India

എല്ലാ ബാറുകളും പൂട്ടാന്‍ ഞാന്‍ പറഞ്ഞിട്ടില്ല: സുധീരന്‍

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ബാറുകളും പൂട്ടണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസി‌ഡന്റ് വി.എം.സുധീരന്‍ വ്യക്തമാക്കി. നിയമം പാലിക്കാത്ത ബാറുകള്‍ പൂട്ടണമെന്ന് മാത്രമാണ് കെ.പി.സി.സി പ്രസിഡന്റായിരിക്കെ താന്‍ പറഞ്ഞതെന്നും സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

മദ്യനയമാണ് തോല്‍വിക്ക് കാരണമെന്നാണ് ഇന്നലെത്തെ യോഗത്തിലും എ ഗ്രൂപ്പിലെ ചിലര്‍ പറഞ്ഞത്. തനിക്ക് ലഭിച്ച ജനപിന്തുണ കണ്ട് അസൂയ പൂണ്ടാണ് ഉമ്മന്‍ചാണ്ടി ബാറുകള്‍ പൂട്ടിയത്. തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.എ.ജി കണ്ടെത്തിയ 418 ബാറുകള്‍ അടയ്ക്കാനാണ് താന്‍ ആവശ്യപ്പെട്ടത്. ഇടതുപക്ഷ സര്‍ക്കാര്‍ ലൈസന്‍സ് കൊടുത്ത ബാറുകളായിരുന്നു അവ. തന്റെ നിലപാടിന് യു.ഡി.എഫിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. യു.ഡി.എഫിലെ മുസ്ളിം ലീഗ് അടക്കമുള്ള ഘടകകക്ഷികളും തന്റെ നിലപാടിനെ പിന്തുണച്ചു. ഈ ഘട്ടത്തിലാണ് ആരും ആവശ്യപ്പെടാതെ 730 ബാറുകളും അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ബാറുകള്‍ പൂട്ടണമെന്ന് ആവശ്യപ്പെട്ട തനിക്ക് ലഭിച്ച ജനപിന്തുണയില്‍ അസൂയ മൂത്താണ് ഉമ്മന്‍ചാണ്ടി മുഴുവന്‍ ബാറുകളും പൂട്ടാന്‍ തീരുമാനിച്ചത്.

ബാറുകള്‍ എത്ര പൂട്ടിയാലും തനിക്ക് സന്തോഷമേയുള്ളൂ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മദ്യനയത്തിന് അനുകൂലമായ പ്രതികരണം ലഭിച്ചു. എന്നാല്‍ അതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഇക്കാര്യം പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ മടിച്ചു. തനിക്ക് ക്രെഡിറ്റ് കിട്ടിയാലോ എന്ന് സംശയിച്ചാണ് നേതാക്കള്‍ മദ്യനയത്തെക്കുറിച്ച്‌ പറയാതിരുന്നതെന്നും സുധീരന്‍ പറഞ്ഞു.