയും ചെയ്യാതെ സുഭിക്ഷമായി ജീവിക്കാം. അതുകൊണ്ടാണ് മോഡേൺ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പണത്തിനായി പർദ്ദയിലേക്ക് മാറിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ചില സംഘടനകളാണ് ഇതിന്റെ പിന്നിലെന്നാണ് ആ സുഹൃത്ത് പറഞ്ഞത്. കാൽ നൂറ്റാണ്ട് മുൻപ് കേരളത്തിലെ മുസ്ലിം സമൂഹത്തിൽ പർദ്ദ അണിയുന്ന എത്ര സ്ത്രീകൾ ഉണ്ടായിരുന്നു ?? ഇന്ന് എത്രമാത്രം വർദ്ധനവ്‌ കാണുവാൻ സാധിക്കും. ഇവിടെയും പണത്തിന്റെ സ്വാധിനം ഉണ്ടായിരിക്കുമോ ??

വിദ്യാഭ്യാസവും ശാസ്ത്രവും എത്ര പുരോഗമിച്ചാലും എന്നെയും നിങ്ങളെയും യുറോപ്പിനെയും വിഴുങ്ങാൻ മാത്രം ശക്തിയുണ്ട് ഓരോ മതത്തിനും. അവരുടെ ശക്തി നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്ത് ഭക്ഷിക്കണം, ഏതുതരം വസ്ത്രം എങ്ങനെ ധരിക്കണം എന്നെല്ലാം മതം തിരുമാനിക്കുന്നിടത്ത് മനുഷ്യന് വിലയില്ലാതാകുന്നു. അവിടെയൊക്കെ മതസ്ഥാപനങ്ങളും മതനേതാക്കളും ശക്തരും സമ്പന്നരുമാകും.

ഈ ലേഖനം പൂർത്തികരിക്കുന്ന സമയം മൂന്ന് വാർത്തകളാണ് സ്വിസ് മാധ്യമങ്ങളിൽ കണ്ടത്. ഇന്തോനേഷ്യയിൽ മൂന്ന് ക്രിസ്ത്യൻ പള്ളികളിൽ ഇസ്‌ലാം ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ നിരവധിപ്പേർ കൊല്ലപ്പെട്ടു. പാരിസിൽ ഇസ്ലാം സ്റ്റേറ്റ് ഭീകരൻ വഴിയാത്രക്കാരെ മനസാക്ഷിയില്ലാതെ കുത്തി. ഒരാൾ മരിക്കുകയും രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയും ചെയ്യുന്നു. തീവ്രവാദസ്വഭാവമുള്ള ആളുകളുടെ ലിസ്റ്റിൽ ഉള്ള ആളാണ് പ്രതി. പതിനായിരത്തിലധികം പേരാണ് ഈ ലിസ്റ്റിൽ ഉള്ളത്. ഇവർ അപകടകാരികളായി ഫ്രാൻസിൽ വസിക്കുന്നു. 245 പേര് ഇതിനോടകം ഫ്രാൻസിൽ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടുകഴിഞ്ഞു.

മൂന്നാമത്തെ വാർത്ത തുർക്കി ഭരണാധികാരി എർദോഗാൻ സ്വിറ്റ്സർലന്റിൽ വീക്കെൻഡ് സ്‌കൂളുകൾ ആരംഭിക്കാൻ പോകുന്നു. ചരിത്രം മതം ഭാഷ സംസ്കാരം എന്നിവയാണ് പഠനവിഷയങ്ങൾ. 6 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളെ ആഴ്ചയിൽ 5 മണിക്കൂർ സമയം പഠിപ്പിക്കും. അന്നം തരുന്ന രാജ്യത്തിന്റെ സംസ്കാരവുമായി ചേർന്ന് പോകുവാൻ അവസരം ഇവിടെ നിഷേധിയക്കപ്പെടുന്നില്ലേ. സ്വന്തം പള്ളിയും നാട്ടാചാരങ്ങളും ആഘോഷങ്ങളുമായി യുറോപ്പിലെത്തുന്ന എല്ലാ വിഭാഗങ്ങളും ഇതേ പാത തന്നെയല്ലേ സ്വികരിക്കുന്നത്.

”മതം ഒരു ജോഡി ചെരുപ്പിന് സമമാണ്. തന്റെ പാദങ്ങൾക്ക് യോജിച്ച ചെരുപ്പ് ഓരോ വ്യക്തിയും തെരഞ്ഞെടുക്കുന്നു. എന്നാൽ ഞാൻ തരുന്ന ചെരുപ്പ് നിന്റെ കാലിൽ ഇടണമെന്ന് ആരും നിർബന്ധിക്കരുത്.” (ജോർജ് കാർലിൻ, അമേരിക്കൻ തത്വചിന്തകൻ).