Europe Sports

യൂറോപ്പാ ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

യൂറോപ്പാ ലീഗില്‍ കലാശപ്പോരാട്ടം ഇന്ന് നടക്കും. സ്പാനിഷ് ടീം അത്‍ലറ്റികോ മാഡ്രിഡ് – ഫ്രഞ്ച് ടീം മാഴ്സീലിനെ നേരിടും. ഇംഗ്ലീഷ് ടീം ആഴ്സണലിനെ മറികടന്നാണ് അത്‍ലറ്റികോ മാഡ്രിഡ് ഫൈനലില്‍ കടന്നത്. ആസ്ട്രിയന്‍ടീം റെഡ് ബുള്ളിനെയാണ് മാഴ്സീല്‍ സെമിയില്‍ തോല്‍പ്പിച്ചത്. നേരത്തെ രണ്ട് തവണ കിരീടം നേടിയിട്ടുണ്ട് അത്‍ലറ്റികോ മാഡ്രിഡ്. ഇന്ത്യന്‍സമയം രാത്രി 12.15 നാണ് മത്സരം.

മത്സരത്തിലെ ഫേവറിറ്റുകള്‍ അത്‌ലറ്റികോ മഡ്രിഡ് തന്നെയാണ്. 2009-10, 2011-12 സീസണുകളില്‍ ഈ കിരീടം മഡ്രിഡിലേക്കെത്തിച്ച അത്‌ലറ്റികോ, മൂന്നാം കിരീടത്തിനാണ് ഒരുങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടില്‍ തന്നെ കൈവിട്ടെങ്കിലും തളരാതെ സിമിയോണിയുടെ പട യൂറോപ ലീഗില്‍ അങ്കംവെട്ടി. ആഴ്‌സനലിനോട് ഏറ്റുമുട്ടുന്നതിനു മുമ്പ് കോപന്‍ ഹേഗന്‍(5-1), ലോകോമോട്ടീവ്(8-1), സ്പോര്‍ട്ടിങ് സിപി(2-1), എന്നിവര്‍ക്കെതിരെ ആധികാരിക ജയം കുറിച്ചു. ഡീഗോ കോസ്റ്റയും അേന്റായിന്‍ ഗ്രീസ്മാനും നയിക്കുന്ന മുന്നേറ്റ നിരയുള്ള അത്റ്റികോ, മികച്ച ഫോമിലുമാണ്. 1993ല്‍ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയതിനുശേഷം ഇതുവരെ മാഴ്‌സിലെ യൂറോപ്യന്‍ കിരീടം സ്വന്തമാക്കിയിട്ടില്ല. യൂറോപ ലീഗിലെ ആദ്യ പതിപ്പായ യുവേഫ കപ്പില്‍ 1999ലും 2004ലും ഫൈനല്‍ വരെയെത്തിയെങ്കിലും കിരീടം മാത്രം അകന്നുനിന്നു. സ്പാനിഷ് ക്ലബുകള്‍ക്കെതിരെ മുട്ടുവിറക്കുന്നത് മാഴ്‌സെയുടെ പതിവാണ്. 15 തവണ സ്പാനിഷ് ടീമുകളോട് ഏറ്റുമുട്ടിയപ്പോള്‍ ജയിച്ചത് നാലെണ്ണത്തില്‍ മാത്രം. ചരിത്രത്തില്‍ രണ്ടു തവണ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്. 2008-09ല്‍ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് റൗണ്ടില്‍. ഇതില്‍ മഡ്രിഡിലെ മത്സരത്തില്‍ അത്‌ലറ്റികോ ജയിച്ചപ്പോള്‍, രണ്ടാം മത്സരം ഗോള്‍ രഹിത സമനിലയിലായി.