India

എ.ടി.എം. കവര്‍ച്ചകേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂര്‍: എറണാകുളം ഇരുമ്ബനത്തും തൃശൂരിലും എ.ടി.എം. കവര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. കേസിലെ മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണു സൂചന. രാജസ്ഥാന്‍ സ്വദേശി ഹനീഷ് ഖാന്റെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇയാളെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

രാജസ്ഥാന്‍ പോലീസിന്റെയും െസെബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് ഇയാളെ പിടിച്ചത്. ഇയാള്‍ക്കൊപ്പം പിടിയിലായ മറ്റൊരു പ്രതി നസീമിന്റെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.

മറ്റൊരു മുഖ്യപ്രതി പപ്പു യാദവ് ഡല്‍ഹി പോലീസ് രജിസ്റ്റര്‍ ചെയ്ത ഒരു െബെക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ റിമാന്‍ഡിലാണ്. കേരള പോലീസ് ജയിലിലെത്തി ഇയാളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹിയിലുള്‍പ്പെടെ പതിനഞ്ചോളം മോഷണ കേസുകളില്‍ പ്രതിയാണ് പപ്പു യാദവ്. രാത്രിയില്‍ വാഹനമോടിക്കുന്നതില്‍ വിദഗ്ധനാണ് പപ്പുയാദവ് എന്നാണു പറയുന്നത്. എ.ടി.എം. കവര്‍ച്ചക്കായി കോട്ടയത്തുനിന്ന് തട്ടിയെടുത്ത പിക്കപ്പ് വാനും ഓടിച്ചത് ഇയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ കേരളത്തിലെത്തിക്കാന്‍ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയില്‍നിന്നു വാറണ്ട് റിപ്പോര്‍ട്ട് പോലീസ് എത്തിച്ചുകഴിഞ്ഞു. അടുത്തയാഴ്ചയോടുകൂടി പപ്പു യാദവിനെ കേരളത്തിലെത്തിക്കാമെന്നാണു പ്രതീക്ഷ. മറ്റു പ്രതികളെ ഇന്നും നാളെയുമായി കേരളത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ 11 നാണ് കൊരട്ടിയില്‍ എ.ടി.എം. കൗണ്ടര്‍ തകര്‍ത്ത് 10 ലക്ഷം രൂപ കവര്‍ന്നത്. അന്നുതന്നെ ഇരുമ്ബനത്ത് എ.ടി.എം. തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കവര്‍ച്ചാരീതി പരിശോധിച്ച പോലീസ് ഇരുസ്ഥലത്തും ഒരേസംഘമാണ് കവര്‍ച്ച നടത്തിയതെന്നു കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മാരത്തോണ്‍ അന്വേഷണമാണ് നടത്തിയത്. കവര്‍ച്ച നടത്തിയ പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. എ.ടി.എം. കൗണ്ടറില്‍ കയറിയശേഷം കാമറകളിലേക്ക് സ്‌പ്രേ അടിച്ചു ദൃശ്യങ്ങള്‍ മറയ്ക്കാന്‍ സംഘം ശ്രമിച്ചിരുന്നു. ഇതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാക്കളെ കുറിച്ച്‌ തുമ്ബുണ്ടാക്കിയത്. തുടര്‍ന്ന് അറസ്റ്റിലേക്കു നീങ്ങി. അല്‍പം വൈകിയാണെങ്കിലും പ്രതികളെ കുരുക്കാനായതിന്റെ ആശ്വാസത്തിലാണ് പോലീസ്.